കോടികള്‍ ആസ്തിയുള്ള ഈ യുവ നടന് ആകെയുള്ളത് നാലഞ്ച് ടീ ഷര്‍ട്ടുകള്‍; സ്റ്റാര്‍ഹോട്ടലിലല്ല ഭക്ഷണം തട്ടുകടയില്‍; ഫാന്‍സ് അസോസിയേഷനില്ല, സോഷ്യല്‍ മീഡിയയിലില്ല; പ്രണയം നിരന്തര യാത്രകളോട്; രാജ്യം വേണ്ടാത്ത രാജാവിന്റെ മകന്‍! പ്രണവ് മോഹന്‍ലാലിന്റെ അവധൂത ജീവിതം
മോഹന്‍ലാലിന്റെ അവധൂത ജീവിതം
കോടികളുടെ ആസ്തിയുണ്ടായിട്ടും ഈ താരത്തിന് നാലോ അഞ്ചോ ടീ ഷര്‍ട്ടുകള്‍ മാത്രമാണുള്ളത്. ലക്ഷങ്ങള്‍ വില വരുന്ന ആഡംബര വാഹനങ്ങളിലല്ല, പബ്ലിക്ക് ട്രാന്‍സ്പോര്‍ട്ടില്‍ ഇടിച്ച് കുത്തിപ്പോവാനാണ് അവന് താല്‍പ്പര്യം. സ്റ്റാര്‍ ഹോട്ടലില്‍ നിന്നല്ല, തട്ടുകടയില്‍ നിന്നാണ് ഭക്ഷണം. അഭിമുഖങ്ങളില്ല, ബഡായികളില്ല, ബഹളങ്ങളില്ല....ആരോടും മത്സരത്തിനില്ല. ഫാന്‍സ് അസോസിയേഷനില്ല, എന്തിന് സോഷ്യല്‍ മീഡിയയില്‍ പോലും സജീവമല്ല. രണ്ടുവര്‍ഷം കൂടുമ്പോള്‍ ഒരു സിനിമയില്‍ അഭിനയിക്കും. പിന്നെ മുഴുവന്‍ യാത്രയോട് യാത്രയാണ്. ശരിക്കും ഒരു അവധൂതനെപ്പോലെ ഒരു ജന്‍മം!
അതാണ് പ്രണവ് മോഹന്‍ലാല്‍ എന്ന 35കാരന്‍. കാല്‍നൂറ്റാണ്ടിനിടയില്‍ വെറും 11 സിനിമകളാണ് അയാള്‍ ചെയ്തത്. അതില്‍ നായകനായത് വെറും 5 സിനിമകളില്‍. ഇപ്പോള്‍ രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത, ഡൈയസ് ഈറ എന്ന പ്രണവ് ചിത്രം തീയേറ്റുകള്‍ നിറയ്ക്കുകയാണ്. ശരിക്കും പ്രണവ് മോഹന്‍ലാലിനെയും റീലോഞ്ച് ചെയ്യുകയാണ് ഈ ചിത്രം. മുമ്പത്തെ മിക്ക വേഷങ്ങളിലും ഒരു ഫീല്‍ഗുഡ് പ്രണയ നായകന്റെ വേഷമായിരുന്നു പ്രണവിന്. എന്നാല്‍ ഇവിടെ കെട്ടിലും മട്ടിലും അയാള്‍ മാറുകയാണ്.
കാതില്‍ ഒരു ഫാഷന്‍ കടുക്കനിട്ട്, അര്‍ബന്‍ മല്ലു സമ്പന്നപുത്രന്റെ ശരീരഭാഷയുമായി പ്രണവ് എത്തുകയാണ്. ചിത്രത്തില്‍ ഒരുപാട് രംഗങ്ങളിലെ എക്‌സ്ട്രീം ക്ലോസപ്പില്‍ കാണാം ഈ യുവനടന്റെ പ്രതിഭ. തന്റെ പിതാവ് മോഹന്‍ലാലിനോട് കിടപിടിക്കുന്ന ഫയറുള്ള നടന്‍ തന്നെയാണ് അയാള്‍. പക്ഷേ പ്രണവിനെ ആ രീതിയില്‍ ഉപയോഗിക്കാന്‍ കഴിയുന്ന എഴുത്തുകാരും സംവിധായകരും നമുക്കില്ല. പക്ഷേ ഈ ചിത്രം ഒരു പ്രതീക്ഷയാണ്. ഏത് തരത്തിലുള്ള കഥാപാത്രവും തനിക്ക് ചെയ്യാന്‍ കഴിയുമെന്ന് പ്രണവ് തെളിയിച്ചിരിക്കയാണ്. രാജാവിന്റെ മകന്‍ ശരിക്കും രാജാവ് ആവുന്നത് ഇപ്പോഴാണ്. മലകയറ്റത്തിനും, വിദേശയാത്രകള്‍ക്കുമൊക്കെ അവധി കൊടുത്ത്, അഭിനയം എന്ന കരിയറില്‍ ഫോക്കസ് ചെയ്യുകയാണെങ്കില്‍ വേറെ ലെവലില്‍ എത്തേണ്ട നടനാണ് പ്രണവ്. പക്ഷേ അദ്ദേഹത്തിന് ഈ മല്‍സരത്തിലൊന്നും യാതൊരു താല്‍പ്പര്യവുമില്ല. വല്ലാത്ത ഒരു ജന്‍മമാണത്!
