റിപ്പോര്‍ട്ടെല്ലാം എഴുതുന്നത് സ്വന്തമായി; മൊഴി എടുക്കലും നേരിട്ട്; നാനോ എക്‌സല്‍ തട്ടിപ്പിന് 2012ല്‍ അന്ത്യം കുറിച്ച സാമ്പത്തിക കുറ്റാന്വേഷകന്‍; ഇടതിന് തലവേദനായ സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിക്കലിനും സൊല്യൂഷന്‍; രാഷ്ട്രപതിയുടെ മെഡല്‍ കിട്ടിയിട്ടും താക്കോല്‍ പദവികള്‍ നല്‍കിയില്ല; സപ്ലൈകോയില്‍ നിന്നും ദേവസ്വം ബോര്‍ഡിലെത്തിയത് 'അയ്യപ്പ ഇടപെടലിലോ'? സ്വര്‍ണ്ണ പാളിയിലെ കള്ളക്കളികള്‍ പൊളിച്ച സുനില്‍കുമാര്‍ ഐപിഎസിന്റെ കഥ

Update: 2025-10-09 06:56 GMT

തിരുവനന്തപുരം: ശബരിമലയില്‍ സ്‌പെഷ്യല്‍ കമ്മീഷണറായ ജഡ്ജ് ആര്‍ ജയകൃഷ്ണന്റെ ഇടപെടലാണ് സ്വര്‍ണ്ണ പാളിയെ ആരു മറിയാതെ ചെന്നൈയിലേക്ക് കൊണ്ടു പോയത് കണ്ടെത്തിയത്. ഇത് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ടായി എത്തി. ഇതിനിടെ ദേവസ്വം വിജിലന്‍സ് ഇക്കാര്യം പരിശോധിച്ചു. ദേവസ്വം വിജിലന്‍സ് എസ് ഐയുടെ സാന്നിധ്യത്തിലാണ് സ്വര്‍ണ്ണ പാളി ഇളക്കല്‍ നടത്തിയതെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റെ പി എസ് പ്രശാന്ത്  പറഞ്ഞിരുന്നു. ചെന്നൈയിലേക്കുള്ള ഇന്നോവ യാത്രയില്‍ എസ് ഐയും ഉണ്ടായിരുന്നുവെന്നതാണ് വസ്തുത. പക്ഷേ ജഡ്ജിയുടെ ഇടപെടല്‍ വന്നതോടെ വിജിലന്‍സ് തലപ്പത്തുള്ള എസ് പി ഉണര്‍ന്ന് പ്രവര്‍ത്തിച്ചു. ആരേയും വിശ്വസിക്കാതെ ആ ഉദ്യോഗസ്ഥന്‍ തെളിവ് ശേഖരണത്തിന് ഇറങ്ങി. അങ്ങനെയാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സഹോദരിയുടെ വീട്ടില്‍ നിന്നും ദ്വാരപാലക ശില്‍പ്പത്തിന്റെ താങ്ങു പീഠം കണ്ടെത്തുന്നത്. ആരുമിത് സ്വപ്‌നത്തില്‍ പോലും കരുതിയതല്ല. ആ കണ്ടെത്തലാണ് ശബരിമല കേസില്‍ വലിയ ട്വിസ്റ്റായി മാറിയത്. ഇതോടെ ഹൈക്കോടതിയിലെ ദേവസ്വം ബഞ്ചിനും തട്ടിപ്പിന്റെ വ്യാപ്തി മനസ്സിലായി. അങ്ങനെ ആ 'ദേവസ്വം കൊള്ള' പുറം ലോകത്ത് എത്തി.

