മുഖ്യ വില്ലന്‍ കെജ്രിവാള്‍- രാഹുല്‍ ഈഗോ! മദ്യ അഴിമതിതൊട്ട് കണ്ണാടിമാളിക വരെയുള്ള വിവാദങ്ങളില്‍ പ്രതിച്ഛായ തകര്‍ന്നു; മൃദു ഹിന്ദുത്വം പാളി; മധ്യവര്‍ഗവും ന്യൂനപക്ഷവും കൈയൊഴിഞ്ഞു; പൊളിറ്റിക്കല്‍ സൂപ്പര്‍സ്റ്റാറായി വീണ്ടും നരേന്ദ്രമോദി; ഇന്ദ്രപ്രസ്ഥത്തില്‍ നിന്ന് ആപ്പ് കടപുഴകിയതിങ്ങനെ

Update: 2025-02-08 09:13 GMT

രു രാഷ്ട്രീയ വന്‍മരത്തിന്റെ വീഴ്ച! ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയെ തോല്‍പ്പിച്ച് ബിജെപി അധികാരത്തിലേറുമെന്ന് പ്രവചിച്ചവര്‍പോലും, ഒരിക്കലും കരുതിയിട്ടില്ലാത്ത കാര്യമാണ്, പാര്‍ട്ടിയുടെ സ്ഥാപകന്‍കൂടിയായ മൂന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ തോല്‍ക്കുമെന്നത്. പക്ഷേ ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന്റ പെട്ടി തുറന്നപ്പോള്‍, ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അട്ടിമറിയാണ് കണ്ടത്. ന്യൂഡല്‍ഹി നിയസഭാ മണ്ഡലത്തില്‍ ബിജെപിയിലെ പര്‍വേശ് ശര്‍മ്മയോട്, 1844 വോട്ടിന് കെജ്രിവാള്‍ തോറ്റിരിക്കുന്നു!

സര്‍വ്വസന്നാഹങ്ങളുമായി കളത്തിലിറങ്ങിയ ബി.ജെ.പിയുടെ കൗണ്ടര്‍ അറ്റാക്കിന് മുന്നില്‍ എഎപിക്ക് പിടിച്ചുനില്‍ക്കാനായില്ല. നായകന്‍ കെജ്രിവാളടക്കം പ്രമുഖര്‍ വീണതോടെ ഒരുപതിറ്റാണ്ടോളംനീണ്ട ആപ്പ് ഭരണത്തിന് രാജ്യതലസ്ഥാനത്ത് വിരാമമായി. 2015-ല്‍ മൂന്ന് സീറ്റും 2020 ല്‍ എട്ട് സീറ്റുകളും മാത്രം നേടാനായ ബിജെപി അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം, ഇന്ദ്രപ്രസ്ഥത്തിലേക്ക് തിരിച്ചെത്തുന്നത്, ധികാരിക വിജയത്തോടെയാണ്. എട്ടില്‍ നിന്ന് 48 ലേക്കുള്ള കുതിപ്പ്. ഇതോഴടെ അഴിമതിക്കെതിരെ ചൂലുമായി തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയ അരവിന്ദ് കെജ്രിവാളിന്റെയും എ.എ.പിയുടെയും രാഷ്ട്രീയഭാവിയും ചോദ്യചിഹ്നമാണ്.

എന്താണ് കെജ്രിവാളിന് പറ്റിയത്? എവിടെയാണ് പിഴച്ചത്?അഴിമതിക്കെതിരെ ചുലെടുത്ത് വന്ന അവരെ രാജ്യതലസ്ഥാനത്തെ ജനം അടിച്ചോടിക്കാനുണ്ടായ കാരണങ്ങള്‍ എന്തൊകെകയാണ്.

കെജ്രിവാള്‍- രാഹുല്‍ ഈഗോ!

ആം ആദ്മിയെ ഇന്ദ്രപ്രസ്ഥത്തില്‍നിന്ന് കടപുഴക്കിയതില്‍ ഏറ്റവും പ്രധാന കാരണമായി പറയുന്നത്, കോണ്‍ഗ്രസുമായുള്ള സംഖ്യം പൊളിഞ്ഞതാണ്. ലഭ്യമായ കണണക്കുകള്‍ നോക്കുമ്പോള്‍ എന്‍ഡിഎയും ആംആദ്മി പാര്‍ട്ടിയും തമ്മില്‍ ഈ തിരഞ്ഞെടുപ്പിലുള്ള വോട്ട് വ്യത്യാസം നാല് ശതമാനമാണ്. പക്ഷേ കോണ്‍ഗ്രസ് 7ശതമാനത്തിലേറെ വോട്ട് പിടിച്ചിട്ടുണ്ട്. ഈ സഖ്യം വര്‍ക്കൗട്ടവാവുകയായിരുന്നെങ്കില്‍ ദില്ലിയുടെ രാഷ്ട്രീയ വിധി മറ്റൊന്നാവുമായിരുന്നെന്ന് ദേശീയ മാധ്യമങ്ങള്‍ പറയുന്നു. 1844 വോട്ടിന് കെജ്രിവാള്‍ തോല്‍ക്കുമ്പോള്‍, കോണ്‍ഗ്രസ സ്ഥാനാര്‍ത്ഥിയും മുന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന്റെ മകനുമായ സന്ദീപ് ദീക്ഷിത് അവിടെ 3000ത്തോളം വോട്ടുകള്‍ പിടിച്ചത് ഓര്‍ക്കണം.


