'തിരയടങ്ങിയെന്നു കരുതി തീരത്ത് വീടുവയ്ക്കരുത്, ഞാന്‍ കടലാണ്, തിരിച്ചുവരും'; 2019-ലെ മാസ് ഡയലോഗ് ഫലിച്ചത് 2024-ല്‍; ഒബിസി-മറാത്ത വോട്ടുകള്‍ യോജിപ്പിച്ച ബുദ്ധി; സ്ത്രീകളുടെ പെന്‍ഷനും വോട്ടായി; അമിത് ഷാക്ക് പിന്നാലെ മറ്റൊരു രാഷ്ട്രീയ ചാണക്യന്‍; ഇത് ഫഡ്നാവീസിന്റെ പ്രതികാരം!

Update: 2024-12-04 07:52 GMT

''തിരയടങ്ങിയെന്നു കരുതി തീരത്ത് വീടുവയ്ക്കരുത്. ഞാന്‍ കടലാണ്. തിരിച്ചുവരും''. 2019 -ല്‍ അജിത് പവാറിന്റെ പിന്തുണയോടെ, മഹാരാഷ്ട്ര മുഖ്യമന്ത്രിയായി നാലു ദിവസത്തിനുള്ളില്‍ രാജിവയ്ക്കേണ്ടി വന്ന ദേവേന്ദ്ര ഫഡ്നാവിസ് എന്ന ബിജെപി നേതാവ് പറഞ്ഞ ഒരു മാസ് ഡയലോഗായിരുന്നു ഇത്. അത് പൂര്‍ണ്ണമായും ശരിയായത് 2024-ലാണ്. അതിനിടെ നടന്ന ലോകസ്ഭാ തിരഞ്ഞെടുപ്പിലടക്കം ശക്തമായ തിരിച്ചടിയാണ് മഹായുതി എന്ന് വിളിക്കുന്ന എന്‍ഡിഎ സഖ്യത്തിന് മറാത്ത മണ്ണില്‍ നേരിട്ടത്. ഇത്തരണ ഭരണവിരുദ്ധ വികാരം കൂടി കണക്കിലെടുക്കുമ്പോള്‍, മഹായുതി സഖ്യത്തിന് തിരിച്ചടിയുണ്ടാവുമെന്നാണ് പൊതുവേ കരുതിയത്. എന്നാല്‍ മോദിയുടെ പേരില്‍ വോട്ടുപിടിക്കുക എന്ന പഴയ ടെക്ക്നിക്ക് വിട്ട്, പ്രാദേശിക രാഷ്ട്രീയവും, സംവരണവും, വികസന പ്രശ്നവുമൊക്കെ എടുത്തുകാട്ടി, ജാതി പാര്‍ട്ടികളെ ഹിന്ദു ഐക്യം പറഞ്ഞ് വെട്ടി, ആര്‍എസ്എസുമായി തനിക്കുണ്ടായിരുന്ന അടുത്ത ബന്ധം വീണ്ടും പുനസ്ഥാപിച്ച്, ദേവേന്ദ്ര ഫഡ്നാവീസ് എന്ന 54കാരന്‍ നടത്തിയ തന്ത്രങ്ങളാണ്, സഖ്യത്തെ ചരിത്ര വിജയത്തിലേക്ക് നയിച്ചിരിക്കുന്നത്.

ശരിക്കും ഫഡ്നാവീസിന്റെ മധുര പ്രതികാരമണിത്. തന്നെ താഴെയിറക്കിയ ഉദ്ധവ് താക്കറെയെ പഞ്ചറാക്കി. ശരദ്പവാറിന്റെ എന്‍സിപിയുടെ അവശേഷിക്കുന്ന പല്ലുകള്‍ അടിച്ചുകൊഴിച്ചു. കോണ്‍ഗ്രസിനെയും നിഷ്‌ക്കാസനം ചെയ്തു. ബിജെപിയും, ശിവസേന ഷിന്‍ഡെ പക്ഷവും, എന്‍സിപി അജിത് പവാര്‍ പക്ഷവും ഉള്‍പ്പെടുന്ന മഹായുതി 288-ല്‍ 234 സീറ്റുമായാണ് ഭരണം നിലനിര്‍ത്തിയിരിക്കുന്നത്. ബിജെപി 132 ഉം ശിവസേന ഷിന്‍ഡേ വിഭാഗം 57 ഉം സീറ്റുകളാണ് സ്വന്തമാക്കിയത്. എന്‍സിപി അജിത് വിഭാഗം 41 സീറ്റും നേടി. പ്രതിപക്ഷത്തുള്ള ശിവസേന ഉദ്ധവ് വിഭാഗം ഉള്‍പ്പെട്ട മഹാ വികാസ് അഖാഡി 48 സീറ്റുകളിലൊതുങ്ങി. ലോക്സഭാ തിരഞ്ഞെടുപ്പില്‍ കൂറ്റന്‍ തോല്‍വിയില്‍നിന്നാണ് മാസങ്ങള്‍ക്ക്ശേഷം അവര്‍ കരകയറിയിരിക്കുന്നത്. ആ നിലക്ക് നോക്കുമ്പോള്‍ ശരിക്കും ഒരു രാഷ്ട്രീയ അത്ഭുതമാണ് മഹാരാഷ്ട്രയില്‍ നടന്നിരിക്കുന്നത്.

