വെറും 2 രൂപയ്ക്ക് പ്രെടോള്‍ വിറ്റ് ലോകത്തെ ഞെട്ടിച്ചു; തമിഴ്നാട് മുഖ്യമന്ത്രിയുടെ മുന്നില്‍ 'പരീക്ഷണം ആവര്‍ത്തിച്ച് വിജയിച്ചു'; ബിബിസി അടക്കമുള്ള ലോകമാധ്യമങ്ങളില്‍ കവറേജ്; ഫ്രാഞ്ചൈസി കൊടുക്കാമെന്ന് പറഞ്ഞ് തട്ടിയത് കോടികള്‍; ഒടുവില്‍ ജയിലില്‍; പച്ചില പ്രെടോള്‍ വീരന്‍ രാമര്‍പിള്ള എവിടെ?
പച്ചില പ്രെടോള്‍ വീരന്‍ രാമര്‍പിള്ള എവിടെ?
പച്ചിലയില്‍ നിന്ന് പെട്രോള്‍ കണ്ടെത്തിയാല്‍ എങ്ങനെയിരിക്കും? അതും നമ്മുടെ തമിഴ്നാട്ടിലെ ഒരു കുഗ്രാമത്തില്‍ നിന്ന്. അതോടെ പിന്നെ ഇന്ത്യയെ പിടിച്ചാല്‍ കിട്ടുമോ. ഗള്‍ഫ് രാഷ്ട്രങ്ങളേക്കാള്‍ സമ്പല്‍ സമൃദ്ധിയിലേക്ക് ഇന്ത്യ കുതിക്കുന്നത്, സ്വപ്നം കണ്ടകാലം. തമിഴ് മീഡിയ തൊട്ട് ദേശീയമാധ്യമങ്ങളും എന്തിന് സാക്ഷാല്‍ ബിബിസി പോലും പച്ചില പ്രെട്രോളിനെക്കുറിച്ച് വാര്‍ത്ത എഴുതിയ കാലം. അതായിരുന്നു 1996-ല്‍ ഇവിടെ സംഭവിച്ചത്. വെറും 9ാം ക്ലാസില്‍ പഠനം നിര്‍ത്തിയ, തമിഴ്നാട്ടിലെ ഇടയംകുളം എന്ന കുഗ്രാമത്തില്‍ നിന്ന് വന്ന, രാമര്‍പിള്ള എന്ന ചെറുപ്പക്കാരന്‍, ഇന്ത്യയെ മാത്രമല്ല ലോകമാധ്യമങ്ങളെ പോലും ഞെട്ടിച്ചിരുന്നു.
രാമര്‍ എന്ന ഈ കണ്ടുപിടുത്തത്തിന്റെ രാജാവിനെ കാണാന്‍ ജനം ക്യൂനിന്ന കാലം. പച്ചില പെട്രോള്‍ ഉപയോഗിച്ച് തുടങ്ങുന്ന പമ്പുകളുടെ ഡീലര്‍ഷിപ്പിനായി പ്രമുഖ വ്യവസായ ഗ്രൂപ്പുകള്‍ രാമറിന്റെ ഗ്രാമത്തിലേക്ക് ഒഴുകിയെത്തിയ കാലം.... പക്ഷേ ആ ആരവം അധികകാലം നീണ്ടുനിന്നില്ല. ഈ പ്രശസ്തിയെല്ലാം, പെട്ടന്നുതന്നെ അസ്തമിച്ചു. പച്ചില പെട്രോള്‍ ശുദ്ധ തട്ടിപ്പാണെന്ന് തെളിഞ്ഞു. സിബിഐ അന്വേഷണത്തില്‍ രാമര്‍ അറസ്റ്റിലായി. പിന്നീട് ജയിലിലുമായി. അതോടെ ഹെര്‍ബല്‍ പ്രെട്രോളും തീര്‍ന്നു. ഇപ്പോള്‍ മൂന്ന് പതിറ്റാണ്ട് കഴിഞ്ഞ് നോക്കുമ്പോള്‍, രാമര്‍ എവിടെയാണെന്നുപോലും ആര്‍ക്കും അറിയില്ല.
