9ാം വയസ്സുമുതല്‍ റിക്രൂട്ട്മെന്റ്; ഇന്ത്യയില്‍ പള്ളികള്‍ അനുവദിക്കില്ലെന്നു വരെ പറഞ്ഞ് ബ്രെയിന്‍ വാഷിങ്; ചാവേറായാല്‍ കുടുംബത്തിന് സമ്മാനം; ഇപ്പോള്‍ ഇന്ത്യന്‍ ആര്‍മിയിലെ വനിതകള്‍ക്ക് ബദലുണ്ടാക്കുന്നു; സ്ത്രീകള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസും, സ്വര്‍ഗ പ്രലോഭനവും; ജെയ്ഷേ പെണ്‍ ഭീകരരെ ഒരുക്കുമ്പോള്‍!
9ാം വയസ്സുമുതല്‍ റിക്രൂട്ട്മെന്റ്; ഇന്ത്യയില്‍ പള്ളികള്‍ അനുവദിക്കില്ലെന്നു വരെ പറഞ്ഞ് ബ്രെയിന്‍ വാഷിങ്
അമിതമായ വണ്ണവും, പ്രമേഹം മൂലമുള്ള കാഴ്ചക്കുറവും, ഒരുകാലിന്റെ സ്വാധീനക്കുറവുമെല്ലാം മൂലം ദുരിത ജീവിതത്തിലായ ഭീകരന്‍. പാക്കിസ്ഥാന്‍െൈ കയൊഴിഞ്ഞതോടെ അയാള്‍ അഫ്ഗാനില്‍ പണ്ട് ബിന്‍ലാദന്‍ ഒളിച്ചിരുന്ന തോറാബോറ ഗുഹകള്‍ക്ക് അരികില്‍ എവിടെയോ ആണെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് കഴിഞ്ഞ മാസം എഴുതിയത്. അതായിരുന്നു, ഇന്ത്യയുടെ ഏറ്റവും മോസ്റ്റ് വാണ്ടഡ് ക്രിമിനലായ മസൂദ് അസ്ഹറിന്റെ അവസ്ഥ. ജെയ്ഷെ മുഹമ്മദ് എന്ന കാശ്മീരി ഭീകര സംഘടനയുടെ സ്ഥാപകനായ ഈ 58 കാരന്‍ കുറേക്കാലമായി 'ഒളിവിലായിരുന്നു'. പാക്കിസ്ഥാന്‍ ഭീകരവാദത്തിനുള്ള ഫണ്ട് പിന്‍വലിക്കുകയും, ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി ഇന്ത്യ നടത്തിയ ആക്രമണത്തില്‍ ബന്ധുക്കളും സഹായികളും കൊല്ലപ്പെടുകയും ചെയ്തതോടെ, മസൂദ് അസ്ഹറിന്റെയും ജെയ്ഷേയുടെയും വെടി തീര്‍ത്തുവെന്ന് ലോക മാധ്യമങ്ങള്‍ എഴുതി. പക്ഷേ നെവര്‍ അണ്ടര്‍ എസ്റ്റിമേറ്റ് എ ടെററിസ്റ്റ്! ഒരുകാലിന് സ്വാധീനംപോലുമില്ലാത്ത ഈ ഭീകരനും അയാളുടെ വിധ്വംസക സംഘടനയുമായ ജെയ്ഷെ മുഹമ്മദും ഉയര്‍ത്തെഴുനേല്‍ക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
രാഷ്ട്രീയ സാഹചര്യങ്ങള്‍ എത്രപെട്ടന്നാണ് മാറുന്നത്! ഓപ്പറേഷന്‍ സിന്ദൂറിനുശേഷം പാക്കിസ്ഥാനില്‍നിന്ന് രക്ഷപ്പെട്ട മസൂദ് അസ്ഹറിന് അഭയം നല്‍കിയത് അഫ്ഗാന്‍ താലിബാനായിരുന്നു. പക്ഷേ അതിനുശേഷം പാക്കിസ്ഥാനും അഫ്ഗാനും തമ്മിലുള്ള ബന്ധം തീര്‍ത്തും വഷളായി. പാക് സൈന്യം അഫ്ഗാനില്‍ കയറി ആക്രമിക്കുകയും അഫ്ഗാന്‍ തിരിച്ചടിക്കുകയും അങ്ങനെ ഇരുവിഭാഗത്തും നിരവധിപേര്‍, കൊല്ലപ്പെടുകയും ചെയ്തു. അതോടൊപ്പം അസീം മുനീര്‍ എന്ന തീവ്രവാദ സ്വഭാവുമുള്ള പട്ടാള മേധാവി പാക്കിസ്ഥാനില്‍ പുതിയ അധികാര കേന്ദ്രമായി. അതോടെ വീണ്ടും മസുദ് അസ്ഹര്‍ ജന്‍മനാട്ടില്‍ തിരിച്ചെത്തി. എന്നിട്ട് പുര്‍വാധികം ശക്തിയില്‍ അയാള്‍ പഴയ പണി തുടര്‍ന്നു.
മസൂദ് അസ്ഹര്‍, ജമാഅത്ത് ഉല്‍ മൊഅ്മിനാത്ത് എന്ന പേരില്‍ പുതിയ വനിതാ വിഭാഗം പ്രഖ്യാപിച്ചിരിക്കയാണ്. പുരുഷന്മാര്‍ക്ക് സമാനമായ പരിശീലനം നല്‍കി സ്ത്രീകളെ ഭീകരപ്രവര്‍ത്തനങ്ങളിലേക്ക് റിക്രൂട്ട് ചെയ്യാനാണ് പദ്ധതി. ഇന്ത്യയ്ക്കെതിരായ തങ്ങളുടെ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് സ്ത്രീകളെയും ഭീകരാക്രമണങ്ങള്‍ക്കായി ഉപയോഗിക്കാനുള്ള നീക്കം ജെഇഎം ആരംഭിച്ചത്. ഓപ്പറേഷന്‍ സിന്ദൂരില്‍ കനത്ത നഷ്ടം സംഭവിച്ചതിനെത്തുടര്‍ന്ന് തങ്ങളുടെ അംഗബലം വര്‍ദ്ധിപ്പിക്കുന്നതിനായാണ് പതിയ സംവിധാനം.