ആറാം ക്ലാസിലെ ബെസ്റ്റ് ആക്റ്റര്‍
സത്യത്തില്‍ വായില്‍ വെള്ളിക്കരണ്ടിയല്ല, സ്വര്‍ണ്ണക്കരണ്ടിയുമായാണ് പ്രണവ് പിറന്നത്. 1990 ജൂലൈ 13ന് തിരുവനന്തപുരത്താണ് ജനനം. പിതാവ് സൂപ്പര്‍സ്റ്റാറും മലയാളികളുടെ സ്വകാര്യഅഹങ്കാരവുമായ മോഹന്‍ലാല്‍. അമ്മ സുചിത്രയുടെ കുടുംബവും തമിഴിലെ കോടീശ്വരരായ നിര്‍മ്മാതാക്കള്‍. തമിഴ് ചലച്ചിത്ര നിര്‍മ്മാതാവ് കെ ബാലാജിയാണ് പ്രണവിന്റെ അമ്മച്ഛന്‍. പ്രശസ്ത നിര്‍മ്മാതാവ് സുരേഷ് ബാലാജി അമ്മാവനും. ചുരുക്കിപ്പറഞ്ഞാല്‍ ചെറുപ്പത്തിലേ വീടുമുഴുവന്‍ സിനിമയായിരുന്നു. ചലച്ചിത്രലോകത്തിന്റെ ഓരോ വളര്‍ച്ചകളും കണ്ടായിരുന്നു അവന്റെ ബാല്യം. പക്ഷേ ചെറുപ്പത്തിലേ അവന്‍ വ്യത്യസ്തനായിരുന്നു. പ്രായത്തില്‍ കവിഞ്ഞ പക്വതയായിരുന്നു അവനെന്നാണ് സഹപാഠികള്‍ ഓര്‍ക്കുന്നത്. ഒരിക്കലും താര ജാഡ പ്രണവിനെ പിടകൂടിയിട്ടില്ല.
വീട്ടില്‍ അവന്‍ അപ്പുവായിരുന്നു. സഹോദരി വിസ്മയയുമായി ചേര്‍ന്നുള്ള സുന്ദരബാല്യമായിരുന്നു പ്രണവിന്റെത്. തമിഴ്‌നാട്ടിലെ ഊട്ടിയിലുള്ള പ്രശസ്തമായ ഹെബ്രോണ്‍ ബോര്‍ഡിംഗ് സ്‌കൂളില്‍ നിന്നാണ് പ്രണവ് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. മോഹന്‍ലാലിന്റെ മകന്‍, കേരളത്തില്‍ പഠിച്ചാല്‍ ഉണ്ടാവുന്ന അമിതമായ കൗതുകവും, സ്വകാര്യതാ പ്രശ്നവുമൊക്കെ മാനിച്ചാണ് പഠനം ഊട്ടിയിലേക്ക് മാറ്റിയത്്. ക്ലാസില്‍ മിടുക്കനായിരുന്നു അവന്‍. ചെറുപ്പത്തിലേ തന്നെ നല്ല വായനയും.
ലാലേട്ടനും മകനും തമ്മില്‍ സാമ്യതകളേക്കാള്‍ വൈജാത്യങ്ങളാണ് ഏറെയുള്ളത്. പക്ഷേ ഒരുകാര്യത്തില്‍ അവര്‍ക്ക് നല്ല സാമ്യതയാണ്. കാരണം രണ്ടുപേരും സ്‌കൂളില്‍ പഠിക്കുമ്പോള്‍ ബെസ്റ്റ് ആക്ടര്‍മാര്‍ ആയിരുന്നു. ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ മോഹന്‍ലാലിനെപ്പോലെ പ്രണവവും സ്‌കൂളിലെ മികച്ച നാടക നടനായി. ഒപ്പം ഗായകനും കുട്ടിക്കവിയുമായിരുന്നു അവന്‍. പ്രണവിന്റെ ഈ സ്‌കൂള്‍ നാടകം, മോഹന്‍ലാലിന്റെ അടുത്ത സുഹൃത്ത്കൂടിയായ സംവിധായകന്‍ പ്രിയദര്‍ശന്‍ കണ്ടിട്ടുണ്ട്. അതേക്കുറിച്ച് പ്രിയദര്‍ശന്‍ പിന്നീട് ഇങ്ങനെ പറഞ്ഞു- 'പ്രണവ് ഒരു മികച്ച നടനാണ്. അവന്‍ സ്‌കൂളില്‍ നാടകങ്ങളില്‍ അഭിനയിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. സ്‌കൂളിലെ ബെസ്റ്റ് ആക്റ്ററുമായിരുന്നു. പക്ഷേ നമ്മുടെ കൊമേര്‍ഷ്യല്‍ നടന്‍മാരെപ്പോലെ തുടര്‍ച്ചയായി അഭിനയിക്കണം എന്ന് അവന് ആഗ്രഹമില്ല''
മദ്രാസിലായിരുന്നു പ്രണവിന്റെ ബാല്യം. ഒരു സിനിമാകുടുംബങ്ങള്‍ തമ്മിലുള്ള സൗഹൃദത്തിന്റെ കഥയാണ് അവന്റെ കുട്ടിക്കാലം. മോഹന്‍ലാല്‍, സുരേഷ് കുമാര്‍, ഐ വി ശശി എന്നിവരുടെ കുടംബവുമായിട്ടായിരുന്നു എറ്റവും സൗഹൃദം. പ്രിയദര്‍ശന്റെ മക്കളായ കല്യാണിയും, സഹോദന്‍ സിദ്ധാര്‍ത്ഥുമായിട്ടായിരുന്നു എറ്റവും കൂട്ട്. അതുപോലെ ഐ വി ശശിയുടെയും സീമയുടെയും മകന്‍
അനി ശശിയും. ഈ കളിക്കൂട്ടുകാര്‍ എല്ലാം സിനിമയിലെത്തി. സിദ്ധാര്‍ത്ഥ് 'മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിലൂടെ' മികച്ച ഗ്രാഫിക്സ് ഡിസൈനര്‍ക്കുള്ള ദേശീയ പുരസ്‌കാരവും നേടി. അനി ശശിയും പ്രിയദര്‍ശനൊപ്പം പ്രവര്‍ത്തിക്കുന്നു. സുരേഷ് -മേനക ദമ്പതികളുടെ മകള്‍ കീര്‍ത്തിയും തെന്നിന്ത്യയിലെ ഏറ്റവും വിലപിടിച്ച നടിയായി ഉയര്‍ന്നു. കല്യാണിയാവട്ടെ 'ലോക' സിനിമക്കുശേഷം ലേഡി സൂപ്പര്‍സ്റ്റാറായി ഉയര്‍ന്നു കഴിഞ്ഞു. അവരുടെ പ്രിയപ്പെട്ട അപ്പുവാണ് പ്രണവ് ഇപ്പോഴും.
