ഉടുതുണിക്ക് മറുതുണിയില്ലാതെ കുടിയേറിയെത്തിയവര്‍ക്ക് നിവര്‍ന്ന് നില്‍ക്കാന്‍ ആയതോടെ നിറം മാറി; ഭീകരാക്രമണങ്ങള്‍ പെരുകിയതോടെ പൊളിറ്റിക്കല്‍ ഇസ്ലാമിസ്റ്റുകള്‍ക്ക് എതിരെ ചെറുത്തുനില്‍പ്പിന്റെ ആയുധം പുറത്തെടുത്ത് യൂറോപ്യന്‍ രാജ്യങ്ങള്‍; അനധികൃത കുടിയേറ്റക്കാരെ വിലക്കിയും പുറത്താക്കിയും കടുത്ത നടപടികള്‍; യൂറോപ്പ് മൊത്തത്തില്‍ വലത്തോട്ട് ചായുന്നതിന് പിന്നില്‍

യൂറോപ്പ് മൊത്തത്തില്‍ വലത്തോട്ട് ചായുന്നതിന് പിന്നില്‍

Update: 2025-08-08 10:25 GMT

2050 ഓടെ യു കെ ഇസ്ലാമിക രാജ്യമായിത്തീരും! ഒരു പ്രദേശത്ത് 15 ശതമാനം ജനസംഖ്യയില്‍ എത്തിയാല്‍ എങ്ങനെ അവിടുത്തെ അധികാരം പിടിക്കാമെന്നതിന്റെ കൃത്യമായ കണക്കുമായി, ചില ഇസ്ലാമിക ഗ്രൂപ്പുകള്‍ തന്നെ ഉണ്ടാക്കിയതെന്ന് പറയുന്ന, ഈ ലേഖനം നേരത്തെ വലിയ ചര്‍ച്ചയായിരുന്നു. ലണ്ടന്‍ നഗരത്തിലടക്കം ഉയരുന്ന 'ശരിയ്യ ഫോര്‍ യുകെ' എന്ന് ബാനര്‍ എഴുതിയ വലിയ പ്രകടനങ്ങള്‍ ഇതിന്റെ സൂചകങ്ങളാണ്. യു കെയിലെ, പൊലീസ് പോലും കയറാന്‍ മടിക്കുന്ന മുസ്ലീം ഗെറ്റോകളെക്കുറിച്ച് ഡെയ്ലിമെയില്‍ അടക്കമുള്ള മാധ്യമങ്ങളില്‍ പലതവണ വാര്‍ത്ത വന്നിട്ടുമുണ്ട്.

ഇത് ബ്രിട്ടനില്‍ മാത്രമുള്ള സാധനമല്ല. യൂറോപ്പിന്റെ മൊത്തത്തിലുള്ള അവസ്ഥയാണ്. ഇസ്ലാമികവത്ക്കരണം അവിടുത്തെ ജനജീവിതത്തെ ബാധിക്കുന്ന ഒരു പ്രശ്നമായിരിക്കുന്നു. കഴിഞ്ഞ ഒരുവര്‍ഷത്തിലുള്ളില്‍ മാത്രം യൂറോപ്പില്‍ 20ഓളം ചെറുതും വലുതുമായ ജിഹാദി ആക്രമണങ്ങളുണ്ടായി എന്നാണ് കണക്ക്. തന്റെ ഒന്നാമൂഴത്തില്‍, ട്രംപ് അമേരിക്കയിലെ കുടിയേറ്റക്കാര്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിച്ചപ്പോള്‍, ലിബറല്‍ സമീപനം സ്വീകരിച്ചവരാണ് യൂറോപ്പുകാര്‍. എന്നാല്‍ അവരും ഇപ്പോള്‍ ട്രംപിന്റെ വഴിയെ നീങ്ങുകയാണ്. ഇസ്ലാമിസ്റ്റുകളെ കൊണ്ടുള്ള പാര്‍ശ്വഫലം എന്നോണം യൂറോപ്പില്‍ തീവ്ര വലതുപക്ഷ കക്ഷികളും പത്തി വിടര്‍ത്തുകയാണ്. ചര്‍ച്ചുകള്‍ ബാറുകളാവുന്ന രീതിയില്‍ മതം മരിച്ച സ്‌കാന്‍ഡനേവിയന്‍ രാജ്യങ്ങളില്‍ പോലും, ഇസ്ലാമിനെ പ്രതിരോധിക്കാനെന്ന പേരില്‍ തീവ്രവലതുപക്ഷം വളരുകയാണ്. പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ ഈ വിപത്ത് കണ്ടറിഞ്ഞ് കടുത്ത നടപടികളാണ്, യൂറോപ്യന്‍ രാജ്യങ്ങള്‍ സ്വീകരിച്ചിരിക്കുന്നത്.

ശരിയ്യ ഫോര്‍ ജര്‍മ്മനി

കഴിഞ്ഞ എട്ടുവര്‍ഷത്തിനുള്ളില്‍ പത്തുലക്ഷം മുസ്ലീങ്ങളെ സ്വീകരിച്ച രാജ്യമാണ് ജര്‍മ്മനി. ഇസ്ലാമിക രാജ്യങ്ങള്‍ പോലും മടിച്ചു നില്‍ക്കുമ്പോള്‍, സിറിയയില്‍ നിന്നും, അഫ്ഗാനില്‍ നിന്നും വരുന്ന അഭയാര്‍ത്ഥികളെ പോലും ആ രാജ്യം സ്വീകരിച്ചു. പക്ഷേ അതിന്റെ അനന്തരഫലങ്ങളും ഇപ്പോള്‍ അവര്‍ അനുഭവിക്കയാണെന്നാണ് വലതുപക്ഷ പാര്‍ട്ടികള്‍ പറയുന്നത്. ദേശീയ ജനസംഖ്യയുടെ 7 ശതമാനമായി മുസ്ലീം ജനസംഖ്യ വര്‍ധിച്ചുകഴിഞ്ഞു. മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റത്തിന്റെ ഫലമായാണ് അടുത്ത കാലത്തായി മുസ്ലീം ജനസംഖ്യ കൂടുതലായതെന്ന് ഫെഡറല്‍ ഓഫീസ് ഫോര്‍ മൈഗ്രേഷന്‍ ആന്‍ഡ് റെഫ്യൂജീസ് പ്രസിഡന്റ് ഹാന്‍സ്-എക് ഹാര്‍ഡ് സോമര്‍ പറഞ്ഞു.

