ആനയ്ക്ക് സ്‌കാനിങ്ങും എക്റേയും എടുക്കാന്‍ കഴിയുന്ന ഹൈടെക്ക് ആശുപത്രി; കൂപ്പിലെ പീഡനത്തില്‍ നിന്ന് നിരവധി കരിവീരന്‍മാരെ രക്ഷിച്ചു; എന്നിട്ടും ആനക്കൊമ്പ് കള്ളക്കടത്തുകാരനെന്ന് ആക്ഷേപം; ഒടുവില്‍ സുപ്രീം കോടതിയുടെ ക്ലീന്‍ചിറ്റ്; തുടരും, അനന്ത് അംബാനിയുടെ 3000 ഏക്കറിലെ ഏദന്‍തോട്ടം!

തുടരും, അനന്ത് അംബാനിയുടെ 3000 ഏക്കറിലെ ഏദന്‍തോട്ടം!

Update: 2025-09-16 10:03 GMT

നമ്മുടെ നാട്ടിലെ ആന പ്രേമികളെ കണ്ടിട്ടില്ലേ. കാട്ടിലെ കരിവീരനെ പിടിച്ച് തല്ലി ചട്ടംപഠിപ്പിച്ച് നാട്ടാനയാക്കി, നെറ്റിപ്പട്ടം കെട്ടിച്ച് കൂറ്റന്‍ കതിനാവെടികളും തീവെട്ടികളൊമൊക്കെയായി കൊടുചൂടില്‍ എഴുന്നള്ളിക്കുമ്പോള്‍ ആര്‍പ്പുവിളിക്കുന്നവരാണ് അവര്‍. അവര്‍ ആനയെയല്ല അത് കൊടുക്കുന്ന കാഴ്ചയുടെ അനന്ദത്തെയാണ് സ്നേഹിക്കുന്നത്. എന്നാല്‍, യഥാര്‍ത്ഥ ആനസ്നേഹികള്‍ ചെയ്യുക, കരയിലെ ഏറ്റവും വലിയ മൃഗത്തെ ഈ ദുരിതത്തില്‍നിന്ന് രക്ഷിക്കാനുള്ള നടപടിയാണ്. അങ്ങനെയുള്ള ഒരു 'ട്രൂ എലിഫന്റ് ലവറാണ്' ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനായ, 100 കോടി ബില്യന്‍ യുഎസ് ഡോളറിന്റെ ആസ്തിയുള്ള മുകേഷ് അംബാനിയുടെ ഇളയ മകനും, 43 ബില്യന്‍ യുഎസ് ഡോളര്‍ ആസ്തിയുള്ള റിലയന്‍സ് ഗ്രീന്‍ എനര്‍ജിയുടെയും റിഫൈനറീസിന്റെയും തലവനുമായി അനന്ത് അംബാനി.

സര്‍വൈല്‍ ഓഫ് ദ ഫിറ്റസ്റ്റ് എന്ന തിയറിയിലല്ല, സര്‍വൈവല്‍ ഓഫ് ദ കൈന്‍ഡസ്റ്റ് എന്ന സിദ്ധാന്തത്തിലാണ് താന്‍ വിശ്വസിക്കുന്നത് എന്ന് പറയുന്ന, ഈ യുവ ബിസിനസ്മാന്‍ ആനയെ മാത്രമല്ല, എല്ലാ വന്യമൃഗങ്ങളെയും സ്നേഹിക്കുന്നു. ഇത്രകാലമായിട്ടും നമ്മുടെ ആനപ്രേമികള്‍ക്ക് ഒരു നല്ല വെറ്റിനറി ആശുപത്രിയോ, ആനകള്‍ക്കുണ്ടാവുന്ന അസുഖങ്ങള്‍ക്ക് ശാസ്ത്രീയമായ ചികിത്സയോ കൊടുക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ അനന്ത്, ലോകമെമ്പാടുമുള്ള രാജ്യങ്ങളിലെയും മൃഗങ്ങളെ രക്ഷിക്കാനും പുനരധിവസിപ്പിക്കാനും ലക്ഷ്യമിടുന്ന 3,000 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന 'വന്‍താര' എന്ന വന്യജീവി സംരക്ഷണ പദ്ധതി തുടങ്ങിയാണ് ലോകത്തെ ഞെട്ടിച്ചത്.

ഇവിടെ ആനകള്‍ക്കുള്ള ഹോസ്പിറ്റില്‍ അടക്കം എല്ലാ സംവിധാനങ്ങളുമുണ്ട്. ഗുജറാത്തിലെ റിലയന്‍സിന്റെ ജാംനഗര്‍ റിഫൈനറി കോംപ്ലക്‌സിന്റെ പരിസരത്താണ് ഈ അപൂര്‍വ സങ്കേതമുള്ളത്. നാഷണല്‍ ജിയോഗ്രാഫിക്ക് ചാനല്‍വരെ ഇവിടം സന്ദര്‍ശിച്ച് അനന്തിന്റെ പ്രവര്‍ത്തനങ്ങളെ പ്രശംസിക്കുകയും ലോകത്തിലെ അപൂര്‍വ മാതൃകയെന്ന് പ്രശംസിക്കുകയും ചെയ്തു. അസമിലെയും, അരുണാചലിലെയും കൂപ്പുകളില്‍ ദുരിത ജീവിതം നയിക്കുന്ന നിരവധി ആനകളെ അവര്‍ രക്ഷപ്പെടുത്തി, വന്‍താരയിലെത്തിച്ചു. ലോകമെമ്പാടുമുള്ള പരിസ്ഥിതി സ്നേഹികള്‍ ഇങ്ങോട്ട് ഒഴുകിയുമെത്തി.