 



രാഹുലും കെജ്രിവാളും തമ്മിലുള്ള ഈഗോയാണ് കാര്യങ്ങള്‍ ഇങ്ങനെ വഷളാക്കിയത്. തിരഞ്ഞെടുപ്പ്കാലത്ത് പ്രകോപനമൊന്നുമില്ലാതെ, രാഹുല്‍ ഗാന്ധിയാണ് കെജ്രിവാളിനെതിരെ അപ്രതീക്ഷിത വെടിയുതിര്‍ത്തത്: ''വ്യാജ വാഗ്ദാനങ്ങള്‍ നല്‍കുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കെജ്രിവാളും ഒരേ പോലെയാണ്. തലസ്ഥാനത്തെ പാരീസ് പോലെയാക്കുമെന്നു പറഞ്ഞ് ക്ലീന്‍ ഡല്‍ഹി കാമ്പയിന്‍ നടത്തിയ ആളാണ് കെജ്രിവാള്‍. എന്നിട്ട്, മലിനീകരണം ഏറ്റവും രൂക്ഷമായ സ്ഥലമല്ലേ ദല്‍ഹി? അഴിമതിയും വിലക്കയറ്റവും ആകാശം മുട്ടെ വളര്‍ന്നിരിക്കുന്നു. ദരിദ്രര്‍ കൂടുതല്‍ ദരിദ്രരാകുന്നു. അദാനിയെക്കുറിച്ച് ഒരക്ഷരം കെജ്രിവാള്‍ മിണ്ടിയിട്ടുണ്ടോ?. പിന്നാക്കക്കാരുടെ സംവരണത്തെക്കുറിച്ചും ജാതി സെന്‍സസിനെക്കുറിച്ചും നിങ്ങള്‍ കെജ്രിവാള്‍ജിയോട് ചോദിച്ചുനോക്കൂ. ഇതേക്കുറിച്ച് ഒരക്ഷരം പോലും മോദിയില്‍നിന്നും കെജ്രിവാളില്‍നിന്നും എനിക്ക് കേള്‍ക്കാനായിട്ടില്ല''.

ഈ രൂക്ഷമായ ആക്രമണത്തിന് അതേ ഭാഷയിലല്ലെങ്കിലും മിതമായി മറുപടി പറഞ്ഞു, കെജ്രിവാള്‍: ''രാഹുല്‍ ഗാന്ധി ദല്‍ഹിയില്‍ വന്ന് എന്നെ ഏറെ ആക്ഷേപിച്ചു. ഞാന്‍ അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍ക്ക് മറുപടി പറയുന്നില്ല. അദ്ദേഹത്തിന് സ്വന്തം പാര്‍ട്ടിയെ രക്ഷിച്ചെടുക്കുക എന്ന ഏക അജണ്ടയാണുള്ളത്, എന്നാല്‍ എനിക്ക് രാജ്യത്തെ രക്ഷിക്കുകയാണ് ലക്ഷ്യം''.

'കോണ്‍ഗ്രസ്- ബിജെപി ജുഗല്‍ബന്ദി' എന്നാണ് ഡല്‍ഹി തിരഞ്ഞെടുപ്പിനെ കുറിച്ച് കെജ്രിവാള്‍ പറഞ്ഞിരുന്നത്. ഡല്‍ഹിയിലെ ത്രികോണ പോര് അരവിന്ദ് കെജ്രിവാള്‍ ഒരിക്കലും അംഗീകരിച്ചിട്ടില്ല. കോണ്‍ഗ്രസ്- ബിജെപി- ആംആദ്മി പാര്‍ട്ടി എന്ന നിലയില്‍ ഒരു മല്‍സരം പാടില്ലെന്നും ബിജെപി ആംആദ്മി പാര്‍ട്ടി എന്ന നിലയില്‍ തിരഞ്ഞെടുപ്പ് നീങ്ങണമെന്നും കെജ്രിവാളും കൂട്ടരും ആഗ്രഹിക്കുന്നത്.

ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടി അടക്കമുള്ള സഖ്യകക്ഷികളും പലയിടത്തും ഒറ്റയ്ക്ക് മത്സരിച്ചിട്ടുണ്ടെങ്കിലും ശത്രുപക്ഷത്തുനിന്ന് പോരാടുന്നത് ആദ്യമായാണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ദല്‍ഹിയില്‍ രാഹുലും കെജ്ര്രിവാളും തമ്മിലുണ്ടായിരുന്ന തൊലിപ്പുറ സഖ്യം, ഇരു പാര്‍ട്ടികളുടെയും അണികളിലേക്ക് വ്യാപിച്ചിരുന്നില്ലെന്നു മാത്രമല്ല, കോണ്‍ഗ്രസ് ഡല്‍ഹി ഘടകം ആം ആദ്മിയുമായുള്ള സഖ്യത്തിന് എതിരുമായിരുന്നു. ദീര്‍ഘകാലം ഡല്‍ഹി ഒറ്റക്കു ഭരിച്ച പാര്‍ട്ടിയെന്ന 'ആത്മാഭിമാന'ത്തില്‍നിന്ന് മുക്തമാകാനോ ആം ആദ്മി പാര്‍ട്ടിയെപ്പോലൊരു 'പ്രാദേശിക' പാര്‍ട്ടിയെ വകവെച്ചുകൊടുക്കാനോ ഡല്‍ഹി കോണ്‍ഗ്രസ് ഘടകത്തിന് ഇതുവരെയായിട്ടില്ല. എങ്കിലും രാഹുലും കെജ്രിവാളും തോളില്‍ കൈയിട്ടുനിന്ന് ഈ എതിര്‍പ്പിനെ മറികടന്നുപോന്നു.

പക്ഷേ അസംബ്ലി തെരഞ്ഞെടുപ്പ് സമയമായപ്പോള്‍, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഒരു സീറ്റില്‍ പോലും ജയിക്കാന്‍ കഴിയാത്ത പാര്‍ട്ടിയായിട്ടും കോണ്‍ഗ്രസില്‍ പഴയ ആത്മാഭിമാനം ഉണര്‍ന്നെണീറ്റു. ആപ്പ് ര്‍ക്കാറിന്റെ ക്ഷേമപദ്ധതികളും വാഗ്ദാനങ്ങളും വ്യാജമാണെന്ന ബി.ജെ.പിയുടെ അതേ ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി.

