പ്രവര്‍ത്തക സമിതിയുടെ ഭാഗമായ തരൂരിനെ വിലക്കാനോ എതിര്‍ക്കാനോ കെപിസിസിയ്ക്ക് കഴിയില്ല; തദ്ദേശ പ്രചരണത്തില്‍ നിറയുന്ന തിരുവനന്തപുരം എംപി ഡല്‍ഹിയില്‍ എത്തിയാല്‍ നടത്തുന്നത് മോദി സ്തുതിയും; തരൂരിനെതിരെ നടപടി അനിവാര്യമെന്ന വിലയിരുത്തലില്‍ കെപിസിസി; കേരളത്തിലെ കോണ്‍ഗ്രസ് അടിമുടി വെട്ടില്‍

Update: 2025-11-19 01:07 GMT

തിരുവനന്തപുരം: അഖിലേന്ത്യാതലത്തില്‍ നടക്കുന്ന എസ്ഐആറിനെതിരേ പോരാടാന്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം ഇന്ദിരാഭവനില്‍ വിളിച്ച യോഗം 'ബഹിഷ്‌കരിച്ച്' പ്രവര്‍ത്തക സമിതിയംഗം ശശി തരൂര്‍ ചര്‍ച്ചകളില്‍ നിറയുമ്പോള്‍ കെപിസിസി ആശങ്കയില്‍. തരൂരിന്റെ തുടര്‍ച്ചയായ കോണ്‍ഗ്രസ് വിരുദ്ധ സമീപനമാണ് ഇതിന് കാരണം. ശശി തരൂരിന്റെ മോദി സ്തുതി കേരളത്തില്‍ കോണ്‍ഗ്രസിന് തിരിച്ചടിയാകുമെന്നാണ് കെപിസിസിയുടെ നിലപാട്. ഇപ്പോഴും കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വേണ്ടി തരൂര്‍ വോട്ട് ചോദിക്കുന്നുണ്ട്. താഴെ തട്ടിലുള്ള പ്രവര്‍ത്തകരെ അടുപ്പിച്ച് നിര്‍ത്താനുള്ള തരൂര്‍ തന്ത്രം ഇതിലുണ്ടോ എന്ന് കെപിസിസി സംശയിക്കുന്നു. പ്രവര്‍ത്തക സമിതിയുടെ ഭാഗമായ തരൂരിനെ തടയാനുള്ള അധികാരമോ അവകാശമോ കെപിസിസിയ്ക്കില്ല. ഈ സാഹചര്യത്തില്‍ തരൂര്‍ വിഷയത്തില്‍ മൗനം തുടരുന്നത് കേരളത്തിലെ കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കുമെന്നാണ് കെപിസിസി പക്ഷം.

കേരളത്തിലെ നേതാക്കള്‍ തരൂരിനെതിരെ പലവട്ടം ഹൈക്കമാണ്ടിന് പരാതി നല്‍കി. നടപടി എടുക്കാനും നിര്‍ദ്ദേശിച്ചു. എന്നാല്‍ അവഗണിക്കാനായിരുന്നു ഹൈക്കമാണ്ട് നിര്‍ദ്ദേശം. നെഹ്‌റു കുടുംബത്തിനെ അടക്കം തരൂര്‍ പരസ്യമായി വിമര്‍ശിച്ചിട്ടും ഹൈക്കമാണ്ട് മിണ്ടാതിരുന്നു. ബീഹാറിലെ കോണ്‍ഗ്രസിന്റെ തോല്‍വിയോടെ വീണ്ടും തരൂര്‍ മോദി സ്തുതിയുമായി എത്തി. ഇതിനൊപ്പം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയും അടക്കം പങ്കെടുത്ത യോഗത്തില്‍ ക്ഷണമുണ്ടായിട്ടും തരൂരെത്തിയില്ല. അതേസയം, കോണ്‍ഗ്രസ് യോഗം ഇന്ദിരാഭവനില്‍ തുടങ്ങുന്ന സമയംതന്നെ, രാംനാഥ് ഗോയങ്ക പ്രഭാഷണം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാലു ഫോട്ടോകള്‍ ചേര്‍ത്ത് അദ്ദേഹത്തെ പ്രകീര്‍ത്തിക്കുന്ന പോസ്റ്റ് തരൂര്‍ എക്‌സില്‍ പങ്കുവെച്ചു. ഇതെല്ലാം കോണ്‍ഗ്രസിനെ പ്രകോപിക്കുന്നതായി.

