മലയാളികളടക്കം വിദേശങ്ങളില്‍ അഴിഞ്ഞാടരുത്; മര്യാദയും നിയമവും പാലിക്കണം; അമേരിക്കയില്‍ മോഷണക്കേസില്‍ ഇന്ത്യന്‍ യുവതി അറസ്റ്റില്‍ ആയതോടെ കണ്ണുരുട്ടി കേന്ദ്ര സര്‍ക്കാര്‍; നിമിഷ പ്രിയ കേസടക്കം പ്രതിസന്ധി; പ്രവാസി ഇന്ത്യാക്കാര്‍ കൂടുതല്‍ കരുതല്‍ എടുക്കേണ്ട സാഹചര്യം

Update: 2025-07-19 04:27 GMT

ലണ്ടന്‍: ലക്ഷകണക്കിന് ഇന്ത്യക്കാര്‍ വിദേശ രാജ്യങ്ങളില്‍ എത്തി തുടങ്ങിയത് ഒടുവില്‍ കേന്ദ്ര സര്‍ക്കാരിനും പൊല്ലാപ്പും തലവേദനയും സൃഷ്ടിക്കുന്നു. ഓരോ രാജ്യങ്ങളിലും സ്റ്റുഡന്റ് വിസയിലും മറ്റും എത്തി തുടങ്ങിയ മലയാളികള്‍ അടക്കമുള്ള ചെറുപ്പക്കാര്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ ലഭിക്കാന്‍ കാട്ടികൂട്ടുന്ന വിക്രിയകള്‍ അതാതു രാജ്യങ്ങളില്‍ ഇന്ത്യക്കാര്‍ എന്ന സത്‌പേരിനു ഇടിവ് തട്ടിക്കുന്നതായി മുന്‍പേ കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍ എത്തിയിരുന്നു. ഇതിനൊപ്പം യെമനില്‍ നിമിഷ പ്രിയ എന്ന മലയാളി യുവതി കൊലക്കേസില്‍ നേരിടുന്ന തൂക്കുകയര്‍ നടപ്പാക്കപ്പെട്ടാല്‍ കേന്ദ്ര സര്‍ക്കാര്‍ പരോക്ഷമായി പഴി കേള്‍ക്കേണ്ടി വരുന്ന സാഹചര്യവും നിലനില്‍ക്കുന്നുണ്ട്. ഇതെലാം മനസ്സില്‍ കണ്ടാണ് അമേരിക്കയില്‍ ഒരു ഇന്ത്യന്‍ യുവതി നടത്തിയ ഷോപ് ലിഫ്റ്റിങ് ഏറ്റെടുത്തു കേന്ദ്ര വിദേശ മന്ത്രി എസ് ജയശങ്കര്‍ തന്നെ പ്രവാസി ഇന്ത്യക്കാരോട് മര്യാദക്ക് ജീവിക്കാന്‍ അഭ്യര്‍ഥിക്കുന്നത്.

രണ്ടു മാസം മുന്‍പ് യുകെയില്‍ ബര്‍മിങ്ഹാമില്‍ ജോലി ചെയ്ത സ്ഥാപനത്തില്‍ നിന്നും ഒന്നരക്കോടിയിലേറെ രൂപ മോഷ്ടിച്ച കേസില്‍ തമിഴ് യുവതി ശിക്ഷിക്കപ്പെട്ടിരുന്നു. മലയാളി ചെറുപ്പക്കാര്‍ മുണ്ടുടുത്തു കടയില്‍ പോയി സാധനം വാങ്ങിയ ശേഷം മുണ്ടിനെ സഞ്ചിയാക്കി മാറ്റിയതും ട്യൂബ് ട്രെയിനില്‍ ചോറ് വാരിക്കഴിക്കുന്നതും യൂറോപ്യന്‍ നഗരമധ്യത്തില്‍ സാരിപാവട ഉടുത്തു വന്ന ശേഷം പൊതുജന സമക്ഷം സാരി ഉടുക്കുന്നത് തടയാന്‍ ശ്രമിച്ച സുരക്ഷാ ജീവനക്കാരെ ഇന്ത്യന്‍ യുവതി അസഭ്യം പറയുന്നതും ഒക്കെ സമീപകാലത്തുണ്ടായ സംഭവങ്ങളാണ്. ഇതിനൊപ്പം ഒട്ടേറെ മലയാളികള്‍ റോഡുകളില്‍ പരസ്യമായി നൃത്തം ചെയ്തു റീലുകള്‍ സൃഷ്ടിക്കുന്ന ട്രെന്റും ആരംഭിച്ചിട്ടുണ്ട്. ഇതിന്റെയെല്ലാം ആകെ തുക കുടിയേറ്റക്കാരോടുള്ള വിദ്വേഷം ആയി ഓരോ രാജ്യത്തും പുകഞ്ഞു കത്തും എന്നത് കൂടി മനസ്സില്‍ കണ്ടാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ തന്നെ ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ ഇറങ്ങിയിരിക്കുന്നത്.

