സമ്പൂര്‍ണ്ണ മദ്യവിരോധിയും സസ്യഭുക്കും കടുത്ത ഹൈന്ദവ വിശ്വാസിയും; അടിച്ചുപൊളിയൊന്നുമില്ലാഞ്ഞിട്ടും 1.83 ലക്ഷം കോടി രൂപയിലധികം ആസ്തിയുണ്ടായിരുന്നയാള്‍ പാപ്പരായി; ഇപ്പോള്‍ മക്കളുടെ ചിറകിലേറി തിരിച്ചുവരവ്; അലാവുദ്ദീന്‍ കഥപോലെ അനില്‍ അംബാനിയുടെ അത്ഭുത ജീവിതം!

അലാവുദ്ദീന്‍ കഥപോലെ അനില്‍ അംബാനിയുടെ അത്ഭുത ജീവിതം!

Update: 2025-07-02 09:30 GMT

കുടിച്ചുകൂത്താടി സര്‍വതും നശിപ്പിച്ച ഒരു കോര്‍പ്പറേറ്റ് ധൂര്‍ത്തുപുത്രന്‍! അനില്‍ അംബാനി എന്ന പാപ്പരായിപ്പോയ കോടീശ്വരനെക്കുറിച്ച് പറയുമ്പോഴുള്ള മലയാളികളുടെ പൊതുവികാരം ഇങ്ങനെയാണ്. ജീവിതം കള്ളിനും പെണ്ണിനും വേണ്ടി ഉഴിഞ്ഞുവെച്ച് നശിച്ചുപോയ ബിസിനസുകാരനാണ്, ലോകകോടീശ്വരപട്ടികയിലുള്ള മുകേഷ് അംബാനിയുടെ മുടിയനായ സഹോദരന്‍ എന്നത് നമ്മുടെ ഒരു മിഥ്യാധാരണയാണ്. സമ്പൂര്‍ണ്ണ മദ്യവിരോധിയും സസ്യഭുക്കുമാണ് അനില്‍ അംബാനി. ജീവിതത്തിന്റെ നല്ലകാലത്തുപോലും പാര്‍ട്ടികളില്‍ ഓറഞ്ച് ജ്യൂസാണ് അയാള്‍ കുടിച്ചിരുന്നത്. എറെ ഹെല്‍ത്ത് കോണ്‍ഷ്യസ് ആയ അനില്‍ മാരത്തോണ്‍ പോലുള്ള ഇവന്റുകളുടെ കടുത്ത ആരാധകനുമാണ്. കടുത്ത ഹൈന്ദവ വിശ്വാസിയും.

ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക തകര്‍ച്ചകളില്‍ ഒന്നായി, വിലയിരുത്തപ്പെടുന്നായിരുന്നു, അനില്‍ അംബാനിയുടെ തകര്‍ച്ച. 1.83 ലക്ഷം കോടി രൂപയിലധികം ആസ്തിയുണ്ടായിരുന്ന, ലോകത്തിലെ എറ്റവും വലിയ ധനികനില്‍നിന്ന്, പാളീസായി പാപ്പര്‍ ഹരജി ഫയല്‍ ചെയ്യേണ്ടി വന്ന അനിലിന്റെ കഥ ഇന്ത്യന്‍ ബിസിനസ് ലോകത്ത് സമാനതകള്‍ ഇല്ലാത്തതായിരുന്നു. ജ്യേഷ്ഠന്‍ മുകേഷ് അംബാനി ലോകത്തിലെ 11-ാമത്തെ ധനികനായി വളരവേയാണ് അനിയന്റെ ഈ ദുരവസ്ഥ. ഒരുകാലത്ത് ജ്യേഷ്ഠനേക്കാള്‍ കേമനായിരുന്നു അനുജന്‍. ആഗോള കോടീശ്വര പട്ടികയില്‍ 6-ാം സ്ഥാനം വരെ കണ്ടെത്താന്‍ അനില്‍ അംബാനിക്ക് സാധിച്ചിരുന്നു. എന്നാല്‍ എവിടെയോ വച്ച് താളം തെറ്റിയ അനില്‍ അംബാനിയുടെ സാമ്രാജ്യം കടങ്ങളിലേക്ക് കൂപ്പുകുത്തുന്നതാണ് പിന്നീട് കണ്ടത്. 2020-ല്‍ യുകെ കോടതിയില്‍ പാപ്പരത്വം പ്രഖ്യാപിക്കുന്നതു വരെ കാര്യങ്ങള്‍ എത്തിയിരുന്നു.

അനിലിനെക്കുറിച്ച് നല്ല വാര്‍ത്തകള്‍ ഒന്നും തന്നെ കഴിഞ്ഞ വര്‍ഷംവരെയും കേട്ടിരുന്നില്ല. എന്നാല്‍ 2024 തുടക്കം മുതല്‍ പതുക്കെ കഥമാറുകയാണ്. കഠിനാധ്വാനികളായ മക്കളുടെയും, സഹോദരന്‍ മുകേഷിന്റെയും പിന്തുണയോടെ, കടങ്ങള്‍ കുറേയൊക്കെ വീട്ടി പതുക്കെ തിരിച്ചുവരുന്ന അനിലിനെയാണ് പിന്നീട് ബിസിനസ് ലോം കണ്ടത്. അലാവുദ്ദീന്റെ അത്ഭുതവിളക്ക് കഥയില്‍ പറയുന്നതുപോലെയാണ് അനിലിന്റെ ജീവിതം. നഷ്ടപ്പെട്ടെന്ന് കരുതിയ ബിസിനസ് ലോകം അയാള്‍ പതുക്കെ തിരിച്ച് പിടിക്കയാണ്.

