എഴുതാനറിയാത്ത വീട്ടമ്മയെ മുഖ്യമന്ത്രിയാക്കിയ പാര്‍ട്ടി; സ്ത്രീ വിഷയത്തില്‍ കുടുംബത്തില്‍ നിന്ന് പുറത്തായ മൂത്ത പുത്രന്‍ സ്വന്തം പാര്‍ട്ടിയുണ്ടാക്കി മത്സര രംഗത്ത്; ലാലുവിന് വൃക്ക ദാനം ചെയ്ത മകളും ഉടക്കില്‍; തേജസ്വി യാദവിനെതിരെ ആര്‍ജെഡിയില്‍ പട; 'ജംഗിള്‍രാജ് ഫാമിലിയില്‍' കുടുംബ കലഹം!
തേജസ്വി യാദവിനെതിരെ ആര്‍ജെഡിയില്‍ പട; 'ജംഗിള്‍രാജ് ഫാമിലിയില്‍' കുടുംബ കലഹം!
'ജംഗിള്‍രാജ് ഫാമിലി'! തമിഴ്നാട്ടില്‍ മന്നാര്‍ഗുഡി മാഫിയ എന്നൊക്കെ ശശികല കുടുംബത്തെ പേരിട്ട് വിളിക്കുന്നതുപോലെ, ബീഹാര്‍ രാഷ്ട്രീയത്തിലെ അതികായനായ ലാലുപ്രസാദ് യാദവിന്റെ കുടുംബത്തിന് രാഷ്ട്രീയ എതിരാളികള്‍ ചാര്‍ത്തിക്കൊടുത്ത വിളിപ്പേരാണിത്. അതില്‍ അല്‍പ്പം കാര്യവുമില്ലാതില്ല. ലാലു പ്രസാദും ഭാര്യ റാബ്രിദേവിയും ഭരിച്ച സമയത്ത് ബീഹാറില്‍നിന്നുള്ള വാര്‍ത്തകള്‍ മുഴവന്‍ കുംഭകോണങ്ങളുടെതായിരുന്നു. കാലിത്തീറ്റയിലും, കോഴിത്തീറ്റയിലും തൊട്ട് കോടികളുടെ അഴിമതികളുടെ കഥകള്‍. ബിജെപിയാണ്, റോബറി ഫാമിലി എന്ന നിലയില്‍ ലാലു കുടുംബത്തിനെതിരെ ആദ്യം പ്രചാരണം അഴിച്ചുവിട്ടത്.
എന്നാല്‍ ലാലു പ്രസാദ് യാദവിന്റെ ഇളയ മകനും മൂന്‍ ക്രിക്കറ്ററുമായ തേജസ്വി യാദവ് രംഗത്തെത്തിയതോടെ കാര്യങ്ങള്‍ മാറിമറഞ്ഞു. നഷ്ടപ്പെട്ടുപോയ ഇമേജ് ആതിവേഗത്തില്‍ ആര്‍ജെഡി തിരിച്ചുപിടിച്ചു. ചടുലമായി സംസാരിക്കാന്‍ കഴിവുള്ള, വികസത്തിന്റെ കാര്യത്തിലൊക്കെ നല്ല കാഴ്ചപ്പാടുകളുള്ള തേജസ്വി വളരെ പെട്ടന്ന് വലിയ ആള്‍ക്കൂട്ടത്തെ സൃഷ്ടിച്ചു. ബീഹാര്‍ ഉപമുഖ്യമന്ത്രിയെന്ന നിലയിലും അയാള്‍ നല്ല പ്രകടനം കാഴ്ചവെച്ചു. ഇപ്പോള്‍ ബീഹാറില്‍ ഒരു നിയമസഭാ തിരിഞ്ഞെടുപ്പ് ആസന്നമായിരിക്കേ, മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയും മറ്റാരുമല്ല. പല പ്രീ പോള്‍ സര്‍വേകളും ബീഹാറില്‍ കടുത്ത മത്സരമാണ് പ്രവചിക്കുന്നത്.
പക്ഷേ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍മാത്രം ബാക്കിയിരിക്കേയാണ്, ലാലുകുടംബത്തിലെ വലിയ ഒരു ഭിന്നത മറനീക്കുന്നത്. ലാലുവിന് വൃക്ക ദാനം ചെയ്തതിലൂടെ ഏറെ പ്രസിദ്ധയായി അദ്ദേഹത്തിന്റെ രണ്ടാമത്തെ മകള്‍ രോഹിണി ആചാര്യ കുടുംബവുമായുള്ള എല്ലാബന്ധവും വിഛേദിച്ചുവെന്നാണ് പറയുന്നത്. ലാലുവിന്റെ രണ്ട് ആണ്‍മക്കളില്‍ മൂത്തയാളും, മൂന്‍ ആരോഗ്യമന്ത്രിയുമായ തേജ്പ്രതാപ് യാദവ് പിതാവുമായി തെറ്റി പുതിയ പാര്‍ട്ടി രുപീകരിച്ച് മത്സരിക്കയാണ്. ഇപ്പോള്‍ രോഹിണിയും തെറ്റിയതോടെ ലാലു കുടുംബത്തിലെ അന്തര്‍ചിദ്രങ്ങള്‍ പരസ്യമായിരിക്കയാണ്. ഇത് ആര്‍ജെഡിയുടെ സാധ്യതകളെ ബാധിക്കുമെന്നാണ് ആശങ്ക ഉയരുന്നു. ഏഴ് പെണ്‍മക്കളം, രണ്ട് ആണ്‍മക്കളും, മുന്‍ മുഖ്യമന്ത്രിയായ അമ്മയുമുള്ള ഒരു വലിയ രാഷ്ട്രീയ കുടുംബത്തിലെ വഴക്ക് മാധ്യമങ്ങള്‍ളിലും വാര്‍ത്തയാവുകയാണ്. ലാലു- റാബ്രി ദമ്പതികളുടെ വംശവൃക്ഷ കഥയും കൗതുകകരമാണ്.
