കാനഡയിലെ ടൊറന്റോയില്‍ ഇന്ത്യന്‍ യുവാവ് വെടിയേറ്റ് മരിച്ചു; ആസൂത്രിത കൊലപാതകമെന്ന് സംശയം: പ്രതികള്‍ക്കായി തിരച്ചില്‍
കാനഡയിലെ ടൊറന്റോയില്‍ ഇന്ത്യന്‍ യുവാവ് വെടിയേറ്റ് മരിച്ചു
കാനഡയിലെ ടൊറന്റോയില്‍ ഇന്ത്യന്‍ യുവാവ് വെടിയേറ്റ് മരിച്ചു. കര്‍ണാടക സ്വദേശിയായ ചന്ദന്‍ കുമാര്‍ രാജ നന്ദകുമാറിനാണ് (37) വെടിയേറ്റത്. തിരക്കേറിയ ഷോപ്പിങ്മാളിന്റെ പാര്‍ക്കിങില്‍ വച്ച് അജ്ഞാത സംഘം വെടിവെയ്ക്കുക ആയിരുന്നു. ഷോപ്പിങ്മാളിലെ പാര്‍ക്കിങില്‍ തന്റെ കാറിനുള്ളില്‍ ഇരിക്കുമ്പോഴാണ് വെടിയേറ്റത്. ആസൂത്രിതമായി കൊലപ്പെടുത്തിയതെന്നാണ് കരുതുന്നത്. വെടിയേറ്റ ചന്ദനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
ടൊറന്റോയില്‍ കന്നഡക്കാരുടെ കൂട്ടായ്മ ഉണ്ടാക്കാന്‍ ചന്ദന്‍ ശ്രമിച്ചിരുന്നുവെന്നും ഇതില്‍ എതിര്‍പ്പുണ്ടായ ആരെങ്കിലുമാകാം കൊലപാതകത്തിന് പിന്നിലെന്നുമാണ് ചന്ദന്റെ കുടുംബം സംശയിക്കുന്നത്. കാനഡയില്‍ റിലീസ് ചെയ്യുന്ന കന്നഡ സിനിമകളും സാംസ്‌കാരിക പരിപാടികളും പ്രോല്‍സാഹിപ്പിക്കുന്നതില്‍ ചന്ദന്‍ അതീവ തല്‍പരനായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറയുന്നു.
ബുള്ളറ്റുകള്‍ തുളഞ്ഞ് കയറിയ ചന്ദന്റെ കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം, മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാന്‍ എംബസിയുടെ സഹായം തേടുമെന്നും കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും ചിക്കബല്ലാപുര പൊലീസ് അറിയിച്ചു. ബെംഗളൂരുവിലെ സപ്തഗിരി കോളജില്‍ നിന്ന് കംപ്യൂട്ടര്‍ സയന്‍സില്‍ ബിരുദം നേടിയ ചന്ദന്‍ ആറു വര്‍ഷം മുന്‍പാണ് എല്‍ ആന്റ് ടി യുടെ അനുബന്ധ സ്ഥാപനം വഴി കാനഡയില്‍ എത്തിയത്. നെലമംഗല സ്വദേശിയായ ചന്ദന്‍കുമാര്‍ ഈ അവധിക്ക് വീട്ടിലേക്ക് മടങ്ങാനിരിക്കെയാണ് കൊലപാതകം.