കടുത്ത ജലദോഷവും ചുമയും സഹിച്ച് മോദിയുടെ പ്രസംഗം കേള്‍ക്കാന്‍ സദസ്സിലെത്തിയ തരൂര്‍, അതിലുള്ള സന്തോഷവും വെളിപ്പെടുത്തി. കോണ്‍ഗ്രസിനെ പരോക്ഷമായി വിമര്‍ശിക്കുന്ന പ്രസംഗമായിരുന്നു മോദിയുടേത്. മെക്കാളെ പ്രഭു അടിച്ചേല്‍പ്പിച്ച കൊളോണിയല്‍ മാനസികാവസ്ഥ ഇന്ത്യക്കാരുടെ ആത്മവിശ്വാസം തകര്‍ത്തെന്ന് പറഞ്ഞ മോദി, 200 വര്‍ഷത്തെ ഈ അടിമ മനോഭാവം അടുത്ത 10 വര്‍ഷത്തിനുള്ളില്‍ മാറ്റിയെടുക്കുമെന്നും പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് സ്വാതന്ത്ര്യസമരകാലത്തോ പിന്നീട് സ്വതന്ത്രേന്ത്യയില്‍ ജവാഹര്‍ലാല്‍ നെഹ്റുമുതലുള്ള കോണ്‍ഗ്രസ് പ്രധാനമന്ത്രിമാരുടെ കാലത്തോ ഈ അടിമ മനോഭാവം മാറ്റിയില്ലെന്ന വിമര്‍ശനം കൂടിയായിരുന്നു മോദിയുടെ പ്രസംഗം. ഇതാണ് തരൂര്‍ ട്വീറ്റ് ചെയ്തതും മോദിയെ വാനോളം പുകഴ്ത്തിയതും. ഇതേക്കുറിച്ച് പ്രതികരിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറായില്ല. ഇത് തുടരുന്നത് കേരളത്തിലെ കോണ്‍ഗ്രസിന്റെ ഭരണ തിരിച്ചു വരവിനെ പോലും ബാധിക്കുമെന്നാണ് കെപിസിസിയുടെ പക്ഷം.

ശശി തരൂരിന്റെ സാന്നിദ്ധ്യത്തില്‍ വച്ച് പ്രധാനമന്ത്രി കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനമാണ് നടത്തിയത്. മുസ്ലിം ലീഗ് മാവോവാദി കോണ്‍ഗ്രസ് എന്ന വിമര്‍ശനം മോദി പ്രസംഗത്തില്‍ വീണ്ടും ഉയര്‍ത്തി കാണിച്ചിരുന്നു. എന്നാല്‍ തന്റെ പാര്‍ട്ടിക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ വകവയ്ക്കാതെയാണ് തരൂര്‍ മോദിയുടെ പ്രസംഗത്തെ പിന്തുണച്ചത്.കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അപ്രീതിക്ക് വഴിവച്ച് ഓപ്പറേഷന്‍ സിന്ദൂര്‍ പ്രതിനിധി സംഘത്തെ നയിക്കാന്‍ മോദി സര്‍ക്കാര്‍ തരൂരിനെ വിദേശത്തേക്ക് അയച്ചത് കോണ്‍ഗ്രസും തരൂരും തമ്മിലുള്ള അകലം വര്‍ദ്ധിപ്പിച്ചിരുന്നു. താന്‍ എല്ലായ്പ്പോഴും തിരഞ്ഞെടുപ്പ് മോഡിലാണെന്ന് ആരോപണമുണ്ടെങ്കിലും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള വൈകാരിക മോഡിലായിരുന്നു താന്‍ എന്ന് മോദി പ്രസംഗിച്ചതായും തരൂര്‍ ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രിയുടെ പ്രസംഗം സാമ്പത്തിക വീക്ഷണമായും സാംസ്‌കാരിക പ്രവര്‍ത്തനത്തിനുള്ള ആഹ്വാനമായി വര്‍ത്തിച്ചെന്നും തരൂര്‍ കുറിച്ചു.

ഇതെല്ലാം ബിജെപി ചര്‍ച്ചയാക്കുന്നുണ്ട്. ബീഹാര്‍ തിരഞ്ഞെടുപ്പ് കാലത്തായിരുന്നു നെഹ്‌റുവിനെയും ഇന്ദിരയേയും അടക്കം വിമര്‍ശിച്ചത്. കോണ്‍ഗ്രസിലെ കുടുംബാധിപത്യത്തിനെതിരായ ഈ ലേഖനം ബീഹാറില്‍ വലിയ ചര്‍ച്ചയായി മാറിയിരുന്നു.

Tags:    

Similar News