പക്ഷേ നമ്മുടെ നാട്ടില്‍ വന്‍താരയെന്ന അംബാനി പുത്രന്റെ വന്യജീവി സംരക്ഷണം വന്‍ വിവാദമാവുകയാണ് ഉണ്ടായത്. ആനകളെ കള്ളക്കടത്ത് നടത്തുന്നത് തൊട്ട് കള്ളപ്പണം വെളുപ്പിക്കല്‍ അടക്കമുള്ള, കൊടിയ ആരോപണങ്ങളാണ് അനന്ത് അംബാനി നേരിട്ടത്. പക്ഷേ ഒടുവില്‍ സുപ്രീംകോടതിയുടെ ക്ലീന്‍ ചിറ്റ് കൊടുക്കുമ്പോള്‍ അത് വിവാദ കുതുകികള്‍ക്കുള്ള താക്കീത് കൂടിയാവുകയാണ്.

അനന്തിന്റെ ഏദന്‍തോട്ടം!

അനന്തിന്റെ ഏദന്‍തോട്ടമെന്നാണ്, 3000 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന വന്‍താരകണ്ട് നാഷണല്‍ ജിയോഗ്രാഫിക്ക് ചാനല്‍ റിപ്പോര്‍ട്ട് ചെയ്തത്. വന്‍താര അഥവാ 'വനത്തിന്റെ നക്ഷത്രം' എന്നാണ് അര്‍ത്ഥം. മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള ഐക്യവും സഹവര്‍ത്തിത്വവും നിലനിര്‍ത്തിക്കൊണ്ട് മൃഗസംരക്ഷണത്തെ പുതിയ ഉയരങ്ങളിലേക്ക് ഉയര്‍ത്താന്‍ ശ്രമിക്കുകയാണ് തങ്ങള്‍ ചെയ്യുന്നത് എന്നാണ്, 2024 ഫെബ്രുവരി 26-ന് ഈ കേന്ദ്രം ഉദ്ഘാടനം ചെയ്യവേ അനന്ത് അംബാനി പറഞ്ഞത്.


 



ആനകള്‍ക്ക് പ്രത്യേക സൗകര്യങ്ങളും പുള്ളിപ്പുലി, സിംഹം, കടുവ, മുതല എന്നിവയുള്‍പ്പെടെയുള്ള വിവിധ മൃഗങ്ങള്‍ക്ക് അത്യാധുനിക സൗകര്യങ്ങളുമാണ് വന്‍താര ഒരുക്കിയിരിക്കുന്നത്. മൊത്തം രണ്ടായിരത്തോളം മൃഗങ്ങളുണ്ട് ഇവിടെ.  ശാസ്ത്രീയമായി രൂപകല്‍പ്പന ചെയ്ത ചുറ്റുപാടുകള്‍ക്കൊപ്പം സംരക്ഷണ കേന്ദ്രത്തില്‍ ഹൈഡ്രോതെറാപ്പി പൂള്‍ അഥവാ ജലചികിത്സയ്ക്കായുള്ള കുളങ്ങള്‍, സന്ധിവാത ചികിത്സയ്ക്കുള്ള ആനകള്‍ക്കായുള്ള വലിയ ജക്കൂസി, ഒന്നിലധികം ജലാശയങ്ങളും ഒരുക്കിയിട്ടുണ്ട്. ആനകള്‍ക്ക് അടക്കം,എംആര്‍ഐ, എക്സ്-റേ, ഐസിയു, സിടി സ്‌കാന്‍, ഡെന്റല്‍ സ്‌കെയിലറുകള്‍, എന്‍ഡോസ്‌കോപ്പി, ലിത്തോട്രിപ്സി, ഡയാലിസിസ്, അള്‍ട്രാസൗണ്ട്,, ശസ്ത്രക്രിയകള്‍ക്കായി വീഡിയോ കോണ്‍ഫറന്‍സിങ് തുടങ്ങിയ വിപുലമായ സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നതാണ് വന്‍താരയിലെ ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള ആശുപത്രിയും മെഡിക്കല്‍ ഗവേഷണ കേന്ദ്രവും. ഏത് തരത്തിലുള്ള ശസ്ത്രക്രിയയും നടത്താന്‍ കഴിയുന്ന തരത്തിലാണ് ഇവയെല്ലാം സജ്ജീകരിച്ചിരിക്കുന്നത്.

ഹൈപ്പര്‍ബാറിക് ഓക്സിജന്‍ ചേമ്പറുകള്‍, ലേസര്‍ മെഷീനുകള്‍, പാത്തോളജി ലാബ് എന്നിവയ്‌ക്കൊപ്പം പ്രത്യേക പരിചരണവും ആനകള്‍ക്കായുള്ള ഈ ഹോസ്പിറ്റലില്‍ നല്‍കുന്നുണ്ട്. ഇവ കൂടാതെ ആനകള്‍ക്ക് മുഴുവന്‍ സമയ പിന്തുണയും മുള്‍ട്ടാണി-മിട്ടി മസാജും ആയുര്‍വേദ വിദഗ്ധര്‍ നല്‍കുന്നുണ്ട്. 14,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള അടുക്കള, വിദഗ്ധരായ പാചകക്കാര്‍, ഓരോ ആനയുടെ ആവശ്യങ്ങള്‍ക്കും വായ സംബന്ധമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും അനുസൃതമായി പ്രത്യേകം തയ്യാറാക്കിയ ഭക്ഷണവും നല്‍കുന്നു.

43 ഇനങ്ങളിലായി രണ്ടായിരത്തിലധികം മൃഗങ്ങളെ ചൂഷണ സാഹചര്യങ്ങളില്‍ നിന്ന് രക്ഷിക്കുകയും അഭയം കൊടുക്കുകയും ചെയ്തിട്ടുണ്ട് വന്‍താരയുടെ റെസ്‌ക്യൂ ആന്‍ഡ് റീഹാബിലിറ്റേഷന്‍ സെന്റര്‍.