'ഇന്ത്യ' മുന്നണിയില്‍നിന്ന് കോണ്‍ഗ്രസിനെ പുറത്താക്കുന്നതിനെക്കുറിച്ച് മറ്റു സഖ്യ കക്ഷികളുമായി ആലോചിക്കുമെന്നുപറഞ്ഞാണ് ആം ആദ്മി പാര്‍ട്ടി തിരിച്ചടിച്ചത്. ആം ആദ്മി പാര്‍ട്ടിക്ക് തുറന്ന പിന്തുണയുമായി തൃണമൂല്‍ കോണ്‍ഗ്രസും ഉദ്ധവ് താക്കറേയുടെ ശിവസേനയും സമാജ്വാദി പാര്‍ട്ടിയും ശരത് പവാറിന്റെ എന്‍.സി.പിയും രംഗത്തുവന്നതും കോണ്‍ഗ്രസിന്റെ ഈഗോ കൂട്ടി. ത്.

ഡല്‍ഹി കേന്ദ്രമാക്കി ബി.ജെ.പിക്കെതിരായ 'ഇന്ത്യ' മുന്നണിയുടെ പോര്‍നിലം ഒരുക്കിയവരില്‍ പ്രധാനികളാണ് രാഹുലും കെജ്രിവാളും. അതുകൊണ്ടുതന്നെ മോദി സര്‍ക്കാറിന്റെ പ്രധാന ടാര്‍ഗറ്റും ഈ നേതാക്കളായിരുന്നു. രാഹുലിനെ എം.പി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയപ്പോള്‍ ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ചത് കെജ്രിവാള്‍ ആയിരുന്നു. അതുപോലെ, കെജ്രിവാള്‍ അറസ്റ്റിലായപ്പോള്‍ രാഹുല്‍ പിന്തുണയുമായി എത്തി.

2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇരു പാര്‍ട്ടികളും മുന്നണിയുടെ ഭാഗമായാണ് മത്സരിച്ചതെങ്കിലും രാഹുലും കെജ്രിരിവാളും ഒന്നിച്ച് ഒരു കാമ്പയിനില്‍ പോലും പങ്കെടുത്തില്ല. എങ്കിലും, താന്‍ ആദ്യമായി ന്യൂദല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥിക്ക് വോട്ടു ചെയ്യാന്‍ പോകുന്നു എന്ന രാഹുലിന്റെയുംാ താന്‍ ആദ്യമായി ചാന്ദ്നി ചൗക്കില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് വോട്ടു ചെയ്യാന്‍ പോകുന്നുവെന്ന കെജ്രിവാളിന്റെയും പ്രഖ്യാപനങ്ങള്‍ ഐക്യത്തിന്റെ ശക്തമായ സൂചനയായി നിലനിന്നു. പക്ഷേ ഇത്തവണ ഈ ഐക്യം തകര്‍ന്നത് ഫലത്തില്‍ ബിജെപിക്ക് ചാകരയായി.

മദ്യ അഴിമതി തൊട്ട് കണ്ണാടി മാളിക വരെ

അഴിമതിക്കെതിരായ ശക്തമായ കാമ്പയിന്റെ ഉപോല്‍പ്പന്നമാണ് ആം ആദ്മി പാര്‍ട്ടി. ഡല്‍ഹിയുടെ സമീപകാല രാഷ്ട്രീയ ചരിത്രം അരവിന്ദ് കെജ്രിവാളിനെ ചുറ്റിപ്പറ്റിയാണ്. മുഷിഞ്ഞ ഷര്‍ട്ടും തൊണ്ട പൊട്ടിയുള്ള മുദ്രാവാക്യങ്ങളുമായി ഒരു കുറിയ മനുഷ്യന്‍. അദ്ദേഹം പിന്നീട് മുഖ്യമന്ത്രിയായി. സിവില്‍ സര്‍വ്വീസ് ഉദ്യോഗം രാജിവെച്ച് പൊതുസേവനത്തിന് ഇറങ്ങിയ നേതാവ്. ആദ്യം വിവാരാവകാശ നിയമത്തിന് വേണ്ടിയായിരുന്നു പോരാട്ടം. ആ പോരാട്ടം വിജയിച്ചു. ആര്‍.ടി.ഐ നിയമം നിയമം നിലവില്‍ വന്നു. പിന്നീട് അണ്ണാ ഹസാരേക്കൊപ്പം യു.പി.എ കാലത്തെ അഴിമതിക്കെതിരായ പോരാട്ടം. ടു ജി സ്‌പെക്ട്രം, കല്‍ക്കരി അഴിമതിക്കെതിരെ ലോക്പാല്‍ ആവശ്യപ്പെട്ട് നടന്ന സത്യാഗ്രഹ സമരം ദേശീയതലത്തില്‍ വലിയ കൊടുങ്കാറ്റായി. സമരങ്ങളുടെ പാതയില്‍ നിന്ന് പെട്ടെന്നായിരുന്നു ഒരു രാഷ്ട്രീയ പാര്‍ടിയായി അരവിന്ദ് കെജ്രിവാള്‍ മാറിയത്. ചൂല്‍ ചിഹ്നമാക്കി ആംആദ്മി പാര്‍ട്ടി പ്രഖ്യാപിച്ചു. ദില്ലിയിലെ വലിയ തരംഗമായി പിന്നീട് അവര്‍ മാറി. 2014- ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വാരാണസിയില്‍ മോദിക്കെതിരെ മത്സരിച്ച് ദേശീയതലത്തില്‍ തന്നെ കെജ്രിവാള്‍ ഹീറോ ആയി. പിന്നീട് ഡല്‍ഹിയില്‍ കെജ്രിവാള്‍ അധികാരത്തില്‍ എത്തി. മോദി ഇന്ത്യ ഭരിക്കുമ്പോള്‍, മൂക്കിന് താഴെയുള്ള ഡല്‍ഹിഹി അരവിന്ദ് ഭരിച്ചു.