ഒന്നാമനിലുടെ അരങ്ങേറ്റം
വെറും 12 വയസ്സുള്ളപ്പോഴാണ് പ്രണവ് മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. 'രാജാവിന്റെ മകന്‍' എന്ന സൂപ്പര്‍ഹിറ്റ് സിനിമയിലൂടെ മോഹന്‍ലാലിനെ സൂപ്പര്‍താരമാക്കിയ തമ്പി കണ്ണന്താനത്തിന്റെ പടമായിരുന്നു അത്. 2002-ല്‍ റിലീസായ ചിത്രത്തിന്റെ പേര് 'ഒന്നാമന്‍'. അതില്‍ മോഹന്‍ലാലിന്റെ നായകവേഷമായ രവിശങ്കറിന്റെ ബാല്യകാലമാണ് പ്രണവ് അവതരിപ്പിച്ചത്. ലാലേട്ടന്റെ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമയായിരുന്നു അത്. 'രാജാവിന്റെ മകന്‍ അരങ്ങേറുന്നു' എന്നൊക്കെ അന്ന് സിനിമാ മാസികകളില്‍ കൗതുകവാര്‍ത്തകള്‍ വന്നു. പക്ഷേ ചിത്രം റിലീസായതോടെ എല്ലാ പ്രതീക്ഷയും പോയി. പടം വന്‍ പരാജയമായി. എന്നാല്‍ പ്രണവ് തന്റെ വേഷം കുഴപ്പമില്ലാതെ ചെയ്തിരുന്നു.
പക്ഷേ ഇവിടെയും ശ്രദ്ധിക്കേണ്ട കാര്യമുണ്ട്. മറ്റ് നെപ്പോ കിഡ്സിനെപ്പോലെ ഉന്തിത്തള്ളി ലോഞ്ച് ചെയ്യിച്ചതല്ല പ്രണവിനെ. സ്‌കൂളിലടക്കം അയാള്‍ നടത്തിയ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ വന്നുചേര്‍ന്നതാണ്. പില്‍ക്കാലത്ത് മോഹന്‍ലാല്‍ തന്നെ ഇത് തുറന്ന് പറഞ്ഞിട്ടുണ്ട്.-'എന്നെപ്പോലെ, അഭിനയം എന്താണെന്ന് അവനും അറിയില്ല! യഥാര്‍ഥ ജീവിതത്തില്‍ ചെയ്യുന്ന കാര്യങ്ങള്‍ മാത്രമാണ് അവനും ചെയ്തത്. ചലച്ചിത്ര പ്രവര്‍ത്തകര്‍ നേരിട്ട പ്രശ്നം പ്രണവിന്റെ പ്രവര്‍ത്തനങ്ങള്‍ വളരെ വേഗത്തിലായിരുന്നു എന്നതാണ്. അദ്ദേഹം നടക്കുന്നതും ഇരിക്കുന്നതും പോലും വളരെ വേഗത്തിലായിരുന്നു. ചില രംഗങ്ങള്‍ അതിവേഗത്തിലാണ് ചിത്രീകരിച്ചത്''- മോഹന്‍ലാല്‍ അന്ന് പറഞ്ഞത് അങ്ങനെയാണ്.
അതേ വര്‍ഷം തന്നെ, മേജര്‍ രവിയും രാജേഷ് അമനകരയും സംവിധാനം ചെയ്ത 'പുനര്‍ജനി' എന്ന സിനിമയില്‍ പ്രണവ്്ആദ്യമായി പ്രധാന വേഷം ചെയ്തു. മാതാപിതാക്കള്‍ തന്നെക്കാള്‍ ഇളയ സഹോദരനെ സ്നേഹിക്കുന്നുവെന്ന് കരുതി വീട്ടില്‍ നിന്ന് ഒളിച്ചോടിയ അപ്പു എന്ന അസ്വസ്ഥനായ കുട്ടിയെയാണ് അവന്‍ അവതരിപ്പിച്ചത്. ഇത് മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രണവിന് നേടിക്കൊടുത്തു. അന്ന് ഇതുസംബന്ധിച്ച് ഒരു വിവാദവും ഉണ്ടായിരുന്നില്ല. പ്രണവ് ശരിക്കും അര്‍ഹിക്കുന്നതായിരുന്നു ആ അംഗീകാരം.
അതിനുശേഷം, വിദ്യാഭ്യാസത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പ്രണവ് ഒരു ഇടവേള എടുത്തു. സിനിമാ മേഖലയില്‍ നിന്ന് വിട്ടുനിന്ന അവന് താല്‍പ്പര്യം, പുസ്തകങ്ങളിലും യാത്രകളിലുമായിരുന്നു. 2009-ല്‍ സാഗര്‍ ഏലിയാസ് ജാക്കി റീലോഡഡ് എന്ന ചിത്രത്തിലെ ഒരു ഗാനരംഗത്തില്‍ പ്രണവ് അതിഥി വേഷത്തില്‍ പ്രത്യക്ഷപ്പെട്ടു. ഇതിനിടയില്‍ ആസ്‌ട്രേലിയയിലെ വെയില്‍സ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഫിലോസഫിയില്‍ ബിരുദം നേടി. മാര്‍ഷല്‍ ആര്‍ട്സും പഠിച്ചു. തുടര്‍ന്നാണ് പ്രണവിന് സിനിമയില്‍ താല്‍പ്പര്യം വരുന്നത്. ആദ്യകാലത്ത് ക്യാമറക്ക് മുന്നിലായിരുന്നു പിന്നിലായിരുന്നു അവന് നില്‍ക്കാനിഷ്ടം.
