സദ്ദാം ഹുസൈനിലും ബുഷിലും ഗദ്ദാഫിയിലും ഉള്‍പ്പെടെ കണ്ട നാര്‍സിസിസ്റ്റിക് ഡിസോര്‍ഡര്‍ ഇസ്രയേല്‍ പ്രധാനമന്ത്രിക്കുമുണ്ടോ? മുന്‍ പ്രധാനമന്ത്രി യിത്സാക് റാബിനെ കൊല്ലിച്ചതരാണ്? ഇസ്രായേലിന്റെ രക്ഷകന്‍ എതിരാളികള്‍ക്ക് പിശാച്; നെതന്യാഹുവിന്റെ വ്യക്തിത്വം ലോകം ചര്‍ച്ചചെയ്യുമ്പോള്‍!

Update: 2025-10-18 07:00 GMT

''ലീഡേഴ്സ് ആര്‍ ജഡ്ജ്ഡ് നോട്ട് ബൈ പോപ്പുലാരിറ്റി, ബട്ട് ബൈ ദ സര്‍വൈവല്‍ ഓഫ് ദേര്‍ നേഷന്‍''- ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ അത്മകഥയായ 'ബിബി മൈ സ്റ്റോറി'യിലെ ഒരു വാചകമാണിത്. ഒരു നേതാവിനെ വിലയിരുത്തേണ്ടത് അദ്ദേഹത്തിന്റെ ജനപ്രിയതയല്ല, രാജ്യത്തിന്റെ നിലനില്‍പ്പ് ഉറപ്പാക്കുന്നതിലാണ്് എന്ന് അദ്ദേഹം അടിവരയിട്ട് പറയുന്നു. 2022-ലാണ് 'ബിബി മൈ സ്റ്റോറി' എന്ന പുസ്തകം ഇറങ്ങിയത്. നെതന്യാഹുവിന്റെ കുട്ടിക്കാലത്തെ ഓമനപ്പേരാണ് ബിബി. പക്ഷേ പുസ്തകം ലോകവ്യാപകമായി ചര്‍ച്ചയാവുന്നത് ഇപ്പോഴാണ്. ഹിറ്റ്ലറിന്റെ മെയിന്‍ കാംഫ് എന്ന ആത്മകഥപോലെ കൂട്ടക്കൊലക്ക് പിന്തുണയോവുന്ന പ്രത്യയ ശാസ്ത്ര പുസ്തകമാണിതെന്ന് ഇസ്രയേല്‍ വിരുദ്ധ ചേരിയുടെ ഭാഗത്തുനിന്ന് വാദങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു!

ടെല്‍ അവീവ് സര്‍വകലാശാലയില്‍ പഠിപ്പിക്കുന്ന സൗല്‍ കിംഹി എന്ന അധ്യാപകന്‍ ഒരു വര്‍ഷംമുമ്പ് എഴുതിയ ഒരു വിമര്‍ശനം ഇപ്പോഴാണ് ഇസ്ലാമിസ്റ്റ് ഗ്രൂപ്പുകളിലൊക്കെ വൈറല്‍ ആവുന്നത്. ഏകദേശം കാല്‍ നൂറ്റാണ്ടായി നെതന്യാഹുവിനെക്കുറിച്ച് പഠിച്ചുകൊണ്ടിരിക്കുന്ന മനഃശാസ്ത്രജ്ഞനാണ്, സൗല്‍ കിംഹി എന്നാണ് അവകാശവാദം. അദ്ദേഹം നെതന്യാഹുവിനെ നാര്‍സിസിസ്റ്റിക് എന്നാണ് വിശേഷിപ്പിക്കുന്നത്. സദ്ദാം ഹുസൈന്‍, ജോര്‍ജ്ബുഷ്, ലിബിയയുടെ കേണല്‍ ഗദ്ദാഫി എന്നിവരിലൊക്കെ പ്രകടമായിരുന്നു അതേ മാനസിക വൈകല്യം, നെതന്യാഹുവിനുമുണ്ടെന്നാണ്, 'ബിബി മൈ സ്റ്റോറി' വായിച്ചാല്‍ വ്യക്തമാവുക എന്നാണ്, സൗല്‍ കിംഹിയുടെ പഠനം. ഇത് സോഷ്യല്‍ മീഡിയയില്‍ അടക്കം പ്രചരിച്ചതോടെ നെതന്യാഹുവിന്റെ വ്യക്തിത്വവും വലിയ ചര്‍ച്ചയായി.

എന്നാല്‍ ഇതെല്ലാം വെറും വളച്ചൊടിച്ച വാദങ്ങളാണെന്നും, നെതന്യാഹുവിന്റെ ആത്മവിശ്വാസം, നിശ്ചയദാര്‍ഡ്യവുമാണ് പുസ്തകത്തിലുള്ളതെന്നും അത് ഒരു വിഭാഗത്തിനെതിരെ വിദ്വേഷം ജനിപ്പിക്കുന്നുമില്ല എന്ന് ഇസ്രയേല്‍ പക്ഷക്കാരം പറയുന്നു. പക്ഷേ പുസ്തകം ഇതോടെ നന്നായി വിറ്റുപോവുന്നുമുണ്ട്.

നെതന്യാഹു ഒരു നാര്‍സിസ്റ്റോ?

