പീഡോഫീലിയ നിയമവിധേയമാക്കാന്‍ ഒരു സര്‍ക്കാര്‍! പെണ്‍കുട്ടികളുടെ വിവാഹപ്രായം 9 വയസ്സാക്കുന്നു; മണിക്കൂറുകള്‍ നീണ്ടുനില്‍ക്കുന്ന താല്‍ക്കാലിക വിവാഹങ്ങളും സാധു; പെണ്‍ചേലാകര്‍മ്മവും, വേശ്യാവൃത്തിയും വ്യാപകം; ദുരിത ജീവിതത്തിന് അറുതിയില്ലാതെ ഇറാഖിലെ പെണ്ണുങ്ങള്‍
പീഡോഫീലിയ നിയമവിധേയമാക്കാന്‍ ഒരു സര്‍ക്കാര്‍!
ബാബിലോണിയന്‍, മെസേപ്പെട്ടാമിയന്‍, സുമേരിയന്‍ സംസ്‌ക്കാരങ്ങളുടെയൊക്കെ പേറ്റില്ലമായ ഒരു നാട്! ഒരുകാലത്ത്, ലോകത്തിന്റെ സാംസ്‌ക്കാരിക തലസ്ഥാനമായ ബാഗ്ദാദ് അടങ്ങുന്ന നാട്. പക്ഷേ ആ നാടിന്റെ ആധുനിക ചരിത്രമെന്നത് യുദ്ധങ്ങളുടെയും മരണത്തിന്റെയും അക്രമത്തിന്റെതുമാണ്. ഇറാന്‍ - ഇറാഖ് യുദ്ധം, സദ്ദാമിന്റെ കൂവൈത്ത് യുദ്ധം, അമേരിക്കന്‍ ആക്രമണം, സദ്ദാമിന്റെ വധം, ഐസിസിന്റെ വളര്‍ച്ച തുടങ്ങി കഴിഞ്ഞ 30 വര്‍ഷത്തെ ഈ രാജ്യത്തിന്റെ ചരിത്രം കലാപകലുഷിതമാണ്. എന്നാല്‍ സദ്ദാമിന്റെ പതനത്തിനുശേഷവും, 2018-ല്‍, ഇറാഖിന്റെ ഗ്രാമങ്ങളില്‍ പിടിമുറുക്കിയ ഐസിസിനെ പുറന്തള്ളിയതിനുശേഷവും, താരതമ്യേന സമാധാനപരമായ ജീവിതമാണ് ഈ നാട്ടുകാര്‍ നയിക്കുന്നത്.
അധികാരം പങ്കിടല്‍ സമ്പ്രദായമാണ് യുദ്ധാനന്തര ഇറാഖില്‍ ഇപ്പോഴുള്ളത്. പ്രസിഡന്റ് സ്ഥാനം കുര്‍ദുകള്‍ക്കാണ്. പ്രധാനമന്ത്രി സ്ഥാനം ഷിയ ഗ്രൂപ്പുകള്‍ക്കും. പാര്‍ലമെന്റ് സ്പീക്കര്‍ സുന്നിയാണ്. അതുപ്രകാരം കുര്‍ദിഷ് രാഷ്ട്രീയ നേതാവ് അബ്ദുല്‍ ലത്തീഫ് റാഷിദാണ് ഇറാഖിലെ പ്രസിഡന്റ്. പക്ഷേ പാര്‍ലമെന്റില്‍ വലിയ സമ്മര്‍ദ ശക്തിയായി മാറിയിരിക്കുന്നത് ഷിയാ ഗ്രൂപ്പുകളാണ്. പുതിയ സര്‍ക്കാര്‍ വന്നിട്ടും രാഷ്ട്ര പുനര്‍നിര്‍മ്മാണത്തില്‍ യാതൊന്നും ശ്രദ്ധിക്കാതെ മതം കളിച്ചിരിക്കുന്ന പരിപാടിയാണ് ഇവിടെ. ജനാധിപത്യ സര്‍ക്കാര്‍ എന്ന് പേരുണ്ടെങ്കിലും, ജനങ്ങളുടെ ക്ഷേമമല്ല അവര്‍ക്ക് പ്രധാനം.