ദരിദ്രനായ ലാലുവിന് സമ്പന്ന വധു!
ലാലു- റാബ്രി വിവാഹം ഇന്നത്തെ സാഹചര്യത്തിലാണെങ്കില്‍ ഒരിക്കലും നടക്കാനിടയില്ല. രാഷ്ട്രീയക്കാരനായി ലാലു പേരെടുക്കുന്നതിന് മുമ്പായിരുന്നു ഈ വിവാഹം. അന്ന് ആ ചെറുപ്പക്കാരന്‍ ഒന്നുമായിരുന്നില്ല. സമ്പന്ന കുടുംബത്തില്‍ ജനിച്ച റാബ്രിയുടെ വരനായി സ്വന്തമായി വീട് പോലും ഇല്ലാതിരുന്ന ദരിദ്ര കുടുംബത്തില്‍ ജനിച്ച ലാലു പ്രസാദ് യാദവ് വന്നത് തന്റെ ബന്ധുക്കളെ അസ്വസ്ഥമാക്കിയെന്ന് റാബ്രി ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്.
കോണ്‍ട്രാക്ടറായിരുന്ന ശിവപ്രസാദ് ചൗധരിയുടെ ഏഴ് മക്കളില്‍ മൂന്നാമത്തെ ആളായിരുന്നു റാബ്രി ദേവി. റാബ്രി താമസിച്ചിരുന്ന ഗോപാല്‍ഗഞ്ച് ഗ്രാമത്തിലെ സെലാര്‍കാല ഗ്രാമത്തില്‍ നിന്ന് സ്‌കൂളിലേയ്ക്ക് ഏറെ ദൂരമുണ്ടായിരുന്നതിനാല്‍ അഞ്ചാം ക്ലാസിന് ശേഷം അവര്‍ക്ക് പഠനം ഉപേക്ഷിക്കേണ്ടി വന്നിരുന്നു. പിന്നീട് ഗ്രാമമുഖ്യന്‍ മുഖേനയാണ് 14കാരിയായ റാബ്‌റിക്ക് ലാലു പ്രസാദ് യാദവിന്റെ വിവാഹാലോചന വരുന്നത്. പട്‌നയില്‍ വിദ്യാര്‍ത്ഥിയായിരുന്നു ലാലുവിന്റെ കുടുംബത്തിന്റെ സാമ്പത്തിക പശ്ചാത്തലം മോശമായിരുന്നു. സ്വന്തമായി വീടുപോലും ഇല്ലാത്ത ചെറുപ്പക്കാരന് റാബ്‌റിയെ വിവാഹം കഴിച്ച് കൊടുക്കണമോ എന്ന ആശങ്ക അമ്മാവനുണ്ടായിരുന്നു. എന്നാല്‍ ലാലുവുമായുള്ള റാബ്‌റിയുടെ വിവാഹം ശിവപ്രസാദ് ചൗധരി ഉറപ്പിച്ചു. അങ്ങനെയാണ് 1973-ലെ ബസന്ത് പഞ്ചമി ദിനത്തില്‍ ലാലു യാദവിനെ റാബ്‌റി വിവാഹം കഴിക്കുന്നത്. ചൗധരി ലാലുവിന് വിവാഹ സമ്മാനമായി 5 ഏക്കര്‍ ഭൂമിയും അഞ്ച് പശുക്കളെയുമാണ് നല്‍കിയത്.
ഇരുവരുടെയും വിവാഹത്തെക്കുറിച്ച് എന്ന് മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ സന്തോഷ് സിംഗ് എഴുതിയത് ഇങ്ങനെയാണ്. 'ശിവപ്രസാദ് ചൗധരിക്ക് വേണമെങ്കില്‍ റാബ്രിയെ ഒരു സമ്പന്ന കുടുംബത്തിലേക്ക് വിവാഹം കഴിപ്പിക്കാമായിരുന്നു, പക്ഷേ ലാലുവിന്റെ ബുദ്ധിശക്തി, ശരീരഘടന, വിദ്യാഭ്യാസം എന്നിവയില്‍ അദ്ദേഹം ആകൃഷ്ടനായി'. അപ്പോഴേയ്ക്കും രാഷ്ട്രീയ ഇടനാഴികളില്‍ ലാലു പ്രസാദ് യാദവിന്റെ പേര് ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.
