പിതാവ് തുടങ്ങിയ 'പെട്ടിക്കടയെ' 50 ബില്യണ്‍ ഡോളര്‍ ആസ്തിയിലേക്ക് വളര്‍ത്തിയത് ആ നാലു സഹോദരങ്ങള്‍; ഓരോരുത്തരുടെയും സ്വത്തുക്കള്‍ എല്ലാവര്‍ക്കും അവകാശപ്പെട്ടതാണെന്ന കുടുംബ നിയമം; ഗോപിചന്ദ് അന്തരിച്ചതോടെ വഴക്കുകള്‍ മറനീക്കുമോ? ഹിന്ദുജ ഗ്രൂപ്പിലും തലവനെ ചൊല്ലി കലഹം!

പിതാവ് തുടങ്ങിയ 'പെട്ടിക്കടയെ' 50 ബില്യണ്‍ ഡോളര്‍ ആസ്തിയിലേക്ക് വളര്‍ത്തിയത് ആ നാലു സഹോദരങ്ങള്‍

Update: 2025-11-06 09:58 GMT

70കളില്‍ 'ടാറ്റ, ബിര്‍ലാ, ഗോയങ്ക എന്നായിരുന്നു ഇന്ത്യന്‍ ഇടതുപക്ഷത്തിന്റെ കുത്തക വിരുദ്ധ മുദ്രാവാക്യം. 80കളില്‍ അത് ടാറ്റാ, ബിര്‍ലാ, ഹിന്ദുജാ എന്നായി മാറി. അതെ, അശോക ലൈലന്‍ഡ് മുതല്‍ ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്വരെയുള്ള, ലോകത്തിലെ നൂറിലേറെ രാജ്യങ്ങളിലായി രണ്ടുലക്ഷം ജീവനക്കാര്‍ ജോലിചെയ്യുന്ന ഹിന്ദുജ ഗ്രൂപ്പ് ഇന്ത്യയിലെ നമ്പര്‍ വണ്‍ ബിസിനസ് ഗ്രൂപ്പ് തന്നെയാണ്.

50 ബില്യന്‍ ഡോളറിലേറെ ആസ്തിയുള്ള ഈ ഗ്രൂപ്പ് ലണ്ടന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നാലു സഹോദരന്‍മ്മാരുടെ കൈവശമാണ്. അതിലെ മൂത്ത സഹോദരന്‍ എസ് പി ഹിന്ദുജ, 2023-ല്‍ 87ാമത്തെ വയസ്സില്‍ മറവിരോഗം ബാധിച്ച് മരിച്ചപ്പോള്‍ ഗ്രൂപ്പിന്റെ നേതൃത്വം കൈവന്നത് അടുത്ത സഹോദരനായ ഗോപിചന്ദ് ഹിന്ദുജയിലേക്കാണ്. ഇക്കഴിഞ്ഞ നവംബര്‍ 4-ന് ഗോപിചന്ദ് ഹിന്ദുജയും അന്തരിച്ചു. അതോടെ പിന്‍മാമി ആരാണെന്ന ചോദ്യമാണ് ബിസിനസ് മാധ്യമങ്ങള്‍ ഉയര്‍ത്തുന്നത്.

നാലു സഹോദരന്‍മ്മാര്‍ ഒരുമയോടെ പ്രവര്‍ത്തിച്ചതായിരുന്നു ഹിന്ദുജ ഗ്രൂപ്പിന്റെ വളര്‍ച്ചയുടെ രഹസ്യം. ശ്രീചന്ദും (എസ് പി ), ഗോപീചന്ദും (ജി പി), പ്രകാശും (പി പി), അശോക് ഹിന്ദുജയും (എ പി) തുടക്കത്തില്‍ കൂട്ടായ ഉടമസ്ഥതയുടെ കരാറില്‍ എത്തിയിരുന്നു. 'എല്ലാം എല്ലാവര്‍ക്കും അവകാശപ്പെട്ടതാണ്, ഒന്നും ആര്‍ക്കും അവകാശപ്പെട്ടതല്ല' എന്നതായിരുന്നു അത്. പക്ഷേ അതിനുശേഷവും പ്രശ്നങ്ങളായി. മൂത്ത സഹോദരായ എസ് പി ഹിന്ദുജക്ക് മതിയായ ചികില്‍സപോലും കിട്ടിയില്ലെന്ന വിവാദമുണ്ടായിരുന്നു. അതിന്റെ പേരില്‍ അടിച്ച് പിരിയാറായ ഈ കുടുംബത്തെ ഒരു വിധത്തിലാണ്, ഗോപിചന്ദ് യോജിപ്പിച്ച് എടുത്തത്. ഇപ്പോള്‍ ഗോപിചന്ദ് ഹിന്ദുജ എന്ന വന്‍മരം വീഴുമ്പോള്‍ ഇനിയാര് എന്ന ചോദ്യമാണ്.