അതിന് രണ്ട് കാരണങ്ങളാണ്, ടൈംസ് ഓഫ് ഇന്ത്യയെപ്പോലുള്ള ദേശീയ മാധ്യമങ്ങള്‍ എടുത്തുകാട്ടുന്നത്. ഒന്ന് ആര്‍എസ്എസിന്റെ അതിശക്തമായ ഇടപെടല്‍. രണ്ട് അമിത്ഷാക്കുശേഷം ബിജെപിയിലെ പുതിയ രാഷ്ട്രീയ ചാണക്യനായി ഉയര്‍ന്നുവന്ന ദേവേന്ദ്ര ഫഡ്നാവീസിന്റെ രാഷ്ട്രീയ തന്ത്രങ്ങള്‍. ഇപ്പോള്‍ മറാത്താ മുഖ്യമന്ത്രിയായി വീണ്ടും ഫഡ്നാവീസ് തന്നെ അധികാരത്തിലേറുമെന്നണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. വാര്‍ഡ് മെമ്പര്‍ സ്ഥാനത്തുനിന്ന് പടിപിടിയായി ഉയര്‍ന്ന്, സംസ്ഥാന മുഖ്യമന്ത്രിയായ അപൂര്‍വകഥയാണ് ഫഡ്നാവിസിന്റെത്.

ഇന്ദിരയുടെ പേരിലുള്ള സ്‌കൂളില്‍ പഠിക്കില്ല

സിരകളില്‍ സംഘ രാഷ്ട്രീയവുമായി ജനിച്ച നേതാവ് എന്നാണ് ഫഡ്നാവീസിനെക്കുറിച്ചുള്ള വിശേഷം. ആര്‍എസ്എസിന്റെ 'ദേശീയ തലസ്ഥാനമായ', നാഗ്പൂരില്‍ ഒരു ബ്രാഹ്‌മണ കുടുംബത്തില്‍, 1970 ജൂലൈ 22നാണ് ജനനം. പിതാവ് ഗംഗാധര്‍ ഫഡ്നാവിസ് നിതിന്‍ ഗഡ്ക്കരിയടക്കമുള്ള ബിജെപി നേതാക്കളുടെ രാഷ്ട്രീയ ഗുരുവും ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗവും ആയിരുന്നു. അമ്മ സരിത വീട്ടമ്മയായിരുന്നു. നാഗ്പൂരിലുള്ള ഇന്ദിര കോണ്‍വെന്റ്, സരസ്വതി വിദ്യാലയ സ്‌കൂള്‍, ധരംപത് ജൂനിയര്‍ കോളേജ് എന്നിവിടങ്ങളില്‍ നിന്ന് വിദ്യാഭ്യാസം നേടിയ ഫഡ്നാവിസ് നാഗ്പൂര്‍ ഗവ.ലോ കോളേജില്‍ നിയമബിരുദം നേടി. തുടര്‍ന്ന് ജര്‍മനിയിലുള്ള ബര്‍ലിന്‍ യൂണി. നിന്ന് ബിസിനസ് മാനേജ്‌മെന്റില്‍ ബിരുദാനന്തര ബിരുദവം നേടി. നിയമ ബിരുദവും, ബിസിനസ് മാനേജ്മെന്റില്‍ ബിരുദവുമുള്ളവര്‍ രാഷ്ട്രീയത്തിലെന്നില്ല പൊതുസമുഹത്തിലും കുറവാണ്.


 



77-ല്‍ ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥക്കെതിരെ പ്രതികരിച്ചുകൊണ്ടായിരുന്നു, നിധിന്‍ ഗഡ്ക്കരിയുടെ രാഷ്ട്രീയത്തുടക്കം. അച്ഛനെ ജയിലിലിട്ട ഇന്ദിരാഗാന്ധിയുടെ പേരിലുള്ള സ്‌കൂളില്‍ പഠിക്കില്ലെന്നു ശഠിച്ച് അവന്‍ സ്‌കൂള്‍ മാറി. ഒന്നും തളികയില്‍വെച്ച് കിട്ടപെട്ടതല്ല, അടിത്തട്ടില്‍നിന്ന് പടിപടിയായി വളര്‍ന്നുവെന്ന നേതാവാണ് ഫഡ്നാവീസ്. സ്‌കുള്‍ -കോളജ് കാലത്ത് എബിവിപി പ്രവര്‍ത്തകനായിട്ടായിരുന്നു തുടക്കം. 1989-ല്‍ യുവമോര്‍ച്ചയുടെ നാഗ്പുര്‍ വാര്‍ഡ് പ്രസിഡന്റായി തുടങ്ങുമ്പോള്‍ അദ്ദേഹത്തിന് വെറും 19 വയസ്സ്മാത്രമായിരുന്നു പ്രായം. പഠനവും രാഷ്ട്രീയവും ഫഡ്നാവീസ് ഒരുമിച്ചുകൊണ്ടുപോയി.

