റോക്കറ്റുകള്‍ കടലില്‍ വീഴുന്ന രാജ്യമല്ല ഇത്; ഒരു ഹോളിവുഡ് സിനിമയുടെ ബജറ്റില്‍ ഉപഗ്രഹ വിക്ഷേപണം; 2035 ഓടെ സ്പേസ് സ്റ്റേഷന്‍, 2040 -ല്‍ ഇന്ത്യക്കാരന്‍ ചന്ദ്രനില്‍; സ്പേസ് മാര്‍ക്കറ്റിലുടെ കോടികള്‍; മോദിയുടെ കാലത്ത് ഇന്ത്യ ബഹിരാകാശരംഗത്ത് കുതിക്കുന്നുവെന്ന് സി എന്‍ എന്‍
മോദിയുടെ കാലത്ത് ഇന്ത്യ ബഹിരാകാശരംഗത്ത് കുതിക്കുന്നു
'ഇന്ന് തുമ്പയില്‍ നിന്ന് റോക്കറ്റ് വിക്ഷേപണമുണ്ട്. അതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോവാന്‍ പാടില്ലെന്ന് അറിയിപ്പുണ്ട്''-80കളിലെയും 90കളിലെയുമൊക്കെ ആ റോക്കറ്റ് വിക്ഷേപണ പരിഹാസക്കാലം ഇന്നും സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ ആവാറുണ്ട്. ഇന്ത്യ എന്ത് സാധനം ആകാശത്തേക്ക് അയച്ചാലും അത് കടലില്‍ പതിക്കുമെന്നത് അക്കാലത്തെ ഒരു മുന്‍വിധിയായിരുന്നു. പക്ഷേ ഇത് തെറ്റായിരുന്നു. മൊത്തം കണക്ക് നോക്കുമ്പോള്‍, അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ക്ക് ഉണ്ടായ പരീക്ഷണ വീഴ്ചകളേക്കാള്‍ കുറവായിരുന്നു ഇന്ത്യയുടെ പരാജയ നിരക്ക്. പക്ഷേ നമ്മുടെ പരാജയങ്ങള്‍ക്ക് വലിയ വാര്‍ത്താ പ്രധാന്യം കിട്ടി എന്നായിരുന്നു യഥാര്‍ത്ഥ്യം.
പക്ഷേ, 90കളില്‍ നിന്ന് 2025ല്‍ എത്തി നില്‍ക്കുമ്പോള്‍, ഭാരതം ലോക ബഹിരാകാശ രംഗത്തും തിളങ്ങി നില്‍ക്കയാണ്. ഇന്ന് ലോകത്തിലെ അഞ്ചാമത്തെ ബഹിരാകാശ ശക്തിയായി ഇന്ത്യ വളര്‍ന്നിരിക്കയാണ്. അതും വളരെ തുച്ഛമായ മുടക്കുമുതലില്‍. ഈ കാര്യത്തില്‍ ലോക മാധ്യമങ്ങളും ഇന്ത്യയെ പുകഴ്ത്തുകയാണ്. മോദിയുടെ കാലത്ത് ഇന്ത്യ ബഹിരാകാശരംഗത്ത് കുതിക്കുന്നുവെന്നാണ് രണ്ടു ദിവസം മുമ്പ് സി എന്‍ എന്‍ റിപ്പോര്‍ട്ട് ചെയ്തത്. ഈ ഹെലന്‍ റീഗന്‍ എന്ന ലേഖിക കടുത്ത മോദി വിരുദ്ധയായിരുന്നു. പക്ഷേ നല്ലത് ചെയ്താല്‍ അവര്‍ അംഗീകരിക്കും എന്നതിന്റെ തെളിവാണ്, പുതിയ ലേഖനം.
രണ്ട് ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് വെച്ച് കൂട്ടിയിണക്കുന്ന സ്പെയ്ഡെക്സ് എന്ന പേരിട്ട് വിളിക്കുന്ന ഡോക്കിങ്ങ് ദൗത്യം ഐ എസ് ആര്‍ ഒ വിജയകരമായി പൂര്‍ത്തീകരിച്ചതിനെ കുറിച്ചുള്ള ലേഖനത്തിലാണ് മോദി ഇന്ത്യയെ ബഹിരാകാശരംഗത്ത് പുതിയ ഉയരങ്ങളിലേക്ക് നയിക്കുന്നതായി ഹെലന്‍ റീഗന്‍ പ്രത്യേകം പ്രശംസിക്കുന്നത്. മോദി സര്‍ക്കാര്‍, ഇന്ത്യയുടെ ബഹിരാകാശരംഗത്തെ കുതിപ്പിന് സഹായകരമായ എന്തൊക്കെ നടപടികള്‍ എടുത്തുവെന്നും ഇവര്‍ വ്യക്തമാക്കുന്നുണ്ട്.
ചാന്ദ്രയാന്‍ 3 യും ഗംഗന്‍യാനുമടക്കമുള്ള ഇന്ത്യയുടെ പ്രധാന നേട്ടങ്ങളെ എടുത്തുപറയുന്ന സിഎന്‍എന്‍, മനുഷ്യനെ ചന്ദ്രനില്‍ അയക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെയും പരാമര്‍ശിക്കുന്നു. സ്വകാര്യമേഖലയുടെ പങ്കാളിത്തത്തോടെ ബഹിരാകാശ ഗവേഷണ രംഗത്ത് ഇന്ത്യ എറെ മുന്നോട്ട്പോയതായും സിഎന്‍എന്‍ ചൂണ്ടിക്കാട്ടുന്നു. ഇപ്പോഴും, കുംഭമേളയുടെയൊക്കെ പശ്ചാത്തലത്തില്‍, മന്ത്രവാദികളുടെയും പാമ്പാട്ടികളുടെയും നാടെന്ന് ഇന്ത്യയെ വിശേഷിപ്പിക്കുന്ന വിദേശ മാധ്യമങ്ങളുണ്ട്. ഒരു ഭാഗത്ത് ആത്മീയ അന്വേഷകരെ പ്രോത്സാഹിപ്പിക്കുമ്പോള്‍, മറുഭാഗത്ത് ശാസ്ത്ര-സാങ്കേതിക രംഗങ്ങളില്‍ യാതൊരു വിട്ടുവീഴ്ചക്കും രാജ്യം തയ്യാറല്ല. മാത്രമല്ല, കോടികള്‍ കൊയ്യാന്‍ കഴിയുന്ന ബഹിരാകാശ മാര്‍ക്കറ്റിലെ പ്രധാന പ്ലയേഴ്സില്‍ ഒന്നായി ഇന്ത്യ മാറിയെന്നും സി എന്‍ എന്‍ ലേഖനം ചൂണ്ടിക്കാട്ടുന്നു.
