സിറിയയിലേക്ക് മലയാളികളെ അടക്കം റിക്രൂട്ട് ചെയ്ത ഉക്കടത്തെ തീവ്രവാദി; കൊച്ചി കോടതി ശിക്ഷ വിധിച്ച് വിയ്യൂരിലേക്ക് അയച്ചത് സെപ്റ്റംബര്‍ അവസാനം; ആ കൊടുംഭീകരനുണ്ടായിരുന്ന ബ്ലോക്കില്‍ ഡ്യൂട്ടിയ്ക്ക് നിയോഗിച്ചത് ഒരേ ഒരു അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസറെ; അഭിവിനെ കൊല്ലാനുള്ള ശ്രമം ബൈനോക്കുലറിലൂടെ കണ്ടത് ഐആര്‍ബിക്കാര്‍; വിയ്യൂരില്‍ തുണയായത് ടവര്‍ നിരീക്ഷണം; ഗോവിന്ദചാമി ചാടിയിട്ടും നന്നാകാത്ത ജയില്‍ സംവിധാനത്തിന്റെ കഥ

Update: 2025-11-14 04:03 GMT

വിയ്യൂര്‍: തൃശൂര്‍ അതിസുരക്ഷാ ജയിയിലെ ജീവനക്കാരുടെ ആക്രമണം തെളിയിക്കുന്നത് ജയില്‍ വകുപ്പിന് മതിയായ വാര്‍ഡന്മാരില്ലെന്ന വസ്തുത. ഐആര്‍ബി എന്ന പോലീസിലെ കമാണ്ടോകളെ ജയില്‍ സുരക്ഷയ്ക്ക് നിയോഗിച്ചിട്ടുണ്ട്. ടവറിന് മുകളില്‍ നിന്നും ബൈനോക്കുലര്‍ ഉപയോഗിച്ച് ജയിലും പരിസരവും നിരീക്ഷിക്കുന്നത് ഈ സേനയാണ്. ബൈനോക്കുലര്‍ പരിശോധനയിലാണ് ജയില്‍ ഉദ്യോഗസ്ഥനെ തടവുകാര്‍ മര്‍ദ്ദിക്കുന്നത് ഐആര്‍ബി കണ്ടത്. ഉടന്‍ വയര്‍ലസ് സന്ദേശം താഴേക്ക് പോയി. ഈ സമയത്താണ് സംഭവം ജയിലിലെ മറ്റുള്ളവര്‍ പോലും അറിയുന്നത്. അല്ലാത്ത പക്ഷം ആ ജയില്‍ ഉദ്യോഗസ്ഥനെ അവര്‍ വകവരുത്തുമായിരുന്നു. കൊടും ക്രിമിലുള്ള ആ ബ്ലോക്കില്‍ തടവുകാരെ നോക്കാന്‍ ഒരു ജയില്‍ ഉദ്യോഗസ്ഥനെ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ടാണ് ആ ഉദ്യോഗസ്ഥനെ രക്ഷിക്കാന്‍ അവിടെയുള്ള മറ്റൊരു തടവുകാരന്‍ ശ്രമിച്ചതും. കേരളത്തിലെ അതിസുരക്ഷാ ജയിലില്‍ പോലും മതിയായ ഉദ്യോഗസ്ഥരില്ലെന്നതിന് തെളിവാണ് ഈ സംഭവം.

സെല്ലിനുള്ളില്‍ കയറാന്‍ ആവശ്യപ്പെട്ട അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ക്ക് വിയ്യൂര്‍ ജയിലില്‍ മര്‍ദനമേറ്റത് വ്യാഴാഴ്ച വൈകീട്ടാണ്. സെല്ലിനുള്ളില്‍ കയറാന്‍ മടിച്ചുനിന്ന കോയമ്പത്തൂര്‍ സ്ഫോടനക്കേസ് പ്രതി അസറുദ്ദീനോട് സെല്ലില്‍ കയറാന്‍ പറഞ്ഞെങ്കിലും കൂട്ടാക്കിയില്ല. തുടര്‍ന്ന് നസറുദ്ദീനും മാവോയിസ്റ്റ് വിചാരണ തടവുകാരനായ മനോജും അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ അഭിനവിനുനേരേ മുദ്രാവാക്യം വിളിച്ചു. അസഭ്യം വിളിച്ചെന്നും പരാതിയുണ്ട്. ഇതിനിടെ ഇരുവരും ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു. അഭിനവിനെ രക്ഷിക്കാന്‍ ഓടിയെത്തിയ മറ്റൊരു തടവുകാരന്‍ റജികുമാറിനും ഇവരില്‍നിന്ന് മര്‍ദനമേറ്റു. കൂടുതല്‍ ജയില്‍ ജീവനക്കാര്‍ എത്തിയാണ് മര്‍ദിച്ച തടവുകാരെ സെല്ലിനുള്ളിലാക്കിയത്. അഭിനവിനെയും റജികുമാറിനെയും ഗവ. മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ജയില്‍ അധികൃതര്‍ വിയ്യൂര്‍ പോലീസില്‍ പരാതി നല്‍കി. ഇതോടെ കേസുമെടുത്തു. കണ്ണൂര്‍ ജയിലില്‍ നിന്നും ഗോവിന്ദചാമി ചാടിയത് വലിയ ചര്‍ച്ചയായിരുന്നു. ഇതോടെ ജയില്‍ സുരക്ഷ കൂട്ടുമെന്നും വാദമെത്തി. എന്നാല്‍ ഇതെല്ലാം വെറു പ്രഖ്യാപനം മാത്രമായി. വിയ്യൂരിലെ കൊടും ക്രിമിനലുകളുള്ള ജയിലില്‍ പോലും മതിയായ സുരക്ഷാ ജീവനക്കാരില്ലെന്നതാണ് വസ്തുത.