ആ ദാമ്പത്ത്യത്തില്‍ ഏഴ് പെണ്‍മക്കളും രണ്ട് ആണ്‍മക്കളുമുണ്ടായി. മിസാ ഭാര്‍തിയാണ് മൂത്തമകള്‍. ലാലു അടിയന്തരാവസ്ഥക്കാലത്ത് മിസ തടവുകാരനായി കഴിയുന്ന കാലത്തുണ്ടായ പെണ്‍കുട്ടിക്ക് മിസ എന്ന പേരിട്ടത് ഒരു രാഷ്ട്രീയ തീരുമാനം കൂടിയായിരുന്നു. എം.ബി.ബി.എസ് പാസായി ഡോക്ടറായ മിസ ഡല്‍ഹി എയിംസിലാണ് ജോലിചെയ്യുന്നത്. പിതാവിന്റെ പാത പിന്തുടര്‍ന്ന് അവര്‍ രാഷ്ട്രീയത്തിലുമുണ്ട്. നിലവില്‍ രാജ്യസഭാ അംഗമാണ്. ഇപ്പോള്‍ ലാലുവുമായി തെറ്റിപ്പോയ രോഹിണി ആചാര്യയാണ് രണ്ടാമത്തെ മകള്‍. മൂന്നമാമത്തെ മകളായ ഹേമയാദവ് ഒരു ലോ പ്രൊഫൈല്‍ സൂക്ഷിക്കുന്ന അന്തര്‍ മുഖിയാണ്. നാലാമത്തെ മകള്‍ രാഗിണി യാദവ് 2002-ല്‍ ഒരു ഐഎഎസ് ഓഫീസറുമായി വിവാഹിതയായി കുടുംബിനിയായി കഴിയുന്നു. അഞ്ചാമത്തെ മകള്‍ ചാന്ദിനിയും, ആറാമത്തെ മകള്‍ മേറയും പൊതുരംഗത്ത് തീരെയില്ല. ഏഴാമത്തെ മകളും ലാലുവിന്റെ ഓമനപുത്രിയുമായ ധന്യയും രാഷ്ട്രീയത്തിലില്ല.
ഇങ്ങനെ തുടര്‍ച്ചയായ ഏഴ് പെണ്‍മക്കള്‍ക്ക് ശേഷമാണ് ലാലു- റാബ്രി ദേവി ദമ്പതികള്‍ക്ക ഒരു ആണ്‍കുഞ്ഞ് ജനിക്കുന്നത്്. അവനാണ് പിന്നീട് മുടിനായ പുത്രനായി കുടുംബത്തില്‍നിന്ന് പുറത്താക്കപ്പെട്ട തേജ്പ്രതാപ് യാദവ്. ഏറ്റവും ഇളയമകനാണ് തേജസ്വിയാദവ്. ഇപ്പോള്‍ ലാലിന്റെ പിന്‍ഗാമിയെന്ന സ്ഥാനപ്പേര് വന്നിരക്കുന്നതും ഏറ്റവും ഇളയ മകന് തന്നെയാണ്.
എഴുതാന്‍ അറിയാത്ത വീട്ടമ്മ മുഖ്യമന്ത്രി!
ലോകത്തിലെ ഒരു രാഷ്ട്രീയ കുടുംബത്തിലും ഉണ്ടായിട്ടില്ലാത്ത അത്ര നാടകീയതാണ് ലാലു ഫാമലിയില്‍ നടന്നത്. അതില്‍ എറ്റവും വലിയ സംഭവമായിരുന്നു കാലിത്തീറ്റ കുംഭകോണത്തെ തുടര്‍ന്ന് ലാലു ജയിലില്‍ ആയപ്പോള്‍ ഭാര്യ റാബ്രി ദേവി മുഖ്യമന്ത്രിയായത്. അവര്‍ക്ക് അന്ന് തപ്പിത്തടഞ്ഞ് വായിക്കാനും കഷ്ടിച്ച് കുത്തിക്കുറിക്കാനും മാത്രമാണ് കഴിയുമായിരുന്നത്. എഴുത്തും വായനയും പോലും പൂര്‍ണ്ണമായി കഴിയാത്ത ഒരാള്‍ ഒരു വലിയ സംസ്ഥാനം ഭരിക്കുക എന്നുവെച്ചാല്‍!
മറ്റാരെയെങ്കിലും മുഖ്യമന്ത്രിപദം ഏല്‍പ്പിച്ചാല്‍ പാര്‍ട്ടിയിലെ നിയന്ത്രണം നഷ്ടമാകുമെന്ന ലാലു പ്രസാദ് യാദവിന്റെ ഭയമായിരുന്നു യഥാര്‍ത്ഥത്തില്‍ റാബ്രിയെ മുഖ്യമന്ത്രി പദവിയിലേയ്ക്ക് എത്തിച്ചത്. ( തമിഴ്നാട്ടില്‍ ജയലളിതക്ക് ഒഴിയേണ്ടിവന്നപ്പോള്‍ ആരും അറിയാത്ത പനീര്‍ ശെല്‍വം മുഖ്യമന്ത്രിയായതുപോലെ) ലാലുവിന്റെ സുഹൃത്തായ കോണ്‍ഗ്രസ് നേതാവ് രാധാനന്ദന്‍ ഝായാണ് റാബ്രിലെ മുഖ്യമന്ത്രിയാക്കാന്‍ നിര്‍ദേശിച്ചത്. അന്നത്തെ കോണ്‍ഗ്രസ് പ്രസിഡന്റ് ഈ നീക്കത്തിന് പിന്തുണ നല്‍കി. 1997 ജൂലൈ 24 വൈകുന്നേരം ലാലുവിന്റെ ഔദ്യോഗിക വസതിയ്ക്ക് സമീപം കേന്ദ്ര സേനയും നിലയുറപ്പിച്ചു. അറസ്റ്റ് ആസന്നമാണെന്ന ഘട്ടത്തിലാണ് ലാലു ഭാര്യയോട് കാര്യം പറയുന്നത്. അമ്പരുന്നപോയ ആ വീട്ടമ്മ പൊട്ടിക്കരഞ്ഞുപോയി എന്നാണ് ലാലു ആത്മകഥയില്‍ പറയുന്നത്. മണിക്കൂറുകള്‍ നീണ്ടുനിന്ന സമ്മര്‍ദത്തിന് ഒടുവിലാണ് റാബ്രി സമ്മതം മുളിയത്.
