സോഷ്യലിസം പ്ലസ് ഹിന്ദുത്വയെന്ന പുതിയ പരീക്ഷണം! മുസ്ലീം- യാദവ പ്രീണനം തിരിച്ചടിച്ചു; അങ്കിള്‍ എന്ന് വിളിച്ച് നിതീഷിനെ അപമാനിച്ചു; രാഹുലും തേജ്വസിയും ശീത സമരത്തില്‍; ലാലു കുടുംബത്തിലും പാര; ആ കൂട്ടുകെട്ട് തമ്മിലടിച്ച് യാദവകുലം പോലെ മുടിഞ്ഞു; മഹാസഖ്യം മഹാദുരന്തമായത് ഇങ്ങനെ
''വികസന രാഷ്ട്രീയവും ജംഗിള്‍രാജും തമ്മിലുള്ള എറ്റുമുട്ടലാണിത്. ഇതില്‍ വികസനം തന്നെ ജയിക്കും''-ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ പിന്നാക്കമായ ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി പോളിങ്ങിന് ദിവങ്ങള്‍ക്ക് മുന്നേ പറഞ്ഞ വാക്കുകളാണിത്. നിതീഷ് കുമാറിന്, മുമ്പും പിമ്പുമെന്ന നിലയില്‍ വിഭജിക്കപ്പെട്ട് കിടക്കയാണ് ബിഹാര്‍ രാഷ്ട്രീയം. മുമ്പ് ശരിക്കും കാട്ടുഭരണമായിരുന്നു, നിയമവാഴ്ചയില്ലാത്ത ഒരു പ്രദേശമായി അറിയപ്പെട്ടിരുന്ന ബിഹാറിനെ ഇന്ന് കാണുന്ന നിലയിലേക്കെങ്കിലും എത്തിച്ചതില്‍ വലിയ പങ്ക് നിതീഷ്‌കുമാറിനായിരുന്നു. പക്ഷേ ഇത്തവണ തിരഞ്ഞെടുപ്പിനെ അഭിമുഖികരിക്കുമ്പോള്‍ നിതീഷിനു തന്നെ നല്ല ഭയമുണ്ടായിരുന്നു. കാരണം തുടര്‍ച്ചയായ നിതീഷ് ഭരണം, ഭരണവിരുദ്ധവികാരം ഉയര്‍ത്തുന്നുവെന്ന സൂചനകളെ തുടര്‍ന്നായിരുന്നു അത്. പക്ഷേ ഇലക്ഷന്‍ഫലം വന്നപ്പോള്‍ എല്ലാ ആശങ്കകളും മാറി. ആര്‍ജെഡിയും, കോണ്‍ഗ്രസും, ഇടതുകക്ഷികളുമെല്ലാം ചേര്‍ന്ന മഹാസഖ്യത്തെ നിലംപരിശാക്കി, എല്ലാ എക്്സിറ്റ്പോള്‍ പ്രചവനങ്ങളെയും കടത്തിവെട്ടി അവിടെ എന്‍ഡിഎ ഭരണം നിലനിര്‍ത്തി. മോദി- നിതീഷ് സഖ്യം അക്ഷരാര്‍ത്ഥത്തില്‍ ഡബിള്‍ എഞ്ചിനായി.