ഇപ്പോള്‍ നെതന്യാഹുവിന് മുള്ളാന്‍പോലും നേരമില്ലാത്ത തിരക്കിന്റെ സമയമാണ്. തീവ്രവലതുപക്ഷ കക്ഷികളുമായി ചേര്‍ന്ന് ഒരു ഗവണ്‍മെന്റാണ് ഇസ്രയേലിലുള്ളത്. അവരുടെ സമ്മര്‍ദത്തിനൊപ്പം പ്രതിപക്ഷത്തിന്റെ പ്രശ്നങ്ങളും ഒരുപോലെ അതിജീവിക്കണം. 2023 ഒക്ടോബര്‍ 7ന് ഉണ്ടായ ഹമാസ് ആക്രമത്തില്‍ കുനിഞ്ഞുപോയ തല നെതന്യാഹു ഒരുവിധത്തിലാണ് ഉയര്‍ത്തിപ്പിടിച്ചത്. ആക്രമണത്തിന് വഴിവെച്ച ഇന്റലിജന്‍സ്, സൈനിക പരാജയങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രധാനമന്ത്രി രാജി വെക്കണമെന്നും വ്യാപകമായി ആവശ്യമുയര്‍ന്നിരുന്നു. അതിനിടെയാണ്, നെതന്യാഹുവിനെ ലക്ഷ്യമിട്ടുള്ള പഠനങ്ങളും മറ്റും വരുന്നത്. പക്ഷേ പതിവുപോലെ അദ്ദേഹം അതിനൊന്നും തരിമ്പും വിലകൊടുക്കുന്നില്ല എന്നത് വേറെ കാര്യം.

സ്നേഹിക്കുന്നവര്‍ക്ക്, ദൈവമാണ് നെതന്യാഹു. എന്നാല്‍ വിമര്‍ശകര്‍ക്ക് ചെകുത്താനും. കണ്ണിന് കണ്ണ്, പല്ലിന് പല്ല് എന്നതാണ് ശൈലി. അഴിമതിക്കാരനാണെന്നും ക്രൈം പ്രൈംമിസ്റ്റര്‍ എന്നൊക്കെ അദ്ദേഹം വിമര്‍ശിക്കപ്പെടുന്നുണ്ട്. വ്യക്തിജീവിതത്തില്‍ സ്ത്രീലമ്പടനാണെന്ന ആരോപണവുമുണ്ട്. മൂന്ന് വിവാഹങ്ങളില്‍ രണ്ടും ഡിവോഴ്സായി. അസംഖ്യം പ്രണയങ്ങളും നെതന്യാഹുവിന്റെ പേരില്‍ ഗോസിപ്പായി. പക്ഷേ മാധ്യമങ്ങള്‍ തന്റെ വ്യക്തി ജീവിതത്തില്‍ തലയിടേണ്ട എന്നാണ് നെതന്യാഹുവിന്റെ നിലപാട്.


നെതന്യാഹു ഒരു നാര്‍സിസ്റ്റ് മാത്രമല്ല, ഒരു മൗലികവാദിയായ സയണിസ്റ്റ് ആണെന്നും, ഗ്രേറ്റര്‍ ഇസ്രയേല്‍ എന്ന ആശയം മനസ്സില്‍ കൊണ്ടുനടക്കുന്ന വ്യക്തിയാണെന്നുമാണ്, സൗല്‍ കിംഹിയുടെ പഠനം പറയുന്നത്. അതുവെച്ചാണ് ഇപ്പോള്‍ ഗാസയില്‍ ഉണ്ടായിരിക്കുന്ന വെടിനിര്‍ത്തല്‍ കരാര്‍പോലും താല്‍ക്കാലികമാണെന്നും, അടുത്തുതന്നെ ഇസ്രയേല്‍ ആക്രമണം തുടങ്ങുമെന്നുമൊക്കെ ഇസ്ലാമിസ്റ്റുകള്‍ പ്രചരിപ്പിക്കുന്നത്. 'ബിബി മൈ സ്റ്റോറി' എന്ന പുസ്തകത്തില്‍ നെതന്യാഹു തന്നെ ഇസ്രയേലിന്റെ രക്ഷകനായാണ് സ്വയം വിശേഷിപ്പിച്ചിരിക്കുന്നതെന്ന് സൗല്‍ കിംഹി പറയുന്നു. തീവ്ര വലതുപക്ഷവുമായുള്ള സഖ്യവും നീതിന്യായ വ്യവസ്ഥയെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങളും അദ്ദേഹത്തിന്റെ ഭരണത്തിന്റെ അപകടകരമായ പാതയെ വ്യക്തമാക്കുന്നതായി കിംഹി പറയുന്നു.

സദ്ദാം ഹുസൈന്റെ മനഃശാസ്ത്രം വിശകലനം ചെയ്യുമ്പോള്‍, അദ്ദേഹത്തിന്റെ വ്യക്തിത്വത്തില്‍ നാര്‍സിസിസ്റ്റിക് പേഴ്‌സണാലിറ്റി ഡിസോര്‍ഡര്‍ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നതായി ചില മനഃശാസ്ത്രജ്ഞര്‍ വിലയിരുത്തിയിട്ടുണ്ട്. സദ്ദാം തന്റെ ഭരണത്തെ ചരിത്രപുരുഷന്‍ എന്ന നിലയില്‍ ചിത്രീകരിക്കാന്‍ ശ്രമിച്ചു. തനിക്ക് മാത്രമേ രാഷ്ട്രത്തെ രക്ഷിക്കാന്‍ കഴിയൂ എന്ന പ്രമാണം പ്രചരിപ്പിച്ച് കൊണ്ട് തന്റെ പ്രതിമകള്‍ രാജ്യമെമ്പാടും സ്ഥാപിക്കുകയും ചെയ്തു. എല്ലാ തീരുമാനങ്ങളും തന്റെ കൈയില്‍ കേന്ദ്രീകരിക്കാനും വിമര്‍ശനങ്ങളെ ഭയപ്പെടുത്തലിലൂടെ ഇല്ലാതാക്കാനും അദ്ദേഹം ശ്രമിച്ചു. അതുപോലെയായിരുന്നു ലിബയയിലെ കേണല്‍ ഗദ്ദാഫിയും. പത്ത് ലക്ഷത്തിലധികം പേരുടെ മരണത്തിനും ലക്ഷക്കണക്കിന് അഭയാര്‍ഥികളെ സൃഷ്ടിക്കാനും ജൂനിയര്‍ ബുഷിന്റെ സൈനിക നടപടികള്‍ക്കും കാരണം, നാര്‍സിസ്റ്റ് സ്വഭാവമാണെന്ന കിംഹി പറയുന്നു.