കൂപ്പില്‍നിന്ന് ആനകളെ രക്ഷിക്കുന്നു

സ്വാമി വിവേകാനന്ദന്റെ 'ജീവ് സേവ' അഥവാ അനിമല്‍ കെയര്‍ എന്ന തത്ത്വചിന്തയില്‍ നിന്നാണ് തങ്ങള്‍ പ്രചോദനം ഉള്‍ക്കൊണ്ടതെന്നാണ് അനന്ത് പറയുന്നത്. വന്യജീവി സംരക്ഷണത്തോടുള്ള അനന്ത് അംബാനിയുടെ പ്രതിബദ്ധത, ജാംനഗറിലെ റിലയന്‍സിന്റെ പുനരുപയോഗ ഊര്‍ജ്ജ ശ്രമങ്ങളുടെയും ഭാഗമാണ്. 2035-ഓടെ ഒരു നെറ്റ് കാര്‍ബണ്‍ സീറോ എന്റിറ്റിയായി മാറാന്‍ റിലയന്‍സ് ഒരു ലക്ഷ്യം വെച്ചിട്ടുണ്ട്. ഈ സംരംഭം അംബാനി ഗ്രൂപ്പിന്റെ മൊത്തത്തിലുള്ള പാരിസ്ഥിതിക ഉത്തരവാദിത്ത സമീപനത്തെയാണ് പ്രതിഫലിപ്പിക്കുന്നുവെന്ന് വിദേശ മാധ്യമങ്ങള്‍വരെ എഴുതി.


 



2025 ജൂലൈ പാപ്പാന്‍മ്മാര്‍ക്ക് പഠനം ഒരുക്കിയും വന്‍താര ശ്രദ്ധേയമായി. കേരളത്തിലെ 60 പാപ്പാന്‍മാരുള്‍പ്പെടെ നൂറ്റമ്പതോളംപേരാണ് പരിശീലനത്തില്‍ പങ്കെടുത്തത്. വന്‍താരയില്‍ ഒരുക്കിയ സൗകര്യങ്ങള്‍ ഇന്ത്യയുടെ വിവിധ സ്ഥലങ്ങളിലുള്ള പാപ്പാന്‍മാരെ പരിചയപ്പെടുത്തുകയാണ് ഇവര്‍ പ്രധാനമായും ചെയ്തതെന്ന് പരിശീലനത്തില്‍ പങ്കെടുത്ത പാപ്പാന്‍മാര്‍ പറഞ്ഞു. കേരളത്തില്‍ പ്രായോഗികമാക്കാന്‍ പറ്റാത്ത രീതിയിലാണ് ഇവിടത്തെ ആനവളര്‍ത്തല്‍ എന്നും ഇവര്‍ പറയുന്നു. ഒരേക്കര്‍ സ്ഥലത്ത് ആനകളെ സ്വതന്ത്രരായി വിടുകയാണ് ചെയ്യുന്നത്. കേരളത്തിലെപ്പോലെ ആളുകളുമായി അടുത്തിടപഴകുന്ന രീതിയിലല്ല ഇവിടെ ആനകളെ പരിപാലിക്കുന്നത്.

ആധുനിക യന്ത്രസംവിധാനങ്ങളോടുകൂടിയ ആശുപത്രിയാണ് ഇവിടെയുള്ളത്. കേരളത്തില്‍ ഇത്തരത്തിലൊരു ആശുപത്രിക്ക് വര്‍ഷങ്ങള്‍ക്കുമുമ്പെ ശ്രമം ആരംഭിച്ചിരുന്നെങ്കിലും നടന്നില്ല. സ്‌കാനിങ് സംവിധാനങ്ങളും എക്‌സ്റേയും വീണുപോയ ആനയെ ഉയര്‍ത്താനുള്ള സംവിധാനവുമെല്ലാമുണ്ട്. സ്‌കാനിങ് പോലുള്ള പരിശോധനകളിലൂടെ എരണ്ടകെട്ടും മറ്റും കൃത്യമായി കണ്ടെത്താനും ചികിത്സിക്കാനും സാധിക്കുമെന്ന് അവര്‍ പറയുന്നു. ഹൈഡ്രോളിക് സംവിധാനമുള്ള ആനവണ്ടികളും ഇവിടെയുണ്ട്. ശ്രമിച്ചാല്‍ കേരളത്തിലും ഇത്തരം സംവിധാനങ്ങള്‍ ഒരുക്കാവുന്നതാണെന്ന് പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടത്. ജൂലായ് 25 മുതല്‍ 29 വരെയായിരുന്നു ഇവിടെ ക്ലാസ് നടന്നത്. ഗുരുവായൂര്‍ ദേവസ്വത്തില്‍നിന്നുമാത്രം ഇരുപതോളം പാപ്പാന്മാര്‍ ഇതില്‍ പങ്കെടുത്തിരുന്നു. കൊമ്പന്‍, പിടി, മോഴ എന്നിവയ്ക്കായി പ്രത്യേകമൊരുക്കിയ സ്ഥലങ്ങളിലേക്കാണ് ഓരോ സംഘത്തെയും വിട്ടത്.

'''200ലധികം ആനകളെ സംരക്ഷിച്ച് രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നും ഇവിടെ കൊണ്ടുവന്നിട്ടുണ്ട്. ഞങ്ങള്‍ ഇവിടെ ആനകളുടെ 'സേവ' ആണ് ചെയ്യുന്നത്. ഇതൊരു സുവോളജിക്കല്‍ പാര്‍ക്കല്ല, ഒരു 'സേവാലയ'യാണ്. 600 ഏക്കര്‍ പ്രദേശം ആനകളുടെ സ്വാഭാവിക ആവാസകേന്ദ്രമായി വികസിപ്പിച്ചെടുത്തിട്ടുണ്ട്''- ഈയിടെ നല്‍കിയ അഭിമുഖത്തില്‍ അനന്ത് പറഞ്ഞത് ഇങ്ങനെയാണ്. കഴിഞ്ഞ ജൂണില്‍, അരുണാചല്‍ പ്രദേശിലെ കൂപ്പുകളില്‍ ചൂഷണത്തിനിരയായി കഴിയുകയായിരുന്ന 20 ആനകളെയാണ് വന്‍താരയുടെ നേതൃത്വത്തിലുള്ള സംഘം രക്ഷപ്പെടുത്തിയത് വാര്‍ത്തയായിരുന്നു. 10 കൊമ്പനാന, 8 പിടിയാന, രണ്ട് കുട്ടിയാനകള്‍ എന്നിവയടങ്ങുന്ന സംഘത്തെയാണ് വന്‍താരയിലെത്തിക്കുന്നത്.സുപ്രീം കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ത്രിപുര ഹൈക്കോടതി രൂപീകരിച്ച ഉന്നതാധികാര സമിതിയാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. ആനകളുടെ നിലവിലെ ഉടമസ്ഥരുടെ സമ്മതത്തോടെയാണ് അവയെ വന്‍താരയിലെത്തിക്കുന്നത്. ഇവിടെ ആനകള്‍ക്ക് ചങ്ങലകളില്ലാതെ സ്വതന്ത്രമായി സഞ്ചരിക്കാന്‍ സാധിക്കും. ഇതാണ് യഥാര്‍ത്ഥ മൃഗസ്നേഹം. പക്ഷേ അതിന് അതികഠിനമായ വിമര്‍ശനവും വ്യാജ ആരോപണവുമാണ് അനന്ത് നേരിട്ടത്.

