എനിക്ക് ലൈസന്‍സ് പോലും ഇനി വേണ്ട; ബൈക്ക് പോലും ഓടിക്കില്ല; മകനെയുമായി ആശുപത്രിയില്‍ എത്തിയപ്പോഴാണ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നത്; വാഴൂരില്‍ ഇടത് വശത്ത് കൂടി ഓവര്‍ടേക്ക് ചെയ്തത് കെ എസ് ആര്‍ ടി സി ബസ്; പണി കിട്ടിയത് സ്വകാര്യ ബസ് ഡ്രൈവര്‍ക്ക്; ഇത് അനീതി

Update: 2025-01-03 04:22 GMT

കോട്ടയം: 2007 മുതല്‍ വാഹനം ഓടിക്കാന്‍ തുടങ്ങിയതാണ്. ഇനി ഈ ജോലി ചെയ്യില്ല. എനിക്ക് ലൈസന്‍സും വേണ്ട. ഒരു ബൈക്ക് പോലും ഇനി ഓടിക്കാനില്ല. കെ. എസ്. ആര്‍. ടി. സി. ബസ് ഡ്രൈവര്‍ ചെയ്ത കുറ്റത്തിന് ശിക്ഷിക്കപ്പെട്ട സ്വകാര്യ ബസ് ഡ്രൈവര്‍ കോരുത്തോട് സ്വദേശി സിബി ഏറെ വിഷമത്തോടെ പറഞ്ഞ വാക്കാണിത്.

മകന്റെ ചികിത്സയുടെ ആവശ്യത്തിനായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നില്‍ക്കുമ്പോഴാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ കോട്ടയത്തെ ഓഫീസില്‍ നിന്നും വിളി വരുന്നത്. അവിടെ വേഗം തന്നെ എത്തിയപ്പോഴാണ് കെ. എസ്. ആര്‍. ടി. സി. ബസ് ഡ്രൈവര്‍ക്കൊപ്പം തന്റെയും ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുകയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞത്്. അവിടെ നിന്നു കരഞ്ഞു കൊണ്ട് അപേക്ഷിച്ചിട്ടും തന്നോട് ഒരു ദയയും കാട്ടിയില്ല. ഇനിയും ജീവിക്കുന്നതിനായി ഒരു ജോലി എങ്ങനെ കണ്ടെത്തുമെന്ന് അറിയില്ല.

പത്താം ക്ലാസ് കഴിഞ്ഞപ്പോള്‍ മുതല്‍ തുടങ്ങിയ ജോലിയാണ് ഡ്രൈവിങ്. 2019 മുതലാണ് കോട്ടയം മുണ്ടക്കയം സര്‍വീസ് നടത്തുന്ന മാറാനാത്ത ബസില്‍ ഡ്രൈവറായി ജോലിയില്‍ കയറുന്നത്. എനിക്ക് ഏറെ ഇഷ്ടമുള്ള വണ്ടിയാണിത്. ഇനിയും സെക്യുരിറ്റി ജോലിക്കോ പെയ്ന്റിങ് ജോലിക്കോ പോകുന്നതിനാണ് സിബിയുടെ തീരുമാനം. എടപ്പാളില്‍ ക്ലാസില്‍ പങ്കെടുക്കാന്‍ പോകുന്നതിനുള്ള സാമ്പത്തികം പോലും തന്റെ കൈയ്യില്‍ ഇല്ല. നടപടിയുണ്ടായ ശേഷം സുഹൃത്തുക്കളോട് സംസാരിക്കുന്നതിന് പോലും സിബി തയ്യാറല്ല. അത്രയും മാനസിക വിഷമത്തിലാണ് സിബി.

പ്രായമായ അച്ഛനും അമ്മയും. ഭാര്യയും അസുഖ ബാധിതനായ 12 വയസുകാരന്‍ മകനും അടങ്ങുന്നതാണ് കുടുംബം. ഇവരുടെയെല്ലാം ഏക ആശ്രയമാണ് സിബി. മകന്റെ ചികിത്സയുടെ ആവശ്യത്തിനായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോയപ്പോഴാണ് നടപടിയുണ്ടാകുന്നത്. മകനെ എല്ലാ ആഴ്ച്ചയിലും ആശുപത്രിയില്‍ കൊണ്ടു പോകണം. മരുന്നിന് തന്നെ നല്ലൊരു തുക വേണം. അന്ന് നടന്നത് മത്സരയോട്ടമല്ലായിരുന്നുവെന്നും ഒരാള്‍ ഇറങ്ങാന്‍ ബെല്ലടിച്ചപ്പോഴാണ് വാഹനം നിര്‍ത്തിയത്. ഇന്‍ഡിക്കേറ്റര്‍ ഇട്ട് റോഡരികില്‍ തന്നെയാണ് നിര്‍ത്തിയതെന്നും സിബി പറഞ്ഞു.

ദേശീയപാതയില്‍ വാഴൂര്‍ 18 ാം മൈലില്‍ വച്ചാണ് സംഭവം. ആളെ ഇറക്കുന്നതിനായി സിബി ഓടിച്ച സ്വകാര്യ ബസ് നിര്‍ത്തിയപ്പോഴാണ് ഇടതു വശത്തു കൂടി വേഗതയില്‍ കെ. എസ്. ആര്‍. ടി. സി. ബസ് ഓവര്‍ടേക്ക് ചെയ്തത്. തൊട്ടടുത്തുള്ള പെട്രോള്‍ പമ്പിലെ സി. സി. ടി. വി. ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചു. സ്വകാര്യ ബസില്‍ നിന്നും ഇറങ്ങിയ കളക്ട്രേറ്റ് ജീവനക്കാരി അത്ഭുകരമായാണ് രക്ഷപ്പെട്ടത്. ഇവര്‍ ഇറങ്ങുന്നതിന്റെ ദൃശ്യവും ക്യാമറയില്‍ കാണാം. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് മോട്ടോര്‍ വാഹന വകുപ്പ് നടപടി സ്വീകരിച്ചത്.

സംഭവത്തെ തുടര്‍ന്ന് കെ. എസ്. ആര്‍. ടി. സി. ഡ്രൈവര്‍ പൊന്‍കുന്നം ഡിപ്പോയില്‍ ജോലി ചെയ്യുന്ന രാജേഷിനെതിരെ പള്ളിക്കത്തോട് പോലീസ് കേസെടുത്തു. സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തതില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. സ്വകാര്യ ബസിലെ സംയുക്ത തൊഴിലാളികള്‍് സമരത്തിന് ഒരുങ്ങുകയാണ്. മോട്ടോര്‍ വാഹനവകുപ്പിനെതിരെയാണ് പ്രതിഷേധം.

സംഭവത്തില്‍ അന്വേഷണം നടത്തിയ മോട്ടോര്‍ വാഹനവകുപ്പ് പൊന്‍കുന്നം ഡിപ്പോയിലെ കെ. എസ്. ആര്‍. ടി. സി. ബസ് ഡ്രൈവറുടെയും സ്വകാര്യ ബസ് ഡ്രൈവറുടെയും ലൈസന്‍സ് മൂന്ന് മസത്തേയ്ക്ക് സസ്പെന്‍ഡ് ചെയ്യുകയായിരുന്നു.

Tags:    

Similar News