ജര്‍മ്മനിയിലെ ഇസ്ലാമിക വിശ്വാസികളിലെ 45 ശതമാനം പേരും തുര്‍ക്കിയില്‍ നിന്നാണെന്നാണ് കണക്ക്. മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് ആഫ്രിക്ക, സൗത്ത് ഈസ്റ്റ് യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്നാണ് ബാക്കിയുള്ളവരില്‍ അധികവും. ജര്‍മ്മനിയിലുള്ള മുസ്ലീം മതവിശ്വാസികളിലെ 82 ശതമാനവും വിശ്വാസങ്ങള്‍ പാലിക്കുന്നവരാണെന്ന് സര്‍വ്വേ റിപ്പോര്‍ട്ടില്‍ പറയുന്നു. 65 വയസ്സിന് മുകളിലുള്ള 62 ശതമാനവും ശിരോവസ്ത്രം ധരിക്കുന്നവരാണെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. പക്ഷേ ജനസംഖ്യ കൂടിയതോടെ ജര്‍മ്മനിയിലെ മുസ്ലീങ്ങള്‍ക്ക് ശരിയ്യ വേണം എന്ന അവസ്ഥയായി. ശരിയ്യ ഫോര്‍ ജര്‍മ്മനി എന്ന മുദ്രാവാക്യം ഉയര്‍ത്തിയുള്ള പല പ്രകടനങ്ങളും സംഘര്‍ഷത്തിലാണ് കലാശിക്കാറുള്ളതും. കഴിഞ്ഞ 5 വര്‍ഷത്തിനിടെ ഒരു ഡസനിലേറെ ചെറുതും വലുതുമായ രണ്ടു ഡസനോളം ഓളം ജിഹാദി ആക്രമണങ്ങള്‍ക്കാണ്, ജര്‍മ്മനി സാക്ഷിയായത്. കത്തിയാക്രമണങ്ങള്‍, ആള്‍ക്കൂട്ടത്തിലേക്ക് വാഹനം ഓടിച്ച് കയറ്റല്‍, റാന്‍ഡമായ വെടിവെപ്പ് തുടങ്ങിയ പലകാര്യങ്ങളും ഇക്കാലത്തുണ്ടായി.




ഇസ്രയേല്‍-ഹമാസ് യുദ്ധം പൊട്ടിപ്പുറപ്പെട്ടതു മുതല്‍ ജിഹാദ് ആക്രമണമണ ഭീതിയില്‍ ജര്‍മ്മനി അതീവ ജാഗ്രതയിലായിരുന്നു. ഈ വര്‍ഷം മെയ് 31ന് രാവിലെ 11:30ന്, തെക്കുപടിഞ്ഞാറന്‍ ജര്‍മ്മന്‍ നഗരമായ മാന്‍ഹൈമിലെ സെന്‍ട്രല്‍ സ്‌ക്വയറില്‍ നടന്ന കത്തിയാക്രമണവും ജിഹാദി സ്പോണ്‍സേഡായിരുന്നു. അഫ്ഗാനില്‍ നിന്ന് ജര്‍മ്മനിയിലെത്തിയ കുടിയേറ്റക്കാരനായ മുസ്ലിം യുവാവാണ് ആക്രമണം നടത്തിയത്. പരിക്കേറ്റവരില്‍ പൊലീസ് ഓഫീസറും ഉള്‍പ്പെടുന്നു. അക്രമിയെ ഒടുവില്‍ പൊലീസ് വെടിവച്ചു വീഴ്ത്തുകയായിരുന്നു. പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ വര്‍ധിച്ചുവരുന്ന വ്യാപനവും സ്വാധീനവും മൂലമുണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് പൊതുജനങ്ങളെ അറിയിക്കുന്ന സംഘടനയായ പാക്സ് യൂറോപ്പ എന്ന ഗ്രൂപ്പ് മാന്‍ഹൈമില്‍ ഒരു പരിപാടി സംഘടിപ്പിച്ചിരുന്നു. ആന്റി ഇസ്ലാം ആക്റ്റീവിസ്റ്റ് മൈക്കല്‍ സ്‌ട്രെന്‍ബെര്‍ഗറും ഇതില്‍ പങ്കെടുക്കാനെത്തിയിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റവരില്‍ അദ്ദേഹം ഉള്‍പ്പെടുന്നുണ്ട്. ജര്‍മ്മന്‍ തീവ്ര വലതുപക്ഷ പ്രവര്‍ത്തകനും ബ്ലോഗറുമായ മൈക്കല്‍ സ്‌ട്രെന്‍ബെര്‍ഗര്‍ക്ക് നേരത്തെ ഇസ്ലാമിസ്റ്റുകളില്‍ നിന്ന് ഭീഷണിയുണ്ടായിരുന്നു. നിരവധി വര്‍ഷങ്ങളായി ജര്‍മ്മനിയിലെ പ്രമുഖ ഇസ്ലാം വിരുദ്ധ പ്രചാരകനാണ് സ്റ്റുവര്‍സെന്‍ബര്‍ഗര്‍.

സംഭവത്തില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനും തലയുടെ പിന്‍ഭാഗത്ത് നിരവധി തവണ കുത്തേറ്റിരുന്നു. മറ്റൊരു ഉദ്യോഗസ്ഥന്‍ അക്രമിക്ക് നേരെ വെടിയുതിര്‍ക്കുകയും പരിക്കേല്‍ക്കുകയും ചെയ്തു. 2021 ജൂണ്‍ 6ന് ജര്‍മ്മനിയില്‍ നടന്ന ജിഹാദി ആക്രമണത്തില്‍ അക്രമി മൂന്ന് പേരെ കുത്തിക്കൊലപ്പെടുത്തുകയും അഞ്ചുപേരെ പരിക്കേല്‍പിക്കുകയും ചെയ്തത് ഏവരെയും ഞെട്ടിച്ചിരുന്നു. ജര്‍മ്മനിയിലെ വ്യുയേഴ്സ്ബെര്‍ഗില്‍ 2015-ല്‍ കുടിയേറിയ 24കാരനായ ഒരു സൊമാലി ചെറുപ്പക്കാരനാണ് കൊല നടത്തിയത്. സിറ്റി സെന്ററില്‍ വൈകുന്നേരമായിരുന്നു ആക്രമണം. പിന്നീട് പൊലീസ് അക്രമിയെ തുടയില്‍ വെടിവെച്ച ശേഷം കീഴ്പ്പെടുത്തി.