 



ഡല്‍ഹിയില്‍ സ്‌കൂള്‍ വിദ്യാഭ്യാസ രംഗത്ത് നല്ല മാറ്റങ്ങളാണ് കെജ്രിവാള്‍ സര്‍ക്കാര്‍ കൊണ്ടുവന്നത്. വൈദ്യുതി വിതരണം രംഗവും കുടിവെള്ള വിതരണ രംഗവും ശുദ്ധീകരിച്ചു. ഡല്‍ഹി ജനത രണ്ടാമതൊരിക്കല്‍ കൂടി കെജ്രിവാളിനെ അധികാരത്തിലേറ്റി. രണ്ടാം സര്‍ക്കാര്‍ കെജ്രിവാളിന് അത്ര നല്ല കാലമായിരുന്നില്ല. തുടക്കത്തില്‍ തന്നെ ആരോഗ്യ മന്ത്രിയായിരുന്ന സത്യേന്ദ്ര ജയിന്‍ അഴിമതി കേസില്‍ ജയിലിലായി. തൊട്ടുപിന്നാലെ വലം കയ്യായിരുന്ന ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ജയിലിലേക്ക് പോയി. ഡല്‍ഹി മദ്യക്കോഴ കേസിലായിരുന്നു ആ അറസ്റ്റ്. അതിന്റെ തുടര്‍ച്ചയില്‍ മുഖ്യമന്ത്രിയായ അരവിന്ദ് കെജ്രിവാളും ജയിലിലായി. അങ്ങനെ മുഖ്യമന്ത്രിയായിരിക്കെ തന്നെ ജയിലില്‍ കിടന്ന ആദ്യത്തെ വ്യക്തികൂടിയായി അരവിന്ദ് കെജ്രിവാള്‍ മാറി.

ഇതോടെ ആപ്പിന്റെ അഴിമതിവിരുദ്ധ കാമ്പയിനിന്റെ അടിത്തറമാന്താന്‍ ബിജെപിക്കായി. ഈ തിരഞ്ഞെടുപ്പില്‍ ആപ്പിന് ഏറ്റവും വലിയ തിരിച്ചടിയാവുക, കണ്ണാടിമാളികാ വിവാദമാണെന്നണ് ടൈംസ് ഓഫ് ഇന്ത്യ ചൂണ്ടിക്കാട്ടിയിരുന്നു. ഡല്‍ഹി മുഖ്യമന്ത്രിയായിരുന്ന അരവിന്ദ് കെജ്രിവാളിന്റെ ഔദ്യോഗിക വസതിയില്‍ നടത്തിയ ആഡംബരവത്കരണത്തെ കുറിച്ച് ഞെട്ടിക്കുന്ന റിപ്പോര്‍ട്ടാണ് ബിജെപി പുറത്തുവിട്ടത്. ഈ വസതിയെയാണ് കണ്ണാടി മാളിക എന്ന് വിളിക്കുന്നത്.

33.66 കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് കെജ്രിവാളിന്റെ കാലത്ത് ഡല്‍ഹി സിവില്‍ ലൈനിലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ നടത്തിയിരിക്കുന്നതെന്നാണ് സി.എ.ജിയുടെ കണ്ടെത്തല്‍. മുഖ്യമന്ത്രിയായി എത്തിയതിന് പിന്നാലെ 7.91 കോടി രൂപ വീട് മോടി കൂട്ടാനായി ചെലവിട്ടു. 2020ല്‍ 8.62 കോടി രൂപ ചെലവാക്കി. ആകെ നടന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ചെലവാണ് 33.66 കോടി രൂപ. വീടിന്റെ ഡ്രോയിംഗ് റൂമില്‍ തൂക്കിയിരിക്കുന്ന കര്‍ട്ടന്റെ വില 99 ലക്ഷമാണ്. അടുക്കള സാധനങ്ങള്‍ 39 ലക്ഷം, മിനി തിയേറ്റര്‍ 20.34 ലക്ഷം, വ്യായാമ മുറി 18.52 ലക്ഷം, കാര്‍പ്പെറ്റ് 16.27 ലക്ഷം, മിനി ബാര്‍ 4.80 ലക്ഷം, മാര്‍ബിള്‍ സ്റ്റോണ്‍ വാള്‍ 20 ലക്ഷം, സോഫ 6.40 ലക്ഷം, ബെഡ് 3.99 ലക്ഷം, കണ്ണാടി 2.39 ലക്ഷം, ടൈല്‍സ് 14 ലക്ഷം അങ്ങനെ പോകുന്ന ചെലവുകള്‍ എന്ന് സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് കള്ളക്കണക്കാണെന്ന് ആം ആദ്മി പാര്‍ട്ടി പറയന്നുണ്ടെങ്കിലും സാധാരണക്കാരുടെ ഇടതില്‍ ആവരുടെ വിശ്വാസ്യത തകര്‍ന്നുവെന്നാണ് സത്യം.

അരവിന്ദ് കെജ്രിവാളും ഭാര്യ സുനിതയും ഇന്ത്യന്‍ റവന്യു സര്‍വ്വീസ് ഉദ്യോഗസ്ഥരായിരുന്നു. അഴിമതിക്കെതിരായ കുരിശുയുദ്ധം നടത്തുന്ന വ്യക്തിയായാണ് കെജ്രിവാള്‍ വാഴ്ത്തപ്പെട്ടത്. പക്ഷെ, അതേ അഴിമതിയില്‍ കെജ്രിവാളിനെ് ബിജെപി കുരുക്കി.

