ഭര്‍ത്താവിന്റെ പരസ്ത്രീ ബന്ധത്തില്‍ മനോവിഷമത്തിലായി മക്കളെ കൊന്നു ആത്മഹത്യക്ക് ശ്രമിച്ച മലയാളി നഴ്‌സിന് 16 വര്‍ഷം ജയില്‍; അക്ഫീല്‍ഡ് കേസില്‍ പേര് പുറത്തു വരാതിരിക്കാന്‍ ബ്രിട്ടീഷ് കോടതിയുടെ അനുവാദം നേടിയ 39 കാരിക്ക് ലഭിച്ചത് പ്രതീക്ഷിച്ച ശിക്ഷ

Update: 2025-02-14 08:30 GMT

ലണ്ടന്‍: ഭര്‍ത്താവിന്റെ പരസ്ത്രീ ബന്ധത്തില്‍ മനസ് മടുത്ത മലയാളി നഴ്സ് കഴിഞ്ഞ വര്‍ഷം കുഞ്ഞുങ്ങള്‍ക്ക് വിഷം നല്‍കിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ച കേസില്‍ യുവതിയായ നഴ്‌സിന് 16 വര്‍ഷത്തെ ജയില്‍ ശിക്ഷ. തന്റെ പേര് വെളിപ്പെടുത്തുന്നതില്‍ നിന്നും മാധ്യമങ്ങളെ വിലക്കണം എന്ന യുവതിയുടെ അഭ്യര്‍ത്ഥന കോടതി സ്വീകരിച്ചതിനാല്‍ മലയാളി സമൂഹത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സംഭവത്തില്‍ പ്രതിയായ യുവതി കുറ്റക്കാരി ആണെന്ന് കോടതി വിധിക്കുമ്പോഴും പേര് പുറത്തുവിടാനാകാത്ത സാഹചര്യമാണ്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ഇതേ സമയം ഈ കേസിനെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുമ്പോഴും പേര് പുറത്തു വിട്ടിരുന്നില്ല. കോട്ടയം ഏറ്റുമാനൂരിന് അടുത്തുള്ള ഗ്രാമ നിവാസിയായ യുവതിയുടെ രണ്ടു മക്കളും ഇപ്പോള്‍ സര്‍ക്കാര്‍ സംരക്ഷണയിലാണ്. ഭര്‍ത്താവുമായുള്ള പിണക്കമാണ് വൈരാഗ്യ ബുദ്ധിയോടെ കടുംകൈക്ക് യുവതിയെ പ്രേരിപ്പിച്ചതെങ്കിലും സംഭവ സമയം നാട്ടില്‍ ആയിരുന്ന ഭര്‍ത്താവ് മടങ്ങി എത്തിയ ശേഷം യുവതിയെ സന്ദര്‍ശിച്ചു ബന്ധം മെച്ചപ്പെടുത്താന്‍ ശ്രമം നടത്തിയിരുന്നതായി ഹേവാര്‍ഡ് ഹീത്തിലെ മലയാളികള്‍ക്കിടയില്‍ സംസാരം നടന്നിരുന്നു. എന്നാല്‍ അത്തരം നീക്കങ്ങള്‍ ഒന്നും കേസില്‍ നിന്നും ശിക്ഷ ഒഴിവാക്കാന്‍ സഹായകമായില്ല എന്നതു തന്നെയാണ് ഇപ്പോള്‍ കടുത്ത ശിക്ഷ നല്‍കിയ കോടതി വിധിയിലൂടെ തെളിയുന്നത്.