800 കോടിയുടെ കടം വീട്ടുന്നു

ലോകത്തിലെ ഏറ്റവും വലിയ ബിസിനസ് വീഴ്ചകളില്‍ ഒന്നായിട്ടാണ്, അനില്‍ അംബാനിയുടെ പതനം വിലയിരുത്തപ്പെട്ടത്. 2020-ലാണ് കടബാധ്യതയെ തുടര്‍ന്ന് അനില്‍ പാപ്പര്‍ ഹരജി നല്‍കിയത്. രാജ്യത്തെ ഏറ്റവും വലിയ പവര്‍ കമ്പനി ഉണ്ടാക്കാനായി ലക്ഷക്കണക്കിന് കോടി കടമെടുത്തത് ഒരു കോര്‍പ്പറേറ്റ് ചൂതാട്ടമായിരുന്നു അനില്‍ നടത്തിയതെന്ന് വിമര്‍ശനമുണ്ട്. അവസാനം ചൈനീസ് ബാങ്കുകള്‍ അറസ്റ്റ് ചെയ്യുമെന്നായപ്പോള്‍ മുകേഷ് ആണ് 500 മില്യണ്‍ ഡോളര്‍ കൊടുത്ത് അനിയനെ ജയിലില്‍നിന്ന് നിന്ന് രക്ഷിച്ചത്. ഇന്നും മുകേഷ് അംബാനി കുടുംബം അനിലിന് പിന്നില്‍ ഉറച്ച പിന്തുണയുമായുണ്ട്.


 



അനിലിന്റെ മക്കളായ ജയ് അന്‍മോല്‍ അംബാനി, ജയ് അന്‍ഷുല്‍ അംബാനി എന്നീ രണ്ടുപേരും ഇപ്പോള്‍ ബിസിനസിലുണ്ട്. മുകേഷ് അംബാനിയുടെയും മക്കളുടെയും പൂര്‍ണ്ണ പിന്തുണ ഇവര്‍ക്കുണ്ട്. അനിയനോട് ഉള്ള ദേഷ്യം മുകേഷിന്റെ അനിയന്റെ മക്കളോട് ഇല്ല എന്നാണ് മുംബൈ ബിസിനസ് പത്രങ്ങള്‍ എഴുതുന്നത്. അവര്‍ എല്ലാവരും ചേര്‍ന്നാണ് ഇപ്പോള്‍ റിലയന്‍സിനെ കരകയറ്റിയിരിക്കുന്നത്.

വന്‍ കടക്കണിയിലായിരുന്നു അനിലിന്റെ റിലയന്‍സ് ക്യാപിറ്റല്‍. ഇതില്‍ പണം നിക്ഷേപിച്ച ആയിരങ്ങളാണ് ആശങ്കയിലായിരുന്നത്. ഒടുവില്‍ ഹിന്ദുജ ഗ്രൂപ്പിന്റെ ഏറ്റെടുക്കല്‍ വന്നതോടെയാണ് നിക്ഷേപകര്‍ക്ക് ആശ്വാസമായത്. ഹിന്ദുജ ഗ്രൂപ്പ് സ്ഥാപനമായ ഇന്‍ഡസിന്‍ഡ് ഇന്റര്‍നാഷണല്‍ ഹോള്‍ഡിംഗ്സാണ്, 9,650 കോടി രൂപക്ക് റിലയന്‍സ് ക്യാപിറ്റലിനെ സ്വന്തമാക്കിയത്. അതിനുശേഷം അനില്‍ തിരിച്ചുവരവിന്റെ പാതയിലെത്തിയത്. അനില്‍ അംബാനി സാമ്രാജ്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട പേരുകളില്‍ ഒന്നായ റിലയന്‍സ് പവര്‍ വീണ്ടും കടരഹിതമായിരിക്കയാണ്. ബിസിനസ് സ്റ്റാന്‍ഡേര്‍ഡിന്റെ റിപ്പോര്‍ട്ട് പ്രകാരം ഈ അനില്‍ അംബാനി കമ്പനിക്ക്, ഏകദേശം 800 കോടി രൂപയുടെ കടബാധ്യതയാണ് ഉണ്ടായിരുന്നത്. ഇത് വീട്ടിക്കഴിഞ്ഞു.