2014-ല്‍, കമല്‍ഹാസന്‍ നായകനായ പാപനാശം എന്ന തമിഴ് ചിത്രത്തില്‍ ജീത്തു ജോസഫിന്റെ കീഴില്‍ അസിസ്റ്റന്റ് ഡയറക്ടറായി പ്രണവ് ജോലി ചെയ്യാന്‍ തുടങ്ങി. ജീത്തുവിന്റെ സൂപ്പര്‍ ഹിറ്റായ ദൃശ്യം സിനിമയുടെ റീമേക്കായിരുന്നു ചിത്രം. സിനിമയുടെ വ്യാകരണം പ്രണവ് പഠിച്ചത് ഇവിടെ നിന്നാണ്. പിന്നീട് ജീത്തു സംവിധാനം ചെയ്ത ലൈഫ് ഓഫ് ജോസൂട്ടി (2015) എന്ന ചിത്രത്തില്‍ അസിസ്റ്റന്റായി. ആ സമയത്ത് മോഹന്‍ലാലിന്റെ മകന്‍ എന്ന നിലയില്‍ വലിയ സൗകര്യങ്ങള്‍ പ്രണവിന് അനുവദിച്ചിരുന്നു. പക്ഷേ അത് അങ്ങനെ വേണ്ടെന്നും എല്ലാവര്‍ക്കുമുള്ള പൊതുസൗകര്യങ്ങള്‍ തന്നെ തനിക്കും മതിയെന്ന് പറഞ്ഞത് പ്രണവ് തന്നെയാണ്. മോഹന്‍ലാലിനെപ്പോലെ കഠിനാധ്വാനിയാണ് മകനും എന്നാണ് പ്രണവിനെ കുറിച്ച് ജീത്തു പിന്നീട് പറഞ്ഞത്. ഈ ബന്ധത്തിന്റെ കൂടി ഊഷ്മളതയിലാണ്, പ്രണവ് ജീത്തുവിന്റെ ചിത്രത്തില്‍ നായകനായി അരങ്ങേറുന്നത്.
ആദിമുതല്‍ ഡീയസ് ഈറെ വരെ!
2018 ജനുവരിയില്‍ ആദി എന്ന ജീത്തുജോസഫ് ചിത്രം റിലീസാവുമ്പോള്‍ ലോകമെമ്പാടുമുള്ള, ലാല്‍ ഫാന്‍സ് ചങ്കിടിപ്പോടെ കാത്തിരിക്കയായിരുന്നു. ചെണ്ടക്കൊട്ടും വാദ്യമേളങ്ങളുാെക്കെയായി വലിയ വരവേല്‍പ്പാണ്, ആരാധകര്‍ താരപുത്രന്റെ ആദ്യ നായക ചിത്രത്തിന് നല്‍കിയത്. പക്ഷേ അപ്പോഴും ആശങ്കകള്‍ ഉണ്ടായിരുന്നു. ഇങ്ങനെ കൊട്ടിഘോഷിച്ചിറക്കുന്ന ചിത്രങ്ങളില്‍ പലതും ബോക്സോഫീസില്‍ കട്ടയും പടവും മടക്കുന്ന കാലമായിരുന്നു അത്. പക്ഷേ മോഹന്‍ലാലിന്റെ, മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ ക്ലാസിക്ക് പാട്ടായ, 'മിഴിയോരം നനഞ്ഞൊഴുകും' ഗിറ്റാറില്‍ വായിച്ചുകൊണ്ട് ആദ്യ സീനില്‍ വന്നതുതൊട്ട് പ്രണവ് കൈയടി നേടി. പടം വലിയ സാമ്പത്തിക വിജയമായി. ചിത്രത്തില്‍ 'ജിപ്സി വിമന്‍' എന്ന ഇംഗ്ലീഷ് ഗാനം പ്രണവ്, എഴുതി പാടി അവതരിപ്പിച്ചു. പ്രണവിന്റെ പാര്‍ക്കോര്‍ സ്റ്റണ്ടിനും നല്ല പ്രതികരണം ലഭിച്ചു. അച്ഛനെപ്പോലെ തന്നെ ആക്ഷന്‍ രംഗങ്ങളില്‍ ഡ്യൂപ്പിനെ ഉപയോഗിക്കാന്‍ പ്രണവും സമ്മതിച്ചിരുന്നില്ല. ഒരു മാസത്തിനുള്ളില്‍ ചിത്രം 35 കോടി കളക്ഷന്‍ നേടി. ആ വര്‍ഷത്തെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മലയാള ചിത്രങ്ങളില്‍ ഒന്നായിരുന്നു ഇത്.
പക്ഷേ പ്രണവ് രണ്ടാമത് നായകനായ ചിത്രം വലിയ നിരാശയാണുണ്ടാക്കിയത്. രാമലീല എന്ന ഹിറ്റ് സിനിമയുടെ സംവിധായകന്‍ അരുണ്‍ഗോപിയുടെ 'ഇരുപത്തിയൊന്നാം നൂറ്റാണ്ട്' എന്ന ചിത്രം വലിയ പരാജയമായി. പ്രണവിനും വലിയ വിമര്‍ശനങ്ങള്‍ കേട്ടു. മുഖത്ത് സിഗരറ്റ്കൊണ്ട് പൊള്ളിച്ചാല്‍പോലും ഭാവം വരാത്ത നടന്‍ എന്ന് സോഷ്യല്‍ മീഡിയ ട്രോളി. പക്ഷേ പ്രണവ് അതിനൊന്നും മൈന്‍ഡ് ചെയ്തില്ല. വിജയത്തില്‍ അമിതാഘോഷം ഇല്ലാത്തതുപോലെ പരാജയത്തില്‍, അവന്‍ തളര്‍ന്നതുമില്ല. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മോഹന്‍ലാലിന്റെ 'മരക്കാര്‍: അറബിക്കടലിന്റെ സിംഹം' (2020) എന്ന പീരിയഡ് സിനിമയില്‍ കുഞ്ഞാലി മരക്കാര്‍ നാലാമനായി അതിഥി വേഷത്തിലാണ് പിന്നീട് പ്രണവിനെ കണ്ടത്. ഇതില്‍ അവന്‍ ശരിക്കും തിളങ്ങി. തന്റെ ബാല്യകാല സുഹൃത്തുകൂടിയായ, കല്യാണി പ്രിയദര്‍ശനുമായുള്ള കോമ്പോ ഏറെ ശ്രദ്ധിക്കപ്പെട്ടു. അച്ഛന്റെ രീതികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് താനെന്നും ഈ വേഷം താന്‍ അവതരിപ്പിച്ചാല്‍ ശരിയാവുമോയെന്ന് ആശങ്കയുണ്ടെന്നും പ്രണവ് പ്രിയദര്‍ശനോട് പറഞ്ഞെങ്കിലും അതൊന്നും പ്രിയന്‍ ഗൗനിച്ചിരുന്നില്ല. താന്‍ നേരത്തെ കണ്ട സ്‌കൂള്‍ നാടകത്തില്‍ നിന്നുതന്നെ പ്രണവിന്റെ ഫയര്‍ പ്രിയന്‍ മനസ്സിലാക്കിയിരുന്നു. ഇന്നും അശ്വന്ത് കോക്കിനെപ്പോലുള്ള സിനിമാ നിരൂപകര്‍ പ്രണവിന്റെ ഏറ്റവും നല്ല വേഷമായി പറയുന്നത്, മരക്കാറിലേതാണ്.