ശിക്ഷ മുന്‍പേ പ്രതീക്ഷിച്ചതു തന്നെ, ദയ കാട്ടാതെ കനത്ത ശിക്ഷയുമായി കോടതി

ഹേവാര്‍ഡ് ഹീത്തിലും പരിസര പ്രദേശത്തും സുപരിചതരായിരുന്ന ഈ കുടുംബം ഏറെ മലയാളി സുഹൃത്തുക്കളെയും സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ യുവതിക്ക് ജീവപരന്ത്യം തുല്യമായ ശിക്ഷ ലഭിക്കാന്‍ സാധ്യതയുണ്ടെന്നും വ്യക്തമാക്കിയിരുന്നു. എന്നാല്‍ അന്ന് കുടുംബത്തെ പരിചയമുള്ളവര്‍ ഈ റിപ്പോര്‍ട്ടിനെ പുച്ഛിക്കുന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. പക്ഷെ അന്തിമ കോടതി വിധി വരുമ്പോള്‍ നിയമ വൃത്തങ്ങളുടെ സഹായത്തോടെ തയാറാക്കിയ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ച ശിക്ഷയേക്കാള്‍ കനത്തതാണ് ഇപ്പോള്‍ യുവതിയെ തേടി എത്തിയിരിക്കുന്നത്.

സാധാരണ നിലയില്‍ ഇത്തരം കോടതി വിധികളെ മേല്‍ക്കോടതിയില്‍ അപ്പീലിലൂടെ ചോദ്യം ചെയ്യണമെങ്കില്‍ കനത്ത തുക കോടതിയില്‍ കെട്ടി വയ്‌ക്കേണ്ടതിനാല്‍ സ്വാഭാവികമായും ഈ കേസിലെ പ്രതിയായ യുവതി നീണ്ട 16 വര്‍ഷവും ജയിലില്‍ തന്നെ കഴിയാനാണ് സാധ്യത. സാധാരണ നഴ്സെന്ന നിലയില്‍ ഇത്തരം കേസുകളില്‍ കോടതികള്‍ ശിക്ഷകളില്‍ കനിവ് കാട്ടാറുണ്ടെങ്കിലും ഈ കേസില്‍ പ്രതിയായ യുവതി അധിക കാലം ആയിട്ടില്ല യുകെയില്‍ എത്തിയിട്ട് എന്നതും കോടതിയുടെ കനിവിനു ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കാന്‍ വിഘാതമായിട്ടുണ്ടാകും എന്ന വിലയിരുത്തലാണ് എത്തുന്നത്.

കുറ്റകൃത്യത്തിന് നീണ്ട കാലത്തേ തയ്യാറെടുപ്പുകള്‍, മരണത്തില്‍ നിന്നും കുട്ടികള്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്

കുറ്റക്കാരിയായ യുവതി നീണ്ട നാളത്തെ തയ്യാറെടുപ്പുകളാണ് ഈ കേസില്‍ നടത്തിയതെന്നും കോടതി നിരീക്ഷിച്ചു. കുട്ടികള്‍ക്കും തനിക്കും മരിക്കാന്‍ ആവശ്യമായ വിധം ഓവര്‍ഡോസ് മരുന്നുകള്‍ ശേഖരിച്ചത് വലിയ തയാറെടുപ്പോടെയാണ്. ഈസ്റ്റ് സസെക്‌സിലെ അക്ഫീല്‍ഡില്‍ താമസിച്ചിരുന്ന യുവതിയും കുടുംബവും യുകെയില്‍ എത്തിയിട്ട് ഏതാനും വര്‍ഷമേ ആകുന്നുള്ളൂ. അക്കാലത്തു സോഷ്യല്‍ മീഡിയ അകൗണ്ടുകളില്‍ നിറപ്പകിട്ടാര്‍ന്ന ചിത്രങ്ങള്‍ അടിക്കടി പോസ്റ്റ് ചെയ്തിരുന്നതിനാല്‍ തികച്ചും സന്തോഷ പൂര്‍ണവും മാതൃകാപരവും ആയ ജീവിതമാണ് ഇവരുടേത് എന്നാണ് പൊതു സമൂഹം കരുതിയിരുന്നത്.

