'ഘര്‍മേ കുസ്‌കേ മാരേഗെ'; നിങ്ങള്‍ എന്റെ വീട്ടില്‍ വന്ന് തല്ലിയാല്‍ ഞാനും തല്ലും'; ഇന്ത്യയോട് എല്ലാ തരത്തിലും തോറ്റുപോയ പാക്കിസ്ഥാന്റെ ചീപ്പായ പ്രതികാരം; ബലൂചിസ്ഥാന്‍ മുതല്‍ അഫ്ഗാന്‍ വരെ പുകയുന്നു; കശ്മീര്‍ ഭീകരാക്രമണത്തിന്റെ ജിയോ-പൊളിറ്റിക്കല്‍ കാരണങ്ങള്‍ അറിയാം!
കശ്മീര്‍ ഭീകരാക്രമണത്തിന്റെ ജിയോ-പൊളിറ്റിക്കല്‍ കാരണങ്ങള്‍ അറിയാം!
മുഹമ്മദും അഭിലാഷും വര്‍ഗീസും കശ്മീരിലേക്ക് ഒരു ടൂര്‍ പോവുന്നു. ഇതില്‍ മതത്തിന്റെ ആനുകൂല്യമുള്ള മുഹമ്മദ് മാത്രം തിരിച്ചു വരുക. മറ്റുള്ളവരെ പേരുനോക്കി വെടിവെച്ച് കൊല്ലുന്നു! ശരിക്കും അസ്ഥി മരിവിപ്പിക്കുന്ന ജിഹാദി തീവ്രവാദത്തിന്റെ വാര്‍ത്തകളാണ്, ജമ്മു- കശ്മീരിലെ പഹല്‍ഗാമില്‍ നിന്ന് പുറത്തുവരുന്നത്. അവിടെ ഇസ്ലാമിക ഭീകരവാദികള്‍ നോക്കിയത് പണക്കാരനോ പാവപ്പെട്ടവനോ എന്നല്ല, തെക്കേ ഇന്ത്യക്കാരനോ വടക്കേ ഇന്ത്യക്കാരനെന്നോ അല്ല, സവര്‍ണ്ണനെന്നോ ദളിതനെന്നോ അല്ല, കോണ്‍ഗ്രസുകാരനെന്നോ ബിജെപിക്കാരനെന്നോ അല്ല. മറിച്ച് അവരുടെ മതം മാത്രമാണ്. ഒരു ഇടവേളക്കുശേഷം മതതീവ്രവാദം, ഭൂമിയുടെ സ്വര്‍ഗം എന്ന് അറിയപ്പെട്ടിരുന്ന കശ്മീര്‍ താഴ്വരയിലേക്ക് തിരച്ചുവരികയാണ്.
30 ഓളം പേരുടെ ജീവനെടുത്ത, ലോക രാഷ്ട്രങ്ങളെ നടുക്കിയ ഈ ആക്രമണം കേവലം യാദൃശ്ചികതയല്ല. കൃത്യമായ ജിയോ പൊളിറ്റിക്കല്‍ അജണ്ട അതിനുണ്ട്. അതിന്റെ ഏറ്റവും പ്രധാന കാരണമായി, പറയപ്പെടുന്നത് പാക്കിസ്ഥാന്‍ തന്നെയാണ്. ഒരേ സമയം സ്വാതന്ത്ര്യം കിട്ടിയ രണ്ടുരാജ്യങ്ങള്‍. പക്ഷേ, പാക്കിസ്ഥാന്‍ സാമ്പത്തികമായി തകരുമ്പോള്‍, ഇന്ത്യ അഭിവൃദ്ധിയിലേക്ക് കുതിക്കയാണ്. കാശ്മീരിലടക്കം സമാധാനം വന്നുകഴിഞ്ഞു.
370-ാം വകുപ്പ് എടുത്തുകളഞ്ഞതുമായി ബന്ധപ്പെട്ട് വലിയ കലാപമാണ് പാക്ക് ഭീകരര്‍ ജമ്മു-കശ്മീരില്‍ പ്രതീക്ഷിച്ചത്. എന്നാല്‍ യാതൊന്നും ഉണ്ടായില്ല. തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പിലും അത്യാവശ്യം നല്ല പങ്കാളിത്തം വന്നു. ഇതോടെ ഭീകരതയെ കശ്മീരിന്റെ മണ്ണില്‍ നിന്ന് തുടച്ചുനീക്കാന്‍ കഴിഞ്ഞുവെന്നാണ് പൊതുവേ കരുതിയത്. ഒരുകാലത്തൊക്കെ അവിടെ നിന്നുള്ള തുടര്‍ച്ചയായ ആക്രമണങ്ങളുടെ വാര്‍ത്തയായിരുന്നു, നമ്മുടെ പത്രത്താളുകളില്‍ നിറഞ്ഞുനിന്നത്.
1989-ല്‍ ആണ് കശ്മീരില്‍ ഭീകരവാദം ശക്തി പ്രാപിക്കുന്നത്. ലഷ്‌കര്‍ ഇ തയ്ബ, ഹിസ്ബുല്‍ മുജാഹിദീന്‍, ജമ്മു കശ്മീര്‍ ഫ്രന്റ് തുടങ്ങിയവര്‍ വിഘടന വാദവുമായി താഴ് വരയില്‍ ഭീകരവാദം വളര്‍ത്തി. പാക്കിസ്ഥാന്റെ നിര്‍ലോഭമായ സഹായവും അവര്‍ക്കുണ്ടായി. 1995 ജൂലൈയില്‍ പഹല്‍ഗാം ഇതുപോലെ നടുങ്ങിയിരുന്നു. അന്ന് കശ്മീരില്‍ സന്ദര്‍ശനത്തിന് എത്തിയ 6 വിദേശികളെ ഭീകര്‍ തട്ടിക്കൊണ്ടു പോയി. യുഎസ്, ബ്രിട്ടന്‍, നോര്‍വേ, ജര്‍മനി തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള ടൂറിസ്റ്റുകളായിരുന്നു അവര്‍. അല്‍ ഫരാന്‍ എന്ന സംഘടനയായിരുന്നു പിന്നില്‍. ഭീകരന്‍ മസൂദ് അസറിന്റെ മോചനത്തിനായായിരുന്നു ഈ നീക്കം. 20 ഭീകരരെക്കൂടി മസൂദിനൊപ്പം പുറത്തിറക്കണമെന്നും ആവശ്യമുണ്ടായി. പക്ഷേ ഇന്ത്യ വഴങ്ങിയില്ല.
