28 വയസ്സിലുള്ളില്‍ 10 കേസുകളില്‍ പ്രതിയായ ഖലിസ്ഥാന്‍ ഭീകരന്‍ ഡള്ള; 18ാം വയസ്സില്‍ തോക്കെടുത്ത ഗോള്‍ഡി ബ്രാര്‍; വദ്ര ബന്ധമുള്ള ആധുധ ഇടനിലക്കാരന്‍ സഞ്ജയ് ഭണ്ഡാരി; ലോറന്‍സിന്റെ സഹോദരന്‍ അന്‍മോല്‍ ബിഷ്ണോയി; ഒപ്പം മല്യയും നീരവ് മോദിയും അടക്കമുള്ള പതിവുകാരും; ഇവര്‍, ഇന്ത്യ അന്വേഷിക്കുന്ന മോസ്റ്റ് വാണ്ടഡ് ക്രിമിനലുകള്‍!
ഇവര്‍, ഇന്ത്യ അന്വേഷിക്കുന്ന മോസ്റ്റ് വാണ്ടഡ് ക്രിമിനലുകള്‍!
അകത്തുനിന്നുള്ളതിനേക്കാള് ഭാരതം ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ഭീഷണി നേരിടുന്നത് പുറത്തുനിന്ന് ആണോ? എന്‍ഐഎയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റ് പരിശോധിക്കുമ്പോള്‍ തോന്നുന്ന പ്രധാന കാര്യം അതാണ്. ഇതില്‍ രാജ്യത്തിന് വിട്ടുകിട്ടേണ്ടതായി പറയുന്ന ആദ്യ പത്തുപേരിലെ മൂന്നുപേരും, കാനഡയിലാണ്! മറ്റൊരാള്‍ യു കെയിലും. ഖലിസ്ഥാന്‍ തീവ്രവാദം തന്നെയാണ് ഇന്ത്യ ഇപ്പോള്‍ നേരിടുന്ന ഏറ്റവും വലിയ ഭീഷണിയും.
രാജ്യത്തെ കബളിപ്പിച്ച് നാടുവിട്ട മോസ്റ്റ് വാണ്ടഡ് ക്രിമിനലുകളെക്കുറിച്ച് പറയുമ്പോള്‍, നമ്മുടെ മനസ്സില്‍ ആദ്യമെത്തുക വിജയ് മല്യയുടെ രൂപമാവും. 9000 കോടിയുടെ ബാങ്ക് തട്ടിപ്പില്‍ പ്രതിയായ മല്യ 2016-ല്‍ രാജ്യം വിടുകയായിരുന്നു. പക്ഷേ ഇന്നും നമുക്ക് മല്യയെ തിരിച്ച് ഇന്ത്യയില്‍ എത്തിക്കാനായിട്ടില്ല. അതുകൊണ്ടുതന്നെ ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റില്‍ ഇപ്പോഴും മല്യയുണ്ട്. അതുപോലെയാണ് നീരവ് മോദിയുടെ കാര്യവും. നീരവും, അമ്മാവന്‍ മെഹല്‍ ചോസ്‌കിയും 14,000 കോടിരൂപയുടെ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രതികളാണ്. രാജ്യം വിട്ട നീരവ് 2018-ല്‍ ലണ്ടനില്‍ അറസ്റ്റിലായി. നിലവില്‍ ഇദ്ദേഹം ബ്രിട്ടനിലെ ജയിലിലാണ്. ചോസ്‌ക്കി ആന്റ്വിഗയിലാണ്. ഇവരും ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിലുണ്ട്.
പക്ഷേ ഇത്തവണത്തെ എന്‍ഐയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിന്റെ പ്രത്യേക സാമ്പത്തിക തട്ടിപ്പുകാരേക്കാള്‍ അതില്‍ പ്രധാന്യം വന്നിരുക്കുന്നത്, രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ക്രിമിനലുകള്‍ക്കാണെന്നതാണ്.
ഡള്ള:നിജ്ജാറിനേക്കാള്‍ വലിയ ഭീകരന്‍
എന്‍ഐഎയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റില്‍ ആദ്യമുള്ളത് ഒരു 28 കാരനാണ്. പേര്, അര്‍ഷ് ഡള്ള എന്ന അര്‍ഷ്ദീപ് സിംങ്്. പഞ്ചാബില്‍ ഖലിസ്ഥാന്‍ ഭീകരവാദം വീണ്ടുമെത്തിയതിന്റെ പ്രധാന കാരണമായി പറയപ്പെടുന്നത്, കാനഡയില്‍നിന്ന് ഒഴുകുന്ന പണമാണ്. കൊല്ലപ്പെട്ട, സിഖ് വിഘടനവാദി ഹര്‍ദീപ് സിങ് നിജ്ജാറിനെയായിരുന്നു ഇതില്‍ ഏറ്റവും വലിയ ഭീകരനായി കണ്ടെത്തിയുരുന്നത്. അര്‍ഷ് ഡള്ള എന്ന അര്‍ഷ്ദീപ് സിംങ്ങിനെ, നിജ്ജാറിനേക്കാള്‍ വലിയ ഭീകരന്‍ എന്നാണ് മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്!