കഴിഞ്ഞ ഒരു പതിറ്റാണ്ടായി രാമറിനെക്കുറിച്ച് വിവരങ്ങള്‍ ഒന്നുമില്ലായിരുന്നു. പക്ഷേ കഴിഞ്ഞ ദിവസം ഒരു തമിഴ്പത്രത്തിലെ വാര്‍ത്തയുടെ ചുവടുപിടിച്ച് സോഷ്യല്‍ മീഡിയയില്‍ ഒരു വലിയ പ്രചാരണം വന്നു. രാമര്‍പിള്ള മരിച്ചുവെന്നായിരുന്നു ആ വാര്‍ത്ത. അതോടെ പല ചാനലുകാരും, വീണ്ടും ഇടയംകുളം ഗ്രാമത്തിലേക്ക് തിരിച്ചു. പക്ഷേ അപ്പോഴാണ്, രാമര്‍ അവിടെയില്ലെന്നും എവിടെയുണ്ടെന്ന് ഗ്രാമവാസികള്‍ക്കുപോലും അറിയില്ല എന്നും വന്നത്. അപൂര്‍വ കണ്ടുപിടുത്തത്തിന്റെ പേരില്‍ രാജ്യത്തെ പറ്റിച്ച രാമര്‍പിള്ള ഇപ്പോള്‍ എവിടെയാണ്? ജീവിച്ചിരിപ്പുണ്ടോ അതോ മരിച്ചോ? ഒരു പ്രഹേളികപോലെയാണ് ആ ജീവിതം...
സെന്റ്ജോര്‍ജ് ഫോര്‍ട്ടിലെ പരീക്ഷണം
കാലം-1996 സെപ്റ്റംബര്‍ 16. സ്ഥലം- മദ്രാസിലെ ഭരണസിരാകേന്ദ്രമായ സെന്റ്ജോര്‍ജ് ഫോര്‍ട്ട്. തമിഴ്നാട്ടിലെ ഒരു കുഗ്രാമത്തില്‍നിന്ന് വന്ന, ഇടത്തേ കവിളിനരികെ വലിയ മറുകും ഗൂര്‍ഖയുടെ ഛായയുമുള്ള ആ ചെറുപ്പക്കാരന്റെ മൂന്നില്‍ പരീക്ഷണത്തിനായി ഇരുന്നത്, അന്നത്തെ മുഖ്യമന്ത്രി എം കരുണാനിധി, ഊര്‍ജ്ജ മന്ത്രി ആര്‍ക്കോട്ട് എന്‍ വീരസാമി, കേന്ദ്ര വ്യവസായ മന്ത്രി മുരശാലി മാരന്‍, മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരായിരുന്നു. തമിഴ്നാട് സെക്രട്ടറിയേറ്റിലെ, കാബിനറ്റ് റും അന്ന് ഒരു ഡെമോ എക്സ്പിരിമെന്റിന്റെ വേദിയായിരുന്നു. പച്ചിലയില്‍ നിന്ന് പെട്രോള്‍ ഉണ്ടാക്കുക എന്ന 'മഹത്തായ' പരീക്ഷണത്തിന്റെ!
രണ്ട് ലിറ്റര്‍ വെള്ളമുള്ള ഒരു പാത്രത്തില്‍, രാമര്‍പിള്ള എന്ന ആ ചെറുപ്പക്കാരനെ ആ ഔഷധസസ്യം ഇടാന്‍ സഹായിച്ചത് സാക്ഷാല്‍ കരുണാനിധി. അവന്‍ ആറ് തുള്ളി ഔഷധസസ്യവും, കുറച്ച് നുള്ള് ഉപ്പും, അല്‍പ്പം നാരങ്ങാനീരും ഒപ്പം ഒരു ഉത്തേജകം ചേര്‍ത്തു. 15 മിനിറ്റിനുശേഷം, മിശ്രിതം ഫില്‍ട്ടര്‍ ചെയ്തു, ഇന്ധനം പരിശോധനയ്ക്ക് തയ്യാറായി. ഒരു കടലാസ് കഷണം അയാള്‍ മുഖ്യമന്ത്രിയുടെ മുന്നില്‍ വച്ചു. രാമര്‍ അതില്‍ ഒരു സ്പൂണ്‍ ഇന്ധനം ഒഴിച്ചു. ഊര്‍ജ്ജ മന്ത്രി വീരസാമി പേപ്പര്‍ കത്തിച്ചു. അത് ആളിക്കത്താന്‍ തുടങ്ങി. എല്ലാവരും കൈയടിച്ചു. നമ്മള്‍ ഇതാ പച്ചിലയില്‍ നിന്ന് പെട്രോള്‍ നിര്‍മ്മിച്ചിരിക്കുന്നു!