അഭിപ്രായ സര്‍വേകളെ എന്നും തെറ്റിച്ച പാരമ്പര്യമുള്ള സംസ്ഥാനമാണ് ബിഹാര്‍. 2000 മുതലുള്ള തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ 56 ശതമാനം അഭിപ്രായ സര്‍വേകളും തെറ്റുന്ന സ്ഥലമാണിവിടം. സര്‍വേ എടുക്കുന്ന വിദേശ ഏജന്‍സികള്‍പോലും 'ബിഹാര്‍ മോഡല്‍' എന്ന ഒരു ടേം പറയാറുണ്ട്. പക്ഷേ ്ഇത്തവണ എക്സിറ്റുപോളുകളെ കവച്ചുവെക്കുന്ന വിജയമാണ് എന്‍ഡിഎ നേടിയത്. എന്തുകൊണ്ടാണ് മഹാസഖ്യം ഈ രീതിയില്‍ തോറ്റമ്പിയത്? രാഹുല്‍ ഉന്നയിച്ച വോട്ടുചോരി ആരോപണമടക്കം എന്തുകൊണ്ട് വോട്ടായില്ല? തമ്മിലടിച്ച് നശിക്കുന്ന യാദവന്‍മ്മാര്‍ ആവുകയാണോ മഹാസഖ്യം?
മുസ്ലീം- യാദവ പ്രീണനം തിരിച്ചടിച്ചു
മഹാസഖ്യത്തിനുണ്ടായ തിരിച്ചടികളില്‍ ഏറ്റവും പ്രധാനമായത് അമിതമായ മുസ്ലീം പ്രീണനം നടത്തിയതാണെന്നാണ്, ഇലക്ഷനുശേഷമുള്ള വിശകലനത്തില്‍ ഇന്ത്യാടുഡേ ചൂണ്ടിക്കാട്ടുന്നത്. മഹാഗഡ്ബന്ധന്‍, അധികാരത്തില്‍ വന്നാല്‍ വഖഫ് ബില്‍ റദ്ദാക്കുമെന്ന് പ്രകടന പത്രികയില്‍ പറയുന്നു. സമത്വത്തിനും സ്വത്തിനും ഉള്ള പൗരന്മാരുടെ അവകാശങ്ങളെ ലംഘിക്കുന്നുന്ന വഖഫ് ബില്‍ 'ഭരണഘടനാ വിരുദ്ധം' എന്നാണ് മഹാസഖ്യം വിശേഷിപ്പിച്ചത്. പക്ഷേ ഇത് മറുഭാഗത്ത് വലിയതോതില്‍ ധ്രുവീകരണമുണ്ടാക്കി. ഒബിസിക്കാര്‍ അടക്കമുള്ള ഹൈന്ദവവോട്ടുകള്‍ എന്‍ഡിഎക്ക് അനുകൂലമായി വീണു. ആര്‍ജെഡി നടത്തുന്നത് മുസ്ലീം പ്രീണനമാണെന്ന് പറഞ്ഞ് എളുപ്പത്തില്‍ ഹൈന്ദവികാരം ആളിക്കത്തിക്കാന്‍ ബിജെപിക്ക് കഴിഞ്ഞു.
ബിഹാര്‍ തിരഞ്ഞെടുപ്പില്‍ ഏറ്റവും നിര്‍ണ്ണായകമാവുന്നത് എം വൈ ഫാക്ടര്‍ എന്ന ഘടകമാണ്. വികസനത്തിലുടെ മഹിള- യുവ വോട്ടുകള്‍ തങ്ങള്‍ക്ക് ഗുണമാവുമെന്ന് നിതീഷും ടീമും കരുതുന്നു. അതാണ് അവരുടെ എം വൈ. അയാതത് മഹിള യൂത്ത്. എന്നാല്‍ ആര്‍ജെഡി- കോണ്‍ഗ്രസ് സഖ്യത്തിന് മുന്നോട്ട് വെക്കാനുള്ളത്, ജാതി രാഷ്ട്രീയം തന്നെയാണ്. മുസ്ലിം- യാദവ് വോട്ടുകളുടെ ഏകീകരണമാണ് അവരുടെ എം വൈ വോട്ട് ബാങ്ക്. എന്നാല്‍ എന്‍ഡിഎയുടെ എം വൈയാണ് വര്‍ക്കായത്. ആര്‍ജെഡി വെറും യാദവ പാര്‍ട്ടിയാണെന്ന പ്രചാരണവും മറ്റു സമുദായങ്ങള്‍ അവര്‍ക്കെതിരെ ഇടയാന്‍ ഇടയാക്കി.ഒബിസി പൊളിറ്റിക്‌സ് ശക്തമായി കളിക്കാന്‍ മോദിക്കും നീതിഷിനും കഴിഞ്ഞു.