ഭീകരതയെ ചെറുക്കുന്നതായി പാകിസ്ഥാന്‍ ആഗോള വേദികളില്‍ അവകാശപ്പെടുമ്പോഴും അവിടെ ഭീകരസംഘടനകള്‍ തഴച്ചുവളരുന്നു എന്നതിന്റെ സൂചനയാണ് ജയ്ഷിന്റെ ഈ പുതിയ നീക്കം. ഇന്ത്യ പേടിക്കേണ്ട ഒരുപാട് കാര്യങ്ങള്‍ ഇതോടൊപ്പമുണ്ട്. ഒന്ന് ഇന്ത്യന്‍ സൈന്യത്തിലെ വനിതകളെയാണ് ഇവര്‍ ലക്ഷ്യമിടുന്നത്. രണ്ട് പാക്കിസ്ഥാനില്‍ മാത്രമല്ല ബംഗ്ലാദേശിയും ജെയ്ഷേക്ക് വേരുകളുണ്ട്. അപ്പോഴും ഒരു ചോദ്യം ബാക്കിയാണ്. എന്താണ് ജയ്ഷേയുടെ സാമ്പത്തിക സ്ത്രോതസ്? എന്തുകൊണ്ടാണ് ഈ ഭീകരരെ നമുക്ക് തുടച്ചുനീക്കാന്‍ കഴിയാത്തത്?
അവര്‍ മുഹമ്മദിന്റെ സേന
ജെയ്ഷ് ഇ മുഹമ്മദ് എന്ന ഉര്‍ദുവാക്കിന്റെ അര്‍ത്ഥം 'മുഹമ്മദിന്റെ സേന' എന്നാണ്. കാശ്മീരിനെ ഇന്ത്യയില്‍ നിന്ന് വേര്‍പെടുത്തുക എന്ന ലക്ഷ്യംവെച്ച് തുടങ്ങിയ ഈ സംഘടന നിരവധി ഭീകരാക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്. 2002 മുതല്‍ ഇതിനെ പാക്കിസ്ഥാന്‍ നിരോധിച്ചിട്ടുണ്ട് എന്ന് പറയുന്നെങ്കിലും അവിടെ അവര്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കയാണ്. ആസ്ത്രേലിയ, കാനഡ, ഇന്ത്യ, യുനൈറ്റെഡ് അറബ് എമിരേറ്റ്സ്, ബ്രിട്ടന്‍, അമേരിക്ക, ഐക്യരാഷ്ട്രസഭ എന്നിവ ജെയ്ഷേയെ ഭീകരസംഘടനയായി പ്രഖ്യാപിച്ചിട്ടുണ്ട്.
ഹര്‍ക്കത് ഉള്‍ മുജാഹിദ്ദീനുമായി ബന്ധമുള്ള പല ഭീകരെയും ഉള്‍പ്പെടുത്തി പാക്കിസ്ഥാന്റെ ഇന്റര്‍ സര്‍വീസ് ഇന്റലിജന്‍സാണ് ജെയ്ഷ് ഇ മുഹമ്മദിനെ ണ്ടാക്കിയത് എന്ന് കരുതപ്പെടുന്നു. 1999 -ല്‍ ഈ തീവ്രവാദികള്‍ കാഠ്മണ്ഡുവില്‍ നിന്ന് ഡല്‍ഹിയിലേകകുള്ള ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം തട്ടിക്കൊണ്ടുപോവുകയും, താലിബാന്‍ നിയന്ത്രണത്തിലുള്ള കാണ്ഡഹാറില്‍ ഇറക്കുകയും ചെയ്തു. അവിടെ അവര്‍ക്കുവേണ്ടുന്ന സംരക്ഷണം പാക്കിസ്ഥാന്റെ ഉദ്യോഗസ്ഥരും താലിബാനും നല്‍കുകയുണ്ടായി. ഒരു യാത്രികന്റെ കഴുത്ത് അറുത്തതിനെത്തുടര്‍ന്ന് ഇന്ത്യന്‍ ഗവണ്മെന്റ് ഭീകരരുടെ ആവശ്യങ്ങള്‍ അംഗീകരിച്ച് ഭീകരരായ മസൂദ് അസ്ഹറിനെയും ഒമര്‍ സൈദിനെയും അഹമ്മെദ് സര്‍ഗറിനെയും മോചിപ്പിക്കുകയും ചെയ്തു. മോചിതരായ ഭീകരര്‍ പാക് ചാര സംഘടനയായ ഐസ്ഐയുടെ സഹായത്തോടെ പാക്കിസ്ഥാനിലേക്ക് കടന്നു. പുറത്തിറങ്ങിയ അസ്ഹര്‍ പുതുതായി ഉണ്ടാക്കിയ ജെയ്ഷ് ഇ മുഹമ്മദ് എന്ന സംഘടനുണ്ടാക്കി. അക്കാലത്ത് അയാള്‍ക്ക് പാക്കിസ്ഥാനിലെങ്ങും പരസ്യസ്വീകരണവും കിട്ടിയിരുന്നു.