എത്ര വികലമായിരുന്നു നമ്മുടെ നേതാക്കളുടെ ശാസ്ത്രബോധം എന്ന് നോക്കുക. ഒരു വസ്തുവിനെ മറ്റൊരു വസ്തുവാക്കണമെങ്കില്‍, എന്തെല്ലാം രാസപ്രവര്‍ത്തനം നടത്തണമെന്നോ, സെല്ലുലോസില്‍ നിന്ന് ഹൈഡ്രോകാര്‍ബണ്‍ ഉണ്ടാക്കുക അസാധ്യമാണെന്നുമൊക്കെയുള്ള പ്രാഥമിക ബോധം പോലും ഇവര്‍ക്ക് ഇല്ലാതെ പോയി. രാമറിന് ഇന്ധനത്തിന്റെ പേറ്റന്റ് നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും, വിദേശത്ത് പേറ്റന്റ് നേടാന്‍ സഹായിക്കുമെന്നും മുഖ്യമന്ത്രി എല്ലാവരുടെയും കരഘോഷങ്ങള്‍ക്കിടയില്‍ പ്രഖ്യാപിച്ചു.
വിരുദുനഗര്‍ ജില്ലയിലെ രാജപാളയത്തിനടുത്തുള്ള രാമറിന്റെ ജന്മഗ്രാമമായ ഇടയംകുളത്ത് 10 ഏക്കര്‍ ഭൂമി അനുവദിക്കുമെന്നും, അവിടെ 50 ലിറ്റര്‍ ഹെര്‍ബല്‍ പെട്രോള്‍ ഉത്പാദിപ്പിക്കാന്‍ കഴിയുന്ന ഒരു ഗവേഷണ ലാബ് സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. രാമറിന്റെ കടബാധ്യതകളും സര്‍ക്കാര്‍ എഴുതിത്തള്ളി.ഇതോടെ ലോക മാധ്യമങ്ങളില്‍ വരെ അയാള്‍ തലക്കെട്ടായി. പച്ചിലയില്‍ നിന്ന് പെട്രോള്‍ ഉണ്ടാക്കി ഗള്‍ഫ് രാജ്യങ്ങളെപ്പോലും, വെട്ടിച്ച് ലോകത്തിലെ നമ്പര്‍ വണ്‍ ശക്തിയായി ഭാരതം മാറുന്നത് മാധ്യമങ്ങള്‍ എഴുതി മറിച്ചു.
മന്ത്രവാദം പോലെ പെട്രോള്‍ നിര്‍മ്മാണം
പച്ചില ഉപയോഗിച്ച് വെള്ളം പെട്രോളാക്കുന്ന വിദ്യ രാമര്‍ കണ്ടുപിടിച്ചത്, പില്‍ക്കാലത്ത് ഇന്ത്യന്‍ നേതാക്കളുടെ ശാസ്ത്രബോധമില്ലായ്മക്ക് ഉദാഹരണമായി മാറിയ സെക്രട്ടറിയേറ്റ് പരീക്ഷണത്തിനും നാലുവര്‍ഷം മുമ്പാണ്. കൃത്യമായി പറഞ്ഞാല്‍ 1992 നവംബര്‍ 20ന്. ഇടയംകുളം കോളനിയിലെ ഏക കോണ്‍ക്രീറ്റ് വീടിന്റെ ഭൂഗര്‍ഭ അറയിലെ, നാലു മീറ്റര്‍ നീളവും രണ്ടര മീറ്റര്‍ വീതിയിലുമുള്ള രഹസ്യമുറിയില്‍, ഒരു സ്റ്റൗവും ഇരുമ്പുകുഴലുകളുമുപയോഗിച്ചാണ് രാമര്‍ ഈ പരിപാടിയൊക്കെ ചെയ്തത്. തരാശു എന്ന തമിഴ് വീക്കിലിയിലെ എഴുത്തുകാരന്‍ പിന്നെ സ്വയം വാര്‍ത്തയായി. ലോക മാധ്യമങ്ങളിലെ താരമായി. പക്ഷേ അപ്പോഴും മൊത്തത്തിലൊരു നിഗൂഡത കാര്യങ്ങള്‍ വിശകലനം ചെയ്യുന്നവര്‍ മണത്തിരുന്നു. അത്ഭുത സസ്യത്തിന്റെ ഇല തേടി, തോക്കേന്തിയ വളര്‍ത്തച്ഛന്‍ രാമയ്യയ്ക്കൊപ്പം ചെമ്പക്കക്കാട്ടിലൂടെ തുടര്‍ച്ചിമലയിലേക്ക് പോകുന്നത് രാത്രിയുടെ രണ്ടാം പകുതിയിലാണെന്നാണ് രാമര്‍ പറഞ്ഞിരുന്നത്. ഒരു തരം മന്ത്രവാദംപോലെയായിരുന്നു അദ്ദേഹത്തിന്റെ പെട്രോള്‍ നിര്‍മ്മാണം! ഒരു പ്രത്യേക ഇല കിട്ടിയാലെ പരിപാടി നടക്കു. അത് നുള്ളേണ്ടതിനും സമയമുണ്ട്.