അതോടൊപ്പം സ്ത്രീകള്‍ക്ക് പതിനായിരം രൂപ അക്കൗണ്ടില്‍ നല്‍കുന്നുവെന്ന് പോലുള്ള ജനപ്രിയ നടപടികളും എന്‍ഡിഎയെ തുണച്ചു. മുസ്ലീം വോട്ടര്‍മാര്‍ കോണ്‍ഗ്രസില്‍നിന്നും തീര്‍ത്തും അകന്നിരിക്കയാണ്. 1990 വരെ കോണ്‍ഗ്രസില്‍ സുഭദ്രമായിരുന്ന മുസലീം - പിന്നാക്ക വോട്ടുകളുടെ ഒരു ശതമാനം പോലും ഇപ്പോള്‍ പാര്‍ട്ടിക്ക് ഹിന്ദി ബെല്‍റ്റില്‍ നിന്നും ലഭിക്കുന്നില്ല.മണ്ഡല്‍ സമരങ്ങള്‍ക്ക് ശേഷമാണ് ഹിന്ദി ബെല്‍റ്റില്‍ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ അടിത്തറ, എന്നുവച്ചാല്‍ താഴെ തട്ടില്‍ പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസ് അണികള്‍ ഇല്ലാത്ത അവസ്ഥയുണ്ടാകാന്‍ തുടങ്ങിയത്. ബാബറി മസ്ജിദിന്റെ തകര്‍ച്ച അതിനെ പൂര്‍ണ്ണമാക്കി. മതം ഉപയോഗിച്ച് ജാതിക്കൂട്ടായ്മകളെ തകര്‍ക്കുക എന്ന ബിജെപി തന്ത്രം ശരിക്കും കോണ്‍ഗ്രസിനെ ബാധിച്ചു. അതിനെ രാഷ്ട്രീയമായി അതിജീവിക്കാന്‍ കോണ്‍ഗ്രസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
രാഹുല്‍-തേജസ്വി ശീതസമരം
മഹാസഖ്യം എന്ന് പറഞ്ഞ് ഒന്നിച്ച് മത്സരിക്കുകയായിരുന്നെങ്കിലും ഒരിക്കലും ആര്‍ജെഡിയും, കോണ്‍ഗ്രസും തമ്മില്‍ നല്ല ബന്ധം ഉണ്ടായിരുന്നില്ല. ഒരു ഡസനോളം സീറ്റുകളില്‍ ഇവര്‍ സൗഹൃദമത്സരം നടത്തി. ഇങ്ങനെ മത്സരിച്ചതില്‍ 9 ഇടത്തും തോറ്റു. തുടക്കത്തില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി തേജസ്വിയെ ഉയര്‍ത്തിക്കാട്ടാന്‍ കോണ്‍ഗ്രസ് വിസമ്മതിച്ചതും, അശോക് ഗഹലോത്ത് ഇടപെട്ട് മഞ്ഞുരുക്കിയതും എല്ലാം ജനം കണ്ടു.
