ഓളമായി താളമായി താരമായി രാഹുലെത്തി; കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആവേശത്തോടെ കവന്‍ട്രിയില്‍; പ്രവാസ ലോകത്തും മലയാളികള്‍ നാടിനെ നെഞ്ചോട് ചേര്‍ത്ത് പിടിക്കുന്നത് ലോകത്തെവിടെയും കാണാത്ത കാഴ്ച; പാലക്കാട് നഗര സഭ കോണ്‍ഗ്രസിന്റെ കയ്യിലെത്തും
ലണ്ടന്‍: കേരളത്തില്‍ നിന്നും രാഷ്ട്രീയ നേതാക്കള്‍ വരുകയും പോകുകയും ചെയ്യുന്നത് അത്ര വലിയ വാര്‍ത്തയായി മാറാത്ത യുകെ മലയാളികള്‍ക്കിടയില്‍ കേവലം എംഎല്‍എ എന്ന വിശേഷണത്തോടെ എത്തിയ രാഹുല്‍ മാങ്കൂട്ടത്തിലിനു വീരോചിത സ്വീകരണം. സ്ത്രീകള്‍ അടക്കമുള്ളവര്‍ ആരാധനയോടെയാണ് രാഹുലിനെ കാണാന്‍ എത്തിയതും അദ്ദേഹത്തിനൊപ്പം സെല്‍ഫി സ്വന്തമാക്കിയതും. സാധാരണക്കാര്‍ക്കിടയില്‍ ഒരു ഹീറോയായി ഉയര്‍ന്ന ഉയര്‍ന്ന രാഹുലിന്റെ പൊളിറ്റിക്കല്‍ ഗ്രാഫ് എത്ര ഉയരെയാണ് എന്നതും പ്രവാസലോകത്ത് പോലും അദ്ദേഹത്തിന് ലഭിക്കുന്ന സ്വീകാര്യത തെളിവായി മാറുകയാണ്. ഒരോളമായ്, താളമായ് താരമായെത്തിയ രാഹുലിനെ യുകെയിലെ നാനാഭാഗത്തും നിന്നുമുള്ള പ്രവര്‍ത്തകര്‍ ചേര്‍ന്നാണ് കവന്‍ട്രി ടിഫിന്‍ ബോക്സില്‍ നടന്ന ചടങ്ങില്‍ സ്വീകരിച്ചത് .
ഇന്നലെ ഉച്ചക്ക് ബര്‍മിങ്ഹാം വിമാനത്താവളത്തില്‍ എത്തിയ രാഹുലിനെ ഒഐസിസി പ്രെസിഡന്റ്് ഷൈനു ക്ലെയര്‍ മാത്യൂസിന്റെ നേതൃത്വത്തില്‍ സ്വീകരിച്ച ശേഷം മണിക്കൂറുകള്‍ക്കകം വിശ്രമം പോലും ഇല്ലാതെയാണ് അദ്ദേഹം സ്വീകരണ ചടങ്ങിലേക്ക് എത്തിയത്. ബ്രിട്ടനിലെ സമയക്രമവുമായി പൊരുത്തപ്പെടാന്‍ ഉള്ള സമയം പോലും ലഭിക്കാതെ ക്ഷീണിതനായ രാഹുല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സ്നേഹം അടുത്തറിഞ്ഞതോടെ പൂര്‍വാധികം ഉഷാറാകുന്ന കാഴ്ചയും ടിഫിന്‍ ബോക്സില്‍ കാണാനായി.
ഒഐസിസി ഭാരവാഹികളായ ഷൈനു ക്ലെയര്‍, റോമി കുര്യാക്കോസ്, മണികണ്ഠന്‍ ഐക്കാഡ്, ജോബിന്‍ സെബാസ്റ്റിയന്‍ എന്നിവര്‍ നടത്തിയ ഹൃസ്വ പ്രസംഗത്തിന് ശേഷം രാഹുല്‍ നടത്തിയ മറുപടി പ്രസംഗവും ഹൃദയ സ്പര്‍ശി ആയിരുന്നു. ആയിരകണക്കിന് കിലോമീറ്ററുകള്‍ അകലെ പ്രവാസി ലോകത്തു നാടിന്റെ നന്മകളും ചൂടും ചൂരും ഹൃദയത്തിലേറ്റി ജീവിക്കുന്ന മറ്റൊരു പ്രവാസി സമൂഹത്തെ ലോകത്തെവിടെ ചെന്നാലും കാണാനാകില്ല എന്നാണ് അദ്ദേഹം എടുത്തു പറഞ്ഞത്. പൊതുവെ വിദേശ രാജ്യങ്ങളില്‍ അധികം പോകാറില്ലാത്ത തനിക്ക് എംഎല്‍എ ആയ ശേഷം ആദ്യമായി എത്താനായത് യുകെയില്‍ ആണെന്നത് ഒരു നിയോഗമായി മാത്രമാണ് തോന്നുന്നതും എന്നും പറഞ്ഞു . ഇപ്പോള്‍ നാട്ടിലെ ചെറു ആഘോഷങ്ങളില്‍ പോലും പ്രവാസികള്‍ വരുന്നതും സജീവമായി പങ്കെടുക്കുന്നതും ഒക്കെ സാധാരണ കാഴ്ചയാകുമ്പോള്‍ പരസ്പര സഹവര്‍ത്തിത്വം കൂടുതലായി ഉണ്ടാകുന്നതും ഏറ്റവും നല്ല അനുഭവമായി തോന്നുകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തിന്റെ നിലനില്‍പിന് പോലും സാധ്യമായ നിലയില്‍ വിദേശ നാണയം എത്തിക്കുന്ന പ്രവാസി സമൂഹത്തെ മറന്നു ഒരു മലയാളിക്കും മുന്നോട്ട് പോകാനാകില്ല എന്നും രാഹുല്‍ വ്യക്തമാക്കി. അതിനാല്‍ പ്രവാസികള്‍ ചൂണ്ടിക്കാട്ടുന്ന പ്രശ്നങ്ങള്‍ കേള്‍ക്കാനും അതിനു സാധ്യമായ പരിഹാരം കണ്ടെത്താനും സംസ്ഥാന സര്‍ക്കാരിനും കേന്ദ്ര സര്‍ക്കാരിനും ഉത്തരവാദിത്തമുണ്ട് എന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്ന് മാധ്യമ പ്രവര്‍ത്തകനായ കെ ആര്‍ ഷൈജുമോനുമായി നടത്തിയ ടോക്ക് ഷോയിലും രാഹുല്‍ കത്തിക്കയറുക ആയിരുന്നു. മാധ്യമ ലോകത്തെ തെറ്റായ പ്രവണതകള്‍ ചൂണ്ടികാണിച്ചു മുന്നേറിയ രാഹുല്‍ ക്ഷീണവും വിശ്രമമില്ലായ്മയും ഒക്കെ നൊടിനേരത്തില്‍ മറന്നു കളയുക ആയിരുന്നു.