അസിസ്റ്റന്റ് പ്രിസണ്‍ ഓഫിസര്‍ അഭിനവ് അടുത്ത കാലത്താണ് തൃശൂരിലെത്തിയത്. മാവോയിസ്റ്റ് കേസില്‍ ജയിലില്‍ കഴിയുന്ന മനോജ്, കാപ്പ കേസിലെ തടവുകാരനായ മുഹമ്മദ് അസറുദ്ദീന്‍ എന്നിവര്‍ ഒരു ബ്ലോക്കിലായിരുന്നു. വൈകിട്ട് നാലു മുതല്‍ അഞ്ചു വരെ തടവുകാര്‍ക്ക് സെല്ലിന് പുറത്തുള്ള വരാന്തയില്‍ നടക്കാന്‍ അനുമതിയുണ്ട്. ഇങ്ങനെ നടക്കുന്നവരെ കൃത്യസമയത്ത് സെല്ലില്‍ കയറ്റും. സമയം കഴിഞ്ഞിട്ടും സെല്ലില്‍ കയറാത്തത് ചോദ്യം ചെയ്തതിനാണ് പ്രതികളുടെ ആക്രമണം എന്നാണ് റിപ്പോര്‍ട്ട്. ഉദ്യോഗസ്ഥനെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ചപ്പോഴാണ് തടവുകാരനായ റെജിയ്ക്കും മര്‍ദ്ദനമേറ്റത്. തടവുകാര്‍ ജീവനക്കാരനെ കമ്പി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. കക്കൂസിന്റെ വാതിലിലെ കുറ്റി ഉപയോഗിച്ചായിരുന്നു ആക്രമണം. കുത്തി പരിക്കേല്‍ക്കുക അടക്കം ചെയ്തു. സംഭവത്തെത്തുടര്‍ന്ന് ജയിലിലെ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കി.

തിരുവനന്തപുരം സ്വദേശിയാണ് അഭിനവ് എന്നാണ് സൂചന. തൃശൂരിലേക്ക് അടുത്ത സമയത്ത് എത്തിയ അഭിനവിന് ഓരോ തടവു പുള്ളിയുടേയും വിശദാംശങ്ങള്‍ അറിയില്ലായിരുന്നു. അസറുദ്ദീനും മറ്റും വലിയ തടവു പുള്ളികളാണ്. അവര്‍ ആരും പറയുന്നത് കേള്‍ക്കാറില്ല. ഇത് മനസ്സിലാക്കാതെയാണ് അഭിനവ് ഇവരെ സെല്ലിലേക്ക് കയറ്റാന്‍ ശ്രമിച്ചത്. ഇതോടെ അവര്‍ പ്രകോപിതരായി. മുമ്പും ജയില്‍ ഉദ്യോഗസ്ഥരോട് ഇവര്‍ മോശമായി പെരുമാറിയിട്ടുണ്ട്. ഇവരുടെ സ്വഭാവം മനസ്സിലാക്കി കടുത്ത നിലപാടുകള്‍ ജയില്‍ ഉദ്യോഗസ്ഥര്‍ എടുക്കാറില്ല. എന്നാല്‍ ആളെ അറിയാതെ നിയമം നടപ്പാക്കാന്‍ അഭിനവ് ശ്രമിച്ചു. ഇതോടാണ് ക്രൂര ആക്രമണത്തിലേക്ക് കാര്യങ്ങളെത്തിയത്. അതി സുരക്ഷാ ജയിലിലും കൊടുംഭീകരര്‍ തന്നെയാണ് എല്ലാം നിയന്ത്രിക്കുന്നത്. ഐആര്‍ബിക്കാര്‍ ടവര്‍ നിരീക്ഷണത്തില്‍ കണ്ടില്ലായിരുന്നുവെങ്കില്‍ അഭിനവിന്റെ ജീവന്‍ പോലും അപകടത്തിലാകുമായിരുന്നു.