ഗ്രൂപ്പിനെ ആര് നയിക്കുമെന്ന കാര്യത്തില്‍ ആശയക്കുഴപ്പം തുടരുകയാണെന്ന് ഇക്കണോമിക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സഹോദരങ്ങളുടെ നിലപാടില്‍ പുതിയ തലമുറ ഉറച്ചുനില്‍ക്കുമോ എന്നതും ചോദ്യമാണ്.ഇതിനു മുമ്പ് ഇത്തരമൊരു സാഹചര്യം ഉടലെടുത്തത് റിലയന്‍സില്‍ ആയിരുന്നുവെന്നും ഇക്കണോമിക്ക് ടൈംസ് ചൂണ്ടിക്കാട്ടുന്നു. മഹാഭാരത യുദ്ധത്തിനുശേഷം ഇന്ത്യ കണ്ട എറ്റവും വലിയ സ്വത്തുതര്‍ക്കം എന്നായിരുന്നു, റിലന്‍സില്‍ ജ്യേഷ്ഠനും അനിയനും തമ്മിലുള്ള തര്‍ക്കം വിശേഷിക്കപ്പെട്ടത്. ഒടുവില്‍ അമ്മ കോകിലബെന്‍ അംബാനിയുടെ മധ്യസ്ഥതയിലായിരുന്നു, ഭാഗം വയ്പ്പ്. അങ്ങനെ മുകേഷ് അംബാനി റിലയന്‍സ് ഇന്‍ഡസ്ട്രീസും, അനില്‍ അംബാനി റിലയന്‍സ് ഗ്രൂപ്പും ഏറ്റെടുത്തു.അവര്‍ തമ്മില്‍ മത്സരിച്ച് അനില്‍ പാപ്പാരാവുന്നതും, മുകേഷ് ലോക കോടീശ്വരപട്ടികയില്‍ നിലനില്‍ക്കുന്നതും കാലം കണ്ടു.


 



രത്തന്‍ ടാറ്റ മരിച്ചതിനെ തുടര്‍ന്ന് ടാറ്റ ഗ്രൂപ്പിലുള്ള പ്രശ്നങ്ങള്‍ ഇപ്പോഴും അവസാനിച്ചിട്ടില്ല. അതുപോലെയുള്ള ഒരു വിധിയാണോ ഹിന്ദൂജ ഗ്രൂപ്പിനെ കാത്തിരിക്കുന്നത്. ഇറാനില്‍ തുടങ്ങി ലോകമെമ്പാടും പടര്‍ന്ന് പിടിച്ച ഹിന്ദുജ ഗ്രൂപ്പിനെ കാത്തിരിക്കുന്നത് കഠിന പരീക്ഷണമാണോ?

ഇറാനില്‍ തുടങ്ങി ലോകമെമ്പാടും

ഇന്ന് ഇന്ത്യയുടെ അഭിമാനമായി കണക്കാക്കുന്ന പല ബിസിനസ് ഗ്രൂപ്പുകളുടെയും വേരുകള്‍ മറ്റ് പലയിടത്തുമാണ്. പാര്‍സി കുടംബമായ ടാറ്റ തന്നെ ഉദാഹരണം. അതുപോലെ, ഇന്ന് പാക്കിസ്ഥാന്റെ ഭാഗമായ, അവിഭക്ത ഇന്ത്യയിലെ സിന്ധ് മേഖലയിലാണ് ഹിന്ദുജയുണ്ടായത്. 1914ലാണ് സിന്ധിലെ സിഖര്‍പൂരില്‍, 14 കാരനായ പരമാനന്ദ് ഹിന്ദുജ തുടങ്ങിയ ഒരു ചെറുകിട വ്യാപാര കേന്ദ്രത്തില്‍നിന്നാണ് ഇന്നത്തെ ആഗോള ബ്രാന്‍ഡ് ഉണ്ടാവുന്നത്. ശരിക്കും ഒരു പെട്ടിക്കട സെറ്റപ്പ് മാത്രമുള്ള ഒരു ഘട്ടത്തില്‍നിന്നാണ് അവരുടെ തുടക്കം. പിന്നീട്

തുണിത്തരങ്ങളും തേയിലയും സുഗന്ധവ്യജ്ഞനങ്ങളും കയറ്റുമതി ചെയ്യാന്‍ തുടക്കി. ഒപ്പം മെത്തകളും ഉണക്ക പഴങ്ങളും ഇറക്കുമതിയും ചെയ്തു. കച്ചവടുവുമായി പരമാനന്ദ് ബോംബെയില്‍ എത്തി. പിന്നീട് ഇറാനിലും. 1919-ല്‍ ഹിന്ദുജ ഇറാനില്‍ ഒരു ഓഫീസ് തുറന്നു. അവിടെ ബാങ്കിംങ് വ്യാപാരത്തിനും തുടക്കം കുറിച്ചു. പിന്നീട് അതിവേഗമായിരുന്നു വളര്‍ച്ച. ഇറാനിലെ രാജകുടുംബവുമായി അടുത്ത ബന്ധങ്ങളുണ്ടാക്കിയ ഈ കുടുംബം അവര്‍ക്ക് പഞ്ചാബില്‍ നിന്ന് ഉരുളക്കിഴങ്ങും ഉള്ളിയും ധാരാളമായി എത്തിച്ചുകൊടുത്തു. പിന്നെ എണ്ണ വിപണിയിലേക്കും ഇറങ്ങി. ഇറാന്‍ വളര്‍ന്നതിനൊപ്പം ഹിന്ദുജയുടെ പെരുമയും ഉയര്‍ന്നു.