സത്യത്തില്‍ ഇത് ഒരു ശാസ്ത്രീയ പഠനമല്ല. ഒരു താരമത്യ അഭിപ്രായം മാത്രമാണ്. പക്ഷേ അത് ഒരു വടിയാക്കി ഇസ്രയേലിനെ നെതന്യാഹു വിരുദ്ധ പക്ഷംപ്രചാരണം തുടങ്ങിയിരിക്കയാണ്.

വിവാദമായ റാബിന്‍ വധം

ഇസ്രയേല്‍ എന്ന രാജ്യം, പുറമെനിന്നുള്ള ആക്രമണങ്ങള്‍ വരുമ്പോള്‍ ശക്തമായി ഒന്നിച്ചു നില്‍ക്കുമെങ്കിലും നമ്മുടെ നാട്ടിലെ പോലെ തന്നെ അവിടെയും രാഷ്ട്രീയ വൈരം അതിശക്തമാണ്. പ്രതിപക്ഷ പാര്‍ട്ടികള്‍ നെതന്യാഹുവിനെ എടുത്തിട്ട് അലക്കാത്ത ദിവസങ്ങളില്ല. ഇതിനിടയില്‍ അഴിമതിയാരോപണങ്ങളും വേട്ടയാടി. 2016-ലാണ് നെതന്യാഹുവിനെതിരേ അന്വേഷണമാരംഭിച്ചത്. 2019-ല്‍ കൈക്കൂലി, തട്ടിപ്പ്, വിശ്വാസവഞ്ചന എന്നിങ്ങനെ മൂന്നുകേസുകളില്‍ പ്രതിയായി. 2020-ല്‍ വിചാരണനേരിടുന്ന ആദ്യത്തെ പ്രധാനമന്ത്രിയായി.


2024 നവംബറില്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി നെതന്യാഹുവിനെതിരെ യുദ്ധക്കുറ്റങ്ങളും മനുഷ്യവിരുദ്ധ കുറ്റങ്ങളും ചുമത്തി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ഇത് നെതന്യാഹുവിനെ പുടിന്‍, ഗദ്ദാഫി തുടങ്ങിയ ഏകാധിപതികളുടെ പട്ടികയില്‍ എത്തിച്ചു. ബാല്യകാല സുഹൃത്തായ ഉസി ബെല്ലര്‍, നെതന്യാഹു ഒരു നുണയനാണെന്ന് ആരോപിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ അമേരിക്കന്‍ ജീവിതകാലത്ത് 'ബെഞ്ചമിന്‍ നിതായ്' എന്ന പേര് ഉപയോഗിച്ചത്, ഇസ്രായേലിലേക്ക് മടങ്ങിവരാന്‍ ഉദ്ദേശ്യമില്ലായിരുന്നു എന്നതിന്റെ തെളിവായി രാഷ്ട്രീയ എതിരാളികള്‍ പിന്നീട് ഉപയോഗിക്കുകയും ചെയ്തു.

1995-ല്‍ ഇസ്രയേലിന്റെ പ്രധാനമന്ത്രി യിത്സാക് റാബിനെ കൊല്ലാന്‍ നെതന്യാഹു സഹായിച്ചു എന്ന ഗുരുതരമായ ആരോപണം നേരത്തേയുണ്ട്. അത് ഇപ്പോള്‍ പ്രതിപക്ഷം അതും കുത്തിപ്പൊക്കുകയാണ്. ഓസ്ലോ സമാധാന കരാറിനോടുള്ള നെതന്യാഹുവിന്റെ എതിര്‍പ്പ് വിവാദപരമാണ്. ലിക്കുഡ് നേതാവെന്ന നിലയില്‍, ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷം പരിഹരിക്കാന്‍ ലക്ഷ്യമിട്ട റാബിന്റെ സമാധാന ശ്രമങ്ങള്‍ക്കെതിരെ അന്ന് നെതന്യാഹു പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കുകയുണ്ടായി. ഈ റാലികളില്‍ പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നു; ജനക്കൂട്ടം 'റാബിന് മരണം' എന്ന് ആക്രോശിക്കുകയും, റാബിന്റെ ചിത്രങ്ങള്‍ നാസി യൂണിഫോമില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു.