രാഹുല്‍ ഗാന്ധിയെ പാടെ അവഗണിച്ച് വീണ്ടും തേജസ്വി യാദവിന്റെ ഏകാധിപത്യമാണ് മഹാസഖ്യത്തില്‍ നടക്കുന്നത് എന്നും വിമര്‍ശനമുണ്ട്. മഹാസഖ്യത്തിന്റെ പ്രകടനപത്രിക പുറത്തിറക്കുമ്പോഴും വേദിയില്‍ കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് രാഹുല്‍ ഗാന്ധിയുണ്ടായില്ല. രാഹുല്‍ ഉന്നയിച്ച വോട്ടുചോരിക്കുള്ള പ്രതിവിധി പ്രകടനപത്രികയില്‍ ഉണ്ടായിരുന്നില്ല. പകരം ജനപ്രിയ സാധനങ്ങളാണ് കുത്തിനിറച്ചത്. പ്രചാരണത്തിലും രാഹുല്‍ ഗാന്ധിയുടെ പേര് തേജസ്വി പറഞ്ഞില്ല. ഇതെല്ലാം പ്രവര്‍ത്തകരില്‍ മോശം അഭിപ്രായമുണ്ടാക്കി. ഹരിയായ തിരഞ്ഞെടുപ്പില്‍ വലിയ ക്രമക്കേടുകള്‍ നടന്നെന്ന് ആരോപിച്ച് രാഹുല്‍ ഗാന്ധി വാര്‍ത്താസമ്മേളനം നടത്തിയത് ബിഹാറിലെ ആദ്യഘട്ട വോട്ടെടുപ്പ് ദിനമായ നവംബര്‍ ആറിന് തൊട്ടുതലേന്നായിരുന്നു. എന്നാല്‍ ബിഹാറിലെ പോളിങ് ബൂത്തുകളില്‍ എസ്‌ഐആറോ വോട്ട് മോഷണമോ വിഷയമേ ആയില്ല. ആര്‍ജെഡി അത് ഒരു പ്രചാരണായുധവുമാക്കിയില്ല.
പലപ്പോഴും തേജസ്വിയാദവ് കോണ്‍ഗ്രസ് നേതാക്കളെ കേള്‍ക്കാന്‍പോലും കൂട്ടാക്കിയില്ല. ഐക്യത്തോടെ ഇലക്ഷന്‍ നേരിട്ടിരുന്നുവെങ്കില്‍ മഹാസഖ്യത്തിന് കുറച്ചുകൂടി നല്ല പ്രകടനം നടത്താന്‍ കഴിയുമായിരുന്നു. ഒരിക്കലും നടപ്പാക്കാന്‍ കഴിയാത്ത വാഗ്ധാനമാണ് അദ്ദേഹം പലപ്പോഴും നല്‍കിയത്. തൊഴിലവസരങ്ങള്‍, നീതി, ഭരണം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള പ്രകടന പത്രികയാണ് മഹാസഖ്യം പുറത്തിറക്കിയത്.
'ന്യായ്, റോസ്ഗര്‍ ഔര്‍ സമ്മാന്‍' (നീതി, തൊഴില്‍, അന്തസ്സ്) എന്ന് പേരിട്ടിരിക്കുന്ന പ്രകടനപത്രികയില്‍ ബീഹാറിലെ യുവാക്കള്‍ക്കും കര്‍ഷകര്‍ക്കും തൊഴിലാളിവര്‍ഗത്തിനുമാണ് മുന്‍ഗണന നല്‍കുന്നതെന്നാണ് മഹാസഖ്യത്തിന്റെ അവകാശവാദം. അധികാരത്തിലെത്തി 20 ദിവസത്തിനുള്ളില്‍ ഓരോ കുടുംബത്തിലെയും ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്നാണ് മഹാ സഖ്യത്തിന്റെ വാഗ്ദാനം. ഇത് വെറും ബഡായിയാണെന്ന് പറഞ്ഞായിരുന്നു എന്‍ഡിഎയുടെ പ്രചാരണം. യുവ വോട്ടര്‍മാര്‍ അടക്കം അത് ശരിവെച്ചു.