ഇതില്‍ എറ്റവും പ്രധാനം ഇപ്പോള്‍ നടത്തിയ ഡോക്കിങ്ങില്‍ അടക്കം ഇന്ത്യ ഉപയോഗിച്ചത് തദ്ദേശീയമായ ഉപകരണങ്ങള്‍ ആണെന്നതാണ്. മുമ്പ് അതായിരുന്നില്ല സ്ഥിതി. ഒരുകാലത്ത് എല്ലാം സോവിയറ്റ് യൂണിയനില്‍ നിന്ന് ഇറക്കുമതിയായിരുന്നു. പിന്നീട് അത് അമേരിക്കയില്‍ നിന്നും ഫ്രാന്‍സിന്റെ കൈയില്‍ നിന്നുമായി. പക്ഷേ ഇപ്പോള്‍ മോദിയുടെ കാലത്ത് എത്തിയപ്പോള്‍, എല്ലാം സ്വന്തമായി നിര്‍മ്മിക്കാന്‍ കഴിയുന്ന അവസ്ഥയിലേക്ക് ഇന്ത്യ മാറി. ഇനി മനുഷ്യനെ ചന്ദ്രനില്‍ എത്തിക്കുക, ബഹിരാകാശ നിലയം സ്ഥാപിക്കുക തുടങ്ങിയ വലിയ ദൗത്യങ്ങളാണ് ഭാരതത്തിന് മുന്നിലുള്ളത്.
സ്പേസിലെ യന്ത്രക്കൈയും പയര്‍വിത്തും!
രണ്ടു സ്വതന്ത്ര ഉപഗ്രഹങ്ങളെ ബഹിരാകാശത്തുവെച്ച് സംയോജിപ്പിക്കുകയും തുടര്‍ന്ന് ഒറ്റ യൂണിറ്റായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പ്രക്രിയയായ സ്‌പേയ്ഡക്‌സ് ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയതോടെ ഐഎസ്ആര്‍ഒ പുതുചരിത്രമാണ് രചിച്ചത്. ഇന്ത്യയുടെ സാങ്കേതിക കരുത്താണ് ഇത് വെളിപ്പെടുത്തുന്നത് എന്ന് സിഎന്‍എന്‍ ലേഖനം പറയുന്നു.
2024 ഡിസംബര്‍ 30 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് പിഎസ്എല്‍വി സി 60 റോക്കറ്റില്‍ വിജയകരമായി വിക്ഷേപിച്ച സ്പഡെക്‌സ് ദൗത്യത്തില്‍ 220 കിലോഗ്രാം വീതം ഭാരമുള്ള രണ്ട് ചെറിയ ഉപഗ്രഹങ്ങള്‍ ഉള്‍പ്പെട്ടിരുന്നു. അവയെ 475 കിലോമീറ്റര്‍ ഉയരത്തില്‍ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തില്‍ സ്ഥാപിച്ചു. തുടര്‍ന്ന് ദിവസങ്ങള്‍ നീണ്ട പരിശ്രമത്തില്‍ ഉപഗ്രങ്ങളെ ദൂരം കുറച്ചുകൊണ്ടു വരുകയും ഒടുവില്‍ സംയോജിപ്പിക്കുകയും ആയിരുന്നു.
രണ്ട് ചെറിയ ബഹിരാകാശവാഹനങ്ങള്‍ ഉപയോഗിച്ച് ഇന്‍-സ്‌പേസ് ഡോക്കിങ് സാങ്കേതികവിദ്യ പ്രകടമാക്കിയാണ് ലക്ഷ്യം പൂര്‍ത്തിയാക്കിയത്. ഇതോടെ അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ മാത്രം സ്വായത്തമാക്കിയ ഡോക്കിങ് സാങ്കേതികവിദ്യ ക്ലബ്ബിലേക്ക് ഇന്ത്യയും പ്രവേശിച്ചു.
മറ്റ് ഐഎസ്ആര്‍ഒ കേന്ദ്രങ്ങളുടെ (വിഎസ്എസ്സി, എല്‍പിഎസ്സി, എസ്എസി, ഐഐഎസ്യു, എല്‍ഇഒഎസ്) പിന്തുണയോടെ യുആര്‍ റാവു സാറ്റലൈറ്റ് സെന്റര്‍ (യുആര്‍എസ്സി) ആണ് സ്‌പേഡെക്‌സ് ബഹിരാകാശ പേടകം രൂപകല്പന ചെയ്യുകയും യാഥാര്‍ഥ്യമാക്കുകയും ചെയ്തത്.