പക്ഷേ ഈ സംശയാലുക്കള്‍ മുഴവന്‍ ഞെട്ടിപ്പോയത് രാമര്‍ വെറും 2 രൂപക്ക് തന്റെ പെട്രോള്‍ വില്‍ക്കാന്‍ തുടങ്ങിയതോടെയാണ്. അതോടെ രാമറിന്റെ വീടിനുമുന്നില്‍ നീണ്ട ക്യൂവായി. ( പക്ഷേ ഇതും ശുദ്ധ തട്ടിപ്പാണെന്ന് പിന്നീട് സിബിഐ അന്വേഷണത്തില്‍ തെളിഞ്ഞു. അടുത്ത പെട്രോള്‍ പമ്പില്‍നിന്ന് മാര്‍ക്കറ്റ് വിലക്ക് തന്റെ ശിങ്കിടികളെ കൊണ്ട് പെട്രോള്‍ വാങ്ങിച്ച് വിലകുറച്ച് വില്‍ക്കുകയായിരുന്നു, രാമര്‍ ചെയ്തത്)
സ്വന്തമായി ഉല്‍പ്പാദിപ്പിച്ചുവെന്ന് പറയുന്ന പെട്രോള്‍ ഉപയോഗിച്ച് വാഹനങ്ങള്‍ ഓടിച്ചുകാണിച്ചുകൊണ്ടും രാമര്‍ ജനത്തെ കൈയിലെടുത്തു. ഈ അതിശയങ്ങള്‍ ആദ്യം പ്രാദേശിക മാധ്യമങ്ങളിലേക്കും, പിന്നീട് ദേശീയ മാധ്യമങ്ങളിലേക്കും പടര്‍ന്നു. അതോടെ തമിഴ്നാട് സര്‍ക്കാരും അതില്‍ വീണു. പിന്നീടങ്ങോട്ട് രാമറിന്റെ കാലമായിരുന്നു. തൊണ്ണൂറുകളുടെ രണ്ടാം പകുതിയില്‍ പല സംസ്ഥാനങ്ങളുടെയും മുഖ്യമന്ത്രിമാര്‍ പോലും ഈ 'പ്രാദേശിക ജീനിയസിനുവേണ്ടി' കാത്തിരുന്നു. രാമറിന് പച്ചിലകള്‍ വച്ചു പിടിപ്പിക്കാന്‍ എത്ര ഏക്കര്‍ ഭൂമിയും വിട്ടുനല്‍കാന്‍ തയാറായിരുന്നു മുഖ്യമന്ത്രിമാര്‍.
വിപണിയിലെത്തിയാല്‍, മണിക്കൂറുകള്‍ക്കുള്ളില്‍ വിറ്റു തീരുന്ന പച്ചില പെട്രോള്‍ സ്വന്തമാക്കാന്‍ തമിഴ്നാട്ടില്‍ വാഹന ഉടമകള്‍ തിക്കിത്തിരക്കിയിരുന്നു. ഡീലര്‍ഷിപ്പ് ലഭിക്കാന്‍ കച്ചവടക്കാര്‍ ദിവസങ്ങളോളമാണ് ചെന്നൈയില്‍ തമ്പടിച്ചത്. ചെന്നൈയില്‍ മാത്രം രാമറും കൂട്ടരും 11 വില്‍പ്പനശാലകളാണ് ഈ പെട്രോള്‍ വിറ്റഴിക്കാനായി തുറന്നത്. ലിറ്ററിന് 15 രൂപ മുതല്‍ 20 രൂപ വരെയായിരുന്നു നിരക്ക് നിശ്ചയിച്ചിരുന്നത്. അങ്ങനെ അന്നത്തെ 2.27 കോടി രൂപയാണ് ഡീലര്‍മാരില്‍ നിന്ന് രാമര്‍ തട്ടിയത് എന്നാണ് സിബിഐ ആരോപണം.