അനില്‍ അംബാനിയുടെ റിലയന്‍സ് പവറിന് നിലവില്‍ 38 ലക്ഷത്തിലധികം റീട്ടെയില്‍ നിക്ഷേപകരുടെ പങ്കാളിത്തത്തോടെ 4016 കോടി രൂപയുടെ ഇക്വിറ്റി ബേസ് ഉണ്ട്. 5,900 മെഗാവാട്ടിന്റെ പ്രവര്‍ത്തന ശേഷി കമ്പനിക്കുണ്ട്. ഇന്ത്യന്‍ ഊര്‍ജ വിപണിയിലെ മികച്ച സംരംഭങ്ങളില്‍ ഒന്നു തന്നെയാണ് ഇത്. ഇപ്പോള്‍ അവര്‍ക്ക് ഭൂട്ടാന്‍ അടക്കമുള്ള രാജ്യങ്ങളിലും നിക്ഷേപമുണ്ട്. ്ഭൂട്ടാനില്‍ 1270 മെഗാവാട്ട് സോളാര്‍, ജലവൈദ്യുത പദ്ധതികള്‍ റിലയന്‍സ് ഗ്രൂപ്പിനുള്ളത്. ഭൂട്ടാനിലെ പുനരുപയോഗ, ഹരിത ഊര്‍ജ മേഖലയിലെ നിക്ഷേപങ്ങള്‍ക്കായി റിലയന്‍സ് എന്റര്‍പ്രൈസസ് എന്ന പുതിയ കമ്പനിയും രൂപീകരിച്ചിട്ടുണ്ട്. രണ്ട് വര്‍ഷത്തിനുള്ളില്‍ ഇത് 250 മെഗാവാട്ട് വീതമുള്ള 500 മെഗാവാട്ട് സോളാര്‍ പ്ലാന്റ് സ്ഥാപിക്കാനാണ് നീക്കം. ഭൂട്ടാനിലെ ഗെലെഫു മൈന്‍ഡ്ഫുള്‍നെസ് സിറ്റിയിലാണ് സോളാര്‍ പവര്‍ പ്ലാന്റ് സ്ഥാപിക്കുന്നത്. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ഈ മേഖലയിലെ ഏറ്റവും വലിയ സോളാര്‍ പ്ലാന്റ് ആയിരിക്കും ഇതെന്നാണ് പറയുന്നത്.

അതുപോലെ അനില്‍ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന് (ആര്‍-ഇന്‍ഫ്ര) ഇപ്പോഴം നിരവധി വര്‍ക്കുകള്‍ ഉണ്ട്. ആര്‍- ഇന്‍ഫ്രയുടെയും മുംബൈ മെട്രോപൊളിറ്റന്‍ റീജിയണല്‍ ഡെവലപ്‌മെന്റ് അതോറിറ്റിയുടെ (എംഎംആര്‍ഡിഎ) സംയുക്ത ഉടമസ്ഥതയിലുള്ള പൊതു-സ്വകാര്യ പങ്കാളിത്ത പദ്ധതിയായ മുംബൈ മെട്രോ വണ്‍ അതിലൊന്നാണ്. ഇതിന് ഏകദേശം മൂല്യം 4,000 കോടി രൂപയാണ്. വെറും മുടിയനായ പുത്രനാക്കി അനിലിനെ എഴുതിത്തള്ളാനാവില്ലെന്ന് ചുരുക്കം.

2,0000 കോടിയുടെ പ്രതിരോധ നിക്ഷേപം

അനില്‍ അംബാനിയുടെ രണ്ടാംവരവില്‍ അവര്‍ ഏറെ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് പ്രതിരോധ മേഖലയിലാണ്. റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചറിന്റെ അനുബന്ധ സ്ഥാപനമായ റിലയന്‍സ് ഡിഫന്‍സ്, യുഎസ് കമ്പനിയുമായി ഉണ്ടാക്കിയ കരാര്‍ ഏവരെയും ഞെട്ടിച്ചിരുന്നു. യുഎസ് പ്രതിരോധ വകുപ്പിന്റെ അംഗീകൃത കരാറുകാരായ കോസ്റ്റല്‍ മെക്കാനിക്‌സുമായാണ് അനില്‍ അംബാനി പങ്കാളിത്തം പ്രഖ്യാപിച്ചിരിക്കുന്നത്. 20,000 കോടി രൂപയുടെ പദ്ധതിയാണിത്. ഈ ഡീല്‍ ഇന്ത്യന്‍ സായുധ സേനയ്ക്ക് വലിയ നേട്ടമാകുമെന്നാണു വിലയിരുത്തല്‍.




 


ഇന്ത്യന്‍ സായുധ സേനയ്ക്ക് എന്‍ഡ്-ടു-എന്‍ഡ് മെയിന്റനന്‍സ്, അപ്ഗ്രേഡ്, ലൈഫ് സൈക്കിള്‍ സപ്പോര്‍ട്ട് സൊല്യൂഷനുകള്‍ എന്നിവ നല്‍കുന്നതിലാകും റിലയന്‍സ് ഡിഫന്‍സിന്റെ ശ്രദ്ധ. ജാഗ്വാര്‍ യുദ്ധവിമാനങ്ങള്‍, മിഗ്-29 യുദ്ധവിമാനങ്ങള്‍, അപ്പാച്ചെ ഹെലികോപ്റ്ററുകള്‍, എല്‍-70 എയര്‍ ഡിഫന്‍സ് തോക്കുകള്‍, ദീര്‍ഘകാല സുസ്ഥിരതയും ആധുനികവല്‍ക്കരണവും ആവശ്യമുള്ള മറ്റ് പാരമ്പര്യ സംവിധാനങ്ങള്‍ എന്നിവയ്ക്ക് സഹകരണം ഗുണം ചെയ്യുമെന്നു കമ്പനി പ്രതീക്ഷിക്കുന്നതായി ഇക്കണോമിക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