ബഹിരാകാശ നിലയം നിര്‍മിക്കുന്നതിനും പരിപാലിക്കുന്നതിലും ഡോക്കിങ്, ബെര്‍ത്തിങ് സാങ്കേതികവിദ്യകള്‍ അത്യന്താപേക്ഷിതമാണ്. ബഹിരാകാശനിലയ ക്രൂ എക്‌സ്‌ചേഞ്ച്, ബഹിരാകാശനിലയങ്ങളുടെ അറ്റകുറ്റപ്പണി, ഇന്ധനം നിറയ്ക്കല്‍ തുടങ്ങിയ നിര്‍ണായക ജോലികള്‍ക്ക് ഈ സാങ്കേതികവിദ്യകള്‍ ഇല്ലാതെ പറ്റില്ല. അതുപോലെ ഗ്രഹാന്തര പര്യവേക്ഷണം, ആകാശഗോളങ്ങളില്‍ നിന്നുള്ള സാമ്പിള്‍ ശേഖരണം ഉള്‍പ്പെടെയുള്ള സങ്കീര്‍ണ ദൗത്യങ്ങള്‍ക്കും ഇവ അനിവാര്യം. ഭൂമിയില്‍ നിന്ന് ബഹിരാകാശയാത്രികര്‍ ബഹിരാകാശ നിലയത്തിലേക്ക് യാത്ര ചെയ്യുമ്പോള്‍ അവരുടെ പേടകം സ്റ്റേഷനില്‍ കൃത്യമായി ഡോക്ക് ചെയ്യണം. ഇത് ക്രൂവിന്റെയും ചരക്കുകളുടെയും സുരക്ഷിതമായ കൈമാറ്റം ഉറപ്പാക്കുന്നു.
പക്ഷേ ഡോക്കിങ്ങിനേക്കാള്‍ സാങ്കേതിക മികവുവേണ്ട ബെര്‍ത്തിങ്ങും ഇന്ത്യക്ക് ചെയ്യാന്‍ കഴിഞ്ഞു. ഒരു ബഹിരാകാശ പേടകത്തിലെ റോബോട്ടിക് കൈ ഉപയോഗിച്ച് മറ്റൊരു പേടകത്തെയോ ഒരു മൊഡ്യൂളിനെയോ വാഹനത്തെയോ പിടിച്ചെടുക്കുകയും ബന്ധിപ്പിക്കുകയും ചെയ്യുന്നതാണ് ബെര്‍ത്തിങ്ങ്. ഉദാഹരണത്തിന്, സ്‌പേസ് എക്‌സ് ഡ്രാഗണ്‍ പേടകം കനാഡാം2 റോബോട്ടിക് കൈ ഉപയോഗിച്ച് രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കു ബെര്‍ത്ത് ചെയ്തിരുന്നു. ഈ നേട്ടം ഇപ്പോള്‍ ഇന്ത്യക്കും സ്വന്തമാണ്. ബഹിരാകാശത്തെ മാലിന്യങ്ങള്‍ ശേഖരിക്കുന്ന ദൗത്യം, റോക്കറ്റില്‍ ഘടിപ്പിച്ച റോബോട്ടിക് ആം (യന്ത്രക്കൈ) വിജയകരമായി പൂര്‍ത്തിയാക്കി. സ്പെയ്‌ഡെക്സ് പേടകവുമായി കുതിച്ച പി.എസ്.എല്‍.വി.-സി 60 റോക്കറ്റിന്റെ ഭാഗമായിരുന്നു റോബോട്ടിക് ആം. യന്ത്രക്കൈ മാലിന്യം പിടിച്ചെടുക്കുന്ന ദൃശ്യങ്ങളും ഐ.എസ്.ആര്‍.ഒ. പുറത്തുവിട്ടു. ഭൂസ്ഥിര ഭ്രമണപഥത്തിലുള്ള ഉപഗ്രഹാവശിഷ്ടങ്ങളും കാലാവധികഴിഞ്ഞ പേടകങ്ങളുമെല്ലാം ഡീ ഓര്‍ബിറ്റിങ് നടത്തുന്ന പ്രക്രിയകളില്‍ നിര്‍ണായകമാണ് ഈ നേട്ടം. ഭാവിയില്‍ ഇന്ത്യ സ്വന്തമായി ബഹിരാകാശനിലയം സ്ഥാപിക്കുമ്പോള്‍ യന്ത്രക്കൈയുടെ സഹായം നിര്‍ണായകമാകും. പുര്‍ണ്ണമായും തദ്ദേശീയമായാണ് ഇന്ത്യ യന്ത്രക്കെ നിര്‍മ്മിച്ചിരിക്കുന്നത്.
ബഹിരാകാശത്ത് പയര്‍വിത്തുകള്‍ മുളപ്പിച്ചുകൊണ്ടും ഐ.എസ്.ആര്‍.ഒ. ശ്രദ്ധേയമായ നേട്ടം കൈവരിച്ചു. പി.എസ്.എല്‍.വി-സി. 60 റോക്കറ്റുപയോഗിച്ച് വിക്ഷേപിച്ച പോയെം-4 (പി.എസ്.എല്‍.വി. ഓര്‍ബിറ്റല്‍ എക്സ്പെരിമെന്റ് മൊഡ്യൂള്‍) ദൗത്യത്തിന്റെ ഭാഗമായാണ് എട്ട് പയര്‍വിത്തുകള്‍ ഗുരുത്വാകര്‍ഷണബലമില്ലാത്ത ബഹിരാകാശത്ത് നാലു ദിവസത്തിനകം മുളച്ചത്! ആദ്യമായാണ് ഇന്ത്യ ബഹിരാകാശത്തേക്ക് ജൈവകോശങ്ങള്‍ അയക്കുന്നത്. ബഹിരാകാശ സാഹചര്യങ്ങളില്‍ കോശവളര്‍ച്ചയും സ്വഭാവവും പഠിക്കുന്നതിന് മുംബൈയിലെ അമിറ്റി സര്‍വകലാശാല തയ്യാറാക്കിയ അമിറ്റി പ്ലാന്റ് എക്‌സ്പെരിമെന്‍ല്‍ മൊഡ്യൂളിലാണ് ഈ പരീക്ഷണം നടന്നത്. പരീക്ഷണ മോഡ്യൂളില്‍ 14 എണ്ണം ഐ.എസ്.ആര്‍.ഒ.യും ഇന്ത്യയുടെ ബഹിരാകാശ ഗവേഷണവകുപ്പും നിര്‍മിച്ചതാണ്. സ്റ്റാര്‍ട്ടപ്പുകളും വിദ്യാഭ്യാസസ്ഥാപനങ്ങളും നിര്‍മിച്ചവയാണ് ബാക്കിയുള്ള പത്തെണ്ണം.
ഒരു സിനിമയുടെ ബജറ്റില്‍ ഒരു ഉപഗ്രഹം!
