ഖുറാന്‍ മുഴുവന്‍ മനഃപാഠമാക്കിയ രാജ്യത്തെ ആദ്യ സൈനിക മേധാവി; ഒരേ സമയം സൈനികനും ഇമാമും; കൊട്ടാരത്തില്‍ താമസിക്കുന്ന ലാദന്‍; പ്രസംഗങ്ങളില്‍ വിദ്വേഷവും ഇന്ത്യാവിരുദ്ധതയും; അയൂബ് ഖാനും, സിയാ ഉള്‍ ഹഖും, മുഷ്റഫും പോയ വഴിയെ; യുദ്ധക്കൊതിയനായ അസീം മുനീറിനെ കാത്തിരിക്കുന്നത് ബിന്‍ലാദന്റെ വിധി
അസീം മുനീറിനെ കാത്തിരിക്കുന്നത് ബിന്‍ലാദന്റെ വിധി
മെഷീന്‍ കട്ടര്‍ വെച്ച് സ്വന്തം കൈപ്പത്തി വെട്ടിമാറ്റി അത് ഇമാമിന് സമര്‍പ്പിക്കുന്ന ഒരു കുട്ടിയെ നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാന്‍ കഴിയുമോ? മുലക്കരത്തിന്റെ പ്രതിഷേധത്തിനായി മുല മുറച്ച് ജന്‍മിക്ക് സമര്‍പ്പിച്ചുവെന്ന് നമ്മുടെ നാട്ടില്‍ പ്രചരിച്ച നങ്ങേലികെട്ടുകഥപോലെയല്ല ഇത്. സത്യമാണ്. 2016-ല്‍ പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലായിരുന്നു ഈ സംഭവം.
ഇമാം പ്രസംഗത്തിനിടെ, 'മുഹമ്മദ് നബിയെ ഇഷ്ടപ്പെടാത്തവര്‍ ആരാണെന്ന്' ചോദിച്ചപ്പോള്‍ തെറ്റിദ്ധരിച്ച മുഹമ്മദ് അന്‍വര്‍ എന്ന പതിനഞ്ചുകാരന്‍ കൈ ഉയര്‍ത്തുകയായിരുന്നു. ഇഷ്ടപ്പെടുന്നവര്‍ എന്നാണ് ചോദ്യം എന്നാണ് അവന്‍ വിചാരിച്ചത്. ഇതോടെ ഇമാം, കുട്ടി മതനിന്ദ നടത്തിയെന്ന് അത്രയും ആള്‍ക്കൂട്ടതിന് മുന്നില്‍ ആരോപിച്ചു. ഇതിന് മറുപടിയായി വീട്ടിലേക്ക് പോയി സ്വന്തം കൈ വെട്ടിമാറ്റിയാണ് കുട്ടി പ്രതികരിച്ചത്. മെഷീന്‍ കട്ടര്‍ വെച്ച് സ്വന്തം കൈപ്പത്തി വെട്ടിമാറ്റിയശേഷം ഒരു പാത്രത്തില്‍ വെച്ച് അത് പുരോഹിതന് സമര്‍പ്പിച്ചു!
അതോടെ അവന്‍ നാഷണല്‍ ഹീറോയായി. കുട്ടിയുടെ പിതാവ് അവന്റെ പ്രവര്‍ത്തനങ്ങളില്‍ അഭിമാനിക്കുന്നു എന്ന് പറഞ്ഞു. എന്നാല്‍ സോഷ്യല്‍ മീഡിയയിലൂടെ സംഭവം പുറത്തറിയുകയും അന്താരാഷ്ട്ര മാധ്യമങ്ങളില്‍വരെ വാര്‍ത്തയാവുകയും ചെയ്തതോടെ കളിമാറി. വിദ്വേഷ പ്രസംഗം ഉപയോഗിച്ചുവെന്നും തീവ്രവാദ വിരുദ്ധ കുറ്റങ്ങള്‍ ചുമത്തിയെന്നും ആരോപിച്ച് പുരോഹിതനെ പോലീസ് അറസ്റ്റ് ചെയ്തു. അതിനെതിരെയും വലിയ പ്രതിഷേധമാണ് ഉണ്ടായത്. അതുകൊണ്ടുതന്നെ ജാമ്യം നല്‍കി വിട്ടയക്കേണ്ടി വന്നു. അതാണ് പാക്കിസ്ഥാനിലെ മത ശക്തി.
പാക്കിസ്ഥാനില്‍ ഏറ്റവും ശക്തിയുള്ള രണ്ട് സാധനങ്ങള്‍ മതവും, സൈന്യവുമാണ്. മതത്തിന് അപ്പുറം ഒരു പരുന്തും പറക്കാത്ത രാജ്യമാണിത്. ഖുര്‍ആനെ നിന്ദിച്ചുവെന്ന് വെറുതെ ഒരു പ്രചാരണം വന്നാല്‍ മതി, ഏതൊരു മനുഷ്യന്റെയും ജീവന്‍ നഷ്ടമാവാന്‍. സുപ്രീംകോടതി വിധി പോലും ഇസ്ലാമിക ഫത്വകള്‍ക്ക് താഴെയാണ്. അതുപോലെ തന്നെ, ലോകത്തിലെ ഇസ്ലാമിക രാജ്യങ്ങളിലെ ഏക ആണവ ശക്തിയാണ് പാക്കിസ്ഥാന്‍. ജനം പട്ടിണികിടന്നും, കറന്റും പ്രെടോളുമില്ലാതെ വലയുകയാണെങ്കിലും സൈന്യത്തിന്റെ പ്രതാപത്തിന് കുഴപ്പമൊന്നുമില്ല.