അതിനുള്ള തീവ്രവാദികളുടെ മറുപടിയും ഭീകരമായിരുന്നു. നോര്‍വേയില്‍ നിന്നുള്ള ഹാന്‍സ് ക്രിസ്ത്യന്‍ ഓസ്ട്രോ എന്ന 27 വയസ്സുകാരനായ സഞ്ചാരിയെ ഭീകരര്‍ തലവെട്ടി കൊന്നത് ലോകത്തെ നടുക്കി.
നാടകപ്രവര്‍ത്തകനും കലാകാരനുമായിരുന്നു ഓസ്ട്രോ. കേരളത്തില്‍ വന്നു കഥകളി കാണുകയും വേഷമിടുകയുമൊക്കെ ചെയ്തിട്ടായിരുന്നു അദ്ദേഹത്തിന്റെ കശ്മീരിലേക്കുള്ള ദൗര്‍ഭാഗ്യകരമായ സഞ്ചാരം. ഇയാള്‍ക്ക് ഒപ്പം പിടിച്ച മറ്റ് വിദേശികള്‍ക്ക് എന്ത് സംഭവിച്ചുവെന്ന് ഇന്നും അറിയില്ല. പക്ഷേ 95നുശേഷം മൂന്ന് ദശാബ്ദങ്ങള്‍ക്കുശേഷം പഹല്‍ഗാമിലെ ടൂറിസ്റ്റുകള്‍ വീണ്ടും നടുങ്ങി. അതിനുള്ള ജിയോപൊളിറ്റിക്കല്‍ കാരണങ്ങള്‍, ലോക മാധ്യമങ്ങള്‍ നിരത്തുന്നുണ്ട്.
ഇന്ത്യക്കുമുന്നില്‍ ഇനി നാണം കെടാനാവില്ല
അതിര്‍ത്തിക്കപ്പുറത്തുനിന്ന് പാക്കിസ്ഥാന്‍ തന്നെയാണ് ഈ കൊലപാതക പരമ്പരയുടെ ആസൂത്രകരെന്നാണ്, സൈനിക -നയതന്ത്ര വിദഗ്ധര്‍ പറയുന്നത്. അടുത്തകാലത്തായി ഇന്ത്യയുടെ മുന്നില്‍ നാണം കെടുന്ന അവസ്ഥയാണ് പാക്കിസ്ഥാന് പലപ്പോഴും ഉണ്ടാവുന്നത്. ഇന്ത്യയുടെ ശത്രുക്കള്‍ ആഗോളവ്യാപകമായി കൊല്ലപ്പെടുകയാണ്. പാക്കിസ്ഥാനില്‍ വെച്ചുപോലും ഇന്ത്യയുടെ ശത്രുക്കള്‍ 'അജ്ഞാതരാല്‍' കൊല്ലപ്പെടുന്നു.
2022 മുതലുളള ഈ ഓപ്പറേഷനില്‍ നിരവധി കൊടും ഭീകരര്‍ കൊല്ലപ്പെട്ടുകഴിഞ്ഞു. 1999-ല്‍ ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം ഹൈജാക്ക് ചെയ്ത ഭീകരരില്‍ ഒരാള്‍ 2022 മാര്‍ച്ചില്‍ കറാച്ചിയില്‍ അജ്ഞാതന്റെ വെടിയേറ്റു മരിച്ചു. 2023 ഫെബ്രുവരിയില്‍ ഒരു ഹിസ്ബുള്‍ ഭീകരന്‍ വീണ്ടും അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു. ഇതും പാക്കിസ്ഥാനില്‍വെച്ചാണ് നടന്നത്. പ്രതികളെക്കുറിച്ച് ഒരു സൂചനയുമില്ല.
2023 ജനുവരിയില്‍ പാക് ചാര സംഘടനയായ ഐഎസ്ഐയുടെ രണ്ട് ഏജന്റുമാര്‍ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. ഖാലിസ്ഥാന്‍ കമാന്‍ഡോ ഫോഴ്സ് മേധാവി പരംജിത് സിംഗ് പഞ്ച്വാര്‍ 2023 മെയ് 7 ന് ആണ് ലാഹോറില്‍ വെച്ച് അജ്ഞാതന്റെ വെടിയേറ്റ് മരിച്ചത്.
യുകെയില്‍ ഇന്ത്യന്‍ പതാക വലിച്ചെറിഞ്ഞ് ഖാലിസ്ഥാന്‍ പതാക ഉയര്‍ത്താന്‍ ശ്രമിച്ച അവതാര്‍ സിംഗ് ഖണ്ഡ ലണ്ടനിലെ ആശുപത്രിയില്‍ വെച്ച് ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. ജൂണ്‍ 20-നാണ് ഖാലിസ്ഥാന്‍ ടൈഗര്‍ ഫോഴ്‌സ് മേധാവി ഹര്‍ദീപ് നിജ്ജാര്‍ കാനഡയിലെ സറേയിലെ ഗുരുദ്വാരയ്ക്ക് മുന്നില്‍ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചത്. എന്‍ഐഎ തീവ്രവാദിയായി പ്രഖ്യാപിക്കുകയും തലയ്ക്ക് 10 ലക്ഷം രൂപ വിലയിടുകയും ചെയ്ത ഹര്‍ദീപ് നിജ്ജാര്‍ ഒന്നരമാസത്തിനിടെ കൊല്ലപ്പെടുന്ന മൂന്നാമത്തെ ഖാലിസ്ഥാന്‍ ഭീകര നേതാവ് ആയിരുന്നു.