ഇന്ത്യയില്‍ നിന്ന് വിട്ടയയ്ക്കപ്പെട്ടതിന് പിന്നാലെയാണ് മസൂദ് അസ്ഹര്‍ ജെയ്‌ഷെ മുഹമ്മദ് രൂപീകരിക്കുന്നത്. അല്‍ഖായിദയില്‍നിന്നും, ഇന്ത്യയിലെ ഡി കമ്പനിയില്‍നിന്നും ഖത്തറില്‍നിന്നും വരെ മസൂദിനുവേണ്ടി പണം ഒഴുകി. അങ്ങനെ ആ ഭീകരന്‍ ശതകോടീശ്വരുമായി. കുപ്രസിദ്ധമായ ഹഖാനി നെറ്റ്വര്‍ക്ക് വഴിയും പണം വന്നു. 9/11 ഭീകരാക്രമണത്തിലൂടെ അല്‍ ഖായിദ യുഎസിനെ ഞെട്ടിച്ച 2001-ല്‍ തന്നെയാണു ജയ്ഷെ ഭീകരര്‍ ഇന്ത്യയില്‍ രണ്ടു വന്‍ ആക്രമണങ്ങള്‍ നടത്തിയത്. ആദ്യത്തേത് 9/11 ആക്രമണത്തിനു മൂന്നാഴ്ചയ്ക്കു ശേഷം 2001 ഒക്ടോബര്‍ ഒന്നിനു ശ്രീനഗറിലെ പഴയ സെക്രട്ടേറിയറ്റ് മന്ദിരത്തിലായിരുന്നു. ഈ ചാവേര്‍ സ്ഫോടനത്തില്‍ 38 പേര്‍ മരിച്ചു. തുടര്‍ന്ന് രണ്ടുമാസത്തിനുശേഷമാണ് ഇന്ത്യ തലകുനിച്ചുപോയ പാര്‍ലിമെന്റ് ആക്രമണം ഉണ്ടായത്. ജയ്‌ഷെ മുഹമ്മദ് രൂപീകരിച്ചതിന് ശേഷം അവര്‍ നടത്തിയ ആദ്യത്തെ ഏറ്റവും വലിയ ഭീകരാക്രമണമായിരുന്നു 2001-ലെ ഇന്ത്യന്‍ പാര്‍ലമെന്റ് ആക്രമണം.
2001-ലെ പാര്‍ലമെന്റ് ആക്രമണത്തിന് പിന്നാലെ 2002-ല്‍ ജെയ്ഷെ മുഹമ്മദിനെ പാക്കിസ്ഥാന്‍ ഔദ്യോഗികമായി നിരോധിച്ചിരുന്നു. എന്നാല്‍ ലോകത്തിന്റെ കണ്ണില്‍ പൊടിയിടാനായിരുന്നു ഈ നീക്കം. പാക്കിസ്ഥാനാണ് ജയ്ഷേക്ക് പിന്നിലെന്ന് എല്ലാവര്‍ക്കും അറിയാവുന്ന രഹസ്യമാണ്. പാക്കിസ്ഥാന്റെ മുന്‍ സൈനിക ഭരണാധികാരി ജനറല്‍ പര്‍വേസ് മുഷറഫിനെതിരെ ജെയ്ഷെ മുഹമ്മദില്‍ നിന്നും വേര്‍പിരിഞ്ഞ ഒരു വിഭാഗം നടത്തിയ ആക്രമണത്തെത്തുടര്‍ന്ന് 2003 മുതല്‍ മസൂദിന് പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുന്നതില്‍ നിന്ന് നിയന്ത്രണമുണ്ടായിരുന്നു. പക്ഷേ ഐഎസ്ഐയുടെ മാനസപുത്രനായ അയാള്‍ നിരന്തരം ഇന്ത്യക്കെതിരെ ആക്രമണം നടത്തി.
9-ാം വയസ്സുമുതല്‍ റിക്രൂട്ട്മെന്റ്
ഇറാന്റെ പിന്തുണയോടെ വളരുന്ന ഹൂത്തികളെയും, യമനിലെ ഹിസ്ബുള്ളയെയും പോലെ, ശക്തമായ ഒരു മിലീഷ്യയായിരുന്നു, ജെയ്ഷേയും. ഹമാസിനെപ്പോലെ കുട്ടികളെ ചെറുപ്പത്തിതന്നെ പിടികൂടി ജിഹാദികളാക്കുന്ന രീതിയാണ് അവര്‍ അനുവര്‍ത്തിച്ചത്. പാക്കിസ്ഥാനിലെ ഗ്രാമങ്ങളില്‍പോയി, ദാരിദ്ര്യത്തില്‍ കഴിയുന്ന കുട്ടികളെ പാക് ആര്‍മിയിലേക്ക് എന്ന് പറഞ്ഞ ചതിച്ച് ജെയ്ഷേയിലെത്തിച്ച കഥയും, അവിടെനിന്ന് രക്ഷപ്പെട്ടവര്‍ പറയുന്നുണ്ട്. അധിനിവേശ കാശ്മീരിലെ യാക്കുബ് ഫൈസല്‍ എന്നയാള്‍ ഇതേക്കുറിച്ച് റോയിട്ടേഴ്സിനോട് വെളിപ്പെടുത്തിയുന്നു. 8-ാം ക്ലാസില്‍ പഠിപ്പിക്കുമ്പോള്‍, തന്നെ സൈനിക പരിശീലനത്തിന് കൊണ്ടുപോവാം എന്ന് പറഞ്ഞ് വീട്ടുകാര്‍ക്ക് പണം നല്‍കി തന്നെ ചാവേര്‍ ആക്കുകയാണെന്നാണ് ഇപ്പോള്‍ സ്വീഡനില്‍ അഭയം തേടിയ എക്സ് മുസ്ലീം കൂടിയാണ് യാക്കൂബ് പറയുന്നത്.