ഇന്ത്യയുടെ സമീപകാലത്തെ ഏറ്റവും വലിയ നേട്ടമായി സിഎന്‍എന്‍ വിലയിരുത്തുന്നത്, ചാന്ദ്രയാന്‍-3 തന്നെയാണ്. ഉപഗ്രഹത്തെ ചന്ദ്രനില്‍ സോഫ്റ്റ് ലാന്റിംഗ് നടത്തി 2023ല്‍ തന്നെ ഇന്ത്യ ഉന്നതന്മാരുടെ ബഹിരാകാശ ക്ലബ്ബില്‍ സ്ഥാനം പിടിച്ചെന്ന് ഹെലന്‍ റീഗന്‍ എഴുതുന്നു. ചന്ദ്രയാന്‍ 3 ദൗത്യത്തില്‍ ഇതുവരെ ഒരു രാജ്യവും കടന്നുചെല്ലാത്ത ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലാണ് ഇന്ത്യ ഉപഗ്രഹത്തെ സോഫ്റ്റ് ലാന്റ് ചെയ്തത്. ചന്ദ്രനില്‍ നിന്ന് ഇന്ത്യ സാമ്പിളുകള്‍ കൊണ്ടുവന്നുവെന്നും ഇത് ചന്ദ്രന്‍ രൂപപ്പെട്ടത് സംബന്ധിച്ച നിര്‍ണ്ണായക തെളിവുകള്‍ നല്‍കിയെന്നും ലേഖനത്തില്‍ പറയുന്നു.
പക്ഷേ ലേഖനത്തില്‍ പറയാത്ത ചില കാര്യങ്ങള്‍ കൂടിയുണ്ട്. അതാണ് ചെലവ്. ലോകത്തില്‍ ഏറ്റവും ചെലവ് കുറഞ്ഞ്, എറ്റവും കാര്യക്ഷമായ ബഹിരാകാശ പദ്ധതികള്‍ നടപ്പാക്കുന്ന രാജ്യമാണ് ഇന്ന് ഇന്ത്യ. ഒരു ഹോളിവുഡ് സിനിമയുടെ ബജറ്റുണ്ടെങ്കില്‍ ഇന്ത്യ ഇന്ന് ഒരു ഉപഗ്രഹം വിക്ഷേപിക്കും. ലക്ഷക്കണക്കിന് പട്ടിണിപ്പാവങ്ങള്‍ ഉള്ള ഒരു രാജ്യത്തിന് കോടിക്കണക്കിന് രൂപ ചെലവിട്ട് ബഹിരാകാശ പദ്ധതികള്‍ നടപ്പാക്കുന്നത് എന്തിന് എന്ന് ചോദിക്കുന്നവര്‍ക്ക് അറിയില്ല, മൊബൈല്‍ -ഇന്റര്‍നെറ്റ് സാങ്കേതിക വിദ്യതൊട്ട് ടെലിമെഡിസിനില്‍വരെ സാറ്റലൈറ്റുകള്‍ വഹിക്കുന്ന പങ്ക്.
ഭൂമികുലുക്കത്തെക്കുറിച്ച് നാം കേട്ടിട്ടുണ്ട്, പക്ഷേ ചന്ദ്രകുലുക്കത്തെപ്പറ്റി എത്രപേര്‍ക്കറിയാം? നമ്മുടെ ചാന്ദ്രയാന്‍ അതും പഠിക്കുന്നുണ്ട്. ചന്ദ്രകുലുക്കം, ഉല്‍ക്കാ പതനങ്ങള്‍, മറ്റു കൃത്രിമ സംഭവങ്ങള്‍ മൂലമുണ്ടാകുന്ന തരംഗങ്ങള്‍ എന്നിവയെ റെക്കോഡ്‌ചെയ്യാന്‍ വേണ്ടി ചന്ദ്രയാന്‍-3 ലാന്‍ഡറിലെ ഇന്‍സ്ട്രുമെന്റ് ഫോര്‍ ലൂണാര്‍ സീസ്മിക് ആക്ടിവിറ്റി പേലോഡ് സജ്ജമാണ്. ചന്ദ്രതരംഗങ്ങളെ വൈദ്യുത തരംഗങ്ങളാകുന്ന മൈക്രോ ഇലക്ട്രോ മെക്കാനിക്കല്‍ സിസ്റ്റംസ് സാങ്കേതികവിദ്യയാണ് ഇതിലുപയോഗിച്ചിരിക്കുന്നത്. ഇത് നാസക്ക്പോലും കഴിയാത്ത സംവിധാനമാണ് എന്നത് പതിവ് തള്ളല്ല.
ഇനി ചന്ദ്രയാന്‍ 4 ലേക്കാണ് ഇന്ത്യപോവുന്നത്. കഴിഞ്ഞ ഗോവയില്‍ നടന്ന ദേശീയ ബഹിരാകാശ ശാസ്ത്ര കോണ്‍ഗ്രസില്‍ അന്നത്തെ ഇസ്രോ ചെയര്‍മാന്‍ എസ്. സോമനാഥ് ഇന്ത്യയുടെ ചന്ദ്രയാന്‍-4 പദ്ധതി വെളിപ്പെടുത്തി. ചന്ദ്രനില്‍നിന്ന് പാറകളും മണ്ണും ശേഖരിച്ച് ശാസ്ത്രീയ വിശകലനത്തിനായി ഭൂമിയിലേക്ക് കൊണ്ടുവരുന്ന ആദ്യത്തെ ഇന്ത്യന്‍ ശ്രമമായിരിക്കും ചന്ദ്രയാന്‍-4 ദൗത്യം. ചന്ദ്രന്റെ ഉദ്ഭവം, പരിണാമം, ഘടന എന്നിവയെക്കുറിച്ചും ഭാവിയിലെ പര്യവേക്ഷണത്തിനായി ഉപയോഗിക്കാന്‍ പറ്റുന്നതിന്റെ സാധ്യതകളെക്കുറിച്ചും പഠിക്കാനും ഈ മിഷന്‍ സഹായകമായേക്കും. സോഫ്റ്റ് ലാന്‍ഡിങ് നടത്തിയതുപോലെത്തന്നെ ലോകത്തെ മൂന്നുരാഷ്ട്രങ്ങള്‍ക്കുമാത്രമാണ് (യുണൈറ്റഡ് സ്റ്റേറ്റ്സ്, സോവിയറ്റ് യൂണിയന്‍, ചൈന) ചന്ദ്രനില്‍നിന്നു മണ്ണും പാറക്കഷണങ്ങളും ഭൂമിയിലെത്തിക്കാന്‍ സാധിച്ചിട്ടുള്ളത്.