അന്നത്തെ ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ചെല മെര്‍ക്കല്‍ ഇതിനെതിരെ ശക്തമായി പ്രതികരിച്ചിരുന്നു. തീവ്രവലതുപക്ഷ പാര്‍ട്ടിയായ എഎഫ്ഡി ഈ അക്രമത്തെ ഇസ്ലാമിനെതിരായ കാമ്പയിനായി മാറ്റിയിരുന്നു. കുടിയേറ്റത്തെ ശക്തമായി എതിര്‍ക്കുന്ന എഎഫ്ഡിയുടെ നേതാവ് ജ്യോര്‍ഗ് മ്യുതെന്‍ ഇത് ജിഹാദി ആക്രമണമാണെന്ന് തുറന്നടിച്ചിരുന്നു. യുവാവ് ഉറക്കെ അല്ലാഹു അക്ബര്‍ വിളിച്ചിരുന്നുവെന്നാണ് അവരുടെ വാദം. പൊലീസ് അന്വേഷണത്തിലും ഇക്കാര്യം തെളിഞ്ഞിട്ടുണ്ട്.

ഈ ആക്രമണത്തിന് തൊട്ടുമുമ്പാണ് ജര്‍മ്മനിയില്‍ ബുര്‍ഖ നിരോധിച്ചത്. കൂടിവരുന്ന ജിഹാദി ആക്രമണങ്ങളാണ് ജര്‍മ്മന്‍ ഭരണകൂടത്തെ മാറ്റി ചിന്തിപ്പിച്ചത്. ജര്‍മ്മനിയില്‍ മുഖം മറയ്ക്കുന്ന വസ്ത്രം വേണ്ടെന്ന് അന്നത്തെ ചാന്‍സലര്‍ ആഞ്ചല മെര്‍ക്കെല്‍ തന്നെയാണ് പ്രഖ്യാപിച്ചത്. കഴിഞ്ഞ 5വര്‍ഷത്തിനുള്ളില്‍ 9 ലക്ഷം മുസ്ലിം കുടിയേറ്റക്കാര്‍ക്ക് ജര്‍മ്മനിയിലേക്ക് വരാന്‍ അവസരമൊരുക്കിയ ആളാണ് ആഞ്ചല മെര്‍ക്കെല്‍. എന്നാല്‍ അതോടെ ഇസ്ലാമിക തീവ്രവാദം ജര്‍മ്മനിയില്‍ വര്‍ധിക്കുകയായിരുന്നു. ഇത് തീവ്രവലതുപക്ഷം പ്രചാരണവിഷമാക്കിയതോടെയാണ് ആഞ്ചല മെര്‍ക്കെലിന്റെ ജനപ്രീതി ഇടിയുകയും തിരഞ്ഞെടുപ്പില്‍ തോല്‍ക്കുകയും ചെയ്തത്.



നാടുകടത്തി ഞെട്ടിച്ച് ജര്‍മ്മനി

ഇപ്പോള്‍ വീണ്ടും വീണ്ടും ജിഹാദി ആക്രമണങ്ങള്‍ വര്‍ധിച്ചതോടെ ഫ്രാന്‍സിന്റെ വഴിയിലേക്കാണ് ജര്‍മ്മനിയും നീങ്ങിയത്. അവര്‍ ഇസ്ലാമിസ്റ്റുകളെ അതിശക്തമായാണ് പ്രതിരോധിക്കുന്നത്. ഇപ്പോള്‍ കടുത്ത പൊലീസ് നടപടികളാണ് ജര്‍മ്മനി സ്വീകരിക്കുന്നത്. ലോകത്ത് ഒരിടത്തും, സ്ത്രീകളെ തൊടാന്‍ പുരുഷ പോലീസിന് അധികാരവുമില്ല. ഇത് ജിഹാദികള്‍ക്ക് സ്ത്രീകളെ മുന്നില്‍ നിര്‍ത്തി അതിക്രമം കാട്ടാനായി ഏറെ സഹായകരമായിരുന്നു. നിയമം ജര്‍മ്മനിപിന്‍വലിച്ചു. ഇനി മുതല്‍ ഏത് സ്ത്രീകളെ തടയാനും, അറസ്റ്റ് ചെയ്യാനും പുരുഷ പൊലീസിന് അധികാരം ഉണ്ടായിരിക്കും എന്ന് ജര്‍മ്മന്‍ ചാന്‍സലര്‍, ഫെയ്ഡ്റിച്ച് മെര്‍സ് പ്രഖ്യാപിച്ചിരിക്കയാണ്. ഇതോടെ പൊലീസ് നടപടി ശക്തമായി. ഇപ്പോള്‍ ശരിയ്യക്ക് വേണ്ടി പ്രകടനവുമായി എത്തിയ സ്ത്രീകളെ പഞ്ഞിക്കിടുന്ന ജര്‍മ്മന്‍ പൊലീസിന്റെ വീഡിയോയും വൈറലാവുകയാണ്. അതുപോലെ കഴിഞ്ഞ ആറുമാസം കൊണ്ട് അനധികൃത കുടിയേറ്റക്കാരില്‍ നല്ലൊരു വിഭാഗത്തെയും ജര്‍മ്മനി പുറത്താക്കി. 40% അനധികൃത കുടിയേറ്റക്കാര്‍ നാട്ടിലെത്തി. ഇതും ജിഹാദികളെ ഞെട്ടിച്ചിട്ടുണ്ട്. ഇനിയും നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാനാണ് ജര്‍മ്മനിയുടെ തീരുമാനം.

സെപ്റ്റംബറിന് ശേഷം അനധികൃത കുടിയേറ്റ വിഷയത്തില്‍ കടുത്ത നിലപാടായിരിക്കും എടുക്കുക എന്ന് ആഭ്യന്തര മന്ത്രി അലക്സാന്‍ഡര്‍ ഡോബ്രിന്റ് അറിയിച്ചു. അതുപോലെ, അഭയാഭ്യര്‍ത്ഥന നിരാകരിക്കപ്പെട്ട, ക്രിമിനല്‍ പശ്ചാത്തലമുള്ള കൂടുതല്‍ ആളുകളെ താലിബാന്‍ ഭരണത്തിലുള്ള അഫ്ഗാനിസ്ഥാനിലേക്കും ആഭ്യന്തര കലാപം നിലനില്‍ക്കുന്ന സിറിയയിലേക്കും മടക്കി അയയ്ക്കാനും ജര്‍മനി പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നുണ്ട്. അനധികൃത കുടിയേറ്റത്തിനെതിരെ കര്‍ശന നടപടികള്‍ കൈക്കൊള്ളാനാണ് കണ്‍സര്‍വേറ്റീവ് ചാന്‍സലര്‍ ഫ്രെഡ്രിക്ക് മെര്‍സിന്റെ തീരുമാനം. കടുത്ത വലതുപക്ഷ പാര്‍ട്ടിയായ ആല്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി (എ എഫ് ഡി) പാര്‍ട്ടിയുടെ പിന്തുണ വര്‍ദ്ധിപ്പിക്കാന്‍ ഇത് ഇടയാക്കുമെന്നാണ് അദ്ദേഹം പറയുന്നത്. ഫെബ്രുവരിയിലെ ഇലക്ഷന്‍ പ്രചാരണത്തിനിടെ, അഭയാര്‍ത്ഥികളും മറ്റ് കുടിയേറ്റക്കാരും ഉള്‍പ്പെട്ട ചില അക്രമ സംഭവങ്ങള്‍ പൊതുജനരോഷം വല്ലാതെ ഉയര്‍ത്തിയിരുന്നു.

