ഉളിയകോവിലിലെ വീട്ടില്‍ കയറി ഫെബിനെ കുത്തി കൊന്നത് കൊല്ലത്തെ ഗ്രേഡ് എസ് ഐയുടെ മകന്‍; സൗഹൃദ ബന്ധത്തെ എതിര്‍ത്ത കൂട്ടുകാരിയുടെ അടുത്ത ബന്ധുവിനെ ആക്രമിച്ചത് വ്യക്തമായ പദ്ധതി തയ്യറാക്കി; കടപ്പാക്കടയില്‍ ട്രെയിനിന് മുന്നില്‍ ചാടിയുള്ള ആത്മഹത്യയും ആസൂത്രണം; കൊല്ലത്തെ നടുക്കി കൊലയും ജീവനൊടുക്കലും
കൊല്ലം: കോളേജ് വിദ്യാര്‍ഥിയെ വീട്ടില്‍ കയറി കുത്തിക്കൊന്നു സംഭവം പോലീസിനും ഞെട്ടലായി. കൊല്ലം ഉളിയക്കോവില്‍ സ്വദേശി ഫെബിന്‍ ജോര്‍ജ് ഗോമസ് (21) ആണ് കൊല്ലപ്പെട്ടത്. കാറില്‍ എത്തിയ ആളാണ് ആക്രമിച്ചത്. ഇയാളുടെ പേര് തേജസ് രാജാണ്. പോലീസിലെ ഒരു ഗ്രേഡ് എസ് ഐയുടെ മകനാണ് തേജസ്. ഇത് പോലീസിനും ഞെട്ടലായി. ഫാത്തിമ മാതാ കോളേജിലെ ബിസിഎ വിദ്യാര്‍ഥിയായിരുന്നു ഫെബിന്‍. ഫെബിനേയും കുടുംബത്തേയും തേജസിന് അടുത്ത് അറിയാം. ഈ കുടുംബത്തോടുള്ള പകയായിരുന്നു കൊലയ്ക്ക് കാരണം.
ഫെബിനെ കുത്തിയ ശേഷം ആക്രമി ട്രെയിന് മുമ്പില്‍ ചാടി ആത്മഹത്യ ചെയ്തതയാണ് വിവരം. കൊല്ലം കടപ്പാക്കടയില്‍ റെയില്‍വേ ട്രാക്കില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. റെയില്‍വേ പാതയ്ക്ക് സമീപം ഒരു കാറും നിര്‍ത്തിയിട്ട നിലയില്‍ കണ്ടെത്തി. ഇത് തേജസിന്റേതാണെന്ന് തിരിച്ചറിഞ്ഞതാണ് നിര്‍ണ്ണായകമായത്. ഫെബിന്റെ കുടുംബത്തോട് തേജസിന് വൈരാഗ്യമുണ്ടായിരുന്നു. ഫെബിന്റെ അടുത്ത ബന്ധുവിന്റെ ആണ്‍സുഹൃത്തായിരുന്നു തേജസ്. തേജസുമായുള്ള ബന്ധത്തെ ഫെബിന്‍ എതിര്‍ത്തു. ഇതാണ് കൊലപാതക പകയ്ക്ക് കാരണം. രാത്രി ഏഴ് മണിയോടെ ആയിരുന്നു സംഭവം. ഉളിയക്കോവിലിലെ വീട്ടിലായിരുന്നു ഫെബിന്‍ ഉണ്ടായിരുന്നത്. വീട്ടിലേക്ക് കയറി വന്ന തേജസ് ആദ്യം ആക്രമിച്ചത് ഫെബിന്റെ അച്ഛനെയാണ്. പിന്നീട് ആക്രമണം ഫെബിന് നേരെയായി.
ഈ വീട്ടിലേക്ക് മുഖം മറച്ചെത്തുകയായിരുന്നു തേജസ്. വെള്ള കാറില്‍ എത്തിയ ആളാണ് ആക്രമണം നടത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞിരുന്നു. പിന്നാലെയാണ് കടപ്പാക്കടയില്‍ കാര്‍ കണ്ടെത്തിയത്. പോലീസുകാരന്റെ മകനായതു കൊണ്ടു തന്നെ തേജസ് രാജിനെ ഉടനെ തിരിച്ചറിഞ്ഞു. ഫെബിനും തേജസും തമ്മിലുള്ള പ്രശ്‌നവും എല്ലാവര്‍ക്കും അറിയാവുന്നതാണ്. അതുകൊണ്ട് തന്നെ ഫെബിന്റെ അച്ഛനും അമ്മയും കുത്തിയ ആളിനെ തിരിച്ചറിയുകയും ചെയ്തു. ഇതും പോലീസിന് നിര്‍ണ്ണായക വിവരമായി മാറി. ഫെബിന് കഴുത്ത്, കൈ, വാരിയെല്ല് എന്നിവിടങ്ങളിലാണ് കുത്തേറ്റത്. തടയാന്‍ ശ്രമിച്ച പിതാവിന് വാരിയെല്ലിനും കൈക്കും ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഫെബിന്റെ ജീവന്‍ രക്ഷിക്കാനായില്ല.
കടപ്പാക്കട റെയില്‍വേ ട്രാക്കിലാണ് നീണ്ടകര സ്വദേശി തേജസ് രാജിന്റെ മൃതദേഹം കണ്ടെത്തിയത്. ട്രെയിന്‍ ഇടിച്ച് മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. റെയില്‍വേ പാതയ്ക്ക് സമീപം ഒരു കാറും നിര്‍ത്തിയിട്ട നിലയില്‍ കണ്ടെത്തി. കാറിനകത്തും ചോരപ്പാടുകളുണ്ട്. മരിച്ചയാള്‍ ഫാത്തിമ മാതാ കോളേജിലെ വിദ്യാര്‍ത്ഥി ഫെബിന്‍ ജോര്‍ജ് ഗോമസിന്റെ കൊലയാളിയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. പിന്നാലെയാണ് കൊലപാതകി ആരെന്ന് വ്യക്തമായത്. ഫെബിന്റെ അടുത്ത ബന്ധുവിനൊപ്പം തേജസ് രാജ് പഠിച്ചിരുന്നു. ഇത് അടുത്ത സൗഹൃദത്തിലേക്ക് പോവുകയായിരുന്നു. ഇതിനെ എതിര്‍ത്ത പകയാണ് തേജസ് തീര്‍ത്തത്.