സെക്ഷന്‍ 447 ചുമത്തിയതിനാല്‍ അറസ്റ്റ് ചെയ്താല്‍ ജയിലില്‍ പോകേണ്ടി വരും; ഈ വകുപ്പ് ചുമത്തി വീണാ വിജയനെതിരെ കുറ്റപത്രം നല്‍കാനുള്ള തീരുമാനം കേന്ദ്ര കമ്പനികാര്യ വകുപ്പ് എടുത്തത് രണ്ടാഴ്ച മുമ്പ്; ഡല്‍ഹി ഹൈക്കോടതി സ്‌റ്റേ ആവശ്യം തള്ളിയതോടെ ഉത്തരവ് പുറത്തു വന്നു; പിന്നാലെ ചാര്‍ജ്ജ് ഷീറ്റും; പിണറായിയുടെ മകള്‍ ജയിലിലാകാന്‍ സാധ്യത ഏറെ

Update: 2025-04-04 07:39 GMT

കൊച്ചി: എക്‌സാലോജിക്-സിഎംആര്‍എല്‍ മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ എസ് എഫ് ഐ ഒ അറസ്റ്റു ചെയ്താല്‍ ദീര്‍ഘകാലം ജയിലില്‍ കിടക്കേണ്ടി വരുമെന്ന് നിയമവിദഗ്ധര്‍. ആറു മാസം മുതല്‍ പത്ത് വര്‍ഷം വരെ ശിക്ഷയുള്ള സെക്ഷന്‍ 447 ആണ് വീണയ്‌ക്കെതിരെ ചുമത്തിയത് എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. ജാമ്യമില്ലാ കുറ്റമാണ് ഇത്. സാധാരണ ഗതിയില്‍ ഈ വകുപ്പുകളില്‍ അറസ്റ്റിലായവര്‍ക്കൊന്നും മുന്‍കൂര്‍ ജാമ്യം കിട്ടാറില്ല. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മാത്രമേ പരിഗണന നല്‍കേണ്ടതുള്ളൂ. പ്രായപൂര്‍ത്തിയായ സ്ത്രീയാണെങ്കില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ കോടതിക്ക് ബോധ്യപ്പെടേണ്ട സാഹചര്യവും ഉണ്ട്. അതുകൊണ്ട് തന്നെ കേസില്‍ വീണയെ അറസ്റ്റു ചെയ്യാന്‍ എസ് എഫ് ഐ ഒ തീരുമാനിച്ചാല്‍ അത് തൈക്കണ്ടിയില്‍ കുടുംബത്തിന് വലിയ പ്രതിസന്ധിയായി മാറും. അതിനിടെ വീണാ വിജയനെതിരെ പ്രോസിക്യൂഷന്‍ നടപടിക്ക് അനുമതി നല്‍കാന്‍ രണ്ടാഴ്ച മുമ്പ് തന്നെ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഉത്തരവും തയ്യാറായിരുന്നു. കഴിഞ്ഞ ദിവസം ഡല്‍ഹി കോടതിയിലെ നടപടികളോട് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അന്തിമ വെളിപ്പെടുത്തല്‍ നടത്തുകയായിരുന്നു.