വി സുനില്‍ കുമാര്‍ ഐപിഎസാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ വിജിലന്‍സ് എസ് പി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതാണ് സാധാരണ നിലയില്‍ ബോര്‍ഡിലെത്തുന്ന എസ് പിമാരുടെ പൊതു രീതി. എന്നാല്‍ ചേര്‍ത്തലക്കാരനായ സുനില്‍കുമാര്‍ അതില്‍ നിന്നും വിഭിന്നനായിരുന്നു. സ്വന്തം വഴിക്ക് അന്വേഷണവുമായി അദ്ദേഹം മുമ്പോട്ട് പോയി എന്നതാണ് വസ്തുത. കണിശതയേറെയുള്ള ഉദ്യോഗസ്ഥനായാണ് പോലീസിനുള്ളില്‍ സുനില്‍ കുമാര്‍ അറിയപ്പെടുന്നത്. വാര്‍ത്താ താരമാകുന്നതിനോട് ഒരിക്കലും താല്‍പ്പര്യം കാട്ടാത്ത വ്യക്തിത്വം. ചുറ്റുമുള്ള ആരേയും വിശ്വാസത്തിലെടുക്കാതെ സ്വന്തം നിലയില്‍ അന്വേഷണം നടത്തുന്ന വ്യക്തി. കേരളാ പോലീസില്‍ നിന്നും ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ എസ് ഐ റാങ്കിലുള്ള ഉദ്യോഗസ്ഥനും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ വിജിലന്‍സ് വിഭാഗത്തിലുണ്ട്. എന്തു കൊണ്ട് ഈ എസ് ഐയെ പോലും അകലത്തില്‍ നിര്‍ത്തിയായിരുന്നു എസ് പി സുനില്‍ കുമാറിന്റെ ശബരിമലയിലെ അന്വേഷണം. ഇതാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയിലെ കള്ളക്കളികള്‍ കണ്ടെത്തിയത്. അതീവ രഹസ്യമായി എല്ലാം ചെയ്തുവെന്നതാണ് മറ്റൊരു കാര്യം. കിറുകൃത്യമായി എല്ലാം ഹൈക്കോടതിയെ അറിയിച്ചു. താങ്ങു പീഠം കാണാനില്ലെന്ന് പരാതി നല്‍കിയത് ഉണ്ണികൃഷ്ണന്‍ പോറ്റിയാണ്. അത് തേടി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വീട്ടിലേക്ക് എസ് പി എത്തിയതാണ് ശബരിമലയിലെ ഇപ്പോഴുള്ള സംഭവ വികാസങ്ങളിലെ ട്വിസ്റ്റ്. പോലീസിലെ ഉന്നത ബന്ധങ്ങളിലൂടെ മണ്ണന്തല പോലീസ് സ്‌റ്റേഷനിലെ കാര്‍ കത്തിക്കല്‍ കേസ് എഴുതി തള്ളിയ ആത്മവിശ്വാസത്തില്‍ സ്വര്‍ണ്ണ പാളി കേസെടുക്കാമെന്ന ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ നീക്കങ്ങള്‍ അവിടെ പാളി. സുനില്‍ കുമാറിന്റെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ ശബരിമലയിലെ 'സ്‌പോണ്‍സര്‍ കൊള്ളക്കാര്‍' വെള്ളം കുടിച്ചു. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഇമെയില്‍ ഹൈക്കോടതിയില്‍ എത്തിയതോടെ മുന്‍ പ്രസിഡന്റ് വാസു അടക്കം പ്രതിക്കൂട്ടിലേക്ക് വന്നു. ഇതുവരെ സുനില്‍കുമാര്‍ നടത്തിയതെല്ലാം പഴുതടച്ച നീക്കങ്ങളാണ്. അത് ഇനിയും തുടര്‍ന്നാല്‍ ശബരിമലയില്‍ അഴിമതി വിരുദ്ധ ശുദ്ധി കലശമായി മാറും. സുനില്‍ കുമാറിന്റെ റിപ്പോര്‍ട്ട് ആധാരമാക്കി കേസ് അന്വേഷണം മുമ്പോട്ട് കൊണ്ടു പോകേണ്ട സാഹചര്യമാണ് പ്രത്യേക അന്വേഷണ സംഘത്തിനുമുള്ളത്. രാഷ്ട്രപതിയുടെ മെഡല്‍ അടക്കം നേടിയ അന്വേഷണ മികവാണ് വി സുനില്‍കുമാറിന്റേത്. സപ്ലൈകോയില്‍ വിജിലന്‍സ് ഓഫീസറായിരിക്കെയാണ് ഐപിഎസ് കിട്ടിയത്. ഇതോടെയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലേക്ക് എത്തിയത്. ശബരിമലയിലെ താങ്ങു പീഠം കണ്ടെത്തിയത് അയ്യപ്പനാണെന്നാണ് സിപിഎം നേതാവ് എകെ ബാലന്‍ പറഞ്ഞു വച്ചത്. ഇത് ആ വീട്ടിലുണ്ടെന്ന് തിരിച്ചറിഞ്ഞതും കണ്ടെത്തിയതും സുനില്‍ കുമാര്‍ എന്ന ഐപിഎസുകാരനാണെന്നതാണ് യാദൃശ്ചികം.

