അമേരിക്കയില്‍ കാണാതായ ഇന്ത്യന്‍ വിദ്യാര്‍ത്ഥി മരിച്ച നിലയില്‍; മൃതദേഹം കണ്ടെത്തുന്നത് അഞ്ച് ദിവസത്തെ തിരച്ചിലിനൊടുവില്‍

Update: 2026-02-15 06:50 GMT

ന്യൂഡല്‍ഹി: യുഎസിലെ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ ബിരുദാനന്തര ബിരുദത്തിന് പഠിച്ചിരുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥി സാകേത് ശ്രീനിവാസയ്യയെ (22) മരിച്ച നിലയില്‍ കണ്ടെത്തി. ഫെബ്രുവരി 9 മുതല്‍ കാണാതായ സാകേതിനായി അഞ്ച് ദിവസമായി അധികൃതര്‍ വ്യാപകമായ തിരച്ചില്‍ നടത്തിവരികയായിരുന്നു. സാന്‍ഫ്രാന്‍സിസ്‌കോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് മരണവിവരം സ്ഥിരീകരിച്ചു.

യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയയിലെ (ബെര്‍ക്ക്‌ലി) എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയായ സാകേതിനെ ക്യാമ്പസിന് ഒരു കിലോമീറ്റര്‍ അകലെയാണ് അവസാനമായി കണ്ടത്. കാണാതായതിനെത്തുടര്‍ന്ന് അന്‍സ, ബെര്‍ക്ക്‌ലി ഹില്‍സ് എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് പോലീസും സന്നദ്ധപ്രവര്‍ത്തകരും തിരച്ചില്‍ നടത്തിവരികയായിരുന്നു. ഐഐടി മദ്രാസിലെ മുന്‍ വിദ്യാര്‍ത്ഥി കൂടിയാണ് സാകേത്.

സാകേതിന്റെ മൃതദേഹം എത്രയും വേഗം ഇന്ത്യയിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. ഇതിനാവശ്യമായ എല്ലാ സഹായങ്ങളും കുടുംബത്തിന് ഉറപ്പാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. മരണകാരണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായി പ്രാദേശിക ഭരണകൂടവുമായി ബന്ധപ്പെട്ടുവരികയാണെന്നും കോണ്‍സുലേറ്റ് അറിയിച്ചു. അമേരിക്കയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന ഇത്തരം സംഭവങ്ങള്‍ പ്രവാസി സമൂഹത്തില്‍ വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.

Similar News