സ്ഥിരം വാച്ച് മാന്‍ അവധിക്ക് പോയപ്പോള്‍ പകരക്കാരനായി കൊണ്ടു വന്നത് ഇന്ദ്രപ്രസ്ഥയിലെ ജോലിക്കാരനെ; ഒരു മാസം പണിയെടുത്തപ്പോള്‍ ഭാര്യയേയും കൊണ്ടു വന്ന അമിത്; 15 ദിവസം കഴിഞ്ഞ് ഇരുവരും അപ്രത്യക്ഷര്‍; രണ്ടു തവണ മതില്‍ ചാടി കടന്നു; രണ്ടാം ചാട്ടത്തില്‍ പോയത് പതിനായിരങ്ങള്‍ വിലയുള്ള ഫോണ്‍; ഭാര്യയേയും ഭര്‍ത്താവിനേയും പോലീസ് പിടിച്ചത് ആസമില്‍ നിന്നും; തിരുവാതുക്കലില്‍ അമിതിനെ സംശയിക്കാന്‍ കാരണമെന്ത്?
കോട്ടയം: തിരുവാതുക്കല്‍ ദമ്പതികളെ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തിനു പിന്നില്‍ ഇതര സംസ്ഥാന തൊഴിലാളിയായ അസം സ്വദേശി അമിത് ആണെന്ന സംശയം ശക്തമാകുന്നതിന് കാരണം ഇയാളുടെ മുന്‍ കാല പ്രവര്‍ത്തികള്‍. മാസങ്ങള്‍ക്ക് മുന്‍പ് സ്വഭാവദൂഷ്യം കാരണം ഇതര സംസ്ഥാന തൊഴിലാളിയെ ജോലിയില്‍ നിന്ന് വിജയകുമാര്‍ പിരിച്ചുവിട്ടിരുന്നു. ഫോണ്‍ മോഷ്ടിച്ചതിനാണ് തൊഴിലാളിയെ വിജയകുമാര്‍ പിരിച്ചുവിട്ടതെന്നാണ് സൂചന. ഇതിനൊപ്പം ഈ ഫോണ്‍ ഉപയോഗിച്ച് ഇയാള്‍ ഒരു കോടിയുടെ തട്ടിപ്പ് നടത്തിയെന്നും സൂചനകളുണ്ട്. അന്ന് ഇയാളേയും ഭാര്യയേയും പോലീസ് അസമില്‍ ചെന്നാണ് കസ്റ്റഡിയില്‍ എടുത്തത്. അതിന് ശേഷം തിരുവാതുക്കലില്‍ കൊണ്ടു വന്ന് തെളിവെടുപ്പും നടത്തി.
ഇന്ദ്രപ്രസ്ഥയെന്ന വിജയകുമാറിന്റെ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു അമിത്. ഇതിനിടെ തിരുവാതുക്കലിലെ വീട്ടിലെ സ്ഥിരം വാച്ചര്‍ അവധി എടുത്തു. ഈ സമയമാണ് അമിത് വീട്ടിലെത്തിയത്. ഒരു മാസം ജോലി ചെയ്ത ശേഷം ഭാര്യയേയും ഇവിടേക്ക് കൊണ്ടു വന്നു. അതു കഴിഞ്ഞ് 15 ദിവസം കഴിഞ്ഞ് സ്ഥലം വിട്ടു. പിന്നീട് ഈ വീട്ടിലേക്ക് ആരോ മതില്‍ ചാടി കടന്നു. സിസിടിവിയില്‍ ഇത് തെളിഞ്ഞു. അമിത്താണ് ഇതെന്നും ബോധ്യപ്പെട്ടു. അതിന് ശേഷമാണ് വീട്ടില്‍ നിന്നും മൊബൈല്‍ മോഷ്ടിച്ചത്. സിസിടിവി പരിശോധനയില്‍ ഇതും അമിതാണ് ചെയ്‌തെന്ന് തെളിഞ്ഞു. ഇതോടെയാണ് പോലീസില്‍ പരാതി നല്‍കിയത്. അസമിലെത്തിയാണ് അന്ന് ഭാര്യയേയും ഭര്‍ത്താവിനേയും അറസ്റ്റു ചെയ്ത.് ഇതിന്റെ പക അമിതിന്റെ ഉള്ളിലുണ്ടായിരുന്നു. ഇത് വിജയകുമാറിന്റേയും മീരയുടേയും ജീവനെടുക്കലിന് കാരണമായോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. എണ്‍പതിനായിരം രൂപയ്ക്ക് മുകളില്‍ വിലയുള്ള ഫോണാണാണ് മോഷ്ടിച്ചതെന്നാണ് സൂചന.