സുനില്‍ കുമാര്‍ എന്ന അന്വേഷണ ഉദ്യോഗസ്ഥന് ഒരു പാട് പ്രത്യേകതകളുണ്ട്. റിപ്പോര്‍ട്ടുകളെല്ലാം സ്വന്തമായി എഴുതുമെന്നതാണ് അതിലൊന്ന്. ഇതുകാരണം കണ്ടെത്തലിന്റെ രഹസ്യാത്മക നിലനില്‍ക്കും. ശബരിമല വിഷയത്തിലും എല്ലാം നേരിട്ടാണ് തയ്യാറാക്കിയത്. ഹൈക്കോടതിയുടെ മുമ്പില്‍ നേരിട്ട് ഹാജരായി സമര്‍പ്പിക്കുകയും ചെയ്തു. ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് എത്തിയ ശേഷം മാത്രമാണ് അതിലെ വിവരങ്ങള്‍ ദേവസ്വം ബോര്‍ഡിലെ ഉന്നതര്‍ പോലും അറിയുന്നത്. ചോദ്യം ചെയ്യലും നേരിട്ട് തന്നെ ചെയ്യും. അതായത് സ്വന്തം ജോലി മറ്റുള്ളവരെ ഏല്‍പ്പിക്കാത്ത സ്വഭാവക്കാരനാണ് സുനില്‍കുമാര്‍. ദീര്‍ഘകാലം ക്രൈംബ്രാഞ്ചില്‍ ജോലി ചെയ്തിട്ടുണ്ട്. നാനോ എക്‌സല്‍ തട്ടിപ്പ് കേസ് കൈകാര്യം ചെയ്തതും തുടക്കത്തില്‍ സുനില്‍കുമാറാണ്. അന്ന് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കായുള്ള ക്രൈംബ്രാഞ്ച് വിഭാഗത്തിലായിരുന്നു ജോലി. സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച കേസിന് ട്വിസ്റ്റുണ്ടായത് ആ കേസ് ഫയല്‍ സുനില്‍ കുമാറിന്റെ കൈയ്യിലെത്തിയ ശേഷമാണ്. ഈ അന്വേഷണത്തിന് ഡിജിപിയായിരിക്കെ ഷേയ്ഖ് ദര്‍വേശ് സാഹിബിന്റെ പ്രശസ്തി പത്രവും സുനില്‍ കുമാറിന് കിട്ടി. 2012ലാണ് കേരളത്തെ ഞെട്ടിച്ച നാനോ എക്‌സല്‍ കേസുണ്ടായത്. അന്ന് കേരളം ഉള്‍പ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളെയും ഏഷ്യ-പസഫിക് മേഖലയെയും ലക്ഷ്യമിട്ട് നടന്ന വന്‍കിട മണി ചെയിന്‍ തട്ടിപ്പുകളില്‍ ലക്ഷക്കണക്കിന് നിക്ഷേപകര്‍ക്ക് കോടിക്കണക്കിന് രൂപ നഷ്ടമായി. എല്‍.ഐ.എസ്, നാനോ എക്‌സല്‍, ടൈക്കൂണ്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ വഴിയായി ഏകദേശം 1720 കോടി രൂപയുടെ തട്ടിപ്പുകളാണ് അന്ന് പുറത്തു വന്നത്. എറണാകുളം ആസ്ഥാനമായുള്ള എല്‍.ഐ.എസ് ദീപസ്തംഭം പദ്ധതി ഏകദേശം 850 കോടി രൂപയുടെ തട്ടിപ്പാണ് നടത്തിയത്. 'ഏഴ് ആഴ്ചകള്‍ കൊണ്ട് പണം ഇരട്ടിയാക്കാം' എന്ന ആകര്‍ഷകമായ വാഗ്ദാനം നല്‍കി ഒരു ലക്ഷത്തിലധികം നിക്ഷേപകരെയാണ് ഇവര്‍ ആകര്‍ഷിച്ചത്. 1,250 രൂപയുടെ യൂണിറ്റുകള്‍ വാഗ്ദാനം ചെയ്താണ് തട്ടിപ്പിന് കളമൊരുക്കിയത്. മെച്യൂരിറ്റി ആകുമ്പോള്‍ കമ്മീഷനും നിക്ഷേപം തിരികെയും ലഭിക്കുമെന്നായിരുന്നു വാഗ്ദാനം, എന്നാല്‍ പണം മെച്യൂരിറ്റി എത്താതെ പിന്‍വലിക്കാന്‍ കഴിയില്ല എന്നത് ഒരു പ്രധാന കെണിയായിരുന്നു. ഓരോ യൂണിറ്റിനും 70 ആഴ്ചത്തേക്ക് 10 രൂപയുടെ ലോട്ടറി ടിക്കറ്റുകളും വാഗ്ദാനം ചെയ്തിരുന്നു. ഓരോ ആഴ്ചയും ലഭിക്കുന്ന കമ്മീഷന്റെ 25 ശതമാനം മുതിര്‍ന്ന അംഗങ്ങള്‍ക്ക് തിരികെ ലഭിക്കുമെന്നും പറഞ്ഞിരുന്നു.

ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാനോ എക്‌സല്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് ഏകദേശം 500 കോടി രൂപയാണ് തട്ടിയതെന്ന് പിന്നീട് വ്യക്തമായി. ഹരീഷ് മദ്ദിനേനി സ്ഥാപിച്ച ഈ കമ്പനിക്ക് ന്യൂഡല്‍ഹിയില്‍ ഇന്ത്യന്‍ ആസ്ഥാനവും കേരളത്തില്‍ ഒരു പ്രധാന ഓഫീസുമുണ്ടായിരുന്നു. നാനോ ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്ന ഇവര്‍ ഏഷ്യ-പസഫിക് മേഖലയില്‍ നിന്ന് ഏകദേശം നാല് ലക്ഷം നിക്ഷേപകരെയാണ് കബളിപ്പിച്ചത്. കുറഞ്ഞത് 12,000 രൂപയുടെ ഉല്‍പ്പന്നങ്ങള്‍ വാങ്ങിയാല്‍ കമ്പനിയുടെ പങ്കാളിയാക്കാമെന്നും നാലാം മാസം 7,500 രൂപയും നാലാം വര്‍ഷം 1,80,000 രൂപയും തിരികെ ലഭിക്കുമെന്നും ഇവര്‍ ഉറപ്പുനല്‍കിയിരുന്നു. ചെന്നൈ ആസ്ഥാനമായുള്ള ടൈക്കൂണ്‍ എംപയര്‍ ഇന്റര്‍നാഷണല്‍ ലിമിറ്റഡ് 50,000 നിക്ഷേപകരില്‍ നിന്നായി 370 കോടി രൂപയാണ് സമാഹരിച്ചത്. ഒരു ലക്ഷം രൂപ നിക്ഷേപിച്ചാല്‍ മൂന്ന് വര്‍ഷത്തേക്ക് പ്രതിമാസം 10,000 രൂപ നല്‍കുമെന്ന് ഇവര്‍ വാഗ്ദാനം ചെയ്തു. ഈ വന്‍കിട തട്ടിപ്പുകള്‍ രാജ്യത്തെ സാമ്പത്തിക കുറ്റകൃത്യങ്ങളുടെ വ്യാപ്തിയും സാധാരണക്കാരുടെ സമ്പാദ്യത്തിന്മേലുള്ള ഭീഷണിയും എടുത്തു കാണിക്കുന്നതായിരുന്നു. സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാതെ അന്ന് ആ കേസ് അന്വേഷിച്ചത് സുനില്‍ കുമാറായിരുന്നു. ഈ കേസില്‍ ഒളിവിലായിരുന്ന പ്രധാന പ്രതികളെ തൃശൂര്‍ ക്രൈംബ്രാഞ്ച് പൊലീസ് ചെന്നൈയില്‍ നിന്ന് അറസ്റ്റ് ചെയ്തത് ഈ അടുത്ത കാലത്തായിരുന്നു. പ്രശാന്ത് സുന്ദര്‍ രാജ്, രാധ സുന്ദര്‍ രാജ്, കുമാരി രാജ, മീര ഹരീഷ് എന്നിവരാണ് അറസ്റ്റിലായത്. തൃശൂര്‍ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ വിചാരണ നടപടികള്‍ നടന്നുകൊണ്ടിരിക്കെ കോടതിയില്‍ ഹാജരാകാതെ ഇവര്‍ ഒളിവില്‍ കഴിയുകയായിരുന്നു. ഹൈദരാബാദില്‍ സ്ഥിരതാമസമാക്കിയിരുന്ന പ്രതികള്‍ വിചാരണ നടപടികളോട് സഹകരിക്കാതെ തമിഴ്നാട്ടിലേക്ക് മാറുകയും അതിസമ്പന്നര്‍ താമസിക്കുന്ന ഫ്‌ലാറ്റുകളില്‍ ഒളിവില്‍ താമസിക്കുകയുമായിരുന്നു. ഈ കേസും സുനില്‍ കുമാറിന്റെ അന്വേഷണ മികവിനുള്ള തെളിവാണ്.