ചന്ദ്രനിലേക്ക് മനുഷ്യനെ എത്തിക്കാന്‍ ഇന്ത്യ
ഇന്ത്യയുടെ അടുത്ത ദൗത്യം ചന്ദ്രനിലേക്ക് മനുഷ്യനെ എത്തിക്കയെന്നതാണ്. 2040-ല്‍ ഇത് നടപ്പാവുമെന്നാണ് അറിയുന്നത്. ഇതുവരെ യുഎസ് മാത്രം സ്വന്തമാക്കിയ നേട്ടമാണിത്. നാലര പതിറ്റാണ്ടിന് ശേഷം അമേരിക്ക വീണ്ടും ചന്ദ്രനിലേക്ക് മനുഷ്യരെ എത്തിക്കാന്‍ അമേരിക്ക ആലോചിക്കുന്ന സമയമാണ് ഇതെന്ന് ഓര്‍ക്കണം. പന്ത്രണ്ട് പേരാണ് ഇതുവരെ ചന്ദ്രനില്‍ കാല്‍കുത്തിയത്. അമേരിക്കയുടെ അപ്പോളോ ദൗത്യത്തിന്റെ ഭാഗമായി 1969 മുതല്‍ 1972 വരെയുള്ള കാലത്തായിരുന്നു അത്. അതില്‍ നീല്‍ ആംസ്‌ട്രോങും എഡ്വിന്‍ ആല്‍ഡ്രിനും ആദ്യം ചന്ദ്രനിലിറങ്ങിയ ബഹിരാകാശ സഞ്ചാരികളെന്ന നിലയ്ക്ക് ഏറെ പ്രശസ്തി നേടി. 1969 ജൂലൈ 20നാണ് ഇരുവരും ചന്ദ്രനിലിറങ്ങിയത്. അതിന് ശേഷം അവിടെയെത്തിയ പത്തുപേര്‍ക്കും അത്ര പ്രശസ്തി കിട്ടിയില്ല. അതിനാല്‍ ആംസ്‌ട്രോങും ആല്‍ഡ്രിനും മാത്രമാണ് ചന്ദ്രനിലിറങ്ങിയതെന്ന് ചിലരെങ്കിലും കരുതുന്നു!
ആദ്യം ചന്ദ്രനിലിറങ്ങിയ രണ്ടുപേരും ചന്ദ്രന്റെ പ്രതലത്തില്‍ 21 മണിക്കൂറും 31 മിനിറ്റുമാണ് തങ്ങിയത്. ഏറ്റവുമൊടുവില്‍ അപ്പോളോ 17 ദൗത്യത്തിന്റെ ഭാഗമായി (1972 ഡിസംബര്‍ 11) എത്തിയ യൂജിന്‍ സെര്‍നാന്‍, ഹാരിസണ്‍ ഷിമിറ്റ് എന്നിവര്‍ മൂന്നു ദിവസവും മൂന്നു മണിക്കൂറും 59 മിനിറ്റും ചാന്ദ്രപ്രതലത്തില്‍ ചെലവിട്ടു. ഭൂമിയിലല്ലാതെ മറ്റൊരു ആകാശഗോളത്തില്‍ മനുഷ്യനെ അയയ്ക്കുക എന്ന ലക്ഷ്യമാണ് അപ്പോളോ ദൗത്യം വഴി അമേരിക്ക സാക്ഷാത്ക്കരിച്ചത്. അതു കഴിഞ്ഞിട്ട് ഇപ്പോള്‍ 35 വര്‍ഷമാകുന്നു. ഈ അവസരത്തില്‍ ചന്ദ്രനിലേക്ക് വീണ്ടും സഞ്ചാരികളെ അയയ്ക്കാനും, ബഹിരാകാശ രംഗത്ത് അമേരിക്കയുടെ മേല്‍ക്കൈ പുനസ്ഥാപിക്കാനും അമേരിക്ക ഒരുങ്ങുന്നത്. ആ സമയത്ത്് ഇന്ത്യയുടെ ദൗത്യമെന്നും ഓര്‍ക്കണം.
2035-ല്‍ സ്വന്തം സ്പേസ് സ്റ്റേഷന്‍ ബഹിരാകാശത്ത് സ്ഥാപിക്കാനും ഇന്ത്യ തയ്യാറെടുക്കുന്നു. ഭാരതീയ അന്തരീക്ഷ സ്റ്റേഷന്‍ എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. ഇതും മഹാത്തായ ഒരു നേട്ടമായാണ് സിഎന്‍എന്‍ എഴുതുന്നത്. വീനസിലേക്കുള്ള ഉപഗ്രഹവിക്ഷേപണം ഇന്ത്യ 2028ല്‍ നടത്തുമെന്നും സിഎന്‍എന്‍ പറയുന്നു.