അപ്പോള്‍ ഈ രണ്ടുസാധനങ്ങളും ഒരുമിച്ച് കൈയിലുള്ള വ്യക്തി എന്തുമാത്രം, ശക്തനായിരിക്കും. അതേ പാക്കിസ്ഥാനിലെ ഏറ്റവും കരുത്താനായ വ്യക്തിയെന്ന് പറയുന്നത്, പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫല്ല. സൈനിക മേധാവി അസീം മുനീറാണ്. ഒരേ സമയം സൈനികനും ഇമാമുമാണ് ഇദ്ദേഹം. ആയത്തുള്ള ഖുമേനി മോഡലില്‍ എന്തിലും ഏതിലും മതം കലര്‍ത്തിയാണ് സംസാരം. ഇപ്പോള്‍ പഹല്‍ഗാമിലെ ഭീകരാക്രമണത്തിന്റെ സൂത്രധാരരില്‍ ഒരാള്‍, ഇന്ത്യക്കെതിരെ രക്തം തിളപ്പിച്ച് പ്രസംഗിക്കുന്ന ഈ പട്ടാളമേധാവിയാണ്! എപ്പോഴൊക്കെ ജനാധിപത്യ സര്‍ക്കാറുകള്‍ ദുര്‍ബലമായിട്ടുണ്ടോ അപ്പോഴൊക്കെ സൈന്യം അധികാരം പിടിച്ച കഥയാണ് പാക്കിസ്ഥാനുള്ളത്. ഇപ്പോള്‍ ജിന്നയുടെ വിശുദ്ധ നാടിനെ കാത്തിരിക്കുന്നത് വീണ്ടുമൊരു പട്ടാള അട്ടിമറിയാണെന്ന സംശയം പാക്കിസ്ഥാനിലെ ഡോണ്‍ എന്ന പ്രശസ്തമായ പത്രംപോലും ഉയര്‍ത്തുന്നുണ്ട്. കാരണം ഇസ്ലാമും സൈന്യവും ചേര്‍ന്നാല്‍ പിന്നെ പാക്കിസ്ഥാനില്‍ ഒരു ശക്തിക്കും അവരെ പിടിച്ചാല്‍ കിട്ടില്ല.
മതത്തില്‍ അലിഞ്ഞ ബാല്യം
മതവും ജോലിയും കുട്ടിക്കെട്ടുന്ന ഒരു കുടുബത്തിലാണ് അസീം മുനീര്‍ ജനിച്ചത്. പിതാവ് സയ്യിദ് സര്‍വാര്‍ മുനീര്‍ സ്‌കൂള്‍ അദ്ധ്യാപകനും ഇമാമുമായിരുന്നു. റാവല്‍പിണ്ടിയിലെ ലാല്‍കുര്‍ത്തിയിലുള്ള എഫ്.ജി. ടെക്നിക്കല്‍ ഹൈസ്‌കൂളിന്റെ പ്രിന്‍സിപ്പലും, ധേരി ഹസ്സനാബാദിലെ ഒരു പ്രദേശത്ത് സ്ഥിതി ചെയ്യുന്ന മസ്ജിദ്-അല്‍-ഖുറൈശ് എന്ന പള്ളിയുടെ ഇമാമുമായിരുന്നു അദ്ദേഹം.
അവിടെ അദ്ദേഹം പലപ്പോഴും വെള്ളിയാഴ്ച ഖുത്ബ പ്രഭാഷണം നടത്താറുണ്ടായിരുന്നു. സയ്യിദ് ഖാസിം മുനീര്‍, സയ്യിദ് ഹാഷിം മുനീര്‍ എന്നീ രണ്ട് സഹോദരങ്ങളുണ്ട് അസീം മുനീറിന്. ബാല്യവും കൗമാരവും യൗവനവുമെല്ലാം മത അന്തരീക്ഷത്തിലായിരുന്നു. ഇത് അസീം മുനീറിന്റെ ജീവിതത്തെ സ്വാധീനിച്ചിട്ടുണ്ട്. പലപ്പോഴും അസീം മുനീര്‍ തന്റെ പ്രസംഗങ്ങളില്‍ ഇസ്ലാമിക വാക്യങ്ങള്‍ ഉപയോഗിക്കാറുണ്ട്. ചൊട്ടയിലെ ശീലം ചുടലവരെ എന്നാണെല്ലോ. സൈനിക മേധാവിയായിട്ടും അദ്ദേഹം ഒരു ഇമാമിന്റെ ഭാഷ ഉപയോഗിക്കുന്നു!