ശബരിമല ദ്വാരപാലകശില്പങ്ങളില്‍ പൊതിഞ്ഞിരുന്ന ഒന്നര കിലോ സ്വര്‍ണത്തില്‍ ഒരു കിലോയില്‍ കൂടുതല്‍ കാണാതായി എന്ന പരാമര്‍ശത്തോടെ ഹൈക്കോടതി പ്രഖ്യാപിച്ച പ്രത്യേക അന്വേഷണം സര്‍ക്കാരിനെയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെയും ഒരുപോലെ പ്രതിരോധത്തിലാക്കിയെന്നതാണ് വസ്തുത. സ്വര്‍ണം പൊതിഞ്ഞ ഒറിജിനല്‍ ദ്വാരപാലക ശില്പങ്ങള്‍ 2019ല്‍ സ്‌പോണ്‍സര്‍ വില്പന നടത്തിയോ എന്നുവരെ സംശയിക്കാമെന്ന് കോടതി തുറന്നടിക്കുകയും അക്കാര്യം അന്വേഷിക്കണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തത് സര്‍ക്കാരിനും ദേവസ്വംബോര്‍ഡിനും മാരക പ്രഹരമാണ്. ദേവസ്വം ചീഫ് വിജിലന്‍സ് ആന്‍ഡ് സെക്യൂരിറ്റി ഓഫീസര്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ മുദ്രവച്ച കവറില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ അന്ന് ദേവസ്വം തലപ്പത്തിരുന്ന പലരുടെയും പേരെടുത്ത് പറഞ്ഞിട്ടുണ്ടെന്നാണ് സൂചന. ഇതേ തുടര്‍ന്നാണ്അധികൃതരുടെ പങ്ക് ഉള്‍പ്പെടെ സമഗ്രമായി അന്വേഷിക്കണമെന്ന് ജസ്റ്റിസ് വി. രാജ വിജയരാഘവന്‍, ജസ്റ്റിസ് കെ.വി. ജയകുമാര്‍ എന്നിവരുള്‍പ്പെട്ട ദേവസ്വംബെഞ്ച് ഉത്തരവിട്ടിരിക്കുന്നത്. 2019ല്‍ ചെന്നൈയ്ക്ക് കൊണ്ടുപോയ അത്രയും സ്വര്‍ണം തിരിച്ചെത്തിയില്ലെന്ന് സംശയലേശമന്യേ പറയാമെന്ന് കോടതി വിലയിരുത്തി.പ്രാഥമികാന്വേഷണം നടത്തിയ ദേവസ്വം വിജിലന്‍സ് എസ്.പി സുനില്‍കുമാര്‍ തിങ്കളാഴ്ച മുദ്രവച്ച കവറില്‍ നല്‍കിയ റിപ്പോര്‍ട്ടും നേരിട്ട് ഹാജരായി നല്‍കിയ വിശദീകരണവും കണക്കിലെടുത്താണ് സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. അതായത് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തു പോകാതിരിക്കാനുള്ള എല്ലാ ജാഗ്രതയും സുനില്‍ കുമാര്‍ എടുത്തു. അതാണ് എല്ലാത്തിലും നിര്‍ണ്ണായകമായത്.

Tags:    

Similar News