പക്ഷേ വിമര്‍ശകര്‍ക്കെല്ലാം വായടപ്പിച്ചുള്ള മറുപടി കിട്ടിയത്, 2022-ല്‍ വിനീത് ശ്രീനിവാസന്റെ ഹൃദയം എന്ന ചിത്രത്തിലൂടെയായിരുന്നു. അതിലെ പ്രണയ നായകനെ പ്രണവ് അവതരിപ്പിച്ച രീതി ഹൃദ്യമായിരുന്നു. വീണ്ടും ഒരു റൊമാന്റിക്ക് ഹീറോ ജനിക്കുന്നുവെന്ന് മാധ്യമങ്ങള്‍ എഴുതി. ആ വര്‍ഷത്തെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രങ്ങളില്‍ ഒന്നായിരുന്നു ഹൃദയം. അതോടെ പ്രണവിന് മുന്നില്‍ ഓഫറുകളുടെ പെരുമഴയായി. പക്ഷേ അയാള്‍ ഒന്നിനും പിടികൊടുത്തില്ല. രണ്ടുവര്‍ഷത്തില്‍ ഒരു ചിത്രം എന്ന നിലയിലാണ് അവന്‍ പടങ്ങള്‍ സ്വീകരിക്കുന്നത്. 2024-ല്‍ വിനീത് ശ്രീനിവാസന്റെ സംവിധാനത്തിലിറങ്ങിയ 'വര്‍ഷങ്ങള്‍ക്ക് ശേഷം' എന്ന സിനിമയും വിജയിച്ചു. പഴയ മോഹന്‍ലാല്‍- ശ്രീനിവാസന്‍ കോമ്പോയെ ഓര്‍മ്മിക്കുന്ന രീതിയില്‍, പ്രണവ്- ധ്യാന്‍ കോമ്പോയും പ്രേക്ഷകര്‍ സ്വീകരിച്ചു. ഈ പടത്തില്‍ തന്റെ മലകയറ്റത്തെയും, യാത്രകളെയും സ്വയം ട്രോളുന്നുമുണ്ട് പ്രണവ്. അതിനുശേഷം രാഹുല്‍ സദാശിവന്റെ ഡീയസ് ഈറെയിലാണ്, കെട്ടിലും മട്ടിലും ആകെ മാറിയ പ്രണവിനെ നാം കാണുന്നത്. ചിത്രം തീയേറ്റുകള്‍ നിറയ്ക്കുമ്പോഴും പ്രമോഷനുകള്‍ക്കും ചര്‍ച്ചകള്‍ക്കും അഭിമുഖങ്ങള്‍ക്കും കോലാഹലങ്ങള്‍ക്കുമൊന്നും നില്‍ക്കാതെ, എല്ലാറ്റില്‍നിന്നും വഴിമാറി നടക്കുന്ന പ്രണവിനെയാണ് നാം കാണുന്നത്.
ലളിത ജീവിതം ഉയര്‍ന്ന ചിന്ത!
സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും മറ്റുള്ളവരെ ട്രോളാന്‍ ഉപയോഗിക്കുന്ന വാക്കുകളാണ്, ' ലളിത ജീവിതം ഉയര്‍ന്ന ചിന്ത' എന്നതൊക്കെ. പക്ഷേ പ്രണവിന്റെ കാര്യത്തില്‍ ഇത് സത്യമാണ്. കോടീശ്വര പുത്രനാണ് അയാള്‍. വിചാരിച്ചാല്‍ നിമിഷങ്ങള്‍ കൊണ്ട് അയാള്‍ക്കും ലക്ഷങ്ങള്‍ ഉണ്ടാക്കാം. പക്ഷേ അവന് പണത്തോട് ആര്‍ത്തിയില്ല. മാത്രമല്ല ചുരുങ്ങിയ ചെലവില്‍ എങ്ങനെ ജീവിക്കാമെന്നാണ് പ്രണവ ചിന്തിക്കുന്നത്.
വീട്ടില്‍ കാരവാന്‍ അടക്കം ആഡംബര വാഹനങ്ങളുടെ വന്‍ശേഖരം തന്നെയുണ്ടായിട്ടും ബസിലും ട്രെയിനിലെ ജനറല്‍ കംപാര്‍ട്ട്‌മെന്റിലും യാത്ര ചെയ്യുന്നതാണ് പ്രണവിന്റെ രീതി. പിന്നീട് ഒരു നടന്‍ എന്ന നിലയില്‍ വലിയ പ്രശസ്തി കിട്ടിയതോടെയാണ് സ്വകാര്യത ഇഷ്ടപ്പെടുന്ന ഈ നടന്‍ പബ്ലിക്ക് ട്രാന്‍സ്പോര്‍ട്ട് കുറച്ചത്. എന്നിട്ടും ഇപ്പോഴു വേഷം മാറി യാത്രകളുണ്ട്. കോടികള്‍ വിലയുള്ള ആഢംബര വാഹനങ്ങള്‍ ഒന്നും അദ്ദേഹത്തിനില്ല. സ്റ്റാര്‍ ഹോട്ടലുകളെ ഒഴിവാക്കി തട്ടുകടയില്‍നിന്ന് കഴിക്കാനാണ് അവന്‍ ഇഷ്ടപ്പെടുന്നത്. ഇത് കൃത്രിമമായി ലാളിത്യത്തിന് വേണ്ടിയല്ല. അവന്റെ പ്രകൃതം അങ്ങനെയാണ്.
