അമീബിക് മസ്തിഷ്‌ക ജ്വരത്തിന് ഉദ്യോഗസ്ഥരെ പഴി ചാരി മന്ത്രി വീണാ ജോര്‍ജ്; മന്ത്രിസഭാ യോഗത്തിന് മുന്‍പ് വിശദീകരണം ചോദിക്കാനൊരുങ്ങി മുഖ്യമന്ത്രി പിണറായി; മന്ത്രിയെ കാണാന്‍ പോലും കിട്ടുന്നില്ലെന്ന പരാതിയുമായി ഉദ്യോഗസ്ഥര്‍; വകുപ്പ് ഭരിക്കുന്നത് സിപിഎം സംസ്ഥാന കമ്മിറ്റിയംഗമായ പ്രൈവറ്റ് സെക്രട്ടറിയെന്നും ആരോപണം
തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം സംബന്ധിച്ച് മുന്‍പ് നടത്തിയ പഠനം ഉന്നത ഉദ്യോഗസ്ഥര്‍ ഗൗരവമായി എടുത്തില്ലെന്ന മന്ത്രി വീണാ ജോര്‍ജിന്‍െ്റ പരാമര്‍ശത്തിനെതിരെ ആരോഗ്യ വകുപ്പില്‍ വ്യാപക പ്രതിഷേധം ഉയരുമ്പോള്‍ മന്ത്രിസഭാ യോഗത്തിനു മുന്‍പ് വീണാ ജോര്‍ജില്‍ നിന്നും ഈ വിഷയത്തില്‍ വിശദീകരണം ചോദിക്കാനൊരുങ്ങി മുഖ്യമന്ത്രി പിണറായി വിജയന്‍. ആരോഗ്യ വകുപ്പില്‍ സാഹചര്യങ്ങള്‍ വിശദീകരിക്കാന്‍ മന്ത്രിയെ നേരിട്ടു കാണാനും സംസാരിക്കാനും ആകുന്നില്ലെന്ന പരാതിയുമായി വകുപ്പ് ഉദ്യോഗസ്ഥര്‍. സി.പി.എം സംസ്ഥാന കമ്മിറ്റിയംഗമായ പ്രൈവറ്റ് സെക്രട്ടറിയെ കണ്ട് കാര്യം ബോധിപ്പിച്ച് മടങ്ങേണ്ട അവസ്ഥയിലാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍. ആരോഗ്യ മന്ത്രി സി.പി.എം സംസ്ഥാന കമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാവാണെങ്കില്‍ കമ്മിറ്റിയിലെ സ്ഥിരാംഗമായ പ്രൈവറ്റ് സെക്രട്ടറിക്കാണ് വകുപ്പില്‍ 'പവര്‍' കൂടുതലുള്ളത്. ആരോഗ്യ വകുപ്പിന്‍െ്റ കഴിവുകേടിന്, ഒരു പഠനം ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥരെ പ്രതിക്കൂട്ടിലാക്കുന്ന നിലപാടാണ് മന്ത്രി വീണാ ജോര്‍ജിന്‍െ്റതെന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വിവിധ സംഘടനകളുടെ ആരോപണം. ആരോഗ്യ വകുപ്പിന്‍െ്റ പ്രവര്‍ത്തനങ്ങളില്‍ കടുത്ത അതൃപ്തിയിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍.
ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിനും പ്രൈവറ്റ് സെക്രട്ടറി കെ. സജീവനുമെതിരെയാണ് ഉദ്യോഗസ്ഥര്‍ പരാതി ഉന്നയിക്കുന്നത്. മുഖ്യമന്ത്രിയെ നേരിട്ടു കാണുന്നതിനേക്കാള്‍ പ്രയാസമാണ് മന്ത്രി വീണാ ജോര്‍ജിനെ കാണാനെന്നാണ് ഉദ്യോഗസ്ഥരുടെ പരാതി. പ്രൈവറ്റ് സെക്രട്ടറി കെ. സജീവനെ കാര്യം ബോധിപ്പിച്ച് അനുമതി ലഭിച്ചാല്‍ മാത്രമേ മന്ത്രിസമക്ഷം എത്താനാകൂ. സി.പി.എം സംസ്ഥാന കമ്മിറ്റിയംഗമായ സജീവന്‍ ഒരിക്കലും ഫോണ്‍ എടുക്കാറില്ല. അതിനാല്‍ നേരിട്ടുവന്നാല്‍ മാത്രമേ കാണാനാകൂ. അമീബിക് മസ്തിഷ്‌ക ജ്വരം സംബന്ധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ നടത്തിയ പഠനത്തില്‍ തുടര്‍ നടപടിയുണ്ടായില്ലെന്നും ഒരു ഫയല്‍ പോലുമായില്ലെന്ന് മന്ത്രി വീണാ ജോര്‍ജിന്റെ അഭിപ്രായമാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ ചൊടിപ്പിക്കുന്ന മറ്റൊരു വിഷയം.