ഇപ്പോള്‍ ഇറാഖ് ഭരണകുടം ലോകത്തിന് മുന്നില്‍ വലിയ ചര്‍ച്ചയാവുന്നത്, അവര്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്ന ചില മാനവികവിരുദ്ധമായ നിയമങ്ങളെ തുടര്‍ന്നാണ്. ലോകത്തെ നിരവധി ബാലവകാശ-മനുഷ്യാവകാശ സംഘടനകളും, എഴുത്തുകാരുമൊക്കെ പീഡോഫീലിയക്കെതിരെ ശക്തമായി പൊരുതുമ്പോള്‍ ഒരു രാജ്യം അത് നിയമമാക്കുക എന്നുവന്നാല്‍! ഇറാഖില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന തല തിരിഞ്ഞ പരിഷ്‌ക്കാരങ്ങളുടെ അവസാനത്തെ ഇര അവിടുത്തെ പെണ്‍കുട്ടികളാണ്. പെണ്‍കുട്ടികളുടെ വിവാഹപ്രായം ഒമ്പത് വയസ്സാക്കി കുറയ്ക്കാനുള്ള, ഇറാഖ് പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബില്‍ വ്യാപക പ്രതിഷേധത്തിനും ആശങ്കയ്ക്കും കാരണമായിരിക്കുകയാണ്.
9 ാംവയസ്സില്‍ ലൈംഗികബന്ധമാവാം
ഇറാഖില്‍ നിലവില്‍ വിവാഹത്തിനുള്ള ഏറ്റവും കുറഞ്ഞ പ്രായം 18 ആണ്. ഈ നിയമത്തില്‍ ഭേദഗതി വരുത്താനാണ് ഇറാഖി ഭരണകൂടത്തിന്റെ ശ്രമം. കുടുംബകാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ മത അധികാരികളെയോ നീതിന്യായ വ്യവസ്ഥയെയോ പൗരന്‍മാര്‍ക്ക് തിരഞ്ഞെടുക്കാമെന്നും ഭേദഗതി ബില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്.
ഭേദഗതി നടപ്പാക്കി കഴിഞ്ഞാല്‍ പെണ്‍കുട്ടികളുടെ വിവാഹത്തിനുള്ള കുറഞ്ഞ പ്രായം ഒമ്പത് വയസ്സും, ആണ്‍കുട്ടികളുടേത് 15 വയസ്സുമായി മാറും. ഇത് അനന്തരാവകാശം, വിവാഹമോചനം, കുട്ടികളുടെ സംരക്ഷണം തുടങ്ങിയ കാര്യങ്ങളില്‍ അവകാശങ്ങള്‍ വെട്ടുക്കുറയ്ക്കുന്നതിന് ഇടയാക്കുമെന്നും മനുഷ്യാവകാശ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. വിദ്യാലയങ്ങളില്‍ നിന്നുള്ള കൊഴിഞ്ഞുപോക്കും ശൈശവ വിവാഹവും ചൂഷണവും കൂടാനും സ്ത്രീകളുടെ അവകാശങ്ങള്‍ നിഷേധിക്കപ്പെടാനും ഇത് കാരണമാകും. ഗാര്‍ഹിക പീഡനത്തിന്റെ ഉയര്‍ന്ന സാധ്യതയും നേരത്തേയുള്ള ഗര്‍ഭധാരണവുമെല്ലാം ഇതിന്റെ അനന്തരഫലമായിരിക്കുമെന്നും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.
ഈ നീക്കത്തിനെതിരെ മനുഷ്യാവകാശ സംഘടനകളും സിവില്‍ സൊസൈറ്റി പ്രവര്‍ത്തകരും സ്ത്രീ സംരക്ഷണ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. രാജ്യാന്തര മനുഷ്യാവകാശ സംഘടനയായ ഹ്യൂമന്‍ റൈറ്റ് വാച്ചും ഇതിനെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ചു. നിയമഭേദഗതി ഇറാഖിനെ പിന്നോട്ട് നയിക്കുമെന്നും നിയമങ്ങള്‍ കാറ്റില്‍പറത്തി നിരവധി ബാലവിവാഹങ്ങളാണ് ഇറാഖില്‍ നടക്കുന്നതെന്നും ഹ്യൂമന്‍ റൈറ്റ് വാച്ച് ഗവേഷകയായ സാറ സാന്‍ബാര്‍ വ്യക്തമാക്കി. ഇറാഖിലെ 28 ശതമാനത്തോളം പെണ്‍കുട്ടികളും 18 വയസാകുന്നതിനെ മുമ്പ് വിവാഹിതരാകുന്നുണ്ടെന്ന് യൂണിസെഫ് പഠനങ്ങളില്‍ നേരത്തെ കണ്ടെത്തിയിട്ടുണ്ട്.