മധ്യവര്‍ഗം കൈയൊഴിഞ്ഞു

കൃത്യമായ സൈദ്ധാന്തിക അടിത്തറയില്ലാത്ത പാര്‍ട്ടിയാണ് ആം ആദ്മി. വെല്‍ഫെയര്‍ പൊളിറ്റിക്‌സാണ് അവരുടേത്. ഘടനാപരമായി പ്രവര്‍ത്തിക്കുന്ന ഒരു പാര്‍ട്ടി അല്ല ഇത്. അംഗങ്ങളെല്ലാം വളണ്ടിയേഴ്‌സാണ്. അല്ലാതെ മെമ്പര്‍ഷിപ്പ് എടുത്ത് കാത്തിരിക്കുക, അതിനുശേഷം മേല്‍ഘടകം ആലോചിച്ചു തീരുമാനിച്ച് അയാളുടെ മെമ്പര്‍ഷിപ്പ് ഉറപ്പാക്കുക തുടങ്ങിയ കീഴ് വഴക്കങ്ങള്‍ ആം ആദ്മിയില്‍ ഇല്ല. അതിന്റെ ജനീകയത പാര്‍ട്ടിക്കുണ്ടാതിരുന്നു. മഡില്‍ക്ലാസ് ആയിരുന്ന അവരുടെ അടിത്തറ.


 



മധ്യവര്‍ഗത്തിന്റെയും ചേരികളിലെ വോട്ടര്‍മാരുടെയും മുസ്ലീങ്ങളുടെയും പിന്തുണ ആപ്പിന് നഷ്ടമായി എന്നാണ് ഡല്‍ഹി തിരഞ്ഞെടുപ്പ് ഫലം വിലയിരുത്തുന്ന വിദഗ്ധര്‍ പറയുന്നത്. ഡല്‍ഹിയിലെ വോട്ടര്‍മാരുടെ 10 ശതമാനമാണ്, 15 ലക്ഷം പേര്‍ ചേരികളിലുള്ളത്. കെജ്രിവാളിന്റെ പാരീസ് എന്ന പേരില്‍ രാഹുല്‍ഗാന്ധി കളിയാക്കിയ ഈ ചേരികളുടെ ഫോട്ടോ ബിജെപി നന്നായി ഉപയോഗിച്ചു. ആപ്പിന് ഇപ്പോഴും സ്വാധീനമുള്ള അസംഘടിതമേഖലയിലുള്ളവര്‍ താമസിക്കുന്ന 674 ചേരികളിലും 1700- ഓളം കോളനികളിലും, പാര്‍ട്ടി പ്രഖ്യാപിച്ച ആരോഗ്യ- വിദ്യാഭ്യാസ- ദാരിദ്ര്യനിര്‍മാര്‍ജന പരിപാടികള്‍ ഫലപ്രാപ്തിയിലെത്തിക്കാനായിട്ടില്ല എന്നത് വലിയ തിരിച്ചടിയായി.

ഡല്‍ഹിയിലെ വോട്ടുകളിലെ ചാഞ്ചാട്ട സ്വഭാവം നേരത്തെ തന്നെ ദേശീയ മാധ്യമങ്ങളിലടക്കം ചര്‍ച്ചയായിരുന്നു. ഒ.ബി.സി വോട്ടുകളില്‍ 25- 30 ശതമാനമാണ് ചാഞ്ചാട്ട വോട്ടുകള്‍. 2020-ല്‍ 49 ശതമാനം ഒ.ബി.സി വോട്ടാണ് ആപ്പിന് ലഭിച്ചത്. ബി.ജെ.പിക്കാകട്ടെ, 50 ശതമാനവും. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആപ്പിന് ലഭിച്ച ഒ.ബി.സി വോട്ടുകളില്‍ 29 ശതമാനവും ബി.ജെ.പിയിലേക്കു പോയി. ഇത്തവണത്തെ അവസാന കണക്ക് വന്നിട്ടില്ലെങ്കിലും ഒബിസി വോട്ടുകള്‍ ആപ്പില്‍നിന്ന് ചോര്‍ന്നിട്ടുണ്ട് എന്ന് ഉറപ്പാണ്.

ദലിത് വോട്ടുകളില്‍ 45-50 ശതമാനം ചാഞ്ചാട്ട വോട്ടാണ്. 2020-ല്‍ ബി.ജെ.പിക്ക് ഇതില്‍ 25 ശതമാനം വോട്ടാണ് ലഭിച്ചത്. ആപ്പിന് 69 ശതമാനവും. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആപ്പിന്റെ കൈവശമുണ്ടായിരുന്ന ദലിത് വോട്ടുകളുടെ 41 ശതമാനവും ബി.ജെ.പി സ്വന്തമാക്കി. ഇത് വല്ലാത്ത ഒരു ട്രന്‍ഡ് ആയാണ് വിലയിരുത്തപ്പെടുന്നത്. അതുപോലെയാണ് മുസ്ലീം വോട്ടുകളും.

മുസ്ലിം വോട്ടുകളില്‍ 55- 60 ശതമാനമാണ് ചാഞ്ചാട്ട വോട്ടുകള്‍. 2020-ല്‍ ബി.ജെ.പിക്ക് ഇതില്‍ മൂന്നു ശതമാനം മാത്രമാണ് കിട്ടിയത്, ആപ്പിന് 83 ശതമാനവും. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആപ്പിന്റെ 34 ശതമാനം മുസ്ലിം വോട്ടും ബി.ജെ.പി പിടിച്ചെടുത്തു. 2020-ല്‍ 70-ല്‍ 62 സീറ്റ് നേടിയാണ് ആം ആദ്മി പാര്‍ട്ടി അധികാരത്തിലെത്തിയത്. ഇതില്‍, 13 സീറ്റുകളില്‍ അഞ്ച് ശതമാനത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. അതായത്, കടുത്ത മത്സരം നടക്കുന്ന സീറ്റുകളുടെ എണ്ണം കൂടിവരികയാണ്. ഇത്തവണയും ആ പറ്റേണ്‍ കണ്ടു.