പിറ്റേന്ന്, 1997 ജൂലായ് 25ന് ലാലു പ്രസാദ് യാദവ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു. റാബ്രി മുഖ്യമന്ത്രിയായി. സത്യപ്രതിജ്ഞ സമയത്ത് തന്നെ റാബ്രിക്ക് സത്യവാചകം വായിക്കുന്നതില്‍ തെറ്റ് സംഭവിച്ചിരുന്നു. സത്യാപ്രതിജ്ഞാ ചടങ്ങിന്റെ പേരിലും പിന്നീട് അധികാരമേറ്റ ആദ്യ ദിനങ്ങളിലും അവര്‍ പരിഹാസ പാത്രമായി. അവര്‍ക്ക് വായിക്കാനും എഴുതാനും ബുദ്ധിമുട്ടുണ്ടായിരുന്നുവെന്ന് ഒപ്പം പ്രവര്‍ത്തിച്ചിരുന്നവര്‍ സമ്മതിക്കുന്നുണ്ട്. ഫയലുകളില്‍ മുഖ്യമന്ത്രി ഒന്നും എഴുതിയിരുന്നില്ല. അതെല്ലാം ഉദ്യോഗസ്ഥര്‍ എഴുതിച്ചേര്‍ക്കയായിരുന്നു! പക്ഷേ പിന്നീട് കണ്ടത് റാബ്രി ഒരു കരുത്തയായ ഭരണാധികാരിയായി ഉയരുന്ന കാഴ്ചയാണ്. നാളിതുവരെ ഒരു പൊതുയോഗത്തില്‍ പോലും പങ്കെടുത്തിട്ടില്ലാത്ത ആ വീട്ടമ്മ നിയമസഭയില്‍ ഒരുളക്ക് ഉപ്പേരിപോലെ മറുപടി പറഞ്ഞു. വലിയ റാലികളില്‍ സംസാരിച്ചു.
1997 ജൂലൈ 28ന് ബിഹാര്‍ നിയമസഭയില്‍ അവതരിപ്പിച്ച വിശ്വാസ പ്രമേയ ചര്‍ച്ചയ്ക്കിടെ പ്രമേയം അവതരിപ്പിക്കുമ്പോള്‍ വായനയില്‍ തടസ്സം നേരിട്ടതിന്റെ പേരില്‍ സുശീല്‍ കുമാര്‍ മോദി അടക്കമുള്ള പ്രതിപക്ഷ നേതാക്കള്‍ റാബ്രി ദേവിയെ പരിഹസിച്ചിരുന്നു. സുശീല്‍ കുമാറിന്റെ പരിഹാസത്തിന് പുഞ്ചിരിച്ച് കൊണ്ടായിരുന്നു അവരുടെ പ്രതികരണം. 'ഞാന്‍ നിങ്ങളെ എപ്പോഴും എന്റെ ജ്യേഷ്ഠനായി കണക്കാക്കുന്നു' എന്നായിരുന്നു റാബ്രി പറഞ്ഞത്. 'ദയവായി ആ കുറ്റവാളിയെ മുഖ്യമന്ത്രിയുടെ വസതിയില്‍ നിന്ന് കൊണ്ടുപോകൂ'. എന്നായിരുന്നു ഇതിനോടുള്ള സുശീല്‍ കുമാറിന്റെ പ്രതികരണം. 'ഞാന്‍ അയാളെ നിങ്ങളുടെ വീട്ടിലേക്ക് അയക്കും.' എന്നായിരുന്നു റാബ്രിയുടെ മറുപടി. ഈ പ്രതികരണത്തില്‍ ലാലവും അത്ഭുതപ്പെട്ടുപോയി.
പക്ഷേ റാബ്രിയുടെ ഭരണം ലാലുവിന്റെ ജംഗിള്‍രാജ് എന്ന് വിളിക്കുന്ന അഴിമതിയും ആക്രമവും നിറഞ്ഞ ഭരണത്തിന്റെ തുടര്‍ച്ചമാത്രമായിരുന്നു. കൂട്ടക്കൊലകളും കുറ്റകൃത്യങ്ങളും അഴിമതിയും നിത്യവും വാര്‍ത്തയായ കാലം. റാബ്രിയുടെ സഹോദരന്മാരായ സാധു യാദവും, സുഭാഷ് യാദവുമായിരുന്നു, മന്നാര്‍ഗുഡി മാഫിയയെപ്പോലെ കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്നത്. റാബ്രി അധികാരമേറ്റതിന് പിന്നാലെ ബിഹാറില്‍ നടക്കുന്നത് ജംഗിള്‍രാജാണെന്ന് കോടതിയും അഭിപ്രായപ്പെട്ടിരുന്നു. അങ്ങനെയാണ് ഈ കുടുംബത്തിന് ജംഗിള്‍രാജ് ഫാമിലി എന്ന പേര് വീണത്.
