ജനറല്‍ ഡയറിനെ ബ്രിട്ടനില്‍ പോയി വിചാരണ ചെയ്ത വിറപ്പിച്ച മലയാളി! ജാലിയന്‍ വാലാബാഗില്‍ പ്രതിഷേധിച്ച് വ്രൈസോയി കൗണ്‍സില്‍ നിന്ന് രാജിവെച്ചു; ഖിലാഫത്തില്‍ ഗാന്ധിയുടെ വിമര്‍ശകന്‍; കോണ്‍ഗ്രസ് അധ്യക്ഷനായത് 40ാം വയസ്സില്‍; കേരളം മറന്ന ഹീറോയെ ഓര്‍മ്മിപ്പിച്ച് മോദി; അക്ഷയ് കുമാറിന്റെ കേസരിക്ക് പിന്നാലെ ചര്‍ച്ചയായി ചേറ്റൂര്‍ ശങ്കരന്‍ നായരുടെ ജീവിതം

ജനറല്‍ ഡയറിനെ ബ്രിട്ടനില്‍ പോയി വിചാരണ ചെയ്ത വിറപ്പിച്ച മലയാളി!

Update: 2025-04-22 08:36 GMT

ചേറ്റുര്‍ ശങ്കരന്‍ നായര്‍..മലയാളി മറന്നുകൂടാത്ത പേര്..മലയാളിക്ക് ഒരു പിഎസ്സി ചോദ്യം മാത്രമായിരുന്ന ആ പേര് കുറച്ചെങ്കിലും ചര്‍ച്ചയായത് ശശി തരൂര്‍ കോണ്‍ഗ്രസ്സ് അധ്യക്ഷസ്ഥാനത്തേക്ക് മത്സരിച്ച 2022 മുതലാണ്.ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷനായ മലയാളി ആര് എന്നും,ഏത് സമ്മേളനത്തിലാണ് ശങ്കരന്‍ നായര്‍ കോണ്‍ഗ്രസ് അധ്യക്ഷനായത് എന്നതും പതിവായി ചോദിക്കുന്ന പിഎസ്സി ചോദ്യമായതിനാലാണ് അത്തരത്തിലെങ്കിലും ശരിക്കും ഒരു അണ്‍സങ്ങ് ഹീറോയായ ചേറ്റുര്‍ ശങ്കരന്‍ നായരുടെ പേര് ചിലരെങ്കിലുമറിഞ്ഞത്.എന്നാല്‍ ഇപ്പോഴിയ ചേറ്റുര്‍ ശങ്കരന്‍ നായരുടെ പേര് വീണ്ടും ചര്‍ച്ചകളില്‍ നിറയുകയാണ്.മാത്രമല്ല കൃത്യമായ രാഷ്ട്രീയ മാനവും ഇന്ന് ആ ചര്‍ച്ചയ്ക്ക് കൈവന്നിരിക്കുന്നു.

ദിവസങ്ങള്‍ക്ക് മുന്‍പ് പ്രധാനമന്ത്രി നരേന്ദ്രമോദി ഹരിയാനയില്‍ നടത്തിയ പ്രസംഗത്തിനിടയില്‍ ചേറ്റുര്‍ ശങ്കരന്‍ നായരെ അനുസ്മരിച്ചിരുന്നതും അക്ഷയ്കുമാര്‍ നായകനായ കേസരി ചാപ്റ്റര്‍ 2 എന്ന ശങ്കരന്‍ നായരുടെ ബയോപിക് എന്ന് പറയാവുന്ന ചിത്രം പുറത്തിറങ്ങിയതുമാണ് ഈ പേര് വീണ്ടും ചര്‍ച്ചകളില്‍ നിറയാന്‍ കാരണം.പഞ്ചാബില്‍ നടന്ന കൂട്ടക്കൊലക്കെതിരെ കേരളത്തില്‍ നിന്നുള്ള വ്യക്തിയാണ് പോരാടിയതെന്നും ശങ്കരന്‍ നായരുടെ സംഭാവനകളെ കുറിച്ച് പഠിക്കണമെന്നും പ്രധാനമന്ത്രി ഹരിയാനയില്‍ നടത്തിയ പ്രസംഗത്തിടെ പറഞ്ഞിരുന്നു.പിന്നാലെ കേന്ദ്രമന്ത്രി സുരേഷ്ഗോപി ശങ്കരന്‍ നായരുടെ കുടുംബത്തെ സന്ദര്‍ശിക്കുകയും ചെയ്തു.

സര്‍ സി ശങ്കരന്‍ നായര്‍ എന്ന ചേറ്റൂര്‍ ശങ്കരന്‍ നായര്‍ 1897ലെ അമരാവതി സമ്മേളനത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റായതിന് ശേഷം ഒരു മലയാളിയും,ആ പദവിയിലേക്ക് എത്തിയിട്ടില്ല.പക്ഷേ കോണ്‍ഗ്രസിന്റെ ആദ്യ മലയാളിയായ അധ്യക്ഷന്‍ എന്ന വാക്കില്‍ മാത്രം ചുരുക്കേണ്ടതല്ല, ശങ്കരന്‍ നായരുടെ ഐതിഹാസികമായ ജീവിതം. മദ്രാസ് ഹൈക്കോടതിയിലെ അഭിഭാഷകനായും,ജഡ്ജിയായും,സേവനമനുഷ്ഠിച്ച സര്‍ ചേറ്റൂര്‍ ശങ്കരന്‍ നായര്‍,ഒരു വിദ്യാഭ്യാസ വിചക്ഷണനും കൂടിയായിരുന്നു. ജാലിയന്‍വാലാബാഗ് കൂട്ടക്കൊലക്ക് ശേഷം ലെഫ്റ്റനന്റ് ഗവര്‍ണര്‍ മൈക്കിള്‍ ഡയറിനെതിരെ ബ്രിട്ടിനില്‍ പോയി അദ്ദേഹം നടത്തിയ നിയമപോരാട്ടം, അമ്പരപ്പിക്കുന്നതായിരുന്നു.

സംഭവബഹുലമായ ഈ ജീവിതത്തെ ആസ്പദമാക്കിയാണ് അക്ഷയ്കുമാറിനെ നായകനാക്കി കരണ്‍ സിങ് ത്യാഗി കേസരി ചാപ്റ്റര്‍ 2 എന്ന ചിത്രം സംവിധാനം ചെയ്തത്.അദ്ദേഹത്തെക്കുറിച്ച് പ്രപൗത്രന്‍ രഘു പാലാട്ടും ഭാര്യ പുഷ്പ പാലാട്ടും ചേര്‍ന്നെഴുതിയ 'ദ കേസ് ദാറ്റ് ഷുക്ക് ദ എംപയര്‍' എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രം.ചിത്രം കൂടി പുറത്തിറങ്ങിയതോടെ കോണ്‍ഗ്രസ്സും ബിജെപിയും തമ്മിലുള്ള രാഷ്ട്രീയ വാഗ്വാദത്തിനും ഇത് ഇടയാക്കി.ശങ്കരന്‍ നായര്‍ക്ക് വേണ്ടത്ര പ്രാധാന്യം കോണ്‍ഗ്രസ്സോ ഇന്ത്യന്‍ രാഷ്ട്രീയമോ നല്‍കിയിട്ടില്ലെന്നാണ് ബിജെപിയുടെ പ്രധാന ആരോപണം.എന്നാല്‍ അത്ര എളുപ്പത്തില്‍ ബിജെപിക്കോ കൈക്കലാക്കാന്‍ പറ്റുന്ന വ്യക്തിത്വമോ പാരമ്പര്യമോ അല്ല ശങ്കരന്‍ നായരുടെതെന്നാണ് കോണ്‍ഗ്രസ്സിന്റെ മറുപടി.