ഇങ്ങനെ വീട്ടുകാര്‍ക്ക് പണം നല്‍കി വാങ്ങുന്ന കുട്ടികളില്‍, മതപഠനത്തിന് ഒപ്പം,കടുത്ത ഇന്ത്യാവിരുദ്ധതയും ജയ്ഷേ ക്ലാസുകളിലൂടെ അടിച്ചേല്‍പ്പിക്കുമെന്നാണ് പറയുന്നത്. മുംബൈ ഭീകരക്രമണത്തില്‍ പിടിയിലായ അജ്മല്‍ കസബ് പോലും ഈ രീതിയില്‍ റിക്രൂട്ട് ചെയ്യപ്പെട്ടയാളാണ്. ഇന്ത്യയില്‍ ഒറ്റ മുസ്ലീം പള്ളികള്‍പോലും പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല എന്നാണ് തന്നെ പഠിപ്പിച്ചത് എന്ന് കസബ് മൊഴി നല്‍കിയിരുന്നു. ഇന്ത്യന്‍ പട്ടാളം കാശ്മീരി പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത് കൊല്ലുന്നുവെന്നൊക്കെയുള്ള വ്യാജ കഥകള്‍ പ്രചരിപ്പിച്ച് കുട്ടികളെ മസ്തിഷ്‌ക്ക പ്രക്ഷാളനം ചെയ്യുകയാണ് അവരുടെ രീതി. ഇങ്ങനെ റിക്രുട്ട് ചെയ്യുന്ന കുട്ടിപ്പട്ടാളത്തെ അധിനിവേശ കാശ്മീരില്‍നിന്ന് കാശ്മീരിലേക്ക് കൂട്ടമായ നുഴഞ്ഞുകയറ്റാനുള്ള ട്രയിനിങ്ങും നല്‍കും. അങ്ങനെ നുഴഞ്ഞുകയറന്നുവരില്‍ കുറേപ്പര്‍ കാശ്മീരിലെത്തും. കുറേപ്പര്‍ കൊല്ലപ്പെടും. കൊല്ലപ്പെടുന്നവരുടെ ബന്ധുക്കള്‍ക്ക് ജെയ്ഷെയുടെ വക ധനസഹായവും ഉണ്ടായിരുന്നു. ഇനി ഇത് ഒരു ജിഹാദായി അവതരിപ്പിക്കപ്പെടുന്നതുകൊണ്ട്, മരിച്ചവര്‍ക്ക് സ്വര്‍ഗവും ഹൂറികളും അതും ഉറപ്പാണെന്ന് ജെയ്ഷേ പഠിപ്പിക്കുന്നു!
അങ്ങനെ മറ്റ് എല്ലാ ഭീകര സംഘടനകളെയും പിന്നോട്ട് മാറ്റി ജെയ്ഷേ ഒരു അതിഭീകര സംഘടനയായി. 2016 ജനുവരിയില്‍ പഠാന്‍കോട്ട് വ്യോമസേനാ താവളത്തില്‍ എകെ 47, ഗ്രനേഡ്, ഐഇഡികള്‍ എന്നിവ ഉപയോഗിച്ച് ഭീകരരുടെ ആക്രമണം, 2016 സെപ്റ്റംബര്‍ 18ന് ജമ്മു കശ്മീരിലെ ഉറി കരസേനാ ക്യാംപ് ആക്രമണം, 2016 നവംബര്‍ 29ന് ജമ്മു നഗ്രോത കരസേനാ ക്യാമ്പില്‍ നടന്ന ആക്രമണം, 2019 ഫെബ്രുവരിയില്‍ പുല്‍വാമയില്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തിനുനേരെ നടന്ന ചാവേര്‍ സ്ഫോടനം....ജെയ്ഷേ ഭീകരാക്രമണങ്ങളുടെ ലിസ്റ്റ് നീണ്ടതാണ്.
പക്ഷേ 2014-ല്‍ നരേന്ദ്രമോദി അധികാരത്തില്‍ വരികയും, അജിത് ഡോവല്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ആവുകയും ചെയ്തതോടെ കളിമാറി. മോദി- അമിതാ ഷാ- ഡോവല്‍ സഖ്യം ഭീകരതയുടെ വേര് അറക്കുന്ന ശക്തമായ നീക്കങ്ങളുമായി മുന്നോട്ടുപോയി. കശ്മീരിന്റെ പ്രത്യേക പദവിയടക്കം എടുത്ത കളഞ്ഞു. താഴ്വര ശാന്തമാവാന്‍ തുടങ്ങി. ഇന്ത്യയൂടെ ശത്രുക്കളായ ഭീകരര്‍ വിദേശ രാജ്യങ്ങളില്‍ വെച്ച് ഒന്നൊന്നായി കൊല്ലപ്പെടാന്‍ തുടങ്ങി. അതോടെ പേടികാരണം മസൂദും മാളത്തില്‍ ഒളിച്ചു. മസൂദുമായി ബന്ധമുള്ള പാക് താലിബാന്‍ പാക്കിസ്ഥാനിലും കൂട്ടക്കൊലകള്‍ നടത്തിയതോടെയാണ് അയാള്‍ അഫ്ഗാനിലേക്ക് മുങ്ങിയത്. പക്ഷേ ഇപ്പോള്‍ ഐഎസ്ഐയുടെയും പാക് പട്ടാളമേധാവി അസീം മുനീറിന്റെയും പിന്തുണയോടെ വീണ്ടും ഇയാള്‍ ജന്‍മനാട്ടിലേക്ക് തിരിച്ചുവന്നിരിക്കയാണ്. അതും വനിതകളെക്കൂടി ജിഹാദികളാക്കാന്‍!
വനിതാ ഭീകരര്‍ക്കും സ്വര്‍ഗം!