ഇസ്ലാമിക നിയമത്തെ ക്രമീകരിക്കാനും യുവതലമുറയെ അധാര്‍മിക ബന്ധങ്ങളില്‍നിന്ന് സംരക്ഷിക്കാനുമാണ് പുതിയ മാറ്റമെന്നാണ് നിയമ ഭേദഗതിയെ അനുകൂലിക്കുന്നവര്‍ വാദിക്കുന്നത്. കഴിഞ്ഞ ജൂലൈ അവസാനം വിവാഹപ്രായം കുറയക്കുന്നതുമായി ബന്ധപ്പെട്ട ബില്‍ കൊണ്ടുവന്നിരുന്നുവെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് പിന്‍വലിക്കുകയായിരുന്നു. ഇപ്പോള്‍ ഷിയ ഗ്രൂപ്പുകളുടെ പിന്തുണയോടെ വീണ്ടും ഈ ബില്‍ പാര്‍ലമെന്റ് സമ്മേളനത്തില്‍ സമര്‍പ്പിച്ചിരിക്കുകയാണ്.
ഇറാന്‍ വിഴുങ്ങുന്ന ഇറാഖ്
സുന്നി ഭൂരിപക്ഷ രാഷ്ട്രമാണെങ്കിലും ഇറാഖില്‍ തൊട്ടയല്‍ രാജ്യമായ ഇറാന്റെ പിന്തുണയോടെ, ഷിയാപാര്‍ട്ടികള്‍ക്ക് നല്ല വേരോട്ടം കിട്ടുകയാണ്. ഇപ്പോള്‍ പാര്‍ലിമെന്റിലും നിര്‍ണ്ണായക ശക്തിയാണ് ഷിയാക്കള്‍. ഈ പാര്‍ട്ടികള്‍ക്കെല്ലാം ഇറാന്റെ സഹായവും, ഫണ്ടും കിട്ടുന്നുണ്ടെന്നും വ്യക്തമാണ്. ഇറാഖിന്റെ നിലവിലുള്ള അരക്ഷിതാവസ്ഥ മുതലെടുത്ത്, പതുക്കെ ആ രാജ്യത്തേക്ക് ഇറാന്‍ കയറിവരികയാണെന്നും, രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. സദ്ദാം ഹുസൈന്‍ ഇറാന്‍-ഇറാഖ് യുദ്ധം ഉണ്ടാക്കിയതുതന്നെ, ഷിയായിസത്തെ തടയുക എന്ന ലക്ഷ്യം കൂടി മുന്നില്‍ കണ്ടാണെന്ന് നേരത്തെ തന്നെ പഠനങ്ങള്‍ വന്നിരുന്നു.
ഇപ്പോഴുള്ള വിവാഹ നിയമദേദഗതി പരിശോധിച്ചാല്‍ അത് കൃത്യമായ ഷിയാ പുരുഷന് വേണ്ടിയാണെന്ന് വ്യക്തമാണ്. ഭേദഗതി ചെയ്ത നിയമം കുടുംബ നിയമം പിന്തുടരണോ എന്ന് തീരുമാനിക്കാന്‍ പുരുഷന്മാരെയാണ് അനുവദിക്കുന്നത്. പുരോഹിതര്‍ക്ക് അമിതമായ അധികാരവും ഇത് നല്‍കുന്നു. ഇറാഖിലെ അനന്തരാവകാശ നിയമത്തില്‍ മാറ്റം വരുത്തുന്ന തരത്തിലാണ് കരട് ഭേദഗതി വരുത്തുന്നത്. സുന്നി പാരമ്പര്യ ആചാരങ്ങളെ അടിസ്ഥാനമാക്കിയുള്ള നിലവിലെ നിയമപ്രകാരം, ഭര്‍ത്താവ് മരിച്ച സ്ത്രീക്ക് അവന്റെ സ്വത്ത് അവകാശമായി ലഭിക്കും. ഭേദഗതി ചെയ്ത നിയമം സുന്നി വിവാഹത്തിലെ സ്ത്രീകള്‍ക്ക് അവരുടെ ഭര്‍ത്താക്കന്മാരില്‍ നിന്ന് അനന്തരാവകാശം അനുവദിക്കും, എന്നാല്‍ ഷിയാ വിവാഹങ്ങളില്‍ സ്ത്രീകളെ അങ്ങനെ ചെയ്യുന്നതില്‍ നിന്ന് വിലക്കുകയും ചെയ്യുന്നു.