സംഭവ ദിവസം അമ്മയും മക്കളും ഒരേ ബെഡില്‍ കിടന്നാണ് ഓവര്‍ ഡോസില്‍ ഗുളികകള്‍ കഴിച്ചത്. കുട്ടികളോട് പാനിയത്തിനൊപ്പം ഗുളികകള്‍ കഴിക്കുവാന്‍ യുവതി ആവശ്യപ്പെടുക ആയിരുന്നു. പെയിന്‍ കില്ലറുകള്‍, ആന്റി ഡിപ്രസന്റ, ഉറക്ക ഗുളികള്‍ എന്നിവയെല്ലാം ചേര്‍ത്താണ് മൂവരും കഴിച്ചത്. എന്നാല്‍ ജീവനെടുക്കാന്‍ പാകത്തില്‍ ഗുളികകള്‍ ഇല്ലാതെ പോയതാണ് യുവതി നടത്തിയ ശ്രമം പാളാന്‍ ഇടയായത്. മാത്രമല്ല നാട്ടില്‍ ഉള്ള സഹോദരനോട് താനും മക്കളും ജീവന്‍ ഒടുക്കുകയാണ് എന്ന ശബ്ദ സന്ദേശം അയക്കുകയും അദ്ദേഹം ഉടന്‍ യുകെയില്‍ ബന്ധപ്പെടുകയും ചെയ്തതോടെയാണ് ജീവന്‍ രക്ഷ സംവിധാനങ്ങള്‍ പാഞ്ഞെത്തി മൂവരെയും ആശുപത്രിയില്‍ എത്തിച്ചത്. മയക്കത്തോടെയാണ് കുട്ടികളെ ആശുപത്രിയില്‍ എത്തിച്ചത്. കുട്ടികളില്‍ ഇളയ പത്തുവയസുകാരനെ ഛര്‍ദിച്ചു അവശ നിലയിലായി കണ്ണുകള്‍ തുറിച്ച നിലയില്‍ മരണത്തോട് ഏറെ അടുത്ത നിലയിലാണ് പാരാമെഡിക്‌സ് കണ്ടെത്തിയത്. മൂത്ത പെണ്‍കുട്ടി 13 വയസുകാരിയെ സുബോധം നഷ്ടമായി വീടിനുളില്‍ ലക്ഷ്യമില്ലാതെ നടക്കുന്ന നിലയിലും ആയിരുന്നു.

പെര്‍ഫെക്റ്റ് ഭാര്യയും അമ്മയും ആകാനുള്ള ശ്രമം പരാജയപെട്ടപ്പോള്‍

എന്നാല്‍ അമ്മയായ യുവതി ബോധം പൂര്‍ണമായും നഷ്ടമായിരുന്നില്ലെങ്കിലും പറയുന്ന കാര്യങ്ങളില്‍ വ്യക്തത ഇല്ലായിരുന്നു. ഏതാനും ദിവസത്തെ ആശുപത്രി ചികിത്സ കൊണ്ട് മൂവരും അതിശകരമായി ജീവിതത്തിലേക്ക് തിരിച്ചെത്തുക ആയിരുന്നു. ബുധനാഴ്ച കോടതിയില്‍ വിതുമ്പലോടെ ശിക്ഷ വിധി കേട്ട് നിന്ന യുവതി ചെയ്ത കാര്യത്തില്‍ പശ്ചാത്താപ വിവശ ആയിരുന്നു എന്നാണ് ബോധ്യപ്പെട്ടത്. കുടുംബത്തില്‍ പെര്‍ഫെക്റ്റ് ഭാര്യയും അമ്മയും ഓകെയാകാന്‍ നടത്തിയ ശ്രമത്തില്‍ ഏറെ ശ്രദ്ധ നല്‍കുന്ന സ്വഭാവമായിരുന്നു യുവതിയുടേത് എന്ന് ശിക്ഷ വിധി പ്രഖ്യാപിക്കവേ ജഡ്ജ് ക്രിസ്റ്റിന്‍ ലൈംഗ് കെസി വക്തമാക്കി. എന്നാല്‍ പ്രതീക്ഷക്ക് വിപരീതമായി കുടുംബം കൈവിട്ടു പോകുന്നു എന്ന ബോധ്യം ഉണ്ടായതോടെയാണ് സ്വയം ഇല്ലാതാകാനും കുട്ടികളെ കൂടി ആ ശ്രമത്തില്‍ പങ്കാളിയാക്കാനും യുവതി തയാറായത്. ഭര്‍ത്താവിനോടുള്ള പ്രതികാരത്തിനായി സ്വന്തം കുട്ടികളെ കൂടി ആയുധമാക്കി മാറ്റാന്‍ നടത്തിയ ശ്രമം സ്വാര്‍ത്ഥതയുടെ മകുടോദാഹരണമായി .