അതുതന്നെയാണ് എ എഫ് ഡിക്ക് റക്കോര്‍ഡ് 20 ശതമാനം വോട്ട് നേടിക്കൊടുത്തതും. സെപ്റ്റംബര്‍ 15 ന് ശേഷവും ബോര്‍ഡര്‍ ക്ലണ്‍ട്രോള്‍ തുടരുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ഒലാഫ് ഷോള്‍സിന്റെ സര്‍ക്കാരായിരുന്നു കഴിഞ്ഞ വര്‍ഷം ഇത് നടപ്പിലാക്കിയിരുത്തത്. പിന്നീട് മാര്‍ച്ച് മാസത്തില്‍ ഇത് ആറ് മാസത്തേക്ക് കൂടി നീട്ടിയിരുന്നു. ബാഹ്യ അതിര്‍ത്തി സംരക്ഷണ സംവിധാനം പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമാകുന്നത് വരെ ഇത് തുടരേണ്ടത് അത്യാവശ്യമാണെന്ന കാര്യത്തില്‍ മറ്റ് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുമായും ധാരണയില്‍ എത്തിയിട്ടുണ്ടെന്നും ജര്‍മ്മന്‍ ആഭ്യന്തരമന്ത്രി അറിയിച്ചു.

തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിക്കുകയും, അനധികൃതമായി എത്തുന്ന അഭയാര്‍ത്ഥികളുടെ എണ്ണം കുതിച്ചുയരുകയും ചെയ്തതോടെ ഷെന്‍കന്‍ മേഖലയിലെ രാജ്യങ്ങള്‍ക്ക് താത്ക്കാലികമായി രണ്ട് വര്‍ഷക്കാലം വരെ ബോര്‍ഡര്‍ കണ്‍ട്രോള്‍ നടപ്പില്‍ വരുത്താന്‍ അനുമതി നല്‍കീയിരുന്നു. ഇക്കഴിഞ്ഞ മെയ് മാസത്തില്‍ അധികാരത്തിലെത്തിയതോടെ മെര്‍സ് സര്‍ക്കാര്‍ ഈ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കുകയും ചെയ്തു. പരമാവധി അഭയാര്‍ത്ഥികള്‍ക്ക് അഭയം നിഷേധിക്കുന്നത് ഉള്‍പ്പടെയുള്ള നടപടികളായിരുന്നു സര്‍ക്കാര്‍ കൈക്കൊണ്ടത്. ഇത് മനുഷ്യാവകാശ സംഘടനകളില്‍ നിന്നും വലിയ തോതിലുള്ള എതിര്‍പ്പ് ക്ഷണിച്ചു വരുത്തിയിരുന്നു.




അതിര്‍ത്തികളില്‍ വിന്യസിച്ച സൈനികരുടെ എണ്ണം 11,000 ല്‍ നിന്നും 14,000 ആയി വര്‍ദ്ധിപ്പിച്ചു. ഇക്കഴിഞ്ഞ മെയ് 8 നും ജൂലായ് 31 നും ഇടയിലായി ജര്‍മ്മന്‍ അതിര്‍ത്തിയില്‍ നിന്നും 9,254 അനധികൃത അഭയാര്‍ത്ഥികളെയാണ് തിരികെ അയച്ചത്. ഇവരില്‍ ഏറിയ പങ്കും അഫ്ഗാനിസ്ഥാനില്‍ നിന്നുള്ളവരായിരുന്നു. അള്‍ജീരിയ, എറ്റിത്രിയ, സൊമാലിയ എന്നിവിടങ്ങളില്‍ നിന്നുള്ളവരും ഇക്കൂട്ടത്തിലുണ്ട്. ഫ്രാന്‍സുമായുള്ള അതിര്‍ത്തിയില്‍ വെച്ചാണ് ഏറ്റവുമധികം പേരെ തിരിച്ചയച്ചത്.

സ്‌കാന്‍ഡിനേവിയയിലും കടുത്ത നടപടി

ഭൂമിയില്‍ ഒരു സ്വര്‍ഗമുണ്ടെങ്കില്‍ അത് സ്‌കാന്‍ഡനേവിയന്‍ രാജ്യങ്ങളാണ് എന്നാണ് പൊതുവെ പറയുക. ശാന്തമായി ഒഴുകുന്ന ഒരു പുഴപോലെയാണ്, നോര്‍വേ, ഫിന്‍ലന്‍ഡ്, സ്വീഡന്‍ നെതര്‍ലന്‍ഡ്സ് തുടങ്ങിയ രാജ്യങ്ങളെ വിശേഷിപ്പിക്കാറുള്ളത്. ഈ ശാന്തതക്കും സമാധാനത്തിനുമെല്ലാം പ്രധാനകാരണമായി അവിടെ നടന്ന പഠനങ്ങളില്‍ എടുത്തുപറയുന്ന കാര്യം ആ നാട് ഒരു മതരഹിത സമൂഹം ആണെന്നാണ്. അതായത് മതങ്ങള്‍ ഇല്ല എന്നല്ല, പൊതുസമൂഹത്തില്‍ മതം പ്രബലമല്ല എന്നതാണ് ഉദ്ദേശിക്കുന്നുത്. എന്നാല്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇവിടെ കാര്യങ്ങള്‍ ആകെ മാറിമറിയുകയാണ്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ സ്വീഡനനടക്കമുള്ള സ്‌കാന്‍ഡനേവിയിന്‍ രാജ്യങ്ങള്‍ പലതവണയാണ് നിന്ന് കത്തിയത്. പ്രശ്നം, ഇസ്ലാമിസ്റ്റകളും അതിനെ എതിര്‍ക്കുന്ന വലതുപക്ഷവും തമ്മിലായിരുന്നു. സിറിയന്‍- അഫ്ഗാന്‍ അഭയാര്‍ഥികളെപോലും സ്വീകരിച്ച നാടാണിത്. ഇപ്പോള്‍ അതേ 'കുറ്റത്തിന്റെ' പേരില്‍ ഈ രാജ്യങ്ങള്‍ അനുഭവിക്കയാണ്.




