രണ്ടാം തീയതി മുതല്‍ ബിആര്‍പി കാര്‍ഡുകള്‍ അസാധുവായി; പഴയ കാര്‍ഡുമായി എത്തുന്നവര്‍ എയര്‍പോര്‍ട്ടില്‍ കുടുങ്ങും; പിആര്‍ ഉള്ളവരടക്കം ബ്രിട്ടീഷ് പാസ്സ്പോര്‍ട്ട് ഇല്ലാത്ത സകലരും ഇ-വിസയിലേക്ക് മാറിയില്ലെങ്കില്‍ യുകെ യാത്ര മുടങ്ങും; ചെയ്യേണ്ടത് ഇങ്ങനെ
ലണ്ടന്‍: യു കെ ഇപ്പോള്‍ പൂര്‍ണ്ണമായും ഡിജിറ്റല്‍ ഇമിഗ്രേഷന്‍ സിസ്റ്റത്തിലേക്ക് പരിവര്‍ത്തനം ചെയ്തു കഴിഞ്ഞിരിക്കുന്നു. ബയോമെട്രിക് റെസിഡന്‍സ് പെര്‍മിറ്റ്, (ബി ആര്‍ പി), ഇ യു സെറ്റില്‍മെന്റ് സ്‌കീ (ഇ യു എസ് എസ്), ബയോമെട്രിക് റെസിഡന്‍സ് കാര്‍ഡ് (ബി ആര്‍ സി) എന്നിവ ഇനി മുതല്‍ ഉപയോഗ രഹിതമാകും. യു കെയിലേക്ക് യാത്ര ചെയ്യുമ്പോള്‍ ഇവ ഇമിഗ്രേഷന്‍ സ്റ്റാറ്റസ് തെളിയിക്കുന്നതിനുള്ള രേഖകള്‍ അല്ലാതെയായി കഴിഞ്ഞിരിക്കുന്നു. ജൂണ്‍ 2മുതല്‍ ആണ് ഈ മാറ്റം വന്നിരിക്കുന്നത്.
ജൂണ്‍ 2 മുതല്‍, യു കെയില്‍ എത്തുന്ന, ബ്രിട്ടീഷ് പാസ്സ്‌പോര്‍ട്ട് ഇല്ലാത്തവര്‍ക്കെല്ലാം അവരുടെ ഇമിഗ്രേഷന്‍ സ്റ്റാറ്റസ് തെളിയിക്കുന്നതിന് ഇ വിസ നിരബന്ധമാക്കിയിരിക്കുകയാണ്. പാസ്സ്‌പോര്‍ട്ട് സ്റ്റാമ്പുകള്‍, വിഗ്‌നെറ്റ്‌സ് എന്നീ തെളിവുകളുടെ പഴയ രേഖകള്‍ ചിലയിടങ്ങളില്‍ ഇമിഗ്രേഷന്‍ സ്റ്റാറ്റസ് തെളിയിക്കാന്‍ സ്വീകരിച്ചേക്കും എന്നിരുന്നാലും ഇ വിസയിലേക്ക് മാറുന്നത് തന്നെയാണ് അനുയോജ്യവും സുരക്ഷിതവും.
ഇ വിസ എന്തെന്നും അവയുടെ പ്രയോജനങ്ങളും അറിയാം
നിങ്ങളുടെ ഇമിഗ്രേഷന്‍ സ്റ്റാറ്റസിന്റെ സുരക്ഷിതമായ ഒരു ഡിജിറ്റല്‍ രേഖയാണ് ഇ വിസ. നിങ്ങള്‍ യു കെയില്‍ താമസിക്കുന്നതിനുള്ള നിബന്ധനകളും മറ്റും അതില്‍ വിശദമായി ഉണ്ടാകും. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ബി ആര്‍ പി കാര്‍ഡുകള്‍ക്കുള്ള ബദല്‍ സംവിധാനമാണ് ഇ വിസ. ഇതിന്റെ ഏറ്റവും വലിയ പ്രയോജനം, ഇവ മോഷ്ടിക്കപ്പെടുകയോ, നഷ്ടപ്പെടുകയോ അതല്ലെങ്കില്‍ കേടുപാടുകള്‍ വരികയോ ചെയ്യില്ല എന്നതാണ്.
മാത്രമല്ല, വിമാനത്താവളങ്ങളിലും മറ്റും എളുപ്പത്തിലും വേഗത്തിലും നിങ്ങളുടെ ഇമിഗ്രേഷന്‍ സ്റ്റാറ്റസ് തെളിയിക്കാന്‍ ഇവ സഹായിക്കുന്നു. അതുപോലെ, തൊഴിലുടമകള്‍, വാടകക്ക് വീടുകള്‍ നല്‍കുന്ന വീട്ടുടമസ്ഥര്‍, എയര്‍ലൈന്‍ കമ്പനികള്‍ എന്നിവരുമായി നിങ്ങളുടെ രേഖകള്‍ എളുപ്പം പങ്കുവയ്ക്കാന്‍ ഇത് സഹായിക്കുന്നു. മാത്രമല്ല, നിങ്ങളുടെ അപേക്ഷയില്‍ തീരുമാനമെടുത്തതിനു ശേഷം ഫിസിക്കല്‍ കാര്‍ഡ് ലഭിക്കുന്നതിനായുള്ള കാത്തിരിപ്പ് സമയവും ഒഴിവാക്കാം.
ഇ വിസ എങ്ങനെ ആക്സസ് ചെയ്യാം?
ഇതിനായി ആദ്യം നിങ്ങള്‍ ഒരു യു കെ വി ഐ അക്കൗണ്ട് സൃഷ്ടിക്കണം. നിങ്ങളുടെ ഐഡന്റിറ്റി സ്ഥിരീകരിക്കുന്നതിനായി ബയോമെട്രിക് വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ പറയും. അത് ചെയ്യുക. പിന്നീട് നിങ്ങളുടെ യാത്രാ രേഖ (പാസ്സ്‌പോര്‍ട്ട്) നിങ്ങളുടെ അക്കൗണ്ടില്‍ സമര്‍പ്പിക്കുക. മറ്റൊരാള്‍ക്ക് നിങ്ങളുടെ സ്റ്റാറ്റസ് തെളിയിക്കുന്നതിനായി 90 ദിവസങ്ങള്‍ വരെ സാധുവായ ഒരു കോഡ് അവരുമായി പങ്കുവച്ചാല്‍ മതി.
ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങളും സഹായങ്ങളും ആവശ്യമാണെങ്കില്‍, യു കെ സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും ലഭ്യമാണ്. അതല്ലെങ്കില്‍ നിങ്ങള്‍ക്ക് യു കെ വി ഐ കോണ്‍ടാക്റ്റ് സെന്ററുമായും ബന്ധപ്പെടാവുന്നതാണ്.