എച്ച് വണ്‍ ബി വിസയില്‍ ട്രംപ് കടുംപിടുത്തം പിടിക്കുമ്പോള്‍ പ്രൊഫഷണലുകളെ ആകര്‍ഷിക്കാന്‍ പുതുവഴിയുമായി യു.എ.ഇ; യു.എ.ഇയില്‍ ജോലി ആവശ്യങ്ങള്‍ക്കായി രണ്ട് വര്‍ഷത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസിറ്റ് വിസകള്‍ വരുന്നു; സുപ്രധാന മാറ്റം മിഷന്‍ വിസ വിഭാഗത്തില്‍
രണ്ടു വര്‍ഷത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയുമായി യു.എ.ഇ
ദുബായ്: യു.എ.ഇയില്‍ ജോലി ആവശ്യങ്ങള്‍ക്കായി രണ്ട് വര്‍ഷത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസിറ്റ് വിസകള്‍ വരുന്നു. യു.എ.ഇയുടെ താമസ-കുടിയേറ്റ നിയമങ്ങളില്‍ വരുത്തിയ ഏറ്റവും പുതിയ പരിഷ്‌കാരങ്ങളുടെ ഭാഗമായി, താല്‍ക്കാലിക ജോലി ആവശ്യങ്ങള്‍ക്കായി എത്തുന്നവര്‍ക്ക് ഇനിമുതല്‍ രണ്ട് വര്‍ഷം കാലാവധിയുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസകള്‍ ലഭ്യമാകും.
മിഷന്‍ വിസ എന്ന് പൊതുവെ അറിയപ്പെടുന്ന ഈ വിസാ വിഭാഗത്തിലാണ് സുപ്രധാന മാറ്റങ്ങള്‍ വരുന്നത്. ഈ വിസക്ക് രണ്ട് വര്‍ഷത്തെ കാലാവധി ഉണ്ടായിരിക്കും. വിസ കാലാവധിക്കുള്ളില്‍ എത്ര തവണ വേണമെങ്കിലും രാജ്യത്തേക്ക് വരാനും പോകാനും സാധിക്കും. മുന്‍പ് ഇത് പലപ്പോഴും സിംഗിള്‍ എന്‍ട്രി വിസയായിട്ടാണ് അനുവദിച്ചിരുന്നത്. ഒരു തവണ യു.എ.ഇയില്‍ എത്തിയാല്‍ പരമാവധി 60 ദിവസം വരെ രാജ്യത്ത് തങ്ങാം.
ഒരു വര്‍ഷത്തിനുള്ളില്‍ ആകെ 180 ദിവസം വരെയാണ് താമസിക്കാന്‍ അനുമതിയുള്ളത്. ഹ്രസ്വകാല പ്രോജക്റ്റുകള്‍, കണ്‍സള്‍ട്ടന്‍സി ജോലികള്‍, ട്രെയിനിങ് അല്ലെങ്കില്‍ പ്രൊബേഷന്‍ കാലയളവിലുള്ള ജോലികള്‍ എന്നിവയ്ക്കായി എത്തുന്നവര്‍ക്ക് ഈ വിസ ഏറെ പ്രയോജനകരമാകും. വിസ ലഭിച്ച് ആദ്യമായി രാജ്യത്ത് പ്രവേശിക്കുമ്പോള്‍ 15 ദിവസത്തിനുള്ളില്‍ നിര്‍ബന്ധിത വൈദ്യപരിശോധന പൂര്‍ത്തിയാക്കിയിരിക്കണം.
സ്ഥിരമായ താമസ വിസ എടുക്കുന്നതിനേക്കാള്‍ കുറഞ്ഞ ചിലവിലും എളുപ്പത്തിലും കമ്പനികള്‍ക്ക് വിദഗ്ധ തൊഴിലാളികളെ താല്‍ക്കാലിക പ്രോജക്റ്റുകള്‍ക്കായി എത്തിക്കാന്‍ ഇതിലൂടെ സാധിക്കും എന്നതാണ് ഇതിന്റെ പ്രധാന നേട്ടം. കൂടാതെ, ഓരോ തവണ വരുമ്പോഴും പുതിയ വിസ എടുക്കേണ്ട ബുദ്ധിമുട്ടും ഇതിലൂടെ ഒഴിവാകും.
ഈ നിയമം നടപ്പിലാക്കുന്നതോടെ പ്രൊഫഷണലുകള്‍ക്കും ബിസിനസ് സ്ഥാപനങ്ങള്‍ക്കും വലിയ ആശ്വാസമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന്റെ ഔദ്യോഗിക ഫീസുകളെയും അപേക്ഷിക്കേണ്ട രീതിയെയും കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ തന്നെ യു.എ.ഇ ഭരണകൂടം പ്രഖ്യാപിക്കും.