സഹകരണത്തിന്റെ ഭാഗമായി ഇരുവരും ചേര്‍ന്ന് മഹാരാഷ്ട്രയിലെ മിഹാനില്‍ ഒരു പുതിയ പ്ലാന്റ് സ്ഥാപിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇന്ത്യന്‍ സായുധ സേന ഉപയോഗിക്കുന്ന വിവിധ വ്യോമ, കര പ്രതിരോധ പ്ലാറ്റ്ഫോമുകള്‍ക്ക് ഈ പ്ലാന്റ് സേവനം നല്‍കും.യുഎസ് വ്യോമസേനയ്ക്കും, യുഎസ് സൈന്യത്തിനും നിര്‍ണായക ഘടകങ്ങളും, സേവനങ്ങളും നല്‍കുന്ന കമ്പനിയാണ് കോസ്റ്റല്‍ മെക്കാനിക്‌സ്.

അതുപോലെ അനിലിന്റെ മറ്റൊരു നേട്ടമാണ്, ധീരുഭായ് അംബാനി ഡിഫന്‍സ് സിറ്റി. ഇന്ത്യയിലെ പ്രതിരോധ മേഖലയിലെ ഏറ്റവും വലിയ സ്വകാര്യ കമ്പനിയുടെ ഗ്രീന്‍ഫീല്‍ഡ് പദ്ധതിയായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ പ്രതിരോധ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനികളായ ടാറ്റ ഗ്രൂപ്പ്, അദാനി, ലാര്‍സന്‍ ആന്‍ഡ് ടര്‍ബോ എന്നിവയുടെ നിരയിലേയ്ക്കാണ് റിലയന്‍സ് ഇന്‍ഫ്ര ഉയരുന്നത്. നിലവില്‍ 10,073 കോടി രൂപ വിപണി മൂല്യമുള്ള റിലയന്‍സ് ഇന്‍ഫ്ര, അതിന്റെ അനുബന്ധ സ്ഥാപനങ്ങള്‍ വഴി ഇതോടകം 1,000 കോടിയിലധികം രൂപ മൂല്യം വരുന്ന പ്രതിരോധ ഉപകരണങ്ങള്‍ കയറ്റുമതി ചെയ്തിട്ടുണ്ട്. റിലയന്‍സ് ഇന്‍ഫ്രയുടെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനങ്ങളായ ജയ് ആര്‍മമെന്റ്‌സ് ലിമിറ്റഡ്, റിലയന്‍സ് ഡിഫന്‍സ് ലിമിറ്റഡ് എന്നിവ ഇതിനകം ആയുധങ്ങളും, വെടിക്കോപ്പുകളും നിര്‍മ്മിക്കുന്നതിന് സര്‍ക്കാരില്‍ നിന്ന് ലൈസന്‍സ് നേടിയിട്ടുള്ള കമ്പനികളാണ്. ആറ് പ്രമുഖ ആഗോള പ്രതിരോധ കമ്പനികളുമായി സഹകരണമുള്ള കമ്പനികളാണിവ. ഫ്രഞ്ച് പ്രതിരോധ കമ്പനികളായ ദസ്സാള്‍ട്ട് ഏവിയേഷന്‍, തേല്‍സ് എന്നിവയുമായി ആര്‍- ഇന്‍ഫ്രയ്ക്ക് സഹകരണമുണ്ടെന്നും ഇക്കണോമിക്ക് ടൈംസ് ചൂണ്ടിക്കാട്ടുന്നു. ചുരുക്കിപ്പറഞ്ഞാല്‍, പഴയ പ്രതാപകാലത്തിന്റെയത്രയൊന്നും, വരില്ലെങ്കിലും ലോകം മുഴുവന്‍ കോടികളുടെ പ്രൊജക്റ്റാണ് അനിലുള്ളത്.

മക്കളിലുടെ രക്ഷപ്പെട്ട പിതാവ്

'പുത്' എന്ന നരകത്തില്‍നിന്ന് പിതാവിനെ രക്ഷിക്കുന്നവന്‍ എന്നാണ് പുത്രന്‍ എന്ന വാക്കിന് അര്‍ത്ഥമായി പറയാറുള്ളത്. കടുത്ത ഹൈന്ദവ വിശ്വാസിയായ, അനില്‍ അംബാനിയെ സംബന്ധിച്ച് അത് ശരിയാവുകയാണ്. ഈ തിരിച്ചുവരവിന്റെ സമയത്താണ് ആരാണ് അനിലിന്റെ പ്രധാന സഹായികള്‍ എന്ന ചോദ്യത്തിന്, ഇക്കണോമിക്ക് ടൈംസ് അടക്കമുള്ള മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്, അദ്ദേഹത്തിന്റെ മക്കളെയാണ്. മൂത്തമകന്‍ ജയ് അന്‍മോള്‍, ഇളയ മകന്‍ ജയ് അന്‍ഷുല്‍ എന്നിവരാണ് തങ്ങളുടെ സബ്സിഡറി കമ്പനികളെ വിജയത്തിലെത്തിച്ച്, അനില്‍ അംബാനി ബ്രാന്‍ഡിന്റെ കീര്‍ത്തി കാത്തത്. അതോടൊപ്പം അനുജനോടുള്ള ഏല്ലാവാശിയും വൈരാഗ്യവും മാറ്റിവെച്ച്, ചേട്ടന്‍ മുകേഷും, അവര്‍ക്ക് പുര്‍ണ്ണ പിന്തുണ കൊടുത്തു.