സൈനിക സ്‌കുളില്‍ പഠിച്ച അദ്ദേഹം ഫ്രോണ്ടിയര്‍ ഫോഴ്‌സ് റെജിമെന്റിന്റെ 23-ാമത് ബറ്റാലിയനില്‍, 1986-ലാണ് തന്റെ സൈനിക ജീവിതം ആരംഭിച്ചത്. ക്രമേണെ ലെഫ്റ്റന്റ് കേണലായി. ഈ സമയത്ത് റിയാദും ഇസ്ലാമാബാദും തമ്മിലുള്ള അടുത്ത പ്രതിരോധ സഹകരണത്തിന്റെ ഭാഗമായി മുനീര്‍ സൗദി അറേബ്യയിലെ റിയാദില്‍ സേവനമനുഷ്ഠിച്ചു. കൂടാതെ സിയാച്ചിന്‍ ഹിമാനിയിലും സേവനമനുഷ്ഠിച്ചു .
ബ്രിഗേഡിയറായിരിക്കെ , പാകിസ്ഥാന്റെ ഐ സ്ട്രൈക്ക് കോര്‍പ്സ് മംഗ്ലയുടെ ചീഫ് ഓഫ് സ്റ്റാഫ് ആയും, വടക്കന്‍ പ്രദേശങ്ങളിലെ ഒരു കാലാള്‍പ്പട ബ്രിഗേഡിനെ കമാന്‍ഡറായും അദ്ദേഹം പ്രവര്‍ത്തിച്ചുരിന്നു. 2014- ല്‍ മേജര്‍ ജനറല്‍ പദവിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച അദ്ദേഹം പാകിസ്ഥാന്റെ വടക്കന്‍ പ്രദേശങ്ങളില്‍ വിന്യസിച്ചിരിക്കുന്ന സൈനികരുടെ കമാന്‍ഡറായും ജോലി നോക്കി. ഈ എക്സ്പീരിയന്‍സ് തന്നെയാണ് അദ്ദേഹത്തിന്റെ കുരുത്ത്.
2018- ലാണ് പാകിസ്ഥാന്‍ ചാര ഏജന്‍സിയായ ഇന്റര്‍-സര്‍വീസ് ഇന്റലിജന്‍സ് (ഐഎസ്‌ഐ) യുടെ ഉന്നത സ്ഥാനത്തേക്ക് അസീം മുനീര്‍ എത്തുന്നത്. എന്നാല്‍ അധികനാള്‍ ആ സ്ഥാനത്ത് തുടരാന്‍ അസീമിന് സാധിച്ചില്ല. എട്ട് മാസങ്ങള്‍ക്ക് ശേഷം അന്നത്തെ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ നിര്‍ദ്ദേശപ്രകാരം ലെഫ്റ്റനന്റ് ജനറല്‍ ഫൈസ് ഹമീദ് ആ സ്ഥാനത്ത് നിന്ന് മാറ്റുകയായിരുന്നു. എന്നാല്‍ ഖാന്‍ സര്‍ക്കാര്‍ താഴെ വീണതിന് ശേഷം അസീം മുനീര്‍ വീണ്ടും മടങ്ങിയെത്തി, പാക്ക് സൈന്യത്തിന്റെ മേധാവിയായി മാറുകയായിരുന്നു.
കടുത്ത ഇന്ത്യാവിരുദ്ധന്‍
മുനീറിന്റെ കുടുംബം ഒരു ഹാഫിള്‍ കുടുംബം എന്നാണ് അറിയപ്പെടുന്നത്. കാരണം അതിലെ നിരവധി അംഗങ്ങള്‍ മുഴുവന്‍ ഖുറാന്‍ മനഃപാഠമാക്കിയിട്ടുണ്ട്. സൗദി അറേബ്യയില്‍ ലെഫ്റ്റനന്റ് കേണലായി നിയമിതനായ സമയത്ത് മുനീറും അത് നേടി. പാകിസ്ഥാന്‍ ചരിത്രത്തില്‍ മുഴുവന്‍ ഖുറാനും മനഃപാഠമാക്കിയ ആദ്യത്തെ സൈനിക മേധാവിയാണ് അദ്ദേഹം. മുനീര്‍ ഒരു ഫിറ്റ്നസ് പ്രേമിയും, കായികതാരവും ,നല്ലൊരു ഓട്ടക്കാരനുമാണ്. പക്ഷേ അദ്ദേഹത്തിന്റെ കുഴപ്പം ഈ മത മനസ്സുതന്നെയാണ്. കടുത്ത ഇന്ത്യാവിരുദ്ധന്‍ കൂടിയാണ് അയാള്‍.