തനിക്ക് മറ്റൊരു ബന്ധം ഉണ്ടെന്നു ഭര്‍ത്താവ് തുറന്നു പറഞ്ഞതോടെ യുവതി മാനസികമായി തകര്‍ന്ന നിലയില്‍ ആയിരുന്നു എന്നും ലെവിസ് ക്രൗണ്‍ കോടതിയില്‍ നടന്ന വാദത്തില്‍ വ്യക്തമായി . ആദ്യം വീട്ടില്‍ നിന്നും പിന്നീട് ബ്രിട്ടനില്‍ നിന്നും പുറത്തു കടന്ന ഭര്‍ത്താവിന്റെ നടപടി യുവതിക്ക് താങ്ങാനാകുന്നതിലും അധികമായി. കഴിഞ്ഞ വര്ഷം ഫെബ്രുവരി ഏഴിന് ഓവര്‍ ഡോസ് ഗുളികകള്‍ സമാഹരിച്ച യുവതി ചായ സമയത്താണ് കുട്ടികളോട് തന്റെ പ്ലാന്‍ വ്യക്തമാകുന്നത്. എന്നാല്‍ ഭര്‍ത്താവ് കൂടെയില്ലാതെ തനിക്ക് ജീവിക്കാനാകുന്ന സാഹചര്യം അല്ലെന്നു യുവതി വ്യക്തമാാക്കിയതായി പ്രോസിക്യൂഷന്‍ വിഭാഗം കോടതിയെ അറിയിക്കുകയായിരുന്നു. കുട്ടികളെ ശാരീരികമായി കൊല്ലാന്‍ തനിക്ക് കഴിയില്ല എന്ന് ബോധ്യമായതോടെയാണ് മൂന്നു പേര്‍ക്കുമായി ഗുളികകള്‍ ശേഖരിച്ചു അതുവഴി മരണത്തിലേക്ക് എത്താം എന്ന് യുവതി തീര്‍ച്ചപ്പെടുത്തിയത്.