1971ല്‍ പരമാനന്ദ് അന്തരിച്ചു. മൂത്തമകന്‍ ശ്രീചന്ദ് പരമാനന്ദ് ഹിന്ദുജ എന്ന എസ് പി ഹിന്ദൂജ പിന്‍ഗാമിയായി. പക്ഷേ 1979-ലെ ഇസ്ലാമീക വിപ്ലവത്തിനുശേഷം ഇറാനിലെ കാര്യങ്ങള്‍ എല്ലാം മാറിമറിഞ്ഞു. പ്രശ്നങ്ങള്‍ അതിവേഗം വര്‍ഗീയമായി മാറി. അതോടെ ഹിന്ദു കുടുംബത്തിന്റെ കച്ചവട കേന്ദ്രം ഇറാനില്‍ നിന്ന് ലണ്ടനിലേക്ക് മാറ്റി. അതിന് ഒരു വര്‍ഷം മുമ്പ് ഗ്രൂപ്പ് ഹിന്ദുജ ബാങ്കിങ്ങിലേക്ക് കടന്നിരുന്നു. 1994 ആയപ്പോഴേക്കും അതൊരു സ്വിസ് ബാങ്കിങ് സ്ഥാപനമായി വളര്‍ന്നു. പിന്നെ അതിവേഗമായിരുന്നു വളര്‍ച്ച.പുകയില, മദ്യം, മാംസം എന്നിവ ഒഴികെയുള്ള എല്ലാ ചരക്ക് സാധനങ്ങളിലും ഹിന്ദുജ ഗ്രൂപ്പ് വ്യാപാരം നടത്തി വരുന്നു. ഈ മൂന്നിലും കൈവെക്കില്ല എന്നത് ഹിന്ദുജമാരെക്കൊണ്ട് പിതാവ് സത്യം ചെയ്യിച്ചതാണത്രേ. അത്തരം ദുഷിച്ച പണം നമുക്ക് വേണ്ട എന്ന തീരുമാനം, പിതാവ് പരമാനന്ദ് ഹിന്ദൂജയുടേത് ആയിരുന്നു.

ബിസിനസ് ആസ്ഥാനം ലണ്ടനിലേക്ക് മാറ്റിയതോടെ വന്‍ തോതില്‍ വളരുകയായിരുന്നു. തങ്ങളുടെ ബിസിനസ് വിപുലീകരിച്ച് ഓട്ടോമോട്ടീവ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, മീഡിയ & എന്റര്‍ടൈന്‍മെന്റ്, ഓയില്‍ ആന്‍ഡ് സ്പെഷ്യാലിറ്റി കെമിക്കല്‍സ്, ബാങ്കിംഗ്, ഫിനാന്‍സ്, വൈദ്യുതി ഉത്പാദനം, റിയല്‍ എസ്റ്റേറ്റ്, ആരോഗ്യ സംരക്ഷണം തുടങ്ങിയ മേഖലയിലേക്ക് ചുവടുവച്ചു. ഇന്ന് 38ല്‍ ഏറെ രാജ്യങ്ങളില്‍ നേരിട്ടും നൂറിലേറെ രാജ്യങ്ങളില്‍ അല്ലാതെയും ഹിന്ദുജ ഗ്രൂപ്പ് പ്രവര്‍ത്തിച്ചുവരുന്നു.

ഹിന്ദുജയുടെ, അശോക ലെയ്ലാന്‍ഡ് കമ്പനി ഇന്നും ഇന്ത്യയുടെ അഭിമാനമാണ്. ലോകത്തിലെ തന്നെ നാലാമത്തെ ബസ് നിര്‍മ്മാണ കമ്പനിയാണിത്. ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ നിര്‍മ്മാണ യൂണിറ്റുകള്‍ ലോകം മുഴുവനായി പരന്നു കിടക്കുന്നു. 1997ലാണ് കമ്പനി ആദ്യമായി തങ്ങളുടെ ബസ് അവതരിപ്പിക്കുന്നത്. ലൈറ്റ് ഡ്യൂട്ടി ട്രക്കുകള്‍ നിര്‍മ്മിക്കുന്നതിനായി 2007-ല്‍ അശോക് ലെയ്‌ലാന്‍ഡും, ജപ്പാന്‍ ആസ്ഥാനമായുള്ള നിസാന്‍ മോട്ടോര്‍ കോര്‍പ്പറേഷനും സംയുക്ത സംരംഭത്തില്‍ ഏര്‍പ്പെട്ടു. യുകെയിലെ ഇലക്ട്രിക് ബസുകളുടെ മുന്‍നിര നിര്‍മ്മാതാക്കളായ ഒപ്‌റ്റെയര്‍ പിഎല്‍സിയും ഹിന്ദുജ ഗ്രൂപ്പിന്റേതാണ്.

1994-ല്‍ ബാങ്കിംഗ് മേഖലയിലേക്ക് ചുവടുവച്ച കമ്പനി, ഇന്‍ഡസ്് ഇന്‍ഡ് ബാങ്ക് സ്ഥാപിച്ചു. രാജ്യത്തെ ആദ്യത്തെ സ്വകാര്യ ബാങ്കുകളില്‍ ഒന്നാണ് ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്. രാജ്യവ്യാപകമായി രണ്ടായിരത്തിലധികം ശാഖകളാണ് ഈ ബാങ്കിനുള്ളത്. ഗള്‍ഫ് ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് ആണ് ഹിന്ദുജയുടെ മറ്റൊരു പ്രധാന സംരംഭം. സാമൂഹ്യ പ്രവര്‍ത്തനം, ആശുപത്രി, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കോളേജുകള്‍ എന്നിവ കെട്ടിപ്പടുക്കുന്നതിലും ഹിന്ദുജ ഗ്രൂപ്പ് ശ്രദ്ധ നല്‍കി.