 



അംബാനി കുടുംബത്തിലെ എല്ലാ പുതുതലമുറക്കുമെന്നപോലെ, അനില്‍ അംബാനിയുടെ മക്കള്‍ക്കും ഉന്നത വിദ്യാഭ്യാസമാണ് ലഭിച്ചത്. മൂത്തമകന്‍ ജയ് അന്‍മോള്‍, മുംബൈയിലെ കത്തീഡ്രല്‍, ജോണ്‍ കോണണ്‍ സ്‌കൂള്‍, യുകെയിലെ സെവന്‍ ഓക്‌സ് സ്‌കൂള്‍ എന്നിവിടങ്ങളിലാണ് സ്ുകള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് യുകെയിലെ വാര്‍വിക്ക് ബിസിനസ് സ്‌കൂളില്‍ നിന്നും ബിരുദം എടുത്തു. പഠനകാലത്തുതന്നെ, 18 വയസ്സുള്ളപ്പോള്‍ റിലയന്‍സ് മ്യൂച്വല്‍ ഫണ്ടില്‍ ഇന്റേണ്‍ഷിപ്പ് ചെയ്തു. പഠനം പൂര്‍ത്തിയാക്കിയ ശേഷം റിലയന്‍സ് മ്യൂച്വല്‍ ഫണ്ടില്‍ ജോലി ചെയ്യാന്‍ തുടങ്ങി. 2017-ല്‍ റിലയന്‍സ് ക്യാപിറ്റലിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായി നിയമിതനായി. ജയ് അന്‍മോള്‍ ഇന്ന് ആര്‍ ഇന്‍ഫ്രയുടെ അടക്കം പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നു.

ഇളയ മകന്‍ ജയ് അന്‍ഷുല്‍ അംബാനിയാണ്, അംബാനികുടുംബത്തിലെ ഇളമുറക്കാരില്‍ ഏറ്റവും മിടുക്കനെന്നാണ് മാധ്യമങ്ങള്‍ എഴുതുന്നുത്. അമേരിക്കന്‍ സ്‌കൂളില്‍ നിന്നാണ് അന്താരാഷ്ട്ര ബക്കാലോററ്റ് പഠനം അദ്ദേഹം പൂര്‍ത്തിയാക്കിയത്. ബിസിനസ് മാനേജമെന്റില്‍ ബാച്ചിലേഴ്സ് ഡിഗ്രിയുമുണ്ട്. ന്യൂയോര്‍ക്ക് യൂണിവേഴ്സിറ്റിയിലെ സ്റ്റേണ്‍ സ്‌കൂള്‍ ഓഫ് ബിസിനസ്സിലാണ് അദ്ദേഹം ബാച്ചിലേഴ്സ് ഡിഗ്രി പൂര്‍ത്തിയാക്കിയത്. പിതാവ് അനില്‍ അംബാനിയെ പോലെ കടുത്ത ഹിന്ദു മത വിശ്വാസിയാണ് അദ്ദേഹം. ബിസിനസ് ലോകത്ത് റിലയന്‍സ് മ്യൂച്ചല്‍ ഫണ്ടിലായിരുന്നു അന്‍ഷുലിന്റെ തുടക്കം. റിലയന്‍സ് ക്യാപിറ്റലിന്റെയും ഭാഗമായിരുന്നു അദ്ദേഹം.

റിലയന്‍സ് ബിസിനസ് ഗ്രൂപ്പിലെ ഭാവിയില്‍ നയിക്കാന്‍ പോകുന്ന പ്രമുഖനായി അന്‍ഷുല്‍ വളര്‍ന്ന് കൊണ്ടിരിക്കുകയാണെന്ന് ബിസിനസ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. മുമ്പ് റിലയന്‍സ് ഇന്‍ഫ്ര ബോര്‍ഡിന്റെ ഭാഗമായിരുന്നു അന്‍ഷുല്‍. എന്നാല്‍ ആറ് മാസം കൊണ്ട് അവിടെ നിന്ന് രാജിവെച്ചു. റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ച്ചറില്‍ മാനേജ്മെന്റ് ട്രെയിനിയായും ജോലിനോക്കി. അനില്‍ അംബാനിയും, മുകേഷ് അംബാനിയും തുടങ്ങിയത് ഇതുപോലെ തന്നെയായിരുന്നു. മുകേഷ് അംബാനിയുടെ കൂടെയും, ജയ് അന്‍ഷുല്‍ അംബാനി പ്രവര്‍ത്തിച്ചിട്ടുണ്ട്. അനിയന്റെ മകനെക്കുറിച്ച് തനിക്ക് അഭിമാനമുണ്ടെന്നാണ്, ഏഷ്യയിലെ ഏറ്റവും വലിയ കോടീശ്വരന്‍ ഒരിക്കല്‍ പറഞ്ഞത്. ജയ് അന്‍ഷുല്‍ അംബാനിയുടെ പുതിയ പല സംരംഭങ്ങള്‍ക്കും ഫണ്ട് ചെയ്യുന്നത് വല്യച്ചനായ മുകേഷ് അംബാനിയാണെന്നും പറഞ്ഞുകേള്‍ക്കുന്നുണ്ട്. ്ഒരുപക്ഷേ അനില്‍ അംബാനി ഭാവിയില്‍ അറിയപ്പെടുക, അന്‍ഷുല്‍ അംബാനിയുടെ പിതാവ് എന്ന പേരിലായിരിക്കുമെന്നാണ് ബ്ലൂംബര്‍ഗ് എഴുതിയത്.