വരുന്ന ഏപ്രില്‍ 24 ന് ശങ്കരന്‍ നായര്‍ വിടപറഞ്ഞിട്ട് 90 വര്‍ഷം പൂര്‍ത്തിയാവുകയാണ്.ഈ സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ സംഭാവനകള്‍ സ്മരിക്കപ്പെടുന്നതിനൊപ്പം ചരിത്രത്തില്‍ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ ആ പേര് ഓര്‍മ്മിക്കപ്പെടേണ്ടതുമാണ് എന്ന് നിസംശയം പറയാം.

ബ്രാഹ്‌മണ ലോബിയുടെ കണ്ണിലെ കരട്

പാലക്കാട് ജില്ലയിലെ മങ്കരയിലെ ചേറ്റൂര്‍ തറവാട്ടില്‍ 1857 ജൂലായ് 11നാണ് ശങ്കരന്‍ നായര്‍ ജനിച്ചത്.ബ്രിട്ടീഷ് സര്‍ക്കാരില്‍ തഹസില്‍ദാരായിരുന്ന ഗുരുവായൂര്‍ മമ്മായില്‍ രാമുണ്ണിപ്പണിക്കരും ചേറ്റൂര്‍ പാര്‍വ്വതിയമ്മയുമായിരുന്നു മാതാപിതാക്കള്‍. ഇദ്ദേഹത്തിന്റെ മുത്തച്ഛനെ മലബാര്‍ മേഖലയില്‍ സമാധാനം നിലനിര്‍ത്തുന്നതിനായി ഈസ്റ്റ് ഇന്ത്യാ കമ്പനി നിയമിച്ചിരുന്നു. സിവിലിയന്‍ ഡിവിഷണല്‍ ഓഫീസറുടെ കീഴില്‍ ചീഫ് ഓഫീസറായാണ് മുത്തച്ഛനെ നിയമിച്ചത്.

കോഴിക്കോട്ടും മദ്രാസിലുമായാണ് അദ്ദേഹം വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. മദ്രാസിലെ പ്രസിഡന്‍സി കോളേജില്‍ നിന്ന് ബിരുദം പൂര്‍ത്തിയാക്കുന്നതിനിടയിലാണ് നായര്‍ നിയമ പഠനത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടത്. 1879ല്‍ നിയമബിരുദം നേടി അഭിഭാഷകനായ അദ്ദേഹം പിന്നീട് മുന്‍സിഫ് ആയും ജോലി നോക്കി.നിയമത്തില്‍ ബിരുദം പൂര്‍ത്തിയാക്കിയ ശേഷം സര്‍ ഹൊറേഷ്യോ ഷെപ്പേര്‍ഡിന്റെ ജൂനിയര്‍ അഭിഭാഷകനായി. ഷെപ്പേര്‍ഡ് പിന്നീട് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി മാറിയിരുന്നു.

അഭിഭാഷകനെന്ന നിലയില്‍ ആദ്യകാലം മുതല്‍ തന്നെ നായര്‍ തന്‍േറടിയായിരുന്നു. ഒരു ഇംഗ്ലീഷ് ബാരിസ്റ്ററുടെ ജൂനിയറായി ഒരു ഇന്ത്യന്‍ വക്കീലും പ്രവര്‍ത്തിക്കരുതെന്ന് പ്രസ്താവിച്ചുകൊണ്ട് മദ്രാസിലെ ഇന്ത്യന്‍ അഭിഭാഷകര്‍ പാസാക്കിയ പ്രമേയത്തിനെതിരെ ശങ്കരന്‍ നായര്‍ എടുത്ത നിലപാട് വ്യത്യസ്തമായിരുന്നു. ഇക്കാര്യത്തെക്കുറിച്ച് കൊച്ചുമകന്‍ രഘുവും പുഷ്പയും എഴുതിയ 'ദി കേസ് ദാറ്റ് ഷുക്ക് ദ എംപയര്‍' പുസ്തകത്തില്‍ കുറിച്ചിട്ടുണ്ട്. തനിക്ക് ഇഷ്ടപ്പെട്ട മുതിര്‍ന്ന വക്കീലിനെ തിരഞ്ഞെടുക്കാനുള്ള അവകാശം ഒരു അഭിഭാഷകനും നിഷേധിക്കപ്പെടരുത് എന്ന തത്വത്തില്‍ വിശ്വസിച്ചാണ് നായര്‍ ഈ പ്രമേയത്തെ ശക്തമായി എതിര്‍ത്തത്. എന്നാല്‍ ഈ വിഷയത്തില്‍ പിന്നീട് മറ്റ് അഭിഭാഷകര്‍ നായരെ ബഹിഷ്‌കരിച്ചിരുന്നു.


 



സമാനമായ അനുഭവങ്ങള്‍ അദ്ദേഹത്തിന്റെ കരിയറില്‍ ഉടനീളമുണ്ടായിട്ടുണ്ട്.മദ്രാസിലെ ബ്രാഹ്‌മണര്‍ക്കും ശങ്കരന്‍ നായരോട് വിയോജിപ്പ് ഉണ്ടായിരുന്നു. മദ്രാസ് എക്‌സിക്യൂട്ടീവ് കൗണ്‍സിലിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടപ്പോള്‍, ബ്രാഹ്‌മണ വിരുദ്ധനായതിനാല്‍ തന്നെ നിയമിക്കരുതെന്ന് ആവശ്യപ്പെട്ട് മദ്രാസിലെ ബ്രാഹ്‌മണ സമൂഹം വൈസ്രോയിക്ക് കത്തെഴുതിയിരുന്നു. അക്കാലത്തെ പ്രധാന ജോലികള്‍ മുഴുവന്‍ തമിഴ്‌നാട്ടിലെ ബ്രാഹ്‌മണ ര്‍ നേടിയെടുക്കുന്ന ഒരു രീതിയുണ്ടായിരുന്നു. ഒന്നാന്തരം അഴിമതിക്കാരുമായിരുന്നു അവര്‍. കുഭകോണം എന്ന വാക്കുപോലും അങ്ങനെയാണ് ഉണ്ടാവുന്നത്. അതിനെതിരെ ശക്തമായി പ്രതികരിച്ചതുകൊണ്ട് ഈ ലോബിയുടെ കണ്ണിലെ കരടായിരുന്നു അദ്ദേഹം.

നായരുടെ നിര്‍ഭയവും തുറന്നടിച്ച് കാര്യങ്ങള്‍ പറയുന്നതുമായ സ്വഭാവം അദ്ദേഹത്തെ സഹപ്രവര്‍ത്തകരില്‍ നിന്നും അകറ്റി നിര്‍ത്തി. ഒരിക്കല്‍ അദ്ദേഹത്തെ സ്റ്റേറ്റ് സെക്രട്ടറി എഡ്വിന്‍ മൊണ്ടേഗ് വിശേഷിപ്പിച്ചത് 'അസാധ്യനായ വ്യക്തി' എന്നാണ്. ''ഏറ്റവും ഉറക്കെ സംസാരിക്കുന്ന വ്യക്തിത്വം. മറ്റൊരാള്‍ വാദിക്കുന്നത് കേള്‍ക്കാന്‍ പോലും തയ്യാറാകാത്ത തീര്‍ത്തും വിട്ടുവീഴ്ചയില്ലാത്തയാള്‍,'' എന്ന് അദ്ദേഹം ശങ്കരന്‍ നായരെ വിശേഷിപ്പിച്ചിരുന്നതായി രഘുവിന്റെയും പുഷ്പയുടെയും പുസ്തകത്തില്‍ പറയുന്നുണ്ട്. നിരവധി വിമര്‍ശനങ്ങള്‍ ഉണ്ടായിരുന്നിട്ടും, മദ്രാസില്‍ അഭിഭാഷകനായും സാമൂഹ്യ പരിഷ്‌കര്‍ത്താവായും നായരുടെ സാന്നിധ്യം ശക്തമായിരുന്നു.