എസ് എഫ് ഐ ഒ അന്വേഷണത്തിനെതിരെ ഡല്‍ഹി ഹൈക്കോടതില്‍ സിഎംആര്‍എല്‍ ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജിയില്‍ നടപടി ക്രമങ്ങള്‍ നീണ്ടു. ഇതിനൊപ്പം കേസ് പരിഗണിച്ചപ്പോള്‍ കേസില്‍ അന്തിമ റിപ്പോര്‍ട്ട് കോടതി തീരുമാനം വന്ന ശേഷമേ പാടുള്ളൂവെന്ന വാക്കാല്‍ നിര്‍ദ്ദേശം എസ് എഫ് ഐ ഒയ്ക്ക് ഹൈക്കോടതി ജഡ്ജി നല്‍കിയിരുന്നു. ഈ ജഡ്ജിയ്ക്ക് ഡിവിഷന്‍ ബെഞ്ചിലേക്ക് മാറ്റം കിട്ടിയതും നടപടികളെ ബാധിച്ചിരുന്നു. അലഹബാദിലേക്ക് ജഡ്ജി സ്ഥലം മാറി പോയതോടെ വാദം പൂര്‍ത്തിയായ കേസ് മറ്റൊരു ജഡ്ജിക്ക് മുമ്പിലെത്തി. ഇതോടെ വീണ്ടും വാദം കേള്‍ക്കേണ്ട സ്ഥിതി വന്നു. ജൂലൈയിലേക്ക് കേസ് മാറ്റി. അതുവരെ കേസ് സ്‌റ്റേ ചെയ്യണമെന്നതായിരുന്നു സിഎംആര്‍എല്ലിന്റെ ആവശ്യം. ഇത് കോടതി തള്ളി. നടപടികള്‍ തുടരാമെന്നും നിര്‍ദ്ദേശിച്ചു. ഇതോടെയാണ് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കാവുന്ന സാഹചര്യം ഈ കേസിലുണ്ടായത്. ഇതിലെ പ്രാഥമിക വിവരങ്ങള്‍ പുറത്തു വന്നപ്പോള്‍ തന്നെ തെളിഞ്ഞത് കേസില്‍ വീണാ വിജയന്റെ അറസ്റ്റിനുള്ള സാധ്യതയാണ്. കേസിലെ എല്ലാ പ്രതികളും അറസ്റ്റു ഭീഷണിയിലാണെന്നതാണ് വസ്തുത. കുറ്റപത്രം നല്‍കിയാലും അറസ്റ്റിന് നിയമപരമായി തടസ്സമൊന്നും ഈ കേസിനില്ലെന്നാണ് നിയമ വിദഗ്ധര്‍ പറയുന്നത്. കുറ്റപത്രം നല്‍കിയാല്‍ അത് റദ്ദാക്കണമെന്ന ആവശ്യവുമായി വീണാ വിജയന്‍ കോടതിയെ സമീപിക്കാനും സാധ്യത ഏറെയാണ്.

കോളിളക്കം സൃഷ്ടിച്ച സി.എം.ആര്‍.എല്‍ മാസപ്പടിക്കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനെ പ്രതിചേര്‍ത്ത് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസിന്റെ (എസ്.എഫ്.ഐ.ഒ) കുറ്റപത്രം തയ്യാറായി കഴിഞ്ഞു. സേവനമില്ലാതെ പണം കൈപ്പറ്റിയെന്ന കണ്ടെത്തലിലാണ് വീണക്കും സി.എം.ആര്‍.എല്‍ എം.ഡി ശശിധരന്‍ കര്‍ത്തക്കും എക്‌സാലോജിക്കിനും സി.എം.ആര്‍.എല്ലിനും സഹോദര സ്ഥാപനങ്ങള്‍ക്കുമെതിരെ കമ്പനികാര്യ ചട്ടം 447 വകുപ്പ് ചുമത്തിയത്. ആറുമാസം മുതല്‍ 10 വര്‍ഷം വരെ തടവുശിക്ഷ കിട്ടാവുന്ന വകുപ്പാണിത്. വെട്ടിപ്പ് നടത്തിയ തുകയോ അതിന്റെ മൂന്നിരട്ടിയോ പിഴയായും ചുമത്താം. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന കൊച്ചിയിലെ കോടതിവഴി വിചാരണ നടപടികള്‍ ഉടന്‍ തുടങ്ങും. വീണ ഉള്‍പ്പെടെയുള്ളവര്‍ക്ക് സമന്‍സ് അയക്കും. ഇതിന് മുമ്പ് വേണമെങ്കില്‍ അറസ്റ്റും ചെയ്യാം. എക്‌സാലോജിക് എം.ഡിയായ വീണ വിജയന് പുറമെ, സി.എം.ആര്‍.എല്‍ എം.ഡി ശശിധരന്‍ കര്‍ത്ത, ജോയന്റ് എം.ഡി ശരണ്‍ എസ്. കര്‍ത്ത, സി.എം.ആര്‍.എല്‍ സി.ജി.എം ഫിനാന്‍സ് പി. സുരേഷ് കുമാര്‍, സി.എഫ്.ഒ കെ. സുരേഷ് കുമാര്‍, സി.എം.ആര്‍.എല്ലിന്റെ സ്റ്റാറ്റിയൂട്ടറി ഓഡിറ്റര്‍മാരായ കെ.എ. സംഗീത് കുമാര്‍, എ.കെ. മുരളീകൃഷ്ണന്‍ എന്നിവരെയും പ്രതിചേര്‍ത്തിട്ടുണ്ട്. ശശിധരന്‍ കര്‍ത്തക്കും സി.എം.ആര്‍.എല്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ക്കുമെതിരെ കമ്പനികാര്യ ചട്ടം 447 ന് പുറമെ, കൂടുതല്‍ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.