പഞ്ചാബിലെ മോഗ ജില്ലയിലെ ഡള്ള ഗ്രാമത്തില്‍ നിന്നുള്ള ഈ യുവാവ്, ഖാലിസ്ഥാന്‍ ടൈഗര്‍ ഫോഴ്‌സ് (കെടിഎഫ്), ഇന്റര്‍നാഷണല്‍ സിഖ് യൂത്ത് ഫെഡറേഷന്‍ (ഐഎസൈ്വഎഫ്) എന്നിവയുള്‍പ്പെടെയുള്ള തീവ്രവാദ ഗ്രൂപ്പുകളുടെ സുത്രധാരനാണ്. കടുത്ത ഇന്ത്യാവിരുദ്ധതയാണ് ഈ സംഘടനകളുടെ മുഖമുദ്ര. ഇന്ത്യന്‍ യൂണിയനില്‍നിന്ന് പഞ്ചാബ് വിട്ടുപോയി, പാക്കിസ്ഥാനിലെ അവരുടെ ഭൂമിയും ചേര്‍ത്തുള്ള ഖലിസ്ഥാന്‍ എന്ന വിശാല രാജ്യം സ്വപ്നം കാണുന്ന സംഘടനകളാണിത്. ഇതിനായി വ്യാപകമായ റഫറണ്ടങ്ങളും കാമ്പെയിനുകളുമൊക്കെ ഈ സംഘടനകള്‍ നടത്തുന്നുണ്ട്.
ഇതില്‍ ഒരു വിഭാഗം സമാധാനപരമായി പ്രവര്‍ത്തിക്കുമ്പോള്‍, കൊല്ലപ്പെപട്ട നിജ്ജാര്‍ അടക്കമുള്ള മറ്റൊരു വിഭാഗം ആയുധമെടുക്കയാണ്. 2018-ല്‍ അമരീന്ദര്‍ സിങ് പഞ്ചാബ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് കാനഡയ്ക്ക് കൈമാറിയ പിടികിട്ടാപുള്ളികളുടെ ലിസ്റ്റില്‍ ഹര്‍ദീപ് സിങ് നിജ്ജാറിന്റെ പേരുമുണ്ടായിരുന്നു. പഞ്ചാബ് പോലീസ് അന്വേഷിക്കുന്ന വിവിധ കേസുകളിലും നിജ്ജാര്‍ പ്രതിയാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജലന്ധറില്‍നിന്ന് കാനഡയിലേക്ക് കുടിയേറിയവരാണ് നിജ്ജാറിന്റെ കുടുംബം. രാജ്യദ്രോഹകേസുകളുടെ അടിസ്ഥാനത്തില്‍ നിജ്ജാറിന്റെ പേരിലുള്ള ജലന്ധറിലെ ഭൂമിയും സ്വത്ത് വകകളും പോലീസ് കണ്ടുകെട്ടിയിരുന്നു.
സറേയിലെ ഗുരു നാനാക്ക് സിഖ് ഗുരുദ്വാരയുടെ പ്രസിഡന്റായും പ്രവര്‍ത്തിച്ചിരുന്ന ഹര്‍ദീപ് സിങ് നിജ്ജാര്‍ 2023 ജൂണ്‍ 18നായിരുന്നു കൊല്ലപ്പെട്ടത്. അജ്ഞാതരായ രണ്ടുപേരാണ് നിജ്ജാറിനെതിരെ വെടിയുതിര്‍ത്തത്. കനേഡിയന്‍ അധികൃതര്‍ കൊലപാതകത്തിന് നാല് ഇന്ത്യന്‍ പൗരന്മാരെ അറസ്റ്റ് ചെയ്യുകയും കുറ്റം ചുമത്തുകയും ചെയ്തു. കൊലപാതകം ഇന്ത്യന്‍ രഹസാന്വേഷണ ഏജന്‍സിയായ റോ നടത്തിയതാണെന്ന് ആരോപണമുയര്‍ന്നു. എന്നാല്‍ നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യന്‍ സര്‍ക്കാരിന് പങ്കുണ്ടെന്ന ആരോപണത്തെ പിന്തുണയ്ക്കുന്ന ഒരു തെളിവും നല്‍കാന്‍ കാനഡയ്ക്ക് ഇതുവരെ സാധിച്ചിട്ടില്ല.