തുടര്‍ന്ന്, ബി.ജെ.പി നാഗ്പൂര്‍ വെസ്റ്റ് മണ്ഡലം ഭാരവാഹി, യുവമോര്‍ച്ച നാഗ്പൂര്‍ ജില്ല പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളിലെത്തി. 27ാം വയസ്സില്‍ നാഗ്പുര്‍ മേയര്‍ ആയതാണ് ഫഡ്നാവീസിന്റെ ജീവിതത്തിലെ വഴിത്തിരിവ്. വിദേശത്തുപോയി ഉന്നത വിദ്യാഭ്യാസവും, മികച്ച രാഷ്ട്രീയ വീക്ഷണവുമുള്ള ഈ ചെറുപ്പക്കാരന്‍ പാര്‍ട്ടിക്ക് മുതല്‍ക്കൂട്ടാവുമെന്ന് കണ്ടെത്തിയത് ആര്‍എസ്എസ്തന്നെയാണ്. വളരെ പെട്ടന്നുതന്നെ ജനങ്ങളെ ആകര്‍ഷിക്കാന്‍ ഫഡ്നാവീസിന് കഴിഞ്ഞു. അതോടെ അടുത്ത തവണ അയാള്‍ നാഗ്പുര്‍ സൗത്ത് വെസ്റ്റ് മണ്ഡലത്തിലെ ബിജെപി അസംബ്ലി സ്ഥാനാര്‍ത്ഥിയായി. 1999 മുതല്‍ നാഗ്പുര്‍ സൗത്ത് വെസ്റ്റില്‍ നിന്ന് അഞ്ചു തവണ നിയമസഭാംഗമായി.

അപ്രതീക്ഷിത മുഖ്യമന്ത്രി

ഡോ മന്‍മോഹന്‍സിങിനെ, 'ദ ആക്സിഡന്‍ഷ്യല്‍ പ്രൈം മിനിസ്റ്റര്‍' എന്ന് വിളിക്കാവുറുണ്ട്. അതുപോലെ 'ദ ആക്സിഡന്‍ഷ്യല്‍ ചീഫ് മിനിസ്റ്ററാണ്' ഫഡ്നാവീസ്. 2014- ല്‍ സീനിയര്‍ നേതാക്കളൊയൊക്കെ പിന്തള്ളി, ഈ 44 കാരന്‍ മഹാരാഷ്ട്രപോലെ ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ ഒരു രാജ്യത്തിന്റെ മുഖ്യമന്ത്രിയാവുമെന്ന് ആരും പ്രതീക്ഷിച്ചതല്ല. പ്രമോദ് മഹാജന്‍, ഗോപിനാഥ് മുണ്ടെ, നിതിന്‍ ഗഡ്കരി, ഏക്നാഥ് ഖഡ്സെ തുടങ്ങിയ മഹാരാഷ്ട്ര ബിജെപി രാഷ്ട്രീയത്തിലെ വമ്പന്‍മ്മാരുടെ പേരാണ് അന്ന് പറഞ്ഞുകേട്ടിരുന്നത്. പക്ഷേ എംഎല്‍എ എന്ന നിലയിലുള്ള പ്രവര്‍ത്തന മികവും, വാക്ചാതുരിയും ഉണ്ടെങ്കിലും ഇവര്‍ക്ക് പിന്നില്‍ രണ്ടാം നിരയിലാണ്, ഫഡ്നാവീസ് നിന്നിരുന്നത്.

2013-ല്‍ ഗോപിനാഥ് മുണ്ടെ പക്ഷവും ഗഡ്കരി വിഭാഗവും തമ്മില്‍ വടംവലി മുറുകിയപ്പോള്‍ അനുരഞ്ജന സ്ഥാനാര്‍ഥിയായിയായാണ് ഫഡ്നാവിസ് സംസ്ഥാന അധ്യക്ഷ പദത്തിലെത്തിയത്. അതോടെ പാര്‍ട്ടിയിലെ ഗ്രൂപ്പിസം നന്നായി കുറഞ്ഞു. ഫഡ്നാവീസിന് കാര്യങ്ങള്‍ ചെയ്യാനറിയാമെന്ന് ദേശീയ നേതൃത്വം വിശ്വസിച്ചത് അതോടെയാണ്. 2014 -ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി - സേന സഖ്യത്തിന് 48 ല്‍ 41 സീറ്റും നേടാന്‍ മുന്നില്‍ നിന്നു പട നയിച്ചത് ഫഡ്നാവീസ് ആയിരുന്നു. തൊട്ടുപിന്നാലെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ 288 ല്‍ 122 സീറ്റുമായി ചരിത്രത്തിലെ ഏറ്റവും വലിയ വിജയം നേടി. അപ്പോഴും പാര്‍ട്ടിയില്‍ ഗ്രൂപ്പിസം വന്നു. ഏക്നാഥ് ഖഡ്സെ മുഖ്യമന്ത്രിയാകുമെന്ന് കരുതിയപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാര്‍ട്ടി അധ്യക്ഷന്‍ അമിത്ഷായും ഫഡ്നാവീസിനുവേണ്ടി വാദിച്ചു.