മധ്യവര്‍ഗത്തിന്റെ സ്വപ്നങ്ങള്‍ക്ക് അനുസരിച്ച് കെട്ടിപ്പടുത്ത പാര്‍ട്ടിയായിരുന്നു ആം ആദ്മി. ഇത്തവണ മധ്യവര്‍ഗത്തെ അടുപ്പിക്കാനായി വാഗ്ദാനപ്പെരുമാഴയാണ് പാര്‍ട്ടി നടത്തിയത്. 18 വയസ്സിനു മുകളിലുള്ള എല്ലാ സ്ത്രീകള്‍ക്കും പ്രതിമാസം 1000 രൂപ സഹായധനം നല്‍കുന്നതിനുള്ള മുഖ്യമന്ത്രി മഹിളാ സമ്മാന്‍ യോജനയുടെ രജിസ്ട്രേഷന്‍ നേരത്തെ തുടങ്ങിക്കഴിഞ്ഞിരുന്നു. 2024-25 ബജറ്റിലാണ് മുഖ്യമന്ത്രി മഹിളാസമ്മാന്‍ യോജന ഡല്‍ഹി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. പാര്‍ട്ടി വീണ്ടും അധികാരത്തിലെത്തിയാല്‍ സ്ത്രീകള്‍ക്കുള്ള പ്രതിമാസ സഹായധനം 2,100 രൂപയായി ഉയര്‍ത്തുമെന്ന് കെജ്രിവാള്‍ പ്രഖ്യാപിച്ചിരുന്നു. പദ്ധതിയുടെ രജിസ്‌ട്രേഷനായി ഡല്‍ഹിയില്‍ അങ്ങോളമിങ്ങോളം എ.എ.പി. ആയിരക്കണക്കിന് ടീമുകളുണ്ടാക്കിയതായി കെജ്രിവാള്‍ പറഞ്ഞു. മുഖ്യമന്ത്രി മഹിളാസമ്മാന്‍ യോജനയിലൂടെ 35 മുതല്‍ 40 ലക്ഷംവരെ സ്ത്രീകള്‍ക്കും സഞ്ജീവനി യോജനയിലൂടെ 10 മുതല്‍ 15 ലക്ഷംവരെ മുതിര്‍ന്ന പൗരന്മാര്‍ക്കും പ്രയോജനം ലഭിക്കുമെന്നാണ് കരുതുന്നതെന്നും കെജ്രിവാള്‍ പറഞ്ഞത്.

ഇത്തവണ ഞെട്ടിക്കുന്ന മറ്റൊരു വാഗ്ദാനം കെജ്രിവാള്‍ നല്‍കിയിരുന്നു. വീണ്ടും അധികാരത്തിലെത്തിയാല്‍ ഡല്‍ഹിയിലെ മുഴുവന്‍ മുതിര്‍ന്ന പൗരന്മാര്‍ക്കും സൗജന്യ ചികിത്സ ലഭ്യമാക്കുമെന്നതാണ് അത്. 60 വയസിന് മുകളിലുള്ളവര്‍ക്ക് രാജ്യതലസ്ഥാനത്തെ ഏത് സര്‍ക്കാര്‍ - സ്വകാര്യ ആശുപത്രികളില്‍നിന്നും സൗജന്യ ചികിത്സ തേടാം. ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ ഓരോ വീടുകളിലുമെത്തി 60 വയസിന് മുകളില്‍ പ്രായമുള്ളവരെ പദ്ധതിയില്‍ ചേര്‍ക്കും. സര്‍ക്കാര്‍ ആശുപത്രിയായാലും സ്വകാര്യ ആശുപത്രിയായാലും ചികിത്സ സൗജന്യമായിരിക്കും. ബിപിഎല്‍, എപിഎല്‍ തുടങ്ങിയ നിബന്ധനകള്‍ പദ്ധതിക്ക് ബാധകമായിരിക്കില്ല. പക്ഷേ ഇതൊന്നും വോട്ടായി മാറിയില്ല.

മൃദു ഹിന്ദുത്വ പാളിയോ?

തീവ്ര ഹിന്ദുത്വയെ നേരിടാന്‍ മൃദുഹിന്ദുത്വ എന്ന കെജ്രിവാളിന്റെ ലൈന്‍ പാളിയെന്നുമള്ള നിരീക്ഷണങ്ങളും പലയിടത്തുനിന്നും വരുന്നുണ്ട്. മുസ്ലീം- ദലിത് വോട്ടര്‍മാരെ പാര്‍ട്ടിയില്‍നിന്ന് അകറ്റാനുള്ള പ്രധാന കാരണമായി ഇത് മാറി. ശ്രീരാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയും ചടങ്ങുകള്‍ നോക്കുക. അതില്‍ പങ്കെടുക്കണോ വേണ്ടയോ എന്ന് രാഹുല്‍ഗാന്ധിയടക്കമുള്ളവര്‍ ശങ്കിച്ചു നിന്നപ്പോള്‍ കെജ്രിവാളിന് യാതൊരു സംശയവും ഇല്ലായിരുന്നു. ഡല്‍ഹിയില്‍ നിന്ന് പുതിയ ശ്രീരാമക്ഷേത്രത്തിലേക്ക് പോകാനുള്ള ട്രെയിന്‍ ടിക്കറ്റ് അദ്ദേഹം ജനങ്ങള്‍ക്ക് സൗജന്യമായി നല്‍കി. പ്രാണപ്രതിഷ്ഠാ ചടങ്ങിനുശേഷം കെജ്രിവാള്‍ അമ്മയെയും അച്ഛനെയും അവിടെ കൊണ്ടുപോയി രാമക്ഷേത്രം കാണിച്ചു.


 




രാമക്ഷേത്രം ബിജെപിയുടെ സ്വത്തല്ല എന്ന വാദമാണ് കെജ്രിവാള്‍ ഉയര്‍ത്തിയത്. ''അത് ഇന്ത്യയിലെ ഒരു നിയമപ്രശ്‌നത്തിന്റെ ഭാഗമായി ഉണ്ടായിവന്നതാണ്. അവിടെ പള്ളിയാണെങ്കിലും അമ്പലമാണെങ്കിലും, അത് ഇന്ത്യയുടെ സ്വത്താണ്. ബി ജെ പിക്കാരുടെ നികുതിപ്പണം കൊണ്ടല്ല രാമക്ഷേത്രം അവിടെ പണിതിരിക്കുന്നത്.''- കെജ്രിവാള്‍ പറഞ്ഞു. പക്ഷേ കോണ്‍ഗ്രസ് തുടക്കത്തില്‍ തന്നെ രാമക്ഷേത്രം ബി ജെ പിക്ക് വിട്ടുകൊടുത്തു!

