അപ്പച്ചിയുടെ മരണ വീട്ടിലെത്തിയ ഭാര്യയേയും അമ്മയേയും അപമാനിച്ചത് അഹങ്കാരം തലയ്ക്ക് പിടിച്ച്; ആ രണ്ട് ആത്മഹത്യകള്‍ അറിഞ്ഞതോടെ മുംബൈ വഴി അയര്‍ലണ്ടിലേക്ക് മുങ്ങാന്‍ ശ്രമിച്ച പ്രതി; അതിവേഗ നീക്കവുമായി പോലീസ്; പ്രതി ഉണ്ണികൃഷ്ണന്‍ മുംബൈയില്‍ പിടിയില്‍; വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ പോലീസ് വിരിച്ചു വല പൊട്ടിക്കാനായില്ല; ആ 200 പവന്‍ എവിടെ?
തിരുവനന്തപുരം: കമലേശ്വരത്ത് അമ്മയെയും മകളെയും സയനൈഡ് കഴിച്ച് ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ച കേസിലെ പ്രതി ഉണ്ണികൃഷ്ണന്‍ അറസ്റ്റിലായി. സജിതയുടെയും ഗ്രീമയുടെയും മരണത്തിന് പിന്നാലെ അയര്‍ലണ്ടിലേക്ക് കടക്കാന്‍ ശ്രമിക്കവെ മുംബൈയില്‍ വെച്ചാണ് പൂന്തുറ പോലീസ് ഇയാളെ പിടികൂടിയത്. സ്വന്തം ഭാര്യയെയും അവരുടെ അമ്മയെയും മരണത്തിലേക്ക് എറിഞ്ഞുകൊടുത്ത ശേഷം ഒന്നുമറിയാത്തവനെപ്പോലെ വിദേശത്തേക്ക് മുങ്ങാനായിരുന്നു ഇയാളുടെ നീക്കം.
അയര്‍ലന്‍ഡില്‍ കോളേജ് അധ്യാപകനായ ഉണ്ണികൃഷ്ണന്‍ സ്വന്തം അപ്പച്ചിയുടെ മരണാനന്തര ചടങ്ങിനായാണ് സ്വന്തം ഭാര്യയേയും അവരുടെ അമ്മയേയും അപമാനിച്ചത്. ലോകം അറിയുന്ന സ്ത്രീ രത്നമാണ് മരിച്ച അപ്പച്ചി. ആറു വര്‍ഷം മുന്‍പ് വിവാഹം കഴിഞ്ഞ് കേവലം 25 ദിവസം മാത്രം കൂടെ താമസിച്ച് ഉപേക്ഷിച്ചു പോയ ഭാര്യ ഗ്രീമ ഈ ചടങ്ങില്‍ വെച്ച് ഉണ്ണികൃഷ്ണനെ കണ്ടിരുന്നു.
എന്നാല്‍, ആ വേദിയില്‍ വെച്ചും ഗ്രീമയെ മാനസികമായി തളര്‍ത്തുന്ന രീതിയിലാണ് ഇയാള്‍ പെരുമാറിയത്. ബന്ധം തുടരാന്‍ താല്പര്യമില്ലെന്നും വിവാഹമോചനം വേണമെന്നും കര്‍ക്കശമായി പറഞ്ഞതോടെ ആ കുടുംബത്തിന്റെ അവസാന പ്രതീക്ഷയും തകര്‍ന്നു. ആ ചടങ്ങില്‍ അനുഭവിച്ച കടുത്ത അപമാനമാണ് അമ്മയെയും മകളെയും ആത്മഹത്യ എന്ന കടുത്ത തീരുമാനത്തിലേക്ക് നയിച്ചത്.
മരണാനന്തര ചടങ്ങിനിടെ അപമാനം സഹിക്കാന്‍ കഴിയാതെ അമ്മ കുഴഞ്ഞു വീണു. വിവാഹസമയത്ത് ഗ്രീമയുടെ വീട്ടുകാര്‍ നല്‍കിയ 200 പവനിലധികം സ്വര്‍ണ്ണവും വസ്തുവകകളും എവിടെ എന്ന ചോദ്യം ഇപ്പോള്‍ ശക്തമാണ്. ഉണ്ണികൃഷ്ണന്‍ ഈ സ്വത്തുക്കളെല്ലാം കൈക്കലാക്കിയ ശേഷം ഗ്രീമയെ ഉപേക്ഷിക്കുകയായിരുന്നു എന്ന ആരോപണം ബന്ധുക്കള്‍ ഉയര്‍ത്തുന്നുണ്ട്. സ്ത്രീധന പീഡനത്തിനും ആത്മഹത്യാ പ്രേരണയ്ക്കും പുറമെ സാമ്പത്തിക തട്ടിപ്പിനും ഇയാള്‍ക്കെതിരെ കേസെടുക്കണമെന്നാണ് ആവശ്യം.
സയനൈഡ് മരണവും അവസാന സന്ദേശവും 'ഞങ്ങള്‍ മരിക്കാന്‍ കാരണം ഉണ്ണികൃഷ്ണനാണ്, ഈ അപമാനഭാരം താങ്ങാനാവുന്നില്ല' എന്ന് വാട്സാപ്പില്‍ സന്ദേശമയച്ച ശേഷമാണ് അമ്മയും മകളും സയനൈഡ് കഴിച്ചത്. സോഫയില്‍ കെട്ടിപ്പിടിച്ചു കിടക്കുന്ന നിലയിലായിരുന്നു ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
ഉണ്ണികൃഷ്ണന്റെ അറസ്റ്റോടെ ഈ ക്രൂരതയ്ക്ക് പിന്നിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് പോലീസ് കരുതുന്നത്. ഗാര്‍ഹിക പീഡനം, ആത്മഹത്യാ പ്രേരണ തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാകും ഇയാളെ കോടതിയില്‍ ഹാജരാക്കുക.