എല്ലാം പൊളിയുന്നു
പക്ഷേ രാമറിന്റെ വിലസല്‍ അധികാലം നീണ്ടില്ല. ശാസ്ത്രത്തിന്റെ അടിസ്ഥാന തത്വം പോലും മറന്നുകൊണ്ടുള്ള പ്രചാരണമാണിതെന്ന്, അന്നുതന്നെ ശാസ്ത്രീയ വീക്ഷണമുള്ളവര്‍ പറഞ്ഞിരുന്നു. പെട്രോള്‍ എന്നു പറയുന്നത് കാര്‍ബണ്‍ ബോണ്ടുകളാല്‍ സ്ഷ്ട്രിക്കപ്പെട്ടതാണ്. രണ്ടു മുന്നു ഇലയില്‍ നിന്നും ഇത്രമാത്രം കാര്‍ബന്‍ ബോണ്ടുകള്‍ എങ്ങനെ ഉണ്ടാകും. അതിനു ഉത്തരം പറയാന്‍ ആര്‍ക്കും കഴിഞ്ഞിരുന്നില്ല. അടിസ്ഥാന വിദ്യാഭ്യാസംപോലുമില്ലാത്ത ഒരു സാധാരണക്കാരന് ഇതുപോലെ ഒരു കണ്ടെത്തല്‍ നടത്താന്‍ കഴിയമോ എന്ന ചോദ്യത്തിന്, 'രാമസേതു നിര്‍മ്മിച്ച ശ്രീരാമന്‍ ഒരു എഞ്ചിനീയര്‍ ആയിരുന്നോ' എന്നാണ് മുഖ്യമന്ത്രി കരുണാനിധി മറു ചോദ്യമെറിഞ്ഞത്.
പക്ഷേ ഐഐടിയിലും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയത്തിലും നടന്ന ലൈവ് പരീക്ഷണങ്ങളില്‍ രാമറിന്റെ എണ്ണക്കിണര്‍ തകര്‍ന്നു. അവരുടെ ശാസ്ത്രീയ അപഗ്രഥനത്തില്‍ അയാള്‍ക്ക് പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല. മന്ത്രിമാരുടെ മുന്നില്‍ കാണിച്ച ചെപ്പടി വിദ്യ ശാസ്ത്രത്തിന് മുന്നില്‍ നടന്നില്ല. പഠനത്തിനുശേഷം ഐഎടിയിലെ ശാസ്ത്രഞ്ജര്‍ പറഞ്ഞ കാര്യങ്ങള്‍ ഇവയായിരുന്നു. യഥാര്‍ത്ഥ പെട്രോളുമായോ പെട്രോളിയം പ്രൊഡക്റ്റുമായോ രാമര്‍ പെട്രോളിന് യാതൊരു ബന്ധവുമില്ല. പച്ചില പെട്രോള്‍ എന്ന ദ്രാവകത്തിന് പെട്രോളിന്റെ സവിശേഷതകള്‍ ഒന്നുമില്ല. നമുക്ക് ലഭിക്കുന്ന പെട്രോള്‍ സാധാരണ ഗതിയില്‍ കൃത്രിമമായി നിര്‍മ്മിക്കാന്‍ കഴിയില്ല.
പക്ഷേ അപ്പോഴും നാട്ടുകാരും ആരാധകരും രാമറിന്റെ കുടെയായിരുന്നു. ഇന്ത്യയുടെ വളര്‍ച്ച തടയിടാനുള്ള സാമ്രാജ്വത്വ ശക്തികളുടെ ഗുഢാലോചനയാണെന്നുവരെ ഇതേക്കുറിച്ച് പ്രചാരണമുണ്ടായി. ഇതിന്റെയൊക്കെ മറവില്‍ അയാള്‍ തട്ടിപ്പ് തുടര്‍ന്നു. പക്ഷേ ഈ പ്രചാരണം കൊണ്ട് രാമറിന് ചില പ്രശ്നങ്ങളുമുണ്ടായി. അത്ഭുത ഇന്ധനത്തിന്റെ ഫോര്‍മുല ലഭിക്കാന്‍ അയാളെ ചിലര്‍ തട്ടിക്കൊണ്ടുപോയി. തലകീഴായി തൂക്കിയിട്ട്, സിഗരറ്റ് കുറ്റികള്‍ കുത്തി പീഡിപ്പിച്ചു. താല്‍ക്കാലിക ലാബ് കത്തിച്ചു. അതോടെ ലാബിന് പോലീസ് സുരക്ഷ നല്‍കി. ( ഇതും രാമര്‍ തന്നെ പ്ലാന്‍ ചെയ്തതാണെന്ന സംശയം നിലനില്‍ക്കുന്നുണ്ട്)