ഒരാള്‍ ഏതെങ്കിലും രാജ്യത്ത് താമസിക്കുമ്പോള്‍ അവര്‍ ആ രാജ്യത്തെ പൗരനായാലും വിദേശ പൗരനായാലും അവിടത്തെ നിയമങ്ങള്‍ പാലിക്കേണ്ടത് അവരുടെ ഉത്തരവാദിത്തമാണ്. നമ്മുടെ ആളുകള്‍ വിദേശത്തേക്ക് പോകുമ്പോഴെല്ലാം, ആ രാജ്യത്തെ നിയമങ്ങളെ ബഹുമാനിക്കാനും പിന്തുടരാനും ഞങ്ങള്‍ അവരോട് ആവശ്യപ്പെടാറുണ്ട്. അതുവഴി അവര്‍ക്ക് നല്ല പ്രതിച്ഛായ കെട്ടിപ്പടുക്കാനും അതിലൂടെ നമ്മുടെ രാജ്യത്തിന്റെ പ്രതിച്ഛായ വര്‍ധിപ്പിക്കാനും സാധിക്കും'' എന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ അറിയിച്ചത്.

യുഎസിലെ ഇല്ലിനോയിയിലുള്ള ടാര്‍ഗറ്റ് സ്റ്റോറില്‍ മോഷണം നടത്തിയെന്നാരോപിച്ചാണ് ടൂറിസ്റ്റ് വീസയില്‍ എത്തിയ ഇന്ത്യന്‍ യുവതി അറസ്റ്റിലായത്. സ്റ്റോറില്‍ ഏഴ് മണിക്കൂറിലധികം സമയം ചെലവഴിച്ച ഇവരെ സംശയാസ്പദമായ പെരുമാറ്റത്തെത്തുടര്‍ന്നാണ് ജീവനക്കാര്‍ നിരീക്ഷിച്ചത്. ഏകദേശം 1300 ഡോളര്‍ വിലമതിക്കുന്ന സാധനങ്ങള്‍ (ഒരു ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) യുവതി മോഷ്ടിച്ചതായി അധികൃതര്‍ അറിയിച്ചു.

ടാര്‍ഗറ്റ് സ്റ്റോറിലെ ജീവനക്കാരന്‍ യുവതിയെ ദീര്‍ഘനേരം നിരീക്ഷിക്കുന്നതായും സാധനങ്ങള്‍ മോഷ്ടിക്കാന്‍ ശ്രമിച്ചതായും ആരോപിക്കുന്ന ദൃശ്യങ്ങള്‍ സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥരുടെ ബോഡിക്യാമില്‍ പതിഞ്ഞിട്ടുണ്ട്. ഇതിന്റെ വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ വൈറലായതിന് പിന്നാലെയാണ് വിദേശകാര്യമന്ത്രാലയം പ്രതികരിച്ചത്. യുവതി ഈ സാധനങ്ങള്‍ക്ക് പണം നല്‍കാമെന്ന് പൊലീസിനോട് പറയുന്നുണ്ട്. ''ഞാന്‍ ഈ രാജ്യത്ത് നിന്നുള്ള വ്യക്തിയല്ല. ഇവിടെ ദീര്‍ഘനാള്‍ തുടരാന്‍ പോകുന്നില്ല'' എന്നും പുറത്തുവിഡിയോയില്‍ യുവതി പറഞ്ഞിരുന്നു.

Tags:    

Similar News