പഹല്‍ഗാം ഭീകരാക്രമണത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന തീവ്രവാദ പ്രസംഗത്തിലുടെയാണ്, പാകിസ്ഥാന്‍ ആര്‍മി ചീഫ് വിവാദ നായകനായത്. പാക്കിസ്ഥാനിലെ രാഷ്ട്രീയ നേതാക്കള്‍ പോലും കശ്മീരിന്റെ കാര്യത്തില്‍ കടുത്ത പ്രസ്താവനകള്‍ നടത്താതിരിക്കുന്ന സമയത്താണ്, പാകിസ്ഥാന്‍ ആര്‍മി ചീഫ് ജനറല്‍ ഇന്ത്യയ്ക്കും ഹിന്ദുമതത്തിനും എതിരെ പ്രകോപനപരമായ വാക്കുകള്‍ ഉപയോഗിച്ചത്. . ഇസ്ലാമാബാദില്‍ നടന്ന ഓവര്‍സീസ് പാകിസ്ഥാനീസ് പ്രോഗ്രാം കോണ്‍ഫറന്‍സിലാണ് അസിം മുനീറിന്റെ ഈ പ്രസ്താവന.
'പാകിസ്ഥാനികള്‍ അവരുടെ ഭാവി തലമുറയ്ക്ക് വിഭജനത്തിന്റെ കഥ പറഞ്ഞു കൊടുക്കണം. അങ്ങനെ അവര്‍ ഒരിക്കലും അവരുടെ രാജ്യത്തിന്റെ കഥ മറക്കാതിരിക്കുകയും അതുമായി ബന്ധപ്പെട്ട ബന്ധം അനുഭവിക്കുകയും ചെയ്യും. പാകിസ്ഥാനും ഇന്ത്യയും രണ്ട് വ്യത്യസ്ത രാജ്യങ്ങളാണ്, അവരുടെ സംസ്‌കാരം, മതം, ചിന്ത എന്നിവയ്ക്ക് യാതൊരു സാമ്യവുമില്ല. നമ്മുടെ മതം വ്യത്യസ്തമാണ്, നമ്മുടെ ആചാരങ്ങള്‍ വ്യത്യസ്തമാണ്. നമ്മുടെ സംസ്‌കാരം വ്യത്യസ്തമാണ്. നമ്മുടെ ചിന്ത വ്യത്യസ്തമാണ്. നമ്മുടെ അഭിലാഷങ്ങള്‍ വ്യത്യസ്തമാണ്. ഇതാണ് ദ്വിരാഷ്ട്ര സിദ്ധാന്തത്തിന്റെ അടിത്തറ, അത് അത് സ്ഥാപിക്കപ്പെട്ടു. നമ്മള്‍ രണ്ട് രാജ്യങ്ങളാണ്, നമ്മള്‍ ഒരു രാജ്യമല്ല. നമ്മുടെ പൂര്‍വ്വികര്‍ ഈ രാജ്യത്തിനായി ത്യാഗങ്ങള്‍ ചെയ്തിട്ടുണ്ട്. അതിനെ എങ്ങനെ സംരക്ഷിക്കണമെന്ന് ഞങ്ങള്‍ക്കറിയാം. കശ്മീര്‍ പാക്കിസ്ഥാന്റെ ജഗുലാര്‍ വെയിന്‍ ആണ്. കഴുത്തിലെ രക്തക്കുഴല്‍) ഒരു ശക്തിക്കും പാക്കിസ്ഥാനെ കശ്മീരില്‍നിന്ന് വേര്‍പെടുത്താനവില്ല''- ഒരു സൈനിക മേധാവിയെപ്പോലെയല്ല, മറിച്ച് ഒരു മൗലാന മതപ്രഭാഷണം നടത്തുന്നതുപോലെയായിരുന്നു മുനീറിന്റെ പ്രസംഗം.
പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് ഉള്‍പ്പെടെ പാകിസ്ഥാനിലെ എല്ലാ പ്രധാന നേതാക്കളും ഈ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ എല്ലാവരും അസീം മുനീറിന്റെ വാക്കുകള്‍ ശരിവെക്കുകയായിരുന്നു. മുനീറിന്റെ ഈ വാക്കുകളാണ് ആത്മവിശ്വാസം നഷ്ടപ്പെട്ട് ജീവിക്കുകയായിരുന്നു, കാശ്മീര്‍ ഭീകരര്‍ക്ക് പ്രേരണയായത് എന്ന് മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു.
കൊട്ടാരത്തില്‍ താമസിക്കുന്ന ലാദന്‍
വായ തുറന്നാല്‍ വിദ്വേഷത്തിന്റേയും വെറുപ്പിന്റേയും യുദ്ധത്തിന്റേയും ഭാഷയില്‍ മാത്രം സംസാരിക്കുന്നയാളാണ് പാക്കിസ്ഥാന്‍ സൈനിക മേധാവി അസീം മുനീര്‍. സ്വന്തം രാജ്യത്ത് ദ്വിരാഷ്ട്ര വാദം ഉന്നയിച്ച് ബലൂചിസ്ഥാന്‍ വിഘടനവാദം ഉയര്‍ത്തി സര്‍ക്കാരിനും സൈന്യത്തിനും നേര്‍ക്ക് ആക്രമണം നടത്തുമ്പോഴാണ് അതിര്‍ത്തിയ്ക്കപ്പുറത്ത് ഭീകരവാദത്തിന് പാക്കിസ്ഥാന്‍ സൈനിക മേധാവിയുടെ ഒത്താശയെന്നോര്‍ക്കണം. ഇങ്ങനെ പച്ചക്ക് വര്‍ഗീയതയും വിഘടനവാദവും പറയുന്നതുകൊണ്ടാണ്, അയാളെ സൈനിക ഉടുപ്പിട്ട ബിന്‍ലാദന്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്നത്.