ഈ കൊലപാതകങ്ങള്‍ നടത്തിയത് ആരാണെന്ന് ആര്‍ക്കും അറിയില്ല. ഒരു കേസിലും പ്രതികളെ ഇതുവരെ പിടികൂടാനായിട്ടില്ല. അതിനര്‍ത്ഥം തികച്ചും പ്രൊഫഷണല്‍ പരിശീലനം ലഭിച്ച ആളുകളാണ് ഈ കൊലപാതകങ്ങള്‍ നടത്തിയത് എന്നാണ്. നടത്തേണ്ട കാര്യം ചെയ്താലുടന്‍ രക്ഷപ്പെടാനുള്ള എല്ലാ തയ്യാറെടുപ്പുകളും ഉള്ളവര്‍ ആണിവ. 'ചത്തത് കീചകനാണെങ്കില്‍ കൊന്നത് ഭീമന്‍ തന്നെ ' എന്ന ചൊല്ല് ഓര്‍മിപ്പിക്കുന്നതാണ് ഇവയൊക്കെ. ഇന്ത്യന്‍ ചാര സംഘടനയായ റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗാണ് ഈ അജ്ഞാതര്‍ക്ക് പിന്നിലെന്നാണ് പ്രതിരോധ നിരീക്ഷകരുടെ അഭിപ്രായം.
ലഷ്‌ക്കറെ ത്വയ്യിബയുടെ സ്ഥാപകന്‍ ഹാഫിസ് സയീദിന്റെ അനുയായി അബു ഖത്തല്‍ ഒരുമാസം മുമ്പാണ് അജ്ഞാതരാല്‍ കൊല്ലപ്പെടുന്നത്. അന്ന് ഹാഫീസ് സയീദും കൊല്ലപ്പെട്ടുവെന്ന് വാര്‍ത്ത വന്നിരുന്നു. ഹാഫീസ് പോലും പേടിച്ചാണ് കഴിയുന്നത്.
പാക്കിസ്ഥാനില്‍ കയറി ആരാണ് നിരന്തരം ഇന്ത്യയുടെ ശത്രുക്കളെ കൊല്ലുന്നത് എന്ന ചോദ്യത്തിന് ആ രാജ്യത്തിന് ഉത്തരം ഉണ്ടായിരുന്നില്ല. അങ്ങനെ ആകെ തകര്‍ന്നുപോയപ്പോള്‍ അവര്‍ ഉണ്ടാക്കിയ ഒരു തിയറിയാണ്, 'ഘര്‍മേ കുസ്‌കേ മാരേഗെ'. നിങ്ങള്‍ എന്റെ വീട്ടില്‍വന്ന് തല്ലിയാല്‍ ഞാനും തല്ലുമെന്ന്. പക്ഷേ അതിന് നേരിട്ട് ചെയ്യാനുള്ള കഴിവില്ല. പണമില്ല, ശക്തിയില്ല. പകരം ചെയ്യാനുള്ളത് ഭീകരതയെ പ്രോല്‍സാഹിപ്പിക്കയാണ് അത് ഇപ്പോള്‍ കണ്ടത്.
ബലൂചിലെ പ്രശ്നങ്ങള്‍ക്ക് മറുപടിയോ?
പാക്കിസ്ഥാന്റെ തീരാതലവേദനയാണ് ബലൂചിസ്ഥാന്‍. ഇവിടെ ദിനംപ്രതി ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി വര്‍ധിച്ച് വരികയാണ്. ജഫാര്‍ എക്പ്രസ് റാഞ്ചിയ സംഭവം, പാക്കിസ്ഥാന്‍ സേനക്ക് വലിയ അഭിമാനക്ഷതമുണ്ടാക്കി. പാക് സേനയെ പരസ്യമായി തന്നെ വിമര്‍ശിക്കുയും അധിക്ഷേപിക്കുകയും ചെയ്യുന്ന മാധ്യമ റിപ്പോട്ടുകള്‍ സുലഭമാണിന്ന്. ഇസ്ലാമിക ലോകത്തില്‍ പാക് സേനക്ക് ഉണ്ടായിരുന്നു അപ്രമാധിത്യം ദിനംപ്രതി നഷ്്ട്പ്പെട്ട് വരുന്നതായി കാണാം.
സ്വാതന്ത്ര്യത്തിനുവേണ്ടി ബലൂചികള്‍ നടത്തുന്ന ശ്രമത്തെ ഇന്ത്യ എന്നും പിന്തുണച്ചിട്ടുണ്ട്. പക്ഷേ ആധുധമെടുത്തുള്ള അതിക്രമങ്ങളെ ഇന്ത്യ പ്രോല്‍സാഹിപ്പിച്ചിട്ടില്ല. പക്ഷേ ബലൂചിനെ സകല പ്രശ്നങ്ങള്‍ക്കും പിന്നില്‍ ഇന്ത്യയാണെന്നാണ്, ഇന്നും പാക്കിസ്ഥാനില്‍ പ്രചാരണം. ബലൂച് തീവ്രവാദികളുടെ ആക്രമണം, സുന്നി- ഷിയാ പ്രശ്നങ്ങള്‍, ഒപ്പം കടുത്ത പട്ടിണിയും. ഈ അരക്ഷിതാവസ്ഥകളെയൊക്കെ മൂന്‍കാലത്തും പാക്കിസ്ഥാന്‍ മറികടന്നിരുന്നത് ഇന്ത്യാവിരുദ്ധ പ്രചാരണം നടത്തിയാണ്. കശ്മീര്‍ എന്ന വികാരം ജ്വലിപ്പിച്ചുകൊണ്ടാണ്.