നിലവില്‍ എല്ലാ ഇറാഖികള്‍ക്കും ബാധകമായ നിയമത്തില്‍, വിവാഹമോചിതയായ സ്ത്രീക്കും കുട്ടികള്‍ക്കും ഭര്‍ത്താവില്‍നിന്ന് സംരക്ഷണത്തിന് അവകാശമുണ്ട്. പ്രായപൂര്‍ത്തിയായാല്‍ കുട്ടികള്‍ക്ക് ആരുടെയൊപ്പം ജീവിക്കണമെന്ന് തീരുമാനിക്കാം. ഭേദഗതി ചെയ്ത നിയമപ്രകാരം ഷിയാ പുരുഷനില്‍ നിന്ന് വിവാഹമോചനം തേടുന്ന സ്ത്രീ, വിവാഹം അവസാനിപ്പിക്കാന്‍ ഭര്‍ത്താവിന് ഒരു തുക നല്‍കാന്‍ നിര്‍ബന്ധിതരാകും. നിലവിലെ ഇറാഖി സുന്നി ആചാരത്തെ അടിസ്ഥാനമാക്കി, ഒരു സ്ത്രീക്ക് വേര്‍പിരിയല്‍ അഭ്യര്‍ത്ഥിക്കുകയും മതിയായ ന്യായീകരണം നല്‍കിയാല്‍ ഒരു ജഡ്ജിക്ക് വിവാഹമോചനം അനുവദിക്കുകയും ചെയ്യാം. പണം കൊടുക്കേണ്ടതില്ല. ഈരീതിയില്‍ എവിടെ നോക്കിയാലും ഷിയാ പുരുഷന് അനുകൂലമായാണ് പുതിയ നിയമം വരുന്നത്.
ഇറാഖിലെ ഷിയ പാര്‍ട്ടികള്‍ വ്യക്തിനിയമം പരിഷ്‌കരിക്കാന്‍ മുമ്പ് ശ്രമിച്ചിരുന്നു. 2014ലും 2017ലും അവരുടെ ശ്രമങ്ങള്‍ വിജയിച്ചില്ല. പ്രാഥമികമായി ഇറാഖി സ്ത്രീകളുടെ എതിര്‍പ്പ് കാരണം. ഇപ്പോള്‍ ഷിയാ പാര്‍ട്ടികള്‍ മുമ്പത്തേതിനേക്കാള്‍ ശക്തമാണ്. പക്ഷേ അവര്‍ കൊണ്ടുവരുന്ന നിയമങ്ങള്‍ താലിബാന് സമാനമാണെന്ന് രാജ്യത്തിന് അകത്തുനിന്നുതന്നെ വിമര്‍ശനം വന്നുകഴിഞ്ഞു.
ഇറാഖി സര്‍ക്കാരിതര സംഘടനകള്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍, അഭിഭാഷകര്‍, സുന്നി പുരോഹിതന്മാര്‍, നിരവധി രാഷ്ട്രീയ പാര്‍ട്ടികള്‍ എന്നിവര്‍ ഭേദഗതിയെ രൂക്ഷമായി വിമര്‍ശിച്ചു. 'ഈ നിയമം പാസാക്കിയാല്‍ ഏറ്റവും വലിയ നഷ്ടം ഷിയാ സ്ത്രീക്കാണ്'- ഇറാഖി പത്രപ്രവര്‍ത്തകയും നിരവധി വനിതാ അസോസിയേഷനുകളിലെ അംഗവുമായ ഹെബ അല്‍-നായിബ് ദി മീഡിയ ലൈനിനോട് പറഞ്ഞു. പുതിയ നിയമം ഇറാഖില്‍ നിയമവിധേയമാക്കിയ ശൈശവ വിവാഹത്തിലേക്ക് നയിക്കുമെന്ന് അവര്‍ പറഞ്ഞു.