കോയമ്പത്തൂര്‍ സ്ഫോടനക്കേസിലെ പ്രതിയാണ് 36കാരനായ അസ്ഹറുദ്ദീന്‍ കൊടും ക്രിമനലാണ്. ഇയാല്‍ കേരളത്തിലെ ഒരു കേസില്‍ ശിക്ഷിക്കപ്പെട്ടാണ് ജയിലില്‍ കിടക്കുന്നത്. കോയമ്പത്തൂര്‍ സ്‌ഫോടന കേസില്‍ വിചാരണ തുടങ്ങും. ഇതിനിടെയാണ് ജയിലിലെ ആക്രമണം. 2022ലെ കോയമ്പത്തൂര്‍ കാര്‍ സ്ഫോടനക്കേസിലും, 2019ലെ ശ്രീലങ്ക ഈസ്റ്റര്‍ ബോംബാക്രമണവുമായി ബന്ധപ്പെട്ട കേസിലും പ്രതിയാണ് അസ്ഹറുദ്ദീന്‍. 2019ല്‍ എന്‍.ഐ.എ അറസ്റ്റ് ചെയ്ത ഇയാള്‍ക്കെതിരെ ഐ.എസ് ബന്ധം, തീവ്രവാദ റിക്രൂട്ട്മെന്റ് ഉള്‍പ്പെടെയുള്ള കേസും ചുമത്തിയിരുന്നു. ആഷിഖ് എന്ന പേരില്‍ അറിയപ്പെടുന്ന മാവോയിസ്റ്റ് മനോജിനെ 2024 ജൂലായിലാണ് എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് അറസ്റ്റ് ചെയ്തത്. 10 യു.എ.പി.എ കേസുകള്‍ ഉള്‍പ്പെടെ 16 കേസുകളില്‍ പ്രതിയാണ്. മാവോയിസ്റ്റ് കബനി ദളത്തിലെ സജീവ അംഗമായിരുന്നു മനോജ്.

ഐഎസ് റിക്രൂട്ട്‌മെന്റ് കേസിലെ രണ്ട് പ്രതികളെയും എട്ടുവര്‍ഷത്തെ കഠിന തടവിന് ശിക്ഷിച്ച് എന്‍ഐഎ കോടതി ഉത്തരവ് വന്നത് സെപ്റ്റംബര്‍ അവസാനമാണ്. രണ്ടു പ്രതികളും കുറ്റക്കാരെന്ന് കണ്ടെത്തിയാണ് കോടതി ശിക്ഷ വിധിച്ചത്. കോയമ്പത്തൂര്‍ ഉക്കടം സ്വദേശികളായ മുഹമ്മദ് അസറുദ്ദീന്‍, ഷെയ്ഖ് ഹിദായത്തുള്ള എന്നിവരെയാണ് എട്ടുവര്‍ഷത്തെ കഠിന തടവിന് ശിക്ഷിച്ചത്. ഇരുവര്‍ക്കുമെതിരെ ചുമത്തിയ എല്ലാ വകുപ്പുകളും തെളിഞ്ഞതായും കോടതി ഉത്തരവില്‍ പറഞ്ഞിരുന്നു. മൂന്ന് വകുപ്പുകളിലായി എട്ടു വര്‍ഷം വീതം കഠിന തടവ് അനുഭവിക്കണം. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി. 2019 ലാണ് എന്‍ഐഎ കേസ് അന്വേഷണം തുടങ്ങിയത്. നിരോധിത സംഘടനയായ ഐഎസിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുക, ആശയങ്ങള്‍ പ്രചരിപ്പിക്കുക സമൂഹമാധ്യമങ്ങളില്‍ ആശയപ്രചരണം നടത്തുക എന്നിവയാണ് പ്രതികള്‍ക്കെതിരെ എന്‍ഐഎ ചുമത്തിയ കുറ്റം.

ഐഎസിന്റെ ക്രൂരകൃത്യങ്ങള്‍ പറയുന്ന വീഡിയോകള്‍, തീവ്രനിലപാടുള്ള നേതാക്കളുടെ വീഡിയോകള്‍ തുടങ്ങിയവ യുവാക്കളിലേക്ക് എത്തിക്കുക, ഐഎസിന്റെ ആശയപ്രചാരണം നടത്തുക തുടങ്ങിയ കാര്യങ്ങള്‍ തെളിഞ്ഞതായാണ് എന്‍ഐഎ കോടതി കണ്ടെത്തിയത്. യുവാക്കളെ സിറിയയിലേക്ക് റിക്രൂട്ട് ചെയ്യാന്‍ നേരിട്ട് ഇരുവരും നീക്കം നടത്തിയെന്നാണ് കണ്ടെത്തല്‍. കോയമ്പത്തൂരിലെ കാര്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട കേസിലെ പ്രതികളായ ഇരുവരും നിലവില്‍ വെല്ലൂര്‍ ജയിലിലായിരുന്നു. കൊച്ചിയിലെ കോടതി വിധിയോടെയാണ് ഇവരെ വിയ്യൂരിലേക്ക് കൊണ്ടു വന്നത്. ഈ കേസിലെ പ്രതിയാണ് വാര്‍ഡനെ ആക്രമിച്ച അസറുദ്ദീന്‍.

Tags:    

Similar News