 



ബിഗ് ബിയുമായി ആത്മബന്ധം

ഒരുകാലത്ത് മുബൈ പത്രങ്ങള്‍ ഫാഷന്റെയും, ട്രെന്‍ഡിന്റെയും, പുതിയ സംരംഭങ്ങളുടെയും ആശയങ്ങളുടെയുമൊക്കെ തലച്ചോറായി ഒരുപാട് എഴുതിപ്പിടിപ്പിച്ചത് അനില്‍ അംബാനിയെ ആയിരുന്നു. മുകേഷില്‍ ആയിരുന്നില്ല, അനിലില്‍ ആയിരുന്നു, ധീരുഭായ് അംബാനിയുടെയും പ്രതീക്ഷകള്‍. ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നന്റെ മകന്‍ ആയിട്ടും അധികം പ്രണയങ്ങളും അനിലിന് ഉണ്ടായിരുന്നില്ല. നടി ടീന മുനിമിനെയാണ് അദ്ദേഹം വിവാഹം ചെയ്തത്. ഫാഷന്റെയും ഗ്ലാമറിന്റെയും ലോകത്ത് നിന്ന് വന്ന, ടീനയെ വിവാഹം കഴിക്കാന്‍ വലിയ എതിര്‍പ്പുകള്‍ അംബാനി കുടുംബത്തില്‍ ഉണ്ടായിരുന്നു. എന്നാല്‍ അനില്‍ ഇക്കാര്യത്തില്‍ പിതാവിനെപ്പോലും വകവെച്ചില്ല. പക്ഷേ വിവാഹശേഷം ടീന സ്‌നേഹം നിറഞ്ഞ പെരുമാറ്റത്തിലുടെ കുടുംബത്തിന്റെ അരുമായി. അംബാനി കുടുംബത്തില്‍ ഐക്യം കൊണ്ടുവന്നതിലും വലിയ പങ്ക് അവര്‍ക്കുണ്ട്.

അനില്‍ അംബാനിയും അമിതാഭ് ബച്ചനുമായുള്ള സുഹൃത് ബന്ധത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ടീന, ബോളിവുഡ് നടിയായിരുന്ന കാലം മുതലുള്ള ആത്മബന്ധമാണിത്. തന്റെ എ.ബി.സി കോര്‍പ് എന്ന കമ്പനിക്ക് വലിയ കടബാധ്യതകളുണ്ടായപ്പോള്‍ 90 കോടി രൂപ വായ്പയായി നല്‍കാമെന്ന് ധീരുഭായ് അംബാനി പറഞ്ഞിരുന്നതായി ബച്ചന്‍ പല അഭിമുഖങ്ങളിലും വെളിപ്പെടുത്തിയിട്ടുണ്ട്.

ഇപ്പോഴും ബോളിവുഡ് ഇതിഹാസം അനിലിന് ഒപ്പം നില്‍ക്കുന്നു. അംബാനിക്ക് ബിസിനസില്‍ തിരിച്ചടി നേരിട്ട കാലങ്ങളിലും സൂപ്പര്‍താരത്തിന്റെ പിന്തുണ അദ്ദേഹത്തിന് ലഭിച്ചിരുന്നു. പക്ഷേ അംബാനിയുമായി ബിസിനസ് ബാന്ധവമൊന്നും ബച്ചനില്ല. അടുത്തിടെ അനില്‍ അംബാനിയുടെ തിരിച്ചു വരവ് സംബന്ധിച്ച് ബച്ചന്‍ ഒരു പ്രസ്താവന നടത്തിയിരുന്നു. അനില്‍ അംബാനിയുടെ ആത്മാര്‍ത്ഥതയും, ഒരിക്കലും പരാജയം സമ്മതിക്കാത്ത മനസ്സും അദ്ദേഹത്തിന്റെ കൈമുതലാണെന്ന് ബിഗ് ബി സോഷ്യല്‍ മീഡിയയിലൂടെ പറഞ്ഞു. റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചറും, ദസാള്‍ട്ട് ഏവിയേഷനും തമ്മില്‍ 2000 ഫാല്‍ക്കണ്‍ ജെറ്റ് ഡീല്‍ നടന്നതിനെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.


 



കരുതലോടെ ചവുടുവെച്ച് അനില്‍ കുടുംബം

മദ്യപാനവും സ്ത്രീലമ്പടത്തവും ഒന്നും ഇല്ലാതിരുന്നിട്ടും, അനില്‍ അംബാനി പാപ്പരായത് മക്കള്‍ക്ക് മുന്നിലും ഒരു പാഠമാണ്. വ്യക്തിപരമായി അനിലിന്റെ ദൗര്‍ബല്യമായി അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ കാണുന്നത്, പെട്ടെന്നു ദേഷ്യവും, വെട്ടൊന്ന് മുറി രണ്ട് എന്ന ശൈലിയുമാണ്. ബിസിനസ് ജീവിതത്തലും ഇതേ ശൈലി തുടര്‍ന്നതാണ് അയാള്‍ക്ക് തിരിച്ചടിയായത്. അല്ലായെ കുടിച്ച് കൂത്താടി ആഢംബര ജീവിതം നയിച്ചതുകൊണ്ട് പറ്റിയതല്ല ഇതൊന്നും.