കുട്ടിക്കാലത്തും പ്രണവ് ആഡംബരങ്ങളൊന്നും ആവശ്യപ്പെട്ടിരുന്നില്ലെന്നും പരിമിതമായ സൗകര്യങ്ങള്‍ക്കൊപ്പമാണ് ജീവിച്ചിരുന്നതെന്നും മോഹന്‍ലാല്‍ ഒരിക്കല്‍ പറഞ്ഞിരുന്നു.'വിദ്യാര്‍ഥിയായിരിക്കെ വളരെ കുറഞ്ഞ സൗകര്യങ്ങളുള്ള ഒരു ഹോസ്റ്റല്‍ മുറിയിലായിരുന്നു അവന്‍ താമസിച്ചിരുന്നത്. വളരെ പരിമിതമായ സൗകര്യങ്ങളുടെ ലോകമായിരുന്നു അവന്റെത്. എനിക്ക് ചില വലിയ ആവശ്യങ്ങളൊക്കെ താങ്ങാന്‍ കഴിയുമെങ്കിലും പ്രണവ് ഒരിക്കലും കൂടുതല്‍ ഒന്നും ആവശ്യപ്പെട്ടില്ല. എന്റെ ഒരു സിനിമയില്‍ അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചപ്പോഴും വളരെ കുറഞ്ഞ സൗകര്യങ്ങളാണ് തെരഞ്ഞെടുത്തത്' - മോഹന്‍ലാല്‍ പറയുന്നു.
ആരും പറഞ്ഞാല്‍ വിശ്വസിക്കില്ല. താമസത്തിലും, ഭക്ഷണത്തിലും മാത്രമല്ല വസ്ത്രത്തിലുമുണ്ട് പ്രണവിന് ഇതേ ലാളിത്യം. വെറും രണ്ടോ മൂന്നോ ടീഷര്‍ട്ടാണ് അവന്‍ ഉപയോഗിക്കുക.-'എന്റെ അറിവില്‍ രണ്ട് ടീഷര്‍ട്ടും അഞ്ചു ജീന്‍സുമാണ് നാലഞ്ചുകൊല്ലമായി പ്രണവ് ഉപയോഗിക്കുന്നത്''. സുഹൃത്തും ഹൃദയം സിനിമയുടെ നിര്‍മ്മാതാവുമായ വിശാഖ് സുബ്രമണ്യം പറയുന്നു. ആദിയില്‍ അഭിനയിച്ച അതേ ടീ ഷര്‍ട്ടുമായി ഹൃദയത്തില്‍ അഭിനയിക്കാനെത്തിയ പ്രണവിനെക്കുറിച്ചും വാര്‍ത്തകള്‍ വന്നിരുന്നു. ലക്ഷങ്ങള്‍ വസ്ത്രത്തിനും മേക്കപ്പിനും കൊടുക്കുന്ന നമ്മുടെ യുവതാരങ്ങളുടെ മുന്നിലാണ്, ഒന്ന് മുടിമാത്രം ചീകി പൗഡര്‍പോലും ഇടാതെ ഒരുതാരമുള്ളത്!
ഇനി ഒരുവ്യക്തിയെന്ന നിലയിലും തികഞ്ഞ ജെന്റില്‍മാനാണ് അയാള്‍. വിനയവും, സ്നേഹവും സഹിഷ്ണുതയുമുള്ള ഒരാള്‍. പ്രണവ് ഒരിക്കലും ചുടായി സംസാരിക്കുന്നത് കണ്ടിട്ടില്ലെന്നാണ് സിനിമാ സെറ്റിലുള്ളവര്‍ പറയുന്നത്. 'സിംപിള്‍ ആന്‍ഡ് സൈലന്‍ഡ്' എന്ന മ്യൂസിക്ക് ഡയറക്ടര്‍ ഹിഷാം അബ്ദുല്‍ വഹാബ് പ്രണവിനെക്കുറിച്ച് പറഞ്ഞത്. സെറ്റിലെ സെക്യൂരിറ്റിയും പ്രൊഡ്യൂസറും പ്രണവിനെ സംബന്ധിച്ച് ഒരുപോലെയാണ്.
ഒരിക്കല്‍, മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ബറോസ് എന്ന സിനിമയുടെ സെറ്റിലെത്തിയ പ്രണവിനെ സെക്യൂരിറ്റി തടഞ്ഞു. അച്ഛനെ കാണാന്‍ വന്നതാണ് എന്ന് അവന്‍ പറഞ്ഞത് അവര്‍ വിശ്വസിച്ചില്ല. അവര്‍ക്ക് പ്രണവിനെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല. പക്ഷേ അവന്‍ ആകട്ടെ തട്ടിക്കയറാനോ, ജാഡ കാണിക്കാനോ ഒന്നും നിന്നതുമില്ല. അല്‍പ്പം കഴിഞ്ഞ് അവിടെയത്തിയ ഫോട്ടോഗ്രാഫര്‍ അനീഷ് ഉപാസനയാണ് അത് പ്രണവ് ആണെന്ന് തിരിച്ചറിഞ്ഞത്! ഈ സീന്‍ ഇന്നത്തെ ചില മലയാളയുവ നടന്‍മാരുമായി ഒന്ന് താരതമ്യം ചെയ്്തുനോക്കുക. ആ സെക്യൂരിറ്റിക്കാരന്റെ വായില്‍ എത്ര പല്ല് ബാക്കികാണുമായിരുന്നു! അതുപോലെ രാത്രി വൈകി വീട്ടിലെത്തുമ്പോള്‍, സെക്യൂരിറ്റിയുടെ ഉറക്കം കളയാതിരിക്കാനായി മതിലുചാട് അകത്തുകടക്കുന്ന പ്രണവിന്റെ രീതികളും സഹപ്രവര്‍ത്തകര്‍ എന്നും ഓര്‍ക്കുന്നതാണ്. താന്‍ മൂലം ഒരു ഉറുമ്പിനുപോലും പരിക്കേല്‍ക്കരുത് എന്നതാണ് അയാളുടെ ആഗ്രഹം.
അവധൂതനെപ്പോലെ ഒരു ജന്‍മം!