കൊലപാതകത്തില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ സഞ്ജയ് വര്‍മയ്ക്കും മറ്റ് നയതന്ത്രജ്ഞര്‍ക്കും പങ്കുണ്ടെന്ന് കാനഡ ആരോപിച്ചതിനെത്തുടര്‍ന്ന് ഫ ഇന്ത്യ-കാനഡ ബന്ധം വഷളായിരുന്നു. കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും മോദിയുമായുള്ള വ്യക്തിബന്ധം പോലും വഷളായി. ഇന്ത്യ നിരവധി നയതന്ത്ര ഉദ്യോസ്ഥരെ പിന്‍വലിക്കുന്നതുവരെ കാര്യങ്ങളെത്തി. എന്നാലും ഇന്ത്യക്ക് ആശ്വാസമായിരുന്നു. നിജ്ജാറിനെപ്പോലെ ഒരു കൊടും ഭീകരന്‍ കാലപുരിയില്‍ എത്തിയല്ലോ എന്ന്. പക്ഷേ അപ്പോഴിതാ അതിനേക്കാള്‍ വലിയ ഭീകരനായി, അര്‍ഷ് ഡള്ള ഉയര്‍ന്നുവരികയാണ്.
കാനഡയിലെ കില്ലര്‍ സ്‌കാഡ്
വിവിധ സംഘടിത ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ള ഡള്ള, കുപ്രസിദ്ധ കനേഡിയന്‍ ഗുണ്ടാനേതാവ് ഗോള്‍ഡി ബ്രാറുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഭാര്യയ്ക്കും മകള്‍ക്കുമൊപ്പം കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലെ സറേയിലാണ് അര്‍ഷ്ദീപ് ഡള്ള താമസിക്കുന്നത്. 2017 സെപ്റ്റംബര്‍ 1-ന് ജലന്ധറിലെ റീജിയണല്‍ പാസ്‌പോര്‍ട്ട് ഓഫീസ് നല്‍കിയ പാസ്‌പോര്‍ട്ട് അദ്ദേഹത്തിന്റെ കൈവശമുണ്ട്. ഇതിന് 2027 ഓഗസ്റ്റ് 31 വരെ സാധുതയുണ്ട്.
2020-മുതലാണ് ഡള്ള തീവ്രാവാദ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ സജീവമായത് എന്നാണ് എന്‍ഐഎ റിപ്പോര്‍ട്ട്. തീവ്രവാദ ഫണ്ടിംഗ്, കില്ലര്‍ സ്‌ക്വാഡുകളുടെ രൂപീകരണം, പഞ്ചാബിലുടനീളം കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്യല്‍ എന്നിവയില്‍ അദ്ദേഹം ഏര്‍പ്പെട്ടിരുന്നു. കൊല്ലപ്പെട്ട കെടിഎഫ് നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാറിനേക്കാള്‍ കൂടുതല്‍ കൊലപാതക റെക്കോര്‍ഡ് ഡള്ളക്ക്ക്കുണ്ടെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് പറയുന്നത്. കാനഡയില്‍വെച്ച് അവര്‍ ഉണ്ടാക്കിയ കില്ലര്‍ സ്‌ക്വാഡുകളാണ്, പഞ്ചാബിന്റെ ക്രിമിനല്‍ ഭാഗധേയം നിര്‍ണ്ണയിച്ചത്്. അവര്‍ പണത്തിനും, ഖലിസ്ഥാന്‍ ഫണ്ടിങ്ങിനും വേണ്ടി കൊലകള്‍ തുടര്‍ന്നു. നിലവില്‍ പത്തോളം സേുകള്‍ ഇവരുടെ പേരിലുണ്ട്.
2021-ല്‍ മോഗയിലെ സണ്‍ഷൈന്‍ ക്ലോത്ത്സ് സ്റ്റോറിന്റെ ഉടമയായ പിങ്ക എന്ന തേജീന്ദറിനെ കൊലപ്പെടുത്തിപ്പോള്‍ നിജ്ജാറിനൊപ്പം ഡള്ള ഉണ്ടായിരുന്നു. തികഞ്ഞ ഹിന്ദുവിരുദ്ധരായ ഇവര്‍ കാനഡയിലെ ഹിന്ദുക്കളെയും തെരഞ്ഞുപിടിച്ച് ആക്രമിക്കാറുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 2021 ജനുവരിയില്‍ ജലന്ധറിലെ ഫില്ലൗറില്‍ ഹിന്ദു പുരോഹിതനായ പ്രജ്ഞാ ഗ്യാന്‍ മുനിക്കെതിരെ ആക്രമണം നടത്താന്‍ ഡള്ള തന്റെ കൂട്ടാളികളായ സോന എന്ന രാം സിംഗ്, കമല്‍ എന്ന കമല്‍ജീത് ശര്‍മ്മ എന്നിവരിലൂടെ പദ്ധതിയിട്ടിരുന്നെന്ന് എന്‍ഐഎ പറയുന്നു. 2020 നവംബറില്‍ ബട്ടിന്‍ഡയില്‍ ദേര സച്ചാ സൗദയുടെ ശിഷ്യനായ മനോഹര്‍ ലാലിന്റെ കൊലപാതകത്തിലും ഡള്ളക്ക് പങ്കുണ്ട്. മരിച്ച കുറ്റവാളി സുഖ്പ്രീത് സിംഗിന്റെ കൊലപാതകത്തിന്റെ ഉത്തരവാദിത്തവും ഡള്ള ഏറ്റെടുത്തു.