അമീബിക് മസ്തിഷ്‌ക ജ്വരം വ്യാപിക്കുന്നതിനിടെ കഴിഞ്ഞദിവസമാണ് പഠന റിപ്പോര്‍ട്ടിന്റെ ഒരു പേജു മാത്രം വീണാ ജോര്‍ജ് സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ചത്. ഗവേഷണ പ്രബന്ധത്തില്‍ നിന്നും പ്രസിദ്ധീകരണ തീയതി മന്ത്രി ഒഴിവാക്കിയിരുന്നു. 2013 ജനുവരി മുതല്‍ ഡിസംബര്‍ വരെ നടന്ന പഠനത്തിന്റെ റിപ്പോര്‍ട്ട് 2013-ല്‍ തന്നെ പ്രസിദ്ധീകരിച്ചു എന്നായിരുന്നു മന്ത്രിയുടെ വാദം. ഉമ്മന്‍ചാണ്ടി സര്‍ക്കാരും ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും റിപ്പോര്‍ട്ട് ശ്രദ്ധിച്ചില്ലെന്നും മന്ത്രി ആരോപിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരായ അന്നാ ചെറിയാനും ആര്‍. ജ്യോതിയുമാണ് നേത്രപടലത്തില്‍ അള്‍സര്‍ ബാധിച്ച രോഗികളില്‍ പഠനം നടത്തിയത്. 2018 ജനുവരി-മാര്‍ച്ച് എന്നതാണ് ജേണലില്‍ നല്‍കിയിട്ടുള്ളത്. അകാന്ത അമീബിയ എന്ന വിഭാഗത്തിലുള്ള അമീബയാണ് 64 ശതമാനം രോഗികളിലും രോഗകാരണമെന്ന് കണ്ടെത്തി. കിണറ്റിലെ വെള്ളത്തില്‍നിന്നാണ് അമീബ ബാധയുണ്ടായതായി സംശയിക്കുന്നതെന്നും പറയുന്നുണ്ട്. 350 രോഗികളിലായിരുന്നു പഠനം നടന്നത്. തിരുവനന്തപുരത്ത് 255 പേര്‍ക്കും കൊല്ലത്ത് 69-ഉം, പത്തനംതിട്ട ആറും ആലപ്പുഴ അഞ്ചും കോട്ടയത്ത് നാലും പേര്‍ക്കും അകാന്ത അമീബിയ കാരണമാണ് രോഗമുണ്ടായതെന്നും റിപ്പോര്‍ട്ടിലുണ്ട്.
തെരഞ്ഞെടുപ്പ് മുന്നിലുള്ള സാഹചര്യത്തില്‍, അമീബിക് മസ്തിഷ്‌ക ജ്വരത്തിലെ മരണക്കണക്കിന് പിന്നാലെ പഠനത്തെ ചൊല്ലിയും വിവാദമുണ്ടായതില്‍ സിപിഎം നേതൃത്വം അതൃപ്തിയിലാണ്. ഇക്കാര്യത്തില്‍ മന്ത്രിസഭാ യോഗത്തിനു മുന്‍പായി മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് വിശദീകരണം ചോദിക്കുമെന്നാണ് സൂചന. നിയമസഭാ സമ്മേളനത്തിന് തൊട്ടു മുമ്പ് മന്ത്രി വീണാ ജോര്‍ജിന് അബദ്ധമുണ്ടായത് എങ്ങനെയെന്ന് പാര്‍ട്ടിതലത്തിലും പരിശോധിക്കും. 2013ല്‍ റിപ്പോര്‍ട്ട് കിട്ടിയെന്നും അന്ന് സര്‍ക്കാര്‍ എന്ത് സ്വീകരിച്ചുവെന്നും ആരോഗ്യവകുപ്പിലെ ഉത്തരവാദപ്പെട്ടവര്‍ ശ്രദ്ധിച്ചില്ലെന്നുമാണ് മന്ത്രി അഭിപ്രായപ്പെട്ടത്. ഇതെല്ലാം ഇപ്പോള്‍ സിപിഎമ്മിനെ തന്നെ തിരിഞ്ഞു കുത്തുകയാണ്. നേരത്തെ അമീബിക് മസ്തിഷ്‌ക ജ്വരവുമായി ബന്ധപ്പെട്ട കണക്കുകളില്‍ ആരോഗ്യ വകുപ്പിന് തിരുത്തല്‍ നടത്തേണ്ടി വന്നിരുന്നു. ഇതിന് പിന്നാലെയാണ് റിപ്പോര്‍ട്ട് വിവാദവും എത്തിയത്.