ദുബായില്‍ നിന്നും പറന്നു വന്ന് പതിനാറാം വയസ്സില്‍ അണ്ടര്‍ 19 ടീമിന് വേണ്ടി ഇരട്ട സെഞ്ച്വറിയെന്ന അത്ഭുതം; കെപിഎല്ലിലെ ഏറ്റവും വിലപിടിപ്പുള്ള രണ്ടാം താരം; സികെ നായിഡുവില്‍ രണ്ടിന്നിംഗ്‌സിലും സെഞ്ച്വറി; ഇത് കേരളത്തിന്റെ ബാറ്റിംഗ് പവര്‍ഹൗസാകുന്ന സോണിയുടെ പ്രിയശിഷ്യന്‍; വരുണ്‍ നയനാര്‍ താരമാകുന്ന കഥ

Update: 2024-11-19 09:35 GMT

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിലേക്കുള്ള വാശിയേറിയ താരലേലത്തില്‍ സ്റ്റാര്‍ ബാറ്ററും വിക്കറ്റ് കീപ്പറുമായ വരുണ്‍ നയനാരെ 7.2 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കിയ സജ്ജാദ് സേഠിന്റെ ഉടമസ്ഥതയിലുള്ള തൃശൂര്‍ ടൈറ്റന്‍സ് കേരളത്തിന്റെ ഭാവി ബാറ്റിംഗ് ഈ പയ്യനിലാണെന്ന സൂചനകള്‍ നല്‍കിയിരുന്നു. കേരളത്തിന്റെ മുന്‍ രഞ്ജി ട്രോഫി നായകന്‍ സോണി ചെറുവത്തൂരിന്റെ ദുബായിലെ ക്രിക്കറ്റ് കളരിയില്‍ നിന്നും കേരള്ത്തിന് കിട്ടുന്ന മുത്ത്. കേരളാ ക്രിക്കറ്റിന്റെ ബാറ്റിംഗ് പവര്‍ഹൗസായി മാറാനുള്ള കരുത്ത് ഈ ഇരുപത്തി രണ്ടുകാരനുണ്ട്. അതിന്റെ തെളിവാണ് സികെ നായിഡു ട്രോഫിലെ തമിഴ്‌നാടിനെതിരായ രണ്ടിന്നിംഗ്‌സിലും നേടിയ സെഞ്ച്വറി. ക്രിക്കറ്റില്‍ അത്യപൂര്‍വ്വമായി മാത്രം സംഭവിക്കുന്ന സൂപ്പര്‍ ഹിറ്റ് ഇന്നിംഗ്‌സുകള്‍.

അണ്ടര്‍ 23 ക്രിക്കറ്റില്‍ അതിശക്തരാണ് ഈ സീസണില്‍ തമിഴ്‌നാട്. കിരീട പ്രതീക്ഷയോടെ കളിക്കുന്ന ടീം. മികച്ച ബൗളര്‍മാരുമുണ്ട്. ഈ ടിമിനെതിരെയാണ് രണ്ടിന്നിംഗ്‌സിലും വരുണ്‍ സെഞ്ച്വറി നേടിയത്. അണ്ടര്‍ 19 ഇന്ത്യന്‍ ടീമില്‍ ഇടം നേടിയ കേരളത്തിന്റെ ഈ ഭാവി വാഗ്ദാനം ബാറ്റിംഗ് മികവില്‍ തമിഴ്‌നാടിനെ തളര്‍ത്തി. രണ്ടിന്നിംഗ്‌സിലുമായി 13 വിക്കറ്റ് നേടിയ പവന്‍രാജിന്റെ പ്രകടനത്തോളം തിളക്കമുള്ള പ്രകടനം. അങ്ങനെ തമിഴ്‌നാടിനെതിരെ കേരളം വിജയ പീഡത്തില്‍ കയറുമ്പോള്‍ വരുണ്‍ മിന്നി തിളങ്ങി.

ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ തിളങ്ങിയ കേരളം സികെ നായിഡു ട്രോഫിയില്‍ തമിഴ്‌നാടിനെ 199 റണ്‍സിനാണ് പരാജയപ്പെടുത്തിയത്. കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ ആവേശം നിറഞ്ഞ അവസാന ദിനം വരുണ്‍ നയനാരിന്റെ വെടിക്കെട്ട് ബാറ്റിങ്ങും പവന്‍രാജിന്റെ വിക്കറ്റ് വേട്ടയുമാണ് ജയത്തിന് വഴിയൊരുക്കിയത്. ഇതാദ്യമായാണ് സികെ നായിഡു ട്രോഫിയില്‍ തമിഴ്‌നാടിനെതിരെ കേരളം വിജയം സ്വന്തമാക്കുന്നത്. മൂന്നിന് 90 റണ്‍സെന്ന നിലയില്‍ അവസാന ദിനം ഇന്നിങ്‌സ് പുനഃരാരംഭിച്ച കേരളത്തിനായി ഒരു സിക്‌സും 13 ഫോറുമുള്‍പ്പെടെയാണ് വരുണ്‍ 112 റണ്‍സെടുത്തത്. ആദ്യ ഇന്നിങ്‌സിലും വരുണ്‍ (113) സെഞ്ച്വറി കരസ്ഥമാക്കിയിരുന്നു. അങ്ങനെ ഒരു കളിയില്‍ രണ്ടു ഡബിള്‍ നേടി വരുണ്‍.

സ്‌കൂളില്‍ പഠിക്കുമ്പോള്‍ തുടങ്ങിയതാണ് വരുണിന്റെ ക്രിക്കറ്റ് കളി. ദുബായില്‍ സോണിയുടെ അക്കാദമിയില്‍ എത്തുന്നത് ബന്ധുക്കളും സുഹൃത്തുക്കളും കേട്ടറിഞ്ഞതില്‍ നിന്നാണ്. സോണിയാണ് വരുണിലെ ടാലന്റ് കണ്ടെത്തിയത്. ഇതോടെ പരിശീലനം ദുബായിലും കളി കേരളത്തിലുമായി. അതു വെറുതെയായില്ല. അതിവേഗം വരുണ്‍ കേരളത്തിന്റെ ജൂനിയര്‍ ക്രിക്കറ്റിലെ മിന്നും താരമായി. നിലവില്‍ ബാഗ്ലൂരിലാണ്് പരിശീലനവും മറ്റും. സോണിയില്‍ നിന്നും ഇപ്പോഴും ഉപദേശം തേടും. അങ്ങനെ അടിച്ചു കയറുകയാണ് കൊച്ചു മിടുക്കന്‍.

കെപിഎല്ലില്‍ തിരുവനന്തപുരത്ത് നടന്ന താരലേലത്തില്‍ ഏറ്റവും വിലപിടുപ്പുള്ള രണ്ടാമത്തെ താരമായിരുന്നു വരുണ്‍. വാശിയേറിയ ലേലമായിരുന്നു താരത്തിനായി നടന്നത്. കണ്ണൂര്‍ സ്വദേശിയായ വരുണ്‍ 14ാം വയസു മുതല്‍ കേരള ടീമിനു വേണ്ടി വിവിധ ഏജ് ഗ്രൂപ്പ് ടീമുകളില്‍ കളിക്കുന്നു. കേരളത്തിന്റെ അണ്ടര്‍ - 19 ടീമിലെത്തി അരങ്ങേറ്റ മത്സരത്തില്‍ തന്നെ ഇരട്ട സെഞ്ച്വറി നേടി ശ്രദ്ധനേടിയ താരമെന്ന വിശേഷണവും വരുണിന് സ്വന്തമാണ്.

