അബുദാബി കൊമേഴ്സ്യല്‍ ബാങ്കിലെ ഇടപാടുകള്‍ അന്വേഷിക്കാന്‍ എസ് എഫ് ഐ ഒയ്ക്ക് പരിമിതികള്‍; ഇഡി എത്തുന്നത് ഗള്‍ഫിലെ അക്കൗണ്ടിലേക്ക് ലാവ്ലിനില്‍ നിന്നും പ്രസൈസ് വാട്ടര്‍ കൂപ്പേഴ്സില്‍ നിന്നും ഫണ്ട് എത്തിയോ എന്ന്; ബാങ്കില്‍ നിന്നും പുറത്താക്കിയ ജീവനക്കാരന്റെ മൊഴി എടുക്കാന്‍ നീക്കം; അന്വേഷണം കാനഡയിലേക്കും; പിണറായിയുടെ മകള്‍ക്ക് ഊരാക്കുടുക്ക്
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി.വീണയ്‌ക്കെതിരായ എസ്എഫ്ഐഒ കുറ്റപത്രത്തിലെ വിവരങ്ങള്‍ അന്വേഷിക്കാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) എത്തുന്നതിന് പിന്നില്‍ ദുബായിലേയും കാനഡയിലേയും ഇടപാടുകള്‍ പരിശോധിക്കാന്‍. കരിമണല്‍ കമ്പനിയായ കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡ് (സിഎംആര്‍എല്‍) ചെയ്യാത്ത സേവനത്തിന് വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക്കിന് 2.70 കോടി രൂപയോളം നല്‍കിയെന്നാണ് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസ് (എസ്എഫ്ഐഒ) കുറ്റപത്രം. ഇതില്‍ ഗള്‍ഫിലെ ബാങ്കിലെ പണമിടപാടും സൂചിപ്പിക്കുന്നുണ്ട്. ഇത്തരം അന്വേഷണങ്ങളിലേക്ക് കടക്കാന്‍ നിയമപരമായ പരിമിതികള്‍ എസ് എഫ് ഐ ഒയ്ക്ക് മുന്നിലുണ്ട്. ഈ സാഹചര്യത്തിലാണ് വിപുലമായ അന്വേഷണത്തിനുള്ള നീക്കം. മാസപ്പടി ഇടപാട് അഴിമതിയാണെന്ന നിഗമനവും എസ് എഫ് ഐ ഒ കുറ്റപത്രത്തിലുണ്ട്. അങ്ങനെ എങ്കില്‍ അഴിമിതി അന്വേഷിക്കാന്‍ സിബിഐയും വരും. ഇഡി അന്വേഷണം ഏറ്റെടുത്ത് പരിശോധനകളിലൂടെ അഴിമതി സാധ്യത കണ്ടെത്തിയാല്‍ മാത്രമേ സിബിഐ എത്തൂവെന്നും സൂചനയുണ്ട്.