ഭര്‍ത്താവിന്റെയും പങ്കാളിയുടെയും കണ്മുന്നില്‍ ജീവിച്ചിരിക്കേണ്ടെന്ന തീരുമാനം

തന്റെ ഭര്‍ത്താവും പങ്കാളിയും കാരണം തങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയില്ല എന്നാണ് യുവതി സഹോദരനോട് വ്യക്തമാക്കിയത്. കുട്ടികള്‍ മിടുക്കര്‍ ആണെകിലും ഭര്‍ത്താവിന്റെയും പങ്കാളിയുടെയും മുന്നില്‍ അവര്‍ക്ക് ജീവിക്കാനാകില്ല എന്നും യുവതി പറഞ്ഞിരുന്നു. രാത്രിയോടെ കൃത്യം നടപ്പാക്കാന്‍ പ്ലാന്‍ ചെയ്താണ് ഗുളികകള്‍ ഒന്നിച്ചെടുത്തു മൂവരും ബെഡ്‌റൂമില്‍ എത്തിയത്. കൃത്യം പൂര്‍ത്തിയാകും വരെ ഗുളികകള്‍ ഒന്നൊന്നായി കഴിക്കണമെന്നും കുട്ടികളോട് നിര്‍ദേശം നല്‍കിയിരുന്നു എന്ന് യുവതി പിന്നീട് പോലീസിനോട് വ്യക്തമാക്കിയിരുന്നു. ഇടയ്ക്ക് ആണ്‍കുട്ടി മയക്കത്തിലേക്ക് പോയെങ്കിലും അവനെ വിളിച്ചുണര്‍ത്തി കൂടുതല്‍ ഗുളികകള്‍ നല്‍കുക ആയിരുന്നു. ഇതോടെയാണ് ആ കുട്ടി തീര്‍ത്തും അവശനായി മാറിയത്. പെണ്‍കുട്ടി ഛര്‍ദി തുടങ്ങിയതോടെ ഗുളികകള്‍ പുറത്തേക്ക് പോയിരിക്കാം എന്ന സംശയത്തെ തുടര്‍ന്ന് കൂടുതല്‍ ഗുളികകള്‍ കഴിക്കാന്‍ അവളോടും ആവശ്യപ്പെടുക ആയിരുന്നു.

പിറ്റേന്ന് പുലര്‍ച്ചെ ആറുമണിയോടെ പാരാമെഡിക്സ് എത്തി വീട് പൊളിച്ചു അകത്തു കടക്കുമ്പോള്‍ പെണ്‍കുട്ടി ഒരു ബെഡ്റൂമിന് പുറത്തു അലയുന്ന നിലയില്‍ ആയിരുന്നു. ആണ്‍കുട്ടി ഏറെക്കുറെ മരണത്തോട് അടുത്ത അവസ്ഥയില്‍ ആണെങ്കിലും അവന്റെ മുകളില്‍ കുഴഞ്ഞു വീണ നിലയില്‍ ആയിരുന്നു യുവതിയുടെ കിടപ്പ്. പെണ്‍കുട്ടിയോട് ഗുളിക കഴിച്ചോ എന്ന് പാരാമെഡിക്സ് ജീവനക്കാര്‍ ചോദിച്ചപ്പോള്‍ അവള്‍ തലയാട്ടിയതോടെ ഉടന്‍ ജീവന്‍രക്ഷാ ചികിത്സകള്‍ ആരംഭിക്കുക ആയിരുന്നു. കാലുകള്‍ നിലത്തു ഉറയ്ക്കാത്ത നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടി പാരാമെഡിക്സ് ജീവനക്കാരുടെ മുന്നില്‍ അടുക്കള സിങ്കില്‍ വീണ്ടും ഛര്‍ദ്ദിക്കുക ആയിരുന്നു . ഇതോടെ അമ്മയാണോ ഗുളികകള്‍ നല്‍കിയത് എന്ന ചോദ്യത്തിനും പെണ്‍കുട്ടി തലയാട്ടുക ആയിരുന്നു. പിന്നീട് കുട്ടികള്‍ ആശുപത്രി ചികിത്സയില്‍ ആരോഗ്യം വീണ്ടെടുത്തപ്പോള്‍ പോലീസ് നടത്തിയ ചോദ്യം ചെയ്യലിലും അമ്മയാണ് ഗുളികകള്‍ നല്‍കിയത് എന്ന് സ്ഥിരീകരിക്കുക ആയിരുന്നു. ഈ കുട്ടികള്‍ രണ്ടുപേരും ജീവിതകാലം മുഴുവന്‍ തങ്ങളുടെ 'അമ്മ കൊല്ലാന്‍ ശ്രമിച്ച ഓര്‍മ്മകളില്‍ ജീവിക്കേണ്ടി വരും എന്നതും കോടതി നടത്തിയ ഗൗരവതരമായ നിരീക്ഷണമാണ്.

Similar News