കോണ്‍ഗ്രസ് പ്രസിഡന്റാവുന്നു

മദ്രാസ് സര്‍ക്കാരിന്റെ മലബാര്‍ അന്വേഷണ കമ്മിറ്റിയംഗം, മദ്രാസ് നിയമസഭാംഗം, മദ്രാസ് ഹൈക്കോടതി ജഡ്ജി, ഇന്‍ഡ്യന്‍ യൂണിവേഴ്‌സിറ്റി കമ്മീഷന്‍ അംഗം, സൈമണ്‍ കമ്മീഷനുമായി സഹകരിക്കാനുള്ള ഇന്‍ഡ്യന്‍ സെന്‍ട്രല്‍ കമ്മിറ്റിയുടെ അദ്ധ്യക്ഷന്‍, തുടങ്ങിയ നിലകളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചു.

1885ല്‍ വിരമിച്ച ബ്രിട്ടീഷ് ഉദ്യോഗസ്ഥനായ അലന്‍ ഒക്ടേവിയന്‍ ഹ്യൂം മുന്‍കയ്യെടുത്ത്് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന സംഘടന സ്ഥാപിക്കുമ്പോള്‍,ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തരുക എന്ന ലക്ഷ്യം അതിന് ഇല്ലായിരുന്നു. ബ്രിട്ടീഷ് ഇന്ത്യയുടെ ഭരണതലത്തില്‍ അഭ്യസ്തവിദ്യരായ ഇന്ത്യക്കാര്‍ക്ക് കൂടുതല്‍ പങ്കാളിത്തം ഉറപ്പാക്കുക എന്നതായിരുന്നു അന്ന് കോണ്‍ഗ്രസിന്റെ ലക്ഷ്യം.ബ്രിട്ടീഷ് ഭരണത്തോട് തുടക്കത്തില്‍ ഈ പ്രസ്ഥാനം എതിര്‍പ്പു പ്രകടിപ്പിച്ചിരുന്നില്ല. 1884ല്‍ രൂപവല്‍കരിക്കപ്പെട്ട ഇന്ത്യന്‍ നാഷണല്‍ യൂണിയന്‍ എന്ന സംഘടന പേരുമാറ്റിയാണ്, 1885ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസായത്. ഇന്ത്യയിലെ വൈസ്രോയ് ആയിരുന്ന ഡഫറിന്‍ പ്രഭുവിന്റെ അനുമതിയോടെയും പിന്തുണയോടെയും സ്‌കോട്ട്‌ലന്‍ഡുകാരനായ ഏഓ.ഹ്യൂം കോണ്‍ഗ്രസിന്റെ രൂപവത്കരണ സമ്മേളനം വിളിച്ചു ചേര്‍ത്തത്.

പക്ഷേ വളരെ പെട്ടന്നുതന്നെ കോണ്‍ഗ്രസ് ചിന്തിക്കുന്ന യുവാക്കക്കളുടെയും അഭ്യസ്തവിദ്യര്‍ക്കും ഇടയില്‍ ശ്രദ്ധിക്കപ്പെട്ടു. വിദ്യാഭ്യാസ പുരോഗതിയാണ് ദാരിദ്ര നിര്‍മ്മാര്‍ജത്തിന്റെ അടിസ്ഥാനഘടകം, എന്ന് വിശ്വസിച്ചിരുന്ന ശങ്കരന്‍നായര്‍ക്ക്, അതുകൊണ്ടുതന്നെ കോണ്‍ഗ്രസിനെ ഇഷ്ടപ്പെട്ടു. തീപ്പൊരി പ്രഭാഷന്‍ എന്ന നിലയിലും അഭിഭാഷന്‍ എന്ന നിലയിലും അദ്ദേഹം നിറഞ്ഞു നില്‍ക്കുന്ന സമയം ആയിരുന്നു അത്.  അങ്ങനെ വെറും നാല്‍പ്പതാമത്തെ വയസ്സില്‍, 1897ല്‍ പാര്‍ട്ടിയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റായി അദ്ദേഹം മാറി. ഈ പദവി വഹിച്ച ഒരേയൊരു മലയാളിയായുമായി. തുടര്‍ന്ന് വിദേശ മേധാവിത്വത്തെ ശക്തമായി വിമര്‍ശിക്കുകയും ഇന്‍ഡ്യക്ക് പുത്രികാരാജ്യ പദവിയോടുകൂടി സ്വയം ഭരണം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്ത അദ്ദേഹത്തിന്റെ പ്രസംഗം ഏറെ ശ്രദ്ധിക്കപ്പെട്ടു. അന്ന് സമ്പുര്‍ണ്ണ സ്വാതന്ത്ര്യം എന്ന പ്രഖ്യാപനത്തിലേക്ക് കോണ്‍ഗ്രസ് എത്തിയിരുന്നില്ല.

1907ല്‍ കോണ്‍ഗ്രസ് തീവ്രവാദി, മിതവാദി എന്ന നിലയില്‍ ഭിന്നച്ചതൊക്കെ നാം ചരിത്ര ക്ലാസുകളില്‍ പഠിച്ചതാണേല്ലോ. അതോടെ ശങ്കരന്‍ നായരും മറ്റ് വഴികളിലേക്ക് തിരിഞ്ഞു. പിന്നീട് ഗാന്ധി യുഗം ആരംഭിച്ചതോടെ അദ്ദേഹം കോണ്‍ഗ്രസില്‍നിന്ന് മാറി നടന്നു. ഗാന്ധിജിയുടെ കടുത്ത വിമര്‍ശകന്‍ ആയിരുന്ന ശങ്കരന്‍ നായര്‍.

1908 ആയപ്പോഴേക്കും മദ്രാസ് ഹൈക്കോടതിയില്‍ സ്ഥിരം ജഡ്ജിയായി നിയമിതനായി. 1902ല്‍ കര്‍സണ്‍ പ്രഭു അദ്ദേഹത്തെ റാലി യൂണിവേഴ്സിറ്റി കമ്മീഷനിലെ അംഗമായി നിയമിച്ചു. 1904ല്‍ അദ്ദേഹത്തെ ഇന്ത്യന്‍ സാമ്രാജ്യത്തിന്റെ കമ്പാനിയന്‍ ആയി ചക്രവര്‍ത്തി നിയമിക്കുകയും ചെയ്തു. 1915ല്‍ അദ്ദേഹം വിദ്യാഭ്യാസ വകുപ്പിന്റെ ചുമതല വഹിച്ച വൈസ്രോയി കൗണ്‍സിലിന്റെ ഭാഗമായി. 1904ല്‍ കമാന്‍ഡര്‍ ഓഫ് ഇന്‍ഡ്യന്‍ എമ്പയര്‍ എന്ന ബഹുമതി അദ്ദേഹത്തിനു നല്‍കിയ ബ്രിട്ടീഷ് സര്‍ക്കാര്‍ 1912ല്‍ സര്‍ പദവിയും നല്‍കി. ഇതെല്ലാം കാണുമ്പോള്‍ അദ്ദേഹം ബ്രിട്ടീഷുകാരോട് മൃദുസമീപനമാണോ പുലര്‍ത്തിയിരുന്നത് എന്ന് ആര്‍ക്കും തോന്നിപ്പോകാം. പക്ഷേ അത് അദ്ദേഹത്തിന്റെ പ്രൊഫണല്‍ മികവിനുള്ള അംഗീകാരം മാത്രം ആയിരുന്നു.