ഇറാഖില്‍, ശൈശവ വിവാഹം ഇതിനകം തന്നെ ഒരു പ്രധാന സാമൂഹിക പ്രശ്നമാണ്. ഇനി പുതിയ നിയമം വന്നാലുള്ള അവസ്ഥയെന്താവുമെന്നാണ് അവര്‍ ചോദിക്കുന്നത്. നിരവധി ഇറാഖി അഭിഭാഷകരും സാമൂഹിക പ്രവര്‍ത്തകരും സുന്നി മതനേതാക്കളും നിര്‍ദിഷ്ട പരിഷ്‌കാരങ്ങളെ എതിര്‍ക്കുന്നു. 'കുട്ടികളെ ബലാത്സംഗം ചെയ്യുന്നത് നിയമവിധേയമാക്കാന്‍' സര്‍ക്കാര്‍ ശ്രമിക്കുന്നതായി ആരോപിച്ച് സ്ത്രീകളുടെ അവകാശ ഗ്രൂപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ രോഷ പ്രകടനം നടത്തുന്നു. കടുത്ത പ്രക്ഷോഭത്തിലേക്കാണ് കാര്യങ്ങള്‍പോകുന്നത്. രാജ്യത്തിന്റെ തലസ്ഥാനമായ ബാഗ്ദാദിലും മറ്റ് പല നഗരങ്ങളിലും സ്ത്രീകളുടെ ശക്തമായ പ്രതിഷേധത്തിന് സാക്ഷ്യം വഹിച്ചു.
ആനന്ദ വിവാഹങ്ങള്‍ വ്യാപകമാക്കും
ഭേദഗതി വരുത്തിയ നിയമത്തിന്റെ ഏറ്റവും വിവാദപരമായ ഫലങ്ങളിലൊന്ന് ഷിയാ വിഭാഗത്തിന്റെ സവിശേഷമായ ഒരു ആശയമായ 'ആനന്ദ വിവാഹം' നിയമവിധേയമാക്കുന്നതാണ്. അറബിയില്‍ നിക്കാഹ് മുത്താഹ് എന്നറിയപ്പെടുന്ന ഉല്ലാസവിവാഹം, മണിക്കൂറുകള്‍ നീണ്ടുനില്‍ക്കുന്ന താല്‍ക്കാലിക വിവാഹമാണ്. സ്ഥിരമായ വിവാഹത്തില്‍ നിന്ന് വ്യത്യസ്തമായി, ഈ വിവാഹത്തിന് കോടതിയില്‍ രജിസ്ട്രേഷനോ സാക്ഷികളുടെ സാന്നിധ്യമോ ആവശ്യമില്ല.