ബൊഫോഴ്‌സടക്കം വിവാദ പരമ്പര


 



രാഷ്ട്രീയത്തിലടക്കം ഇടപെടില്ലെന്നും, ലോബീയിങിന് പണം കൊടുക്കില്ല എന്നതും, ടാറ്റയെപ്പോലുള്ള ഇന്ത്യന്‍ ബിസിനസ് ഗ്രൂപ്പുകളുടെ പോളിസിയായിരുന്നു. എന്നാല്‍ ഹിന്ദുജ അങ്ങനെയായിരുന്നില്ല. കോണ്‍ഗ്രസിന്റെയും പ്രത്യേകിച്ച് രാജീവ്ഗാന്ധിയുടെയും ഫണ്ടര്‍മായിട്ടാണ് അവര്‍ അറിയപ്പെട്ടത്. അങ്ങനെ അവര്‍ ബോഫോഴ്സ് കേസിലും പെട്ടു. സ്വീഡിഷ് ആയുധനിര്‍മ്മാതാക്കളായ ബൊഫോഴ്‌സിന് ഇന്ത്യന്‍ സര്‍ക്കാരില്‍ നിന്ന് കരാര്‍ കരസ്ഥമാക്കാന്‍ അനധികൃതമായി കമ്മിഷന്‍ ഇനത്തില്‍ ഏകദേശം 81 ദശലക്ഷം സ്വീഡിഷ് ക്രോണ കൈപ്പറ്റിയെന്ന ആരോപണം ശ്രീചന്ദ്, ഹിന്ദുജയ്ക്കും ഗോപീചന്ദിനും പ്രകാശിനും എതിരേ ഉയര്‍ന്നിരുന്നു. ഇത് വന്‍ കോളിളക്കം ഉണ്ടാക്കി.

86-ല്‍ നടന്ന സംഭവത്തിന്റെ പേരില്‍ 2000 ഒക്ടോബറില്‍ മൂന്ന് സഹോദരന്മാര്‍ക്കെതിരെ കുറ്റം ചുമത്തി, എന്നാല്‍ 2005-ല്‍ ഡല്‍ഹിയിലെ ഹൈക്കോടതി അവര്‍ക്കെതിരായ എല്ലാ കുറ്റങ്ങളും തള്ളിക്കളഞ്ഞു. പക്ഷേ ഈ വിവാദത്തില്‍ പെട്ടതുകൊണ്ടും, കോണ്‍ഗ്രസിന്റെ സ്വന്തം വ്യവസായി എന്ന പേരുദോഷം ഉള്ളതുകൊണ്ടും, അര്‍ഹിക്കുന്ന പത്മ പുരസ്‌ക്കാരങ്ങളൊന്നും ശ്രീ ചന്ദിനും ഗോപിചന്ദിനുമൊന്നും കിട്ടിയില്ല. ഇവര്‍ ആവട്ടെ ഇന്ത്യ വിട്ട് ബ്രിട്ടീഷ് പൗരത്വം സ്വീകരിക്കുകയും ചെയ്തു.

ഹിന്ദൂജകള്‍ക്ക് പൗരത്വം നല്‍കുന്നത് സംബന്ധിച്ച് ബ്രിട്ടിനിലും വലിയ വിവാദവും മന്ത്രിമാരുടെ സ്ഥാനം തെറിക്കലും ഒക്കെ ഉണ്ടായിട്ടുണ്ട്. ബ്രിട്ടീഷ് പൗരത്വം തേടിയിരുന്ന ശ്രീചന്ദ് ഹിന്ദുജയ്ക്ക് വേണ്ടി 2001 ജനുവരിയില്‍, യുകെ മന്ത്രി പീറ്റര്‍ മണ്ടല്‍സണ്‍ ലോബീയിങ്ങ് നടത്തിയെന്നത് വലിയ വാര്‍ത്തയായി. ഹോം ഓഫീസിന്റെ ചുമതലയുള്ള മന്ത്രി മൈക്ക് ഒബ്രിയനെ ഫോണില്‍ വിളിച്ച് ഇദ്ദേഹം ശിപാര്‍ശ ചെയ്തുവെന്നാണ് ആരോപണം. പീറ്റര്‍ മണ്ടല്‍സന് താല്‍പ്പര്യമുള്ള പല പരിപാടികളുടെയും സംഘാടകര്‍ ഹിന്ദുജ ഗ്രൂപ്പ് ആയിരുന്നു. ഈ വിവാദങ്ങളെ തുടര്‍ന്ന് 2001 ജനുവരി 24-ന് മണ്ടല്‍സണ്‍ സര്‍ക്കാരില്‍ നിന്ന് രാജിവച്ചു.. പിന്നീട് നടന്ന സ്വതന്ത്ര അന്വേഷണത്തില്‍ മണ്ടല്‍സണ്‍ തെറ്റായി പ്രവര്‍ത്തിച്ചിട്ടില്ലെന്നാണ് കണ്ടെത്തിയത്. പക്ഷേ വിവാദം വീണ്ടും തുടര്‍ന്നു.

ഇന്ത്യയിലെ കോടീശ്വരനായ വ്യവസായിക്ക് ബ്രിട്ടീഷ് പൗരത്വം ലഭിക്കാന്‍ രാഷ്ട്രീയക്കാരുടെ അനധികൃത ഇടപെടലില്‍ ബ്രിട്ടീഷ് പത്രങ്ങള്‍ തുടര്‍ വാര്‍ത്തകള്‍ കൊടുത്തു. ഇതിന്റെ പേരില്‍ം രണ്ടുമന്ത്രിമാര്‍ക്ക് സ്ഥാനം പോയി. പക്ഷേ വൈകാതെ തന്നെ ഹിന്ദുജമാര്‍ക്ക് ബ്രിട്ടീഷ് പൗരത്വം കിട്ടി. ഇന്ത്യയില്‍ എന്നപോലെ ബ്രിട്ടനിലും വിവാദം അവരുടെ കുടെപ്പിറപ്പായിരുന്നു. അതിനുശേഷവും അശോക് ലൈലന്‍ഡ് കമ്പനിക്ക് സുഡാനിലേക്ക്, ബ്രിട്ടന്‍ വഴി വാഹന നിര്‍മ്മാണത്തിന് അനുമതി കിട്ടിയപ്പോള്‍ അതും ആയുധക്കടത്തിനാണെന്ന് വിമര്‍ശനം വന്നിരുന്നു.