വദേശ അക്കൗണ്ട് വഴി കോടികളുടെ ഇടപാട് നടന്നുവെന്ന് താന്‍ പരാതി നല്‍കിയ കമ്പനി മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റേത് തന്നെയാണെന്ന് ഷോണ്‍ ജോര്‍ജ് നേരത്തെ ആരോപിച്ചിരുന്നു താന്‍ പരാതിപ്പെട്ട എക്സാലോജിക് വേറെ കമ്പനിയാണെന്ന പരാമര്‍ശം വിഷയം വഴിതിരിച്ചുവിടാനുള്ള ശ്രമമാണ്, അബൂദബി കൊമേഴ്സ്യല്‍ ബാങ്കില്‍ വീണ ടി, സുനീഷ് എം എന്നിവര്‍ ചേര്‍ന്നുള്ള അക്കൗണ്ട് എക്സാലോജിക് കമ്പനിക്ക് ഇല്ലെന്ന് പറയാന്‍ സിപിഎം നേതാക്കള്‍ക്ക് തന്റേടമുണ്ടോ എന്നും ഫേസ് ബുക്ക് പോസ്റ്റിലൂടെ ഷോണ്‍ ചോദിച്ചിരുന്നു. എന്നാല്‍ മാസപ്പടി കേസുമായി ബന്ധമുള്ള ഒരു സ്വകാര്യ കമ്പനിയുടെ അബുദാബിയിലെ ബാങ്ക് അക്കൗണ്ടിലേക്ക് 2016-19 കാലത്ത് രാജ്യാന്തര കണ്‍സല്‍റ്റന്‍സി സ്ഥാപനമായ പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സ് (പിഡബ്ല്യുസി), കനേഡിയന്‍ കമ്പനിയായ എസ്എന്‍സി ലാവ്ലിന്‍ എന്നിവയുടെ അക്കൗണ്ടുകളില്‍നിന്നു പണമെത്തിയതിന്റെ വിവരങ്ങളും എസ് എഫ് ഐ ഒ കുറ്റപത്രത്തിന്റെ ഭാഗമാണ്. ഇതുസംബന്ധിച്ച വിവരങ്ങള്‍ എസ്എഫ്‌ഐഒയ്ക്കു നല്‍കിയ ജീവനക്കാരനെ അബുദാബിയിലെ ബാങ്ക് പുറത്താക്കിയിരുന്നുവെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതായത് എസ് എഫ് ഐ ഒ അന്വേഷണം ഗള്‍ഫിലേക്കും നീങ്ങി. ഗള്‍ഫിലുള്ള വിവിഐപിയെ ലക്ഷ്യമിടുന്നതാണ് ഈ കുറ്റാരോപണം. മറുനാടന്‍ മലയാളി അബുദാബിയിലെ പണമിടപാടും കാനഡയിലെ സ്ഥാപനത്തേയും കുറിച്ചുമെല്ലാം നേരത്തെ തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പുറത്താക്കിയ ജീവനക്കാരന്റെ മൊഴി എടുക്കാനും അന്വേഷണ ഏജന്‍സികള്‍ ശ്രമിക്കും. എസ് എഫ് ഐ ഒ അന്വേഷണത്തിനെതിരെ സിഎംആര്‍എല്‍ ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. ഈ കേസിലെ വിധി മുഖ്യമന്ത്രി പിണറായിയുടെ മകള്‍ക്ക് അതിനിര്‍ണ്ണായകമായി മാറും. വിധി സിഎംആര്‍എല്ലിന് അനുകൂലമായാല്‍ ഇഡിയേയും സിബിഐയേയും ഭയക്കേണ്ടാത്ത സ്ഥിതിയും വരും.
