വി.എസ്സിന്റെ മനസാക്ഷി സൂക്ഷിപ്പുകാരന്‍ ഇനി മലമ്പുഴയില്‍ 'കൈപ്പത്തി'യേന്തും; കോണ്‍ഗ്രസ് പ്രവേശനം സ്ഥിരീകരിച്ച് എ. സുരേഷ്; സി.പി.എമ്മിനെതിരെ ഉയര്‍ത്തുന്നത് കടുത്ത വിമര്‍ശനം
പാലക്കാട്: കേരള രാഷ്ട്രീയത്തിലെ അത്യപൂര്‍വ്വമായ നീക്കങ്ങള്‍ക്കൊടുവില്‍ വി.എസ്. അച്യുതാനന്ദന്റെ മുന്‍ പേഴ്‌സണല്‍ അസിസ്റ്റന്റ് എ. സുരേഷ് കോണ്‍ഗ്രസില്‍ ചേരുന്നു. സി.പി.എമ്മിന്റെ ഉരുക്കുകോട്ടയായ മലമ്പുഴയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി സുരേഷ് മത്സരരംഗത്തിറങ്ങും. കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചാലുടന്‍ തന്നെ മണ്ഡലത്തില്‍ പ്രചാരണ പരിപാടികള്‍ക്ക് തുടക്കം കുറിക്കുമെന്ന് സുരേഷ് വ്യക്തമാക്കി.
സി.പി.എമ്മിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളുമായാണ് സുരേഷ് കോണ്‍ഗ്രസിലേക്കുള്ള തന്റെ മാറ്റത്തെ ന്യായീകരിച്ചത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നത് ഇപ്പോള്‍ പേരില്‍ മാത്രമായി ഒതുങ്ങിയിരിക്കുകയാണെന്നും ഇടതുപക്ഷ മൂല്യങ്ങള്‍ പൂര്‍ണ്ണമായും ചോര്‍ന്നുപോയെന്നും അദ്ദേഹം ആരോപിച്ചു. 'പാര്‍ട്ടിയെ സ്‌നേഹിക്കുന്നവരും ഭരണത്തെ സ്‌നേഹിക്കുന്നവരും എന്നിങ്ങനെ രണ്ട് വിഭാഗമായി ഇടതുപക്ഷം മാറി. ഇതില്‍ ഭരണത്തെ സ്‌നേഹിക്കുന്ന ന്യൂനപക്ഷമാണ് ഇപ്പോള്‍ പാര്‍ട്ടിയെ നിയന്ത്രിക്കുന്നത്. വര്‍ഗീയതയ്‌ക്കെതിരെ ഇന്ത്യയില്‍ ഏറ്റവും വലിയ പോരാട്ടം നയിക്കുന്നത് കോണ്‍ഗ്രസാണെന്നും സി.പി.എമ്മും ബി.ജെ.പിയും തമ്മില്‍ അന്തര്‍ധാരയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
താന്‍ സ്വയമെടുത്ത തീരുമാനമാണ് കോണ്‍ഗ്രസ് പ്രവേശനമെന്ന് സുരേഷ് വ്യക്തമാക്കി. മലമ്പുഴയില്‍ കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കാനാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയിലെ താത്പര്യം. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം നോക്കിയാല്‍ കൈപ്പത്തി ചിഹ്നത്തില്‍ വോട്ടുചെയ്യാന്‍ ജനങ്ങള്‍ക്ക് മടിയില്ലെന്ന് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ വി.ഡി. സതീശന്‍ നയിച്ച 'പുതുയുഗ യാത്ര'യുടെ പാലക്കാട്ടെ സ്വീകരണ വേദിയില്‍ സുരേഷ് എത്തിയപ്പോള്‍ പ്രതിപക്ഷ നേതാവ് അദ്ദേഹത്തെ യു.ഡി.എഫിലേക്ക് സ്വാഗതം ചെയ്തിരുന്നു. അന്ന് രാഷ്ട്രീയ പാര്‍ട്ടികളില്‍ ചേരുന്നതിനോട് വിമുഖത കാട്ടിയിരുന്നുവെങ്കിലും നിലവിലെ രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്ത് ആ തീരുമാനം തിരുത്തുകയാണെന്ന് സുരേഷ് പറഞ്ഞു.
സി.പി.എം വിട്ട ടി.കെ. ഗോവിന്ദന്റെ നിലപാടിനെയും സുരേഷ് പരാമര്‍ശിച്ചു. കമ്മ്യൂണിസ്റ്റ് മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന സഖാക്കള്‍ എത്രത്തോളം വേദനയോടെയാണ് ഇപ്പോള്‍ പടിയിറങ്ങുന്നതെന്ന് ഗോവിന്ദന്റെ പത്രസമ്മേളനം കണ്ടാല്‍ മനസ്സിലാകുമെന്നും സുരേഷ് പറഞ്ഞു. ഇടതുപക്ഷത്തില്‍ ഇത്രത്തോളം ആഭ്യന്തര പ്രശ്‌നങ്ങളുണ്ടായ ഒരു തിരഞ്ഞെടുപ്പ് കാലം ചരിത്രത്തിലില്ലെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