ട്രസ്റ്റിന്റെ പേരില്‍ പരാതി

എന്നാല്‍ അതിഗുരുതരമായ ആരോപണങ്ങളാണ് ഒരു വിഭാഗം പരിസ്ഥിതി പ്രവര്‍ത്തകരും ചില സാമൂഹിക പ്രവര്‍ത്തകരും ഈ പ്രൊജക്റ്റിനെതിരെ നടത്തിയത്. രാധാകൃഷ്ണ ടെംപിള്‍ എലിഫന്റ് വെല്‍ഫെയര്‍ ട്രസ്റ്റ് (ആര്‍.കെ.ടി.ഇ.ഡബ്ല്യൂ.ടി) എന്ന സംഘടനക്ക് കീഴിലാണ് വന്‍താരയുള്ളത്. 2022 നവംബര്‍ 7ന് വിഷയം കോടതിയിലെത്തി. അരുണാചല്‍ പ്രദേശ്, ത്രിപുര എന്നിവടങ്ങളിലെ സ്വാഭാവിക ആവാസവ്യവസ്ഥയില്‍ നിന്ന് 23 ആനകളെ ജാംനഗറിലെ രാധാകൃഷ്ണ ടെംപിള്‍ എലിഫന്റ് ട്രസ്റ്റിലേക്ക് മാറ്റുന്നത് ചോദ്യം ചെയ്തുകൊണ്ടാണ് പൊതുതാല്‍പര്യ ഹര്‍ജി വന്നത്്. ഇതേ തുടര്‍ന്ന് ത്രിപുര ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്, ട്രസ്റ്റിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് ഉന്നതാധികാര സമിതി രൂപീകരിച്ച് അന്വേഷണം നടത്താന്‍ ഉത്തരവിട്ടിരുന്നു.


 



ഈ ഉത്തരവ് പ്രകാരം രൂപീകരിക്കപ്പെട്ട സുപ്രീം കോടതിയിലെ മുന്‍ ജഡ്ജിയായ ജസ്റ്റിസ് ദീപക് വര്‍മ്മയുടെ നേതൃത്വത്തിലുള്ള എട്ടംഗ ഉന്നതാധികാര കമ്മിറ്റി 2022 ഡിസംബര്‍ 10-11 തീയതികളില്‍ പ്രദേശത്ത് രണ്ട് ദിവസത്തെ സര്‍വേ നടത്തുകയും അന്തിമ റിപ്പോര്‍ട്ട് 2023 ഏപ്രില്‍ 1 ന് സമര്‍പ്പിക്കുകയും ചെയ്തു. ആനകള്‍ക്കായി ഒരുക്കിയിരിക്കുന്ന അത്യാധുനിക സൗകര്യങ്ങളെ പ്രശംസിച്ച കമ്മിറ്റി റിപ്പോര്‍ട്ട്, ട്രസ്റ്റ് ഔപചാരികമായി 2019 ഒക്ടോബറില്‍ ഗുജറാത്തിലെ ചാരിറ്റി കമ്മീഷണറുടെ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും, ആനകളെ സംരക്ഷിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഒരു പതിറ്റാണ്ട് മുമ്പേ തുടങ്ങിയിരുന്നതായും വ്യക്തമാക്കലയുരുന്നു. ഗുജറാത്ത് പബ്ലിക് ട്രസ്റ്റ് ആക്ട്-1950, ബോംബെ പബ്ലിക് ട്രസ്റ്റ് (ഗുജറാത്ത്) റൂള്‍സ്-1961 എന്നിവയുടെ വ്യവസ്ഥകള്‍ അനുസരിച്ച് ട്രസ്റ്റ് അതിന്റെ ഓഡിറ്റ് റിപ്പോര്‍ട്ട് ചാരിറ്റി കമ്മീഷണര്‍ക്ക് പതിവായി ഫയല്‍ ചെയ്യുന്നുണ്ടെന്നും ഉന്നതാധികാര സമിതി റിപ്പോര്‍ട്ട് പറയുന്നു.