യാദവകുലംപോലെ ലാലു കുടുംബം
അതിനിടെ ലാലു കുടുംബത്തിലെ പടലപ്പിണക്കവും അവുടെ ഇമേജ് കെടുത്തി. ലാലുവിന്റെ ആണ്‍മക്കളല്‍ മൂത്തയാളായ തേജ് പ്രതാപ് നേരത്തെ തന്നെ പാര്‍ട്ടിക്ക് പുറത്താണ്. തേജിന്റെ കുടുംബജീവിതത്തിലുണ്ടായ പ്രശ്നങ്ങളാണ് അദ്ദേഹത്തെ പാര്‍ട്ടിയില്‍നിന്നും അകറ്റിയത്. ഇപ്പോള്‍ ജനശക്തി ജനതാദള്‍ എന്ന പാര്‍ട്ടിയുണ്ടാക്കി മഹുവ മണ്ഡലത്തില്‍നിന്ന് ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചു.
ഇപ്പോള്‍ ലാലുവിന്റെ രണ്ടാമത്തെ മകളായ റോഹിണി ആചാര്യും വിമതയായി ലാലുവിനെയും തേജസ്വിയെയും സമൂഹ മാധ്യമത്തില്‍ ഇവര്‍ അണ്‍ഫോളോ ചെയ്ത് വാര്‍ത്തയായി. മുന്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവിന്റെ രാഷ്ട്രീയ ഉപദേഷ്ടാവായ സഞ്ജയ് യാദവിന് പാര്‍ട്ടിയില്‍ പ്രാധാന്യം കൂടുന്നുവെന്ന് രോഹണിക്ക് നേരത്തെ തന്നെ പരാതിയുണ്ട്. ഇതാണ് പൊട്ടിത്തെറിയിലേക്ക് നയിച്ചതെന്നാണ്, മാധ്യമങ്ങള്‍ പറയുന്നു. 2022-ല്‍ ലാലു പ്രസാദിന് വൃക്ക ദാനം ചെയ്തത് മകളായ രോഹിണിയായിരുന്നു. ഇതിന്റെ ഭാഗമായി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ ഒരു വൈകാരികമായ സ്വീകരണം രോഹിണിക്കുണ്ട്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍, രാഹിണി ആചാര്യ തോറ്റിരുന്നു. അതിനുശേഷം നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹിച്ച അവര്‍ക്ക് സീറ്റ് കൊടുത്തില്ല. ഇതാണ് പടലപ്പിണക്കത്തിന് കാരണം എന്നാണ് അറിയുന്നത്. ഇതെല്ലാം വലിയ വാര്‍ത്തയായത് ആര്‍ജെഡിയുടെ ഇമേജിനെ ബാധിച്ചു. യാദവകുലംപോലെയാണ് ലാലു കുടുംബമെന്ന് പ്രചരിപ്പിക്കാന്‍ എന്‍ഡിഎക്ക് നിഷ്പ്രയാസം കഴിഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദി എല്ലായിടത്തും ഓര്‍മ്മിപ്പിച്ചത് ബീഹാറില്‍ ലാലുപ്രസാദ് യാദവിന്റെ ഭരണകാലത്തുണ്ടായിരുന്ന ജംഗിള്‍ രാജ് എന്ന് വിശേഷിപ്പിക്കപ്പെട്ട അവസ്ഥയെക്കുറിച്ചായിരുന്നു. ലാലു- റാബ്രി ഭരണത്തില്‍ നടന്ന കാലിത്തീറ്റ തൊട്ട് കോഴിത്തീറ്റവരെയുള്ള അഴിമതി കഥകളും, വ്യാപകമായി നടന്ന അക്രമങ്ങളും എടുത്തിട്ടുണ്ട്, 'നിങ്ങള്‍ക്ക് പഴയ ജംഗിള്‍രാജിലേക്ക് തിരിച്ചുപോവണോ' എന്നാണ് മോദി എല്ലായിടത്തും ചോദിച്ചത്. ആര്‍ജെഡി നേതാവ് തേജസ്വി യാദവിനെ ബിഹാര്‍ മുഖ്യമന്ത്രിയാക്കാനാണ് ലാലു പ്രസാദ് യാദവിന്റെ മോഹമെന്നും മകന്‍ രാഹുലിനെ പ്രധാനമന്ത്രിയാക്കാനാണ് സോണിയാ ഗാന്ധി ആഗ്രഹമെന്നും എന്നാല്‍ ഈ രണ്ട് കസേരകളും ഒഴിവില്ലെന്ന് അമിത് ഷാ വിമര്‍ശിച്ചതും ഓര്‍മിക്കേണ്ടതാണ്.