ഫാബ് ഫോര്‍ പിരിയുന്നു

ഹിന്ദുജ ഗ്രൂപ്പിലെ നാല് സഹോദരന്മാര്‍ കൈവെക്കാത്ത ബിസിനസ്സ് മേഖലകള്‍ ഇല്ല എന്നതാണ് വാസ്തവം. ശ്രീചന്ദും, ഗോപീചന്ദും സഹോദരന്മാരായ പ്രകാശ്, അശോക് എന്നിവര്‍ക്കൊപ്പം ഒരുമിച്ച് യാത്ര ചെയ്ത്, തങ്ങളുടെ പിതാവിന്റെ ട്രേഡിങ് കമ്പനിയെ ഒരു ആഗോള ബിസിനസ്സ് ഭീമനാക്കി. അതുകൊണ്ടു തന്നെയായിരുന്നു ബിസിനസ്സ് രംഗത്തെ ഫാബ് ഫോര്‍ എന്ന് ഇവര്‍ അറിയപ്പെട്ടിരുന്നത്. അടുത്ത സുഹൃത്തുക്കള്‍ കുടിയായിരുന്നു ഇവരുടെ മക്കള്‍ തമ്മില്‍ ആ ഐക്യം ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ 2015-ല്‍, ഗോപിചന്ദ് ഹിന്ദുജയുടെ മകന്‍ സഞ്ജയ് ഹിന്ദുജയുടെ ആഡംബര വിവാഹം, 45 വര്‍ഷത്തെ ഒരുമിച്ചുള്ള ഒരു യാത്രയുടെ അന്ത്യം കുറിക്കുന്ന ദിനം കൂടിയായി. ഇനി ഒരുമിച്ച് യാത്ര വേണ്ട എന്ന് അവര്‍ ആ വിവാഹത്തോടെ അവര്‍ തീരുമാനിക്കയായിരുന്നു.

ആഢംബരത്തിന്റെ അവസാന വാക്കായിരുന്നു 15 മില്യണ്‍ പൗണ്ട് ചെലവഴിച്ച് നടത്തിയ ആ വിവാഹം.വേദി കൊഴുപ്പിക്കാന്‍ നിരവധി ബോളിവുഡ് താരങ്ങള്‍ എത്തിയപ്പോള്‍, സദസ്സിനെ സംഗീത സാന്ദ്രമാക്കാന്‍ എത്തിയത് സാക്ഷാല്‍ ജെന്നിഫര്‍ ലോപസും നിക്കോളെ ഷെര്‍സിംഗറുമായിരുന്നു. പക്ഷേ ആ ബിസിനസ് കുടുംബത്തില്‍ എല്ലാവരും ഒന്നിച്ചുകൊണ്ടുള്ള അവസാനത്തെ പരിപാടിയായിരുന്നു അത്.


 



പക്ഷേ അതിനുശേഷം മറ്റൊരു ദുരന്തം വന്നു. മൂത്ത സഹോദരന്‍ ശ്രീചന്ദ് ഹിന്ദുജക്ക് ഡിമന്‍ഷ്യ വന്നു. അദ്ദേഹത്തിന് ഒന്നും ഓര്‍ക്കാന്‍ കഴിയാതെയായി. ഇതോടെ സ്വത്ത് തര്‍ക്കം മൂര്‍ഛിച്ചു. ഇന്‍ഡസ് ഇന്‍ഡ് ബാങ്കിന്റെ പേരിലാണ് സഹോദരന്‍മ്മാര്‍ തമ്മില്‍ വലിയ ഉടക്കുണ്ടായത. വളരെ വിചിത്രമായ ഒരു ഉടമ്പടിയായിരുന്നു സഹോദരന്‍മ്മാര്‍ക്കിടയില്‍ ഉണ്ടായിരുന്നത്. ഓരോരുത്തരുടെയും സ്വത്തുക്കള്‍ എല്ലാവര്‍ക്കും അവകാശപ്പെട്ടതാണെന്നും ഓരോ സഹോദരനും മറ്റേയാളുടെ നടത്തിപ്പുകാരനാണെന്നുമുള്ള ഉടമ്പടിയാണ് വിവാദത്തിന് കാരണം. ഈ ഉടമ്പടി റദ്ദാക്കാനാവശ്യപ്പെട്ട് മൂത്ത സഹോദരനായ ശ്രീചന്ദും മകള്‍ വിനുവും കോടതിയെ സമീപിച്ചു. 2016-ലെ തന്റെ വില്‍പത്രം അനുസരിച്ച് സ്വത്തുക്കള്‍ വിഭജിക്കണമെന്നും ശ്രീചന്ദ് താല്‍പര്യപ്പെട്ടിരുന്നു.

പക്ഷേ യഥാര്‍ത്ഥ കാരണം ശ്രീചന്ദിന്റെ മാത്രം പേരിലുള്ള ഹിന്ദുജ ബാങ്കിന്റെ നിയന്ത്രണം ഗോപീചന്ദ്, പ്രകാശ്, അശോക് സഹോദരന്മാര്‍ എന്നിവര്‍ ഏറ്റെടുക്കാന്‍ ശ്രമിച്ചതായിരുന്നു. ശ്രീചന്ദ് തന്റെ മറ്റൊരു മകളായ ഷാനുവിനെ ഹിന്ദുജ ബാങ്ക് ചെയര്‍പേഴ്‌സനായും അവരുടെ മകന്‍ കരമിനെ സിഇഒ ആയും നിയമിച്ചിരുന്നു. ഇത് മറ്റു സഹോദരന്‍മ്മാര്‍ക്ക് പിടിച്ചില്ല.