മുന്‍ പെന്റഗണ്‍ ഉദ്യോഗസ്ഥനും, അമേരിക്കന്‍ എന്റര്‍പ്രൈസ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ സീനിയര്‍ ഫെലോയും, ആഗോളതലത്തില്‍ അറിയപ്പെടുന്ന യുദ്ധകാര്യ വിദഗ്ധനുമായ മൈക്കേല്‍ റുബീന്‍, ഇദ്ദേഹത്തെ വിശേഷപ്പിക്കുന്നത് കൊട്ടാരത്തില്‍ താമസിക്കുന്ന ബിന്‍ലാദന്‍ എന്നാണ് -'അസീം മുനീറും ലാദനും തമ്മില്‍ ഒരു വ്യത്യാസമേയുള്ളൂ. ഒസാമ ബിന്‍ ലാദന്‍ ഗുഹയില്‍ ജീവിക്കുകയായിരുന്നെങ്കില്‍ അസിം മുനീര്‍ കൊട്ടാരത്തിലാണ് ജീവിക്കുന്നത് എന്ന് മാത്രം. ഒസാമ ബിന്‍ലാദന്റെ അതേ വിധി തന്നെയായിരുന്നു അസീം മുനീറിനെയും കാത്തിരിക്കുക''- മൈക്കേല്‍ റുബീന്‍ പറഞ്ഞു.
'പഹല്‍ഗാമില്‍ 26 പേരെ വധിച്ച ഭീകരാക്രമണം പാകിസ്ഥാന്‍ പൊടുന്നനെ ചെയ്തതല്ല. ഇതിന് പിന്നില്‍ വ്യക്തമായ ആസൂത്രണമുണ്ട്. പണ്ട് ബില്‍ ക്ലിന്റണ്‍ ഇന്ത്യ സന്ദര്‍ശിച്ച സമയത്തും ഇതുപോലെ പാകിസ്ഥാന്‍ ഒരു ആക്രമണം നടത്തി. ഇപ്പോള്‍ അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സിന്റെ ഇന്ത്യാ സന്ദര്‍ശനത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് ഈ ആക്രമണമണം. ഇത് ശരിക്കും ഹമാസ് മോഡലാണ്. മതം നോക്കിയുള്ള കൊലകള്‍ ഹമാസ് ശൈലിയാണ്. ഹമാസ് ഇസ്രായേലിനോട് ചെയ്ത് എന്തോ അതുതന്നെയാണ് ഭീകരര്‍ ഇന്ത്യയോടും ചെയ്തത്. ഇപ്പോള്‍ ഇന്ത്യ പാക്കിസ്ഥാന്റെ ജഗുലാര്‍ വെയിന്‍ മുറച്ചുമാറ്റേണ്ട സമയമാണ്''- മൈക്കേല്‍ റുബീന്‍ ചൂണ്ടിക്കാട്ടി.
അയൂബ്ഖാനും, സിയയും, മുഷ്റഫും
ഇങ്ങനെയൊക്കെയാണെങ്കിലും അഴിമതിയുടെയും സ്വജനപക്ഷപാതിത്വത്തിന്റെയും വലിയ ആരോപണങ്ങള്‍ അസീം മുനീറിന് മുന്നിലുണ്ട്. അദ്ദേഹത്തിന്റെ രണ്ടു പെണ്‍മക്കള്‍ക്കും ഡിപ്ലോമാറ്റിക്ക് പാസ്പോര്‍ട്ടുകള്‍ കൊടുത്തത് വിവാദമായിരുന്നു. മുനീര്‍ കരസേനാ മേധാവിയായി നിയമിതനായതിനെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ നിരവധി ബന്ധുക്കള്‍ പാകിസ്ഥാന്റെ സിവില്‍, സൈനിക സംവിധാനങ്ങളില്‍ സ്വാധീനമുള്ള വലിയ സ്ഥാനങ്ങള്‍ നേടിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. സൈന്യത്തിലെ ഉന്നത സ്ഥാനങ്ങള്‍ മാത്രമല്ല, പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ , ആഭ്യന്തര മന്ത്രി എന്നിവയടക്കം മുനീറിന്റെ ബന്ധുക്കള്‍ക്ക് കിട്ടിയിട്ടുണ്ട്. അയാള്‍ പാക്കിസ്ഥാനിലെ പ്രധാന അധികാര കേന്ദ്രമാവുകയാണെന്നതിന് ഇതില്‍ കൂടുതല്‍ തെളിവുകള്‍ വേണ്ട.