അഭയാര്‍ഥികള്‍ ആയി എത്തിയവരും കുടിയേറി എത്തിയവരുമായ മുസ്്ലീം ജനസംഖ്യ വര്‍ധിച്ചതോടെയാണ് ഈ രാജ്യങ്ങളില്‍ പ്രശ്നവും തുടങ്ങിയത്. 2017-ലെ പ്യൂ റിസര്‍ച്ച് പ്രകാരം സ്വീഡനില്‍ ഏകദേശം 8.1 ലക്ഷം മുസ്ലിങ്ങളുണ്ട്. ഇത് സ്വീഡനിലെ ആകെയുള്ള ഒരു കോടി ജനസംഖ്യയുടെ 8.1 ശതമാനം വരും. അഭൂതപൂര്‍വ്വമായ ഈ വളര്‍ച്ചയില്‍ ശാന്തമായി ഒഴുകുന്ന ഈ നാടിന്റെ അവസ്ഥ തെറ്റി. വര്‍ഗീയതയും വംശീയതയും പ്രതി വര്‍ഗീയതക്ക് വഴിവെക്കുന്നു. അവിടെ ക്രിസ്ത്യന്‍ വര്‍ഗീയവാദത്തിന് വേരുണ്ടാകുന്നു. ചര്‍ച്ചുകള്‍ ഉയിര്‍ത്തെഴുനേല്‍ക്കുന്നു. തീവ്ര വലതുപക്ഷ സംഘടകള്‍ ഉണ്ടാവുന്നു. റാസ്മസ് പലൂദാന്‍ എന്ന തീവ്ര വലതുപക്ഷ നേതാവ് ഖുര്‍ആന്‍ കത്തിച്ചത് സ്വീഡനെയും, നെതര്‍ലന്‍ഡിസിനെയും സംഘര്‍ഷഭരിതമാക്കി. ആഴ്ചകള്‍ നീണ്ടുനിന്ന കലാപങ്ങളില്‍ ഈ നാട്് നിന്നുകത്തി. ശരിയ്യ ഫോര്‍ സ്വീഡന്‍, എന്നും ശരിയ്യ ഫോര്‍ നെതര്‍ലന്‍ഡ്സ് തുടങ്ങിയ മുദ്രാവാക്യങ്ങള്‍ വാനിലുയര്‍ന്നു. ഇപ്പോള്‍ തങ്ങളുടെ ലിബറിലസത്തെ പുര്‍ണ്ണമായും മാറ്റി കടുത്ത പൊലീസ് -സൈനിക നടപടിയിലേക്കാണ് ഈ രാജ്യങ്ങള്‍ കടന്നിരിക്കുന്നത്. ആയിരക്കണക്കിന് കുടിയേറ്റക്കാരെ ഇവരും തിരിച്ചയച്ചു കഴിഞ്ഞു.

അടിക്കടിയുള്ള സംഘര്‍ഷങ്ങള്‍ വര്‍ധിച്ചതോടെ സ്പെയിനും ഇസ്ലാമികവത്ക്കരണത്തിനെ കടുത്ത നടപടികള്‍ സ്വീകരിച്ചിരിക്കയാണ്. അടുത്തിടെ ഇവിടെയുണ്ടായ കുടിയേറ്റ വിരുദ്ധ പ്രക്ഷോഭം കലാപമായി മാറിയ പശ്ചാത്തലത്തിലാണ് പുതിയ നടപടികള്‍. സ്പെയിനിലെ മ്യൂര്‍സിയ മേഖലയിലുള്ള ജുമില്ല പട്ടണത്തില്‍, ഈദ് പോലുള്ള ഇസ്ലാമിക ആഘോഷങ്ങള്‍ നടത്തുന്നതിന് പൊതുയിടങ്ങള്‍ ഉപയോഗിക്കുന്നത് തടാഞ്ഞുകൊണ്ടുള്ള ഉത്തരവ് വന്നു. രാജ്യത്ത് ഇസ്ലാമിക ആഘോഷങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്ന ആദ്യ പട്ടണമാണ് ജുമില്ല.ഈ പട്ടണത്തിലെ മൊത്തം ജനസംഖ്യ 27,000 ആണ്. അതില്‍ 7.5 ശതമാനം പേര്‍, മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. സ്പെയിനിലെ യാഥാസ്ഥിതിക രാഷ്ട്രീയ കക്ഷിയായ പീപ്പിള്‍സ് പാര്‍ട്ടിയാണ് ഇതുമായി ബന്ധപ്പെട്ട പ്രമേയം അവതരിപ്പിച്ചത്. തീവ്ര വലതുപക്ഷ പാര്‍ട്ടിയായ വോക്സ് പാര്‍ട്ടി അതിനെ അനുകൂലിക്കുകയും ചെയ്തു.



സ്പെയിനിന്റെ സ്വത്വവുമായി യോജിച്ചു പോകാത്ത, മതപരവും, സാംസ്‌കാരികവും, സാമൂഹികവുമായ പരിപാടികള്‍ക്കായി സ്പോര്‍ട്‌സ് ഹോളുകളും മറ്റ് സിവിക് സെന്ററുകളും ഉപയോഗിക്കുന്നതിനാണ് വിലക്കുള്ളത്. ലോക്കല്‍ കൗണ്‍സില്‍ ഔദ്യോഗികമായി സംഘടിപ്പിക്കുന്ന പരിപാടികള്‍ക്ക് മാത്രം ഈ വിലക്ക് ബാധകമാവില്ല. ജുമില്ലയില്‍ നിന്നും 70 മൈല്‍ അകലെയുള്ള ടൊറേ പഷേക്കൊയി, ഒരു വൃദ്ധനെ മൂന്ന് മൊറോക്കന്‍ വംശജര്‍ ആക്രമിച്ചതിനെ തുടര്‍ന്ന് ഉണ്ടായ കുടിയേറ്റ വിരുദ്ധ പ്രക്ഷോഭണം കലാപമായി മാറിയിരുന്നു. നിരവധി പേര്‍ക്ക് അതില്‍ പരിക്കേല്‍ക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം.