ഇന്‍ഡസ് ഇന്‍ഡ് ബാങ്കില്‍ ഹിന്ദുജ ഗ്രൂപ്പിന് 14.34 % ഓഹരിപങ്കാളിത്തമുണ്ട്. സ്വിറ്റ്‌സര്‍ലന്‍ഡ് ആസ്ഥാനമായുള്ള ഹിന്ദുജ ബാങ്ക് ശ്രീചന്ദിന്റെ പേരിലാണ്. അദ്ദേഹമാണ് അതിന്റെ ചെയര്‍മാനും. ശ്രീചന്ദിനെ ചെയര്‍മാന്‍ സ്ഥാനത്തുനിന്നു മാറ്റാന്‍ നീക്കം നടക്കുന്ന സാഹചര്യത്തിലാണു കേസ്. വിനൂ ഹിന്ദുജ, ഗ്രൂപ്പിന്റെ ബിസിനസില്‍ സജീവയാണ്. പല ഗ്രൂപ്പ് കമ്പനികളിലും ഡയറക്ടറാണ്. വിനൂവിന്റെ വാദം വിജയിച്ചാല്‍ ശ്രീചന്ദിന്റെ പേരിലുള്ള സ്വത്തുക്കളില്‍ സഹോദരന്മാര്‍ക്ക് അവകാശം ഉണ്ടാകില്ല. ഹിന്ദുജ ബാങ്ക് അടക്കം ഗ്രൂപ്പിന്റെ വമ്പന്‍ ആസ്തികള്‍ പലതും എസ്പി എന്നു വിളിക്കപ്പെടുന്ന ശ്രീചന്ദിന്റെ പേരിലാണ്. ഇത് സ്വന്തമാക്കാന്‍ സഹോദരങ്ങള്‍ നടത്തുന്ന കള്ളക്കളിയാണ് കരാര്‍ എന്നാണ് മകളുടെ നിലപാട്. ഈ കേസ് ഒടുവില്‍ എങ്ങനെയൊക്കെയോ ഒത്തുതീര്‍പ്പാവുകയായിരുന്നു. ഒരുപക്ഷേ ശ്രീചന്ദിന് ഡിമന്‍ഷ്യ വന്നില്ലായിരുന്നെങ്കില്‍ ഈ പ്രശ്നം ഒന്നും ഉണ്ടാകുമായിരുന്നില്ല. കാരണം അയാള്‍ സഹോദരങ്ങളെ അത്രയേറെ സ്നേഹിച്ചിരുന്നുവെന്നാണ് പറയുന്നത്.

ചികിത്സക്കാന്‍ പണമില്ലാത്ത ശതകോടീശ്വരന്‍!

ഹിന്ദുജ കുടുംബത്തിലെ കലഹത്തിന് ലോകത്തിലെ പ്രധാന ബിസിനിസ് മാഗസിനുകളിലൊക്കെ വാര്‍ത്തയാത്, ഒരു കോടതി വിധിയോടെയാണ്. ഹിന്ദുജ സഹോദരങ്ങളില്‍ മൂത്തയാളായ ശ്രീചന്ദ് പരമാനന്ദ് ഹിന്ദുജയെ പബ്ലിക് നഴ്സിങ് ഹോമില്‍ പ്രവേശിപ്പിക്കണമെന്ന് ബ്രിട്ടീഷ് ജഡ്ജി ഉത്തരവിട്ടതോടെയാണ്! ഇപ്പാള്‍ അദ്ദേഹത്തിനു ലഭിക്കുന്ന ശുശ്രൂഷ ആവശ്യത്തിനു മതിയാകുന്നില്ല എന്നും കോടതി നിരീക്ഷിച്ചു. ഹിന്ദുജ ഗ്രൂപ്പുമായി ബന്ധപ്പെട്ട ഒരു കേസിന്റെ വിചാരണവേളയില്‍, കോര്‍ട്ട് ഓഫ് പ്രൊട്ടക്ഷന്‍ ജഡ്ജി ജസ്റ്റില്‍ ഹേയ്ഡനാണ് ഇത്തരത്തില്‍ പരാമര്‍ശം നടത്തിയത്. സണ്‍ണ്ട ടൈംസിന്റെ ധനികരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്തിയ ഹിന്ദുജ ഗ്രൂപ്പിന്റെ തലവാനാണ് ഈ ഗതികേട് എന്ന് ഓര്‍ക്കണം. എന്നാല്‍ ഇക്കാര്യം സഹോദരന്‍ ഗോപീചന്ദിന്റെ അഭിഭാഷകര്‍ നിഷേധിക്കുകയാണ്. 5 ലക്ഷം പൗണ്ട് അദ്ദേഹത്തിന് ലഭ്യമാക്കിയിട്ടുണ്ട് എന്നാണ് ഗോപീചന്ദിന്റെ അഭിഭാഷകര്‍ പറഞ്ഞത്.