 



്അങ്ങനെയാണ് വെറും 44- ാം വയസ്സില്‍ മഹാരാഷ്ട്രയുടെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ മുഖ്യമന്ത്രിയായി ഫഡ്നാവീസ് അധികാരമേല്‍ക്കുന്നത്. പക്ഷേ കുറച്ചുകാലം കൊണ്ടുതന്നെ മഹാരാഷ്ട്രയിലെ എറ്റവും ജനകീയനായ മുഖ്യമന്ത്രിയായി മാറി. പിന്നീടുള്ള ഭൂരിഭാഗം തദ്ദേശ തിരഞ്ഞെടുപ്പുകളിലും ബിജെപിക്കു ജയമായി. പക്ഷേ മറ്റൊരു ലക്ഷ്യം ഫഡ്നാവീസിന്റെ മനസ്സിലുണ്ടായിരുന്നു. മറാത്ത രാഷ്ട്രീയത്തില്‍ എന്നും വിലപേശല്‍ ശക്തിയായിരുന്ന, ശിവസേനയെ ഒതുക്കുക എന്നത്. അതിന് അദ്ദേഹം നടത്തിയ ശ്രമങ്ങള്‍ പലപ്പോഴും ഫാസിസ്റ്റ് എന്ന ചീത്തപ്പേര് കേള്‍പ്പിച്ചു.

2019-ലെ അട്ടിമറികള്‍

2014-ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ 27.81 ശതമാനം വോട്ടോടെ 122 സീറ്റുകള്‍ നേടി ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയതോടെയാണ,് 63 സീറ്റുകള്‍ നേടിയ ശിവസേന അവരെ പിന്തുണക്കാന്‍ തീരുമാനിച്ചത്. തുടര്‍ന്നണ് ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയാവുന്നത്. മഹാരാഷ്ട്ര ബി.ജെ.പിയുടെ ആദ്യത്തെ മുഖ്യമന്ത്രിയും, വസന്തറാവു നായ്ക്കിന് ശേഷം കാലാവധി തികച്ച് ഭരിച്ച ആദ്യത്തെ മുഖ്യമന്ത്രിയുമാണ് ദേവേന്ദ്ര ഫഡ്നാവിസ്. ഈ ഭരണക്കാലത്ത് ഇന്ത്യാടുഡേ അടക്കം നടത്തിയ നിരവധി സര്‍വേകളില്‍ രാജ്യത്തെ ഏറ്റവും നല്ല മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത് ഫഡ്നാവീസ് ആയിരുന്നു. 'പുരോഗമന കേരളം' ഇനിയും നടപ്പാക്കാത്ത അന്ധവിശ്വാസ നിര്‍മ്മാര്‍ജ്ജന ബില്‍വരെ മഹാരാഷ്ട്ര നടപ്പിലാക്കിയത് ഫഡ്നാവീസിന്റെ കാലത്താണ്. റോഡും, സ്‌കൂളുും, ശൗചാലയങ്ങളുമായി അടിസ്ഥാന മേഖലയില്‍ വികസനം എത്തിക്കാനും അദ്ദേഹം ശ്രമിച്ചു.

2019-ല്‍ നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ 106 സീറ്റുകള്‍ നേടി ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായി. ശിവസേനക്ക് 56 സീറ്റുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഉദ്ധവ് താക്കറെയും കൂട്ടരും പാലം വലിച്ചു. മുഖ്യമന്ത്രി സ്ഥാനം തങ്ങള്‍ക്ക് വേണമെന്നായി അവര്‍. അതോടെ ബി.ജെ.പി-ശിവസേന സഖ്യം തകര്‍ന്നു. എന്നാല്‍ ഫഡ്നാവീസ് വെറുതെയിരുന്നില്ല. അദ്ദേഹം ശരത് പവാറിന്റെ എന്‍സിപിയെ പിളര്‍ത്തി. 2019 നവംബര്‍ 23ന് വിമത എന്‍.സി.പി നേതാവായ അജിത് പവാറിന്റെ പിന്തുണയോടെ ഫഡ്നാവീസ് മുഖ്യമന്ത്രിയായി. പക്ഷേ കൂടുതല്‍ എംഎല്‍എമാവും ശരത് പവാറിന് ഒപ്പമായിരുന്നു. അതോടെ നവംബര്‍ 26ന് നടന്ന അവിശ്വാസത്തില്‍ പരാജയപ്പെട്ട് ഫഡ്നാവിസിന് സ്ഥാനമൊഴിയേണ്ടി വന്നു. അപമാനിതനായി പുറത്തുപോകേണ്ടി വന്ന ആ ഘട്ടത്തില്‍ ഫഡ്നാവീസ് പറഞ്ഞ ഡയലോഗാണ് ഇന്ന്് സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുന്നത്-''തിരയടങ്ങിയെന്നു കരുതി തീരത്ത് വീടുവയ്ക്കരുത്, ഞാന്‍ കടലാണ്, തിരിച്ചുവരും''.