ബഹിരാകാശത്ത് അഞ്ച് മൊഡ്യൂളുകള്‍ എത്തിച്ച് കൂട്ടിയോജിപ്പിച്ചാണ് ബഹിരാകാശനിലയം സ്ഥാപിക്കുന്നത്. ഇതില്‍ ആദ്യത്തെ മൊഡ്യൂള്‍ 2028-ല്‍ വിക്ഷേപിക്കാനാണ് ഐ.എസ്.ആര്‍.ഒ. ലക്ഷ്യമിടുന്നത്. 20 ടണ്‍ ഭാരമുള്ള ബഹിരാകാശ നിലയം ഭൂമിയില്‍ നിന്ന് ഏകദേശം 400 കിലോമീറ്റര്‍ ഉയരത്തില്‍ ഉള്ള ഭ്രമണപഥത്തില്‍ ഭൂമിയെ പരിക്രമണം ചെയ്യും, അവിടെ ബഹിരാകാശയാത്രികര്‍ക്ക് 15-20 ദിവസം തങ്ങാം. ബഹിരാകാശ നിലയം 2030-ഓടെ പൂര്‍ത്തിയാക്കാനായിരുന്നു ആദ്യം പദ്ധതിയിട്ടിരുന്നത്, എന്നാല്‍ ഗഗന്‍യാന്‍ എന്ന മനുഷ്യരെ വഹിക്കുന്ന ക്രൂഡ് ബഹിരാകാശ ദൗത്യവുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലവും ഇന്ത്യയിലെ കോവിഡ്-19മായി ബന്ധപ്പെട്ടുമുള്ള കാലതാമസം കാരണം ഇത് പിന്നീട് 2035-ലേക്ക് മാറ്റിവെക്കയായിരുന്നു.
2023 നവംബറിലെ തന്റെ ഇന്ത്യാ സന്ദര്‍ശന വേളയില്‍, നാസ അഡ്മിനിസ്ട്രേറ്റര്‍ ബില്‍ നെല്‍സണ്‍, അന്താരാഷ്ട്ര ബഹിരാകാശ നിലയം നിര്‍മ്മിക്കാനുള്ള ഇന്ത്യയുടെ ലക്ഷ്യത്തെ പിന്തുണയ്ക്കാനുള്ള നാസയുടെ സന്നദ്ധത അറിയിച്ചിരുന്നു. ഈ പങ്കാളിത്തത്തില്‍ ഇരു രാജ്യങ്ങളുടെയും വൈദഗ്ധ്യവും അനുഭവപരിചയവും പ്രയോജനപ്പെടുത്താനും, നവീനത വളര്‍ത്താനും, രണ്ട് രാജ്യങ്ങള്‍ക്കിടയില്‍ ബഹിരാകാശത്ത് മനുഷ്യ സാന്നിധ്യം വര്‍ദ്ധിപ്പിക്കാനും രണ്ട് ആര്‍ട്ടെമിസ് ഉടമ്പടിയില്‍ ഒപ്പുവെക്കുന്നതും ചര്‍ച്ചയായിരുന്നു. നോക്കണം, സാങ്കേതികവിദ്യ അമേരിക്കയ്ക്ക് കൈമാറത്തക്ക രീതിയില്‍ നാം വളര്‍ന്നിരിക്കുന്നു!
സ്പേസിലും പ്രൈവറ്റ് പങ്കാളിത്തം
മാമൂലുകള്‍ ഒക്കെ മാറ്റിവെച്ചുകൊണ്ട്, ബഹിരാകാശ ഗവേഷണ രംഗത്ത് പ്രൈവറ്റ് പാര്‍ട്ടിസിപ്പേഷന്‍ കൊണ്ടുവന്നതാണ്, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഏറ്റവും വലിയ നേട്ടമായി, സിഎന്‍എന്‍ ലേഖനം പറയുന്നത്. ഇതിന്റെ വിശദാംശങ്ങളിലേക്ക് സിഎന്‍എന്‍ കടക്കുന്നില്ല. പക്ഷേ നാസപോലും ഇലോണ്‍ മസ്‌ക്കിന്റെ സ്‌പേസ് എക്‌സ് എന്ന സ്വകാര്യ കമ്പനിയുടെ സേവനം തേടുന്ന ഇക്കാലത്ത്, മോദി നടത്തിയത് ബുദ്ധിപൂര്‍വമായ നീക്കമാണെന്ന് നേരത്തെ തന്നെ വിലയിരുത്തലുകള്‍ ഉണ്ടായിരുന്നു.
ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്‌പേസ് എക്‌സ് എന്ന സ്വകാര്യ ബഹിരാകാശ സാങ്കേതിക വിദ്യാ സ്ഥാപനം നാസ ഉള്‍പ്പടെയുള്ള മുന്‍നിര ബഹിരാകാശ ഏജന്‍സികള്‍ക്കൊപ്പം ശക്തരായി വളര്‍ന്ന കാഴ്ചയാണ് ലോകം ഇപ്പോള്‍ കാണുന്ന്. വിവിധ ലോകരാജ്യങ്ങളും സ്വകാര്യ കമ്പനികളും ഉപഗ്രഹ വിക്ഷേപണങ്ങള്‍ക്കായി സ്‌പേസ് എക്‌സിനെ ആശ്രയിക്കുന്നത് നാം കണ്ടു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള നാസ ഗവേഷകരുടെ യാത്രകള്‍ ഇപ്പോള്‍ സ്‌പേസ് എക്‌സിന്റെ ഡ്രാഗണ്‍ ക്രൂ പേടകത്തിലാണ്.
യുഎസിനെ പോലെ ഇന്ത്യയുടെ ബഹിരാകാശരംഗം സ്വകാര്യ നിക്ഷേപകര്‍ക്ക് മോദി തുറന്നുകൊടുത്തിട്ടുണ്ട്. ഇതിനകം വിവിധ സ്വകാര്യ കമ്പനികള്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 2023 ഒക്ടോബറിലാണ് ഇന്ത്യന്‍ എയറോസ്പേസ് സ്റ്റാര്‍ട്ട് അപ്പ് ആയ സ്‌കൈറൂട്ട് എയറോസ്പേസ് തങ്ങളുടെ പുതിയ വിക്ഷേപണ റോക്കറ്റ് പുറത്തിറക്കിയത്. ഏഴ് നിലയോളം ഉയരമുള്ള ഈ മള്‍ടി സ്റ്റേജ് റോക്കറ്റിന് വിക്രം-1 എന്നാണ് പേര്. ഉപഗ്രഹങ്ങള്‍ വിന്യസിക്കാന്‍ ശേഷിയുള്ള അത്യാധുനിക സംവിധാനങ്ങളോടുകൂടിയ ആഗോള തലത്തിലെ ചുരുക്കം ചില സ്വകാര്യ റോക്കറ്റുകളിലൊന്നാണ് വിക്രം-1 എന്ന് കമ്പനി അവകാശപ്പെടുന്നു. സ്‌കൈറൂട്ട് പുറത്തിറക്കുന്ന രണ്ടാമത്തെ റോക്കറ്റാണിത്. വിക്രം-എസ് എന്നായിരുന്നു ആദ്യ റോക്കറ്റിന്റെ പേര്. ഒരു സ്വകാര്യ കമ്പനി നിര്‍മിച്ച രാജ്യത്തെ ആദ്യ റോക്കറ്റാണിത്.
