വ്യാജ ടി വി ലൈസന്‍സ് പെയ്‌മെന്റിനായി ആദ്യ കോള്‍; കെണി തിരിച്ചറിഞ്ഞ് കാര്‍ഡ് ക്യാന്‍സല്‍ ചെയ്ത് രക്ഷപ്പെട്ടെങ്കിലും നാലാം ദിവസം ബാങ്കില്‍ നിന്നെന്ന് പറഞ്ഞ് സ്‌ക്രീന്‍ ഷെയര്‍ ചെയ്ത് തട്ടിപ്പ്; നഷ്ടപ്പെട്ടത് ലക്ഷങ്ങള്‍; ബ്രിട്ടണിലെ ഈ തട്ടിപ്പിന് പിന്നില്‍ ഇന്ത്യാക്കാരോ?
ലണ്ടന്‍: ബ്രിട്ടണില്‍ വാട്ട്‌സ്അപ് കോളില്‍ സ്‌ക്രീന്‍ ഷെയര്‍ ചെയ്യാന്‍ ആവശ്യപ്പെട്ട് 20,000 പൗണ്ട്(ഏതാണ്ട് 20ലക്ഷത്തില്‍ അധികം) തട്ടിച്ചതായി ഒരു സ്ത്രീയുടെ പരാതിയില്‍ ഉയരുന്നത് സൈബര്‍ ലോകത്തെ തട്ടിപ്പിന്റെ ആശങ്കകള്‍ തന്നെ. ബാങ്കില്‍ നിന്നുള്ള ആള്‍ എന്ന നിലയിലായിരുന്നു തട്ടിപ്പു നടത്തിയ വ്യക്തി ഫെലിസിറ്റി കാംബെല്ലുമായി ബന്ധപ്പെടുന്നത്. ഒരു വ്യാജ ടി വി ലൈസന്‍സിംഗ് ഈമെയില്‍ സന്ദേശത്തിന് മറുപടി അയയ്ക്കുകയും ക്രെഡിറ്റ് കാര്‍ഡ് വിശദാംശങ്ങള്‍ നല്‍കുകയും ചെയ്തതോടെയാണ് നോട്ടിംഗ്ഹാംഷയര്‍, ബ്ലീസ്ബിയില്‍ താമസിക്കുന്ന ഇവര്‍ തട്ടിപ്പിന് ഇരയാകുന്നത്. അത് വ്യാജ സന്ദേശമാണെന്ന് മനസ്സിലായതോടെ അവര്‍ ബാങ്കിനെ സമീപിക്കുകയും കാര്‍ഡ് റദ്ദാക്കുകയും ചെയ്തു. എന്നാല്‍, തട്ടിപ്പ് അവിടം കൊണ്ട് അവസാനിച്ചില്ല.
അഞ്ച് ദിവസത്തിന് ശേഷം അവര്‍ക്ക് ബാങ്കില്‍ നിന്നാണെന്ന് പറഞ്ഞ് ഒരു ഫോണ്‍ കോള്‍ വരുന്നു. നേഷന്‍വൈഡില്‍ നിന്നും വിളിക്കുകയാണെന്നും, ടി വി ലൈസന്‍സിംഗുമായി ബന്ധപ്പെട്ട ഒരു വ്യാജ ഈമെയില്‍ സന്ദേശത്തെ കുറിച്ച് പരാതി നല്‍കിയിരുന്നുവോ എന്നും വിളിച്ചയാള്‍ ചോദിച്ചു. ഉവ്വ് എന്ന് മറുപടി പറഞ്ഞ അവരോട് അവരുടെ ഓണ്‍ലൈന്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി സംശയിക്കുന്നു എന്നും വെസ്റ്റേണ്‍ യൂണിയനിലേക്ക് 1,500 പൗണ്ട് ട്രാന്‍സ്ഫര്‍ ചെയ്തിരുന്നുവോ എന്നും ചോദിച്ചു. അങ്ങനെ ചെയ്തിട്ടില്ലാത്തതിനാല്‍, ഇല്ല എന്ന് തന്നെ മറുപടി നല്‍കുകയും ചെയ്തു.