ഇസ്ലാമിക പാരമ്പര്യത്തിന് എതിരെയുള്ള നീക്കമാണിതെന്ന് വിമര്‍ശകര്‍ പറയുന്നു. മാത്രമല്ല, സ്പാനിഷ് ഭരണഘടന ഉറപ്പ് നല്‍കുന്ന മത വിശ്വാസത്തിനുള്ള സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണ് ഈ നടപടിയെന്നും അവര്‍ പറയുന്നു. ഈ തീരുമാനത്തെ വോക്സ് പാര്‍ട്ടി പരസ്യമായി തന്നെ സ്വാഗതം ചെയ്തിട്ടുണ്ട്. സ്പെയിന്‍ എക്കാലവും ക്രിസ്ത്യാനികളുടെ ഭൂമിയായിരുന്നെന്നും, ഇനിയും അങ്ങനെ തന്നെ തുടരുമെന്നും പാര്‍ട്ടി എക്സില്‍ കുറിച്ചു. പുതിയ നിയമം, ഈദുല്‍ ഫിത്തര്‍ പോലുള്ള ആഘോഷങ്ങള്‍ക്കായി പൊതുയിടങ്ങളില്‍ ഒത്തുചേരുന്നതില്‍ നിന്നും മുസ്ലീങ്ങളെ വിലക്കുന്നുണ്ട്. ഇസ്ലാംമത നേതാക്കളും ഈ നീക്കത്തിനെതിരെ ശക്തമായി രംഗത്തുണ്ട്.

ഇത് ഇസ്ലാമിക സമൂഹത്തിന് നേരെയുള്ള കടന്നാക്രമണമാണെന്നായിരുന്നു സ്പാനിഷ് ഫെഡറേഷന്‍ ഓഫ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍സ് പ്രസിഡണ്ട് കുനീര്‍ ബെഞ്ചെലം അസാരി പറഞ്ഞത്. മറ്റ് മതങ്ങള്‍ക്ക് നേരെയൊന്നും തിരിയാതെ ഭരണകൂടം തങ്ങളെ മാത്രം ഉന്നം വയ്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വംശീയ ചിന്ത സ്പെയിനില്‍ വര്‍ദ്ധിച്ചു വരുന്നതായും അദ്ദേഹം കുറ്റപ്പെടുത്തി.

ഇമാമുകളെ വിലക്കുന്ന ഫ്രാന്‍സ്

യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ മുസ്ലീങ്ങുള്ള രാജ്യമാണ് ഫ്രാന്‍സ്. ഫ്രഞ്ച് വിപ്ലവമാണ് സ്വാതന്ത്ര്യം, ജാനാധിപത്യം, തുല്യത തുടങ്ങിയ ആശയങ്ങള്‍ ലോകത്തിന് പരിചയപ്പെടുത്തിയത്. അവിടുന്ന് ഇങ്ങോട്ടും തീര്‍ത്തും മതേരമായാണ് ആ രാജ്യം മുന്നോട്ടുപോയത്. ഫ്രഞ്ച് കോളനികളായ അള്‍ജീരിയ, മൊറോക്കോ തുടങ്ങിയ വടക്കനാഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള വന്‍തോതിലുള്ള കുടിയേറ്റമാണ് ഫ്രാന്‍സിലെ മുസ്ലിം ജനസംഖ്യ ഉയര്‍ത്തിയത്. പ്രശസ്ത ഫുട്‌ബോളര്‍ സിന്‍ഡൈന്‍ സിദാന്റെ കുടുംബംവരെ അള്‍ജീരിയയില്‍നിന്ന വന്നവരാണ്. അനധികൃത കുടിയേറ്റക്കാര്‍ ആയിട്ടുപോലും അവരെ തിരിച്ചയക്കാതെ ആ രാജ്യം സ്വന്തം പൗരന്മാരായി സ്വാംശീകരിക്കയായിരുന്നു. എന്തിന്, സിറിയയില്‍ ിന്നും അഫ്ഗാനില്‍നിന്നും വന്ന മുസ്ലിം അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ ഒറ്റ ഇസ്ലാമിക രാഷ്ട്രങ്ങള്‍പോലും മുന്നോട്ടുവന്നില്ല. അന്നും ഫ്രാന്‍സും, ജര്‍മ്മനിയും, സ്‌കാന്‍ഡനേവിയന്‍ രാജ്യങ്ങളും അടങ്ങുന്ന യൂറോപ്പാണ്, മുസ്ലിം അഭയാര്‍ത്ഥികളെ സ്വകീരിച്ചത്.

എന്നാല്‍ ഫ്രാന്‍സിന്റെ മുസ്ലിം പ്രശ്‌നം ഉടലെടുക്കുന്നത് എണ്‍പതുകള്‍ മുതലാണ്. പ്പോഴേക്കും ഇസ്ലാമിക ജനസംഖ്യ ഒരു സമ്മര്‍ദഗ്രൂപ്പ് ആകാന്‍ തക്ക രീതിയില്‍ ഉയര്‍ന്നുവെന്നാണ് ഫ്രാന്‍സിലെ രാഷ്ട്രീയ ചിന്തകനും സാമ്പത്തിക ശാസ്ത്രജ്ഞനുമായ ചാള്‍സ് ഗാവെ എഴുതുന്നത്. ഇസ്ലാമിക ജീവിതരീതി ഫ്രാന്‍സില്‍ പതുക്കെ പിടി മുറുക്കി കൊണ്ടിരുന്നു. ഇതോടെ പതുക്കെ സംഘര്‍ഷങ്ങളും വര്‍ധിച്ചു.

ഫ്രാന്‍സിലെ സ്‌കൂളുകളില്‍ ഒരു തരത്തിലുള്ള മതചിഹ്നങ്ങളും അനുവദിക്കില്ല. അതിനാല്‍ മതാധിഷ്ഠിതമായി ജീവിക്കാനാഗ്രഹിക്കുന്ന മുസ്ലിം കുടുംബങ്ങള്‍ ഭീമമായ ഫീസ് നല്‍കിയാണ് കുട്ടികളെ സ്വകാര്യ സ്‌കൂളുകളില്‍ പഠിപ്പിച്ചിരുന്നത്. എന്നാല്‍, സാമൂഹികമായ നിയന്ത്രണം ഏറ്റെടുക്കാന്‍ ഇസ്ലാമിക സമൂഹത്തിന് പ്രാപ്തിയായെന്ന ഘട്ടമെത്തിയപ്പോള്‍ അവര്‍ കളത്തിനു വെളിയിലേക്ക് കാര്യങ്ങള്‍ കൊണ്ടു പോയി. 1989-ല്‍ പൊതുവിദ്യാലയത്തില്‍ കുട്ടികളെ ഹിജാബ് ധരിപ്പിച്ച് അയക്കാന്‍ തുടങ്ങി. സ്‌കൂള്‍ മേധാവികള്‍ ഈ കുട്ടികളെ പുറത്താക്കിത്തുടങ്ങി. മുസ്ലിം സമൂഹം ഇതിനെതിരെ കോടതിയില്‍ പോയി അനുകൂല വിധി സമ്പാദിച്ചു. പക്ഷെ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചു. നൂറുകണക്കിന് വിദ്യാര്‍ത്ഥിനികള്‍ പുറത്താവുകയും കോടതി വഴി അനുകൂല വിധി സമ്പാദിക്കുകയും ചെയ്തു.