തുടര്‍ന്ന് ശിവസേനാ നേതാവ്, ഉദ്ധവ് താക്കറെ, കോണ്‍ഗ്രസ് പിന്തുണയോടെ മുഖ്യമന്ത്രിയാവുന്നതും, മഹാവികാസ് അഘാടിയെന്ന സംഖ്യം മറാത്ത മണ്ണില്‍ വേരുറപ്പിക്കുന്നതുമാണ്, സംസ്ഥാനം പിന്നീട് കണ്ടത്. പക്ഷേ ഫഡ്നാവീസ് വെറുതെയിരുന്നില്ല. അയാള്‍ തിരിച്ച് എന്‍സിപിയില്‍പോയ അജിത് പവാറിനെക്കൊണ്ട് പാര്‍ട്ടി പിളര്‍ത്തിച്ചപോലെ ഉദ്ധവിന്റെ നേതൃത്വത്തിലുള്ള ശിവസനേയെയും പിളര്‍ത്തി. 56 നിയമസഭാംഗങ്ങളില്‍ 39 പേരും ഏകനാഥ് ഷിന്‍ഡെക്കൊപ്പം പോയതോടെ പ്രതിസന്ധിയിലായ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ 2022 ജൂണ്‍ 30ന് നടത്താനിരുന്ന വിശ്വാസവോട്ടെടുപ്പിന് മുന്‍പ് ജൂണ്‍ 29ന് രാജിവച്ചു. അതോടെ ദേവേന്ദ്ര ഫഡ്നാവിസ് സര്‍ക്കാര്‍ രൂപീകരണത്തിന് ഗവര്‍ണറെ സമീപിച്ച് 162 പേരുടെ പിന്തുണ അറിയിച്ചു. ജൂണ്‍ 30ന് വിമത ശിവസേന നേതാവായ ഏകനാഥ് ഷിന്‍ഡെയെ മുഖ്യമന്ത്രിയായി. ഫഡ്നാവിസ് ഉപമുഖ്യമന്ത്രിയായി. പക്ഷേ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സഖ്യം തോറ്റു. പക്ഷേ നിയമസഭയില്‍ ഫാഡ്വാദീസ് വീണ്ടും കരുത്തുകാട്ടി.


 



സംവരണവും സ്ത്രീക്ഷേമവും വോട്ടായി

ഫഡ്നാവീസ് എന്ന മനുഷ്യനെ പൊളിറ്റിക്കല്‍ എഞ്ചിനീയറിങ്ങിന്റെ വിജയം കൂടിയാണ് മറാത്തയില്‍ കണ്ടത്. വികസനം പറഞ്ഞോ തീവ്ര ഹിന്ദുത്വം പറഞ്ഞോ ആയിരുന്നില്ല, ഈ അസംബ്ലി ഇലക്ഷനിലെ, ബിജെപയുടെ തിരഞ്ഞെടുപ്പ് പ്രചാരണം. ഹിന്ദു ഐക്യമെന്ന് മാത്രം പറഞ്ഞായിരുന്നു വോട്ടുതേടല്‍. ലോക്സഭ തിരഞ്ഞെടുപ്പിലെ തോല്‍വി മനസിലാക്കി മോദിയെന്ന ഫാക്ടര്‍ വിട്ട് പ്രാദേശിക നേതൃത്വത്തിലേക്ക് ഇറങ്ങി ചെന്ന്, മഹായുതി വോട്ട് കൂട്ടി. അതാകട്ടെ വിജയം കാണുകയും ചെയ്തു. ഏക് ഹേ തോ സേഫ് ഹെ, ബട്ടേങ്കേ തോ കട്ടേങ്കേ ഈ പ്രചാരണ വാക്യം സംവരണ വിഷയത്തില്‍ ഭിന്നിച്ച് നില്‍ക്കുന്ന ഒബിസി വോട്ടുകളെയും മറാത്ത വോട്ടുകളെയും മഹായുതി സഖ്യത്തിലേക്ക് എത്തിച്ചു.

തിരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മുന്‍പ് മാത്രം മഹായുതി സഖ്യം കൊണ്ടു വന്ന ലഡ്കി ബാഹിന്‍ യോജന, സ്ത്രീകളുടെ വോട്ടും അനുകൂലമാക്കി. മഹാരാഷ്ട്ര ജനസംഖ്യയുടെ 55 ശതമാനം പേര്‍ക്കാണ് ഈ ആനുകൂല്യം ലഭ്യമായത്. അതായത് ഏകദേശം 2.25 കോടി രൂപ. നാല് മാസത്തിനുള്ളില്‍ 1500 രൂപ വീതം സ്ത്രീകളുടെ കൈകളിലെത്തിയത് 7500 രൂപയാണ്. വീണ്ടും അധികാരത്തിലേറ്റിയാല്‍ ഇപ്പോള്‍ ലഭിക്കുന്ന 1500 രൂപ 2100 ആക്കി ഉയര്‍ത്തുമെന്നും മഹായുതി വാഗ്ദാനം നല്‍കി. കര്‍ഷക വോട്ടുകളെ ലക്ഷ്യം വെച്ച മഹാവികാസ് അഘാഡിയുടെ തന്ത്രത്തെയും മഹായുതി പൊളിച്ചു.