ലാവ്‌ലിന്‍ അഴിമതിയാണ് പിണറായിയെ വെട്ടിലാക്കിയ ആദ്യ വിവാദം. പിന്നീട് കോടതിയില്‍ നിന്നും കുറ്റവിമുക്തി സ്വന്തമാക്കിയെങ്കിലും അത് ഇപ്പോഴും സുപ്രീംകോടതിയുടെ പരിഗണനയിലാണ്. അതിനിടെയാണ് ലാവ്‌ലിന്റെ ആസ്ഥാനമായ കാനഡയില്‍ വീണയ്ക്ക് കമ്പനിയുണ്ടെന്ന വിവരം മറുനാടന്‍ പുറത്തു വിട്ടത്. മാസപ്പടി വിവാദത്തിനിടെ എക്‌സാലോജിക് കമ്പനി വീണ പൂട്ടിയിരുന്നു. ഇതും വിവാദത്തിലായി. വീണ ഡയറക്ടറായ എക്‌സാലോജിക് സൊല്യൂഷന്‍സ് കമ്പനിക്ക് വിദേശത്തും അക്കൗണ്ട് ഉണ്ടെന്ന് ആരോപണം എത്തി. ബിജെപി നേതാവ് അഡ്വ. ഷോണ്‍ ജോര്‍ജ് ആണ് ആരോപണവുമായി കോടതിയേയും സമീപിച്ചു. കമ്പനിയുടെ വിദേശത്തെ അക്കൗണ്ടിലേയ്ക്ക് കോടികള്‍ എത്തിയെന്നും ഇതില്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ഷോണ്‍ ജോര്‍ജ് ഹൈക്കോടതിയില്‍ ഉപഹര്‍ജിയും നല്‍കിയിരുന്നു. കേരളത്തിലെ പ്രധാന നേതാവിന്റെ ഗള്‍ഫിലുള്ള കുടുംബാഗങ്ങളും സംശയ നിഴലിലാണ്. എസ്എന്‍സി ലാവ്ലിന്‍, പിഡബ്‌ള്യുസി അടക്കമുള്ള കമ്പനികള്‍ എക്സാലോജിക്കിന് പണം നല്‍കിയെന്നും ഷോണ്‍ ആരോപിച്ചിരുന്നു. ഷോണ്‍ ജോര്‍ജ് രജിസ്ട്രാര്‍ ഓഫ് കമ്പനീസിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എക്സാലോജിക്കിനും സിഎംആര്‍എല്ലിനും കേരള സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷനുമെതിരെ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. സിഎംആര്‍എല്ലുമായി ബന്ധപ്പെട്ട് ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡ് ഉത്തരവില്‍ പരാമര്‍ശിച്ച പിവി പിണറായി വിജയനാണെന്നും ഷോണ്‍ ഉന്നയിച്ചിരുന്നു. ഈ ആരോപണങ്ങും എസ് എഫ് ഐ ഒ കുറ്റപത്രം ശരിവയ്ക്കുന്നുവെന്നതാണ് പുറത്തു വരുന്ന വിവരം.
അബുദാബി കൊമേഴ്സ്യല്‍ ബാങ്ക് എന്ന ധനകാര്യ സ്ഥാപനത്തില്‍ മുഖ്യമന്ത്രിയുടെ മകളുടെ പേരിലുള്ള എക്സാലോജിക് കണ്‍സള്‍ട്ടിങ് മീഡിയ സിറ്റി എന്ന അക്കൗണ്ടിലേക്ക് കരിമണല്‍ കടത്തുമായി ബന്ധപ്പെട്ട പണം എത്തിയെന്നായിരുന്നു നേരത്തെ ഉയര്‍ന്ന പ്രധാനപ്പെട്ട ആരോപണം. കേസില്‍ വിചാരണയ്ക്ക് അധികാരമുള്ള എറണാകുളത്തെ അഡിഷനല്‍ സെഷന്‍സ് കോടതി എസ്എഫ്ഐഒ കുറ്റപത്രം സൂക്ഷ്മപരിശോധന നടത്തി കൈമാറിയ ശേഷമാകും ഇ.ഡി. അന്വേഷണം. സിഎംആര്‍എലില്‍നിന്ന് അതിന്റെ ഉപകമ്പനിയായ എംപവര്‍ ഇന്ത്യ ക്യാപ്പിറ്റല്‍ ഇന്‍വെസ്റ്റ്മെന്റ്സ് പ്രൈവറ്റ് ലിമിറ്റഡ് ഈടും പലിശയുമില്ലാതെ 77 ലക്ഷം രൂപ എക്സാലോജിക്കിനു വായ്പ നല്‍കിയതിലും അന്വേഷണമുണ്ടാകും. സിഎംആര്‍എലുമായി ബന്ധപ്പെട്ട് പണമിടപാടുകള്‍ നടത്തിയിട്ടുള്ള കമ്പനികളുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തി ഇ.