യുവാക്കളിലും സത്രീവോട്ടര്‍മാരിലും വലിയ ചലനമാണ് ഇതുകൊണ്ട് ഉണ്ടായത്. ഇതോടൊപ്പം ലാലു ഫാമിലിയിലെ പടലപ്പിണക്കങ്ങളുടെ വാര്‍ത്തകള്‍ പുറത്തുവരുമ്പോള്‍, ബിജെപിയുടെ ജംഗിള്‍രാജ് ആരോപണങ്ങള്‍ ശരിവെക്കപ്പെടുന്ന തോന്നലാണ് ജനങ്ങള്‍ക്ക് ഉണ്ടായത്.
പ്രശാന്ത് കിഷോര്‍ വോട്ട്ചോര്‍ത്തി
തിരഞ്ഞെടുപ്പ് തന്ത്രഞ്ജന്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന പ്രശാന്ത് കിഷോര്‍ സ്ഥാപിച്ച ജന്‍ സുരാജ് പാര്‍ട്ടിയും ചോര്‍ത്തിയത് മഹാസഖ്യത്തിന്റെ വോട്ടുകളാണ്. ഇലക്ഷനില്‍ കാര്യമായി സ്വന്തമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലെങ്കിലും, വോട്ടുകള്‍ ഭിന്നിച്ച് എന്‍ഡിഎയുടെ ജയം ഉറപ്പുവരുത്താന്‍, കിഷേറിന്റെ ജെ.എസ്.പി (പീപ്പിള്‍സ് ഗുഡ് ഗവേണന്‍സ് പാര്‍ട്ടി) എന്ന ജന്‍ സുരാജ് പാര്‍ട്ടിയെക്കൊണ്ട് കഴിഞ്ഞു.
ചില അഭിപ്രായ സര്‍വേകളില്‍ ജന്‍സുരാജ് പാര്‍ട്ടി 24 സീറ്റുകള്‍വരെ നേടുമെന്ന് പ്രവചനം വന്നിരുന്നു. അങ്ങനെ തൂക്ക് സഭയുണ്ടാവുമ്പോള്‍ പ്രശാന്ത് കിഷോര്‍ കിങ്്മേക്കറാവുമെന്ന് പ്രചാരണം വന്നു. പക്ഷേ വോട്ടെണ്ണിയപ്പോള്‍ അദ്ദേഹത്തിന്റെ പാര്‍ട്ടി ദീപാളിയായി. ജന്‍സുരാജ് പാര്‍ട്ടിയെ മഹാസഖ്യത്തില്‍ എടുക്കുകയായിരുന്നെങ്കില്‍ ചുരുങ്ങിയത് പത്തു സീറ്റെങ്കിലും എന്‍ഡിഎക്ക് നഷ്ടമാവുമായിരുന്നു. കോണ്‍ഗ്രസിനും ഇടതുപക്ഷത്തിനുമൊപ്പം പോവേണ്ട ലിബറല്‍ വോട്ടുകള്‍ ഭിന്നിപ്പിക്കയാണ് പ്രശാന്ത് കിഷോറിന്റെ പാര്‍ട്ടി ചെയ്തത്.