1995 ജൂലായില്‍ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള ഒരു പ്രതിഷേധത്തില്‍, 'റാബിന്‍ എന്ന രാജ്യദ്രോഹി' എന്ന് ലേബല്‍ ചെയ്ത ഒരു ശവപ്പെട്ടിയുമായി വ്യാജ ശവസംസ്‌കാര ഘോഷയാത്ര നടന്നു. ഇസ്രയേലിന്റെ സുരക്ഷാ മേധാവി കാര്‍മി ഗില്ലോണ്‍, റാബിന്റെ ജീവന് ഭീഷണിയുണ്ടെന്ന് നെതന്യാഹുവിന് മുന്നറിയിപ്പ് നല്‍കിയെങ്കിലും, അദ്ദേഹം പ്രതിഷേധങ്ങളുടെ സ്വരം മയപ്പെടുത്തിയില്ല. റാബിന്റെ വിധവ ലിയ, ലേബര്‍ നേതാവ് മെറാവ് മൈക്കിളി തുടങ്ങിയ വിമര്‍ശകര്‍, നെതന്യാഹു പ്രകോപനപരമായ ഒരു അന്തരീക്ഷം വളര്‍ത്തിയെടുത്തതായി ആരോപിച്ചിരുന്നു. ഇത് യഹൂദ തീവ്രവാദിയായ യിഗല്‍ അമീര്‍ 1995 നവംബര്‍ നാലിന് റാബിനെ വധിക്കാന്‍ കാരണമായി.

ഇതിനെക്കുറിച്ച് ദി ഗാര്‍ഡിയന്‍, ദി ന്യൂയോര്‍ക്ക് ടൈംസ് തുടങ്ങിയ പത്രങ്ങള്‍ എഴുതിയിരുന്നു. നെതന്യാഹു നേരിട്ട് ഒന്നും ചെയ്തില്ലെങ്കിലും അദ്ദേഹത്തിന്റെ പ്രകോപനപരമായ പ്രസംഗങ്ങള്‍ കാര്യങ്ങള്‍ വഷളാക്കിയത്. പക്ഷേ നെതന്യാഹു നാര്‍സിസിസ്റ്റാണെന്ന് വാദിക്കുന്നവര്‍ക്ക് ഇതും ഒരു വടിയാണ്. യിത്സാക് റാബിനെ നെതന്യാഹു കൊല്ലിച്ചു എന്ന രീതിയിലാണ് കഥകള്‍ പോവുന്നത്. പക്ഷേ രാഷ്ട്രീയമായ എതിര്‍പ്പല്ലാതെ റാബീന്‍ വധത്തിലൊന്നും യാതൊരു പങ്കും നെത്യാഹുവിന് ഇല്ലെന്ന് നിരവധി അന്വേഷണങ്ങളില്‍ വെളിപ്പെട്ട സത്യമാണ്. ഇനി അന്താരാഷ്ട്ര നീതിന്യായ കോടതി യുദ്ധക്കുറ്റവാളിയായി നെതന്യാഹുവിനെ പ്രഖ്യാപിച്ചത് അദ്ദേഹത്തെ കേള്‍ക്കാതെയാണ് എന്നാണ് പ്രധാന വിമര്‍ശനം. ഇതുവെച്ച് അദ്ദേഹത്തെ പുടിനു, ഗദ്ദാഫിക്കും സമമമായി താരതമ്യം ചെയ്യാന്‍ കഴിയില്ല. കാരണം പുടിന്‍ തന്റെ വിശാല റഷ്യ സ്വപ്നം വെച്ച് അങ്ങോട്ട് ആക്രമിക്കയാണ്. എന്നാല്‍ നെതന്യാഹുവാകട്ടെ, വെറും ഇരുപതിനായിരം സ്‌ക്വയര്‍ കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഒരു കൊച്ചുരാജ്യത്തിന് നേരെ വരുന്ന ആക്രമണങ്ങളെ പ്രതിരോധിക്കയാണ്. രണ്ടും തമ്മില്‍ അജഗജാന്തര വ്യത്യാസമുണ്ട്. മാത്രമല്ല സദ്ദാമിനെപ്പോലെ നെതന്യാഹു രാജ്യത്ത് മുഴുവന്‍ തന്റെ പ്രതിമ സ്ഥാപിച്ചിട്ടുമില്ല.

'ഞാന്‍ ഇസ്രയേലിന്റെ രക്ഷകന്‍'

'ബിബി മൈ സ്റ്റോറി' എന്ന ആത്മകഥയില്‍ ഉടനീളം നെതന്യാഹു താന്‍ ഇസ്രയേലിന്റെ രക്ഷകന്‍ ആണെന്ന് പറയുന്നുവെന്നാണ് എതിരാളികള്‍ പറയുന്നത്. നെതന്യാഹു നാര്‍സിസ്റ്റാണെന്ന് തെളിയിക്കാനുള്ള വാദങ്ങളില്‍ പ്രധാനപ്പെട്ടത് ഇതാണ്. എന്നാല്‍ പുസ്തകം വായിച്ചാല്‍ ഈ ആരോപണം തെറ്റാണെന്ന് മനസ്സിലാവും. രാജ്യസുരക്ഷയോടുള്ള അഗാധമായ പ്രതിബദ്ധത, യഹൂദരെ രക്ഷിക്കുന്നതിനായി ഏതറ്റംവരെയും പേരാടാനുള്ള കഴിവ് എന്നിവയാണ് പുസ്തകത്തില്‍ പ്രതിഫലിച്ചുനില്‍ക്കുന്നത്. തന്റെ ചില തീരുമാനങ്ങളെ 'രാജ്യത്തിന്റെ നിലനില്‍പ്പിനായി ആവശ്യമായ കഠിന തീരുമാനങ്ങള്‍' എന്നാണ് അദ്ദേഹം എഴുതുന്നത്. ഇത്തരം വാചകങ്ങള്‍ എടുത്താണ്, 'ഞാനില്ലായിരുന്നെങ്കില്‍ ഇസ്രയേല്‍ ഈ നിലയില്‍ ഉണ്ടായിരിക്കുമായിരുന്നില്ല' എന്നാണ് നെതന്യാഹു പറയുന്നത് എന്ന് വിമര്‍ശകര്‍ ആരോപിക്കുന്നത്. സത്യത്തില്‍ അത് ഒരു അതിവായനയാണ്. പുസ്തകത്തിന്റെ ശൈലി, ഭാഷ, വിഷയങ്ങളുടെ ക്രമം എന്നിവ അദ്ദേഹത്തെ ഇസ്രയേലിന്റെ സുരക്ഷയ്ക്കായുള്ള കേന്ദ്രനായകന്‍ എന്ന രീതിയിലേക്ക് മാറ്റുന്നുണ്ട് എന്ന് വേണമെങ്കില്‍ പറയാം. എല്ലാ ആത്മകഥകളും അങ്ങനെതന്നെയല്ലേ, എന്നാണ് നെത്യാഹുവിന്റെ പക്ഷത്ത് നില്‍ക്കുന്ന എഴുത്തുകാരന്‍ സിയോന്‍ വില്‍മുര്‍ ചോദിക്കുന്നത്. ആത്മകഥയില്‍ അവനവന്‍തന്നെയല്ലേ ഹീറോ.