റിയല്‍ ലൈഫ് ചാര്‍ളി എന്ന് ആരാധകര്‍ വിശേഷിപ്പിക്കുന്നയാളാണ് പ്രണവ് മോഹന്‍ലാല്‍. ഒരു സിനിമ ചെയ്യുക അതിനു പിന്നാലെ ഇഷ്ടാനുസരണം യാത്ര പോവുക എന്നതാണ് പ്രണവിന്റെ ശൈലി. യാത്രയോടുള്ള അഭിനിവേശവും അഭിനയവും സന്തുലിതമായി കൊണ്ടുപോവാനാണ് പ്രണവിന്റെ ശ്രമം. ഹിമാലയത്തിലും, കാശ്മീരിലും, ചൈനയിലുമൊക്കെ പലരും അപ്രതീക്ഷിതമായി പ്രണവിനെ കണ്ടവരുണ്ട്. പലപ്പോഴും സോളോ യാത്രികനാണ് അയാള്‍. കഴിഞ്ഞ വര്‍ഷം പ്രണവ് സ്പെയിനില്‍ പോയതും വാര്‍ത്തയായിരുന്നു. സ്‌പെയിനിലെ ഒരു ഫാമിലെ 'വര്‍ക്ക് എവേ' പ്രോഗ്രാമിന്റെ ഭാഗമായാണ് പ്രണവ് കഴിഞ്ഞത്. നമ്മള്‍ ടൂറുപോവുന്നതുപോലെ നേരത്തെ നിശ്ചയിക്കുന്ന ഒരു പരിപാടിയല്ല അത്. അവിടെ ഒരു ഗ്രാമത്തില്‍ ഭക്ഷണത്തിനും താമസത്തിനും പകരമായി നിങ്ങള്‍ ജോലി ചെയ്യണം. അങ്ങനെ മാസങ്ങളോളം പ്രണവ് യൂറോപ്യന്‍ ഗ്രാമങ്ങളില്‍ അലഞ്ഞു. സാമ്പത്തിക പ്രതിഫലത്തേക്കാള്‍ അവന്‍ ഈ അനുഭവങ്ങളെയാണ് വിലമതിക്കുന്നത്്. ഇങ്ങനെ നിരവധി യൂറോപ്യന്‍ ഗ്രാമങ്ങളില്‍ അയാള്‍ കഴിഞ്ഞുകൂടി. കോടികളുടെ സ്വത്തുണ്ടായിട്ടും ആടുമേച്ച് ജീവിക്കാനും മറ്റുംവേണം ഒരു യോഗം!
അതിനിടെ തന്റെ യാത്രകള്‍ക്കിടയില്‍ ചെറിയൊരു ഇടവേളയില്‍ വന്ന് അഭിനയിക്കുന്നു. രണ്ടുവര്‍ഷം കൂടുമ്പോള്‍ ഒരു സിനിമയേ ചെയ്യൂ. കഥയും കഥാപാത്രവും സംഭാഷണവും മനസിലാക്കി തന്റെ ഭാഗം പൂര്‍ത്തിയാക്കി ലൊക്കേഷനിലെ ഏതെങ്കിലും സ്ഥലത്ത് പോയിരിക്കുന്ന പതിവാണ് പ്രണവിന്. സിനിമ പൂര്‍ത്തിയാകുന്നതോടെ തന്റെ ഉത്തരവാദിത്തം തീര്‍ന്നെന്ന് വിശ്വസിക്കുന്നയാളുമാണ് അദ്ദേഹം. സിനിമാ പ്രമോഷനുകളിലോ തിയേറ്ററുകളിലോ ഒന്നും അദ്ദേഹത്തെ കാണാനാവില്ല. സോഷ്യല്‍ മീഡിയയില്‍ ആക്റ്റീവല്ലാത്തതിനാല്‍ എവിടെയാണ് ആളെന്ന് ആരും അറിയുകയുമില്ല. ഫോട്ടോഷൂട്ടോ പബ്ലിസിറ്റിയോ സഹതാരങ്ങളുമായുള്ള സൗഹൃദങ്ങളോ ഒന്നും ആഘോഷമാക്കാത്തയാളാണ് അപൂര്‍വതാരമാണ് പ്രണവ്.
പ്രണവിന് വേണ്ടി അമ്മ സുചിത്രയാണ് പലപ്പോഴും കഥ കേള്‍ക്കാറുള്ളത്. സുചിത്ര മോഹന്‍ലാലില്‍ പറയുന്നതിങ്ങനെ-'എല്ലാവരും പറയും അവര്‍ അമ്മയുടെ മകനാണെന്ന്. പക്ഷേ, അങ്ങനെയല്ല. ഞാന്‍ അങ്ങനെ കരുതുന്നില്ല. കസിന്‍സ് എല്ലാവരും പറയും, ഞാന്‍ പറഞ്ഞാലെ അവന്‍ കേള്‍ക്കുള്ളൂ എന്ന്. സത്യത്തില്‍ ഞാന്‍ പറഞ്ഞാലും അവന്‍ കേള്‍ക്കില്ല. അവന് അവന്റേതായ ഒരു തീരുമാനം ഉണ്ട്. അപ്പുവിന് അങ്ങനെ വാശിയൊന്നുമില്ല. നമ്മള്‍ എന്തൊക്കെ പറഞ്ഞാലും, അവനു തോന്നുന്നതേ ചെയ്യൂ. സിനിമയും അങ്ങനെയാണ്. എനിക്കു കഥ കേള്‍ക്കാന്‍ ഞാന്‍ കഥ കേള്‍ക്കും. എങ്കിലും, അവസാന തിരഞ്ഞെടുപ്പ് അപ്പുവിന്റേതാണ്.രണ്ടു വര്‍ഷത്തിലൊരിക്കലാണ് അപ്പു ഒരു സിനിമ ചെയ്യുന്നത്. ഞാന്‍ പറയും, വര്‍ഷത്തില്‍ രണ്ടു പടമെങ്കിലും ചെയ്യെണമെന്ന്. പക്ഷേ, അവന്‍ കേള്‍ക്കില്ല. ചിലപ്പോള്‍ ആലോചിക്കുമ്പോള്‍ തോന്നും, അവന്‍ പറയുന്നതാണ് ശരിയെന്ന്! ''.