എസ്.എഫ്.ഐ.ഒയുടെ 166 പേജുള്ള കുറ്റപത്രത്തില്‍ ഗുരുതര കണ്ടെത്തലുകളാണുള്ളത്. കള്ളക്കണക്കുണ്ടാക്കി രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സി.എം.ആര്‍.എല്‍ നല്‍കിയത് 182 കോടിയാണെന്നാണ് കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍, ആര്‍ക്കൊക്കെയാണ് ഈ പണം നല്‍കിയതെന്ന വിവരം കുറ്റപത്രത്തിലില്ല. വീണയുടെ കമ്പനിയായ എക്‌സാലോജിക്കുമായി കരാറുണ്ടാക്കി 2017 മുതല്‍ 2020 വരെയുള്ള കാലയളവില്‍ മൊത്തം 1.72 കോടി രൂപ സി.എം.ആര്‍.എല്‍ നല്‍കിയെന്നാണ് ആദായ നികുതി വകുപ്പ് കണ്ടെത്തിയത്. ഇല്ലാത്ത സേവനത്തിന്റെ പേരില്‍ വീണക്കും എക്‌സാലോജിക്കിനും കിട്ടിയത് 2.70 കോടി രൂപയാണെന്നാണ് എസ്.എഫ്.ഐ.ഒയുടെ കണ്ടെത്തല്‍. സി.എം.ആര്‍.എല്ലില്‍ നിന്നും എംപവര്‍ ഇന്ത്യ കാപിറ്റല്‍ ഇന്‍വെസ്റ്റ് എന്ന കമ്പനിയില്‍ നിന്നുമാണ് ഈ പണം കൈപ്പറ്റിയത്. ശശിധരന്‍ കര്‍ത്തയും ഭാര്യയുമാണ് എംപവര്‍ ഇന്ത്യ കമ്പനിയുടെ ഡയറക്ടര്‍മാര്‍. ശശിധരന്‍ കര്‍ത്തയുടെ മരുമകന്‍ അനില്‍ ആനന്ദ് പണിക്കര്‍ക്ക് അനധികൃതമായി 13 കോടി രൂപ കമീഷന്‍ നല്‍കി. നിപുണ ഇന്റര്‍നാഷനല്‍ പ്രൈവറ്റ് ലിമിറ്റഡ്, സസ്ജ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികള്‍ വഴിയാണ് വെട്ടിപ്പ് നടത്തിയത്. ഈ രണ്ട് കമ്പനികളുടെയും ഡയറക്ടര്‍മാര്‍ ശശിധരന്‍ കര്‍ത്തയുടെ കുടുംബാംഗങ്ങളാണ്.