പുസ്തകത്തില്‍ ഒരിടത്ത് നെതന്യാഹു ഇങ്ങനെ പറയുന്നു. '' ഇസ്രയേലിനെ പ്രതിരോധിക്കുക എന്നത് ഒരു തിരഞ്ഞെടുപ്പല്ല, അത് ഒരു ആവശ്യകതയാണെന്ന് ഞാന്‍ മനസ്സിലാക്കി. ശക്തിയില്ലെങ്കില്‍ നമ്മുടെ നിലനില്‍പ്പ് ഇല്ലാതാകും''- ഇത് എങ്ങനെ അഹങ്കാരമാവും. ഇസ്രയേല്‍ എന്ന കൊച്ചു രാജ്യത്തിന്റെ ചരിത്രം അറിയാവുന്നവര്‍ക്ക് ഉറപ്പായും പറയാം നെതന്യാഹു പറഞ്ഞതില്‍ ഒരു തെറ്റുമില്ലെന്ന്. മറ്റൊരിടത്ത് നെതന്യാഹു ഇങ്ങനെ എഴുതുന്നു-''ഇറാന്‍ കരാറിനെതിരെ ഞാന്‍ ഒറ്റയ്ക്കാണ് നിലനിന്നത്, കാരണം അത് ഇസ്രായേലിന്റെ നിലനില്‍പ്പിന് തന്നെ അപകടമുണ്ടാക്കുമെന്ന് എനിക്കറിയാമായിരുന്നു.'' ഇതും ചരിത്രപരമായി ശരിയാണ്. നെതന്യാഹുവിന്റെ അന്നത്തെ നിലപാട് യഹൂദപക്ഷത്തുനിന്ന് നോക്കുമ്പോള്‍, ഇന്നും ശരിതന്നെയാണ്. ഇറാന്‍ ഒരു ആണവശക്തിയായാല്‍ പിന്നെ ഇസ്രയേല്‍ ഈ ഭുമഖത്ത് ഉണ്ടാവുമോ എന്നത് കണ്ടറിയേണ്ടതാണ്.

നെതന്യാഹുവിന്റെ വ്യക്തിജീവിതം, കുടുംബനഷ്ടം, രാഷ്ട്രീയവിജയങ്ങള്‍, വിമര്‍ശനങ്ങള്‍, ഇസ്രായേലിന്റെ സുരക്ഷയോടുള്ള ദൃഢനിലപാട് എന്നിവയെല്ലാമുണ്ട് ആത്മകഥയില്‍. പുസ്തകം മുഴുവന്‍ നെതന്യാഹു തന്റെ ജീവിതത്തെ ഒരു ദേശസേവനത്തിനുള്ള ദൗത്യമായാണ് കാണിക്കുന്നത്. പുറമെ നിന്ന് നോക്കുന്നവര്‍ക്ക് അത് സ്വയം പൊങ്ങലായി തോന്നാം. പക്ഷേ നെതന്യാഹുവിന്റെ ജീവിതം, അങ്ങനെയല്ല. സ്വന്തം സഹോദരനെവരെ രാജ്യത്തിന് ബലികൊടുത്ത കുടുംബമാണ് അത്. നെതന്യാഹുവിന്റെ ആത്മകഥയില്‍ വിശദമായി ആ ഭാഗം പറയുന്നുണ്ട്. എന്നാല്‍ വിമര്‍ശകര്‍ അതെല്ലാം മൂടിവെക്കുകയാണ്.

ഇസ്രയേലിന്റെ 'സൂപ്പര്‍ കോപ്പ്'

സ്‌കൂള്‍ കാലത്തിനുശേഷം ബഞ്ചമിന്റെ ഏറ്റവും വലിയ ആഗ്രഹം സൈന്യത്തില്‍ ചേരണം എന്നായിരുന്നു. മിലിട്ടറി കമാന്‍ഡറായ മൂത്ത സഹോദരന്‍ ജൊനാഥന്‍ നെതനാഹ്യവായിരുന്നു ഇതിലേക്കുള്ള വഴികാട്ടി. ചോരച്ചാലുകള്‍ ഏറെ കണ്ട മനുഷ്യനാണ് നെതന്യാഹു. തോക്ക്പിടിച്ച് കൈ തഴമ്പിച്ച മനുഷ്യന്‍. നിരവധി തവണ യുദ്ധരംഗത്ത് അദ്ദേഹത്തിന് മാരകമായി പരിക്കേറ്റിട്ടുണ്ട്. മരണം ഒഴിഞ്ഞുപോയത് തലനാരിഴക്കാണ്.