കുച്ച് ബിഹാര്‍ ട്രോഫിയില്‍ സൗരാഷ്ട്രക്കെതിരെ കേരളത്തിന് വേണ്ടി 209 റണ്‍സടിച്ചായിരുന്നു വരുണ്‍ അരങ്ങേറ്റം ഗംഭീരമാക്കിയത്. തുടര്‍ന്ന് വിവിധ ടൂര്‍ണമെന്റുകള്‍ കളിച്ച താരം പിന്നീട് ഇന്ത്യ അണ്ടര്‍ 19 ടീമിലും ഇടം നേടിയിരുന്നു. സമ്മര്‍ദ്ദമില്ലാതെ ബാറ്റ് ചെയ്യുന്ന താരമാണ് വരുണ്‍. അതു തന്നെയാണ് ബാറ്റിംഗിലെ പ്രത്യേകതയും. കണ്ണൂര്‍ ജില്ലാ ക്രിക്കറ്റ് ടീം, കെസിഎ ടൈഗേഴ്സ് എന്നിവയ്ക്ക് വേണ്ടിയും വരുണ്‍ കളിച്ചിട്ടുണ്ട്. ദുബായില്‍ താമസമാക്കിയ കോഴിക്കോടുകാരന്‍ ദീപക് കാരാലിന്റെയും പയ്യന്നൂര്‍ സ്വദേശി പ്രിയയുടെയും മകനാണ് വരുണ്‍.

16ാം വയസില്‍ അണ്ടര്‍ 19 ടീമിലെത്തി അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ ഇരട്ട സെഞ്ചുറി നേടിയ പ്രായത്തെ വെല്ലുന്ന പ്രതിഭ. കുച്ച് ബിഹാര്‍ ട്രോഫിയില്‍ സൗരാഷ്ട്രക്കെതിരെ കേരളത്തിനായി 209 റണ്‍സടിച്ച വരുണ്‍ നായനാരുടെ പ്രകടനം ക്ലാസിന്റേതായിരുന്നു. 370 പന്തുകള്‍ നീണ്ട ആ ഇന്നിങ്‌സിന് അകമ്പടിയായി 25 ബൗണ്ടറികളും പിറന്നു. ആ സീസണില്‍ തന്നെ കേരളത്തിന്റെ അണ്ടര്‍ 16 ടീമിനു വേണ്ടിയും വരുണ്‍ കളിച്ചു. അന്ന് വിജയ് മെര്‍ച്ചന്റ് ട്രോഫിയില്‍ ആറ് മല്‍സരങ്ങളില്‍ രണ്ട് സെഞ്ചുറിയും മൂന്ന് അര്‍ധ സെഞ്ചുറിയുമായി അടിച്ചു കൂട്ടിയത് 528 റണ്‍സ്. പ്രായത്തെ മറികടന്ന് അണ്ടര്‍ 19 ടീമിലേക്ക് വാതില്‍ തുറന്നതും ഈ പ്രകടനമാണ്. 14 വയസു മുതല്‍ കേരള ടീമിനു വേണ്ടി കളിച്ചു തുടങ്ങിയതാണ് വരുണ്‍.

ദുബായില്‍ താമസമാക്കിയ കോഴിക്കോട് സ്വദേശി ദീപക് കാരാലിന്റെയും പയ്യന്നൂര്‍ സ്വദേശി പ്രിയയുടെയും മകനായ ദീപക് കളി പഠിച്ചു തുടങ്ങിയതു ദുബായിലെ തന്നെ ക്രിക്കറ്റ് അക്കാദമിയിലാണ്. അവിടെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണെങ്കിലും ക്രിക്കറ്റ് സീസണ്‍ ആരംഭിക്കുന്നതോടെ കേരളത്തിലേക്കു ചേക്കേറുന്നതായിരുന്നു പതിവ്. അങ്ങനെ ദുബായില്‍ നിന്നെത്തി കേരള ബാറ്റിംഗിന്റെ നെടുതൂണാവുകയാണ് ഈ മലയാളി.

Tags:    

Similar News