പക്ഷേ വിമര്‍ശകര്‍ അടങ്ങിയില്ല. അവര്‍ അംബാനിക്കെതിരെരായ രാഷ്ട്രീയ വിരോധവും അസൂയവുമെല്ലാമൂലം പുതിയ ആരോപണങ്ങളുമായി രംഗത്തെത്തി. ഉന്നതാധികാര സമിതിയിലെ റിപ്പോര്‍ട്ടിലെ ലൂപ്പ്ഹോളുകള്‍ പിടിച്ചായിരുന്നു പുതിയ ആരോപണം. സമിതി സമര്‍പ്പിച്ച 70 പേജുള്ള റിപ്പോര്‍ട്ടില്‍ 54-ാം പേജില്‍ 11 ആനകള്‍ ഇവിടെ മരണപ്പെട്ടതായി പറയുന്നു. ആനകള്‍ ചത്തത് ഗുജറാത്തിലെ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനെ അറിയിച്ചതായി ട്രസ്റ്റ് പറയുന്നുണ്ടെങ്കിലും അതില്‍ എത്ര കൊമ്പനാനയുണ്ടെന്ന് പരാമര്‍ശിച്ചിട്ടില്ല. മരണപ്പെട്ട ആനകളുടെ ആനക്കൊമ്പ്, പല്ലുകള്‍, തൊലി എന്നിങ്ങനെ വിലപിടിപ്പുള്ള അവശിഷ്ടങ്ങള്‍ എന്ത് ചെയ്തുവെന്നറിയാനായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിലെ കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍സ് മേധാവിക്ക് ഫെബ്രുവരി 19ന് ചോദ്യങ്ങളയച്ചുവെങ്കിലും പ്രതികരിച്ചിട്ടില്ല എന്നും വിമര്‍ശകര്‍ ആരോപിക്കുന്നു. 2017 സെപ്തംബറിലെ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം പുനരധിവാസ-രക്ഷാ കേന്ദ്രങ്ങളില്‍ പരമാവധി 50 ആനകള്‍ എന്ന പരിധി നിശ്ചയിച്ചിരുന്നുവെന്നതും ട്രസ്റ്റിലെ ആനകളുടെ എണ്ണത്തെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നു.

രാധാകൃഷ്ണ ടെംബിള്‍ എലിഫന്റ് വെല്‍ഫെയര്‍ ട്രസ്റ്റ് നിയന്ത്രിക്കുന്നത് റിലയന്‍സ് എക്‌സിക്യൂട്ടീവായ ധനരാജ് നത്വാനിയാണ്. രാജ്യസഭാ അംഗമായ പരിമള്‍ നത്വാനിയുടെ മകനായ ധനരാജ് നത്വാനി അംബാനി കുടുംബത്തിന്റെ ബിസിനസ് സാമ്രാജ്യത്തിലെ പ്രധാന വ്യക്തിയാണ്. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ കോര്‍പ്പറേറ്റ് സാമൂഹിക ഉത്തരവാദിത്വ ഫണ്ട് (സി.എസ്.ആര്‍) ഈ ട്രസ്റ്റിന് ലഭിക്കുന്നുണ്ട്. കോര്‍പ്പറേറ്റ് സാമൂഹിക ഉത്തരവാദിത്വ ഫണ്ട് സ്വന്തം താത്പര്യങ്ങള്‍ക്കായി വിനിയോഗിക്കുന്നതിനുള്ള റിലയന്‍സിന്റെ തന്ത്രമായും ആരോപണങ്ങള്‍ വന്നു. പക്ഷേ ഇതെല്ലാം സുപ്രീംകോടതിയില്‍ പൊളിഞ്ഞുവെന്നത് വേറെ കാര്യം.

ആനക്കടത്തെന്നും ആരോപണം

ആനകളെ കടത്തുന്നുവെന്ന അതിഗുരുതരമായ ആരോപണവും ട്രസ്റ്റിനുനേരെ ഉയര്‍ന്നു. ഇന്ത്യയിലുടനീളം വ്യാജ എന്‍.ഒ.സി വഴി ഗുജറാത്തിലേക്ക് ആനക്കടത്ത് നടത്തുന്നതായും പലതും ജാം നഗറിലെ ടെംപിള്‍ ട്രസ്റ്റിന് വേണ്ടിയാണെന്നും ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. 1972-ലെ വന്യജീവി സംരക്ഷണ നിയമ പ്രകാരം വംശനാശഭീഷണി നേരിടുന്നതില്‍പ്പെടുന്ന പട്ടികയിലാണ് ഏഷ്യന്‍ ആന. അതിനാല്‍ തന്നെ നിലവിലുള്ള നിയമങ്ങള്‍ അനുസരിച്ച്, ജീവനുള്ള ആനയെ കൈമാറ്റം ചെയ്യണമെങ്കില്‍ ബന്ധപ്പെട്ട സംസ്ഥാനത്തെ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനില്‍ നിന്നുള്ള എന്‍.ഒ.സി നിര്‍ബന്ധമാണ്. ഇത് ചൂണ്ടിക്കാട്ടിയും കേസ് വന്നു.


 



അരുണാചല്‍ പ്രദേശ്, ആസാം, ത്രിപുര എന്നിവിടങ്ങളില്‍നിന്ന് ജാം നഗറിലെ ട്രസ്റ്റിലേക്ക് കയറ്റി അയച്ച് രക്ഷപ്പെടുത്തി എന്ന് അവകാശപ്പെടുന്ന ആനകള്‍ 'ആരോഗ്യമുള്ളതും', 'യാത്രയ്ക്ക് യോഗ്യമായ' ആനകളാണെന്ന് നോര്‍ത്ത് ഈസ്റ്റ് നൗ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 'യാത്രയ്ക്ക് അനുയോജ്യം' എന്ന വെറ്റിനറി ഡോക്ടര്‍മാര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ ആവശ്യം രക്ഷപ്പെടുത്തുന്ന മൃഗങ്ങള്‍ക്ക് ആവശ്യമില്ല, എന്നാല്‍ ആര്‍.കെ.ടി.ഇ.ഡബ്ല്യൂ.ടി ലേക്ക് രക്ഷപ്പെടുത്തി എത്തിച്ച ആനകള്‍ക്ക് എന്തിനാണ് അത്തരം സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യകത എന്നും വന്യജീവി പ്രവര്‍ത്തകയായ മുബീന അക്തര്‍ നോര്‍ത്ത് ഈസ്റ്റ് നൗ റിപ്പോര്‍ട്ടില്‍ ചോദ്യം ഉന്നയിക്കുന്നു. 2023 ഏപ്രിലില്‍ കോടതി നിയോഗിച്ച സമിതി 23 ആനകളെ ആര്‍.കെ.ടി.ഇ.ഡബ്ല്യൂ.ടി ലേക്ക് മാറ്റാന്‍ ശുപാര്‍ശ ചെയ്ത നീക്കത്തെ വിവിധ വന്യജീവി സംഘടനകള്‍ എതിര്‍ത്തിരുന്നു. പ്രതിഷേധങ്ങള്‍ക്കിടയിലും അരുണാചല്‍ പ്രദേശിലെ നാംസായ് ജില്ലയില്‍ നിന്ന് 20 ആനകളെ ആര്‍.കെ.ടി.ഇ.ഡബ്ല്യൂ.ടി ലേക്ക് മാറ്റി. എന്നാല്‍ ഈ ആനകളൊക്കെ നാട്ടാനകളായിരുന്നെ അതോ അവയെ കാട്ടില്‍ നിന്ന് പിടികൂടി ബന്ദികളാക്കിയതാണോ എന്ന സംശയവും പരിസ്ഥിതി പ്രവര്‍ത്തകര്‍ ഉന്നയിക്കുന്നു.

