ലൈഫ് മിഷന്‍ അഴിമതിയില്‍ യുഎഇ കോണ്‍സുലേറ്റില്‍ നിന്നും പുറത്താക്കപ്പെട്ട ഖാലിദും വിവേക് കിരണും പരിചയക്കാരോ? രാജ്യം വിടുന്നതിന് മുന്‍പ് കവടിയാറിലെത്തി മൂന്നരക്കോടി രൂപ വാങ്ങിയെന്നും ആരോപണം; പണം നല്‍കിയത് ആരാണെന്ന് അന്വേഷിക്കാന്‍ കേന്ദ്ര ഏജന്‍സികള്‍; അഞ്ചുവര്‍ഷം മുന്‍പ് അപ്രത്യക്ഷനായ ഖാലിദിനെ കണ്ടെത്താനാകാതെ ഇന്റര്‍പോളും; ലൈഫ് മിഷന്‍ വീണ്ടും ചുടുപിടിക്കുമോ?

Update: 2025-10-13 06:43 GMT

തിരുവനന്തപുരം: വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട കൈക്കൂലി വിവാദത്തെത്തുടര്‍ന്ന് യു.എ.ഇ കോണ്‍സുലേറ്റില്‍ നിന്നും പുറത്താക്കപ്പെട്ട ജീവനക്കാരനും മുഖ്യമന്ത്രിയുടെ മകനും തമ്മില്‍ ബന്ധമുണ്ടായിരുന്നെന്ന ആരോപണത്തില്‍ പരാതി നല്‍കാനൊരുങ്ങി പ്രതിപക്ഷം. കോണ്‍സുലേറ്റില്‍ നിന്നും പുറത്താക്കിയശേഷം, രാജ്യം വിടുന്നതിന് മൂന്നുദിവസം മുന്‍പ് തിരുവനന്തപുരം കവടിയാറിലെത്തിയ ഖാലിദ് മുഹമ്മദ് അലി ഷൗക്രിക്ക് മൂന്നരക്കോടി രൂപ നല്‍കിയതാരെന്ന ചോദ്യത്തിന് ഉത്തരം അന്വേഷിച്ച് കേന്ദ്ര ഏജന്‍സികള്‍ക്ക് ഇനിയും പോകേണ്ടിവരും. 2019 ഓഗസ്റ്റ് അഞ്ചിന് ഇന്ത്യ വിട്ടശേഷം അപ്രത്യക്ഷനായ ഖാലിദിനെ കണ്ടെത്താന്‍ കഴിയാതെ ഇന്‍്റര്‍പോളും വലയുകയാണ്. ഇതു കൊണ്ടാണ് ലൈഫ് മിഷന്‍ കേസില്‍ അന്വേഷണം എങ്ങുമെത്താത്തത്.

പ്രളയബാധിതരുടെ പുനരധിവാസത്തിനായി യു.എ.ഇ റെഡ് ക്രസന്റ് അനുവദിച്ച ഫണ്ട് ലൈഫ് മിഷനിലേക്ക് വകമാറ്റിയതുമായി ബന്ധപ്പെട്ട കേസിലാണ് യുഎഇ കോണ്‍സുലേറ്റിന്റെ മുന്‍ ധനകാര്യ ഉദ്യോഗസ്ഥനും ഈജിപ്ഷ്യന്‍ പൗരനുമായിരുന്ന ഖാലിദ് മുഹമ്മദ് അലി ഷൗക്രി പ്രതിയാകുന്നത്. ഫണ്ട് വകമാറ്റുന്നതിന് ഷൗക്രി കൈക്കൂലി വാങ്ങിയെന്നായിരുന്നു ആരോപണം. തുടര്‍ന്ന് 2019 ജൂലൈ 30 ന് യു.എ.ഇ കോണ്‍സുലേറ്റ് ഖാലിദിനെ പുറത്താക്കി. രണ്ടുദിവസത്തിനുശേഷം ഓഗസ്റ്റ് രണ്ടിന് തിരുവനന്തപുരം കവടിയാറിലെ ഒരു ക്രേന്ദത്തിലെത്തി ഖാലിദ് മൂന്നരക്കോടി രൂപ കൈപ്പറ്റിയതായാണ് ആരോപണം. തുടര്‍ന്ന് ഓഗസ്റ്റ് അഞ്ചിന് ഖാലിദ് രാജ്യം വിട്ടു. നേരത്തെ ഇന്തോനേഷ്യയിലെ യു.എ.ഇ നയതന്ത്ര കാര്യാലയത്തില്‍ ജീവനക്കാരനായിരുന്ന ഖാലിദ് തിരുവനന്തപുരത്ത് കോണ്‍സുലേറ്റ് തുടങ്ങിയശേഷമാണ് ഇവിടെ എത്തുന്നത്.