അതുപോലെ അഫ്ഗാനിസ്ഥാനില്‍നിന്നും പാക്കിസ്ഥാന് വന്‍ തിരിച്ചടി കിട്ടുന്നുണ്ട്. അഫ്ഗാനിസ്ഥാനില്‍നിന്ന് പിന്‍വാങ്ങിയശേഷം അമേരിക്കയും താലിബാന്‍ സര്‍ക്കാറുമായുള്ള ബന്ധം, സൗഹൃദത്തിലേക്കാണ് പോവുന്നത്. അഫ്ഗാനിസ്ഥാന്‍ പാക്കിസ്ഥാന്റെ നിയന്ത്രണത്തില്‍നിന്ന് മാറിപ്പോവുന്നു എന്ന് അര്‍ത്ഥം. താലിബാന്‍ സര്‍ക്കാര്‍ ഡ്യൂറന്റ് രേഖയുടെ പ്രസക്തിയെ തന്നെ ചോദ്യം ചെയ്യുകയും, ടിടിപി പോലുള്ള പാക് വിരുദ്ധ ജിഹാദികള്‍ക്ക് സംരക്ഷണവും താവളങ്ങളം നല്‍കുകയും ചെയ്യുന്നൂ.സ്വതവേ ശാന്തമായിരുന്ന കിഴക്കന്‍ അതിര്‍ത്തി പാക്കിസ്ഥാന് ഇപ്പോള്‍ വലിയ തലവേദനയാണ്. പാക്ക് വിരുദ്ധ സേനയുടെ ഒളിത്താവളം കൂടിയാണ് ഇന്ന് അഫ്ഗാന്‍. താലിബാനെപേടിച്ച്, പാക്കിസ്ഥാനിലേക്ക് വന്ന 30 ലക്ഷം അഫ്ഗാനികളെയാണ് ഇപ്പോള്‍ അവര്‍ നാടുകടത്തിക്കൊണ്ടിരിക്കുന്നത്. ലോക ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നാടുകടത്തലാണ് അത്.
അഫ്ഗാനിസ്ഥാനിലും ബലൂചിസ്ഥാനിലും നേരിടുന്ന തിരിച്ചടി, മറക്കാന്‍ പാക്കിസ്ഥാന്‍ അവസരം കാത്തിരിക്കയാണെന്ന് ചുരുക്കം. ജമ്മുകാശ്മീര്‍ കേന്ദ്ര ഭരണ പ്രദേശമായി കഴിഞ്ഞുള്ള ആദ്യത്തെ തിരഞ്ഞെടുപ്പിന് ശേഷം, ഡല്‍ഹിയില്‍ നിന്നുള്ള നിയന്ത്രണം ശ്രീനഗറിലേക്ക് മാറിയപ്പോള്‍, പാക് സേന ഐഎസ്ഐക്കും അത് ഒരു അവസരമായി എന്നുതന്നെ കരുതാം.
പാക് ആര്‍മി ചീഫ് എന്ന ഭീകരന്‍
രണ്ടുപേരെയാണ്, ഈ ഭീകരാക്രമണത്തിലെ പ്രധാന വില്ലന്‍മ്മാരായി മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. അതിലൊന്ന് സൈഫുള്ള കസൂരിയെന്ന ഭീകരനാണ്. മറ്റേത് പാക്ക് പട്ടാള മേധാവിയും!
പഹല്‍ഗാമിലെ ആക്രമണം നിയന്ത്രിച്ചത് ലഷ്‌കര്‍-ഇ-തൊയ്ബ ഡെപ്യൂട്ടി ചീഫ് സൈഫുള്ള ഖാലിദ് എന്ന കസൂരിയാണ്. ഇന്ത്യയുടെ ഏറ്റവും വലിയ ശത്രുവായ ഹാഫിസ് സയീദിന്റെ വളരെ അടുത്തയാളാണ്. കസൂരി എപ്പോഴും ആഡംബര കാറുകളിലാണ് സഞ്ചരിക്കുന്നത്. പാകിസ്ഥാന്‍ സൈന്യത്തിലെ സൈനികരെ പ്രചോദിപ്പിക്കുന്നതിനായി പ്രവര്‍ത്തിക്കുന്നതിനാല്‍ സൈനിക ഉദ്യോഗസ്ഥര്‍ക്ക് പോലും കസൂരി പ്രിയങ്കരനാണ്. പാകിസ്ഥാനില്‍ വലിയ സ്വാധീനം ഇയാള്‍ക്കുണ്ട്. പഹല്‍ഗാം ഭീകരാക്രമണത്തിന് രണ്ട് മാസം മുമ്പ്, സൈഫുള്ള ഖാലിദ് പാകിസ്ഥാനിലെ പഞ്ചാബിലെ കങ്കന്‍പൂരില്‍ എത്തിയിരുന്നു. അവിടെ പാകിസ്ഥാന്‍ സൈന്യത്തെ അഭിസംബോധന ചെയ്ത് ഇന്ത്യയ്‌ക്കെതിരെ ആഹ്വാനം നടത്തി.
പഹല്‍ഗാം ആക്രമണത്തിലെ സാധ്യതകള്‍ പരിശോധിക്കുന്ന ഇന്ത്യാ ടുഡെ അടക്കമുള്ള മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്, പാക് സൈന്യത്തിന്റെ പങ്കുതന്നെയാണ്. ബ്രിഗേഡിയര്‍ സനല്‍കുമാറിനെപ്പോലുള്ള സൈനിക വിദഗ്ധര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടുന്നുണ്ട്. സാമ്പത്തികമായി തകര്‍ന്ന് തരിപ്പണമായ രാജ്യമാണ് ഇന്ന് പാക്കിസ്ഥാന്‍. രാജ്യം പാപ്പരായതോടെ, പാക് സൈന്യവും, ചാരസംഘടനയായ ഐഎസ്‌ഐയും ഭീകരസംഘടനകള്‍ക്ക് നേരിട്ട് പിന്തുണ കൊടുക്കുന്ന രീതി അവസാനിപ്പിച്ചതായി ബിബിസി അടക്കമുള്ള മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു. മാത്രമല്ല ധന പ്രതിസന്ധി പരിഹരിക്കാന്‍ പാക്കിസ്ഥാന്, ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ സഹായവും വേണ്ടിയിരുന്നു.