2024 ഫെബ്രുവരിയില്‍ ത്രിപുരയില്‍ നിന്ന് ഗുജറാത്തിലേക്ക് 12 ആനകളെ കയറ്റി അയച്ചത് നിയമലംഘനമാണെന്ന് കാണിച്ച് ത്രിപുര ഹൈക്കോടതിയില്‍ ഒരു റിട്ട് ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ആനകള്‍ വ്യത്യസ്തമായ ആവാസവ്യവസ്ഥയുമായി പൊരുത്തപ്പെടുന്നതിനെക്കുറിച്ചുള്ള ആശങ്കകള്‍ ചൂണ്ടിക്കാട്ടി വന്യജീവി പ്രവര്‍ത്തകരും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. അരുണാചല്‍ പ്രദേശിലും ആസാമിലുള്ള കാടുകളില്‍ നിന്ന് ആനകളെ പിടികൂടി ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ വില്പന നടത്തുന്ന പതിവ് വര്‍ഷങ്ങളായി ഉണ്ടായിരുന്നു എന്നത് കൂടി ഇത്തരം സംശയങ്ങളുടെ ആക്കം കൂട്ടുന്നു.

നാല് ഇസ്രായേല്‍ സീബ്രകള്‍ക്ക് പകരമായി 2021 ല്‍ അസാം സ്റ്റേറ്റ് സൂവില്‍ നിന്ന് രണ്ട് കരിമ്പുലികളെ കൈമാറിയത് വിവാദങ്ങള്‍ക്ക് വഴി വെച്ചിരുന്നു. 1957-ല്‍ സ്ഥാപിതമായ ആസാം മൃഗശാലയുടെ സംരക്ഷണത്തിനായി 2017-ല്‍ രൂപീകരിച്ച ചിരിയഖാന സുരക്ഷ മഞ്ച് എന്ന സംഘടനയിലെ അംഗങ്ങളാണ് പ്രതിഷേധത്തിന് നേതത്വം നല്‍കിയത്. രാജ്യത്തെ കരിമ്പുലികളുടെ ഏക പ്രജനന കേന്ദ്രമാണ് അസാം സ്റ്റേറ്റ് സൂ. സെന്‍ട്രല്‍ സൂ അതോറിറ്റി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, സര്‍ക്കാരിന്റെ മൃഗശാലകള്‍ തമ്മില്‍ മാത്രമേ കൈമാറ്റം നടത്താവൂ എന്നായിരുന്നു ചിരിയഖാന സുരക്ഷ മഞ്ച് ആരോപിച്ചത്.

ഇത്തരത്തില്‍ കൈമാറ്റം നടത്തുമ്പോള്‍ ആ മൃഗശാലയുടെ പ്രജനനം, ശിശു ആരോഗ്യ സംരക്ഷണം, പരിപാലനം എന്നീ മേഖലകളിലെ മുന്‍കാല ട്രാക്ക് റെക്കോര്‍ഡ് പരിശോധിക്കണം എന്നാണ് 2008 ലെ സെന്‍ട്രല്‍ സൂ അതോറിറ്റി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പറയുന്നത് റിലയന്‍സിന്റെ നേതൃത്വത്തിലുള്ള മൃഗശാലയുടെ മാസ്റ്റര്‍ ലേ ഔട്ട് പ്ലാന്‍ 2019 ഫെബ്രുവരിയിലാണ് അംഗീകരിക്കപ്പെട്ടത്. അതില്‍ നിന്ന് തന്നെ ഇത്തരത്തില്‍ മൃഗങ്ങളെ കൈമാറ്റം ചെയ്യുന്നതിനുള്ള ട്രാക്ക് റെക്കോര്‍ഡിന്റെ കാര്യത്തിലും വ്യക്തതയില്ല എന്നാണ് വിമര്‍ശകര്‍ പറയുന്നത്. ആനകള്‍ക്ക് പാകം ചെയ്ത ഭക്ഷണം നല്‍കുന്നതിനെ പറ്റി ആനന്ത് അംബാനി വിശദമാക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇത്തരത്തില്‍ ജീവജാലങ്ങളെ അതിന്റെ നൈസര്‍ഗിക ആവാസ വ്യവസ്ഥയില്‍ നിന്ന് മാറ്റി പാര്‍പ്പിച്ചുകൊണ്ടുള്ള മൃഗപീഡനമാണ് ഇതെന്നും പരാതി വന്നു. അതുപോലെ ആനക്കൊമ്പ് വ്യാപാരം ചെയ്യുന്നതിനുള്ള അന്താരാഷ്ട്ര നിരോധനം നീക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ആഗ്രഹിക്കുന്നതായി മാധ്യമ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇത് അംബാനി ഗ്രൂപ്പിനുവേണ്ടിയാണെന്നും ആരോപണം ഉയര്‍ന്നിരുന്നു.