കോണ്‍സുലേറ്റ് കേന്ദ്രീകരിച്ച് സാമ്പത്തിക ക്രമക്കേടുകള്‍ നടക്കുന്നതായും സ്വപ്ന സുരേഷും ഖാലിദുമാണ് ഇത് നിയന്ത്രിക്കുന്നതെന്നും യു.എ.ഇ വിദേശകാര്യ മന്ത്രാലയത്തിന് പരാതി ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് അന്വേഷണം നടക്കുന്നത്. യു.എ.ഇ കോണ്‍സുലേറ്റ് കേന്ദ്രീകരിച്ച് കേരളത്തില്‍ നിന്നും വന്‍തോതില്‍ ഡോളര്‍ വിദേശത്തേക്ക് കടത്തിയെന്നും അന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിരുന്നു. ഖാലിദ് മുഹമ്മദ് അലി ഷൗക്രി 1.90 ലക്ഷം യു.എസ്. ഡോളര്‍ (1.30 കോടി രൂപ) ഈജിപ്തിലേക്ക് കടത്തി. 2019 ഓഗസ്റ്റ് ഏഴിന് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് കയ്റോയിലേക്കുള്ള യാത്രയിലായിരുന്നു ഡോളര്‍ക്കടത്ത്. മൂന്ന് ഹാന്‍ഡ് ബാഗേജുകളിലായിരുന്നു ഡോളറുകള്‍ സൂക്ഷിച്ചിരുന്നത്. വിമാനത്താവളത്തിലെ പരിശോധനയില്‍ ഇതു പിടിക്കപ്പെട്ടിരുന്നില്ല.

കേരളത്തിലെ സ്വര്‍ണ്ണക്കടത്ത് കേസിലെ മറ്റ് പ്രമുഖ പ്രതികളുമായി ഇയാള്‍ക്ക് പങ്കുണ്ടെന്നും ആരോപിക്കപ്പെട്ടു. അറസ്റ്റ് ചെയ്യപ്പെടുന്നതിന് മുമ്പ് ഷൗക്രി ഇന്ത്യ വിട്ടു. 2020 നവംബറില്‍ കോടതി ഖാലിദിനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ഷൗക്രി രാജ്യം വിട്ടതായും അദ്ദേഹത്തിന്റെ പങ്ക് വിദേശത്ത് അന്വേഷിക്കേണ്ടതുണ്ടെന്നും കേസുമായി ബന്ധപ്പെട്ട എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കുറ്റപത്രത്തില്‍ രേഖപ്പെടുത്തിയിരുന്നു. ഷൗക്രിയെ കൈമാറാന്‍ സിബിഐ വഴി ഇന്റര്‍പോളുമായും കസ്റ്റംസ് ബന്ധപ്പെട്ടിരുന്നു. കൈമാറ്റ അഭ്യര്‍ത്ഥനകള്‍ നയതന്ത്ര മാര്‍ഗങ്ങളിലൂടെ അയയ്ക്കാനായിരുന്നു തീരുമാനം. ഖാലിദ് ഇപ്പോള്‍ ഈജിപ്റ്റില്‍ ഉണ്ടെന്നാണ് അന്വേഷണ ഏജന്‍സികള്‍ കരുതുന്നത്. നിലവില്‍ ലൈഫ് മിഷന്‍ കേസില്‍ എം ശിവശങ്കര്‍ ഏഴാം പ്രതിയാണ്. യൂണിടാക് എംഡി സന്തോഷ് ഈപ്പനാണ് ഒന്നാം പ്രതി. സന്തോഷ് ഈപ്പന്‍, സെയിന്‍ വെഞ്ചേഴ്സ് എന്ന സ്ഥാപനം, പി എസ് സരിത്ത്, സ്വപ്ന സുരേഷ്, സന്ദീപ് നായര്‍, യദൃ കൃഷ്ണന്‍, എം ശിവശങ്കര്‍, ഖാലിദ് ഷൗക്രി എന്നിവരാണ് കേസിലെ എട്ടുവരെയുള്ള പ്രതികള്‍. ഒന്‍പതാം പ്രതിസ്ഥാനത്ത് മറ്റുള്ളവര്‍ എന്നും ഇഡി ചേര്‍ത്തിട്ടുണ്ട്.