ഇപ്പോള്‍ മസൂദ് അസ്ഹര്‍, സംഘടനയുടെ പുതിയ വനിതാ വിഭാഗമായ ജമാഅത്ത് ഉല്‍ മൊഅ്മിനാത്ത് പ്രഖ്യാപിച്ചുതാണ് വാര്‍ത്തകളില്‍നിറഞ്ഞു നില്‍ക്കുന്നത്. ഇന്ത്യന്‍ സൈന്യത്തില്‍ ഇപ്പോള്‍ സ്ത്രീകളെ ഉള്‍പ്പെടുത്തി തുടങ്ങിയിരിക്കയാണ്. കോംബാറ്റ് ചുമതലകളിലേക്കും അവര്‍ എത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ ആര്‍മിയിലെ സ്ത്രീകളെ പ്രതിരോധിക്കുകയാണ് പ്രാഥമിക ലക്ഷ്യമെന്നാണ് മസൂദ് അസ്ഹര്‍ പറയുന്നത്. 'ജെയ്ഷിന്റെ ശത്രുക്കള്‍ ഹിന്ദു വനിതകളെ സൈന്യത്തില്‍ ഉള്‍പ്പെടുത്തുന്നു. വനിതാ മാധ്യമപ്രവര്‍ത്തകരെ നമുക്കെതിരെ അണിനിരത്തുന്നു. അവരോട് പൊരുതാനായാണ് ഈ സംഘം-'മസൂദ് അസ്്ഹര്‍ 21 മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു ഓഡിയോ റെക്കോര്‍ഡിംഗില്‍ അവകാശപ്പെട്ടു.
പാകിസ്ഥാനിലെ ബഹാവല്‍പൂരിലെ മര്‍കസ് ഉസ്മാന്‍-ഒ-അലിയില്‍ നടത്തിയ പ്രസംഗത്തിലാണ് പുതിയ വനിതാ വിഭാഗത്തിന്റെ രൂപരേഖ അസര്‍ വിശദമാക്കിയത്. ജെഇഎമ്മിലെ പുരുഷ റിക്രൂട്ടുകള്‍ക്ക് നല്‍കുന്ന പരിശീലനത്തിന് സമാനമായി വനിതാ അംഗങ്ങള്‍ക്കും പരിശീലനം നല്‍കും. വനിതാ ഭീകരസംഘത്തില്‍ ചേര്‍ന്നാല്‍ മരണശേഷം നേരിട്ട് സ്വര്‍ഗമാണ് മസൂദ് സ്ത്രീകള്‍ക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്. കമാന്‍ഡര്‍മാരുടെ ഭാര്യമാര്‍, സാമ്പത്തികമായി ദുര്‍ബലരായ സ്ത്രീകള്‍, കൊല്ലപ്പെട്ട ഭീകരരുടെ ബന്ധുക്കള്‍ എന്നിവരെയാണ് ആദ്യം റിക്രൂട്ട് ചെയ്യുന്നത്. സംഘടന വിപുലീകരിക്കാനായി പാക്കിസ്ഥാനിലെ എല്ലാ ജില്ലകളിലും റിക്രൂട്ട്‌മെന്റ് ക്യാമ്പുകളും ബ്രാഞ്ചുകളും ആരംഭിക്കും. പുരുഷന്മാര്‍ക്ക് നല്‍കുന്നതുപോലെയുള്ള പരിശീലനം സ്ത്രീകള്‍ക്കും നല്‍കും. മസൂദ് അസ്ഹറിന്റെ കുടുംബാംഗങ്ങളാണ് ഇതിന് നേതൃത്വം നല്‍കുന്നതെന്നാണ് ഇന്ത്യന്‍ ഇന്റലിജന്‍സിന് ലഭിച്ചിരിക്കുന്ന വിവരം. ഓണ്‍ലൈന്‍ ക്ലാസുകളിലൂടെയാണ് ആളുകളെ സംഘടനയിലേക്ക് ആകര്‍ഷിക്കുന്നത്.
പുരുഷന്മാര്‍ക്കുള്ള 'ദൗറ-എ-തര്‍ബിയത്ത്' കോഴ്‌സിന് പകരം, സ്ത്രീകള്‍ക്കായി 'ദൗറ-എ-തസ്‌കിയ' എന്ന ഇന്‍ഡക്ഷന്‍ കോഴ്‌സ് ഉണ്ടായിരിക്കും.ഈ പരിശീലനം മര്‍കസ് ഉസ്മാന്‍-ഒ-അലിയില്‍ നടക്കും. 'ദൗറ-എ-തസ്‌കിയ' പൂര്‍ത്തിയാക്കുന്ന സ്ത്രീകള്‍ 'മരണശേഷം നേരെ സ്വര്‍ഗ്ഗത്തില്‍ പോകും' എന്നും അസ്ഹര്‍ ഉറപ്പുനല്‍കുന്നു. ആദ്യ കോഴ്‌സ് പൂര്‍ത്തിയാക്കുന്ന സ്ത്രീകള്‍ക്ക് 'ദൗറ-ആയത്ത്-ഉല്‍-നിസ' എന്ന രണ്ടാം ഘട്ട പരിശീലനം ലഭിക്കും. ഇവിടെ 'ജിഹാദ്' ചെയ്യാന്‍ ഇസ്ലാമിക ഗ്രന്ഥങ്ങള്‍ സ്ത്രീകളെ എങ്ങനെയാണ് നിര്‍ദ്ദേശിക്കുന്നതെന്ന് പഠിപ്പിക്കുമെന്നും അസ്ഹര്‍ പറയുന്നു.