ഇന്ത്യന്‍ കറന്‍സിയില്‍ ഗണപതിയുടെ ചിത്രം വേണമെന്ന് കെജ്രിവാള്‍ പറഞ്ഞിട്ടുണ്ട്. ഇതും വ്യാപകമായി വിമര്‍ശിക്കപ്പെട്ടു. പിന്നീട് കെജ്രിവാള്‍, ഒരു മുസ്ലിം രാജ്യമായ ഇന്തോനേഷ്യയുടെ കറന്‍സിയില്‍ ഹിന്ദു ദൈവത്തിന്റെ ചിത്രമുണ്ട് എന്ന തരത്തില്‍ കൗണ്ടര്‍ കാമ്പയിന്‍ തുടങ്ങി. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി, ഹൈന്ദവ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ച് ആം ആദ്മി പാര്‍ട്ടി 'സനാതന്‍ സേവാ സമിതി' എന്ന സന്യാസികളുടെ സംഘടന രൂപീകരിച്ചു. ഡല്‍ഹിയിലെ പ്രമുഖ സന്യാസിമഠാധിപന്‍മാരെ ഉള്‍ക്കൊള്ളിച്ചാണ് സമിതി രൂപീകരിച്ചത്. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു ആം ആദ്മി പാര്‍ട്ടിയുടെ ഈ നീക്കം.

പാര്‍ട്ടി ഓഫീസിന് മുന്നില്‍ ക്രമീകരിച്ച വേദിയില്‍ വിവിധ ക്ഷേത്രങ്ങളിലെ പൂജാരിമാരെയും സ്വാമിമാരെയും പങ്കെടുപ്പിച്ചാണ് ഉദ്ഘാടനം നടത്തിയത്. '''പുരോഹിത സമൂഹത്തിന് വേണ്ടി എന്തെങ്കിലും ചെയ്യാന്‍ ദൈവം ഞങ്ങളെ തിരഞ്ഞെടുത്തു. സനാതന്‍ സേവാ സമിതി ഈ ദിശയിലുള്ള ഒരു വലിയ ചുവടുവയ്പാണ്''- അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ വിവിധ ക്ഷേത്രങ്ങളിലെ പൂജാരിമാര്‍ക്കും ഗുരുദ്വാരകളിലെ പുരോഹിതര്‍ക്കും 18,000 രൂപ നല്‍കുമെന്ന് കെജ്രിവാള്‍ പ്രഖ്യാപിച്ചിരുന്നു. പൂജാരി ഗ്രന്ഥി സമ്മാന്‍ എന്ന് പേരിട്ട പദ്ധതിയുടെ രജിസ്‌ട്രേഷനും ആരംഭിച്ചിരുന്നു.

പക്ഷേ തീവ്ര ഹിന്ദുത്വയുടെ അടുത്ത മൃദുഹിന്ദുത്വ ഏശില്ല എന്നതാണ് യാഥാര്‍ത്ഥ്യം. മോദിയും അമിത്ഷായും രംഗത്തിറങ്ങി, രാമക്ഷേത്ര മടക്കമുള്ള വിജയാഘോഷങ്ങള്‍ എണ്ണിപ്പറഞ്ഞ് വോട്ടുപിടിച്ചപ്പോള്‍, ഹൈന്ദവവോട്ടുകള്‍ ബിജെപിക്ക് അനുകൂലമായി ഒന്നിക്കയാണ് ഉണ്ടായത്. ഡല്‍ഹിയില്‍ അപ്പര്‍ കാസ്റ്റ് വോട്ടുകളില്‍ 30 ശതമാനമാണ് ചാഞ്ചാട്ട വോട്ടുകള്‍. 2020-ല്‍ ബി.ജെ.പിക്ക് ഈ വിഭാഗത്തിന്റെ 54 ശതമാനം വോട്ട് നേടാനായി, ആപ്പിന് 41 ശതമാനവും. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആപ്പിന് 29 ശതമാനം അപ്പര്‍ കാസ്റ്റ് വോട്ടാണ് കിട്ടിയത്, ബി.ജെ.പിക്ക് 18 ശതമാനവും. ഇത്തവണ വലിയതോതില്‍ അപ്പര്‍ കാസ്റ്റ് വോട്ടുകള്‍ ബിജെപിയുടെ പൊട്ടിയില്‍ തന്നെ വീണു.

വീണ്ടും സൂപ്പര്‍സ്റ്റാറായി മോദി

സംസ്ഥാനതലത്തില്‍ ഒരു നേതാവില്ലാതെയാണ് ബിജെപി മത്സരിച്ചത്. അവര്‍ എവിടെയും ഉയര്‍ത്തിക്കാട്ടിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ തന്നെയാണ്. അതുകൊണ്ടുതന്നെ മോഡിയും, കെജ്രിവാളും തമ്മിലുള്ള നേരിട്ടുള്ള യുദ്ധമായാണ് ഇത് വിലയിരുത്തപ്പെട്ടത്. അതില്‍ കെജ്രിവാള്‍ ദയനീയമായി തോല്‍ക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്.