ഹരിയാനയിലെ പാഠവും ഉള്‍കൊള്ളാതെ തിരഞ്ഞെടുപ്പിനിറങ്ങിയ കോണ്‍ഗ്രസിന് സംഭവിച്ചത് വലിയ നഷ്ടം. 2019 ല്‍ നേടിയ 44 സീറ്റില്‍ നിന്ന് 15 ലേക്ക് കോണ്‍ഗ്രസ് ചുരുങ്ങി. നേര്‍ക്കുനേര്‍ പോരാട്ടം നടന്നതില്‍ കോണ്‍ഗ്രസിനെ അടപടലം അപ്രസക്തമാക്കി ബിജെപി. നാന പഠോളയുടെ മേഖലയായ വിദര്‍ഭയിലും കോണ്‍ഗ്രസിനെ കൊണ്ട് കൂട്ടിയാല്‍ കൂടില്ലെന്ന വിശ്വാസം ബിജെപി അരക്കിട്ടുറപ്പിച്ചു. 26.77 ശതമാനമാണ് ബിജെപിയുടെ വോട്ട് വിഹിതം. കോണ്‍ഗ്രസിന്റെ വോട്ട് വിഹിതം 12.42 ശതമാനവും ശിവസേനയുടെ വോട്ട് 12.38 ശതമാനവുമാണ്.

പിളര്‍ന്ന പാര്‍ട്ടികളുടെ അവകാശം നിര്‍ണയിക്കുന്ന തിരഞ്ഞെടുപ്പ് കൂടിയായിരുന്നു ഇത്. പവാര്‍ പവറിനായുള്ള ഏറ്റുമുട്ടലില്‍ കിതച്ച് കിതച്ചാണ് ശരദ് പവാറിന്റെ എന്‍സിപി രണ്ടടക്കം കടന്നത്. പവാര്‍ പക്ഷത്തിന്റെ 2019 ലെ നിലയില്‍ നിന്ന് വലിയ മാറ്റം ഉണ്ടായിട്ടില്ല. എന്നാല്‍ ബാരാമതിയില്‍ അജിത് പവാര്‍ നേടിയ വിജയം, ഞാനാണ് യഥാര്‍ഥ എന്‍സിപി എന്ന ശരദ് പവാറിന്റെ അവകാശ വാദത്തിന് തിരിച്ചടിയാണ്. എന്‍സിപിയിലെ അജിത് പവാര്‍ വിഭാഗത്തിന് ഇത് ഒരു തരത്തിലുള്ള പുനരുജ്ജീവനമാണ്. ശരദ് പവാര്‍ പിന്തുണച്ച അനന്തരവന്‍ യുഗേന്ദ്ര പവാറിനെ ഒരു ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അജിത് പവാര്‍ പരാജയപ്പെടുത്തിയത്. എന്‍സിപിയുടെ ധര്‍മ്മറാവു അത്രം തന്റെ മകള്‍ എന്‍സിപിയുടെ (എസ്പി) ഭാഗ്യശ്രീയെ പരാജയപ്പെടുത്തിയതോടെ അഹേരി മറ്റൊരു കുടുംബാന്തര പോരാട്ടവും കണ്ടു. പുസാദില്‍ എന്‍സിപിയുടെ (എസ്പി) ശരദ് മൈന്ദിനെ ഇന്ദ്രനില്‍ നായിക് തോല്‍പിച്ചപ്പോള്‍, ബസ്മത്തില്‍ എന്‍സിപിയുടെ (എസ്പി) ജയപ്രകാശ് ദണ്ഡേഗാവോങ്കറിനെതിരെ ചന്ദ്രകാന്ത് നവഘരെ ഒന്നാം സ്ഥാനത്തെത്തി.

പ്രമുഖ ഒബിസി നേതാവും മഹാരാഷ്ട്ര മന്ത്രിയുമായ ഛഗന്‍ ഭുജ്ബല്‍ യെയോലയില്‍ എന്‍സിപിയുടെ (എസ്പി) മണിക്രാവു ഷിന്‍ഡെയെ പരാജയപ്പെടുത്തി. കോണ്‍ഗ്രസിനോട് സീറ്റുകള്‍ പിടിച്ച് വാങ്ങിയ ഉദ്ധവിന്റെ ശിവസേനക്കും, ഇനി ഞങ്ങളാണ് യഥാര്‍ഥ സേനയെന്ന് അവകാശവാദം ഉന്നയിക്കാനാവില്ല. 2019 ല്‍ ഷിന്‍ഡേ വിഭാഗത്തിനുള്ളതിനേക്കാള്‍ കൂടുതല്‍ സീറ്റ് ഈ തിരഞ്ഞെടുപ്പില്‍ അവര്‍ നേടി. അതായത് ഫഡ്നാവീസ് തന്റെ മധുരപ്രതികരം നിറവേറ്റിയെന്ന് ചുരുക്കം.