ഇതോടെ മറ്റൊരുപേടിയും ജനാധിപത്യ ഭരണകൂടത്തിനുണ്ട്. മുനീര്‍ കരുത്താര്‍ജിച്ച് വരുന്നത് ഭാവിയെ പട്ടാള അട്ടിമറിയിലേക്കുള്ള സൂചകമാണെന്നും സംശയമുണ്ട്. മൂന്ന് വലിയ പട്ടാള അട്ടിമറികള്‍ക്ക് സാക്ഷ്യം വഹിച്ച രാജ്യമാണ് പാക്കിസ്ഥാന്‍. സൈനിക മേധാവികള്‍ കരുത്താര്‍ജ്ജിക്കുമ്പോഴൊക്കെ ജനാധിപത്യത്തിന്റെ മരണമണിയാണ് മുഴങ്ങാറ്.
1958 ഒക്ടോബര്‍ 27 ന് നടന്ന പാകിസ്ഥാനിലെ ആദ്യത്തെ സൈനിക അട്ടിമറിയിലൂടെയാണ് സൈനിക മോധവി അയൂബ് ഖാന്‍ അധികാരത്തിലേറിയത്. പാകിസ്ഥാന്‍ പ്രസിഡന്റായിരുന്ന ഇസ്‌കന്ദര്‍ അലി മിര്‍സയെയാണ് അദ്ദേഹം അട്ടിമറിച്ചത്. ഒക്ടോബര്‍ 7 ന് മിര്‍സ പാകിസ്ഥാന്‍ ഭരണഘടന റദ്ദാക്കുകയും പട്ടാള നിയമം പ്രഖ്യാപിക്കുകയും ചെയ്തു. 1956 നും 1958 നും ഇടയില്‍ പാക്കിസ്ഥാനില്‍ രാഷ്ട്രീയ അസ്ഥിരയുണ്ടായി. നിരവധി പ്രധാനമന്ത്രിമാര്‍ ഉണ്ടായിരുന്നു. ഇത് മുതലെടുത്ത് ഒരു സ്ഥിരത പുനഃസ്ഥാപിക്കാന്‍ സൈന്യം നിയന്ത്രണം ഏറ്റെടുക്കണമെന്ന് പറഞ്ഞാണ് ജനറല്‍ അയൂബ് ഖാന്‍ അധികാരത്തിലേറിയത്. എല്ലാം ശരിയാക്കി തിരഞ്ഞെടുപ്പ് നടത്തുമെന്നൊക്കെ പറഞ്ഞെങ്കിലും ഒന്നുമുണ്ടായില്ല.
പിന്നീട് അതുപോലെ അധികാരം പിടിക്കുന്നത് സിയാവുല്‍ ഹഖ് ആയിരുന്നു. . 1977 ജൂലൈ 5-ന് നടന്ന ഈ അട്ടിമറിയില്‍ പ്രധാനമന്ത്രി സുല്‍ഫിക്കര്‍ അലി ഭൂട്ടോയുടെ സര്‍ക്കാരിനെ അട്ടിമറിച്ച് സൈനിക മേധാവി മുഹമ്മദ് സിയാ-ഉല്‍-ഹഖ് ഭരണം പിടിച്ചു. ഈ അട്ടിമറി രക്തരഹിതമായിരുന്നു. 1977 -ലെ പൊതുതെരഞ്ഞെടുപ്പില്‍ കൃത്രിമം കാണിച്ചുവെന്ന് ആരോപിച്ച് പ്രധാനമന്ത്രി സുല്‍ഫിക്കര്‍ അലി ഭൂട്ടോയും, വലതുപക്ഷ ഇസ്ലാമിക പ്രതിപക്ഷമായ പാകിസ്ഥാന്‍ നാഷണല്‍ അലയന്‍സും തമ്മിലുള്ള സാമൂഹിക അസ്വസ്ഥതകളും രാഷ്ട്രീയ സംഘര്‍ഷങ്ങളും ഉണ്ടായിരുന്നു. ഇത് മുതലെടുത്താണ് സിയ അധികാരത്തിലേറിയത്. അട്ടിമറി പ്രഖ്യാപിക്കുമ്പോള്‍, സിയ 90 ദിവസത്തിനുള്ളില്‍ 'സ്വാതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പുകള്‍' വാഗ്ദാനം ചെയ്തു. എന്നാല്‍ ഒന്നും നടന്നില്ല. സൂള്‍ഫിക്കല്‍ അലി ഭൂട്ടോയെ തൂക്കിക്കൊല്ലുകയാണ് അദ്ദേഹം ചെയ്തത്. വിമാന അപകടത്തില്‍ മരിക്കുന്നതുവരെ അദ്ദേഹം പാക്കിസ്ഥാന്റെ സര്‍വാധികാരിയായി.
അതുപോലെ ഒരുകാലത്ത് പ്രധാനമന്ത്രി നവാസ് ഷെരീഫ് വളര്‍ത്തിക്കൊണ്ടുവന്ന ആളായിരുന്ന സൈനിക മേധാവി പര്‍വേഷ് മുഷ്റഫ്. പിന്നീട് നവാസിനെ തട്ടി മുഷ്റഫ് അധികാരത്തില്‍ വരുന്ന കാഴ്ചയാണ് കണ്ടത്. അതായത്, സൂചി കുത്താന്‍ ഇടം കൊടുത്താല്‍ തുമ്പ കയറ്റുന്നവരാണ് പാക്കിസ്ഥാനിലെ സൈനിക മേധാവികള്‍. അതുകൊണ്ടുതന്നെ അസീം മുനീറിന്റെ വളര്‍ച്ചയില്‍ മറ്റൊരു അട്ടിമറി ശ്രമവും മണക്കുന്നുണ്ട്. ഇസ്ലാമിസ്റ്റ് ആയതുകൊണ്ട് മതപൗരോഹിത്യത്തിന്റെ പിന്തുണയും ഇയാള്‍ക്ക് ഉറപ്പാണ്.