കടുത്ത വാക്ക്പോരാണ് മോദിയും, കെജ്രിവാളും പോളിങ്ങിന് ദിവസങ്ങള്‍ മുമ്പുവരെ നടത്തിയത്. കെജ്രിവാളിനെ ഒരു ദാക്ഷിണ്യവുമില്ലാതെ കടന്നാക്രമിക്കുക എന്നതായിരുന്നു മോദിയുടെ തന്ത്രം. ഡല്‍ിയില്‍ ചേരി നിവാസികള്‍ക്കുള്ള ഭവന പദ്ധതി ഉദ്ഘാടനം ചെയ്യവേ, മോദി ഇങ്ങനെ പറഞ്ഞു-''ജനങ്ങളുടെ പണം ഉപയോഗിച്ച് കെജ്രിവാള്‍ കോടികളുടെ വീട് വെച്ചു. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ജനങ്ങള്‍ക്ക് വീട് വെച്ചു നല്‍കുകയാണ് ചെയ്യുന്നത്. അണ്ണാഹസാരയെ മുഖമാക്കിയാണ് ആം ആദ്മി അധികാരത്തില്‍ വന്നത്. ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് മുന്നില്‍ ഈ പാര്‍ട്ടി വലിയ ദുരന്തമായി. ഇവരുടെ പിടിയില്‍ നിന്ന് ഡല്‍ഹി നിവാസികള്‍ സ്വതന്ത്രരാവണം''- മോദി ആഹ്വാനം ചെയ്തു. ''അവര്‍ മോഷ്ടിക്കുകയും പിന്നീട് പ്രതിരോധിക്കുകയും ചെയ്യും. മോദി ഒരിക്കലും സ്വന്തമായൊരു വീട് വെച്ചിട്ടില്ലെന്ന് ഈ രാജ്യത്തെ ജനങ്ങള്‍ക്ക് അറിയാം. എന്നാല്‍ ഈ 10 വര്‍ഷ കാലവധിക്കുള്ളില്‍ നാലുകോടി പൗരര്‍ക്ക് വീട് നല്‍കി. എനിക്കും ശീഷ്മഹല്‍ (പ്രസിദ്ധമായൊരു കൊട്ടാരം) പണിയാം. പക്ഷേ എന്റെ പൗരര്‍ക്ക് വീട് നല്‍കുക എന്നതാണ് എന്റെ സ്വപ്നം.ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് 30,000ത്തിലധികം വീടുകള്‍ പിഎം ആവാസ് യോജനയുടെ കീഴില്‍ പണിതുനല്‍കി.എല്ലാവര്‍ക്കും സ്വന്തം മക്കള്‍ നല്ല സ്ഥാപനങ്ങളില്‍ പഠിക്കണമെന്ന് ആഗ്രഹമുണ്ടാകും. ബി.ജെ.പി ഇക്കാര്യത്തിന് ഊന്നല്‍ നല്‍കുന്നു. മധ്യവര്‍ഗ കുടുംബത്തിന് മക്കളെ ഇംഗ്ലീഷ് മീഡിയത്തില്‍ പഠിപ്പിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. എന്തുകൊണ്ട് ദരിദ്ര, മധ്യവര്‍ഗ കുടുംബങ്ങളിലെ കുട്ടികള്‍ക്ക് ഡോക്ടറും എന്‍ജിനീയറും ആയിക്കൂടാ''- മോദി ചോദിച്ചു.

ആം ആദ്മി സര്‍ക്കാര്‍ വിദ്യാഭ്യാസ രംഗത്ത് വേണ്ട ഇടപെടല്‍ നടത്താതെയിരിക്കുന്നത് അപലപനീയമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ആയുഷ്മാന്‍ യോജനയിലൂടെ ജനങ്ങള്‍ക്ക് സൗജന്യ ചികിത്സ നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ ആം ആദ്മി പാര്‍ട്ടിയിലെ ആളുകളാണ് ഡല്‍ഹിയുടെ വില്ലന്‍മാര്‍. അവര്‍ ഇതിനൊന്നും സമ്മതിക്കുന്നില്ലെന്നും മോദി കുറ്റപ്പെടുത്തി. എല്ലാകാമ്പയിനും അഴിമതി ഒരു മുഖ്യവിഷയമാക്കിയെടുത്തായിരുന്നു, മോദിയുടെ പ്രസംഗം. ഇത് മിഡില്‍ക്ലാസിനുള്ളില്‍ വലിയ മാറ്റമാണ് ഉണ്ടാക്കിയത്.


 



പക്ഷേ 'ഗോഡി മീഡിയ' പറയാത്ത മറ്റൊരു ഘടകം കൂടി ബിജെപിയുടെ വിജയത്തിനുണ്ട്. അതാണ് പണവും, അധികാരവും. ഡല്‍ഹി എന്ന ഒരു കൊച്ചു സംസ്ഥാനത്തെ കേന്ദ്രത്തിന്റ അധികാരം ഉപയോഗിച്ച് എങ്ങനെയൊക്കെ ഞെരുക്കിയെന്നത് ലോകം കണ്ടതാണ്. ഇഡി അടക്കമുള്ള ഏജന്‍സികള്‍ പലതും പയറ്റി. കോടികളുടെ പണവും ഒഴുക്കി. ആപ്പിന്റെ പരാജയത്തെക്കുറിച്ച് പറയുമ്പോള്‍, ഈ ഘടകങ്ങള്‍ കാണാതിരുന്നുകൂടാ.

വാല്‍ക്കഷ്ണം: ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ തകര്‍ച്ച ആഘോഷിക്കുന്ന സൈബര്‍ കമ്മികള്‍ ഏറെയുണ്ട്. ശരിയാണ്, ഡല്‍ഹിയില്‍ കോണ്‍ഗ്രസിന് ഒരു നല്ല നേതാവ് പോലുമില്ല. പക്ഷേ അവിടെ സിപിഎമ്മിന്റെ അവസ്ഥയെന്താണ്? പൊടിപോലുമില്ല കണ്ടുപിടിക്കാന്‍ എന്ന് തീര്‍ത്ത് പറയേണ്ടിവരും. രണ്ടുകാലിലും മന്തുള്ളവനാണ് ഒറ്റക്കാലില്‍ മന്തുള്ളവനെ കളിയാക്കുന്നത്.

Tags:    

Similar News