ചെറുപ്പത്തില്‍ കുറച്ചകാലം നെന്യാഹുവിന്റെ കുടുംബം യുഎസില്‍ ആയിരുന്നു. 1967-ല്‍ ഹൈസ്‌ക്കുള്‍ പഠനം പൂര്‍ത്തിയാക്കിയശേഷം അദ്ദേഹം സേനയില്‍ ചേരാന്‍ ഇസ്രായേലിലേക്ക് മടങ്ങി. ഒരു കമാന്‍ഡോയായി പരിശീലനം നേടിയ അദ്ദേഹം പ്രത്യേക സേനാ വിഭാഗമായ സയറെത് മത്കലില്‍ അഞ്ച് വര്‍ഷം സേവനമനുഷ്ഠിച്ചു. 1967-70 ലെ യുദ്ധത്തില്‍ അദ്ദേഹം നിരവധി അതിര്‍ത്തി കടന്നുള്ള ആക്രമണങ്ങളില്‍ പങ്കെടുത്തു. യൂണിറ്റിലെ ടീം ലീഡറായി വൈകാതെ ഉയര്‍ന്നു.

67ലെ 'സിക്സ് ഡേ വാര്‍' ആണ് ഇന്നും ലോകചരിത്രത്തിലെ ഏറ്റവും വിസ്മയകരമായ യുദ്ധമായി കണക്കാക്കപ്പെടുന്നത്. പ്രതാപശാലിയായ നാസറിന്റെ നേതൃത്വത്തില്‍ ഈജിപ്ത് അടക്കം പത്ത് അറബ് സഖ്യകക്ഷികള്‍ നാലുപാടുനിന്നു വളഞ്ഞിട്ട് ആക്രമിക്കുന്നതോടെ, ഇസ്രായേല്‍ എന്ന കൊച്ചു രാഷ്ട്രം തീര്‍ന്നുപോകും എന്നാണ് അമേരിക്ക അടക്കമുള്ളവര്‍ കരുതിയത്. പക്ഷേ ഇസ്രായേല്‍ അവരെ കനത്ത വ്യോമാക്രമണത്തിലുടെ വെറും ആറ് ദിവസം കൊണ്ട് ചരുട്ടിക്കെട്ടി. അങ്ങനെ ഒരുപാട് ഭൂമിയും അവര്‍ പിടിച്ചെടുത്തു. ആ യുദ്ധത്തില്‍ പങ്കെടുത്ത സൈനികര്‍ തന്നെയാണ് പില്‍ക്കാലത്ത് ഇസ്രായേലിന്റെ ഭരണയന്ത്രം നിയന്ത്രിച്ചവരെല്ലാം. നെതന്യാഹു അടക്കം.


മിന്നല്‍ വേഗത്തിലുള്ള പ്രവര്‍ത്തനത്തിലുടെ 'സൂപ്പര്‍ കോപ്' എന്ന പേര് നെതന്യാഹു സ്വന്തമാക്കി. 1968-ലെ ലെബനനിലെ ഇസ്രായേല്‍ റെയ്ഡ് ഇതില്‍ പ്രശസ്തമാണ്. 1972 മെയ് മാസത്തില്‍ ഹൈജാക്ക് ചെയ്യപ്പെട്ട ഒരു വിമാനത്തിലെ കമാന്‍ഡോ ഒപ്പാറേഷനിടെ വെടിയേറ്റെങ്കിലും രക്ഷപ്പെട്ടു. 1972-ല്‍ അദ്ദേഹം സൈനിക സേവനത്തില്‍നിന്ന് വിരമിച്ചു. പക്ഷേ രഹസ്യാന്വേഷണ വിഭാഗത്തില്‍ തുടര്‍ന്നു. പിന്നെ അദ്ദേഹം അമേരിക്കയില്‍ പഠിക്കാന്‍ പോയി. പക്ഷേ അപ്പോഴാണ് വീണ്ടും യുദ്ധമെത്തിയത്. 1973 ഒക്ടോബറിലെ യോം കിപ്പൂര്‍ എന്ന പേരില്‍ പ്രസിദ്ധമായ യുദ്ധം. 1967ല്‍ ഉണ്ടായ കനത്ത തോല്‍വിയെ തുടര്‍ന്ന് ഇനി ഉടനെയൊന്നും അറബ് രാഷ്ട്രങ്ങള്‍ തങ്ങളെ ആക്രമിക്കാന്‍ വരില്ല എന്നായിരുന്ന ഇസ്രായേല്‍ കരുതിയത്. പക്ഷേ സിറിയ, ഈജിപ്ത്, ലെബനന്‍, ജോര്‍ദാന്‍ തുടങ്ങിയ രാജ്യങ്ങള്‍ സംയുക്തമായാണ് ഇസ്രായേലിനെ ആക്രമിച്ചു.

അന്ന് വളരെക്കുറച്ച് ഇസ്രായല്‍ സൈനികള്‍ മാത്രമേ ഫീല്‍ഡില്‍ ഉണ്ടായിരുന്നുള്ളൂ. ആവശ്യത്തിന് വിളിക്കാന്‍ കഴിയുന്ന റിസര്‍വ് സേനയായിരുന്നു ബാക്കിയുള്ളവര്‍. എന്നാല്‍ പൊടുന്നനേ യുദ്ധം ഉണ്ടായതിനാല്‍, സേനയെ ഒരുക്കാന്‍ ഇസ്രായേലിന് ആയില്ല. അതുകൊണ്ടുതന്നെ ആദ്യദിവസങ്ങളില്‍ അറബ് സേന ജയിച്ച് കയറി. അപ്പോഴേക്കും ഇസ്രായേല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള തങ്ങളുടെ സൈനികരെ തിരിച്ചുവിളിച്ചു. അങ്ങനെ അമേരിക്കയില്‍ പഠിക്കാന്‍ പോയ ബെഞ്ചമിന്‍ നെതന്യാഹുവും തിരിച്ചെത്തി വീണ്ടും തോക്കെടുത്തു.