ദിവസവും 40 മിനിറ്റ് വീതമുള്ള ഓണ്‍ലൈന്‍ ക്ലാസുകളാണ് സ്ത്രീകള്‍ക്കുള്ള ഭീകര രിശീലനം നടത്തുക. ക്ലാസിന്റെ ഫീസായി 500 രൂപ നല്‍കണം. ക്ലാസുകളാണ് നവംബര്‍ 8ന് ആരംഭിക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്. ജെയ്‌ഷെ മുഹമ്മദിന്റെ തലവന്‍ മസൂദ് അസ്ഹറിന്റെ സഹോദരിമാരായ സാദിയ അസ്ഹറും, സമൈറ അസ്ഹറുമാണ് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ വഴി ക്ലാസുകള്‍ നയിക്കുക. സാദിയ അസറാണ് ഈ വനിതാവിങ്ങിന്റെ തലവയും.
പാകിസ്ഥാനിലെ എല്ലാ ജില്ലകളിലും ജമാഅത്ത്-ഉല്‍-മൊഅ്മിനാത്ത് ശാഖകള്‍ സ്ഥാപിക്കുമെന്നും, ഓരോ ശാഖയുടെയും ചുമതല ഒരു 'മുന്‍തസിമ' (മാനേജര്‍)ക്കായിരിക്കുമെന്നും അവര്‍ സ്ത്രീകളെ റിക്രൂട്ട് ചെയ്യുന്നതിന് നേതൃത്വം നല്‍കുമെന്നും അസ്ഹര്‍ പ്രഖ്യാപിച്ചു. കൂടാതെ, ഭര്‍ത്താക്കന്മാരോ അടുത്ത കുടുംബാംഗങ്ങളോ അല്ലാത്ത 'അപരിചിതരായ പുരുഷന്മാരുമായി ഫോണിലൂടെയോ മെസഞ്ചറിലൂടെയോ സംസാരിക്കരുത്' എന്ന കര്‍ശന നിയമവും വനിതാ അംഗങ്ങള്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഓപ്പറേഷന്‍ സിന്ദൂറിന് തിരിച്ചടി നല്‍കണം
പഴയതുപോലെ കരുത്തില്ലെങ്കിലും ജെയ്ഷെയും തലവന്‍ മസുദ് അസ്ഹറും താലോലിക്കുന്ന ഒരു വലിയ സ്വപ്നമുണ്ട്. അതാണ് ഓപ്പറേഷന്‍ സിന്ദുറിന് തിരിച്ചടി നല്‍കു എന്നത്. ഇന്ത്യന്‍ സൈന്യമാണ് ഇപ്പോഴും അവരുടെ ഏറ്റവും വലിയ ശത്രു. പഹല്‍ഗാം ആക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂര്‍ ആണ് അക്ഷരാര്‍ത്ഥത്തില്‍ ജെയ്ഷെയൂടെയും മസൂദിന്റെയും ചിറകരിഞ്ഞത്. പാകിസ്ഥാനിലെ 12-ാമത്തെ വലിയ നഗരമായ ബഹാവല്‍പൂരില്‍ നടന്ന ആക്രമണത്തില്‍ അസ്ഹറിന്റെ സഹോദരി, സഹോദരിയുടെ ഭര്‍ത്താവ്, മരുമകന്‍, മരുമകള്‍, അടുത്ത കുടുംബാംഗങ്ങള്‍ എന്നിവരടക്കം പത്തുബന്ധുക്കളാണ് കൊല്ലപ്പെട്ടത്. പുലര്‍ച്ചെ നടന്ന ആക്രമണത്തില്‍ അസ്ഹറിന്റെ നാല് സഹായികളും കൊല്ലപ്പെട്ടിരുന്നു. ഈ സഹായികളാണ്, പ്രമേഹരോഗിയായ അസ്ഹറിന്റെ ഊന്നുവടികളെന്നും അറിയപ്പെട്ടിരുന്നത്.
ഭാഗ്യത്തിനാണ് മസൂദ് രക്ഷപ്പെട്ടതാണ്. സാധാരണ അവിടേ ഉണ്ടാവേണ്ട അയാള്‍, അന്ന് മറ്റൊരിടത്ത് പോയതുകൊണ്ടാണ് രക്ഷപ്പെട്ടത്. പാക്കിസ്ഥാന്‍ സൈന്യത്തിന്റെ 31 കോര്‍പ്‌സിന്റെ ആസ്ഥാനം കൂടിയായ ബഹാവല്‍പൂരില്‍ സ്ഥിതി ചെയ്യുന്ന തങ്ങളുടെ ആസ്ഥാനം ഇന്ത്യന്‍ സൈന്യം ആക്രമിക്കുമെന്ന് മസൂദ് അസ്ഹറോ, ജെയ്‌ഷെ മുഹമ്മദോ സ്വപ്നത്തില്‍ പോലും സങ്കല്‍പ്പിച്ചിരിക്കില്ല. ബഹാവല്‍പൂരില്‍ ഒരു രഹസ്യ ആണവ കേന്ദ്രം ഉണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. തെക്കന്‍ പഞ്ചാബിലെയും വടക്കന്‍ സിന്ധ് പ്രദേശങ്ങളിലെയും സൈനിക നടപടികള്‍ക്ക് നേതൃത്വം നല്‍കുന്ന കന്റോണ്‍മെന്റിന്റെ സമീപത്ത് ഒരുക്കിയ ആസ്ഥാനം ഇന്ത്യന്‍ സൈന്യം ആക്രമിക്കുമെന്ന് മസൂദ് അസ്ഹര്‍ കരുതിയിരുന്നില്ല. ഇതോടെയാണ് പാക്കിസ്ഥാന്‍ വിടണം എന്ന ആഗ്രഹം മസൂദില്‍ ഉണ്ടാവുന്നത്.
