കാനഡയിലെ റോഡിലൂടെ ഇനി 'തൃശൂര്‍' പായും; ജന്മനാടിന്റെ പേരില്‍ ലൈസന്‍സ് പ്ലേറ്റ് സ്വന്തമാക്കി കനേഡിയന്‍ മലയാളി; രാജേഷിന്റെ എസ് യു വി ഇനി തിരിച്ചറിയാന്‍ എളുപ്പമാകും
തൃശൂര്‍: കാനഡയിലെ നിരത്തുകളിലൂടെ ഇനി 'തൃശൂര്‍' പാഞ്ഞു പോകുന്നത് കണ്ടാല്‍ ഞെട്ടേണ്ട. അത് തൃശൂര്‍ നടത്തറ സ്വദേശി രാജേഷിന്റെ കാറാണെന്ന് കാനഡയിലെത്തുന്ന മലയാളികള്‍ പെട്ടെന്ന് തിരിച്ചറിയും. ജന്മനാടിന്റെ പേരില്‍ ലൈസന്‍സ് പ്ലേറ്റ് സ്വന്തമാക്കിയതോടെയാണ് രാജേഷിന്റെ എസ് യു വി ഇനി തിരിച്ചറിയാന്‍ എളുപ്പമാകുന്നത്.
കാനഡയില്‍ പുതിയ വാഹനങ്ങള്‍ക്ക് ഇഷ്ടമുള്ള നമ്പറോ പേരോ വാക്കുകളോ വാഹനങ്ങളുടെ പ്ലേറ്റ് നമ്പര്‍ ആയി എടുക്കാന്‍ കാനഡയില്‍ സാധിക്കും. ആറ് അക്ഷരങ്ങള്‍, അല്ലെങ്കില്‍ നമ്പറുകള്‍, അതുമല്ലെങ്കില്‍ രണ്ടും ചേര്‍ന്ന കോംബിനേഷന്‍ ആണ് ബ്രിട്ടീഷ് കൊളംബിയ പ്രൊവിന്‍സ് ലൈസന്‍സ് പ്ലേറ്റില്‍ അനുവദിക്കുക. താല്‍പര്യമുള്ള കോമ്പിനേഷനുകള്‍ ലിസ്റ്റ് ചെയ്ത്, അത് ഓരോന്നും ഏതൊക്കെയാണ് എന്ന് വിശദീകരണം അടക്കം പ്രൊവിന്‍സിലെ ലൈസന്‍സിങ് അതോറിറ്റിക്ക് അപേക്ഷ കൊടുക്കണം.
ആവശ്യപ്പെട്ടിരിക്കുന്ന ലൈസന്‍സ് പ്ലേറ്റോ അതിന് സമാനമായ മറ്റൊരു പേരോ പ്രവിശ്യയില്‍ മറ്റാര്‍ക്കും ഇല്ലാത്ത പക്ഷം നമ്മുടെ അപേക്ഷ പരിഗണിക്കുകയും ലൈസന്‍സ് പ്ലേറ്റ് അനുവദിക്കുകയും ചെയ്യും. മാസങ്ങള്‍ക്ക് മുന്‍പ് അങ്ങനെ അപേക്ഷിക്കുമ്പോള്‍ 'തൃശൂര്‍, പാലക്കാട്, കേരള' എന്നിങ്ങനെ മൂന്ന് പേരുകളാണ് രാജേഷ് ലിസ്റ്റ് ചെയ്തിരുന്നത്. അതില്‍ ആദ്യത്തെ ഓപ്ഷന്‍ തൃശൂര്‍ തന്നെ രാജേഷിന് അനുവദിച്ച് കിട്ടുകയായിരുന്നു.
തൃശൂര്‍ നടത്തറ സ്വദേശി രാജേഷ് മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ പ്രൊവിന്‍സിലേക്ക് കുടിയേറിയത്. നാടും വീടും സൗഹൃദങ്ങളും അത്രയേറെ പ്രിയപ്പെട്ട രാജേഷ് ആ ആഹ്ലാദത്തിലാണ് 'And thus, 'Trissur' will cruise the roads of Victoria' എന്ന് Instragram status ഇട്ടത്. രാജേഷിന്റെ എസ് യു വി ഇനി തൃശൂര്‍ എന്ന നമ്പര്‍ പ്ലേറ്റോടെ വിക്ടോറിയയില്‍ സഞ്ചരിക്കും.