ശ്രീചന്ദിന് ഡിമെന്‍ഷ്യ ബാധിച്ചതോടെ അദ്ദേഹത്തിന്റെ പുത്രി വിനൂ ആയിരുന്നു കേസുമായി മുന്നോട്ട് പോയിക്കൊണ്ടിരുന്നത്. ശ്രീചന്ദ് നല്‍കിയ പവര്‍ ഓഫ് അറ്റോര്‍ണിയായിരുന്നു ഇതിനുള്ള അവകാശം പുത്രിക്ക് നല്‍കിയത്. എന്നാല്‍, ഈ പവര്‍ ഓഫ് അറ്റോര്‍ണിയുടേ നിയമ സാധുത ചോദ്യം ചെയ്ത് ഗോപിചന്ദ് മറ്റൊരു ഹര്‍ജി 2020-ല്‍ സമര്‍പ്പിച്ചു. സഹോദരന് ഡിമെന്‍ഷ്യയാണെങ്കില്‍, അത്തരത്തിലൊരു പവര്‍ ഓഫ് അറ്റോര്‍ണി നല്‍കാനുള്ള കഴിവ് അദ്ദേഹത്തിനില്ല എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഗോപിചന്ദ് പരാതി നല്‍കിയത്.


 



എന്നാല്‍, നേരത്തേയുണ്ടാക്കിയ കരാര്‍ അസാധുവാക്കാന്‍ കുടുംബം സമ്മതിച്ചു എന്ന് ഗോപിചന്ദിന്റെ വക്കീല്‍ കോടതിയെ അറിയിച്ചതോടെ ആ നിയമയുദ്ധത്തിന് വിരാമമായി. അതിന്റെ കടെയുള്ള വിധിയിലാണ് കുടുംബ കലഹത്തിനിടയില്‍ ശ്രീചന്ദിന് മതിയായ ശുശ്രൂഷ ലഭിക്കുന്നില്ല എന്ന ജഡ്ജിയുടെ പരാമര്‍ശമുള്ളത്. ആവശ്യത്തിനു സമ്പത്ത് ഉണ്ടായിട്ടും, ഒരു സ്വകാര്യ ചികിത്സാ കേന്ദ്രത്തില്‍ അദ്ദേഹത്തെ ബന്ധുക്കള്‍ എത്തിച്ചില്ലെന്നും കോടതി ചൂണ്ടിക്കാട്ടുന്നുണ്ട്. അതുകൊണ്ടു തന്നെ ഇപ്പോള്‍ ഉള്ള ആശുപത്രിയില്‍ നിന്നും ശ്രീചന്ദിനെ മാറ്റി ഒരു പബ്ലിക് നഴ്സിങ് ഹോമിലാക്കുന്ന കാര്യവും പരിഗണിക്കുന്നു എന്നും അതിലുണ്ട്. ഇംഗ്ലണ്ടിലെയും വെയില്‍സിലേയും കോര്‍ട്ട് ഓഫ് പ്രൊട്ടക്ഷന്‍ ജഡ്ജിമാരില്‍ ഏറ്റവും മുതിര്‍ന്ന ജഡ്ജിയായ ജസ്റ്റിസ് ഹെയ്ഡന്‍ തന്റെ ആശങ്കകള്‍ രേഖകളില്‍ ആക്കിയിട്ടുണ്ട്. നോക്കണം, ശതകോടികളുടെ ആസ്തിയുണ്ടായിട്ടും മതിയായ ചികിത്സ കിട്ടാന്‍ കോടതി ഇടപടേണ്ടിവരുന്നുവെന്നത് എന്തൊരു ഗതികേടാണ്. പക്ഷേ ഈ സംഭവം പെരുപ്പിക്കപ്പെട്ടതും, കേസിന്റെ ഭാഗമായി ഉണ്ടായത് ആണെന്നുമാണ് ഗോപിചന്ദ് ഹിന്ദൂജ അടക്കമുള്ളവര്‍ പറഞ്ഞിരുന്നത്.

പുതിയ നേതൃത്വം ആര്‍ക്ക്?

2018-ല്‍ തന്നെ 50 ബില്ല്യണ്‍ ഡോളറിന്റെ വരുമാനം രേഖപ്പെടുത്തിയവരാണ് ഹിന്ദുജ ഗ്രൂപ്പ്. ഫോര്‍ബ്സ് കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ നിന്നുള്ള അഞ്ചാമത്തെ സമ്പന്ന ബിസിനസുകാരായിരുന്നു ഹിന്ദുജ സഹോദരന്മാര്‍. ശ്രീചന്ദും ഗോപീചന്ദും ലണ്ടനിലും, പ്രകാശ് മൊണോക്കോയിലും ഇരുന്നാണ് ബിസിനസ് നിയന്ത്രിച്ചത്. ഏറ്റവും ഇളയ സഹോദരനായ അശോക് മുംബെയിലും. ഈ സഹോദരന്‍മ്മാരില്‍ രണ്ടുപേര്‍ ഇന്നില്ല. 2023 മെയ് 17- ന് ലണ്ടനില്‍ ശ്രീചന്ദ് പരമാനന്ദ് ഹിന്ദുജ എന്ന അതികായന്‍ നിര്യാതയായി. മരണം സഹോദരങ്ങളെയെല്ലാം ഒന്നിപ്പിച്ചു. ഗോപിചന്ദ് ഹിന്ദൂജ മുന്‍കൈയെടുത്ത് ഐക്യം കൊണ്ടുവന്നു. ഹിന്ദുജ ബിസിനസ് ഗ്രൂപ്പിന്റെ പുതിയ തലവനായതും അദ്ദേഹം തന്നെ. ഇപ്പോള്‍ ഗോപിചന്ദ് ഹിന്ദൂജയും അന്തരിച്ചു. അതോടെ ഹിന്ദുജ ഗ്രൂപ്പിലുള്ളില്‍ വീണ്ടും പ്രശ്നങ്ങള്‍ ഉണ്ടാവുമോ എന്നാണ് ചോദ്യം.