2021-ല്‍ ബിക്രം ബ്രാര്‍, ഗോള്‍ഡി ബ്രാര്‍ എന്നീ കുപ്രസിദ്ധ ക്രിമിനലുകളുമായി സഹകരിച്ച് നിര്‍ദ്ദിഷ്ട വ്യക്തികളെ ടാര്‍ഗെറ്റുചെയ്യുന്നതിനായി 4 അംഗ കെടിഎഫ് മൊഡ്യൂള്‍ രൂപീകരിച്ചു. ശക്തമായ ഒരു കൊലയാളി സംഘം ആയിരുന്നു ഇത്്. മോഗയിലെ എസ്എസ്പി ഹര്‍മന്‍ബീര്‍ സിംഗ് ഗില്ലിനെയും, ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (സിഐഎ) വിഭാഗത്തിലെ രണ്ട് ഇന്‍സ്‌പെക്ടര്‍മാരെയും ഇവര്‍ ലക്ഷ്യമിട്ടിരുന്നു. അതുപോലെ പഞ്ചാബില്‍നിന്ന് കാനഡയടക്കമുള്ള രാജ്യങ്ങളിലേക്കുള്ള അനധികൃത മനുഷ്യക്കടത്തും ഈ ടീം നടത്തി.
മൊഹാലി ആസ്ഥാനമായുള്ള ഇമിഗ്രേഷന്‍ കണ്‍സള്‍ട്ടന്റായ പ്രിത്പാല്‍ സിംഗ് ബോബിയെ കൊല്ലാന്‍ ശ്രമിച്ച കേസിലും ഡള്ള പ്രതിയാണ്.
18ാം വയസ്സില്‍ തോക്കെടുത്ത ഗോള്‍ഡി
സ്റ്റുഡന്റ് വിസയില്‍ കാനഡയിലെത്തിയ, 18ാം വയസ്സില്‍ മാഫിയാ തലവനായി, ഗോള്‍ഡി ബ്രാര്‍ എന്ന പഞ്ചാബ് സ്വദേശി സതീന്ദര്‍ സിങ് ബ്രാറാണ്, ഡള്ളയെ കുറ്റകൃത്യങ്ങളുടെ ലോകത്ത് എത്തിച്ചത്. എന്‍ഐഎയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റില്‍ ഇയാളുമുണ്ട്. ഇന്ത്യയില്‍ കൊലപാതകം, ഗൂഢാലോചന, കൊലപാതകശ്രമം, ആയുധക്കടത്ത് തുടങ്ങിയ കേസുകളില്‍ പ്രതിയാണ് ഗോള്‍ഡി ബ്രാര്‍. അതേസമയം, ഇയാള്‍ക്കെതിരേ കാനഡയില്‍ കേസുകളൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ല. പക്ഷേ കഴിഞ്ഞവര്‍ഷം കനേഡിയന്‍ പൊലീസ് ഇയാള്‍ പൊതു സുരക്ഷക്ക് ഭീഷണിയാണെന്ന് നോട്ടീസ് ഇറക്കിയിട്ടുണ്ട്.