ഈജിപ്ഷ്യന്‍ സേനയ്‌ക്കെതിരെ സൂയസ് കനാലിലൂടെയുള്ള പ്രത്യേക സേന റെയ്ഡുകളില്‍ അദ്ദേഹം പങ്കെടുത്തു. സിറിയന്‍ പ്രദേശത്തിനുള്ളില്‍ കമാന്‍ഡോ ആക്രമണത്തിന് നേതൃത്വം നല്‍കി. അത് വന്‍ വിജയം ആയിരുന്നു. മൂന്നാഴ്ച കൊണ്ട് അറബ് സേനയെ അവര്‍ തുരത്തി. പക്ഷേ ഇസ്രായേലിനും വന്‍ സൈനിക നഷ്ടം ഉണ്ടായി. ആ യുദ്ധത്തിലെ ഹീറോകള്‍ ഒരാളായി നെതന്യാഹുവും അറിയപ്പെട്ടു. ഇസ്രായിലേനാകട്ടെ ആരാലും തോല്‍പ്പിക്കാന്‍ കഴിയാത്ത ഒരു സാത്താന്റെ ഇമേജും അറബികള്‍ക്കിടയില്‍ കിട്ടി.

ചോരയില്‍ കുളിച്ച് രാഷ്ട്രീയത്തിലേക്ക്

പക്ഷേ മൂത്ത സഹോദരന്‍ ജെനാനാഥന്റെ രക്തസാക്ഷിത്വമാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ദു:ഖമെന്നും നെതന്യാഹു പറയുന്നുണ്ട്. ലോക ചരിത്രത്തിലെ ഏറ്റവും സങ്കീര്‍ണ്ണമായ കമാന്‍ഡോ ഓപ്പറേഷനായ 'ഓപ്പറേഷന്‍ എന്റബെയിലാണ്' ജൊനാഥന്‍ കൊല്ലപ്പെടുന്നത്. ഫലസ്തീനിയന്‍ തീവ്രവാദ സംഘടനയായ പി.എഫ്.എല്‍.പി, 1976 ജൂണ്‍ 27ന് എയര്‍ ഫ്രാന്‍സ് വിമാനം റാഞ്ചി, ഉഗാണ്ടയിലെ എന്റബെ എയര്‍പ്പോര്‍ട്ടില്‍ ഇറക്കിയത് ലോകത്തെ നടുക്കിയിരുന്നു. ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ വിമാനത്തിലെ യാത്രക്കാരെ രക്ഷിക്കാന്‍ ഇസ്രയേല്‍ നടത്തിയ ഒരു മിന്നലാക്രമണം നടത്തി. അതിന്റെ പേരാണ് ഓപ്പറേഷന്‍ എന്റബെ. 1976 ജൂലൈ 4നാണ് ഈ കമാന്‍ഡോ ഓപ്പറേഷന്‍ അരങ്ങേറിയത്.


ദൗത്യം വന്‍ വിജയമായി. യാത്രികര്‍ സുരക്ഷിതമായി തിരിച്ചെത്തി. പക്ഷേ വിമാന റാഞ്ചികള്‍ക്കൊപ്പം കാവല്‍ക്കാരായ ഉഗാണ്ടന്‍ സൈനികരും, ചില ഇസ്രായേല്‍ കമാന്‍ഡോകളും കൊല്ലപ്പെട്ടു. അതില്‍ ഇസ്രായേലിന്റെ സൂപ്പര്‍ കമാന്‍ഡോ ജൊനാഥനും ഉള്‍പ്പെട്ടിരുന്നു. സഹോദരന്റെ മരണം വല്ലാതെ ഉലച്ചെങ്കിലും ഓരോ ദേശസ്നേഹിയെയും പോലും അത് തന്നില്‍ അഭിമാനവും ഉയര്‍ത്തിയെന്ന് നെതന്യാഹു പറയുന്നു. ഇന്നും ഇസ്രായേലിന്റെ നാഷണല്‍ ഹീറോകളാണ് എന്റബെ ദൗത്യത്തില്‍ പങ്കെടുത്തവര്‍.

ചേട്ടന്റെ മരണസമയത്ത് നെതന്യാഹു അമേരിക്കയില്‍ തന്റെ കരിയര്‍ മുന്നോട്ട് കൊണ്ടുപോകുകയായിരുന്നു. പക്ഷേ ആ ദുരന്തം നെതന്യാഹുവിനെ മാറ്റിചിന്തിച്ചു. ബിസിനസ്സില്‍ നിന്ന് പൊതു സേവനത്തിലേക്കുള്ള വഴിയിലേക്ക് തിരിയാന്‍ നെതന്യാഹു നിര്‍ബന്ധിതനായി. ബെഞ്ചമിന്റെ സ്വന്തം വാക്കുകളില്‍ പറഞ്ഞാല്‍ തന്റെ രാഷ്ട്രീയ ജീവിതത്തിന്റെ പിറവി അവിടെയായിരുന്നു. തുടര്‍ന്ന് ദ്ദേഹം ജൊനാഥന്‍ ആന്റി ടെറര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചു. 1988-ല്‍ ഇസ്രയേല്‍ പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് നെതന്യാഹുവിന്റെ ഔദ്യോഗിക രാഷ്ട്രീയ ജീവിതമാരംഭിക്കുന്നത്. പിന്നീടുള്ളതെല്ലാം ചരിത്രം.