മതേതര വിദ്യാഭ്യാസ വിചക്ഷണന്‍

വിദ്യാഭ്യാസ മേഖലയിലും സുത്യര്‍ഹമായ സേവനങ്ങളാണ് അദ്ദേഹം നടത്തിയത്. ശങ്കരന്‍ നായര്‍ എന്നും നിലകൊണ്ടത് മതേതര വിദ്യാഭ്യാസത്തിനുവേണ്ടി ആയിരുന്നു.ഇതിനുള്ള ഏറ്റവും നല്ല ഉദാഹരണമാണ് 1912ല്‍ ചേറ്റൂര്‍ ആനി ബസന്റുമായി നടത്തുന്ന കത്തിടപാട്.ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയുടെ സ്ഥാപനവുമായി ബന്ധപ്പെട്ട ആനി ബസന്റ് ശങ്കരന്‍ നായരോട് സാമ്പത്തിക സഹായം അഭ്യര്‍ത്ഥിക്കുകയുണ്ടായി. എന്നാല്‍, വളരെ വിനയപൂര്‍വ്വം തന്റെ എതിരഭിപ്രായം ചേറ്റൂര്‍ കത്തിലൂടെ അറിയിച്ചുവെന്ന് അദ്ദേഹത്തിന്റെ ആത്മകഥയില്‍ പറയുന്നു ഏതെങ്കിലും തരത്തിലുള്ള വിഭാഗീയതകള്‍ വളര്‍ത്തുന്ന രീതിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കുന്നതിനു ഞാന്‍ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തുന്നു എന്നാണ് ചേറ്റൂര്‍ എഴുതുന്നത്.


 



ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി, അലിഗഡ് മുസ്ലീം യൂണിവേഴ്‌സിറ്റി എന്ന പേരില്‍ സ്ഥാപനങ്ങള്‍ തുടങ്ങുന്നതിനെ ശങ്കരന്‍ നായര്‍ എതിര്‍ത്തു. പക്ഷേ ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയുടെ സിലബസ് കാണിക്കുകയും, അവിടെ എല്ലാതരം കോഴ്‌സുകള്‍ ഉണ്ടെന്ന് മദന്‍ മോഹന്‍ മാളവ്യയെപ്പോലുള്ള നേതാക്കള്‍ ബോധ്യപ്പെടുത്തിയപ്പോള്‍ മാത്രമാണ് അദ്ദേഹം, അതിന്റെ പ്രവര്‍ത്തനത്തിനായി മുന്നിട്ട് ഇറങ്ങിയത്. പിന്നീട് ബനാറസ് യൂണിവേഴ്‌സിറ്റിയുടെ എല്ലാ പ്രവര്‍ത്തിനത്തിലും സജീവമായി ശങ്കരന്‍ നായര്‍ ഉണ്ടായിരുന്നു.

അതുപോലെ മാതൃഭാഷക്കൊപ്പം ഇംഗ്ലീഷും പഠിച്ചാലെ നാം രക്ഷപ്പെടൂ എന്ന ഉറച്ച അഭിപ്രായം ഉണ്ടായിരുന്ന ആളായിരുന്നു അദ്ദേഹം ചേറ്റൂരിന്റെ എടുത്ത് പറയത്തക്ക മറ്റൊരിടപെടല്‍ ലോഡ് കഴ്‌സണ്‍ നടപ്പിലാക്കാന്‍ ശ്രമിച്ച വിദ്യാഭ്യാസനയവുമായി ബന്ധപ്പെട്ടായിരുന്നു. അടിസ്ഥാന സ്‌കൂള്‍ വിദ്യാഭ്യാസം പ്രാദേശിക ഭാഷയില്‍ ആക്കുകയും ഇംഗ്ലീഷ് വിദ്യാഭ്യാസം സമൂഹത്തിലെ പ്രമുഖര്‍ക്കു മാത്രമായി ലഭ്യമാക്കുകയും ചെയ്യണം എന്നുള്ളതായിരുന്നു ലോഡ് കഴ്‌സന്റെ വിദ്യാഭ്യാസ പദ്ധതി മുന്നോട്ടുവച്ച ഒരു നിര്‍ദ്ദേശം. ലോഡ് കഴ്‌സണെ സംബന്ധിച്ചിടത്തോളം കുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കാന്‍ താല്പര്യമുള്ള ഇന്ത്യക്കാരെ തൃപ്തിപ്പെടുത്താന്‍ വേണ്ടി ഒരു വിദ്യാഭ്യാസം എന്ന നിലയില്‍ പ്രാദേശിക ഭാഷയിലുള്ള വിദ്യാഭ്യാസവും എന്നാല്‍, ഉന്നത ഗുണനിലവാരമുള്ള പൗരന്മാരെ പടുത്തുയര്‍ത്തുന്നതിനുവേണ്ടി ഇംഗ്ലീഷ് വിദ്യാഭ്യാസവും എന്നതായിരുന്നു ആശയം. ഇതിനെതിരെ ശങ്കരന്‍ നായര്‍ ശക്തമായി മുന്നോട്ടുവന്നു. വിവിധ ബ്രിട്ടീഷ് കമ്മറ്റികളില്‍ അംഗമായിരുന്നു, അദ്ദേഹം ഇത്തരം നിയമങ്ങള്‍ക്കെതിരെ ശക്തമായി നീങ്ങി. വിജ്ഞാനത്തിന്റെ ഭാഷയായ ഇംഗ്ലീഷ് ബഹിഷ്‌ക്കരിക്കുന്നത് സ്വാതന്ത്ര്യസമരം അല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജാലിയന്‍ വാലാബാഗില്‍ രാജിവെച്ചു

മദ്രാസ് ഹൈക്കോടതി ജഡ്ജിയെന്ന നിലയില്‍, ശങ്കരന്‍ നായരുടെ ഏറ്റവും അറിയപ്പെടുന്ന വിധിന്യായങ്ങള്‍ സാമൂഹിക പരിഷ്‌കാരങ്ങളോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയെ വ്യക്തമായി സൂചിപ്പിക്കുന്നവയായിരുന്നു. ബുഡാസ്‌ന വി ഫാത്തിമയില്‍ (1914), ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തവരെ പുറത്താക്കപ്പെട്ടവരായി കണക്കാക്കാനാവില്ലെന്ന് ചേറ്റൂര്‍ വിധി പ്രസ്താവിച്ചു. മറ്റ് ചില കേസുകളില്‍, ഇന്റര്‍ കാസ്റ്റ് വിവാഹങ്ങളെ അദ്ദേഹം ശരിവച്ചിരുന്നു.

ഒരു സ്വാതന്ത്ര്യസമര സേനാനിയെന്ന നിലയില്‍, സ്വാതന്ത്രത്തിനായുള്ള ഇന്ത്യയുടെ അവകാശത്തില്‍ അദ്ദേഹം ഉറച്ചു വിശ്വസിച്ചു. 1919ല്‍, മൊണ്ടാഗു-ചെംസ്‌ഫോര്‍ഡ് പരിഷ്‌കാരങ്ങളിലെ വ്യവസ്ഥകള്‍ വിപുലീകരിക്കുന്നതില്‍ അദ്ദേഹം ഒരു പ്രധാന പങ്ക് വഹിച്ചു. ഇത് പ്രവിശ്യകളില്‍ രാജഭരണ സമ്പ്രദായം അവതരിപ്പിക്കുകയും ഭരണത്തില്‍ ഇന്ത്യക്കാരുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുകയും ചെയ്തു.

