ഫൈന്‍ഡ് ലിനക്‌സ് കാര്‍ഡിഫിനും എഡിന്‍ബറോയ്ക്കും ബര്മിങ്ഹാമിനും പിന്നാലെ മാഞ്ചസ്റ്ററിലും ബെല്‍ഫാസ്റ്റിലും ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ കോണ്‍സുലേറ്റ് ഓഫീസ് തുറന്നു: യുകെയില്‍ മലയാളികള്‍ക്ക് ഇനി തൊട്ടടുത്ത് കോണ്‍സുലാര്‍ സേവനം
ലണ്ടന്‍: ബ്രിട്ടണില്‍ ബിര്‍മ്മിംഗ്ഹാമിനു പിന്നാലെ ബെല്‍ഫാസ്റ്റിലും മാഞ്ചസ്റ്ററിലും ഈയാഴ്ച ഇന്ത്യന്‍ കോണ്‍സുലേറ്റ് പ്രവര്‍ത്തനമാരംഭിച്ചു. ബ്രിട്ടീഷ് സന്ദര്‍ശനത്തിനെത്തിയ ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കറാണ് കോണ്‍സുലേറ്റുകള്‍ ഉദ്ഘാടനം ചെയ്തത്. 41 ബില്യന്‍ പൗണ്ടിന്റെ വാണിജ്യബന്ധം ഇതോടെ കൂടുതല്‍ ശക്തമാകും. നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ ബെല്‍ഫാസ്റ്റിലും വടക്കന്‍ ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിലുമാണ് ബുധനാഴ്ച പുതിയ കോണ്‍സുലേറ്റുകള്‍ പ്രവര്‍ത്തനം ആരംഭിച്ചത്.
ബെല്‍ഫാസ്റ്റിലും മാഞ്ചസ്റ്ററിലും കോണ്‍സുലേറ്റുകള്‍ പ്രവര്‍ത്തനമാരംഭിക്കുന്നത് ഇരു രാജ്യങ്ങളിലേയും പൗരന്മാര്‍ തമ്മില്‍ കൂടുതല്‍ ശക്തമായി വരുന്ന ബന്ധത്തെ സൂചിപ്പിക്കുന്നതായി യു കെ വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി പറഞ്ഞ്. അത് ലണ്ടനില്‍ മാത്രമല്ല, യു കെ മുഴുവനും ഈ ബന്ധം ശക്തമാവുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ നയതന്ത്ര പ്രാതിനിധ്യം വര്‍ദ്ധിപ്പിക്കുന്നത് വ്യാപാര ബന്ധത്തെ ശക്തിപ്പെടുത്തുമെന്നും, ഇന്ത്യന്‍ സമൂഹത്തിന് കൂടുതല്‍ മെച്ചപ്പെട്ട സേവനം ഉറപ്പാക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ മാസമാണ് ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുനരാരംഭിച്ചത്. ഈ ചര്‍ച്ച നല്ല രീതിയില്‍ പോവുകയാണെന്നതിന്റെ സൂചന കൂടിയാണ് രണ്ട് പുതിയ കോണ്‍സുലേറ്റുകള്‍ തുറക്കാനുള്ള തീരുമാനം. ചൊവ്വാഴ്ച ഹോം സെക്രട്ടറി യുവെറ്റ് കൂപ്പറുമായി ജയശങ്കര്‍ കൂടിക്കാഴ്ച നടത്തുകയുണ്ടായി. നൈപുണികളുടെ കൈമാറ്റം, പരസ്പര സഹായം, മനുഷ്യക്കടത്തും തീവ്രവാദവും തടയുന്നതില്‍ യോജിച്ചുള്ള പ്രവര്‍ത്തനം എന്നിവ ഇരുവരും ചര്‍ച്ച ചെയ്തു.
അതിനോടൊപ്പം ബിസിനസ്സ് ആന്‍ഡ് ട്രേഡ് സഹ സെക്രട്ടറി ജോനാഥന്‍ റെയ്നോള്‍ഡ്‌സുമായി കൂടിക്കാഴ്ച നടത്തിയ ജയശങ്കര്‍, സ്വതന്ത്ര വ്യാപാര കരാര്‍ ചര്‍ച്ചയുടെ പുരോഗതിയും ചര്‍ച്ച ചെയ്തു. ഇരു രാജ്യങ്ങളിലെയും വിദേശമന്ത്രിമാര്‍ തമ്മില്‍ നടത്തുന്ന കൂടിക്കാഴ്ചയില്‍, ഇരു രാജ്യങ്ങളും തമ്മിലുള്ള ഉപഭയകക്ഷി ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിനുള്ള കാര്യങ്ങള്‍ സംസാരിക്കും. പരസ്പരം സാമ്പത്തിക വളര്‍ച്ച കൈവരിക്കാന്‍ സഹായിക്കുക, സാങ്കേതിക വിദ്യാ കൈമാറ്റം, ആഗോള വെല്ലുവിളികളെ ഒരുമിച്ച് നേരിടുക തുടങ്ങിയവയിലായിരിക്കും കൂടുതല്‍ ഊന്നല്‍ നല്‍കുക.
യുക്രെയിന്‍ - റഷ്യന്‍ യുദ്ധവും മദ്ധ്യപൂര്‍വ്വ ഏഷ്യയിലെ സ്ഥിതിഗതികളും ചര്‍ച്ച ചെയ്യുമെന്നറിയുന്നു. സെക്രട്ടറിയായി ചുമതലയേറ്റെടുത്ത ശേഷം താന്‍ ആദ്യമായി സന്ദര്‍ശിച്ച രാജ്യങ്ങളിലൊന്ന് ഇന്ത്യയയിരുന്നു എന്ന് പറഞ്ഞ ലാമി, ഇരു രാജ്യങ്ങളുടെയും വളര്‍ച്ചക്കും സുരക്ഷിതത്വത്തിനുമായി ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും വ്യക്തമാക്കി.