പ്രശസ്ത പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ദു മൂസെവാലയുടെ കൊലയ്ക്ക് പിന്നാലെയാണ് ഗോള്‍ഡി ബ്രാര്‍ എന്ന പേര് രാജ്യമാകെ കുപ്രസിദ്ധി നേടിയത്. അതിനുമുമ്പേ പഞ്ചാബില്‍ കൊലപാതകം ഉള്‍പ്പെടെ വിവിധ ക്രിമിനല്‍ കേസുകളില്‍ ഗോള്‍ഡി ബ്രാര്‍ പ്രതിയായിരുന്നു. ഫരീദ്‌കോട്ടിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഗുര്‍ലാല്‍ സിങ് ബുള്ളാര്‍ എന്ന പെഹല്‍വാനെ കൊലപ്പെടുത്തിയ കേസുകളടക്കം 50-ഓളം കേസുകളാണ് ഗോള്‍ഡി ബ്രാറിനെതിരേ പഞ്ചാബിലും മറ്റിടങ്ങളിലുമുള്ളത്. എന്നാല്‍ 2017-ല്‍ കാനഡയിലേക്ക് മുങ്ങിയ ഇയാളെ ഇതുവരെ പിടികൂടാനോ അറസ്റ്റ് ചെയ്യാനോ കഴിഞ്ഞിട്ടില്ല. മൂസെവാലയുടെ കൊലയ്ക്ക് പിന്നാലെ ഗോള്‍ഡി ബ്രാര്‍ കഴിഞ്ഞ ഡിസംബറില്‍ യു.എസില്‍ പിടിയിലായെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും പഞ്ചാബ് പോലീസോ മറ്റു അന്വേഷണ ഏജന്‍സികളോ പിന്നീട് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ ആണ് ഗോള്‍ഡി ബ്രാര്‍ യു.എസിലെ കാലിഫോര്‍ണയില്‍ പിടിയിലായെന്ന കാര്യം വാര്‍ത്താസമ്മേളനത്തിലൂടെ അറിയിച്ചത്. പക്ഷേ, ഒരാഴ്ചക്കുള്ളില്‍ ഇക്കാര്യം നിഷേധിച്ചും പഞ്ചാബ് മുഖ്യമന്ത്രിയെ പരിഹസിച്ചും ഗോള്‍ഡി ബ്രാറിന്റെ ടെലഫോണ്‍ അഭിമുഖം പുറത്തുവന്നു. ഇതോടെ പഞ്ചാബ് സര്‍ക്കാരിനെതിരേ കോണ്‍ഗ്രസ് നേതാക്കളടക്കം രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചത്.
1994-ല്‍ പഞ്ചാബിലെ ശ്രീ മുക്തസര്‍ സാഹേബിലാണ് ഗോള്‍ഡി ബ്രാര്‍ എന്ന സതീന്ദര്‍ ജിത്ത് സിങ്ങിന്റെ ജനനം. അച്ഛന്‍ ഷംഷീര്‍സിങ് പഞ്ചാബ് പോലീസില്‍ എ.എസ്.ഐ.യായിരുന്നു. മകന്റെ ക്രിമിനല്‍പ്രവര്‍ത്തനങ്ങള്‍ കാരണം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇദ്ദേഹത്തെ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടു. ബി.എ. വരെ പഠിച്ചിട്ടുള്ള ഗോള്‍ഡി ബ്രാര്‍ തന്റെ 18-ാം വയസ്സിലാണ് ആദ്യമായി ഒരു ക്രിമിനല്‍ കേസില്‍ പ്രതിയാകുന്നത്. രണ്ടുസംഘങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിലാണ് 18-കാരനായ സതീന്ദര്‍ സിങ്ങും പ്രതിയായത്. ഈ കേസില്‍ പിന്നീട് കുറ്റവിമുക്തനാവുകയും ചെയ്തു.
എന്തുംചെയ്യാന്‍ മടിക്കാത്ത, ചോരതിളക്കുന്ന പ്രായത്തില്‍ ഗുണ്ടാസാമ്രാജ്യം പടുത്തുയര്‍ത്തുകയായിരുന്നു ഗോള്‍ഡി ബ്രാര്‍. അതുപിന്നീട് രാജ്യമാകെ കുപ്രസിദ്ധി നേടിയ വലിയ ഗുണ്ടാസംഘമായി മാറി. ഗുണ്ടാനേതാവ് ലോറന്‍സ് ബിഷ്‌ണോയിയുമായി ബന്ധം സ്ഥാപിച്ചതോടെ ഇരുവരും നിയന്ത്രിക്കുന്ന വന്‍സംഘം രൂപംകൊണ്ടു. കൊല, കവര്‍ച്ച, ആയുധക്കടത്ത് എന്നിവയെല്ലാം നിര്‍ബാധം തുടര്‍ന്നു. ലോറന്‍സ് ബിഷ്‌ണോയി പിന്നീട് ജയിലിലായെങ്കിലും ഗോള്‍ഡി ബ്രാര്‍ ഇതിനോടകം രാജ്യംവിട്ടിരുന്നു. പിന്നീട് കാനഡയിലിരുന്നാണ് ഗോള്‍ഡി ബ്രാര്‍ ഓപ്പറേഷനുകള്‍ നിയന്ത്രിച്ചത്. ഇയാളുടെ നിര്‍ദേശമനുസരിച്ച് പ്രവര്‍ത്തിക്കാന്‍ നിരവധിപേരടങ്ങിയ ഗുണ്ടാസംഘവും പഞ്ചാബിലും മറ്റുസംസ്ഥാനങ്ങളിലും സജീവമായുണ്ടായിരുന്നു.