മൂന്നുവര്‍ഷം മുന്‍പ് മുഖ്യമന്ത്രി പിണറായി വിജയന്‍െ്റ മകന്‍ വിവേക് കിരണിന് ഇ.ഡി സമന്‍സ് അയച്ച വാര്‍ത്ത വന്നതിനു പിന്നാലെയാണ് ഖാലിദിന്‍െ്റ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെടാന്‍ പ്രതിപക്ഷം ഒരുങ്ങുന്നത്. 97 അപ്പാര്‍ട്ട്‌മെന്റുകളും ആരോഗ്യ കേന്ദ്രവും അടക്കമായിരുന്നു തൃശൂര്‍ ജില്ലയിലെ വടക്കാഞ്ചേരിയിലെ ചരല്‍പ്പറമ്പിലെ ഫ്‌ളാറ്റ് നിര്‍മാണം. യുഎഇ കോണ്‍സുലേറ്റ് വഴി റെഡ് ക്രസന്റ് അനുവദിച്ച 18.50 കോടി രൂപയില്‍ 14.50 കോടി ചെലവാക്കിയാണ് വടക്കാഞ്ചേരിയില്‍ 140 ഫ്ളാറ്റുകള്‍ നിര്‍മിക്കാന്‍ 2019 ജൂലൈ 11ന് കരാര്‍ ഒപ്പുവച്ചത്. പദ്ധതിയുടെ പേരില്‍ 4.48 കോടി സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്നയടക്കമുള്ളവര്‍ക്കു കൈക്കൂലി നല്‍കിയെന്ന് ആരോപണം ഉയര്‍ന്നതോടെയാണ് വിവാദമായത്. പദ്ധതിയില്‍ വിദേശ സംഭാവന ചട്ടങ്ങള്‍ ലംഘിച്ചുവെന്നാരോപിച്ച് പിന്നാലെ ലൈഫ് മിഷന്‍ കേസും വരുകയായിരുന്നു. യുഎഇ കോണ്‍സുലേറ്റില്‍ ജോലി ചെയ്തിരുന്ന സ്വപ്ന സുരേഷിനും പി എസ് സരിത്തിനും ലൈഫ് മിഷന്‍ ഫണ്ട് ദുര്‍വിനിയോഗത്തില്‍ പങ്കുണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തി.

തുടര്‍ന്ന് അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേരള ഹൈക്കോടതിയെ സമീപിച്ചിരുന്നുവെങ്കിലും ഹര്‍ജികള്‍ തള്ളുകയായിരുന്നു. ലൈഫ് മിഷന്‍ ഇടപാടില്‍ എം ശിവശങ്കറിന് കോഴയായി രണ്ട് കോടിയോളം രൂപ നല്‍കിയിട്ടുണ്ടെന്ന് യുണിടാക് എംഡിയായ സന്തോഷ് ഈപ്പന്‍ മൊഴി നല്‍കുകയായിരുന്നു. ഖാലിദിനെ ആരോ കൊലപ്പെടുത്തിയെന്ന ആരോപണം അനില്‍ അക്കരയും മുമ്പോട്ട് വയ്ക്കുന്നുണ്ട്.

Tags:    

Similar News