നെതന്യാഹുവിന്റെ ആത്മകഥയില്‍ എറ്റവും വികാരഭരിതമായി ചിത്രീകരിച്ചിട്ടുള്ള ഭാഗവും ഇതാണ്. പക്ഷേ വിമര്‍ശകര്‍ അത് മുക്കിയിരിക്കയാണ്. തന്റെ ജീവിതവും ലോക വീക്ഷണങ്ങളും കുറിക്കുന്ന പുസ്തകത്തില്‍ എവിടെയും, ഹിറ്റ്ലറുടെ പുസ്‌കത്തിലെന്നപോലെ വംശീയ പരാമര്‍ശങ്ങളില്ല. മറിച്ച് ഒരു കുഞ്ഞു രാഷ്ട്രത്തിന്റെ അതിജീവനത്തിനുള്ള ശ്രമമാണ്. അതുകൊണ്ടുതന്നെ ഹിറ്റ്ലറുടെ ആത്മകഥക്ക് തുല്യമായി വിലയിരുത്തുന്നതൊക്കെ വ്യാജ വാദങ്ങള്‍ തന്നെയാണ്. ആത്മമവിശ്വാസത്തെ ആത്മരതിയാക്കി മാറ്റുകയാണ് വിമര്‍ശകര്‍ ചെയ്യുന്നതെന്നാണ് പുസ്തകം വായിച്ചതിനുശേഷം, ജറുസലോം പോസ്റ്റില്‍ വന്ന ഒരു നിരൂപണം.

ചുരുക്കിപ്പറഞ്ഞാല്‍ എതിരാളികളുടെ കുപ്രചാരണങ്ങള്‍ നെതന്യാഹു എന്ന നേതാവിന് കൂടുതല്‍ മൈലേജ് നല്‍കുകയാണ്. ലാല്‍സലാം സിനിമയില്‍ മോഹന്‍ലാല്‍ പറയുന്ന ഒരു മാസ് ഡയലോഗില്ലേ. 'എടാ ഷുഗറും പ്രഷറുമുള്ള മുതലാളിമാരെ മാത്രമേ നീ കണ്ടിട്ടുള്ളൂ, ഇത് അധ്വാനിച്ച് തഴമ്പുള്ള മുതലാളിയാണെന്ന്'. ലോകത്തിലെ പല രാഷ്ട്രീയ നേതാക്കളെ കാണുമ്പോഴും നമുക്ക് അത് തോന്നും. എ സി റൂമുകളില്‍, ആം ചെയറില്‍ ഇരുന്ന് ചിന്തിക്കുന്നവരാണ് അവര്‍. എന്നാല്‍ 'വിയര്‍പ്പിന്റെ അസുഖമുള്ള' ഒരു ടിപ്പിക്കല്‍ നേതാവല്ല, ഈ 75കാരന്‍. വളഞ്ഞിട്ട് ആക്രമിക്കുന്ന ശത്രുക്കളുടെ ഇടയില്‍നിന്ന് ഇസ്രായേല്‍ എന്ന കൊച്ചുരാജ്യത്തെ രക്ഷിക്കാനായി, തോക്കെടുത്ത് യുദ്ധമുന്നണിയില്‍ അടരാടിയ, പല തവണ മരണത്തെ മുഖാമുഖം കണ്ട, ശരിക്കും ചോരച്ചാലുകള്‍ നീന്തിക്കയറിയ നേതാവാണ് അയാള്‍. പക്ഷേ എതിരാളികള്‍ അദ്ദേഹത്തെ യാതൊരു മൂല്യങ്ങളുമില്ലാത്ത ചെകുത്താന് സമമാക്കി മാറ്റുകയാണ്. ആ പ്രൊപ്പഗന്‍ഡകളുടെ ഭാഗമാണ് 'നാര്‍സിസിസ്റ്റ്' എന്ന വിമര്‍ശനമൊക്കെ വരുന്നത് എന്നാണ് നിഷ്പക്ഷമായി വിഷയം പഠിക്കുമ്പോള്‍ മനസ്സിലാവുക.

വാല്‍ക്കഷ്ണം: യുക്രൈന്‍ യുദ്ധം തുടങ്ങിയ സമയത്ത്, സെലന്‍സ്‌ക്കിയെന്ന നേതാവിന്റെ ധൈര്യത്തെ പുകഴ്ത്തുന്ന കൂട്ടത്തില്‍, ബ്രിട്ടീഷ് പത്രമായ ഡെയ്ലിമെയില്‍ ഒരു ചോദ്യം ചോദിച്ചിരുന്നു. നമ്മളുടെ നേതാക്കളില്‍ എത്രപേര്‍ തോക്ക് കണ്ടിട്ടുണ്ട്. അതിന് സോഷ്യല്‍ മീഡിയ കൊടുത്ത മറുപടി ഇസ്രായേല്‍ നേതാക്കളെ ആയിരുന്നു. 'തോക്ക് പിടിച്ച് തഴമ്പുള്ള മനുഷ്യന്‍' എന്നാണ് ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ആരാധകര്‍ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്! പക്ഷേ നെതന്യാഹു തന്റെ പുസ്തകത്തില്‍ പറയുന്നത് അതിജീവിക്കാനായി തോക്കെടുത്ത മനുഷ്യന്‍ എന്നാണ്.

Tags:    

Similar News