എന്നാല്‍ കഴിഞ്ഞ കുറച്ചുകാലമായി പാക്കിസ്ഥാനില്‍നിന്നുവരുന്ന വാര്‍ത്ത അവിടെ സൈന്യം രാഷ്ട്രീയ രംഗത്തും പിടിമുറുക്കുന്നുവെന്നതായിരുന്നു. ഇപ്പോള്‍ പഹല്‍ഗാം ഭീകരാക്രമണത്തിലും പാക്ക് സൈന്യത്തിന്റെ നിഴല്‍യുദ്ധം സംശയിക്കപ്പെടുന്നുണ്ട്. തളര്‍ന്നുകിടക്കുന്ന കാശ്മീര്‍ ഭീകരര്‍ക്ക് പ്രേരണ നല്‍കിയത് പാക്ക് ആര്‍മി ചീഫ്, ജനറല്‍ അസിം മുനീര്‍ ദിവസങ്ങള്‍ക്ക് മുമ്പ് നടത്തിയ ഒരു പ്രകോപനപരമായ പ്രസംഗമാണെന്നും ആക്ഷേപമുണ്ട്.
'പാകിസ്ഥാനികള്‍ അവരുടെ ഭാവി തലമുറയ്ക്ക് വിഭജനത്തിന്റെ കഥ പറഞ്ഞു കൊടുക്കണം. അങ്ങനെ അവര്‍ ഒരിക്കലും അവരുടെ രാജ്യത്തിന്റെ കഥ മറക്കാതിരിക്കുകയും അതുമായി ബന്ധപ്പെട്ട ബന്ധം അനുഭവിക്കുകയും ചെയ്യും. പാകിസ്ഥാനും ഇന്ത്യയും രണ്ട് വ്യത്യസ്ത രാജ്യങ്ങളാണ്, അവരുടെ സംസ്‌കാരം, മതം, ചിന്ത എന്നിവയ്ക്ക് യാതൊരു സാമ്യവുമില്ല. നമ്മുടെ മതം വ്യത്യസ്തമാണ്, നമ്മുടെ ആചാരങ്ങള്‍ വ്യത്യസ്തമാണ്. നമ്മുടെ സംസ്‌കാരം വ്യത്യസ്തമാണ്. നമ്മുടെ ചിന്ത വ്യത്യസ്തമാണ്. നമ്മുടെ അഭിലാഷങ്ങള്‍ വ്യത്യസ്തമാണ്. ഇതാണ് ദ്വിരാഷ്ട്ര സിദ്ധാന്തത്തിന്റെ അടിത്തറ, അത് അത് സ്ഥാപിക്കപ്പെട്ടു. നമ്മള്‍ രണ്ട് രാജ്യങ്ങളാണ്, നമ്മള്‍ ഒരു രാജ്യമല്ല. നമ്മുടെ പൂര്‍വ്വികര്‍ ഈ രാജ്യത്തിനായി ത്യാഗങ്ങള്‍ ചെയ്തിട്ടുണ്ട്. അതിനെ എങ്ങനെ സംരക്ഷിക്കണമെന്ന് ഞങ്ങള്‍ക്കറിയാം. കശ്മീര്‍ പാക്കിസ്ഥാന്റെ ജഗുലാര്‍ വെയിന്‍ ആണ്. കഴുത്തിലെ രക്തക്കുഴല്‍) ഒരു ശക്തിക്കും പാക്കിസ്ഥാനെ കശ്മീരില്‍നിന്ന് വേര്‍പ്പെടുത്താനാവില്ല ''-പാക്ക് ആര്‍മി ചീഫ്, ജനറല്‍ അസിം മുനീറിന്റെ വാക്കുകളാണിത്.
ഒരു സൈനിക മേധാവിയെപ്പോലെയല്ല, മറിച്ച് ഒരു മൗലാന മതപ്രഭാഷണം നടത്തുന്നതുപോലെയായിരുന്നു മുനീറിന്റെ പ്രസംഗം. പധാനമന്ത്രി ഷഹബാസ് ഷെരീഫ് ഉള്‍പ്പെടെ പാകിസ്ഥാനിലെ എല്ലാ പ്രധാന നേതാക്കളും ഈ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ എല്ലാവരും അസീം മുനീറിന്റെ വാക്കുകള്‍ ശരിവെക്കുകയായിരുന്നു.
നിരവധി പട്ടാള അട്ടിമറികള്‍ക്ക് സാക്ഷ്യം വഹിച്ച നാടാണ് പാക്കിസ്ഥാന്‍. മുനീര്‍ കരുത്താര്‍ജിച്ച് വരുന്നത് ഭാവിയെ പട്ടാള അട്ടിമറിയിലേക്കുള്ള സൂചകമാണെന്നും സംശയമുണ്ട്. മുനീറിന്റെ ഈ വാക്കുകളാണ് ആത്മവിശ്വാസം നഷ്ടപ്പെട്ട് ജീവിക്കുകയായിരുന്നു, കശ്മീര്‍ ഭീകരര്‍ക്ക് പ്രേരണയായത് എന്ന് ഇന്ത്യ ടുഡെയടക്കമുള്ള മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ സൈനിക മേധാവി കൂടുതല്‍ കൂടുതല്‍ കരുത്തനായി വരികയാണ്. അങ്ങനെയാണെങ്കില്‍ ഭാവിയില്‍ ഇന്ത്യയുമായുള്ള യുദ്ധ സാധ്യതവരെ തള്ളിക്കളയാന്‍ ആവില്ല. ഇപ്പോള്‍ തന്നെ അതിര്‍ത്തിയില്‍ യുദ്ധ സമാനമായ സാഹചര്യമാണ്.
ലഷ്‌ക്കര്‍ വെടിതീര്‍ന്നപ്പോള്‍ ടി ആര്‍എഫ്
പഹല്‍ഗാം ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം പാക് ഭീകര സംഘടനയായ ദി റെസിസ്റ്റന്‍സ് ഫ്രണ്ട് (ടിആര്‍എഫ്) എറ്റടുത്തിട്ടുണ്ട്. ലഷ്‌ക്കറെ ത്വയ്യിബ അനുകൂല സംഘടനയാണ് ഇത്. ലഷ്‌ക്കറിനെതിരെ ആഗോള അടിസ്ഥാനത്തില്‍ നടപടിയുണ്ടായപ്പോള്‍ തട്ടിക്കൂട്ടിയ സമാന്തര സംഘടനയാണ്, ഇതെന്നാണ് ഇന്ത്യ ടുഡെ പറയുന്നത്. ഈ സംഘടനക്കു പിന്നിലും പാക്ക് ചാര സംഘടനയായ ഐഎസ്‌ഐ ആണ്.