ദാരിദ്ര്യത്തിനിടയിലും മതം പുളയ്ക്കുമ്പോള്‍
ഇപ്പോള്‍ തന്നെ ഒരു സമാന്തര അധികാരകേന്ദ്രമായിട്ടാണ് ഈ പട്ടാള മേധാവി പ്രവര്‍ത്തിക്കുന്നത്. പ്രധാനമന്ത്രിയായിരുന്ന സമയത്ത് ഇമ്രാന്‍ഖാന്റെ ഉത്തരവുകള്‍പോലും മുനീര്‍ അനുസരിച്ചിരുന്നില്ല. ഖാന്റെ അറസ്റ്റിനെത്തുടര്‍ന്ന് പാക്കിസ്ഥാനില്‍ കലാപം പൊട്ടിപ്പുറപ്പെട്ടപ്പോള്‍, അവിടെ സൈനിക സ്ഥാപനങ്ങള്‍ അടക്കം ആക്രമിക്കപ്പെട്ടൂ. കലാപം നടന്ന സ്ഥലങ്ങള്‍ മുനീര്‍ സന്ദര്‍ശിക്കുകയും അത്തരമൊരു സംഭവം ഒരിക്കലും ആവര്‍ത്തിക്കില്ലെന്ന് ഉറപ്പുകൊടുക്കുകയും ചെയ്തു. സൈനിക കോടതികള്‍ക്ക് കീഴില്‍ സാധാരണക്കാരെ വിചാരണ ചെയ്യാനുള്ള ശ്രമവും പട്ടാള മേധാവി നടത്തി. ഈ സൈനിക കോടതികള്‍ നിഷ്പക്ഷവും നീതിയുക്തവുമല്ലെന്ന് അന്താരാഷ്ട്ര നിരീക്ഷകര്‍ വിമശര്‍ിച്ചിരുന്നു.
പാകിസ്ഥാനിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനായി പ്രത്യേക നിക്ഷേപ ഫെസിലിറ്റേഷന്‍ കൗണ്‍സില്‍ രൂപീകരിച്ചതില്‍ മുനീറിന് നിര്‍ണ്ണായക പങ്കുണ്ട്. വിദേശത്ത് നിന്ന്, പ്രത്യേകിച്ച് പാകിസ്ഥാന്റെ ഗള്‍ഫ് സഖ്യകക്ഷികളില്‍ നിന്ന് കോടിക്കണക്കിന് ഡോളര്‍ നിക്ഷേപം കൊണ്ടുവരാനാണ് ഇത് ലക്ഷ്യമിടുന്നത് . സാമ്പത്തിക പ്രതിസന്ധി പാകിസ്ഥാന്‍ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും ദുര്‍ബലമായ നിലയിലേക്ക് താഴ്ന്നിരുനന്ു., ഒരു ഡോളറിന് 308 എന്ന നിലയിലെത്തി. ഇതോടെ ഡോളര്‍ വിറ്റുകൊണ്ടിരുന്ന കരിഞ്ചന്തയ്‌ക്കെതിരെ മുനീര്‍ നടപടികള്‍ ആരംഭിച്ചു. ഇതോടെ രൂപയുടെ നില അല്‍പ്പം മെച്ചപ്പെട്ടിട്ടുണ്ട്. അതാണ് പട്ടാളത്തിന്റെ പണിയല്ല, ഒരു പ്രധാനമന്ത്രിയുടെ പണിയാണ് ഇപ്പോള്‍ തന്നെ അസീം മുനീര്‍ എടുക്കുന്നത്.
അതുപോലെ പാക്കിസ്ഥാനില്‍ ഇന്നും വിറ്റുപോകുന്ന ചരക്കാണ് ഇന്ത്യവിരുദ്ധത. അതും അയാള്‍ കിട്ടാവുന്നിടത്തൊക്കെ പുറത്തെടുക്കം. ജിന്നയുടെയും അള്ളാഹുവിന്റെയും പേരില്‍ ആണയിട്ട് ഇന്ത്യാവിരുദ്ധ പ്രസംഗം നടത്തും. ഇന്നും മതം പുളയ്ക്കുന്ന രാജ്യമാണ് പാക്കിസ്ഥാന്‍. മതനിന്ദയുടെ പേരില്‍ ജനം, നിരപരാധികളെ തല്ലിക്കൊല്ലുന്ന സംഭവങ്ങള്‍ ഇവിടെ പലതവണ ആവര്‍ത്തിക്കപ്പെട്ടിട്ടുണ്ട്. 2015-ല്‍ മതനിന്ദ ആരോപിച്ച് ആസിയ ബീബി എന്ന ക്രിസ്ത്യന്‍ യുവതിയുടെ വധശിക്ഷ പാകിസ്ഥാന്‍ സുപ്രീം കോടതി താല്‍ക്കാലികമായി നിര്‍ത്തിവച്ചു. നിയമപ്രകാരം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ആദ്യ വനിതയായിരുന്നു അവര്‍.