പക്ഷേ വിവാദം കത്തിയതോടെ കേസ് സിബിഐ ഏറ്റെടുത്തു. അവര്‍ നടത്തിയ അന്വേഷണത്തില്‍ ടൊളുവീന്‍, നാഫ്ത തുടങ്ങിയ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ചാണ് ഇന്ധനം ഉണ്ടാക്കിയതെന്ന് കണ്ടെത്തി. രാമര്‍ പിള്ളയും ചില എണ്ണക്കമ്പനി ഉദ്യോഗസ്ഥരും തമ്മിലുള്ള ഗൂഢാലോചനയുടെ ഫലമാണ് തട്ടിപ്പു പെട്രോള്‍ എന്നും തെളിഞ്ഞു. അതോടെ 2000ത്തില്‍ രാമര്‍ അറസ്്റ്റിലായി. കുറേക്കാലം റിമാന്റ് തടവുകാരനായ അയാളെ പിന്നെ കേള്‍ക്കുന്നത്, 2006 ലാണ്. ആ വര്‍ഷം ഡിസംബര്‍ 31 നകം തന്റെ കണ്ടെത്തലുകള്‍ അംഗീകരിച്ചില്ലെങ്കില്‍ ആത്മാഹുതി ചെയ്യും എന്ന ഭീഷണിയോടെ തമിഴ്നാട് മുഖ്യമന്ത്രി കരുണാനിധിക്കും, കേന്ദ്ര ധന മന്ത്രി ചിദംബരത്തിനും അയാള്‍ കത്തെഴുതി. എന്നാല്‍ ആത്മഹത്യയുണ്ടായില്ല. പകരം അയാള്‍ മാധമങ്ങളില്‍ നിന്നും അകന്നുകഴിഞ്ഞു.
2.27 കോടി രൂപയുടെ തട്ടിപ്പ്
സിബിഐ അറസ്റ്റ്ചെയ്തതോടെ ഫലത്തില്‍ രാമര്‍ ഹീറോയില്‍നിന്ന് സീറോയായി. നായകനില്‍ നിന്ന്, ഒരു രാജ്യത്തെ കബളിപ്പിച്ച പ്രതിനായകനായി അയാള്‍ മാറി. 2006നുശേഷം അയാളെക്കുറിച്ച് ഒരു വിവരവും ഇല്ലാതെയായി. 2014-ല്‍ മലയാള മനോരമ ലേഖകന്‍ രഞ്ജിത്ത് നായര്‍, രാമര്‍ എവിടെയുണ്ടെന്ന് അന്വേഷിച്ച് പോവുന്നുണ്ട്.
അന്നും ഇടയംകുളം എന്ന ഗ്രാമത്തിന്റെ ഹീറോ തന്നെയായിരുന്നു രാമര്‍ എന്ന് രഞ്ജിത്ത് നായര്‍ എഴുതുന്നു. -'ഇടയ്ക്കു വന്നുപോവുന്ന രാമറിനെ ഗ്രാമത്തില്‍ തന്നെ പിടിച്ചു നിറുത്താന്‍ ശ്രമിക്കാറുണ്ട് അയല്‍പക്കക്കാര്‍. തന്റെ കാലം വരാനിരിക്കുന്നതേയുള്ളൂ എന്നു പറഞ്ഞുകൊണ്ട് രാമര്‍ ചെന്നൈയിലേക്കു തന്നെ മടങ്ങും. രാമറിന്റെ എല്ലാ തീരുമാനങ്ങള്‍ക്കും ഒപ്പം നിന്ന ഭാര്യ ജയന്തി ഇപ്പോള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥയാണ്. പിള്ളയുടെ പച്ചില പെട്രോളിന്റെ ഉത്ഭവകഥകള്‍ തേടി മാധ്യമങ്ങള്‍ ഇടയംകുളത്തെ വീട്ടിലെത്തിയിരുന്നപ്പോള്‍ ഓടി നടന്ന മകന്‍ ഗോവിന്ദരാജന്‍ എന്ന ബാലനും സര്‍ക്കാര്‍ ഉദ്യോഗസ്ഥനായി. അന്നു ക്യാമറയ്ക്കു മുന്നിലേക്കു വരാന്‍ നാണിച്ചു നിന്ന മകള്‍ ആദിലക്ഷ്മി വിവാഹിതയായി. എല്ലാവരും രാജപാളയത്തും ചുറ്റുമുള്ള ഗ്രാമങ്ങളിലുമുണ്ട്.