ഉല്ലാസവിവാഹം നിയമവിധേയമാക്കുന്നത് ശൈശവ വിവാഹവും വേശ്യാവൃത്തിയും നിയമവിധേയമാക്കാന്‍ ഉപയോഗിക്കാമെന്നും വിമര്‍ശകര്‍ പറയുന്നു. ബാഗ്ദാദ് പോലുള്ള വലിയ നഗരങ്ങളിലെ സമ്പന്നര്‍ ഗ്രാമങ്ങളിലെത്തിയാണ് ഈ പരിപാടി നടത്തുന്നത്. ഇതിന് പ്രാദേശിക മതനേതൃത്വത്തിന്റെ പിന്തുണയുമുണ്ട്. രണ്ട് കക്ഷികളും സമ്മതിച്ചുകഴിഞ്ഞാല്‍, പെട്ടെന്ന് തന്നെ, അനൗപചാരികമായ വിവാഹ ചടങ്ങ് ഇവിടെ പണം വാങ്ങി പുരോഹിതര്‍ തന്നെ നടത്തിക്കൊടുക്കുന്നുണ്ട്. അതിനുശേഷം പുരുഷന്‍ സ്ത്രീക്ക് വധൂവില നല്‍കുകയും പകരമായി, വരന് പോകുന്നത് വരെ ലൈംഗികവും ഗാര്‍ഹികവുമായ സേവനങ്ങള്‍ വധു നല്‍കണം. വരന്‍ തിരികെ പോകുമ്പോള്‍ വിവാഹ ബന്ധം വേര്‍പ്പെടുത്തുകയും ചെയ്യും. ഇതിനെകുറിച്ച് കേട്ടറിഞ്ഞ് ആകൃഷ്ടരായി, ചെറിയ പെണ്‍കുട്ടികളെ പ്രാപിക്കാനായി സൗദിയില്‍നിന്നുപോലും, വലിയ പണച്ചാക്കുകള്‍ ഇറാഖില്‍ എത്തുന്നുണ്ട് എന്നാണ്, ഇതുസംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇത്സംബന്ധിച്ച് ബിബിസി തയ്യാറാക്കിയ ഒരു ഡോക്യൂമെന്ററയില്‍, താന്‍ 15 തവണ വിവാഹം കഴിച്ചിട്ടുണ്ടെന്ന് ഒരു സ്ത്രീ പറയുന്നുണ്ട്.. ഒരു വരന്‍ വിദേശിയാണെന്നും, കല്യാണം കഴിഞ്ഞ് അഞ്ച് ദിവസത്തിന് ശേഷം, വരന്‍ നാട്ടിലേക്ക് പറന്നുവെന്നും ഇവര്‍ പറയുന്നുണ്ട്.
പെണ്‍കുട്ടികള്‍ ചെറിയ പ്രായത്തില്‍തന്നെ വേശ്യാവൃത്തിയിലേക്ക് തിരിയുന്നത്, കുര്‍ദിസ്ഥാന്‍ പ്രദേശത്തത്തെ അറിയപ്പെടുന്ന ഒരു പ്രതിഭാസമാണെന്നാണ് ദ ഗാര്‍ഡിയന്‍ എഴുതുന്നു. വേലക്കാരികളാകാന്‍വേണ്ടി വില്‍ക്കപ്പെടുന്നവര്‍ പലപ്പോഴും എത്തിപ്പെടുന്നത് വേശ്യാവൃത്തിയിലാണ്. ഇറാഖില്‍ വേശ്യാവൃത്തി നിയമവിരുദ്ധമല്ല. നേരെമറിച്ച്, അശ്ലീല ഫോട്ടോഗ്രാഫുകളോ സിനിമകളോ നിര്‍മ്മിക്കുകയോ ഇറക്കുമതി ചെയ്യുകയോ കൈവശം വയ്ക്കുകയോ ചെയ്യുന്നത് നിരോധിച്ചിരിക്കുന്നു! ആയിരക്കണക്കിന് ഇറാഖി പെണ്‍കുട്ടികളെ, വേശ്യാവൃത്തിയിലേക്ക് നയിച്ച ആനന്ദവിവാഹങ്ങള്‍ക്ക് നിയമപരമായ പ്രാബല്യം കൊടുക്കുന്ന തിനെതിരെയും രോഷം പുകയുകയാണ്.
പെണ്‍ ചേലാകര്‍മ്മവും വ്യാപകം
ലോകത്തിലെ ഏറ്റവും ഭാഗ്യം കെട്ട ജനത എന്നാണ് ഇറാഖിലെ സ്ത്രീകള്‍ വിശേഷിപ്പിക്കപ്പെടുന്നത്. പെണ്‍ ചേലാകര്‍മ്മം എന്ന വൃത്തികെട്ട ആചാരവും, ഇവിടെ വ്യാപകമാണ്. നിയമവിരുദ്ധമല്ലാത്ത സ്ത്രീ ജനനേന്ദ്രിയ ഛേദിക്കല്‍ ഗ്രാമപ്രദേശങ്ങളില്‍, പ്രത്യേകിച്ച് കുര്‍ദിസ്ഥാനില്‍ വ്യാപകമായി നടപ്പാക്കപ്പെടുന്നു. ഗ്രാമപ്രദേശങ്ങളില്‍ താമസിക്കുന്ന 90 ശതമാനം സ്ത്രീകളും നഗരപ്രദേശങ്ങളില്‍ 30 ശതമാനംപേരും ഇതിന് വിധേയമായിട്ടുണ്ട് എന്നാണ് പഠനം പറയുന്നത്. ഭഗശ്നികയുടെ ഒരു ഭാഗം ഛേദിച്ചുകളയുന്നത് കുട്ടികളില്‍ ഗുരുതര ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കുന്നുണ്ട്. ഇതിന്റെ ഫലമായുള്ള രക്തസ്രാവവും അണുബാധയും മൂലം പലരും മരിച്ചിട്ടുണ്ട്.