ചെറുപ്പത്തില്‍ തന്നെ ധീരുഭായി അംബാനിയുടെ രണ്ട് ആണ്‍ മക്കളും രണ്ട് വ്യത്യസ്ത ധ്രുവങ്ങളില്‍ ആയിരുന്നു. മുകേഷ് അന്തര്‍മുഖനും, അനില്‍ ഉല്ലാസ പ്രിയനും. ശാന്തനും, മൃദുഭാഷിയുമായ മൂത്തമകനേക്കാള്‍ ധീരുഭായി അംബാനിക്ക്, അല്‍പ്പം ഇഷ്ടക്കൂടുതല്‍ കുസൃതിയും, ഊര്‍ജസ്വലനായ ഇളയമകനോട് ആയിരുന്നു. ധീരുഭായിയുടെ രൂപ സാദൃശ്യംപോലും കൂടുതല്‍ ഉണ്ടായിരുന്നത് അനിലാണ്. അതുകൊണ്ടുതന്നെ ധീരുഭായിയുടെ യഥാര്‍ത്ഥ പിന്‍ഗാമി അനിലാണെന്ന് മുംബൈ മാധ്യമങ്ങള്‍ എഴുതി. പക്ഷേ അധ്വാനത്തിന്റെ കാര്യത്തില്‍ മുകേഷ് ആണ് മുന്നില്‍.

1985-ല്‍ പിതാവിന് മസ്തിഷ്‌കാഘാതമുണ്ടായതിനെത്തുടര്‍ന്ന് കമ്പനിയുടെ സാമ്പത്തിക ബന്ധങ്ങളുടെ ദൈനംദിന നടത്തിപ്പ് ഏറ്റെടുത്തയും അനില്‍ ആയിരുന്നു. ധീരുഭായ് അംബാനിയുടെ മരണത്തിന് മൂന്ന് വര്‍ഷത്തിന് ശേഷം, റിലയന്‍സ് സാമ്രാജ്യം മുകേഷിന്റെ നേതൃത്വത്തിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡും, അനില്‍ നയിക്കുന്ന റിലയന്‍സ് അനില്‍ ധീരുഭായ് അംബാനി ഗ്രൂപ്പും (എഡിഎ) ആയി വിഭജിക്കപ്പെട്ടു. അംബാനി സഹോദരങ്ങള്‍ തമ്മിലുള്ള കടുത്ത സംഘര്‍ഷത്തിന്റെ ഫലമായിരുന്നു ഇത്. അമ്മ കോകില ബെന്‍ ഇടപെട്ടിട്ടും തര്‍ക്കം തീര്‍ന്നില്ല. മഹാഭാതയുദ്ധത്തിനുശേഷം ഇന്ത്യ കണ്ട ഏറ്റവം വലിയ സ്വത്ത് കേസ് എന്നായിരുന്നു മുകേഷ് -അനില്‍ അംബാനി തകര്‍ക്കം വിലയിരുത്തപ്പെട്ടത്.


 



ചേട്ടനും അനിയനും റിലയന്‍സ്് സാമ്രാജ്യം പങ്കിട്ടെടുക്കുമ്പോള്‍ മുകേഷിന് കിട്ടിയത് റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്ന കമ്പനി മാത്രമാണ്. അനിയന് കിട്ടിയത് ഉഗ്രന്‍ ക്യാഷ് ഫ്‌ളോ ഉള്ള ഒരു പറ്റം കമ്പനികളായിരുന്നു. മുകേഷിന് 65 ബില്യണ്‍ മാത്രം വാല്യൂ ഉള്ള റിലയസ് കിട്ടിയപ്പോള്‍, അനിലിന് കിട്ടിയ റിലയന്‍സ് ക്യാപിറ്റല്‍ എന്ന കമ്പനിക്ക് മാത്രം 75 ബില്യണ്‍ മാര്‍ക്കറ്റ് ക്യാപിറ്റല്‍ ഉണ്ടായിരുന്നു. കൂടാതെ റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ എന്ന മുംബൈ ആന്‍ഡ് ഡല്‍ഹി വൈദ്യുത വിതരണ കുത്തകയുള്ള കമ്പനിയും ടെലികോം ബിസിനസ് എല്ലാം കിട്ടി.