പച്ചില പെട്രോള്‍ ഉണ്ടാക്കാന്‍ രാമറിനു തുണയായി നിന്ന രാമയ്യ എന്ന വളര്‍ത്തച്ഛനും മകള്‍ പൂങ്കനിയും പോലും പച്ചിലയില്‍ നിന്ന് പെട്രോള്‍ എന്ന സ്വപ്നം ഉപേക്ഷിച്ചു കഴിഞ്ഞു. രാമര്‍പിള്ള മാത്രം ഇപ്പോഴും തന്റെ സ്വപ്നങ്ങളുമായി ചെന്നൈയിലാണ്. ''- 2014-ല്‍ മനോരമയില്‍ എഴുതിയ ലേഖനത്തില്‍ രഞ്ജിത്ത് നായര്‍ ചൂണ്ടിക്കാട്ടുന്നു.
ഒടുവില്‍ രഞ്ജിത്ത് നായര്‍ രാമറിനെ കണ്ടെത്തി. അല്‍പ്പം രഹസ്യ സ്വഭാവത്തോടെയായിരുന്നു ആ കൂടിക്കാഴ്ച. ''2014-ല്‍ ഇതേ നിരത്തുകളിലൂടെ ഞാന്‍ കണ്ടെത്തിയ ഇന്ധനം നിറച്ച് വാഹനങ്ങളോടും. ഒരു ലീറ്ററിന് വെറും ആറു രൂപയ്ക്ക് ഞാന്‍ ഇന്ധനം വില്‍ക്കും''- രാമര്‍പിള്ള സംസാരിച്ചു തുടങ്ങിയത് പഴയതിലും ആത്മവിശ്വാസത്തോടെയാണെന്ന് രഞ്ജിത്ത് എഴുതുന്നു.
'സിബിഐ പിടിയിലാകുമ്പോള്‍ രാമര്‍ പെട്രോള്‍ വിറ്റിരുന്നത് 11 രൂപയ്ക്കായിരുന്നു. പെട്രോള്‍ വില കുതിക്കുമ്പോള്‍ രാമര്‍ പെട്രോളിന്റെ വില മാത്രം കുറയുന്നതെങ്ങനെ എന്നു ചോദിച്ചപ്പോള്‍ അഭിമാനത്തോടെ രാമര്‍ പുഞ്ചിരിച്ചു. ടെക്നോളജി ഒരുപാടു മുന്നേറിയില്ലേ സാര്‍. പുതിയ പ്ലാന്റിന് ഉല്‍പാദന ശേഷി വളരെ കൂടുതലാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് പറഞ്ഞ കാര്യങ്ങളില്‍ ഒരു വലിയ തിരുത്തല്‍ മാത്രം വരുത്തുന്ന രാമര്‍പിള്ള. പച്ചിലപെട്രോള്‍ എന്ന പഴയ ടാഗ്ലൈന്‍ ഉപേക്ഷിക്കുകയാണ്. ഞാന്‍ കണ്ടെത്തിയത് പെട്രോള്‍ അല്ല. പെട്രോളിനു പകരം ഉപയോഗിക്കാവുന്ന ബയോഫ്യൂവലാണ്. പെട്രോളിനേക്കാള്‍ പുക കുറവുള്ള, മൈലേജുള്ള ഇന്ധനം. തന്റെ പഴയ പച്ചില പെട്രോള്‍ പുതിയ കുപ്പിയിലാക്കി വില്‍ക്കാനുള്ള അവസാനഘട്ട ഒരുക്കങ്ങളിലാണ് രാമര്‍. ആദ്യം ബയോ ഇന്ധനം ഉപയോഗിച്ച് വൈദ്യുതി ഉല്‍പാദിപ്പിക്കുക. ഒരു ദിവസത്തിന്റെ പകുതിയിലധികം സമയവും പവര്‍കട്ട് അനുഭവിക്കുന്ന തമിഴ് ജനതയ്ക്ക് രണ്ടു രൂപ നിരക്കില്‍ യഥേഷ്ടം വൈദ്യുതി. വലിയ സ്വപ്നങ്ങള്‍ കാണുന്നത് ശീലമാക്കിയ രാമര്‍പിള്ളയുടെ മനസിലെ ഇപ്പോഴത്തെ ഒന്നാംനമ്പര്‍ സ്വപ്നം അതാണ്. ഈ ബയോഫ്യൂവല്‍ വാഹനങ്ങളില്‍ ഉപയോഗിക്കാമെന്ന് ഡന്‍മാര്‍ക്കിലെയും സിംഗപ്പൂരിലെയും ശാസ്ത്രസംഘം വിധിയെഴുതിക്കഴിഞ്ഞു. ഇനി ഞാന്‍ തിരിച്ചുവരും.''- ഇങ്ങനെയായിരുന്നു രാമറിന്റെ ആത്മവിശ്വാസം.