2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുകയും ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുകയും ചെയ്തതിന് ശേഷമാണ് ടിആര്‍എഫ് രൂപീകൃതമായതെന്ന് സൗത്ത് ഏഷ്യ ടെററിസം പോര്‍ട്ടലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. എല്‍ഇടിയുമായി ബന്ധമുള്ള സാജിദ് ജാട്ട്, സജ്ജാദ് ഗുല്‍, സലിം റഹ്‌മാനി എന്നിവരാണ് ടിആര്‍എഫിന്റെ നേതൃത്വത്തില്‍ ഉണ്ടായിരുന്നത്. കറാച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ച ടിആര്‍എഫിന് ടെലിഗ്രാം, വാട്സാപ്പ്, ട്വിറ്റര്‍, ഫേസ്ബുക്ക്, ടാംടാം തുടങ്ങിയ സാമൂഹികമാധ്യമ പ്ലാറ്റ്‌ഫോമുകളില്‍ ശക്തമായ സാന്നിധ്യമുണ്ട്. സാമൂഹിക മാധ്യമങ്ങളിലൂടെ ഇവര്‍ തീവ്രവാദ ആശയങ്ങള്‍ പ്രചരിപ്പിക്കുകയും റിക്രൂട്ട്‌മെന്റ് ഉള്‍പ്പെടെ നടത്തുകയുമാണ് ചെയ്യുന്നത്.
ലഷ്‌ക്കര്‍ ഭീകരരെയല്ലാം ഇന്ത്യ നമ്പറിട്ട് കൊല്ലാന്‍ തുടങ്ങിയതോടെയാണ് അവര്‍ പേരുമാറ്റിയെത്തിയത്. ലഷ്‌കര്‍-ഇ-തൊയ്ബ, ഹിസ്ബുള്‍ മുജാഹിദീന്‍ തുടങ്ങിയ സംഘടനകളുടെ നട്ടെല്ലൊടിക്കാന്‍ മോദി- അമിത്ഷാ- അജിത് ഡോവല്‍ സഖ്യത്തിന് കഴിഞ്ഞു. ഈ സംഘടനകള്‍ക്ക് ഒളിഞ്ഞും തെളിഞ്ഞും നല്‍കിയിരുന്ന സഹായങ്ങള്‍ തുടരുന്നതില്‍ നിന്ന് പിന്തിരിയാന്‍ പാക്കിസഥാന് മേല്‍ സമ്മര്‍ദ്ദങ്ങളും ശക്തമായിരുന്നു. ഈ ഘട്ടത്തിലാണ് പുതിയൊരു സംഘടന രൂപം കൊടുക്കുക എന്ന ആലോചന ഉണ്ടാകുന്നത്.
ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സിന്റെ (എഫ്എടിഎഫ്) നടപടികളിലെ മറികടക്കുന്നതിനായാണ് ടിആര്‍എഫ് എന്ന ഭീകരസംഘടന പ്രത്യേകമായി സൃഷ്ടിച്ചത്. ലഷ്‌കര്‍-ഇ-തൊയ്ബയുടെയും, ഹിസ്ബുള്‍ മുജാഹിദീന്റെയും കാശ്മീര്‍ താഴ്വരയിലെ സ്വാധീനം നഷ്ടമാകുന്നത് തിരിച്ചറിഞ്ഞ് ഈ രണ്ട് സംഘടനകളുടെയും ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള ദൗത്യമാണ് ടിആര്‍എഫിന് ഉണ്ടായിരുന്നത്. കാശ്മീര്‍ താഴ്വരയില്‍ 1990കളിലെ രക്തരൂക്ഷിതമായ കാലഘട്ടം തിരികെ കൊണ്ടുവരിക എന്നതായിരുന്നു ടിആര്‍എഫിന്റെ പ്രധാനലക്ഷ്യം.കശ്മീരില്‍ അടുത്തിടെ നടന്ന നിരവധി കൊലപാതകങ്ങള്‍ക്ക് പിന്നില്‍ ടിആര്‍എഫ് ആയിരുന്നെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
2023 ജനുവരിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ടിആര്‍എഫിനെയും അനുബന്ധ ഗ്രൂപ്പുകളെയും നിരോധിച്ചിരുന്നു. പിന്നാലെ ടിആര്‍എഫ് നേതാവായ ഷെയ്ഖ് സജ്ജാദ് ഗുലിനെ തീവ്രവാദിയായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. കശ്മീരിന്റെ പ്രത്യേക പദവി വീണ്ടെടുക്കുകയെന്നതാണ് സംഘടനയുടെ പ്രധാന ലക്ഷ്യമെന്നാണ് നിരീക്ഷണം. കശ്മീരില്‍ നടന്നിട്ടുള്ള നിരവധി ഭീകരാക്രമണങ്ങളുടെ ഉത്തരവാദിത്വം ടിആര്‍എഫ് ഏറ്റെടുത്തിട്ടുണ്ട്.
2020-ല്‍ കുല്‍ഗ്രാമില്‍ മൂന്ന് ബിജെപി പ്രവര്‍ത്തകരെ വെടിവെച്ച് കൊലപ്പെടുത്തിയതിന്റെ ഉത്തരവാദിത്തവും, 2021-ല്‍ ശ്രീനഗറില്‍ ഒരു സര്‍പഞ്ചിനെ വെടിവെച്ച് കൊന്നതിന്റെ ഉത്തരവാദിത്തവും സംഘടന ഏറ്റിരുന്നു. 2023-ല്‍ പുല്‍വാമയില്‍ കശ്മീര്‍ പണ്ഡിറ്റ് വിഭാഗത്തില്‍ പെട്ട സഞ്ജയ് ശര്‍മയെ കൊലപ്പെടുത്തിയതും, ഇവരാണ്. 2024 ഒക്ടോബര്‍ മാസത്തില്‍ ഗന്ദര്‍ബാല്‍ ജില്ലയിലെ ഒരു നിര്‍മാണ സൈറ്റില്‍ നടത്തിയ വെടിവെപ്പില്‍ ഒരു കശ്മീരി ഡോക്ടര്‍, ഒരു കരാറുകാരന്‍, ഏതാനും തൊഴിലാളികള്‍ ഉള്‍പ്പെടെ ഏഴ് പേരെ കൊലപ്പെടുത്തിയും ഇതേ ഭീകരര്‍ തന്നൊണ്.