ഒവൈസിയുടെ എഐഎംഐഎമ്മും ആര്‍ജെഡിയുടെയും കോണ്‍ഗ്രസിന്റെയും വോട്ടുബാങ്കില്‍ വിള്ളല്‍ വീഴ്ത്തി. ഇത് എന്‍ഡിഎയ്ക്ക് ഗുണകരമായി മാറുകയും ചെയ്തു. മുകേഷ് സാഹ്നിയെ ഉപമുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി അവതരിപ്പിച്ച് നിഷാദ് സമുദായത്തിന്റെയും മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ വോട്ട് ബാങ്ക് പ്രതീക്ഷിച്ചെങ്കിലും അത് വോട്ടായി മാറിയില്ല. സഖ്യമായിരിക്കെ തന്നെ പതിനഞ്ചോളം സീറ്റില്‍ ഇന്ത്യാസഖ്യത്തിലെ പാര്‍ട്ടികള്‍ തമ്മില്‍ സൗഹൃദ മത്സരം നടന്നതും വിനയായി.
സോഷ്യലിസം പ്ലസ് ഹിന്ദുത്വ
മഹാസഖ്യം പരമ്പാരഗതമായ ജാതി-മതക്കളിയില്‍ ഉറച്ചുനിന്നപ്പോള്‍, ലോകത്ത്് ഒരിടത്തുമില്ലാത്ത സവിഷേശമായ ഒരു കോമ്പോയാണ് എന്‍ഡിഎ പരിക്ഷിച്ചത്. അതാണ് സോഷ്യലിസം പ്ലസ് ഹിന്ദുത്വ! നിതീഷ്‌കുമാറിന്റെ വെല്‍ഫയര്‍ സ്റ്റേറ്റില്‍ ഊന്നിയ സോഷ്യലിസ്റ്റ് ആശയങ്ങളും, ബിജെപിയുടെ ഹിന്ദുത്വ ആശയങ്ങളും ഒന്നിച്ച് പ്രവര്‍ത്തിച്ച് വോട്ടുവാങ്ങി. നിതീഷ് കുമാറിനൊപ്പം കാലങ്ങളായി ഉറച്ചുനില്‍ക്കുന്ന ഇബിസി (എക്‌സ്ട്രീം ബാക്ക്വേഡ് ക്ലാസ്) വോട്ടും സ്ത്രീകളുടെ വോട്ടും ബിജെപിയുടെ വോട്ടുബാങ്കും ചേര്‍ന്ന് വിജയം സുനിശ്ചിതമാക്കി. 20 കൊല്ലം തുടര്‍ച്ചയായി മുഖ്യമന്ത്രിപദത്തിലിരിക്കുന്ന ഒരു നേതാവിനെതിരേ വികാരം ഉയരാമെങ്കിലും അതിനെ ഇലക്ഷന്‍ എന്‍ജിനീയറിങ്ങിലൂടെ ഇല്ലാതാക്കാനും എന്‍ഡിഎയ്ക്കു കഴിഞ്ഞു. മുന്നോക്ക വോട്ടുകള്‍ ബിജെപിയിലുടെയും പിന്നാക്ക വോട്ടുകള്‍ നിതീഷിലുടെയും എന്‍ഡിഎക്ക് അനുകൂലമായി വീണു.