ഇതൊക്കെ കിട്ടിയിട്ടും ധൂര്‍ത്തും അമിതമായ കടമെടുപ്പും അനിലിനെ ബാധിച്ചു. എണീറ്റ് നില്‍ക്കുന്നതിന് മുന്‍പ് ഓടാനായിരുന്നു അയാളുടെ ശ്രമം. ഓവര്‍ അംമ്പീഷന്‍ എന്ന് ഇംഗ്ലീഷില്‍ പറയുന്ന സാധനമാണ് അനിലിന്റെ പരാജയത്തിന് കാരണമായി ബിസിനസ് അനലിസ്റ്റുകള്‍ പറയുന്നത്. അറിയാത്ത എന്തൊക്കെയോ മേഖലകളില്‍ നിക്ഷേപിച്ച് അയാള്‍ക്ക് കൈപൊള്ളി. എന്നാല്‍ ചേട്ടന്‍ മുകേഷിന് ആ എടുത്തുചാട്ടം ഉണ്ടായിരുന്നില്ല. എല്ലാം വിദഗ്ധരെവെച്ച് പഠിച്ചാണ് മുകേഷ് ചെയ്യുക. ചേട്ടനോട് മത്സരിച്ച് മത്സരിച്ച് അവസാനം അനിയന്‍ പാപ്പരാവുകയാണ് ഉണ്ടായത്. ടൈംസ്ഓഫ് ഇന്ത്യയില്‍ വന്ന ഒരു പഠനത്തില്‍ പറയുന്നത്, അനിലും മുകേഷും തമ്മിലുള്ള പ്രധാന വ്യത്യാസം ഡിസിഷന്‍ മേക്കിങ്ങ് എന്നതാണെന്നാണ്. ഈ ഒറ്റ ഘടകത്തില്‍വന്ന പിഴവുമൂലം, സഹോദരങ്ങളില്‍ ഒരാള്‍ ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനും മറ്റെയാള്‍ പാപ്പരുമായി.

പാപ്പാരാവുക എന്നാല്‍ ഒരു ടെക്‌നിക്കല്‍ നടപടി കൂടിയാണ്. അതിനര്‍ഥം അയാള്‍ മലയാളികള്‍ കരുതുന്നതുപോലെ വെറും പിച്ചക്കാരനായി എന്നല്ല. അനില്‍ അംബാനിയുടെ വീടിന് മാത്രം അഞ്ചൂറ് കോടിയോളം വിലവരും. സഹോദരന്‍ മുകേഷിന്റെ വസതിക്ക് കിടപിടിക്കുന്നതാണിത്. 17 നിലകളില്‍ ഒരുക്കിയ കൊട്ടാരം എന്നുതന്നെ 'അഡോബ്' എന്ന ഈ വീടിനെ വിശേഷിപ്പിക്കാം. മുംബൈയിലെ പാലി ഹില്‍സിലാണ് അഡോബ് സ്ഥിതി ചെയ്യുന്നത്.20 കോടിയോളം വരുന്ന കാര്‍ കളക്ഷന്‍ അനിലിന് ഉണ്ട്. റോള്‍സ് റോയ്സ്, ലെക്സസ് എക്സ്യുവി, പോര്‍ഷെ, ഓഡി ക്യു7, മെഴ്സിഡസ് ജിഎല്‍കെ 350 തുടങ്ങി നിരവധി ആഡംബര കാറുകള്‍ അനില്‍ അംബാനിയുടെ പക്കലുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നിരുന്നാലും, യുകെ കോടതി കാറുകളുടെ കൂട്ടത്തെ കുറിച്ച് ചോദ്യം ചെയ്തപ്പോള്‍, തനിക്ക് ഒരു കാര്‍ മാത്രമേയുള്ളൂവെന്നാണ് അനില്‍ മറുപടി നല്‍കിയത്. ലോകത്തെ തന്നെ ഏറ്റവും വിലയേറിയ യാച്ചുകളും, പ്രൈവറ്റ് വിമാനങ്ങളും അനില്‍ അംബാനിയുടെ പേരിലുണ്ട്. കൂടാതെ, മുംബൈയിലെ അംബാനിയുടെ പൂര്‍വ്വിക ഭവനം അനില്‍ അംബാനിയുടെ പേരിലാണ്.

ഇപ്പോള്‍ അംബാനി കുടുംബത്തില്‍ സമ്പൂര്‍ണ്ണ ഐക്യത്തിന്റെ കാലമാണ്. മുകേഷ് അംബാനിയുടെ ഭാര്യ നിതയാണ്, ഈ ഐക്യത്തിന് മുന്‍കൈ എടുത്തത്. ചേട്ടനും അനിയനും തമ്മിലുള്ളപോലെയുള്ള മത്സരം ഇപ്പോള്‍ പുതുതലമുറയില്‍ ഇല്ല. അതുകൊണ്ട് കൂടിയാണ്, മക്കളുടെ ചിറകിലേറി അനില്‍ അംബാനി തിരിച്ചുവരുമെന്ന് മാധ്യമങ്ങള്‍ എഴുതുന്നത്.


 



വാല്‍ക്കഷ്ണം: നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ അനിലും നടത്തുന്നുണ്ട്. മുംബൈ സബര്‍ബനില്‍ ധീരുഭായ് അംബാനി ഹോസ്പിറ്റല്‍ സ്ഥാപിക്കാന്‍ അമ്മ കോകില ബെനിന്റെ അടുത്ത് ഏറ്റവും കുടുതല്‍ സമ്മര്‍ദം ചെലുത്തിയത് അനില്‍ ആയിരുന്നു. പാപ്പാരയി പ്രഖ്യാപിക്കപ്പെടുന്നതിന് തൊട്ട്മുമ്പുവരെ അയാള്‍ സ്വന്തം നിലക്കും ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. ഇപ്പോള്‍ അദ്ദേഹത്തിന്റെ മക്കള്‍ ഇത്തരത്തിലുള്ള നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു.

Tags:    

Similar News