2024 ജൂണ്‍ മാസത്തില്‍ റിയാസി ജില്ലയിലെ ശിവ്‌ഖോരി ക്ഷേത്രത്തില്‍ നിന്ന് മാതാ വൈഷ്‌ണോ ദേവി ക്ഷേത്രത്തിന്റെ ബേസ് ക്യാമ്പായ കത്രയിലേക്ക് പോകുകയായിരുന്ന തീര്‍ഥാടകരുടെ ബസിന് നേരെ ആക്രമണം നടത്തിയതായി ടിആര്‍എഫ് അവകാശപ്പെട്ടിരുനനു. ഭീകരര്‍ ബസിന് നേരെ വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് ബസ് കൊക്കയിലേക്ക് മറിഞ്ഞു, ഒമ്പത് പേര്‍ മരിക്കുകയും 33 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇങ്ങനെ നിരവധി ഓപ്പറേഷനുകളിലുടെ പതുക്കെ അവര്‍ ലഷ്‌ക്കറിന് പകരമുള്ള മറ്റൊരു ഭീകര സംഘടനായി മാറി.
ലക്ഷ്യം കശ്മീര്‍ വിമോചനം
രാജ്യത്തിനുള്ളിലെ മറ്റൊരു രാജ്യം എന്നതില്‍നിന്ന് മാറി കാശ്മീര്‍ സമഗ്രമായി ഇന്ത്യയുടെ രാഷ്ട്രശരീരത്തില്‍ അലിഞ്ഞുചേര്‍ന്ന കാലമാണിത്. മുമ്പ് ഇവിടെ കാശ്മീരി അല്ലാതെ ഉള്ള ആര്‍ക്കും ഭൂമി വാങ്ങാനാകില്ല, എന്നു മാത്രമല്ല വാടകക്ക് പോലും താമസിക്കാന്‍ ആകില്ല. അതിന് കശ്മീര്‍ ഗവര്‍മെന്റിന്റെ പെര്‍മനെന്റ് റെസിഡെന്റ് സര്‍ട്ടിഫിക്കേറ്റ് അത്യാവശ്യമാണ്. അത് കാശ്മീരില്‍ മാതാപിതാക്കള്‍ക്ക് ജനിച്ച ആളുകള്‍ക്ക് മാത്രമേ കിട്ടു. കാശ്മീരി വനിതകള്‍ നോണ്‍ കഷ്മീരിയെ വിവാഹം കഴിച്ചാല്‍ ഈ സര്‍ട്ടിഫിക്കറ്റ് അസാധുവാകും. കാശ്മീരില്‍ ഈ സര്‍ട്ടിഫിക്കറ്റ് ജോലി നേടാനും വീട് വാങ്ങാനും വാടകയ്ക്കു വീട് എടുക്കാനും ബാങ്ക് അക്കൗണ്ട് തുടങ്ങാനുമെല്ലാം വേണം. ഇന്ത്യന്‍ ഭരണ ഘടനപോലും അവിടെ അപ്രസകതമായിരുന്നു.
നേരത്തെ, കാശ്മീരില്‍ ഒരൊറ്റ ഇന്ത്യന്‍ ബാങ്കുകള്‍ക്കും ബ്രാഞ്ച് ഇടാന്‍ അനുവാദമില്ലായിരുന്നു. റിസേര്‍വ് ബാങ്കിന്റെ അധികാരം പരിമിതമായിരുന്നു. ഇന്ത്യയുടെ ഏത് മൂലയ്ക്കും ബ്രാഞ്ചുള്ള സ്റ്റേറ്റ് ബാങ്കിന് പോലും കാശ്മീരില്‍ ബ്രാഞ്ചില്ല എന്നോര്‍ക്കണം. അവരുടെ ബാങ്ക് ജമ്മു ആന്‍ഡ് കശ്മീര്‍ ബാങ്ക് എന്ന ഒരു ബാങ്കാണ്. കശ്മീരിന്റെ നിയമസഭ ഒരു സ്വതന്ത്ര പരമാധികാര രാജ്യത്തിന്റെ സ്വഭാവങ്ങള്‍ ഉള്ള ഒന്നായിരുന്നു. ധനകാര്യം, വാര്‍ത്താ വിനിമയം, വിദേശകാര്യം എന്നിവ മാത്രം ഇന്ത്യന്‍ യൂണിയന് ഉണ്ടായിരുന്നത്.
മോദി സര്‍ക്കാര്‍ ആര്‍ട്ടിക്കിള്‍ 370 എടുത്ത് കളഞ്ഞപ്പോള്‍ ഇതെല്ലാം പോയി. കശ്മീരികള്‍ രാജ്യത്തിനുള്ളിലെ രാജ്യം എന്ന നിലയില്‍നിന്ന് മാറി പൂര്‍ണ്ണമായും രാഷ്ട്ര ശരീരത്തിന്റെ ഭാഗമായി. സാധാരണക്കാര്‍ ഒരു രീതിയിലും തീവ്രാദത്തിന് പിന്തുണ നല്‍കുന്നില്ല. അവര്‍ തൊഴിലെടുത്ത് ജീവിക്കുന്നു. മറ്റുള്ളവരുമായി ഇടകലര്‍ന്ന് സമാധാനമായി ജീവിക്കുന്നു. ഇതാണ് ഭീകരരെ ഏറ്റവും കൂടുതല്‍ ചൊടിപ്പിച്ചത.് ജമ്മു കശ്മീരിലെ അനന്ത്നാഗിലുള്ള പഹല്‍ഗാം രാജ്യമൊട്ടുക്ക് പ്രശസ്തമാണ്. അമര്‍നാഥ് യാത്രയുടെ പ്രധാന ബേസ് എന്നതും മനോഹരമായ പ്രകൃതിയും സുഖകരമായ കാലാവസ്ഥയും ഇതിനുള്ള കാരണങ്ങളാണ്. ഇന്ത്യയുടെ സ്വിറ്റ്സര്‍ലന്‍ഡ് എന്ന് ആ പ്രദേശം അറിയപ്പെടുന്നതും അതുകൊണ്ടുതന്നെ.