കേന്ദ്രത്തിലും സംസ്ഥാനത്തും ഡബിള്‍ എന്‍ജിന്‍ സര്‍ക്കാര്‍ എന്നതായിരുന്നു എന്‍ഡിഎയുടെ പ്രചാരണം. അത് മികച്ച ആസൂത്രണത്തിലൂടെ ബിജെപി-ജെഡിയു ക്യാമ്പുകള്‍ നടപ്പാക്കുന്നതാണ് ബിഹാറില്‍ കണ്ടത്. ആദ്യം നിതീഷിനെ വെട്ടി മുന്നില്‍ കയറാനുള്ള ശ്രമം ബിജെപി നടത്തിയെങ്കിലും കാര്യങ്ങള്‍ പന്തിയല്ല എന്നതുകണ്ട് അവര്‍ കളിമാറ്റി. ആദ്യഘട്ട റാലികളില്‍ എവിടെയും നിതീഷ് ആയിരിക്കും മുഖ്യമന്ത്രിയെന്ന് സമ്മതിക്കാത്ത അമിത്ഷാ, രണ്ടാംഘട്ട റാലികളില്‍ അത്തരമൊരു പ്രശ്നമില്ല എന്ന് പറഞ്ഞ് നിതീഷിനെ അംഗീകരിച്ചു. നിതീഷിനെ പോലെ മറ്റൊരു നേതാവ് ജെഡിയുവില്‍ ഇല്ലെന്നതും അന്തരിച്ച സുശീല്‍ മോദിയെ പോലെ തലപ്പൊക്കമുള്ള മറ്റൊരു നേതാവ് ബിജെപിക്ക് സംസ്ഥാനത്തില്ലായെന്നതും വാസ്തവമാണ്. നിതീഷിന് ഒപ്പം തിരഞ്ഞെടുപ്പ് ചിത്രങ്ങളില്‍ നിറഞ്ഞത് പ്രധാനമന്ത്രി നരേന്ദ്രമോദിയായിരുന്നു. മോദി-നിതീഷ് കൂട്ടുകെട്ടിന്റെ വിജയം കൂടിയാണിത്.
സ്ത്രീവോട്ടര്‍മാരാണ് എക്കാലവും നിതീഷിന്റെ ശക്തി. സ്ത്രീകളുടെ വോട്ടിങ് ശതമാനം വര്‍ധിക്കുന്നത് നേട്ടമാവുക നിതീഷ് സര്‍ക്കാരിനായിരിക്കുമെന്ന് വിലയിരുത്തപ്പെട്ടിരുന്നു. അത് ശരിയായി. ഇപ്പോഴും ഇന്ത്യയിലെ ഏറ്റവും പിന്നോക്കമായ സംസ്ഥാനമാണെങ്കിലും പഴയ അവസ്ഥയില്‍നിന്ന് ഒരുപാട് മുന്നോട്ടുകൊണ്ടുപോവന്‍ നിതീഷിന് കഴിഞ്ഞു. എന്തൊക്കെ അപവാദങ്ങള്‍ ഉണ്ടെങ്കിലും ബീഹാറിലെ ഏറ്റവും ജനപ്രിയ മുഖ്യമന്ത്രിയാണ് 74-കാരനായ നിതീഷ് കുമാര്‍. അധികാരമുറപ്പിക്കാന്‍ മുന്നണികള്‍ മാറി രാഷ്ട്രീയ കസേരകളി നടത്തുന്നുണ്ടെങ്കിലും, ഒരുകാലത്ത് ജംഗിള്‍ രാജ് എന്ന വിമര്‍ശിക്കപ്പെട്ട കുത്തഴിച്ച് കിടക്കുന്ന ബീഹാര്‍ അഡ്മിസ്‌ട്രേഷന്‍ മെച്ചപ്പെടുത്താന്‍ നിതീഷിന് കഴിഞ്ഞിട്ടുണ്ട്. നിതീഷിനെ വൃദ്ധന്‍ എന്ന് വിളിച്ചുകൊണ്ടുള്ള ഹേറ്റ് കാമ്പയിനാണ് ആര്‍ജഡി നടത്തിയത്. അങ്കിള്‍ എന്ന് വിളിച്ച് നിതീഷിനെ അപമാനിച്ചതും തിരിച്ചടിയായി.
വാല്‍ക്കഷ്ണം: എന്തൊക്കെയായലും ബീഹാര്‍ തിരഞ്ഞെടുപ്പ് ഒരു ചെറിയ പ്രതീക്ഷ നല്‍കുന്നുണ്ട്. ജാതി രാഷ്ട്രീയത്തിനുപകം വികസന രാഷ്ട്രീയം ഇന്ത്യയില്‍ കടന്നുവരുന്നുവെന്നത്. അത്രയും നല്ലത്.