സിസിടിവി ദൃശ്യം റെക്കോര്‍ഡ് ചെയ്യുന്ന ഡിവിആര്‍ (ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡര്‍) പ്രതി മോഷ്ടിച്ചിട്ടുണ്ട്. വീടിന്റെ മുന്നില്‍ സിസിടിവിയുണ്ട്. ഈ സിസിടിവിയുടെ വിവരങ്ങളെല്ലാം ശേഖരിക്കുന്ന ഡിവിആര്‍ ആണു പ്രതി മോഷ്ടിച്ചത്. വീട്ടിലെ ജോലിക്കാരന്‍ ആയിരുന്നതിനാല്‍ തന്നെ സിസിടിവിയുണ്ട് എന്ന് മനസിലാക്കിയാണ് അമിതിന്റെ നീക്കമെന്ന് പൊലീസ് സംശയിക്കുന്നു. മുമ്പ് താന്‍ പിടിക്കപ്പെടാന്‍ കാരണം സിസിടിവിയാണെന്ന് അമിതിന് ബോധ്യവുമുണ്ട്. എന്നാല്‍ വേറേയും ശത്രുക്കള്‍ വിജയകുമാറിനും ഭാര്യയ്ക്കുമുണ്ട്. വിജയകുമാറിന്റെ മകന്‍ ഗൗതമിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ടാണ് ഇത്. അതുകൊണ്ട് തന്നെ അന്വേഷണം പലതലത്തിലാണ് ഇപ്പോള്‍ നടക്കുന്നത്. കൊല നടത്തിയത് ആരെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടില്ല. വ്യക്തിവൈരാഗ്യമാകാം കൊലപാതക കാരണമെന്ന് കോട്ടയം എസ്പി ഷാഹുല്‍ ഹമീദ് പറഞ്ഞു. വിജയകുമാറിന്റെയും മീരയുടെയും മുഖം വികൃതമാക്കിയ നിലയിലായിരുന്നു. മുഖത്ത് ആയുധം ഉപയോഗിച്ചുള്ള മുറിവുകളുണ്ട്. രക്തം വാര്‍ന്ന നിലയിലായിരുന്നു മൃതദേഹമെന്നും പൊലീസ് പറയുന്നു. ഇന്ന് രാവിലെയാണു നാടിനെ നടുക്കിയ കൊലപാതകവിവരം പുറംലോകം അറിയുന്നത്. വീടിന്റെ രണ്ടു മുറികളിലായി കണ്ടെത്തിയ മൃതദേഹങ്ങളില്‍ വസ്ത്രങ്ങള്‍ ഉണ്ടായിരുന്നില്ല. വീടിനുള്ളില്‍ നിന്ന് കോടാലി ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. വിജയകുമാറിന്റെ തലയില്‍ അടിയേറ്റിട്ടുണ്ട്. ഇന്ദ്രപ്രസ്ഥ എന്ന ഓഡിറ്റോറിയത്തിന് പുറമേ മറ്റ് ചില ബിസിനസ് സ്ഥാപനങ്ങളും വിജയകുമാറിന്റെ പേരിലുണ്ട്. വീട്ടില്‍ വിജയകുമാറും ഭാര്യയും മാത്രമായിരുന്നു താമസം.
