ടോറികളുടെ ശാസ്ത്രീയ നിയന്ത്രണത്തില്‍ നെറ്റ് ഇമ്മിഗ്രെഷന്‍ പാതിയായി കുറഞ്ഞു; ഏറ്റവും വലിയ തിരിച്ചടി ഇന്ത്യക്കാര്‍ക്ക്; യുകെയില്‍ കുടിയേറ്റക്കാരുടെ കണക്കുകള്‍ പുറത്ത് വരുമ്പോള്‍ സ്റ്റാര്‍മാര്‍ സര്‍ക്കാര്‍ പ്രഖ്യാപനം കണ്ണില്‍ പൊടിയിടാന്‍

Update: 2025-05-23 03:47 GMT

ലണ്ടന്‍: ബ്രിട്ടണില്‍ ലേബര്‍ പാര്‍ട്ടി അധികാരമേല്‍ക്കുന്നതിനു മുന്‍പ് തന്നെ കുടിയേറ്റം റെക്കോര്‍ഡ് ഉയരത്തില്‍ നിന്നും കുത്തനെ ഇടിഞ്ഞതായി കണക്കുകള്‍ പുറത്ത്. 2024 ഡിസംബര്‍ വരെയുള്ള ഒരു വര്‍ഷക്കാലത്തിനിടയില്‍, ദീര്‍ഘകാലം താമസിക്കാനായി യു കെയിലേക്ക് കുടിയേറുന്നവരുടെ എണ്ണം 4,31,000 ആയി കുറഞ്ഞതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2023 ല്‍ ഇത് 8,60,000 ആയിരുന്നു. പൊതു തെരഞ്ഞെടുപ്പിന് മുന്‍പായി, കഴിഞ്ഞ വര്‍ഷം ജൂണില്‍ അവസാനിക്കുന്ന ഒരു വര്‍ഷക്കാലത്ത് ഇവരുടെ എണ്ണം 7,39,000 ആയി കുറഞ്ഞിരുന്നു. 2023 ജൂണില്‍ അവസാനിക്കുന്ന ഒരു വര്‍ഷക്കാലം ഇത് 9,06,000 ആയിരുന്നു.

കുടിയേറ്റ വിഷയത്തില്‍ തങ്ങള്‍ കൊണ്ടുവന്ന നിയന്ത്രണങ്ങള്‍ ഫലം കണ്ടു എന്നാണ് ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സിന്റെ (ഒ എന്‍ എസ്) കണക്കുകള്‍ വ്യക്തമാക്കുന്നതെന്ന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അവകാശപ്പെടുന്നു. അതിനിടെ, ഈ വര്‍ഷം മാര്‍ച്ച് അവസാനം 32,245 അഭയാര്‍ത്ഥികളെ ഹോട്ടലില്‍ താമസിപ്പിച്ചിട്ടുണ്ടെന്ന് മറ്റൊരു കണക്കും വ്യക്തമാക്കുന്നു. ഹോട്ടലുകളില്‍ അഭയാര്‍ത്ഥികളെ താമസിപ്പിക്കുന്നത് അവസാനിപ്പിക്കും എന്ന് സ്റ്റാര്‍മര്‍ ഉറപ്പ് നല്‍കിയിരുന്നു എന്നോര്‍ക്കണം.

കുടിയേറ്റം കര്‍ശനമായി നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ കഴിഞ്ഞാാഴ്ച പ്രധാനമന്ത്രി സര്‍ കീര്‍ സ്റ്റാര്‍മര്‍ പ്രഖ്യാപിച്ചിരുന്നു. ബ്രിട്ടന്‍ അപരിചിതരുടെ ഒരു ദ്വീപായി മാറുന്നു എന്ന വിശേഷണത്തോടെയാണ് അദ്ദേഹം ഇത് പ്രഖ്യാപിച്ചത്. കോമണ്‍വെല്‍ത്ത് രാജ്യങ്ങളില്‍ നിന്നും കുടിയേറ്റം വര്‍ദ്ധിക്കുന്നതിനെതിരെ 1968 ല്‍ അന്ന് ഷാഡോ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആയിരുന്ന എനോക്ക് പോവെല്‍ നടത്തിയ 'രക്തപ്പുഴകള്‍' പരാമര്‍ശവുമായി സ്റ്റാര്‍മറുടെ പരാമര്‍ശത്തെ ഉപമിക്കുന്നവര്‍ക്കെതിരെ പ്രധാനമന്ത്രിയുടെ ഓഫീസ് രംഗത്ത് വന്നിരുന്നു.

ഇ എന്‍ എസ്സിലെ ജനസംഖ്യാ കണക്കെടുപ്പ് വിഭാഗത്തിലെ ഡയറക്ടര്‍ ആയ മേരി ഗ്രിഗറി പറയുന്നത്, കഴിഞ്ഞ വര്‍ഷം നെറ്റ് ഇമിഗ്രേഷന്‍ മുന്‍ വര്‍ഷത്തേക്കാള്‍ പകുതിയോളമായി കുറഞ്ഞു എന്നാണ് പ്രാഥമിക കണക്കുകള്‍ വ്യക്തമാക്കുന്നത് എന്നായിരുന്നു. ജോലി ചെയ്യാനും പഠിക്കാനുമായി ആളുകള്‍ കുറഞ്ഞതാണ് പ്രധാനകാരണം. വിദ്യാര്‍ത്ഥികളുടെ ആശ്രിതര്‍ വരുന്നതും കാര്യമായി കുറഞ്ഞിട്ടുണ്ട്. വിസ ചട്ടങ്ങളില്‍ വരുത്തിയ മാറ്റങ്ങളാണ് ഇതിനു കാരണമായത്. മാത്രമല്ല, കോവിഡിനെ തുടര്‍ന്ന് യു കെയിലെക്കുള്ള യാത്രാ നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായും നീക്കിയതോടെ ഇവിടെ പഠിക്കാനും മറ്റുമായി നേരത്തെ വന്നിരുന്ന പലരും കൂട്ടത്തോടെ ബ്രിട്ടന്‍ വിട്ടതും നെറ്റ് മൈഗ്രേഷന്‍ കുറയാന്‍ കാരണമായിട്ടുണ്ട്.

കണ്‍സര്‍വേറ്റീവ് സര്‍ക്കാരിന്റെ കര്‍ശന നിയന്ത്രണങ്ങളാണ് നെറ്റ് ഇമിഗ്രേഷന്‍ കുറയാന്‍ ഇടയാക്കിയതെന്ന് ഷാഡോ ഹോംസെക്രട്ടറി ക്രിസ് ഫിലിപ് അവകാശപ്പെട്ടു. എന്നിരുന്നാലും, ഇപ്പോഴും നെറ്റ് ഇമിഗ്രേഷന്‍ വളരെ ഉയര്‍ന്ന നിലയിലാണെന്നും അത് ഇനിയും താഴേയ്ക്ക് കൊണ്ടുവരേണ്ടതുണ്ടെന്നും ക്രിസ് ഫിലിപ്പ് പറഞ്ഞു. അതുകൊണ്ടാണ് കുടിയേറ്റത്തിന് ഒരു വാര്‍ഷിക പരിധി നിശ്ചയിക്കണമെന്ന് തങ്ങള്‍ പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ലേബര്‍ പാര്‍ട്ടി ആ അവശ്യം നിരാകരിക്കുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

Similar News