2017-ല്‍ സ്റ്റുഡന്റ് വിസയിലാണ് ഗോള്‍ഡി ബ്രാര്‍ കാനഡയിലേക്ക് കടക്കുന്നത്. അതിനുമുന്‍പ് കൊലപാതകം ഉള്‍പ്പെടെ നാലുകേസുകള്‍ ഇയാള്‍ക്കെതിരേ പഞ്ചാബിലുണ്ടായിരുന്നു. 2015-ല്‍ മുക്തസറില്‍ ഒരു കൊലക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ടെങ്കിലും കേസ് ഒത്തുതീര്‍പ്പിലെത്തുകയും ഇയാള്‍ കുറ്റവിമുക്തനാവുകയും ചെയ്തു. ഫസില്‍ക്ക ജില്ലയില്‍ രണ്ടുകേസുകളില്‍ കൂടി പ്രതിയായെങ്കിലും കാനഡയിലേക്ക് പോകുന്ന സമയത്ത് കേസുകളൊന്നും ഇല്ലാത്തതിനാല്‍ ഇയാളുടെ യാത്രയ്ക്ക് തടസമുണ്ടായില്ല. പോലീസ് ക്ലിയറന്‍സും ലഭിച്ചു. പക്ഷേ, 2017-ല്‍ കാനഡയിലേക്ക് കടന്ന ഗോള്‍ഡി ബ്രാര്‍ പിന്നീടങ്ങോട്ട് പഞ്ചാബ് പോലീസിന് വലിയ തലവേദനയായി മാറി.ഇയാളെയും വിട്ടുകിട്ടണമെന്നാണ് എന്‍ഐഎയുടെ ആവശ്യം.
വദ്രയുമായി ബന്ധമുള്ള സഞ്ജയ് ഭണ്ഡാരി
ഇന്ത്യയില്‍ എന്നും വിവാദമാണ് ആയുധ ഇടനിലക്കാര്‍. ബോഫോഴ്സ് കേസ് തൊട്ടുള്ള കഥകള്‍ രാജ്യം മറക്കാനിടയില്ല. ഇപ്പോള്‍ അതിലേക്ക് ഒരു പുതിയ അവതാരം കൂടി വന്നിരിക്കയാണ്. അതാണ് സഞ്ജയ് ഭണ്ഡാരി. കള്ളപ്പണം വെളുപ്പിക്കലും, കള്ളക്കടത്തുമടക്കം നിരവധി ആരോപണങ്ങളാണ് ഇദ്ദേഹം നേരിടുന്നത്. ഇപ്പോള്‍ യു കെയിലുള്ള ഇദ്ദേഹത്തെ വിട്ടുകിട്ടണം എന്നാണ്, എന്‍ഐഎ ആവശ്യപ്പെടുന്നത്.
തന്റെ സ്ഥാപനമായ ഓഫ്‌സെറ്റ് ഇന്ത്യ സൊല്യൂഷന്‍സ് വഴി, ഇന്ത്യന്‍ സര്‍ക്കാറിന്റെ കരാറുകള്‍ക്കായി ലേലത്തില്‍ പങ്കെടുക്കുന്ന, പ്രതിരോധ നിര്‍മ്മാതാക്കള്‍ക്ക് കണ്‍സള്‍ട്ടന്‍സി സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന യുകെ ആസ്ഥാനമായുള്ള ആയുധ വ്യാപാരിയാണ് ഭണ്ഡാരി എന്നണ് രേഖകളില്‍ കാണുക. 2015-ല്‍ നികുതി ആവശ്യങ്ങള്‍ക്കായി ഇന്ത്യയില്‍ താമസിച്ചിരുന്ന അദ്ദേഹം, വിദേശ സ്വത്തുക്കള്‍ മറച്ചുവെക്കുകയും, കാലഹരണപ്പെട്ട രേഖകള്‍ ഉപയോഗിക്കുകയും ചെയ്തുവെന്നാണ് കേസ്. ഇതില്‍ നടത്തിയ അന്വേഷണത്തിലാണ് ഭണ്ടാരിയുടെ തനി നിറം വെളിവായത്.