ജാലിയന്‍വാലാബാഗ് കൂട്ടക്കൊല നടന്നപ്പോള്‍ ഇതിനോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി വൈസ്രോയി കൗണ്‍സിലില്‍ നിന്ന് ചേറ്റൂര്‍ രാജിവയ്ക്കുകയായിരുന്നു. നായരുടെ രാജി ബ്രിട്ടീഷ് സര്‍ക്കാരിനെ പിടിച്ചുകുലുക്കി. തൊട്ടുപിന്നാലെ പഞ്ചാബിലെ പ്രസ് സെന്‍സര്‍ഷിപ്പ് പിന്‍വലിക്കുകയും സൈനിക നിയമം അവസാനിപ്പിക്കുകയും ചെയ്തു. കൂടാതെ, പഞ്ചാബിലെ പ്രശ്‌നങ്ങള്‍ പരിശോധിക്കാന്‍ വില്യം ഹണ്ടര്‍ പ്രഭുവിന്റെ കീഴില്‍ ഒരു സമിതിയും രൂപീകരിച്ചിരുന്നു.

ചരിത്രത്തില്‍ ഇടംനേടിയ കോടതിമുറി യുദ്ധം

ജാലിയന്‍വാലാബാഗ് സംഭവത്തിന്റെ ഉത്തരവാദിയായ ജനറല്‍ മൈക്കിള്‍ ഡയറിനെതിരെ സര്‍ ചേറ്റൂര്‍ ശങ്കരന്‍ നായര്‍ ഇംഗ്ലണ്ടില്‍ ചെന്ന് കേസ് വാദിച്ചു. ലണ്ടനിലെ കിംഗ്‌സ് ബെഞ്ചിന് മുമ്പുള്ള വിചാരണ അഞ്ചര ആഴ്ച നീണ്ടു. അക്കാലത്ത് വാദത്തിനായി ഏറ്റവും കൂടുതല്‍ സമയമെടുത്ത കേസായിരുന്നു ഇത്. വിചാരണയുടെ തുടക്കം മുതല്‍ തന്നെ കോടതിമുറി തിങ്ങി നിറഞ്ഞിരുന്നു. ബിക്കാനീര്‍ മഹാരാജാവ് ഉള്‍പ്പെടെ വിശിഷ്ട വ്യക്തികള്‍ കോടതി നടപടികള്‍ക്ക് സാക്ഷ്യം വഹിക്കും. 12 അംഗ ജൂറിയില്‍ അദ്ധ്യക്ഷത വഹിച്ചത് ജസ്റ്റിസ് ഹെന്റി മക്കാര്‍ഡി ആയിരുന്നു.

വിചാരണ ആരംഭിച്ച് രണ്ട് ദിവസത്തിന് ശേഷം, പ്രതിയുടെ സാക്ഷികളെ വിളിക്കാന്‍ അനുവദിക്കുന്നതിനുപകരം, മക്കാര്‍ഡി അദ്ദേഹത്തെ ചോദ്യം ചെയ്തു. ജാലിയന്‍വാലയിലെ ജനക്കൂട്ടത്തിന് നേരെ വെടിയുതിര്‍ത്തതില്‍ ജനറല്‍ ഡയര്‍ ചെയ്തത് ശരിയാണോ തെറ്റാണോ എന്ന് തെളിയിക്കാന്‍ നായര്‍ ഉദ്ദേശിക്കുന്നുണ്ടോ എന്ന് മക്കാര്‍ഡി പരിഹാസ രൂപേണ ചോദിച്ചു. വിചാരണയിലുടനീളം മക്കാര്‍ഡിയുടെ ഭാഗത്തുനിന്നും സമാനമായ ഇടപെടലുകള്‍ ഉണ്ടായി. ഒന്നിനെതിരെ 11 ഭൂരിപക്ഷത്തോടെ കേസ് ഡയര്‍ വിജയിച്ചു. ഹരോള്‍ഡ് ലസ്‌കി മാത്രമാണ് വിയോജിപ്പ് അറിയിച്ച ജഡ്ജി. ഡയറിനെ അപകീര്‍ത്തിപ്പെടുത്തിയതിന് 500 ഡോളറും വിചാരണയുടെ ചെലവും നായര്‍ വാദിക്ക് നല്‍കേണ്ടി വന്നു. നായര്‍ ക്ഷമാപണം നടത്തിയാല്‍, പിഴ ഒഴിവാക്കാന്‍ തയ്യാറാണെന്ന് ഡയര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ നായര്‍ ക്ഷമ ചോദിക്കാന്‍ തയ്യാറായില്ല.


 



വിധി ഏകകണ്ഠമായ തീരുമാനമല്ലാത്തതിനാല്‍, നായര്‍ക്ക് കേസുമായി മുന്നോട്ട് പോകാമായിരുന്നു. എന്നാല്‍ വാദം മുന്നോട്ട് കൊണ്ടുപോകാന്‍ നായര്‍ വിസമ്മതിച്ചു. അടുത്ത വിചാരണയിലും 12 ഇംഗ്ലീഷുകാര്‍ തന്നെയാകും കേസ് കേള്‍ക്കുക എന്ന് നായര്‍ക്ക് ഉറപ്പായിരുന്നു. നായര്‍ കേസില്‍ തോറ്റെങ്കിലും വിചാരണ ഇന്ത്യയിലെ ബ്രിട്ടീഷ് സാമ്രാജ്യത്തെ സാരമായി ബാധിച്ചു. ദേശീയ പ്രസ്ഥാനം ശക്തി പ്രാപിച്ചുകൊണ്ടിരുന്ന ആ കാലഘട്ടത്തില്‍ ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ വ്യക്തമായ പക്ഷപാതവും സ്വന്തം ജനതയ്ക്കെതിരെ അതിക്രമങ്ങള്‍ നടത്തുന്നവരെ സംരക്ഷിക്കാനുള്ള ശ്രമവും ഇന്ത്യക്കാര്‍ വിധിന്യായത്തിലൂടെ മനസ്സിലാക്കി. സ്വാതന്ത്രത്തിനായി പോരാടാന്‍ ദേശീയവാദികളെ കൂടുതല്‍ ശക്തപ്പെടുത്താന്‍ ഈ വിധി സുപ്രധാന കാരണമായി മാറി.