മൂത്ത പുത്രന്‍ മുടിയായ പുത്രന്‍
പിന്നീട് ജയിലില്‍നിന്ന വന്ന ലാലുപ്രസാദ് യാദവ് തന്നെ പാര്‍ട്ടിയുടെയും കുടുംബത്തിന്റെയും നേതൃത്വം വഹിച്ചു. ആദ്യകാലത്ത് രാഷ്ട്രീയം താല്‍പ്പര്യമില്ലാത്ത ആളായിരുന്നു തേജ്വസി. ആണ്‍മക്കളില്‍ മൂത്തയാളും, എഴ് പെണ്‍മക്കള്‍ക്ക് ശേഷം ആറ്റുനോറ്റുണ്ടായ ആണ്‍തരിയായ തേജ് പ്രതാപ് യാദവായിരുന്നു, ലാലുവിന്റെ മനസ്സില്‍ നിറഞ്ഞുനിന്നിരുന്നത്. പക്ഷേ കുടുംബ കലഹം എല്ലാം തുലച്ചു. തേജ് പ്രതാപ് യാദവിന്റെ വ്യക്തിജീവിതത്തിലുണ്ടായ പ്രശ്നങ്ങളാണ് അദ്ദേഹത്തെ പാര്‍ട്ടിയില്‍നിന്നും അകറ്റിയത്. ഭാര്യയുള്ളപ്പോള്‍ തന്നെ തേജിന് ഒരു അവിഹിത ബന്ധവുണ്ടായിരുന്നു. തേജ് പ്രതാപിന്റെ ഭാര്യ ഐശ്വര്യയുടെ പിതാവ് ലാലുവിന്റെ വലംകൈയായ മുന്‍ മന്ത്രിയ ചന്ദ്രിക റായിയാണ്. തേജ്, ഐശ്വര്യയെ ഡിവോഴ്സ് ചെയ്തോടെ ലാലവും മകനും തെറ്റി.
12 കൊല്ലമായി താന്‍ പ്രണയത്തിലാണെന്ന് വെളിപ്പെടുത്തിക്കൊണ്ട് തേജ് പ്രതാപിന്റെ ഫേസ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ട കുറിപ്പ് വലിയ വിവാദങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു. ഒരു യുവതിക്കൊപ്പമുള്ള ചിത്രം ഉള്‍പ്പെടെയായിരുന്നു കുറിപ്പ്. പിന്നാലെ തന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്ന് ആരോപിച്ച് തേജ് പ്രതാപ് രംഗത്തെത്തി. പിന്നീട് കുറിപ്പ് ഡിലീറ്റ് ചെയ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു കുടുംബത്തില്‍നിന്ന് പുറത്താക്കിക്കൊണ്ടുള്ള ലാലു പ്രസാദിന്റെ നടപടി വന്നത്. മൂത്ത മകന്റെ പ്രവൃത്തികളും പൊതുവിടത്തെ ഇടപെടലും ഉത്തരവാദിത്തമില്ലാത്ത പെരുമാറ്റവും തങ്ങളുടെ കുടുംബത്തിന്റെ മൂല്യങ്ങളുമായി ചേര്‍ന്നുപോകുന്നതല്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് തേജിനെ പാര്‍ട്ടിയില്‍ നിന്നും കുടുംബത്തില്‍ നിന്നും ഒഴിവാക്കുകയാണെന്ന് ലാലു പ്രസാദ് യാദവ് പ്രഖ്യാപിച്ചത്. പാര്‍ട്ടിയിലോ കുടുംബത്തിലോ യാതൊരു ചുമതലയും ഉണ്ടായിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. പാര്‍ട്ടിയില്‍ നിന്ന് ആറു കൊല്ലത്തേക്കാണ് പുറത്താക്കിയത്. മദ്യപാനിയും സ്ത്രീലമ്പടനും മുടിയനുമായ ഒരു പുത്രനാണ് തേജ് എന്നാണ് പറയുന്നത്.
എന്നാല്‍ വിത്ത് ലാലുവിന്റെയല്ലേ. തേജ് വെറുതെയിരുന്നില്ല. സ്വന്തമായി ഒരു പാര്‍ട്ടിയുണ്ടാക്കി. അതാണ് ജനശക്തി ജനതാദള്‍. ഇപ്പോള്‍ അതിന്റെ സ്ഥാനാര്‍ഥിയായി മഹുവ മണ്ഡലത്തില്‍നിന്ന് ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അദ്ദേഹം നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. അപ്പോള്‍ ലാലു മറ്റൊരു അടവ് പുറത്തെടുത്തു. മരുമകളുടെ അപ്പനുമായി അടുത്തു.
തേജ് പ്രതാപിന്റെ മുന്‍ ഭാര്യയായിരുന്ന ഐശ്വര്യ റായിയുടെ സഹോദരി ഡോ. കരിഷ്മ റായാണ്, സരണ്‍ ജില്ലയിലെ പ്രശസ്തമായ പാര്‍സ മണ്ഡലത്തില്‍ ആര്‍ജെഡി സ്ഥാനാര്‍ത്ഥി. തേജ് പ്രതാപുമായുള്ള വിവാഹമോചനത്തിന് പിന്നാലെ ഐശ്വര്യയുടെ പിതാവ് ചന്ദ്രിക റായിയുമായുള്ള ലാലുവിന്റെ ബന്ധം വഷളായിരുന്നു. ഇത് പുന:സ്ഥാപിക്കുകയെന്ന ലക്ഷ്യവും കൂടി ഈ നീക്കത്തിന് പിന്നിലുണ്ട്. രാഷ്ട്രീയപരമായി സരണില്‍ വളരെക്കാലം കുടുംബം ആധിപത്യം പുലര്‍ത്തിയിരുന്നു. ഐശ്വര്യ-തേജ് പ്രതാപ് ബന്ധത്തിലെ വിള്ളല്‍ ആര്‍ജെഡിയിലും പ്രതിഫലിച്ചിരുന്നു. മകള്‍ക്കുവേണ്ടി രാഷ്ട്രീയമായും നിയമപരമായും പോരാടുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് ചന്ദ്രികാ റായ് പാര്‍ട്ടി വിട്ടിരുന്നു. പക്ഷേ ഇപ്പോള്‍ മകന്‍ പുറത്തായെങ്കിലും പഴയ സുഹൃത്തുക്കള്‍ അടുത്തു. പക്ഷേ ഇതിനെല്ലാം പിന്നില്‍ പ്രവര്‍ത്തിച്ചത് തേജസ്വി യാദവിന്റെ തലയാണെന്നത് പരസ്യമായ രഹസ്യമാണ്.