കോടിക്കണക്കിന് രൂപയുടെ കള്ളപ്പണമാണ് ഭണ്ഡാരി വെളുപ്പിച്ചിരിക്കുന്നത്. ഇയാള്‍ ആരുടെ ബിനാമിയാണെന്നുപോലും കൃത്യമായി അറിവുണ്ടായിരുന്നില്ല. അതിനിടെയാണ് ഈ കേസിന് രാഷ്ട്രീയ നിറം വരുന്നത്. കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്രക്ക്, ഭണ്ഡാരിയുമായുള്ള ബന്ധം വിവാദമായി. ഭണ്ഡാരിയുമായി ബന്ധമുള്ള ഒരു ലണ്ടന്‍ പ്രോപ്പര്‍ട്ടി നവീകരിക്കുകയും അവിടെ താമസിക്കുകയും ചെയ്തത് വദ്രയാണെന്നാണ് ഇ ഡിയുടെ ആരോപണം. അതോടെ വദ്രയും കേസില്‍ പ്രതിയാവുന്ന അവസ്ഥവന്നു. എന്നാല്‍ ഭണ്ഡാരിയുടെ കേസില്‍ തനിക്ക് ഒരു ബന്ധവുമില്ലെന്നും, കേസ് കെട്ടിച്ചമച്ചതാണെന്നുമാണ് വദ്ര വിശദീകരിച്ചത്. കോണ്‍ഗ്രസ് പാര്‍ട്ടിയും ഇതേ കാര്യം തന്നെ പറയുന്നു. പക്ഷേ കേസിലെ ദുരൂഹതകള്‍ ഇനിയും തീര്‍ന്നിട്ടില്ല.
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ യുകെ പൗരനായ സുമിത് ചദ്ദയ്ക്കും യുഎഇ ആസ്ഥാനമായുള്ള എന്‍ആര്‍ഐ വ്യവസായി ചെറുവത്തൂര്‍ ചാക്കുട്ടി തമ്പിക്കുമെതിരെ ഈ കേസില്‍ ഇഡി പുതിയ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഇവര്‍ എല്ലാം ഭണ്ഡാരിയുടെ പങ്കാളികള്‍ ആണെന്നാണ് പറയുന്നത്. ഭണ്ഡാരിയുടെ കേസ് ഇപ്പോള്‍ യു കെ കോടതിയിലുമുണ്ട്. സാങ്കേതികത്വം പറഞ്ഞ് പിടിച്ചു നില്‍ക്കാനാണ് അദ്ദേഹത്തിന്റെ ശ്രമം. പക്ഷേ ഇപ്പോഴും പിടികിട്ടാത്ത ഒരു കാര്യമുണ്ട്. എങ്ങനെയാണ് ഭണ്ഡാരി ഇങ്ങനെ കോടികള്‍ കൊണ്ട് അമ്മാനമാടുന്നത് എന്നും ആരാണ് ഇയാളുടെ പിന്നിലെന്നും.
തലക്ക് 10ലക്ഷം വിലയിട്ട ബിഷ്ണോയി
മിക്ക അധോലോക കുടുംബങ്ങളുടെയും കഥ ഇങ്ങനെയാണ്. പിതാവോ, ജേഷ്യഷ്ഠനോ അകത്തായാല്‍ പിന്നെ, ആ സിന്‍ഡിക്കേറ്റിനെ നിയന്ത്രിക്കുക അടുത്തയാളാണ്. അങ്ങനെ വളരെ ചെറുപ്രായത്തില്‍തന്നെ ഒരു അധോലോക മാഫിയാ സംഘത്തിന്റെ 'ഭാരം ചുമക്കേണ്ടിവന്ന' ക്രിമിനലാണ്, അന്‍മോല്‍ ബിഷ്ണോയി. മറ്റാവരുമല്ല, കൃഷ്ണമൃഗ വേട്ടയുടെ പേരില്‍ ബോളിവുഡ് താരം സല്‍മാന്‍ഖാനെ കൊല്ലാന്‍ നടക്കുന്ന, ലോറന്‍സ് ബിഷ്ണോയുടെ സഹോദരന്‍. ചേട്ടന്‍ ജയിലിലായപ്പോള്‍ കാനഡയില്‍ ഇരുന്ന് അനുജന്‍ അധോലോകം നിയന്ത്രിക്കുന്നു.
ചേട്ടനേക്കാര്‍ ഭീകരാണ് അനിയന്‍ എന്നാണ് പറയുന്നത്. ഒന്നും രണ്ടുമല്ല, 18 ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അന്‍മോല്‍ ബിഷ്ണോയിയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് എന്‍ഐഎ 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. എന്‍ഐഎയുടെ 'മോസ്റ്റ് വാണ്ടഡ്' പട്ടികയില്‍ ഇയാള്‍ പ്രധാനിയാണ്.
കാനഡയില്‍ ഇരുന്ന് അയാള്‍ ഇന്ത്യയിലെ മയക്കുമരുന്ന് കച്ചവടം തൊട്ട്, ഗുണ്ടാസംഘങ്ങളെവരെ നിയന്ത്രിക്കയാണ്. മഹാരാഷ്ട്ര മുന്‍ മന്ത്രിയും എന്‍സിപി (അജിത് പവാര്‍ വിഭാഗം) നേതാവുമായ ബാബാ സിദ്ദിഖിയുടെ കൊലപാതകത്തില്‍ അന്‍മോളിന് പങ്കുണ്ടെന്ന കണ്ടെത്തലുണ്ടായിരുന്നു. സല്‍മാന്‍ഖാനെ അടുത്ത സുഹൃത്ത് എന്ന നിലയിലാണ് ഇയാള്‍ ആക്രമിക്കപ്പെട്ടത്. തങ്ങള്‍ വിശുദ്ധ മൃഗമായി കാണുന്ന കൃഷ്ണമൃഗത്തെ വേട്ടയാടിയതിനാണ്, ഢബിഷ്ണോയ് സമുദായക്കാര്‍, സല്‍മാന് വധശിക്ഷ വിധിച്ചത്.