ഏകദേശം 300 കിലോഗ്രാം ഭാരമുള്ള പേലോഡ് ലോ എര്‍ത്ത് ഓര്‍ബിറ്റില്‍ എത്തിക്കാന്‍ ഈ റോക്കറ്റിന് സാധിക്കും. 3 ഡി പ്രിന്റ് ചെയ്ത ലിക്വിഡ് എഞ്ചിനുകളാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. ഏത് വിക്ഷേപണ കേന്ദ്രത്തില്‍ നിന്നും 24 മണിക്കൂര്‍ കൊണ്ട് റോക്കറ്റ് തയ്യാറാക്കി വിക്ഷേപണം നടത്താനാവുമെന്ന് കമ്പനി അവകാശപ്പെടുന്നു. 2024 ആദ്യം റോക്കറ്റിന്റെ ആദ്യ വിക്ഷേപണം നടന്നു.
തുറക്കുന്നത് കോടികളുടെ വിപണി
ബഹിരാകാശരംഗത്തെ വാണിജ്യവല്‍ക്കരിക്കാനുള്ള ശ്രമം നടന്നത് മോദിയുടെ കാലത്താണെന്നും സിഎന്‍എന്‍ ലേഖനം ചൂണ്ടിക്കാട്ടുന്നു. ഈ രംഗത്ത് വിദേശ നിക്ഷേപം പ്രോത്സാഹിപ്പിച്ചു. അതുപോലെ സ്വകാര്യ കമ്പനികളെ പങ്കാളികളാക്കി. ഭൂമിയുടെ താഴ്ന്ന ഭ്രമണപഥങ്ങളില്‍ കുറഞ്ഞ ചെലവില്‍ ചെറിയ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുക എന്ന മേഖലയിലാണ് ഇന്ത്യ വാണിജ്യമായി മുന്നേറാന്‍ ശ്രമിക്കുന്നത്. ഈ ദൗത്യമേഖലയിലാണ് വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നത്. ഡോക്കിങ്ങിന് വേണ്ടി ഇന്ത്യ അയച്ച രണ്ട് ചെറിയ ഉപഗ്രഹങ്ങളും അത് ബഹിരാകാശത്തേക്ക് അയക്കാനുള്ള പിഎസ് എല്‍ വി റോക്കറ്റും ടെസ്റ്റ് ചെയ്തത് അനന്ത് ടെക്നോളജീസ് എന്ന സ്വകാര്യസ്ഥാപനത്തിലാണ്. ചരിത്രത്തില്‍ ആദ്യമായാണ് സ്വകാര്യമേഖലയിലെ സ്ഥാപനത്തെ പങ്കാളിയാക്കുന്നത്. ഇതോടെ കോടികളുടെ നിക്ഷേപവും തൊഴില്‍ സാധ്യതയുമുള്ള മറ്റോരു മേഖലയാണ് തുറന്ന് കിട്ടുന്നത്.
നാസയുടെതിനേക്കാള്‍ എത്രയോ കുറഞ്ഞ ചിലവില്‍ ഇപ്പോള്‍ ഇന്ത്യക്ക് സാറ്റലൈറ്റുകള്‍ നിര്‍മ്മിക്കാന്‍ കഴിയും. ഇതോടെ വികസ്വര രാജ്യങ്ങള്‍ ഇനി അമേരിക്ക വിട്ട് ഇന്ത്യയിലേക്ക് തിരിയും. അതിന്റെ ലക്ഷണങ്ങള്‍ ഇപ്പോഴേകാണാം. ഇതുവഴി രാജ്യത്തിന് കോടികളുടെ വരുമാനം വരും. മുമ്പ് സോവിയറ്റ് യൂണിയന് പണം അങ്ങോട്ട്കൊടുത്ത രാജ്യമാണ് ഇന്ന് സ്പേസിലുടെ വിദേശനാണ്യം ഉണ്ടാക്കുന്നത്.
പൊതുവെ രാഷ്ട്രീയ നിഷ്പക്ഷത പുലര്‍ത്തുന്ന ഇന്ത്യയുടെ വിദേശ നയവും ഇക്കാര്യത്തില്‍ ഗുണം ചെയ്യുമെന്ന് നിരീക്ഷകര്‍ കരുതുന്നു. റഷ്യയും യുഎസും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലേറ്റതും യുക്രൈനുമായുള്ള യുദ്ധവും സൃഷ്ടിച്ച രാഷ്ട്രീയ പ്രതിസന്ധികള്‍ക്കിടയില്‍, റഷ്യന്‍ ബഹിരാകാശ റോക്കറ്റുകളെ ആശ്രയിച്ചിരുന്നവര്‍ പകരം സ്‌പേസ് എക്‌സ് ഉള്‍പ്പടെയുള്ള മറ്റ് സേവനദാതാക്കളെ ആശ്രയിക്കുന്ന സാഹചര്യം ഉണ്ടായി. അതുപോലെ സൗത്ത് വെസ്റ്റ് ഏഷ്യന്‍ രാജ്യങ്ങള്‍വരെ ഇപ്പോള്‍ ഇന്ത്യയുടെ സേവനം തേടുന്നുണ്ട്.