അപകടരമായ ഈ പ്രവണത തിരിച്ചറിഞ്ഞ ഫ്രാന്‍സിലെ ഴാക് ഷിറാക് സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മതചിഹ്നങ്ങള്‍ ധരിക്കുന്നതോ, പ്രദര്‍ശിപ്പിക്കുന്നതോ നിരോധിച്ച് നിയമം പാസാക്കി. ഹിജാബ്, കുരിശ്, യഹൂദത്തൊപ്പി തുടങ്ങിയവയെല്ലാം ഒറ്റയടിക്ക് നിരോധിച്ചു. അന്നു മുതല്‍ ഇസ്ലാമിക തീവ്രവാദകളുടെ ശത്രുപട്ടികയില്‍ ഫ്രാന്‍സ് വന്നു. ഇറാഖില്‍ ജോലി ചെയ്തിരുന്ന രണ്ട് ഫ്രഞ്ച് മാധ്യമപ്രവര്‍ത്തകരെ തട്ടിക്കൊണ്ടു പോയാണ് തുടക്കം. പിന്നീടിങ്ങോട്ട് സ്‌ഫോടനം, ചാവേര്‍ ആക്രമണം തുടങ്ങി നിരവധി പ്രതിസന്ധികളിലൂടെ ഫ്രഞ്ച് ജനത കടന്നു പോയി.




ഫ്രാന്‍സ് നിരന്തരം ഇസ്ലാമിക ഭീകരരുടെ ടാര്‍ജറ്റ് ആയി. ഫ്രാന്‍സിലെ നോര്‍മണ്ടി പ്രദേശത്തെ സെന്റ് എറ്റിയന്‍ ഡുറുവ്ര് പള്ളിയില്‍ ബലിയര്‍പ്പിച്ചുകൊണ്ടിരിക്കേയാണ് ഇസ്ലാമിക ഭീകരര്‍ പള്ളിക്കകത്തു കയറി 86 വയസ്സുകാരന്‍ ഫാ. ഷാക് ഹാമലിനെ കഴുത്തുറത്തു കൊന്നത് ലോകമാകെ ഭീതി പടര്‍ത്തി. അവര്‍ വൈദികനെ മുട്ടുകുത്തി നിറുത്തി അള്ളാഹുവിന്റെ നാമം വിളിച്ചുകൊണ്ടാണ് നിഷ്ഠൂരമായി വധിച്ചത്. കുര്‍ബാനയില്‍ പങ്കുകൊണ്ടിരുന്ന സിസ്റ്റേഴ്‌സിനും ഏതാനും ചില വിശ്വാസികള്‍ക്കും ഭീകരരുടെ ആക്രമണത്തില്‍ പരിക്കേറ്റു. പാരീസില്‍ മുഹമ്മദ് നബിയുടെ പേരില്‍ കാര്‍ട്ടൂണ്‍ ഇറക്കിയ ഷാര്‍ളി അബ്ദോ പത്രത്തിനെതിരെ നടത്തിയ ആക്രമണ പരമ്പരയുടെ ചുവടുപിടിച്ച് ധാരാളം അക്രമങ്ങള്‍ ഇതിനകം ഫ്രാന്‍സിലും ഇതര യൂറോപ്യന്‍ രാജ്യങ്ങളിലും നടക്കുകയുണ്ടായി. അതിനുശേഷമാണ് സാവുമല്‍ പാറ്റിയെന്ന അദ്ധ്യാപകന്റെ കഴുത്തറത്ത് ഇസ്ലാമിസ്റ്റുകള്‍ കൊന്നത്. തുടര്‍ന്നും ചെറുതും വലുതുമായ നിരവധി ഭീകരാക്രമണങ്ങള്‍ ഫ്രാന്‍സില്‍ ഉണ്ടായി.

അതോടെ പൊളിറ്റിക്കല്‍ ഇസ്ലാമിന് തടയിടാന്‍ കടുത്ത നടപടികള്‍ മാക്രാണ്‍ സ്വീകരിച്ചു. രാജ്യത്തിന്് പുറമെനിന്നുള്ള മതപ്രബോധകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. മദ്രസകളിലെ കരിക്കുലം സര്‍ക്കാര്‍ അറിയണമെന്ന് നിയമം വന്നു. ഹേറ്റ് സ്പീച്ച് നടത്തിയ ഇമാമുമാരെ നാടുകടത്തി. അതോടെ തുര്‍ക്കിയും, ഇറാനും അടക്കമുള്ള ഫ്രാന്‍സില്‍ ഇസ്ലാമോഫോബിയ ആരോപിച്ച് രംഗത്ത് എത്തി. ഒരുഘട്ടത്തില്‍ ഇസ്ലാം വേഴ്‌സസ് ഫ്രാന്‍സ് എന്ന രീതിയില്‍ കാര്യങ്ങള്‍ മാറുന്നുവെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.




വലതുപക്ഷം വിഴുങ്ങുന്ന യൂറോപ്പ്

'യൂറോപ്പിനെ ഒരു ഭൂതം പിടികൂടിയിരിക്കുന്നു, കമ്യുണിസം എന്ന ഭുതം' എന്ന് പറഞ്ഞുകൊണ്ടാണ് മാര്‍ക്‌സ് കമ്യുണിസ്റ്റ് മാനിഫെസ്റ്റോ തുടങ്ങുന്നത്. എന്നാല്‍ 175 വര്‍ഷങ്ങള്‍ കഴിഞ്ഞ് ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ യൂറോപ്പില്‍ ഇപ്പോള്‍ കമ്യൂണിസ്റ്റുകളുടെ പൊടിപോലുമില്ല. അതിരുകളില്ലാത്ത സ്വാതന്ത്ര്യത്തിന്റെയും, മാനിവകയുടെയും കേന്ദ്രമായി അറിയപ്പെട്ടുകൊണ്ടിരുന്ന യൂറോപ്പ് ഇന്ന്, അതിതീവ്ര വലതുപക്ഷത്തിന്റെയും പിടിയിലാവുന്നതിന്റെ കാഴ്ചകളാണ് ലോകം കാണുന്നത്. ഇത് ഫലത്തില്‍ ഇസ്ലാമിക കുടിയേറ്റം കൊണ്ടും ശരിയ്യ സമരം കൊണ്ടുമാണ് ഉണ്ടാകുന്നത്. ലിബറലായി ചിന്തിക്കുന്ന ആളുകള്‍പോലും വളരെ പെട്ടന്ന് വലതുപക്ഷത്തേക്ക് ആകര്‍ഷിക്കപ്പെടുകയാണ്.