 



തിരിച്ചെത്തിയ ആര്‍എസ്എസിന്റെ കുഞ്ഞാട്

ഇപ്പോള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ഈ വിജയം മഹായുതിക്ക് സമ്മാനിച്ചതില്‍ ചെറുതല്ലാത്ത പങ്ക് ആര്‍എസ്എസിനുണ്ട്. ബിജെപിയെ പോലെതന്നെ ആര്‍എസ്എസിനും ഈ തിരഞ്ഞെടുപ്പ് നിര്‍ണായകമായിരുന്നു. അടുത്ത് വരുന്ന 100ാം വാര്‍ഷികത്തില്‍, തങ്ങളുടെ ആസ്ഥാനിമിരിക്കുന്ന സംസ്ഥാനം എതിരാളികള്‍ ഭരിക്കുന്നത് കാണാന്‍ ആര്‍ക്കും താല്‍പ്പര്യമുണ്ടാവില്ല. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആര്‍എസ്എസ് വിട്ട് നിന്നതോടെയാണ് ബിജെപി ഈ രീതിയില്‍ തോറ്റത്.

നേരത്തെ ഫഡ്നാവീസും ആര്‍എസ്എസും തമ്മിലുള്ള ബന്ധം മോശമായിരുന്നു. ലോക്‌സഭയിലെ മഹായുതി സഖ്യത്തിന്റെ മോശം പ്രകടനത്തെ തുടര്‍ന്ന് ഫഡ്‌നാവിസിനെ ഡല്‍ഹിയിലേക്ക് മാറ്റുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തെ പാര്‍ട്ടിയുടെ മുഖമായി ഉയര്‍ത്തിക്കാട്ടുന്നതിനു പകരം കൂട്ടായ നേതൃത്വത്തെ അവതരിപ്പിക്കാനുള്ള നീക്കവും നടന്നു. ഇതെല്ലാം ആര്‍എസ് എസിന്റെ തന്ത്രത്തിന്റെ ഭാഗമായിരുന്നു. എന്നാല്‍ ആര്‍എസ്എസ് മനസ്സ് തിരിച്ചറിഞ്ഞ് ഫഡ്നാവീസ് എല്ലാ പ്രശ്നവും പറഞ്ഞു പരിഹരിച്ചു.

അടുത്ത കാലത്ത് നിരവധി തവണയാണ് ആര്‍ എസ്എസ് തലവന്‍ മോഹന്‍ ഭാഗവതിനെ ഫഡ്നാവീസ് നേരിട്ട് കണ്ടത്. മോദി പ്രഭാവത്തിനപ്പുറം ഹൈന്ദവ വോട്ട് ഏകീകരണത്തില്‍ ശ്രദ്ധിക്കണമെന്ന ഉപദേശം ഫഡ്നാവീസിന് നാഗ്പൂര്‍ നല്‍കി. തങ്ങള്‍ക്ക് ഏറെ താല്‍പ്പര്യമുള്ള ഉദ്ദവ് താക്കറയുടെ ശിവസേനയെ ബിജെപി മുന്നണിയില്‍ നിന്ന് അകറ്റിയത് ഫ്ഡനാവീസ് ആണെന്നായിരുന്നു ആര്‍എസ്എസ് തുടക്കത്തില്‍ വിലയിരുത്തിയത്. ഫഡ്നാവീസിന്റെ ഏകപക്ഷീയ നിലപാടുകളിലും എതിര്‍പ്പുണ്ടായി. കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്ഗരിയെ ഫഡ്നാവീസ് അവഗണിക്കുന്നതും, ആര്‍എസ്എസിനെ ചൊടിപ്പിച്ചു.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് അത് തിരിച്ചടിയായി മാറി. ഇതോടെ ഫഡ്നാവീസ് തിരുത്തലുകള്‍ക്ക് ഇറങ്ങി. നാഗ്പൂരിലെ ആര്‍ എസ് എസ് ആസ്ഥാനത്തേക്ക് നിരന്തരം എത്തി. മഹായുതി സഖ്യ ചര്‍ച്ചകളില്‍ കരുതല്‍ കാട്ടി. വിവാദങ്ങളില്‍ നിന്നും പരമാവധി അകന്നു. ഒരു ഘട്ടത്തില്‍ ഉപമുഖ്യമന്ത്രി പദം ഒഴിയാമെന്നും അറിയിച്ചിരുന്നു. പിന്നാലെ ആര്‍എസ്എസും അയഞ്ഞു. മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫഡ്‌നവിസിന്റെ നേതൃത്വത്തിലാണ് മഹായുതി സഖ്യം തിരഞ്ഞെടുപ്പ് നേരിടുന്നതെന്ന് പ്രചാരണത്തിനിടയില്‍ കേന്ദ്രമന്ത്രി അമിത് ഷാ പറയുകയുമുണ്ടായി. എന്നാല്‍, ഘടകകക്ഷികള്‍ക്ക് ഇത് രസിക്കാത്തതിനാലും, മറാഠാ സംവരണ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്ന ജരാങ്കെ പാട്ടീല്‍ മുഖ്യശത്രുവായി കാണുന്നത് ദേവേന്ദ്ര ഫഡ്‌നവിസിനെയായതിനാലും പിന്നീടുള്ള പ്രചാരണ പരിപാടികളില്‍ ആ നിലപാട് പാര്‍ട്ടി ഉറപ്പിക്കുകയുണ്ടായില്ല. മുഖ്യമന്ത്രിപദം മുന്നണി തീരുമാനിക്കുമെന്നായിരുന്നു പിന്നീട് പറഞ്ഞത്. ഇപ്പോള്‍ വന്‍ വിജയം നേടിയതോടെ മുഖ്യമന്ത്രി സ്ഥാനത്തേക്കും ആര്‍എസ്എസിന്റെ മനസ്സില്‍ മറ്റൊരുപേരില്ല. അമിത് ഷാക്കുശേഷം ശരിക്കും ഒരു രാഷ്ട്രീയ ചാണക്യനായി ഫഡ്നാവീസ് ഉയര്‍ന്നുവെന്നാണ് വിലയിരുത്തല്‍.