എന്നാല്‍ ആസിയയെ കൊല്ലണം എന്ന് ആവശ്യപ്പെട്ട് പതിനായിരങ്ങളാണ് തെരുവില്‍ ഇറങ്ങിയത്. ആസിയാ ബീവിയോട് അനുതാപം പ്രകടിപ്പിച്ച്, അവരെ ജയിലില്‍ ചെന്നുകണ്ട് ആശ്വസിപ്പിച്ച പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയുടെ ഗവര്‍ണറായിരുന്ന സല്‍മാന്‍ തസീറിനെ സ്വന്തം സുരക്ഷാഭടനായ മുംതാസ് കദ്രിയാണ് വെടിവച്ചു കൊന്നത്. ലാഹോര്‍ കോടതിയില്‍ കൊലയാളിയെ ഹാജരാക്കിയപ്പോള്‍ റോസാപ്പൂവിതള്‍ വൃഷ്ടി നടത്തിയാണ് വിദ്യാസമ്പന്നരായ അഭിഭാഷകര്‍ സ്വീകരിച്ചത്. അവശേഷിക്കുന്ന ന്യുനപക്ഷങ്ങള്‍ക്കും വലിയ പീഡനമാണ് പാക്കിസ്ഥാനില്‍ നേരിടുന്നത്. ഹിന്ദു സ്ത്രീകള്‍ മുസ്ലിങ്ങള്‍ക്ക് അവകാശപ്പെട്ടതെന്നാണ് എന്ന വ്യാജ ഫത്വ ഇവിടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഹിന്ദു- ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി ബലാത്സഗം ചെയ്തശേഷം മതംമാറ്റി വിവാഹം ചെയ്ത്, ആജീവനാന്ത ലൈംഗിക അടിമകള്‍ ആക്കുന്നതൂം, ഇവിടുത്തെ രീതിയയാണ്.
തങ്ങളുടെ കുട്ടികള്‍ സ്‌കൂളുകളില്‍ വര്‍ഗ്ഗീയ അക്രമത്തിനു ഇരയാകാതിരിക്കുവാന്‍ പാക്കിസ്ഥാനിലെ ക്രിസ്ത്യന്‍ മാതാപിതാക്കള്‍ കുട്ടികള്‍ക്ക് മുസ്ലിം നാമങ്ങള്‍ നല്‍കുയാണ്. പാശ്ചാത്യ രാഷ്ട്രങ്ങളില്‍ എവിടെയെങ്കിലും മുസ്ലീങ്ങള്‍ ആക്രമിക്കപ്പെട്ടാല്‍ പാക്കിസ്ഥാനിലെ വര്‍ഗ്ഗീയവാദികള്‍ ദേവാലയങ്ങള്‍ക്കു നേരെ അക്രമം അഴിച്ചുവിടും. ഇതിനേക്കാള്‍ മോശമായ അവസ്ഥയാണ് ഇസ്ലാമിലെ ആഴ്വാന്തര വിഭാഗമായ ഷിയാക്കള്‍ക്കും ഖാദിയാനികള്‍ക്കും നേരിട്ടത്. അവരും അവിടെ രണ്ടാം തരം പൗരന്മാരാണ്. ഖാദിയാനികളെ മുസ്ലിം ആയിപ്പോലും കണക്കാക്കുന്നില്ല.
ഈ രീതിയില്‍ മതം പുളയ്ക്കുന്ന ഒരു രാജ്യത്തിന് ആവശ്യമായ സാധനങ്ങള്‍ എല്ലാം കൊടുക്കാന്‍ അസീം മുനീറിന് അറിയാം. അതുകൊണ്ടുതന്നെ അതീവ അപകടകരിയായ അയാള്‍ വൈകാതെ പാക് സര്‍ക്കാറിനെ അട്ടിമറിക്കുമെന്നാണ് വിലയിരുത്തല്‍.
വാല്‍ക്കഷ്ണം: ഒരു കിലോ ആട്ടക്ക് 400രൂപ. ഒരുകാലത്ത് പഞ്ചസാരയുടെ ലോക തലസ്ഥാനമായിരുന്ന രാജ്യത്ത് ഒരുകിലോ പഞ്ചസാര കിട്ടാന്‍ 650 രൂപ കൊടുക്കണം! ചായപ്പൊടിയില്ലാതെ ജനം ചായകുടി നിര്‍ത്തി. 9 മണിക്കുശേഷം കറന്റില്ല. ഇതാണ് പാക്കിസ്ഥാനിലെ അവസ്ഥ. എന്നിട്ടും തീവ്രവാദത്തിനും, അക്രമത്തിനും യാതൊരു കുറവുമില്ല!