ഗാന്ധിജിയുടെ ശക്തനായ എതിരാളി

ജീവിച്ചിരിക്കുന്ന കാലത്ത് ഗാന്ധിജി നേരിട്ട ഏറ്റവും ശക്തനായ എതിരാളിയായിരുന്നു ചേറ്റുര്‍ ശങ്കരന്‍ നായര്‍. ഗാന്ധിജിയുടെ നിസ്സഹകര പ്രസ്ഥാനത്തോടും, ഖിലാഫത്തിനെ സ്വാതന്ത്ര്യസമരവുമായി കൂട്ടിക്കെട്ടിയതിനോടുമൊക്കെ കടുത്ത വിയോജിപ്പായിരുന്നു അദ്ദേഹത്തിന് ഉണ്ടായിരുന്നത്. ഗാന്ധി ആന്‍ഡ് അനാര്‍ക്കി എന്ന തന്റെ പുസ്തകത്തില്‍ അദ്ദേഹം ഇക്കാര്യങ്ങള്‍ എല്ലാം വിശദീകരിച്ച് പറയുന്നുണ്ട്. 1922ലാണ് അദ്ദേഹം ഈ പുസ്തകം എഴുതിയത്. ശങ്കരന്‍ നായര്‍ ഇങ്ങനെ ചോദിക്കുന്നു. ''പ്രവര്‍ത്തകര്‍ തന്നെ സ്വയം ഭരണഘടനാധികാരത്തിനെതിരെ കലാപം പ്രഖ്യാപിച്ചാല്‍, അതിനെ നശിപ്പിക്കാന്‍ ശ്രദ്ധരായാല്‍, പ്രവര്‍ത്തനം അഹിംസാത്മകമാകുന്നതെങ്ങനെ. അധികാരികള്‍ തങ്ങളെ വെടിവയ്ക്കാന്‍ ഉതകും വിധമുള്ള നിസ്സഹകരണ സമരം നടന്നാല്‍ അത് അഹിംസാത്മകമാകുമോ''.

അദ്ദേഹം തുടരുന്നു. ''അലഹബാദിലോ ബനാറസിലോ ഗാന്ധി 1920ല്‍ ഇത് ആദ്യം പറഞ്ഞപ്പോള്‍, ലക്ഷ്യങ്ങള്‍ ഭരണഘടനാ വിരുദ്ധവും രീതികള്‍ നിയമവിരുദ്ധവും എനിക്ക് സംശയമില്ലായിരുന്നു. അതിന്റെ നടപ്പാക്കല്‍ അക്രമത്തിലും അരാജകത്വത്തിലും കലാശിക്കുമെന്ന് ഉറപ്പായിരുന്നു. നേതാക്കളുടെ അഹിംസാ വചനങ്ങള്‍ വെറം വാക്കുകളാകും. അതിന്റെ അപ്രസക്തമായ ആദ്യഘട്ടം നോക്കേണ്ടതില്ല. പദവികള്‍ വേണ്ടെന്ന് വയ്ക്കുക, സ്‌കൂളുകളും കോളജുകളും ബഹിഷ്‌കരിക്കുക, വക്കീല്‍മാര്‍ പ്രാക്ടീസ് വേണ്ടെന്ന് വയ്ക്കുക ഒക്കെയായിരുന്നു അപ്പോള്‍ നിസ്സഹകരണം. ഇവ പ്രത്യേകിച്ചും യുവാക്കള്‍ക്ക് ദോഷം ചെയ്തു. ഈ ഘട്ടത്തില്‍ തന്നെ അക്രമങ്ങള്‍ നടന്നു. സാമൂഹിക ബഹിഷ്‌കരണ ഭീഷണിയും സാമുദായിക സ്പര്‍ദ്ധയും വ്യക്തികളെ ബാധിച്ചു. ഈ പ്രസ്ഥാനത്തെ മൊത്തമായി എടുക്കാം. അതിന്റെ അവസാനഘട്ടങ്ങള്‍ വച്ച് വിലയിരുത്താം. അത് രാജ്യ നിയമങ്ങള്‍ക്കും പോലീസിനും കോടതിക്കും എതിരെ നിന്നു. പോലീസ് സ്റ്റേഷനുകള്‍ ആക്രമിച്ചു. കോടതികള്‍ പിക്കറ്റ് ചെയ്തു, പട്ടാളക്കാരോട് കൂറുമാറാന്‍ ആഹ്വാനം ചെയ്തു, നികുതിയും വാടകയും നല്‍കാന്‍ വിസമ്മതിച്ചു. പ്രസ്ഥാനത്തെ ആത്യന്തിക ലക്ഷ്യം വച്ച് വിലയിരുത്താം. അത് സര്‍ക്കാരിനെ മരവിപ്പിക്കലും അട്ടിമറിക്കലുമാണ്. ഇതിന്റെ അനിവാര്യ ഫലം, അരാജകത്വവും ചോരപ്പുഴയും സകല സമുദായങ്ങള്‍ക്കും ദുരിതവുമാണ്.''- ശങ്കരന്‍ നായര്‍ ചൂണ്ടിക്കാട്ടുന്നു.

ഇതിന്റെ അര്‍ഥം അദ്ദേഹം സ്വാതന്ത്ര്യ സമരത്തിന് എതിരായിരുന്നു എന്ന് അല്ല. ഈ രീതിയില്‍ അരാജകത്വം ഉണ്ടാക്കിക്കൊണ്ടല്ല, ജനാധിപത്യപരമായി പ്രതിഷേധിക്കാനുള്ള അവസരം ഉണ്ടാക്കുകയാണ് വേണ്ടത് എന്നതായിരുന്നു ശങ്കരന്‍ നായരുടെ പക്ഷം.


അതുപോലെ 1921ലെ മാപ്പിള ലഹളയിലും ഖിലാഫത്തുമായി സ്വതന്ത്ര്യ സമരത്തെ കൂട്ടിക്കെട്ടിയതിലുമൊക്കെ അദ്ദേഹം ഗാന്ധിജിയെ നിശിതമായി വിമര്‍ശിക്കുന്നുണ്ട്. ഗാന്ധി ആന്‍ഡ് അനാര്‍ക്കി എന്ന പുസ്തകത്തിലെ ആ ഭാഗം കുരുക്ഷേത്ര പ്രകാശന്‍ 'ഗാന്ധി കാണാത്ത മാപ്പിള ലഹള' എന്ന പേരില്‍ പുസ്തകം ആക്കിയിട്ടുണ്ട്. അവിടെ നടന്നത ഹിന്ദുവംശ ഹത്യയാണെന്ന് അദ്ദേഹം തുറന്ന് പറയുന്നുണ്ട്.

ശങ്കരന്‍ നായര്‍ ഇങ്ങനെ എഴുതുന്നു. ''മുസ്ലിംകള്‍ പിന്തുടരുന്നത് അക്രമോല്‍സുകമായ മതമാണെന്ന് നമുക്കറിയാം. അവര്‍ മതപരമായ നിയമം എന്ന് കരുതുന്ന ഒന്നിനായി ആ മതം ബലപ്രയോഗം അനുശാസിക്കുകയും അനുവദിക്കുകയും ചെയ്യുന്നു. നിസ്സഹകരണ പ്രവര്‍ത്തകരുടെ സ്വഭാവമനുസരിച്ച് രക്തച്ചൊരിച്ചിലില്‍ മാത്രം അവസാനിക്കുന്ന കലാപങ്ങള്‍ ഉറപ്പാണ്. ഖിലാഫത്തുകാര്‍ക്ക് ഖലീഫയെ പുസ്സ്ഥാപിക്കയാണ് പ്രധാനം. ഇന്ത്യന്‍ സ്വതന്ത്ര്യ സമരം അവര്‍ക്ക് രണ്ടാമതാണ്''- ശങ്കരന്‍ നായര്‍ എഴുതി.