2015-ല്‍, രാമര്‍ തന്റെ ഇന്ധനം പ്രതിരോധ ആവശ്യത്തിന് വില്‍ക്കുമെന്ന് പറഞ്ഞുകൊണ്ട് പുതിയൊരു ശ്രമം നടത്തി. പ്രധാനമന്ത്രി മോദിയുടെയും പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറിന്റെയും പിന്തുണ തനിക്കുണ്ടെന്ന് അവകാശപ്പെട്ടു. പക്ഷേ അതെല്ലാം വ്യാജമായിരുന്നു. 2016-ല്‍ പച്ചിലയില്‍ നിന്ന് പെട്രോള്‍ കണ്ടെത്തിയെന്ന് അവകാശപ്പെട്ട് തട്ടിപ്പ് നടത്തിന് രാമര്‍ പിള്ളയെ എഗ്മോര്‍ അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി മൂന്നുവര്‍ഷം കഠിന തടവ് ശിക്ഷിച്ചു. കൂട്ടാളികളായ ആര്‍. വേണുദേവി, എസ്. ചിന്നസ്വാമി, ആര്‍. രാജശേഖരന്‍, എസ്.കെ ഭരത് എന്നിവര്‍ക്കും ഇതേ ശിക്ഷ കിട്ടി. ആകെ 30,000 രൂപ പിഴയും വിധിച്ചു. പക്ഷേ കുറഞ്ഞത് 2.27 കോടി രൂപയെങ്കിലും തട്ടിപ്പ് രാമര്‍ നടത്തിയിട്ടുണ്ടെന്നാണ് സിബിഐ കുറ്റപത്രത്തില്‍ പറയുന്നത്.
ഈ ശിക്ഷയോടെ രാമര്‍ സ്വന്തം ഗ്രാമത്തിലും വെറുക്കപ്പെട്ടവനായി. 2016നുശേഷം ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ രാമര്‍ എവിടെയാണെന്നോ, ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്നതുപോലും ആര്‍ക്കും അറിയാത്ത അവസ്ഥയാണ്. ശിക്ഷ കാലാവധി കഴിഞ്ഞ്, മുബൈയിലേക്ക് നാടുവിട്ടുവെന്നും, അല്ല കൊളംമ്പോയില്‍ ഉണ്ടെന്നുമുള്ള വ്യത്യസ്തമായ കഥകളാണ്, ഒരു കാലത്തെ ഇന്ത്യയുടെ പട്ടിണി മാറ്റാന്‍ വന്ന ഹീറോയെക്കുറിച്ച് കേള്‍ക്കുന്നത്! ഇപ്പോള്‍ ജീവിച്ചോ മരിച്ചോ എന്നുപോലും ആര്‍ക്കും അറിയാത്ത അവസ്ഥയാണ്.
വാല്‍ക്കഷ്ണം: പബ്ലിസ്റ്റിക്കുവേണ്ടി എന്തെങ്കിലും ചെയ്തയാളല്ല പഠിച്ച കള്ളനാണ് രാമര്‍ പിള്ള എന്നാണ്, പിന്നീട് നടന്ന അന്വേഷണങ്ങളില്‍ വെളിപ്പെട്ടത്. പച്ചില പെട്രോള്‍ ഉണ്ടാക്കിയതിന്റെ പേരില്‍ താന്‍ ആക്രമിക്കപ്പെട്ടുവെന്നതുപോലും അയാള്‍ ഉണ്ടാക്കിയ നാടകമാണെന്ന് കണ്ടെത്തി. ഹെര്‍ബല്‍ പ്രെട്രോള്‍ ഫ്രാഞ്ചസികളില്‍ നിന്ന് കോടികള്‍ വാങ്ങി മുങ്ങാനായിരുന്നു ഇയാളുടെ പ്ലാന്‍ എന്ന് പറയുന്നവരും കുറവല്ല. എന്തായാലും അടിസ്ഥാന ശാസ്ത്രബോധമില്ലാത്ത ഒരു സമൂഹത്തില്‍ എങ്ങനെ തട്ടിപ്പുകാര്‍ക്ക് വാഴാം എന്നതിന്റെ ഒന്നാന്തരം കേസ് സ്റ്റഡിയാണ് രാമറിന്റെ ജീവിതം.