എല്ലാം തള്ളി സുപ്രീം കോടതി


 



എന്നാല്‍ ഈ ആരോപണങ്ങള്‍ ഒന്നും കോടതിയില്‍ നിലനിന്നില്ല. ഇന്നലെ വന്‍താരയ്ക്ക് സുപ്രീംകോടതിയുടെ ക്ലീന്‍ ചിറ്റ് ലഭിച്ചു. ഇതു സംബന്ധിച്ച് പ്രത്യേക അന്വേഷണ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ട് സുപ്രീം കോടതി ശരിവച്ചു. വിരമിച്ച സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ജസ്തി ചെലമേശ്വര്‍ അധ്യക്ഷനായ പ്രത്യേക അന്വേഷണ സംഘമാണ് (എസ്‌ഐടി) സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

ജസ്റ്റിസുമാരായ പങ്കജ് മിത്തലും പ്രസന്ന ബി വരാലെയും അടങ്ങുന്ന ബെഞ്ച് തുറന്ന കോടതിയില്‍ റിപ്പോര്‍ട്ട് വായിച്ചു. 1972-ലെ വന്യജീവി സംരക്ഷണ നിയമം, മൃഗശാല നിയമങ്ങള്‍, സിഇസഡ്എ മാര്‍ഗനിര്‍ദേശങ്ങള്‍, കസ്റ്റംസ് നിയമം, ഫെമ, പിഎംഎല്‍എ, എന്നിവയുടെ ലംഘനങ്ങള്‍ കണ്ടെത്തിയില്ല. എല്ലാം ഏറ്റെടുക്കലുകളും ഇറക്കുമതികള്‍ക്കും കൃത്യമായ അനുമതിയും രേഖകളും ഉണ്ടായിരുന്നു. വന്‍താരയിലെ മൃഗക്ഷേമപരിപാലനും, സംരക്ഷണം എന്നിവ നിശ്ചിത മാനദണ്ഡങ്ങളേക്കാര്‍ മുന്നിലാണ്. ആഗോള ശരാശരിക്ക് അനുസരിച്ച മരണനിരക്ക് മാത്രമേ ഇവിടെ ഉണ്ടായിട്ടുള്ളു. കാര്‍ബന്‍ ക്രെഡിറ്റുകള്‍ ജലം എന്നിവയുടെ ദുരുപയോഗം, കള്ളപ്പണം വെളുപ്പിക്കല്‍ എന്നീ ആരോപണങ്ങള്‍ അടിസ്ഥാന രഹതിതമാണെന്ന് കണ്ടെത്തി.

ഫണ്ടുകളുടെ ദുരുപയോഗമോ, കള്ളക്കടത്ത് ബന്ധങ്ങളോ കണ്ടെത്തിയില്ല എന്ന് കോടതി എടുത്തുപറഞ്ഞു. അപകീര്‍ത്തികരമായ പ്രസിദ്ധീകരങ്ങള്‍ക്കെതിരെ വന്‍താരക്ക് നിയമ നടപടി തുടങ്ങാമെന്നും എസ്ഐടി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് കോടതി അംഗീകരിച്ചു. വന്‍താരയുടെ മൃഗസംരക്ഷണ പ്രവര്‍ത്തനങ്ങളെ കോടതി പ്രംശസിച്ചു. അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ചവര്‍ക്ക് കോടതി മുന്നറിയിപ്പ് നല്‍കി.

കഴിഞ്ഞ ആഴ്ചയാണ് പെന്‍ഡ്രൈവ് സഹിതം സീല്‍ ചെയ്ത കവറില്‍ സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഉത്തരാഖണ്ഡ്, തെലങ്കാന ഹൈക്കോടതികളുടെ മുന്‍ ചീഫ് ജസ്റ്റിസ് ജസ്റ്റിസ് രാഘവേന്ദ്ര ചൗഹാന്‍, മുംബൈ മുന്‍ പൊലീസ് കമ്മീഷണര്‍ ഹേമന്ത് നഗ്രാലെ, മുതിര്‍ന്ന ഐആര്‍എസ് ഉദ്യോഗസ്ഥന്‍ അനീഷ് ഗുപ്ത എന്നിവരടങ്ങുന്നതാണ് എസ്‌ഐടി. വന്‍താരക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളിലെ വസ്തുത അന്വേഷിക്കാന്‍ ഓഗസ്റ്റ് 25- നാണ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കാന്‍ സുപ്രീം കോടതി ഉത്തരവിടുന്നത്. 1972 -ലെ വന്യജീവി (സംരക്ഷണ) നിയമ ലംഘനം ഉള്‍പ്പടെ ഇന്ത്യയില്‍ നിന്നും വിദേശത്തുനിന്നും ആനകളെയും മൃഗങ്ങളെ വാങ്ങിയതുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍, ജലം അല്ലെങ്കില്‍ കാര്‍ബണ്‍ ക്രെഡിറ്റുകള്‍ എന്നിവയുടെ ദുരുപയോഗം, സാമ്പത്തിക ക്രമക്കേടുകള്‍, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയ ആരോപണങ്ങളാണ് ഉയര്‍ന്നിരുന്നത്. സത്യം കണ്ടെത്താനുള്ള കോടതിയുടെ ശ്രമമായി മാത്രം പ്രത്യേക അന്വേഷണത്തെ കണ്ടാല്‍ മതി മതിയെന്നാണ് ജസ്റ്റിസ് മിത്തല്‍ അടങ്ങിയ ബെഞ്ച് അന്വേഷണത്തിന് ഉത്തരവിടുമ്പോള്‍ പറഞ്ഞത്. അത് ഇപ്പോള്‍ പൂര്‍ണ്ണമായും ശരിയായി.