രണ്ടാമത്തെ മകളും വിമത
ഇപ്പോള്‍ ലാലുവിന്റെ രണ്ടാമത്തെ മകളായ റോഹിണി ആചാര്യും വിമതയായി എന്നാണ് റിപ്പോര്‍ട്ടുകള്‍. ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ലാലു കുടുംബത്തില്‍ വലിയ ഭിന്നതയാണെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മകള്‍ രോഹിണി ആചാര്യ, ലാലുവിനെയും തേജസ്വിയെയും സമൂഹ മാധ്യമത്തില്‍ അണ്‍ഫോളോ ചെയ്തിരിക്കയാണ്. മുന്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവിന്റെ രാഷ്ട്രീയ ഉപദേഷ്ടാവായ സഞ്ജയ് യാദവിന് പാര്‍ട്ടിയില്‍ പ്രാധാന്യം കൂടുന്നുവെന്ന് രോഹണിക്ക് നേരത്തെ തന്നെ പരാതിയുണ്ട്. ഇതാണ് പൊട്ടിത്തെറിയിലേക്ക് നയിച്ചതെന്നാണ്, മാധ്യമങ്ങള്‍ പറയുന്നു. 2022-ല്‍ ലാലു പ്രസാദിന് വൃക്ക ദാനം ചെയ്തത് മകളായ രോഹിണിയായിരുന്നു. ഇതിന്റെ ഭാഗമായി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ ഒരു വൈകാരികമായ സ്വീകരണം രോഹിണിക്കുണ്ട്.
ഒരു സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറുടെ പോസ്റ്റ് രോഹിണി പങ്കിട്ടതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമായത്. ബീഹാര്‍ അധികാര്‍ യാത്രയ്ക്കുള്ള ബസില്‍, തേജസ്വിയുടെ ഉപദേഷ്ടാവ് സഞ്ജയ് മുന്‍ സീറ്റില്‍ ഇരുന്നതിനെ ഒരു സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവെന്‍സര്‍ വിമര്‍ശിച്ചിരുന്നു. ബസിലെ മുന്‍ സീറ്റ് സാധാരണയായി പാര്‍ട്ടിയുടെ ഉന്നത നേതൃത്വത്തിനോ, അല്ലെങ്കില്‍ ലാലുപ്രസാദിനോ തേജസ്വി യാദവിനോ, മാത്രം അവകാശപ്പെട്ടതാണെന്ന പോസ്റ്റാണ് രോഹിണി പങ്കുവെച്ചത്. ഇത് സോഷ്യല്‍മീഡിയയില്‍ വൈറലാകുകയും ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെക്കുകയും ചെയ്തു. അടുത്ത ദിവസം, സിംഗപ്പൂരിലെ ഓപ്പറേഷന്‍ തിയേറ്ററിലേക്ക് പിതാവിന് വൃക്ക ദാനം ചെയ്യാന്‍ കൊണ്ടുപോവുന്ന പഴയ ഒരു ഫോട്ടോയും രോഹിണി പങ്കുവെച്ചു. '' ജീവിതം കൈവെള്ളയില്‍ വഹിക്കുന്നവര്‍ക്ക് ഏറ്റവും വലിയ ത്യാഗങ്ങള്‍ ചെയ്യാനുള്ള മനസുണ്ട്. അതിനിര്‍ഭയത്വം, ധൈര്യം, ആത്മാഭിമാനം, എന്നിവ അവരുടെ രക്തത്തിലുണ്ടാവും''- എന്ന അടിക്കുറുപ്പോടെയാണ് പോസ്റ്റ് പങ്കുവെച്ചത്. ഇതിന് പുറമെ എക്സിലും മറ്റൊരുപോസ്റ്റ് രോഹിണ പങ്കുവെച്ചു. 'ഒരുമകളും സഹോദരിയും എന്ന നിലയില്‍ ഞാന്‍ എന്റെ കടമ നിറവേറ്റി. ഭാവിയിലും ഞാന്‍ അത് തുടരും. ഒരു സ്ഥാനത്തിനുവേണ്ടിയുള്ള ആഗ്രഹമോ രാഷ്ട്രീയ അഭിലാഷങ്ങളോ എനിക്കില്ല. എനിക്കന്റെ ആത്മാഭിമാനമാണ് പരമപ്രധാനം''- എന്നായിരുന്നു ആ പോസ്റ്റ്.