കേസില്‍ വീണാ വിജയന്റെ മൊഴിയെടുത്തിരുന്നു. ചെന്നൈയിലെ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസില്‍ ഹാജരായാണ് വീണ മൊഴി നല്‍കിയത്. ചെന്നൈയിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ അരുണ്‍ പ്രസാദാണ് മൊഴിയെടുത്തത്. ഒക്ടോബറിലായിരുന്നു ഇത്. എട്ടുമാസമാണ് അന്വേഷണം പൂര്‍ത്തിയാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയത്. ആ സമയപരിധി അവസാന ഘട്ടത്തിലേക്ക് കടക്കുന്നതിനിടെയാണ് വീണാ വിജയനിലേക്ക് നേരിട്ട് അന്വേഷണമെത്തിയത്. സ്വകാര്യ കരിമണല്‍ കമ്പനിയുമായുള്ള ഇടപാടുകളില്‍ എസ്.എഫ്.ഐ.ഒയുടെ അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് വീണ നല്‍കിയ ഹര്‍ജി കര്‍ണ്ണാടക ഹൈക്കോടതി തള്ളിയിരുന്നു. മാസപ്പടിക്കേസില്‍ തനിക്ക് ബന്ധമില്ലെന്നായിരുന്നു വീണയുടെ നിലപാട്. താന്‍ ഐടി പ്രൊഫഷണല്‍ മാത്രമാണെന്നും രാഷ്ട്രീയ പാര്‍ട്ടികളുമായി തനിക്ക് ബന്ധമില്ലെന്നും അവര്‍ പറഞ്ഞിരുന്നു. വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക്ക് കമ്പനിയും സംസ്ഥാന വ്യവസായവികസന കോര്‍പ്പറേഷനുകീഴിലെ സി.എം.ആര്‍.എലും തമ്മിലുള്ള ഇടപാടിനെക്കുറിച്ച് 2024 ജനുവരിയിലാണ് കേന്ദ്രസര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചത്. എസ്.എഫ്.ഐ.ഒയ്ക്കായിരുന്നു അന്വേഷണച്ചുമതല. അഡീഷണല്‍ ഡയറക്ടര്‍ പ്രസാദ് അഡെല്ലിയുടെ നേതൃത്വത്തിലുള്ള ആറംഗസംഘത്തെയാണ് അന്വേഷണത്തിനായി ചുമതലപ്പെടുത്തിയത്. ഡെപ്യൂട്ടി ഡയറക്ടര്‍ അരുണ്‍ പ്രസാദിനെ ഇന്‍വെസ്റ്റിഗേറ്റിങ് ഓഫീസറായും നിശ്ചയിച്ചിരുന്നു.

കൊച്ചിന്‍ മിനറല്‍ ആന്‍ഡ് റൂട്ടൈല്‍സ് കമ്പനി (സി.എം.ആര്‍.എല്‍.) എന്ന സ്വകാര്യ കമ്പനി, വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊലൂഷ്യന്‍സ് എന്ന കമ്പനിക്ക് നല്‍കാത്ത സേവനത്തിന് പ്രതിഫലം നല്‍കിയെന്ന ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലാണ് മാസപ്പടിവിവാദത്തിന് തിരികൊളുത്തത്. സി.എം.ആര്‍.എല്ലില്‍നിന്ന് എക്‌സാലോജിക് സൊല്യൂഷന്‍സ് 1.72 കോടി രൂപ കൈപ്പറ്റിയെന്നായിരുന്നു കണ്ടെത്തല്‍. ഇത് വീണാ വിജയനെയും പിണറായി വിജയനെയും പാര്‍ട്ടിയെയും ഒരുപോലെ വെട്ടിലാക്കി. 2017 മുതല്‍ 2020 കാലയളവിലാണ് സി.എം.ആര്‍.എല്‍. വീണയുടെ കമ്പനിക്ക് പണം നല്‍കിയതെന്നും ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലിലുണ്ടായിരുന്നു.

Tags:    

Similar News