ആത്മീയ വഴിയില്‍ നീങ്ങുന്ന കോടീശ്വരന്‍

ബൈക്ക് റൈസും, കാറോട്ടവും, വിമാനപ്പറത്തലും, വിദേശരാജ്യങ്ങളിലെ 'മൃഗയാവിനോദ'ങ്ങളുമൊക്കെയായി ജീവിതം അടിച്ചുപൊളിച്ച് ആസ്വദിക്കുന്ന ഒരു കോര്‍പ്പറേറ്റ് ധുര്‍ത്തുപുത്രനല്ല അനന്ത് അംബാനി. ഒരുതരം ആത്മീയ ജീവിയാണ് അയാള്‍. മുപ്പതാം ജന്മദിനത്തില്‍ തന്റെ കര്‍മഭൂമിയുമായ ജാംനഗറില്‍നിന്ന് 170 കിലോമീറ്റര്‍ താണ്ടി ദ്വാരകയിലേക്ക് അദ്ദേഹം നടത്തിയ യാത്രയും വാര്‍ത്തയായിരുന്നു. ഹനുമാന്‍ ചാലിസയും ദേവീ സ്തുതികളും ആലപിച്ചായിരുന്നു നടത്തം. കുഷിങ് സിന്‍ഡ്രോമെന്ന അപൂര്‍വ ഹോര്‍മോണ്‍ തകരാറു മൂലമുണ്ടാകുന്ന ബലഹീനത, അമിതവണ്ണം, ആസ്ത്മ, ഗുരുതര ശ്വാസകോശരോഗം എന്നിവയെ മറികടന്നാണ് അനന്തിന്റെ പദയാത്ര.


 



അംബാനിയുടെ മകന്‍ ആയതുകൊണ്ട് ഒരു വിഷമവും ഇല്ലാതെയാവും അനന്ത് വളര്‍ന്നത് എന്നാണ് നമ്മുടെ പൊതുധാരണ. ചെറുപ്പത്തിലേ ഒരു രോഗിയായിരുന്നു അനന്ത്. കടുത്ത ആസ്തമയായിരുന്നു പ്രശ്നം. ഇതിനുള്ള സിറ്റ്റോയിഡ് ചികിത്സ ശരീരഭാരം വളരെയധികം വര്‍ധിപ്പിക്കുന്നതിന് ഇടായക്കി. ഒരുവേള 208 കിലോഗ്രാംവരെ അദ്ദേഹത്തിന് ഭാരമുണ്ടായിരുന്നു. പക്ഷേ പുറത്തുള്ള പ്രചാരണം കോടീശ്വര പുത്രന്‍ തിന്നും കുടിച്ചും തടിയനായി എന്നായിരുന്നു! വിദ്യാര്‍ത്ഥിയായിരിക്കേ പൊണ്ണത്തടിയുടെ പേരില്‍ അനന്ത് ഏറെ പരിഹസിക്കപ്പെട്ടിട്ടുണ്ട്. പലപ്പോഴും ഇതോര്‍ത്ത് അവന്‍ കരയുമായിരുന്നു. ആസ്തമ രോഗികള്‍ക്ക് വ്യായാമം ചെയ്യാനും ബുദ്ധിമുട്ടാണ്. ചികിത്സയ്ക്കായി സ്റ്റിറോയിഡുകളുടെ ദീര്‍ഘകാല ഉപയോഗം പതിവിലും കൂടുതല്‍ വിശപ്പുണ്ടാക്കും. ഇത് ശരീരഭാരം വര്‍ദ്ധിപ്പിക്കാന്‍ ഇടയാക്കും. അതിനിടെ, 2016-ല്‍ അനന്ദ് വണ്ണം കുറച്ചത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

2000ത്തിലധികം മൃഗങ്ങള്‍ക്ക് അഭയം കോടീശ്വര പുത്രന്‍ എന്ന ടാഗ് ലൈനില്‍ മാത്രം അറിയപ്പെടേണ്ട ആളല്ല അനന്ത് അംബാനി. തികഞ്ഞ പരിസ്ഥിതി സ്നേഹി, മൃഗ സ്നേഹി, സര്‍വോപരി മനുഷ്യസ്നേഹി എന്ന നിലയില്‍ അദ്ദേഹം ഒരുപാട് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. നമ്മുടെ നാട്ടിലെ തെരുവുനായ സംഘടനകളെപ്പോലെ വെറും ഷോ കാട്ടാനുള്ള മൃഗസ്നേഹമല്ല. ശരിക്കും കോടികള്‍ മുടക്കിയാണ് അദ്ദേഹം മൃഗങ്ങള്‍ക്ക് അഭയം നല്‍കിയിരിക്കയാണ്. ഈ മൃഗസ്നേഹം തന്നെയാണ് അനന്തിനെയം ഭാര്യ രാധിക മെര്‍ച്ചന്റിനെയും തമ്മില്‍ അടുപ്പിച്ചതും. ബാല്യകാല സുഹൃത്തുക്കളായ ഇവ ര്‍ പിന്നീട് പ്രണയത്തില്‍ ആവുകയായിരുന്നു. ഇന്ന് വന്‍താര അടക്കമുള്ള അനനതിന്റെ ഡ്രീം പ്രോജക്റ്റുകള്‍ക്ക് ഒപ്പം രാധികയുമുണ്ട്. ഇപ്പോള്‍ സുപ്രീം കോടതിയുടെ ക്ലീന്‍ ചിറ്റ് ഇത്തരത്തിലുള്ള കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് അനന്തിന് ഊര്‍ജമാവുന്നു.

വാല്‍ക്കഷ്ണം: രണ്ടുവര്‍ഷംമുമ്പ്് കേരളത്തില്‍ നിന്ന് 'വന്‍താര'യിലേക്ക് ആനകളെ കൊണ്ടുപോകാന്‍ ശ്രമം നടന്നിരുന്നുു. ഇതിനായി പത്തോളം ആനകളുടെ പട്ടിക തയ്യാറാക്കുകയും ചെയ്തിരുന്നു. കടുത്ത എതിര്‍പ്പിനെത്തുടര്‍ന്നാണ് ഇത് നടക്കാതെ പോയത്. നമ്മുടെ കോര്‍പ്പറേറ്റ് പുച്ഛംവെച്ച് ' അംബാനി കേരളത്തിലെ ആനകളെയും കൊള്ളയടിക്കുന്നു' എന്ന് വാര്‍ത്ത വരാഞ്ഞത് ഭാഗ്യം!

Tags:    

Similar News