തൊട്ടുടത്ത ദിവസമാണ് അവര്‍ ലാലുപ്രസാദ്,സഹോദരന്മാരായ തേജസ്വി യാദവ്, തേജ് പ്രതാപ്, മൂത്ത സഹോദരി മിസ ഭാരതി എന്നിവരെയടക്കം അണ്‍ഫോളോ ചെയ്തത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ രോഹിണി
ആഗ്രഹിച്ചിരുന്നെന്നും എന്നാല്‍ തേജസ്വി യാദവ് അത് നിരസിച്ചുവെന്നും അഭ്യൂഹങ്ങളുണ്ട്.സഞ്ജയ് യാദവാണ് തനിക്ക് ടിക്കറ്റ് നിഷേധിച്ചതില്‍ പങ്കുവഹിച്ചതെന്നാണ് രോഹിണിയുടെ വാദം. സംഭവം ചര്‍ച്ചയായതിനുപിന്നാലെ, വിശദീകരണവുമായി രോഹിണി വീണ്ടും എക്സില്‍ പോസ്റ്റ് ചെയ്തു. നിയമസഭാ തിരഞ്ഞെടുപ്പില്‍ തിനിക്ക് മത്സരിക്കാന്‍ താല്‍പ്പര്യമില്ലെന്നാണ് അവര്‍ വ്യക്തമാക്കിയത്.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍, രാഹിണി ആചാര്യ തോറ്റിരുന്നു. ആര്‍ജെഡിക്ക് നല്ല ശക്തിയുള്ള ബീഹാറിലെ സരണ്‍ ലോക് സഭാ മണ്ഡലത്തില്‍ നിന്നാണ് മത്സരിച്ചത്. ബിജെപിയുടെ രാജീവ് പ്രതാപ് റൂഡിയോട് ഏകദേശം 13,661 വോട്ടുകള്‍ക്കാണ് രോഹിണി പരാജയപ്പെട്ടത്. അതേ സമയം സഹോദരി മിസാ ഭാരതി ജയിക്കുകയും ചെയ്തു. പാടലീപുത്ര മണ്ഡലത്തില്‍ നിന്ന് 85,000 വോട്ടുകള്‍ക്കാണ് മിസ ജയിച്ചത്. യാതൊരു രാഷ്ട്രീയ-സാമൂഹ്യ പ്രവര്‍ത്തനത്തിന്റെ പാരമ്പര്യവുമില്ലാത്ത രോഹിണി ആചാര്യയെ രാഷ്ട്രീയത്തിലെ അധികാര ഇടനാഴിയില്‍ എത്തിക്കാനുള്ള നീക്കം പൊളിഞ്ഞുവെന്നാണ് ബിജെപി വിമര്‍ശിച്ചിരുന്നത്. പക്ഷേ രോഹിണിയാവട്ടെ പാര്‍ട്ടിയിലെ ഒരു വിഭാഗം തനിക്കെതിരെ പ്രവര്‍ത്തിക്കുന്നുവെന്ന് സംശയിക്കുന്നു. സഞ്ജയ് യാദവിനെയാണ് അവര്‍ സംശയിച്ചത്. ഇങ്ങനെയെല്ലാം ചേര്‍ന്ന പൊട്ടിത്തെറിയാണ് ഇപ്പോള്‍ പ്രശ്നത്തിലേക്ക് നയിച്ചത്.
ഇമേജ് തിരിച്ചുപിടിച്ച തേജസ്വി
വാര്‍ധക്യവും രോഗവും ബാധിച്ചതോടെ ലാലുവിന് ഇപ്പോള്‍ പഴയതുപോലെ ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണ്. അദ്ദേഹം എല്ലാം മകന്‍ തേജസ്വിയാദവിന് എല്‍പ്പിച്ച് കൊടുക്കയായിരുന്നു. ലാലുവും, റാബ്രിയും, തേജ് പ്രതാപുമൊക്കെയുണ്ടാക്കിയ ജംഗിള്‍ ഫാമിലി എന്ന പേരുദോഷം ഒരു പരിധിവരെ മാറ്റിയെടുത്തത് തേജസ്വി യാദവ് ആണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ബീഹാറിലെ ഏറ്റവും പ്രായം കുറഞ്ഞ ഉപമുഖ്യമന്ത്രിയും, ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രതിപക്ഷ നേതാവും എന്ന നിലയില്‍ അദ്ദേഹം ശ്രദ്ധേയനാണ്. 2020 ലും 2021 ലും ഇന്ത്യന്‍ എക്സ്പ്രസ് 'ഏറ്റവും ശക്തരായ 100 ഇന്ത്യക്കാര്‍' എന്നതില്‍ തേജസ്വി ഇടം നേടി.
ആദ്യം പട്നയില്‍ പഠിച്ചശേഷം പിന്നീട് ഡല്‍ഹി പബ്ലിക് സ്‌കൂളിലാണ് തേജസ്വി പഠിച്ചത്. പത്താം ക്ലാസ് പൂര്‍ത്തിയാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല, കായികരംഗത്തേക്ക് പോകുന്നതിനായി അദ്ദേഹം പഠനം നിര്‍ത്തി. ഒരു മികച്ച ക്രിക്കറ്റ് താരമായി അദ്ദേഹം വളരെ പെട്ടന്ന് പേരെത്തു. ഡല്‍ഹിയിലെ അണ്ടര്‍-17, അണ്ടര്‍-19 ക്രിക്കറ്റ് ടീമില്‍ ഇടം നേടി. അതേ വര്‍ഷം തന്നെ ലോകകപ്പ് നേടിയ അണ്ടര്‍-19 ഇന്ത്യന്‍ ദേശീയ ക്രിക്കറ്റ് ടീമിനുള്ള സ്റ്റാന്‍ഡ്‌ബൈ കളിക്കാരുടെ പട്ടികയിലും തേജസ്വി തിരഞ്ഞെടുക്കപ്പെട്ടു.