ഇപ്പോള്‍ ഉദ്ധവ് താക്കറെയെ അടുപ്പിക്കണമെന്ന ആഗ്രഹം ആര്‍ എസ് എസിനുണ്ട്. 9 എംപിമാര്‍ താക്കറെയ്ക്ക് ലോക്‌സഭയിലുണ്ട്. അതുകൊണ്ട് തന്നെ ഷിന്‍ഡെ പാലം വലിച്ചാലും ബിജെപിയുടെ കേന്ദ്ര സര്‍ക്കാരിന് പ്രതിസന്ധിയില്‍ നിന്നും കരകയറാം. 288 അംഗ സഭയില്‍ 145പേരുണ്ടെങ്കില്‍ ഭൂരിപക്ഷമാകും. അജിത് വിഭാഗത്തിന്റെ പിന്തുണയുള്ളതുകൊണ്ട് തന്നെ ഷിന്‍ഡേ പിണങ്ങിയാലും ബിജെപിക്ക് മഹാരാഷ്ട്ര ഭരിക്കാം. എന്നാല്‍ കേന്ദ്രത്തില്‍ ബിജെപിക്ക് ഭൂരിപക്ഷമില്ലാത്തതാണ് പ്രതിസന്ധി. ബിജെപിയുടെ ഹിന്ദുത്വ രാഷ്ട്രീയവുമായി ഏറെ അടുത്തു പോകുന്ന പാര്‍ട്ടിയാണ് ശിവസേന. ബാല്‍താക്കറെ ബിജെപിയുടെ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്കുവഹിച്ച സഖ്യ നേതാവായിരുന്നു. താക്കറെയുടെ മകന്‍ ബിജെപിക്കൊപ്പം വേണമെന്നതാണ് ആര്‍ എസ് എസ് ആഗ്രഹം. അതിനുള്ള സാഹചര്യം സൃഷ്ടിക്കാന്‍ ഫഡ്നാവിസിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അറിയുന്നുണ്ട്. അതായത് മറാത്തയിലെ രാഷ്ട്രീയ നാടകങ്ങള്‍ അടുത്തൊന്നും അവസാനിക്കില്ല എന്ന് ചുരുക്കം.

വാല്‍ക്കഷ്ണം: മഹാരാഷ്ട്രയില്‍ പോള്‍ ചെയ്തതിനേക്കാള്‍ 5,04,313 വോട്ട് എണ്ണിയെന്നുള്ള ദി വയറിന്റെ ആരോപണം വലിയ വിവാദമായിരുന്നു. പക്ഷേ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത് തള്ളിയിരിക്കയാണ്. പോള്‍ ചെയ്ത വോട്ടും എണ്ണിയ വോട്ടും തമ്മില്‍ അന്തരമില്ലെന്നും പോസ്റ്റല്‍ ബാലറ്റ് ആണ് അധിക വോട്ടായി ദി വയര്‍ റിപ്പോര്‍ട്ട് ചെയ്തതെന്നുമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നത്. പോസ്റ്റല്‍ ബാലറ്റുകള്‍ ഇ വി എം വോട്ടുകളില്‍ കണക്കുകൂട്ടാറില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരിച്ചിട്ടുണ്ട്. ജയിക്കുമ്പോള്‍ അത് തങ്ങളുടെ മിടുക്ക്, തോല്‍ക്കുമ്പോള്‍ ഇ വി എം ക്രമക്കേട് എന്ന പതിവ് കലാ പരിപാടി, കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ ഇനിയെങ്കിലും മാറ്റിപ്പിടിക്കേണ്ടതാണ്.

Similar News