ചോദ്യങ്ങളുടെ കൊണ്ടും കൊടുത്തും മറുപടി നല്‍കി മുന്നേറവെ പാലക്കാട് നഗരസഭാ 2025 ല്‍ കോണ്‍ഗ്രസിന്റെ കൈകളില്‍ എത്തും എന്നായിരുന്നു അദ്ദേഹം വ്യക്തമാക്കിയത്.ഒരു ഭരണസംവിധാനത്തെയും അട്ടിമറിച്ചു അധികാരം കൈക്കലാക്കുക എന്നത് കോണ്‍ഗ്രസ് നയം അല്ലാത്തതിനാല്‍ തികച്ചും ജനാധിപത്യ പ്രക്രിയയിലൂടെ തന്നെ പാലക്കാട് അധികാരത്തില്‍ എത്തും എന്നദ്ദേഹം ഉറപ്പിച്ചു പറയുക ആയിരുന്നു. വേണ്ടി വന്നാല്‍ രാഷ്ട്രീയ പിന്നാമ്പുറ കളി നടത്തുവാന്‍ തയാറായാല്‍ കോണ്‍ഗ്രസിന് ഇപ്പോള്‍ തന്നെ പാലക്കാട് സ്വന്തമാക്കാമെങ്കിലും അതിനു ശ്രമിക്കാത്തത് വളഞ്ഞ വഴി ആണെന്നത് കൊണ്ട് ആണെന്നും രാഹുല്‍ പറഞ്ഞു.
കോണ്‍ഗ്രസുകാരെ പേടിത്തൊണ്ടന്മാരും പോലീസിനെ കാണുമ്പോള്‍ ഓടുന്നവരും ഒക്കെയായി ചിത്രീകരിക്കുന്നത് ചില സിനിമാക്കാരുടെ കുല്സിത ബുദ്ധി ആണെന്ന ആക്ഷേപവും രാഹുല്‍ ഉന്നയിച്ചു. ക്ലാസ്‌മേറ്റ്സ് , ഒരു മെക്സിക്കന്‍ അപരത എന്നീ ചിത്രങ്ങളും അദ്ദേഹം പരാമര്‍ശിച്ചാണ് തന്റെ വാദത്തിന്റെ മൂര്‍ച്ച കൂട്ടിയത്. മാധ്യമങ്ങളാകട്ടെ ടിആര്‍പി റേറ്റിങ് കൂട്ടാന്‍ വാര്‍ത്ത തമ്സ്‌കരണവും അര്‍ദ്ധ സത്യങ്ങളുമായി നിറഞ്ഞാടുകയാണ്. പാലക്കാട് ബിജെപി രണ്ടാം സ്ഥാനത്തുള്ള പാര്‍ട്ടിയാകുമ്പോള്‍ അവരെ വിജയ പ്രതീക്ഷയില്‍ എത്തിക്കുന്നു എന്ന റിപ്പോര്‍ട്ടിങ് ശൈലി എരിവും പുളിയും ചേര്‍ന്നാല്‍ ജനങ്ങള്‍ കൂടുതല്‍ ആവേശത്തോടെ ആ വാര്‍ത്തകള്‍ തേടിയെത്തും എന്ന മാര്‍ക്കറ്റിംഗ് സ്ട്രാറ്റജിയുടെ ഭാഗം മാത്രമാണ്. പക്ഷെ ജനങ്ങള്‍ക്ക് മാധ്യമങ്ങളെക്കാള്‍ ഉയര്‍ന്ന ചിന്താഗതി ഉള്ളതിനാല്‍ ഇത്തരം ഗിമ്മിക്കുകള്‍ ഒന്നും ഏശാന്‍ ഉള്ള സാധ്യതയും ഇല്ലെന്നും രാഹുല്‍ ഓര്‍മ്മിപ്പിച്ചു.