2010ല്‍ വിജയ് ഹസാരെ ട്രോഫിയിലാണ് ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ചത്. ഡല്‍ഹി ഡെയര്‍ഡെവിള്‍സിലും, ജാര്‍ഖണ്ഡ് ക്രിക്കറ്റ് ടീമിലും ഉണ്ടായിരുന്നു. അതിനുശേഷമാണ് രാഷ്ട്രീയത്തിന്റെ ഇന്നിങ്ങിസില്‍ അദ്ദേഹം പ്രവേശിക്കുന്നത്. അവിടെയും തേജസ്വിക്ക് വെച്ചടി കയറ്റമായിരുന്നു. പിതാവ് ലാലുവിനെപ്പോലെ, വെട്ടൊന്ന് മുറിരണ്ട് എന്ന ശൈലിയായിരുന്നില്ല, തേജസ്വിക്ക്. കോണ്‍ഗ്രസ് അടക്കമുള്ള ഘടകകക്ഷികളെ ചര്‍ച്ചയിലുടെ വിശ്വസത്തിലെടുക്കാന്‍ ഈ ചെറുപ്പക്കാരന് കഴിഞ്ഞു. 2021 ഡിസംബര്‍ 9 ന് യാദവ് തന്റെ ദീര്‍ഘകാല സുഹൃത്തായ രാജശ്രീ യാദവിനെവിവാഹം കഴിച്ചു.
ഇപ്പോള്‍ വീണ്ടുമൊരു അസംബ്ലി ഇലക്ഷന്‍ ആസന്നമായിരിക്കേ, ബിജെപി- ജെഡിയു സഖ്യത്തിന് വെല്ലുവിളിയുര്‍ത്തി, പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യനിരക്ക് ചുക്കാന്‍ പിടിക്കുന്നതും തേജസ്വിയാണ്. അധികാരത്തിലെത്തിയാല്‍ ബിഹാറിലെ എല്ലാ വീടുകളിലും ഒരാള്‍ക്കെങ്കിലും സര്‍ക്കാര്‍ ജോലി ലഭ്യമാക്കുമെന്ന വമ്പന്‍ വാഗ്ദാനമാണ് ഇപ്പോള്‍ തേജസ്വി മുന്നോട്ടുവെക്കുന്നത്.
ചരിത്രപരവും വിപ്ലവാത്മകരവും എന്നാണ് ഈ തിരഞ്ഞെടുപ്പ് വാഗ്ദാനത്തെ തേജസ്വി വിശേഷിപ്പിച്ചത്. സര്‍ക്കാര്‍ രൂപവത്കരിച്ച് 20 മാസങ്ങള്‍ക്കുള്ളില്‍ സംസ്ഥാനത്ത് സര്‍ക്കാര്‍ ജോലിയില്ലാത്ത ഒരു വീട് പോലും അവശേഷിക്കില്ലെന്ന് തേജസ്വി പറഞ്ഞു. ഇതു സംബന്ധിച്ചുള്ള പ്രമേയത്തില്‍ ഒപ്പുവെക്കുന്നതാകും അധികാരത്തിലെത്തിയാല്‍ മന്ത്രിസഭായോഗത്തിലെ ആദ്യ നടപടിയെന്നും തേജസ്വി പറഞ്ഞു. ഒട്ടേറെ സുപ്രധാന പ്രഖ്യാപനങ്ങളുടെ തുടക്കം മാത്രമാണിതെന്നും ഇനിയുമേറെ തീരുമാനങ്ങള്‍ വരാനുണ്ടെന്നും തേജസ്വി കൂട്ടിച്ചേര്‍ത്തു.
'ഇക്കാര്യത്തില്‍ ശാസ്ത്രീയമായ പഠനം ഞങ്ങള്‍ നടത്തി, പഠനത്തിന്റെ അടിസ്ഥാനത്തില്‍ അത്തരത്തിലുള്ള എല്ലാ വീടുകളുടേയും വിവരം ഞങ്ങളുടെ പക്കലുണ്ട്. ഞങ്ങള്‍ ഇത്തരമൊരു പ്രഖ്യാപനം നടത്തുന്നുണ്ടെങ്കില്‍ ഞങ്ങള്‍ക്കതു സാധ്യമാകും എന്നതുകൊണ്ടാണ്, അത് നടപ്പിലാക്കണമെന്ന കാര്യം ഞാന്‍ ഉറപ്പിച്ചുകഴിഞ്ഞു. ഇതൊരു പാഴ്വാഗ്ദാനമല്ല, ഞങ്ങളാരേയും വഞ്ചിക്കില്ല, തേജസ്വിയ്ക്ക് തെളിവ് ഹാജരാക്കേണ്ട കാര്യമില്ല'', പാര്‍ട്ടിയോഗത്തില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു. യോഗത്തിലെ പ്രഖ്യാപനത്തിനുശേഷം ഇക്കാര്യം അറിയിച്ച് എക്‌സ് പ്ലാറ്റ്‌ഫോമില്‍ തേജസ്വി കുറിപ്പ് പങ്കുവെക്കുകയും ചെയ്തു.ഇതെല്ലാം മൂലം വലിയ ജനപ്രീതിയാണ് ഈ ചെറുപ്പക്കാരന് കിട്ടിയിരിക്കുന്നത്. അപ്പോഴാണ് സഹോദരിയുടെയും സഹേദരന്റെയും രൂപത്തില്‍ പാളയത്തില്‍ പട കടന്നുവരുന്നത്.
വാല്‍ക്കഷ്ണം: അഴിമതിയില്‍ മുങ്ങിക്കുളിച്ച, അക്രമങ്ങള്‍ പെരുകിയ കാലമായിരുന്നു ബീഹാറിലെ ലാലു കാലം. പക്ഷേ അതിന്റെ ഓര്‍മ്മകളില്‍നിന്ന് ജനത്തെ മോചിപ്പിക്കാന്‍ ഒരു പരിധിവരെ തേജസ്വിക്ക് കഴിഞ്ഞുവെന്നത് സത്യമാണ്. പക്ഷേ പാളയത്തിലെ പടയെ അയാള്‍ക്ക്് അതിജീവിക്കാന്‍ കഴിയുമോ എന്നതാണ് പ്രശ്നം.