2024 ഒക്ടോബര്‍ 12നായിരുന്നു ബാബാ സിദ്ദിഖി വെടിയേറ്റ് മരിച്ചത്. ബാബാ സിദ്ദിഖിയുടെ കൊലയാളികള്‍ക്ക് ആയുധങ്ങളും സാമ്പത്തികസഹായവും നല്‍കിയതിന് പിന്നില്‍ അന്‍മോള്‍ ബിഷ്ണോയി ആണെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ഇതില്‍ പ്രതികളായവര്‍ നല്‍കിയ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണ്. ദാവൂദ് സംഘവുമായി വരെ അന്‍മോന് ബന്ധമുണ്ടെന്നാണ് പറയുന്നത്. ലഹരി അങ്ങോട്ടും ആയുധം ഇങ്ങോട്ടും കടത്തുന്ന സംഘമായി ഇവര്‍ വളര്‍ന്നുവന്നിരിക്കയാണ്. 2022-ല്‍ പഞ്ചാബി ഗായകന്‍ സിദ്ധു മൂസെവാലയുടെ കൊലപാതകമുള്‍പ്പെടെ നിരവധി കേസുകളില്‍ അധികൃതര്‍ അന്വേഷിക്കുന്ന വ്യക്തിയാണ് അന്‍മോല്‍. കൂടാതെ, ബാബ സിദ്ദിഖി വധക്കേസിലും നടന്‍ സല്‍മാന്‍ ഖാന്റെ വസതിക്ക് പുറത്തുണ്ടായ വെടിവെപ്പിലും ഇദ്ദേഹത്തെ ഉദ്യോഗസ്ഥര്‍ അന്വേഷിക്കുന്നുണ്ട്.
അതിനിടെ അന്‍മോല്‍ ബിഷ്ണോയി യു.എസില്‍ അഭയം തേടാന്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. അറസ്റ്റിലായ അന്‍മോള്‍ നിലവില്‍ പോട്ടവട്ടാമി കൗണ്ടി ജയിലിലാണ്. ഇയാളെ ഇന്ത്യയിലേക്കെത്തിക്കാനുള്ള നീക്കവുമായി മുംബൈ പോലീസ് മുന്നോട്ട് പോകുന്നതിനിടെയാണ് അപ്രതീക്ഷിത നീക്കം.യു.എസിലേക്കുള്ള അന്‍മോലിന്റെ അനധികൃത പ്രവേശനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഇന്ത്യന്‍ അധികാരികള്‍ യു.എസിന് കൈമാറിയതായി വിവരമുണ്ട്. എന്നാല്‍, കീഴടങ്ങല്‍ അഭയം തേടാനുള്ള അന്‍മോലിന്റെ തന്ത്രപരമായ നീക്കമായിരുന്നുവെന്നും സൂചനയുണ്ട്. തടവിലാകുന്നതിന് മുമ്പ് യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് മുഖേന അന്‍മോല്‍ അഭയം തേടി അപേക്ഷ സമര്‍പ്പിച്ചതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതോടെ, അന്‍മോലിനെ ഇന്ത്യക്ക് വിട്ടുകിട്ടാനുള്ള സാധ്യത മങ്ങിയിരിക്കയാണ്. പക്ഷേ ഒരു ആശ്വാസമുള്ളത് പണത്തിനും പ്രശസ്തിക്കും വേണ്ടിയല്ലാതെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി ബിഷ്ണോയി സംഘം തോക്കെടുക്കാറില്ല എന്നതാണ്.
വാല്‍ക്കഷ്ണം: പക്ഷേ ഇപ്പോള്‍ മറ്റൊരു ആശ്വാസമുള്ളത് വിദേശരാജ്യങ്ങളില്‍വെച്ച്, ഇന്ത്യ വിരുദ്ധ പ്രവര്‍ത്തനം നടത്തുന്ന ഭീകരര്‍ ഒന്നൊന്നായി കൊല്ലപ്പെടുകയാണ് എന്നതിലാണ്. അതിന്റെ പേരിലാണ് കാനഡയടക്കം ഇന്ത്യയെ കുറ്റപ്പെടുത്തുന്നത്. അളമുട്ടിയാല്‍ ചേരയും കടിക്കുമെന്ന് ഓര്‍ക്കണം!