നിലവില്‍ കമ്പനി ഘടന പിന്തുടര്‍ന്നാല്‍ ഹിന്ദുജ ഗ്രൂപ്പ് (യൂറോപ്പ്) ചെയര്‍മാന്‍ പ്രകാശ് ഹിന്ദുജയും, ഹിന്ദുജ ഗ്രൂപ്പ് ഓഫ് കമ്പനീസ് (ഇന്ത്യ) ചെയര്‍മാന്‍ അശോക് ഹിന്ദുജയും ആണ് മത്സരത്തില്‍ മുന്നില്‍. കാരണം ഇരുവരും ഗോപിചന്ദ് ഹിന്ദുജയ്ക്ക് തൊട്ടുതാഴെയുള്ളവരാണ്, സഹോദരങ്ങളാണ്. കുടുംബവൃക്ഷത്തിലെ പ്രൈമറി കിന്‍സാണ്. പക്ഷേ പുതിയ തലമുറ മാറ്റം ആഗ്രഹിക്കുന്നവരാണ്. സഹോദരങ്ങളുടെ കൂട്ടുകുടുംബ മനസല്ല അവര്‍ക്ക്.


 



മറ്റു സാധ്യതകളിലേയ്ക്ക് കടന്നാല്‍ അത് മൂന്നാം തലമുറയില്‍ നിന്നാണനെന്നാണ് ഇക്കണോമിക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഗോപിചന്ദ് ഹിന്ദുജയുടെ മകന്‍ ധീരജ് ഹിന്ദുജ ഇതില്‍ പ്രധാനിയാണ്. നിലവില്‍ അശോക് ലെയ്ലാന്‍ഡിന്റെ ചെയര്‍മാനാണ് ഇദ്ദേഹം. ഗള്‍ഫ് ഓയിലിന്റെ ചെയര്‍മാനായ മറ്റൊരു മകന്‍ സഞ്ജയ് ഹിന്ദുജയും തുല്യശക്തി തന്നെ. ഹിന്ദുജ റിന്യൂവബിള്‍സിന്റെ ചെയര്‍മാനായ പ്രകാശ് ഹിന്ദുജയുടെ മകന്‍ ഷോം ഹിന്ദുജ, ശ്രീചന്ദ് ഹിന്ദുജയുടെ പെണ്‍മക്കള്‍ വിനു ഹിന്ദുജ, ഷാനു ഹിന്ദുജ എന്നിങ്ങനെ നീളുന്നു ഈ ലിസ്റ്റ്. ഈ പെണ്‍മക്കള്‍ ആണ് സ്വിറ്റ്‌സര്‍ലന്‍ഡിലെ ഹിന്ദുജ ബാങ്ക് കൈകാര്യം ചെയ്യുന്നത്.

ഈ പെണ്‍കുട്ടികള്‍ തന്നെയാണ് ഹിന്ദുജ കുടുംബത്തില്‍ ഏറ്റവും ഉടക്കി നില്‍ക്കുന്നവരും. കാരണം തങ്ങളുടെ പിതാവിന്റെ മറവിരോഗം മുതലെടുത്ത്, തങ്ങള്‍ക്ക് മാത്രം അവകാശപ്പെട്ട ശതകോടികളുടെ ബാങ്കിങ്് ശൃംഖല സഹോദരന്‍മ്മാര്‍, തട്ടിയെടുക്കാന്‍ ശ്രമിച്ചു എന്ന ആരോപണ ഉന്നതിച്ച് കേസിന്പോയവരാണ് വിനു ഹിന്ദുജ, ഷാനു ഹിന്ദുജയും. അതിന്റെ കനല്‍ ഇപ്പോഴും അവരുടെ മനസ്സിലുണ്ട്. ഒരുപരിധിവരെ അത് കഴുകിക്കഴഞ്ഞത് ഗോപിചന്ദ് ഹിന്ദുജയുടെ ഇടപെടയാണ്. ഇപ്പോള്‍ ഗോപിചന്ദും ഇല്ല. ആ ശൂന്യതയില്‍ എന്ത് സംഭവിക്കുന്നുമെന്ന് കണ്ടുതന്നെ അറിയണം.

വാല്‍ക്കഷ്ണം: കാലത്തിന്റെ മാറ്റം ഉള്‍ക്കൊള്ളാന്‍ വൈകുന്നതാണ് ഇന്ത്യന്‍ ബിസിനസ് ഫാമിലികളുടെ ഒരു പ്രധാന പ്രശ്നമെന്ന് നേരത്തെതന്നെ പല സാമ്പത്തിക നിരീക്ഷകരും ചൂണ്ടിക്കാട്ടിയിരുന്നു. കൂട്ടുകുടുംബത്തില്‍നിന്ന് അണുകുടുംബത്തിലേക്ക് മാറപ്പെട്ട ഒരു സമൂഹത്തില്‍ ബിസിനസും ആ രീതിയില്‍ തന്നെ പോവുന്നതാണ് നല്ലത്. പതുതലമുറ ആരുടെയും ചിറകിനടിയില്‍ നില്‍ക്കാന്‍ ആഗ്രഹിക്കുന്നില്ല. വില്‍പ്പത്രം എഴുതാതെ മരിച്ചുപോയ ധീരുഭായുടെ അബദ്ധം ആവര്‍ത്തിക്കപ്പെടാതിരിക്കട്ടെ.

Tags:    

Similar News