ബന്ധുക്കള്‍, ഓപ്പറേഷന്‍ സിന്ദൂറില്‍ കൊല്ലപ്പെട്ടതോടെ, മസൂദ് ആകെ നടുങ്ങി ചകിതനായി എന്നാണ് ന്യൂയോര്‍ക്ക് ടൈംസ് എഴുതിയത്. 2009-ലാണ് ജെയ്ഷെ മുഹമ്മദ് ബഹാവല്‍പൂരില്‍ ആസ്ഥാനം സ്ഥാപിക്കുന്നത്. 18 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന ഇവിടെ ഒരു പള്ളി, മദ്രസ, ഭീകരപ്രവര്‍ത്തനത്തിനുള്ള കേഡര്‍മാരെ റിക്രൂട്ട് ചെയ്യുകയും പരിശീലിപ്പിക്കുകയും ചെയ്യുന്ന കനത്ത മതില്‍ക്കെട്ടിനകത്തുള്ള കേന്ദ്രം എന്നിവയുണ്ട്. ജാമിയ മസ്ജിദ് സുബ്ഹാന്‍ അല്ലാഹ് എന്നറിയപ്പെടുന്ന ഈ സമുച്ചയം ഉസ്മാന്‍-ഒ-അലി കാമ്പസ് എന്നും അറിയപ്പെടുന്നുണ്ട്. പാകിസ്ഥാന്‍ ആദ്യം ഇവിടം ആക്രമിക്കപ്പെട്ടത് അംഗീകരിച്ചിരുന്നില്ല. എന്നാല്‍ പിന്നീട് ന്യൂയോര്‍ക്ക് ടൈംസ് ഉപഗ്രഹചിത്രങ്ങള്‍ പുറത്തുവിട്ടതോടെ പാക് വാദങ്ങള്‍ പൊളിയുകയായിരുന്നു.മെയ് മാസത്തില്‍ അസറിന്റെ കുടുംബാംഗങ്ങള്‍ക്ക് സര്‍ക്കാര്‍ ചെലവില്‍ സംസ്‌കാര ചടങ്ങുകള്‍ നടത്തിയതായി ദൃക്സാക്ഷികളും വിദേശ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. പൊതുസ്ഥലങ്ങളില്‍ അപൂര്‍വ്വമായി മാത്രം കാണാറുള്ള അസ്ഹര്‍, സംസ്‌കാര ചടങ്ങില്‍ എത്തുകയും ചെയ്തിരുന്നു. അന്നാണ് അസ്ഹറിനെ അവസാനമായി പുറംലോകത്തുവെച്ച് കണ്ടത്. പിന്നെ അയാള്‍ അഫ്ഗാനിലേക്ക് മുങ്ങുകയും ഇപ്പോള്‍ വനിതാ വിങ്ങുമായി വീണ്ടും വന്നിരിക്കയുമാണ്.
2024 നവംബറിലാണ് മസൂദ് അസ്ഹറിന്റെ പ്രസംഗം അവസാനമായി പുറത്തുവന്നത്. 'പുതിയ ഇസ്ലാമിക ലോകക്രമം സൃഷ്ടിക്കുന്നതിനായി ഇന്ത്യയ്ക്കും ഇസ്രയേലിനും എതിരെ ഭീകരാക്രമണങ്ങള്‍ പുനഃരാരംഭിക്കുമെന്നായിരുന്നു പ്രസംഗത്തില്‍ മസൂദ് ആഹ്വാനം ചെയ്തത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ 'ദുര്‍ബലന്‍' എന്ന് വിളിച്ച മസൂദ് അസ്ഹറിന്റെ പ്രസംഗത്തില്‍ കശ്മീര്‍ തിരിച്ചുപിടിക്കാന്‍ സായുധരായ പേരാളികളെ അയയ്ക്കുമെന്നും പറഞ്ഞിരുന്നു. അതിനുശേഷം ഇപ്പോഴാണ് അയാളുടെ ഒരു ഓഡിയോ പുറത്താവുന്നത്.
അസീം- യൂനുസ് അച്ചുതണ്ട് ഭീഷണി
അപ്പോഴും ഒരു പ്രധാന ചോദ്യം ബാക്കിയാണ്. ലോകം മുഴുവന്‍ ഒറ്റക്കെട്ടായി ഭീകരതയെ ചെറുക്കുന്നുവെന്ന് പറയുമ്പോഴും, പാക്കിസ്ഥാന്‍പോലും തള്ളിപ്പറഞ്ഞ ജെയ്ഷെക്ക് ആരാണ് ഫണ്ട് ചെയ്യുന്നത്? ഇവിടെയാണ് പാക്കിസ്ഥാനില്‍, തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി വെറും റബ്ബര്‍ സ്റ്റാമ്പ് ആണെന്നും കാര്യങ്ങള്‍ എല്ലാം നിയന്ത്രിക്കുന്നത് സൈനിക മേധാവിയായ അസീം മുനീറാണെന്ന യാഥാര്‍ത്ഥ്യം വെളിപ്പെടുക. പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫിന് ഇഷ്ടമില്ലെങ്കിലും ഒന്നും ചെയ്യാന്‍ കഴിയില്ല. സിയാ ഉള്‍ഹഖിന്റെ കാലംമുതല്‍, പാക്കിസ്ഥാന് ഭീകരതക്ക് ബജറ്റ് ഉണ്ട് എന്നാണ് പറയുക. അതാണ് പാക് ചാരസംഘടനയായ ഐഎസ്ഐക്കുള്ള ഫണ്ട്. ഇത് ഓഡിറ്റില്‍പോലും വരില്ല. ശതകോടികള്‍ അങ്ങ് പാസാക്കിക്കൊടുക്കയാണ്. ഈ പണമാണ് ജെയ്ഷയിലേക്ക് എത്തിയിരുന്നത്.