ചന്ദ്രനില്‍ ഒതുങ്ങുന്നതല്ല ഇന്ത്യയുടെ സ്വപ്നങ്ങള്‍. അത് സൂര്യന്‍ തൊട്ട് ശുക്രന്‍ വരെ നീളുകയാണ്. ചന്ദ്രയാന്‍ 3 ലാന്‍ഡര്‍ ദൗത്യം വിജയകരമാക്കിയതിന് പിന്നാലെയാണ് ഐഎസ്ആര്‍ഒ ഇന്ത്യയുടെ ആദ്യ സോളാര്‍ സ്പേസ് ഒബ്സര്‍വേറ്ററി ദൗത്യമായ ആദിത്യ എല്‍1 വിജയകരമായി വിക്ഷേപിച്ചത്. ഇതും വലിയ നേട്ടമാണ്. സൂര്യന്റെ ബാഹ്യഭാഗത്തെ താപവ്യതിയാനം, ബഹിരാകാശ കാലാവസ്ഥ എന്നിവയുടെ പഠനമാണ് പ്രധാനലക്ഷ്യങ്ങളെങ്കിലും സൂര്യന്റെ സങ്കീര്‍ണമായ പ്രവര്‍ത്തനങ്ങളെ അനാവരണം ചെയ്യാനും സൗരയൂഥത്തേക്കുറിച്ച് സുപ്രധാന വിവരങ്ങള്‍ ലഭ്യമാക്കാനും ദൗത്യത്തിന് സാധിക്കുന്നുണ്ട്. അതുപോലെ, ചൊവ്വാദൗത്യവും, ശുക്രന്‍ ദൗത്യവുമടക്കമുള്ള വിവിധ പദ്ധതികള്‍ വേറെയുമുണ്ട്.
ബഹിരാകാശ ദൗത്യങ്ങളില്‍ ഐഎസ്ആര്‍ഒയ്ക്ക് വ്യക്തമായ പദ്ധതിയുണ്ടെന്ന് പുതിയ ഐഎസ്ആര്‍ഒ മേധാവി വി നാരായണന്‍ പറയുന്നു. 2026 ഓടെ ഇന്ത്യ മനുഷ്യരെ ബഹിരാകാശത്തയക്കുമെന്നും, 2035 ഓടെ ഭാരതീയ അന്തരീക്ഷ സ്റ്റേഷന്‍ സ്ഥാപിക്കപ്പെടുമെന്നും 2040 -ല്‍ ഇന്ത്യക്കാരന്‍ ചന്ദ്രനില്‍ ഇറങ്ങുമെന്നും അദ്ദേഹം എന്‍ഡിടിവിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. കരുത്തരായ ഒരു ഉദ്യോഗസ്ഥ സംഘത്തെ വാര്‍ത്തെടുക്കാനും മോദി സര്‍ക്കാറിന് കഴിഞ്ഞിട്ടുണ്ട്. 2025 ജനുവരി 14 ന് എസ്. സോമനാഥിന് ശേഷം ഐഎസ്ആര്‍ഒ മേധാവിയായി ചുമതലയേറ്റ വി. നാരായണന്‍, ഐഎസ്ആര്‍ഒയുടെ ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റംസ് സെന്ററിന്റെ ഡയറക്ടറായിരുന്നു. മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കുന്നതിനായി ഉപയോഗിക്കുന്ന ലോഞ്ച് വെഹിക്കിള്‍ മാര്‍ക്ക്-3 എന്ന ബാഹുബലി റോക്കറ്റിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് അദ്ദേഹമായിരുന്നു.
ഗഗന്‍യാന്‍ ദൗത്യത്തിനായി പ്രശാന്ത് നായര്‍, അങ്കത് പ്രതാപ്, അജിത് കൃഷ്ണന്‍, ശുഭാന്‍ഷു ശുക്ല എന്നീ നാല് സഞ്ചാരികളെ ഇന്ത്യ തിരഞ്ഞെടുത്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് ചന്ദ്രയാന്‍ 4 ദൗത്യത്തിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത്. ചന്ദ്രനില്‍ നിന്ന് സാമ്പിള്‍ ശേഖരിച്ച് ഭൂമിയില്‍ തിരികെ എത്തിക്കുന്നതിനുള്ള ദൗത്യമാണ് ചന്ദ്രയാന്‍ 4. മനുഷ്യനെ ചന്ദ്രനില്‍ ഇറക്കുന്നതിനും ഭൂമിയില്‍ തിരികെ എത്തിക്കുന്നതിനുമുള്ള അടിസ്ഥാന സാങ്കേതിക വിദ്യകളും ഈ ദൗത്യത്തില്‍ പരീക്ഷിക്കപ്പെടും. ഇന്ത്യയുടെ സ്വപ്നങ്ങള്‍, സൗരയൂഥവും കടന്ന് വളരുകയാണ്.
വാല്‍ക്കഷ്ണം: ബഹിരാകാശ പരീക്ഷണങ്ങളില്‍ പരാജയം അതിന്റെ ഭാഗമാണ്. 2023ലാണ് റഷ്യയുടെ ലൂണ-25 ചാന്ദ്ര ദൗത്യ പരാജയപ്പെട്ടത്. ഇന്ത്യയുടെ ചന്ദ്രയാന്‍ 3 ഇറങ്ങുന്നതിന് മണിക്കൂറുകള്‍ മുമ്പായി ചന്ദ്രനിലിറങ്ങാനാണ് ഇത് ലക്ഷ്യമിട്ടത്. ഇതിനായി അതിവേഗ സഞ്ചാരത്തിന് ഭൂമിയില്‍ നിന്ന് ചന്ദ്രനിലേക്ക് നേരിട്ടുള്ള സഞ്ചാരപഥമാണ് ലൂണ-25 ന് വേണ്ടി തിരഞ്ഞെടുത്തത്. പക്ഷേ എന്നിട്ടോ, ലൂണ-25 ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങുകയും ദൗത്യം പരാജയപ്പെടുകയും ചെയ്തു! നമ്മുടെ ചാന്ദ്രയാന്‍ സൂപ്പറായി ഇറങ്ങുകയും ചെയ്തു. ഫലത്തില്‍ ബഹിരാകാശയുദ്ധത്തില്‍ ഇന്ത്യ റഷ്യയെ തോല്‍പ്പിച്ചുവെന്ന് ചുരുക്കം.