തലയില്‍ അടിയേറ്റ നിലയിലാണ് വിജയകുമാറിന്റെ മൃതദേഹം. കോടാലി ഉള്‍പ്പടെയുള്ള ആയുധങ്ങള്‍ വീട്ടില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. മോഷണത്തിന് വേണ്ടി നടത്തിയ കൊലപാതകമായിരുന്നില്ല ഇതെന്ന നിഗമനത്തിലാണ് പൊലീസ്. രണ്ട് വളര്‍ത്തുനായ്ക്കളായിരുന്നു വീട്ടിലുണ്ടായിരുന്നത്. എന്നാല്‍ ഇതിലൊരു നായ കഴിഞ്ഞദിവസം ചത്തിരുന്നു. മറ്റൊന്നിനെ ഇന്ന് അവശനിലയിലാണ് കണ്ടെത്തിയത്. ചത്ത നായക്ക് പകരം പുതിയ ഒന്നിനെ കൊല്ലപ്പെട്ട വിജയകുമാറും ഭാര്യ ഗീതയും വാങ്ങിയിരുന്നെന്നും അയല്‍വാസികള്‍ പറയുന്നു. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് വീട്ടുജോലിക്കാരിയാണ് വ്യവസായിയായ വിജയകുമാറിനെയും ഡോക്ടറായ മീരയെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ജോലിക്കാരി എത്തിയപ്പോള്‍ വീടിന്റെ മുന്‍വാതില്‍ തുറന്നിട്ട നിലയിലായിരുന്നു. ഫോണ്‍വിളിച്ചപ്പോള്‍ ഇരുവരും എടുത്തില്ല.തുടര്‍ന്ന് ജോലിക്കാരി വീട്ടിനുള്ളില്‍ കയറിനോക്കിയപ്പോഴാണ് ഇരുവരെയും രക്തം വാര്‍ന്ന നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. നാട്ടുകാര്‍ പൊലീസിനെയും വിവരമറിയിച്ചു. പൊലീസ് എത്തിയാണ് കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്. കോടാലി ഉപയോഗിച്ചാണ് ഇരുവരെയും വെട്ടിയിരിക്കുന്നത്. മുഖം വികൃതമാക്കിയ നിലയിലായിരുന്നു. രണ്ടുമൃതദേഹത്തിലും വസ്ത്രങ്ങളുണ്ടായിരുന്നില്ല.
സംഭവത്തില്‍ മുന്‍ ജീവനക്കാരനും അസം സ്വദേശിയെയാണ് പൊലീസ് സംശയിക്കുന്നത്. ഇയാള്‍ മുമ്പ് ഫോണ്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി ഒരു കോടി രൂപ തട്ടിയ കേസില്‍ അറസ്റ്റിലായിരുന്നു. തുടര്‍ന്ന്, ജാമ്യത്തിലിറങ്ങിയ ശേഷമാണ് കൊലപാതകം നടത്തിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്. അമിതിന്റെ ഫോണ്‍ ലൊക്കേഷനടക്കം പൊലീസ് പരിശോധിച്ചുവരികയാണ്. ഇയാള്‍ കുറച്ച് നാളുകള്‍ക്ക് മുമ്പ് വീട്ടില്‍ എത്തി പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നെന്ന് പ്രദേശവാസികള്‍ പറയുന്നു. ദമ്പതികളെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച കോടാലി വിജയകുമാറിന്റെ വീട്ടില്‍ നിന്ന് തന്നെയാണ് എടുത്തിട്ടുള്ളത്. വിജയകുമാറിന്റെയും മീരയുടെയും മകന്‍ ഗൗതമിന്റെ മരണവുമായി ഈ കൊലപാതകത്തിന് ബന്ധം ഉള്ളതായി സ്ഥിരീകരണം ഇല്ലെന്നും പൊലീസ് പറയുന്നുണ്ട്. അലമാരയോ ഷെല്‍ഫുകളോ കുത്തിത്തുറന്നിട്ടില്ല. ആഭരണങ്ങളും നഷ്ടപ്പെട്ടിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. ഏഴുവര്‍ഷം മുമ്പാണ് വിജയകുമാറിന്റെ മകന്‍ ഗൗതമിനെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മകന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന പരാതി വിജയകുമാറിനും കുടുംബത്തിനും ഉണ്ടായിരുന്നു. ഗൗതമിന്റെ മരണത്തില്‍ സിബിഐ അന്വേഷണം തുടങ്ങിയതിനു പിന്നാലെയാണ് ദമ്പതികള്‍ കൊല്ലപ്പെടുന്നത്.