പാക്കിസ്ഥാന്‍ സാമ്പത്തികമായി പാപ്പരായതോടെ ഈ പണി നിര്‍ത്തിയതാണ്. പക്ഷേ അസീം മുനീര്‍ വിട്ടില്ല എന്നാണ്, ഇതുസംബന്ധിച്ച് വിശദമായി പഠിച്ച ഹിന്ദുസ്ഥാന്‍ ടൈംസ് അടക്കമുള്ള മാധ്യമങ്ങള്‍ പറയുന്നത്. ജനം പട്ടിണി കിടന്നാലും ഭീകരതക്കുള്ള ഫണ്ട് കുറക്കാന്‍ കഴിയില്ല എന്നാണ് അസീമിന്റെ നിലപാട്. അങ്ങനെയാണ് ജെയ്ഷെ നിലനില്‍ക്കുന്നത്. പിന്നെ പരമ്പരാഗതമായ ഖത്തറില്‍നിന്ന് അടക്കം വരുന്ന തീവ്രവാദ ഫണ്ടിന്റെ ശൃഖല വീണ്ടും പുന:രാരംഭിച്ചുവോ എന്നും പരിശോധിക്കപ്പെടേണ്ടതുണ്ട്.
ഇപ്പോള്‍ ബംഗ്ലാദേശ് വഴിയും ഭീകരത കടന്നുവരുമോ എന്ന ഭീതി ഇന്ത്യക്കുണ്ട്. ബംഗ്ലാദേശില്‍ യുവജന പ്രക്ഷോഭത്തിന്റെ ഭാഗമായി, ഷെയ്ഖ ഹസീന പുറത്താവുകയും, നൊബേല്‍ സമ്മാന ജേതാവായ ഡോ മുഹമ്മദ് യൂനുസിന്റെ നേതൃതത്തില്‍, ഇടക്കാല സര്‍ക്കാര്‍ വരികയും ചെയ്തപ്പോള്‍, നിഷ്പക്ഷമതികളായ ആളുകള്‍ക്കെല്ലാം പ്രതീക്ഷയായിരുന്നു. എന്നാല്‍ യൂനുസ് തീര്‍ത്തും ജമാഅത്തെ ഇസ്ലാമി അടക്കമുള്ള മതമൗലികവാദികളുടെ ചാര്‍ച്ചക്കാരനാവുകയും, ബംഗ്ലാദേശ് സമ്പുര്‍ണ്ണ ഇസ്ലാമികവത്ക്കരണത്തിലേക്ക് നീങ്ങുകയുമാണ് ചെയ്യുന്നത്. ഇന്ത്യ രക്്തം ചിന്തി ഉണ്ടാക്കിയ രാജ്യത്ത് ഇപ്പോള്‍ പാക്കിസ്ഥാനാണ് സ്വാധീനം. യൂനുസും പാക്ക് പട്ടാള മേധാവി അസീം മുനീറും തമ്മിലുള്ള ബന്ധം മുറുകുന്നത് ഇന്ത്യക്ക് ഭീഷണിയാണ്.
ഇന്ത്യാ- ബംഗ്ലാദേശ് ഭൂപടംപോലും ബംഗ്ലാദേശ് ഏകപക്ഷീയമായി തിരുത്തിക്കഴിഞ്ഞു. കഴിഞ്ഞ ദിവസം, പാക്കിസ്ഥാന്‍ ജനറല്‍ ജനറല്‍ സാഹിര്‍ ഷംഷാദ് മിര്‍സയ്ക്ക്, ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാറിന്റെ തലവന്‍ ഡോ മുഹമ്മദ് യൂനുസ് സമ്മാനിച്ചത്്, അസമും, മറ്റുവടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളും ബംഗ്ലാദേശിന്റെ ഭാഗമായി ചിത്രീകരിച്ചിരിക്കുന്ന ഭൂപടമാണ്. പാക് ജനറുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ യുനുസ് തന്നെയാണ് ട്വീറ്റ് ചെയ്തത്. തീവ്ര ഇസ്ലാമിക ഗ്രൂപ്പുകള്‍ ഗ്രേറ്റര്‍ ബംഗ്ലാദേശ് എന്ന് വിശേഷിപ്പിക്കുന്ന സ്ഥലങ്ങളെ കൂട്ടിച്ചേര്‍ത്താണ് യുനുസിന്റെ വിവാദഭൂപടം. അതിനിടെ ബംഗ്ലാദേശില്‍ പ്രവര്‍ത്തിക്കുന്ന പാകിസ്ഥാന്‍ പിന്തുണയുള്ള ഇസ്ലാമിക എന്‍ജിഒകള്‍ ഇന്ത്യന്‍ അതിര്‍ത്തികളില്‍ പ്രവര്‍ത്തനം വ്യാപിക്കാന്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ഭീകര സംഘടനകളുടെ സഹോദര സ്ഥാപനമാണ് ഇത്തരം എന്‍ജിഒകള്‍. ത്രിപുര, മിസോറാം അതിര്‍ത്തി വഴിയുള്ള അനധികൃത നുഴഞ്ഞുകയറ്റമാണ് ഇവര്‍ ലക്ഷ്യമിടുന്നത് എന്ന റിപ്പോര്‍ട്ടുകളുണ്ട്.
വാല്‍ക്കഷ്ണം: ഹമാസ് തൊട്ട് ജെയ്ഷേ മുഹമ്മദ്വരെയുള്ള എല്ലാ ഭീകര സംഘടനകളുടെയും തീവ്രാദ പാറ്റേണ്‍ ഒരേ മോഡലാണ്. ജിഹാദ് എന്ന ആശയവും, സ്വര്‍ഗം കിട്ടുമെന്ന പ്രലോഭനവുമാണ് അതിന്റെ അടിസ്ഥാനം. ഈ വാഗ്ദാനത്തിലാണ് ആളും അര്‍ഥവും സ്വരൂപിക്കുന്നതും.