ചരിത്രത്തിലെ ഏറ്റവും വലിയ ടൂറിസ്റ്റ് പ്രവാഹത്തിനാണ് കഴിഞ്ഞ കുറച്ച് നാളുകളായി കശ്മീര്‍ സാക്ഷ്യം വഹിക്കുന്നത്. ഒന്നരക്കോടി ജനങ്ങളാണ് കഴിഞ്ഞ ഒരുവര്‍ഷത്തിനുള്ളില്‍ കശ്മീരില്‍ എത്തിയത്. തീയേറ്ററുകള്‍ തുറക്കുന്നു, വലിയ ഹോട്ടലുകള്‍ വരുന്നു, വന്‍കിട ടൂറിസം പദ്ധതികള്‍ വരുന്നു. ഇങ്ങനെ വലിയ കുതിച്ച് ഒരു കുതിച്ച്ചാട്ടത്തിന് കശ്മീര്‍ ഒരുങ്ങുമ്പോഴാണ് ഭീകരാക്രമണം ഉണ്ടാവുന്നത്. അതിനില്‍നിന്നുതന്നെ കാര്യങ്ങള്‍ വ്യക്തമാവുകയാണ്.
ആത്യന്തികമായി ഇന്ത്യയെ അസ്ഥിരപ്പെടുത്തുക, കാശ്മീരിന്റെ സ്വസ്ഥത കെടുത്തുക എന്നതുന്നെയാണ് ഭീകരരുടെ ലക്ഷ്യം. ശരിക്കും ഇസ്രയേലില്‍ നടന്ന ഹമാസ് മോഡല്‍ ആക്രമണമാണിത്. 2023 ഒക്ടോബര്‍ 7ന് അതിര്‍ത്തിക്കപ്പുറത്തുനിന്ന് ഇസ്രയേലില്‍ എത്തി, 1600 ഓളം പേരെ കൊല്ലുകയും, കൊള്ളയും കൊള്ളിവെപ്പും ബലാത്സഗവും നടത്തുമ്പോള്‍ ഹമാസിന് കൃത്യമായ ഒരു രാഷ്ട്രീയ ലക്ഷ്യം കൂടിയുണ്ടായിരുന്നു. അത് ആ യഹൂദ രാഷ്ട്രത്തിന്റെ സമാധാനം തകര്‍ക്കുക എന്നതായിരുന്നു. സമാധാനത്തില്‍നിന്ന് യുദ്ധത്തിലേക്ക് ഇസ്രയേലിനെ വലിച്ചിടുക എന്ന തന്ത്രവും അതിനുണ്ടായിരുന്നു. എബ്രഹാം കരാറുകളിലുടെ ഇസ്രായേല്‍, ഖത്തറും, സൗദിയുമടക്കമുള്ള രാജ്യങ്ങളോട്‌പോലും നല്ല ബന്ധം ഉണ്ടാക്കുകയും, ലബനനും ഈജിപ്തുമടക്കമുള്ള അയല്‍ക്കാരോട് കൂടുതല്‍ ഊഷ്മളമായ ബന്ധം ഉണ്ടാക്കുന്നതിനും ഇടയിലാണ്, ഒക്ടോബര്‍ 7 ആക്രമണം ഉണ്ടായത്. ഇതോടെ ഗസ്സയില്‍ വീണ്ടും യുദ്ധം തുടങ്ങി. അരലക്ഷത്തോളം പേര്‍ കൊല്ലപ്പെട്ടു. രാജ്യത്തിന്റെ മാത്രമല്ല, പശ്ചിമേഷ്യയുടെ മൊത്തത്തില്‍ സമാധാനം തകര്‍ന്നു. സമാനമായ തന്ത്രം തന്നെയാണ് ഭീകരരും പയറ്റുന്നത്.
ആളുകളുടെ പേര് ചോദിച്ച് കൃത്യമായി മതം മനസ്സിലാക്കിയാണ് ഭീകരര്‍ വെടിയുതിര്‍ത്തത്. കൃത്യമായ ഹമാസ് മോഡല്‍ ജിഹാദ് ആക്രമണമാണ് നടന്നത്. ഹമാസ് ഗസ്സ നിവാസികളുടെ തീരാശാപമാണ് എന്ന് പറയുന്നതുപോലെ, പാക്കിസ്ഥാനും ഭീകരരും കശ്മീരികളുടെയും തീരാശാപമായി മാറിക്കഴിഞ്ഞു. ഒരുരീതിയിലും ഒരു നാടിനെയും ജനതയെയും രക്ഷപ്പെടാന്‍ ഞങ്ങള്‍ അനുവദിക്കില്ല എന്ന് അവര്‍ പറയാതെ പറയുകയാണ്. ഇതോടെ ഇന്ത്യയില്‍ കൂടുതല്‍ ഹിന്ദു-മുസ്ലീം പ്രശ്നങ്ങള്‍ ഉണ്ടാക്കുകയാണ് അവരുടെ ലക്ഷ്യം. അതുകൊണ്ടുതന്നെയാണ് ഇന്ത്യയും ഏറെ ജാഗ്രതയോടെ പ്രശ്നങ്ങളെ കാണുന്നത്.
വാല്‍ക്കഷ്ണം: ഓരോ തീവ്രവാദ ആക്രമണം കഴിയുമ്പോഴും കേരളത്തില്‍ ഉയരുന്ന വാദമാണ്, 'ഭീകരര്‍ക്ക് മതമില്ല' എന്നത്. പക്ഷേ ഭീകരതക്ക് മതം മാത്രമേയുള്ളൂവെന്ന്, പേരുചോദിച്ച് മതം മനസ്സിലാക്കിയുള്ള കൊലകള്‍ ഒരിക്കല്‍ കൂടി അടിവരയിടുന്നു.