ഇതിന്റെ അവസാനത്തെ ഉദാഹരണമായിരുന്നു, ഇന്ത്യ കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും വലിയ തിരഞ്ഞെടുപ്പ് നടക്കുന്ന, യൂറോപ്യന്‍ യൂണിയന്‍ പാര്‍ലിമെന്റിലേക്കുള്ള തിരഞ്ഞെടുപ്പില്‍ കണ്ടത്. യൂറോപ്പിലെ യാഥാസ്ഥിതിക ശക്തികളും തീവ്ര വലതുപക്ഷ ശക്തികളും ഈ ഇലക്ഷനില്‍ വമ്പന്‍ നേട്ടമുണ്ടാക്കി. ഇറ്റലി, ആസ്ട്രിയ, ജര്‍മനി, ഫ്രാന്‍സ് എന്നിവിടങ്ങളിലെല്ലാം തീവ്ര വലതുപക്ഷം വന്‍ വന്‍നേട്ടമുണ്ടാക്കി. എന്നാല്‍ ഹംഗറിയില്‍ 14 വര്‍ഷമായി ഭരിക്കുന്ന പ്രധാനമന്ത്രി വിക്ടര്‍ ഒബാന്റെ തീവ്ര വലതുപക്ഷ കക്ഷിയായ, 'ഫിഡ്‌സ്' തോറ്റതാണ് ഏക ആശ്വാസം.

ഇറ്റലിയില്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയുടെ 'ബ്രദേഴ്‌സ് ഓഫ് ഇറ്റലി'യും സമാനമായി മൂന്നിലൊന്നിനരികെ വോട്ടു നേടി. ഇവിടെ മെലോണിയുടെ കക്ഷി 28.8 ശതമാനവുമായി മുന്നിലെത്തിയപ്പോള്‍ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിട്ടോ ഡൊമോക്രാറ്റിക്കോ 24 ശതമാനവും സ്വന്തമാക്കി.ആസ്ട്രിയയില്‍ തീവ്രവലതു കക്ഷിയായ ഫ്രീഡം പാര്‍ട്ടി 25.7 ശതമാനം വോട്ടുനേടി. ഇവിടെ യാഥാസ്ഥിതിക പീപിള്‍സ് പാര്‍ട്ടിക്ക് 24.7 ശതമാനവും സോഷ്യല്‍ ഡെമോക്രാറ്റുകള്‍ക്ക് 23.3 ശതമാനവും വോട്ടാണുള്ളത്. അയര്‍ലന്‍ഡില്‍ ഭരണകക്ഷിയായ ഫൈന്‍ ഗെയല്‍ തന്നെയാണ് മുന്നില്‍.




ഫ്രാന്‍സിലും വന്‍ ഭീഷണിയാണ് തീവ്ര വലതുപക്ഷം. യൂറോപ്യന്‍ പാര്‍ലമെന്റ് ഇലക്ഷനില്‍, എതിരാളിയും തീവ്ര വലതുപക്ഷ പാര്‍ട്ടിയുമായ മറൈന്‍ ലെ പെന്നിന്റെ നാഷണല്‍ റാലി വന്‍ വിജയച്ചിതിനെ തുടര്‍ന്ന് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രാണ്‍, പാര്‍ലിമെന്റ് പിരിച്ചുവിട്ട് തിരഞ്ഞെടുപ്പിലേക്ക് നീങ്ങേണ്ടിവന്നു്. മാക്രോണിന്റെ പാര്‍ട്ടിയായ റിനൈസെന്‍സിലേക്കാള്‍ ഇരട്ടിയിലധികം വോട്ടുകള്‍ തീവ്ര വലതുപക്ഷ പാര്‍ട്ടിയായ നാഷണല്‍ റാലി നേടിയത് ശരിക്കും ഞെട്ടിപ്പിക്കുന്നതായിരുന്നു. നാഷണല്‍ റാലിക്ക് 31.5 ശതമാനം വോട്ട്കിട്ടിയപ്പോള്‍, മാക്രോണിന്റെ പാര്‍ട്ടിക്ക് വെറും 15 ശതമാനമാണ് വോട്ട് കിട്ടിയത്.

അതായത് നമ്മള്‍ യൂറോപ്പിനെ മൊത്തത്തിലെടുത്താല്‍ അത് ചായുന്നത് വലത്തോട്ടാണെന്ന് വ്യക്തമാണ്. പക്ഷേ ഇത് ഒരു പരിധിവരെ പ്രവചിക്കപ്പെട്ടതുതന്നെയാണെന്നാണ് മാധ്യമങ്ങള്‍ പറയുന്നത്. കാരണം, വലതും ചെറുതുമായ നിരവധി തീവ്രവാദ ആക്രമണങ്ങളിലുടെ, പൊളിറ്റിക്കല്‍ ഇസ്ലാമിസ്റ്റുകള്‍ തന്നെയാണ് തീവ്ര വലതുപക്ഷത്തിന് വിവിധ രാജ്യങ്ങളില്‍ വിത്തിട്ടത്. അമേരിക്കയില്‍ ട്രംപും, ഇന്ത്യയില്‍ നരേന്ദ്രമോദിയുമൊക്കെ പയറ്റുന്ന അതേ അപരവത്ക്കരണ തന്ത്രങ്ങള്‍ തന്നെയാണ് യൂറോപ്പിലെ തീവ്ര വലതുപക്ഷം നേതാക്കളും പയറ്റിയത്്. പക്ഷേ ഈ വലതുപക്ഷവത്ക്കരണം മുസ്ലീങ്ങളും ഇന്ത്യാക്കാര്‍ ഉള്‍പ്പെടുന്ന കുടിയേറ്റ ജനതയും മാത്രമല്ല, ലൈംഗിക ന്യൂനപക്ഷങ്ങള്‍, പരിസ്ഥ്തി സ്‌നേഹികള്‍, ആവിഷ്‌ക്കാര സ്വതന്ത്ര്യത്തിനുവേണ്ടി വാദിക്കുന്നവര്‍ എന്നിവര്‍ക്കെല്ലാം ഭീഷണിയാണ്.

വാല്‍ക്കഷ്ണം: ശരിയ്യാവാദികളായ പൊളിറ്റിക്കല്‍ ഇസ്ലാമിസ്റ്റുകള്‍ ഏറ്റവും കൂടുതല്‍ ഭീഷണിയാവുന്നത്, സമാധാനപരമായി ജീവിതം നയിക്കണം എന്ന് ആഗ്രഹിക്കുന്ന മുസ്ലീങ്ങള്‍ക്കാണ്. ഇസ്ലാം ഫോബിയയല്ല, ശരിക്കും ഇസ്ലാം ഫിയര്‍ ആണ് ഇവിടെ നിലനില്‍ക്കുന്നതും!


Tags:    

Similar News