ആദ്യകാലങ്ങളില്‍ അപ്പുവിന്റെ വിചിത്രമായ രീതികള്‍ കണ്ട് ലാലിനും സുചിത്രയ്ക്കും ചില ആശങ്കകളുണ്ടായിരുന്നു. പക്ഷേ ഇപ്പോള്‍ അവര്‍ മകന്റെ ഈ വേറിട്ട വഴിയില്‍ മോഹന്‍ലാലും അഭിമാനിക്കയാണ്. മകന്റെ ആഗ്രഹങ്ങള്‍ പരിഗണിക്കാതെ തന്റെ താര പിന്തുടര്‍ച്ചാവകാശം എല്‍പ്പിച്ചുകൊടുക്കുന്ന ഫാസിസ്റ്റ് ഫാദര്‍ അല്ല മോഹന്‍ലാല്‍. ചെറുപ്പത്തില്‍ തനിക്കും പ്രണവിനെ പോലെ സമാനമായ ആഗ്രഹങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് ലാലേട്ടന്‍ പറയുന്നത്. 'അവന് അവന്റേതായ തത്ത്വങ്ങളുണ്ട്. അധികം സിനിമകള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല. കൂടുതല്‍ യാത്ര ചെയ്യാനും ഇടയ്ക്ക് സിനിമ ചെയ്യാനും അവന്‍ ആഗ്രഹിക്കുന്നു; അത് അവന്റെ തിരഞ്ഞെടുപ്പാണ്. ഞങ്ങള്‍ക്ക് അതില്‍ ഒരു പ്രശ്നവുമില്ല - അവന്‍ അവന്റെ ജീവിതം ആസ്വദിക്കട്ടെ. സിനിമയെ പിന്തുടരാനുള്ള എന്റെ സ്വപ്നം പങ്കുവെച്ചപ്പോള്‍ അച്ഛന്‍ എന്നോട് പറഞ്ഞത്, 'ആദ്യം, നിങ്ങളുടെ ബിരുദ വിദ്യാഭ്യാസം പൂര്‍ത്തിയാക്കൂ, എന്നിട്ട് നിങ്ങള്‍ ആഗ്രഹിക്കുന്നതെന്താണോ അതു ചെയ്യുക' എന്നാണ്. ഞാനും അങ്ങനെ തന്നെ. നമ്മള്‍ എന്തിന് നമ്മുടെ കുട്ടികളെ നിയന്ത്രിക്കണം? പ്രണവിന്റെ പ്രായത്തില്‍ എനിക്കും സിനിമ ഉപേക്ഷിച്ച് ലോകം ചുറ്റാന്‍ ആഗ്രഹമുണ്ടായിരുന്നു. എന്റെ സ്വപ്നങ്ങള്‍ കൂടി സാക്ഷാത്കരിക്കാന്‍ അവനു കഴിഞ്ഞതില്‍ ഞാന്‍ സന്തുഷ്ടനാണ്,' സുഹാസിനി മണിരത്‌നവുമായുള്ള ഒരു ചാറ്റിനിടെ മോഹന്‍ലാല്‍ പറഞ്ഞു.
പുതുതലമുറയുടെ ശാപമായ ലഹരിയില്‍ നിന്നൊക്കെ ഈ നടന്‍ പൂര്‍ണ്ണമായി മാറി നടക്കുന്നു. പലരും തെറ്റായി ധരിച്ചിരിക്കുന്നതുപോലെ പിതാവിന്റെ പണംകൊണ്ട് ടൂറടിക്കുന്നയാളല്ല പ്രണവ്. ലാലേട്ടനെ ഓസിയല്ല അയാളുടെ ജീവിതം. ഒന്നുമല്ലാത്ത കാലത്തുപോലും പ്രണവ് അങ്ങേയറ്റം അത്യാവശ്യത്തിന് മാത്രമാണ് വീട്ടില്‍നിന്ന് പണം ചോദിക്കാറുണ്ടായിരുന്നത്. തന്റെ അസിസ്റ്റന്റ് ഡയറക്ടറായി ജോലിനോക്കുമ്പോഴുള്ള ഒരു അനുഭവം ജീത്തു പറയുന്നുണ്ട്. ഒരു ദിവസം പ്രണവ് തന്റെ ബോസായ ജിത്തുവിനോട് ജോലി ചെയ്ത വകയില്‍ കിട്ടാനുളള കുറച്ച് പൈസ അത്യാവശ്യമായി ചോദിച്ചു. മോഹന്‍ലാലിന്റെ മകനും സാമ്പത്തിക പ്രശ്നമോ എന്ന് എല്ലാവരും അത്ഭുതം കൂറിയപ്പോഴാണ് അവരും ആ സത്യമറിഞ്ഞത്. പ്രണവ് പണത്തിനായി രക്ഷിതാക്കളെ ആശ്രയിക്കാറില്ല!
ഒരിക്കല്‍ ആരോ പ്രണവിനോട് ചോദിച്ചു, 'മോഹന്‍ലാലിന്റെ മകനായതില്‍ നിങ്ങള്‍ക്ക് എങ്ങനെ തോന്നുന്നു?' പ്രണവ് പറഞ്ഞു-' അദ്ദേഹം എന്റെ അച്ഛനാണ്. മോഹന്‍ലാലിന്റെ മകനായതിനാല്‍ എന്തിനാണ് അഭിമാനിക്കേണ്ടത്''- ഇതാണ് പ്രണവ്.
വാല്‍ക്കഷ്ണം: പലപ്പോഴും ഗോസിപ്പുകളില്‍ നിറഞ്ഞുനില്‍ക്കുന്നതാണ് പ്രണവിന്റെ വിവാഹവും. നേരത്തെ കല്യാണി പ്രിയദര്‍ശനുമായി പ്രണയത്തിലായിരുന്നു എന്നുവരെ വാര്‍ത്തകള്‍ വന്നിരുന്നു. അങ്ങനെയാണെങ്കില്‍ നന്നായിരുന്നുവെന്ന് പ്രിയദര്‍ശനും ഒരുവേള പറഞ്ഞിരുന്നു. പക്ഷേ തങ്ങള്‍ നല്ല സുഹൃത്തുക്കളാണെന്ന് പറഞ്ഞ് കല്യാണി തന്നെ അത് നിഷേധിച്ചു. അവന്‍ 'വേറെ ലെവല്‍' ആണെന്നായിരുന്നു കല്യാണിയുടെ പ്രതികരണം.