സംശയം തോന്നിയ കാംബെല്‍, വിളിച്ചയാള്‍ ബാങ്കില്‍ നിന്നും തന്നെയാണോ വിളിക്കുന്നത് എന്ന് ചോദിച്ചപ്പോള്‍, അവരുടെ പേരും, മേല്‍വിലാസവും ഒപ്പം അടുത്തിടെ നടത്തിയ ഇടപാടുകളുടെ വിശദാംശങ്ങളുമെല്ലാം അയാള്‍ പറഞ്ഞു. ഇതോടെ കാംബെല്‍ അയാളെ വിശ്വസിച്ചു. പിന്നീട് കോള്‍ കട്ട് ചെയ്ത അയാള്‍ വാട്ട്‌സ്അപിലൂടെ വോയ്‌സ് കോള്‍ എടുത്തു. അതിനു ശേഷം ഫോണിലെ ചില ബട്ടണുകള്‍ അമര്‍ത്താന്‍ അയാള്‍ ആവശ്യപ്പെടുകയും ചെയ്തു. അക്കൗണ്ട് സുരക്ഷിതമാക്കുന്നതിനുള്ള പ്രക്രിയയാണ് അതെന്നാണ് അയാള്‍ പറഞ്ഞതെങ്കിലും അവര്‍ അറിയാതെ അവരുടെ സ്‌ക്രീന്‍ അയാളുമായി പങ്കുവയ്ക്കുകയായിരുന്നു.
കാംബെല്ലിന് ലോയ്ഡ്‌സ് ആന്‍ഡ് വൈസിലും ഒരു അക്കൗണ്ട് ഉണ്ടായിരുന്നു. തുടര്‍ന്ന് അടുത്ത 90 മിനിറ്റ് സമയം, കാംബെല്ലിനോട് ഈ രണ്ട് അക്കൗണ്ടുകളുമായി തമ്മില്‍ തമ്മില്‍ വ്യത്യസ്ത തുകക്കുള്ള ഇടപാടുകള്‍ നടത്താന്‍ ആവശ്യപ്പെടുകയായിരുന്നു. കൂടാതെ ഒരു വെസ്റ്റേണ്‍ യൂണിയന്‍ അക്കൗണ്ടിലേക്കും പണം മാറ്റാന്‍ ആവശ്യപ്പെട്ടു. സ്‌ക്രീന്‍ ഷെയര്‍ ചെയ്യപ്പെട്ടിരുന്നതിനാല്‍, ഈ ഇടപാടുകള്‍ നടത്തുന്നതൊക്കെ വിളിച്ചയാള്‍ക്ക് വ്യക്തമായി കാണാന്‍ കഴിയുമായിരുന്നു.
ഇതിനവസാനമാണ് കാംബെല്‍ തിരിച്ചറിയുന്നത് 20,000 പൗണ്ട് വെസ്റ്റേണ്‍ യൂണിയനക്കൗണ്ടിലെക്ക് മാറ്റപ്പെട്ടു എന്ന്. പിന്നീട് വെസ്റ്റേണ്‍ യൂണിയനുമായി ബന്ധപ്പെട്ടപ്പോള്‍ അവര്‍ പറഞ്ഞത് ഇന്ത്യയിലെ ഒരു അക്കൗണ്ടിലേക്ക് ഈ പണം പോയി എന്നായിരുന്നു. ഇവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ തട്ടിപ്പുകാര്‍ക്ക് എങ്ങനെ ലഭിച്ചു എന്നറിയാന്‍ ബാങ്ക് അന്വേഷണം നടത്തുകയാണ്.
സൈബര്‍ തട്ടിപ്പ്