''മാപ്പിള ലഹളയുടെ ഫലം മുസ്ലിംങ്ങള്‍ക്കും ഹിന്ദുക്കള്‍ക്കും ദോഷകരമായിരുന്നു. രണ്ടായിരത്തിലധികം മുസ്ലിംങ്ങളെ സൈന്യം കൊന്നതായാണ് കണക്ക്. ആയിരങ്ങള്‍ മറ്റു തരത്തിലും കൊല്ലപ്പെട്ടു. പരുക്കേറ്റവര്‍ ഇതിലധികം. വെട്ടിക്കൊല്ലപ്പെട്ടവരും ജീവനോടെ തൊലിയുരിക്കപ്പെട്ടവരും കശാപ്പിന് മുന്‍പ് സ്വന്തം ശവക്കുഴി തോണ്ടാന്‍ വിധിക്കപ്പെട്ടവരുമായ ഹിന്ദുക്കള്‍ ആയിരങ്ങള്‍ വരും. സ്ത്രീകള്‍ ബലാല്‍സംഗം ചെയ്യപ്പെട്ടത് നൈമിഷിക ആവേശത്തള്ളിച്ചയില്‍ മാത്രമല്ല. ആസൂത്രിതമായി മാസങ്ങള്‍ അവരെ കൈമാറി. കണക്കു കൂട്ടി അവരോട് ചെയ്ത കിരാതത്വത്തിന് ചരിത്രത്തില്‍ സമാനതകളില്ല. ആയിരങ്ങളെ ബലം പ്രയോഗിച്ച് മതം മാറ്റി. ഇതെല്ലാം ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ പേരിലും അതിന് വേണ്ടിയും ആയിരുന്നു. ഗാന്ധിയുടെയും ഷൗക്കത് അലിയുടെയും വരവിനെ തുടര്‍ന്നായിരുന്നു ഇത്.''- ശങ്കരന്‍ നായര്‍ ചൂണ്ടിക്കാട്ടുന്നു.

മലബാറില്‍ കര്‍ഷക കലാപമൊന്നുമല്ല നടന്നത് കൃത്യമായ വര്‍ഗീയ ലഹളായണെന്നും അദ്ദേഹം പറയുന്നുണ്ട്. വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി സ്വാതന്ത്ര്യ സമര സേനാനിയായി വാഴ്ത്തുന്നവര്‍, അക്കാലത്ത് ജീവിച്ചിരുന്ന ശങ്കരന്‍ നായരുടെ പുസ്തകം ഒന്ന് വായിക്കേണ്ടത് തന്നെയാണ്.

ചേറ്റുര്‍ ശങ്കരന്‍ നായരുടെ ജീവിതം അഭ്രപാളിയിലെത്തുമ്പോള്‍..കേസരി ചാപ്റ്റര്‍ 2

സി.ശങ്കരന്‍ നായര്‍ ഓര്‍മ്മയായിട്ട് 90 വര്‍ഷമാകുന്നു.ജലിയന്‍വാലാബാഗ് കൂട്ടക്കൊലക്കേസില്‍ സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തെ വിറപ്പിച്ച അദ്ദേഹത്തെ കോണ്‍ഗ്രസ് പാര്‍ട്ടിയോ രാജ്യമോ വേണ്ട രീതിയില്‍ അംഗീകരിക്കുകയോ ഓര്‍മിക്കുകയോ ചെയ്തില്ല എന്ന പരാതി ദീര്‍ഘകാലമായുണ്ട്.ഈ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ കഥ് പറയുന്ന 'കേസരി ചാപ്ടര്‍ രണ്ട്' എന്ന ചിത്രം പ്രദര്‍ശനത്തിനെത്തിയത്.അദ്ദേഹത്തെക്കുറിച്ച് പ്രപൗത്രന്‍ രഘു പാലാട്ടും ഭാര്യ പുഷ്പ പാലാട്ടും ചേര്‍ന്നെഴുതിയ 'ദ കേസ് ദാറ്റ് ഷുക്ക് ദ എംപയര്‍' എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രം.

ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയുടെ അറിയാക്കഥകളിലൂടെയാണ് കേസരി ചാപ്റ്റര്‍ 2 സഞ്ചരിക്കുന്നത്.ജാലിയന്‍വാലാബാഗ് സംഭവത്തിന്റെ ഉത്തരവാദിയായ ജനറല്‍ മൈക്കിള്‍ ഡയറിനെതിരെ സര്‍ ചേറ്റൂര്‍ ശങ്കരന്‍ നായര്‍ ഇംഗ്ലണ്ടില്‍ ചെന്ന് കേസ് വാദിച്ചു. ലണ്ടനിലെ കിംഗ്‌സ് ബെഞ്ചിന് മുമ്പുള്ള വിചാരണ അഞ്ചര ആഴ്ച നീണ്ടു. അക്കാലത്ത് വാദത്തിനായി ഏറ്റവും കൂടുതല്‍ സമയമെടുത്ത കേസായിരുന്നു ഇത്. വിചാരണയുടെ തുടക്കം മുതല്‍ തന്നെ കോടതിമുറി തിങ്ങി നിറഞ്ഞിരുന്നു. ബിക്കാനീര്‍ മഹാരാജാവ് ഉള്‍പ്പെടെ വിശിഷ്ട വ്യക്തികള്‍ കോടതി നടപടികള്‍ക്ക് സാക്ഷ്യം വഹിക്കും. 12 അംഗ ജൂറിയില്‍ അദ്ധ്യക്ഷത വഹിച്ചത് ജസ്റ്റിസ് ഹെന്റി മക്കാര്‍ഡി ആയിരുന്നു.


 



വിചാരണ ആരംഭിച്ച് രണ്ട് ദിവസത്തിന് ശേഷം, പ്രതിയുടെ സാക്ഷികളെ വിളിക്കാന്‍ അനുവദിക്കുന്നതിനുപകരം, മക്കാര്‍ഡി അദ്ദേഹത്തെ ചോദ്യം ചെയ്തു. ജാലിയന്‍വാലയിലെ ജനക്കൂട്ടത്തിന് നേരെ വെടിയുതിര്‍ത്തതില്‍ ജനറല്‍ ഡയര്‍ ചെയ്തത് ശരിയാണോ തെറ്റാണോ എന്ന് തെളിയിക്കാന്‍ നായര്‍ ഉദ്ദേശിക്കുന്നുണ്ടോ എന്ന് മക്കാര്‍ഡി പരിഹാസ രൂപേണ ചോദിച്ചു. വിചാരണയിലുടനീളം മക്കാര്‍ഡിയുടെ ഭാഗത്തുനിന്നും സമാനമായ ഇടപെടലുകള്‍ ഉണ്ടായി. ഒന്നിനെതിരെ 11 ഭൂരിപക്ഷത്തോടെ കേസ് ഡയര്‍ വിജയിച്ചു. ഹരോള്‍ഡ് ലസ്‌കി മാത്രമാണ് വിയോജിപ്പ് അറിയിച്ച ജഡ്ജി. ഡയറിനെ അപകീര്‍ത്തിപ്പെടുത്തിയതിന് 500 ഡോളറും വിചാരണയുടെ ചെലവും നായര്‍ വാദിക്ക് നല്‍കേണ്ടി വന്നു. നായര്‍ ക്ഷമാപണം നടത്തിയാല്‍, പിഴ ഒഴിവാക്കാന്‍ തയ്യാറാണെന്ന് ഡയര്‍ വ്യക്തമാക്കിയിരുന്നു.എന്നാല്‍ നായര്‍ ക്ഷമ ചോദിക്കാന്‍ തയ്യാറായില്ല.