ഡി 2024 മാര്‍ച്ചില്‍ തന്നെ പ്രാഥമികാന്വേഷണം തുടങ്ങിയിരുന്നു. സിഎംആര്‍എലില്‍നിന്നു വിവിധ സ്ഥാപനങ്ങളും രാഷ്ട്രീയ നേതാക്കളും രാഷ്ട്രീയ പാര്‍ട്ടികളും ഉദ്യോഗസ്ഥരും ഉള്‍പ്പെടെയുള്ളവര്‍ക്ക് 133 കോടി രൂപയോളം കൈമാറിയതായി കണ്ടെത്തിയിരുന്നു. ഈ വിഭാഗത്തിലാണ് എക്സാലോജിക്കും ഉള്‍പ്പെടുന്നത്. ഇത് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത് കൊച്ചിയില്‍ ആയതിനാല്‍ ഈ കേസ് ഇവിടെയും എംപവറില്‍ നിന്നു വായ്പ വാങ്ങിയത് ബെംഗളുരുവിലുമാകും പരിഗണിക്കപ്പെടുക. ഒട്ടേറെ പേര്‍ക്ക് സിഎംആര്‍എല്‍ പണം നല്‍കിയതുമായി ബന്ധപ്പെട്ട് ഇ.ഡി പ്രാഥമികാന്വേഷണം തുടങ്ങിയതിന്റെ ബാക്കിയായിട്ടായിരിക്കും കുറ്റപത്രത്തിലെ വിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്തി അന്വേഷണം വിപുലപ്പെടുത്തുന്നത്. ഇതിന്റെ ഭാഗമായി വീണയെ ഉള്‍പ്പെടെ ചോദ്യം ചെയ്യമെന്നാണ് വിവരം.
ഇ.ഡി അന്വേഷണത്തിന്റെ ഭാഗമായി 2024 ഏപ്രില്‍ മുതല്‍ സിഎംആര്‍എലിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഇ.ഡി ചോദ്യം ചെയ്യുകയും രേഖകള്‍ ശേഖരിക്കുകയും ചെയ്തിരുന്നു. അന്ന് ലഭിച്ച വിവരങ്ങളുടെയും എസ്എഫ്ഐഒ കുറ്റപത്രത്തിലെ വിവരങ്ങളുടെയും അടിസ്ഥാനത്തിലായിരിക്കും മുന്നോട്ടുള്ള അന്വേഷണം. നേരത്തെ എസ്എഫ്ഐഒ അന്വേഷണം റദ്ദാക്കണമെന്ന ആവശ്യപ്പെട്ട് കമ്പനി ഡയറക്ടര്‍ കൂടിയായ വീണ നല്‍കിയ ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളിയിരുന്നു. എക്സാലോജിക് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത് ബെംഗളുരുവിലായതിനാലായിരുന്നു കേസ് കര്‍ണാടകയില്‍ വന്നത്. അതിനിടെ, എസ്എഫ്‌ഐഒയുടെ തുടര്‍നടപടികള്‍ തടയണമെന്ന് ആവശ്യപ്പെട്ട് സിഎംആര്‍എല്‍ നല്‍കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഈ കേസില്‍ വിശദ വാദം കോടതി കേള്‍ക്കും. എന്നാല്‍ സ്‌റ്റേ ചെയ്യണമെന്ന ആവശ്യം കോടതി തള്ളിയിട്ടുണ്ട്. കേസ് കോടതി പരിഗണിക്കുന്നത് ഇനി ഈ മാസം 22നാണ്. അതിന് മുമ്പ് എസ് എഫ ഐ ഒ കുറ്റപത്രത്തില്‍ കൊച്ചിയിലെ കോടതി നിലപാട് എടുക്കാനും സാധ്യതയുണ്ട്. അങ്ങനെ വന്നാല്‍ കുറ്റപത്രം റദ്ദാക്കാന്‍ വീണ തന്നെ കോടതിയെ സമീപിക്കാന്‍ സാധ്യതയുണ്ട്.