അടുത്ത വിചാരണയിലും 12 ഇംഗ്ലീഷുകാര്‍ തന്നെയാകും കേസ് കേള്‍ക്കുക എന്ന് നായര്‍ക്ക് ഉറപ്പായിരുന്നു.അതിനാല്‍ തന്നെ കേസുമായി ്അദ്ദേഹം മുന്നോട്ട് പോയില്ല.നായര്‍ കേസില്‍ തോറ്റെങ്കിലും വിചാരണ ഇന്ത്യയിലെ ബ്രിട്ടീഷ് സാമ്രാജ്യത്തെ സാരമായി ബാധിച്ചു.ദേശീയ പ്രസ്ഥാനം ശക്തി പ്രാപിച്ചുകൊണ്ടിരുന്ന ആ കാലഘട്ടത്തില്‍ ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ വ്യക്തമായ പക്ഷപാതവും സ്വന്തം ജനതയ്ക്കെതിരെ അതിക്രമങ്ങള്‍ നടത്തുന്നവരെ സംരക്ഷിക്കാനുള്ള ശ്രമവും ഇന്ത്യക്കാര്‍ വിധിന്യായത്തിലൂടെ മനസ്സിലാക്കി. സ്വാതന്ത്രത്തിനായി പോരാടാന്‍ ദേശീയവാദികളെ കൂടുതല്‍ ശക്തപ്പെടുത്താന്‍ ഈ വിധി സുപ്രധാന കാരണമായി മാറി.ഈ സംഭവത്തെ പ്രധാന തന്തുവാക്കി കോര്‍ട്ട് റൂം ഡ്രാമയായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

സി ശങ്കരന്‍ നായരായി അക്ഷയ് കുമാറാണ് ചിത്രത്തിലെത്തുന്നത്.അക്ഷയ് കുമാറിനൊപ്പം നടി അനന്യ പാണ്ഡെയും നടന്‍ ആര്‍ മാധവനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.കരണ്‍ സിങ് ത്യാഗി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.അക്ഷയ്യുടെ കരിയര്‍ ബെസ്റ്റ് പെര്‍ഫോമന്‍സാണ് ചിത്രം എന്നും ഇമോഷണലി കണക്റ്റ് ചെയ്യുന്നുണ്ട് എന്നും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രേക്ഷകര്‍ കുറിച്ചിരിക്കുന്നു.റിലീസിന് ആകെ നേടിയത് 7.5 കോടി രൂപയാണ് എന്നുമാണ് സാക്നില്‍ക്ക് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.മികച്ച അഭിപ്രായം വന്നതോടെ രണ്ടാം ദിനം ശനിയാഴ്ചയാകട്ടെ 9.5 കോടി നേടിയ കേസരി ചാപ്റ്റര്‍ രണ്ട് 30 ശതമാനം കുതിപ്പോടെ ഞായറാഴ്ച 12.25 കോടി നേടി മികച്ച കലക്ഷനിലേക്ക് കുതിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

മോദിയുടെ ഓര്‍മ്മപ്പെടുത്തലും സുരേഷ് ഗോപിയുടെ സന്ദര്‍ശനവും

കേസരി ചാപ്റ്റര്‍ 2 എന്ന ചിത്രം പ്രദര്‍ശനത്തിനെത്തിയതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ശങ്കരന്‍ നായരെക്കുറിച്ചും അദ്ദേഹത്തിന്റെ പ്രവര്‍ത്തത്തനങ്ങളെക്കുറിച്ചും തന്റെ പ്രസംഗത്തില്‍ അനുസ്മരിച്ചു.ഹരിയാനയിലെ പ്രസംഗത്തിലാണ് പ്രധാനമന്ത്രി ശങ്കരന്‍ നായരെ അനുസ്മരിച്ചത്.ചേറ്റൂരിന്റെ പുത്രന് കേരള ജനത ഒന്നാകെ ആദരവര്‍പ്പിക്കണമെന്നു പറഞ്ഞ മോദി ഏക ഭാരതം ശ്രേഷ്ഠ ഭാരതം എന്ന ആശയം ഉയര്‍ത്തിപ്പിടിച്ച് ബ്രിട്ടീഷുകാര്‍ക്ക് എതിരെ നിയമയുദ്ധം നടത്തിയ അദ്ദേഹത്തിന്റെ പോരാട്ടങ്ങളെ പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു.

തികഞ്ഞ ദേശീയവാദിയും അഭിഭാഷകനും ബ്രിട്ടീഷ് ഭരണകൂടത്തിന്റെ കടുത്ത വിമര്‍ശകനുമായിരുന്നു ചേറ്റൂര്‍ ശങ്കരന്‍ നായര്‍.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷനായിരുന്ന ഏക മലയാളികൂടിയായിരുന്ന അദ്ദേഹം പഞ്ചാബിലെ ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയ്ക്ക് ശേഷം ബ്രിട്ടീഷ് സര്‍ക്കാരിനെ കോടതി കയറ്റി അവരുടെ ക്രൂരത എന്താണ് തുറന്നുകാട്ടുന്നതില്‍ വലിയ പങ്കുവഹിച്ചിരുന്നു.പഞ്ചാബില്‍ നടന്ന കൂട്ടക്കൊലക്കെതിരെ കേരളത്തില്‍ നിന്നുള്ള വ്യക്തിയാണ് പോരാടിയതെന്നും ശങ്കരന്‍ നായരുടെ സംഭാവനകളെ കുറിച്ച് പഠിക്കണമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ഇ പരാമര്‍ശത്തിന് പിന്നാലെയാണ് കേന്ദ്രമന്ത്രികൂടിയായ സുരേഷ്ഗോപി ശങ്കരന്‍നായരുടെ ബന്ധുക്കളെ സന്ദര്‍ശിച്ചത്.ചേറ്റൂര്‍ കുടുംബാംഗം പാലക്കാട് ചന്ദ്രനഗറിലെ റിട്ട.ജസ്റ്റിസ് ചേറ്റൂര്‍ ശങ്കരന്‍ നായരെയും ഒറ്റപ്പാലത്തെ പാലാട്ട് വീട്ടിലെ ബന്ധുക്കളെയുമാണ് അദ്ദേഹം സന്ദര്‍ശിച്ച് സൗഹൃദം പങ്കുവച്ചത്.ചേറ്റൂരിന്റെ ജീവിതവും സംഭാവനകളും കൂടുതല്‍ ആളുകളില്‍ എത്തിക്കേണ്ടതിന്റെ ആവശ്യകത മന്ത്രി പറഞ്ഞു.ചേറ്റൂരിനെപ്പോലുള്ള ധീരമായ ജീവിതങ്ങളെ ജനങ്ങളില്‍ എത്തിക്കാന്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ശ്രമം നടക്കുന്നതായും അറിയിച്ചു.


 



സ്ത്രീകളുടെ വിദ്യാഭ്യാസത്തിനു ചേറ്റൂര്‍ ഒറ്റപ്പാലത്ത് ആരംഭിച്ച സ്ഥാപനം ഉള്‍പ്പെടെ അക്കാലത്തെ സംരംഭങ്ങളും ചര്‍ച്ചയായി.ചേറ്റൂരിനെ വേണ്ടരീതിയില്‍ കേരളീയര്‍ക്ക് അറിയാന്‍ നടപടികളുണ്ടായില്ലെന്നും ഉചിതമായ സ്മാരകത്തിന്റെ ആവശ്യകതയും ബന്ധുക്കളില്‍ ചിലര്‍ പറഞ്ഞു.ഒറ്റപ്പാലത്ത് ചേറ്റൂരിന് സ്മാരകം നിര്‍മ്മിക്കാന്‍ സഹായിക്കുമെന്ന് സന്ദര്‍ശനത്തിന് ശേഷം സുരേഷ് ഗോപി പറഞ്ഞു.പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് സുരേഷ്ഗോപിയുടെ സന്ദര്‍ശനമെന്നും സൂചനയുണ്ട്.

Tags:    

Similar News