അടിക്കടിയുണ്ടാവുന്ന യുദ്ധങ്ങളില്‍നിന്നും ദുരന്തങ്ങളില്‍ നിന്നും പതുക്കെ കയറിവരികയാണ് ഇറാഖ് ഇപ്പോള്‍. എന്നിട്ടും, ജനസംഖ്യയുടെ നാലിലൊന്ന് പേരും ദാരിദ്ര്യരേഖയ്ക്ക് കീഴിലാണ്. അതിനാല്‍, ഏകദേശം 3.5 ദശലക്ഷം കുട്ടികള്‍ ഈ രാജ്യത്ത് കൊടിയ ദാരിദ്ര്യം അനുഭവിക്കുന്നുണ്ട്. 2003-ല്‍ അമേരിക്കയുമൊയുള്ള യുദ്ധത്തിന്റെ ഫലമായി ഉണ്ടായ സാമ്പത്തിക കുഴപ്പങ്ങള്‍, ഇറാഖി കുട്ടികളുടെ ആരോഗ്യത്തെ സാരമായി ബാധിച്ചു. 5 വയസ്സിന് താഴെയുള്ള കുട്ടികളുടെ മരണനിരക്ക് വര്‍ധിച്ചു. ഇന്ന് ഏകദേശം 1.5 ദശലക്ഷം കുട്ടികള്‍ പോഷകാഹാരക്കുറവ് അനുഭവിക്കുന്നു.
യുദ്ധങ്ങളും അതിക്രമങ്ങളും കുട്ടികളുടെ മാനസികാരോഗ്യത്തെ ദോഷകരമായി ബാധിച്ചിട്ടുണ്ട്. യുദ്ധം ഈ കുട്ടികളുടെ മനസ്സില്‍ പിരിമുറുക്കവും പരിഭ്രാന്തിയും മരണഭയവും സൃഷ്ടിച്ചുവെന്ന് പഠനങ്ങള്‍ പറയുന്നു. ഇന്നും കുട്ടികളെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെടുന്ന ധാരാളം സംഘങ്ങള്‍, ഇറാഖിലുണ്ട്. 2023ലും 31-ലധികം കുട്ടികളെ തട്ടിക്കൊണ്ടുപോയതായി രേഖപ്പെടുത്തിയിട്ടുണ്ട്. കുടുംബം പണം നല്‍കാന്‍ വിസമ്മതിക്കുന്ന സാഹചര്യത്തില്‍, തട്ടിക്കൊണ്ടുപോയ കുട്ടി പലപ്പോഴും കൊല്ലപ്പെടുന്നു. ഐസിസിന്റെ കാലത്ത് തുടങ്ങിയ ഈ അരാജകത്വം നിര്‍ത്തലാക്കാന്‍ ഭരണകൂടത്തിന് ആയിട്ടില്ല.
തുടര്‍ച്ചയായി ഉണ്ടായ അക്രമങ്ങളില്‍ കൊല്ലപ്പെട്ടരുടെ എണ്ണമെടുത്താല്‍ അത് ആകെ കുട്ടികളുടെ 8.1 ശതമാനം വരും. സ്‌ഫോടക വസ്തുക്കളുടെയും കാര്‍ ബോംബുകളുടെയും ഇരകളാണ് ഇവര്‍. കൂടാതെ, രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന ദശലക്ഷക്കണക്കിന് ബോംബുകളും മൈനുകളും കുട്ടികളെയും ബാധിക്കുന്നു. യുണൈറ്റഡ് നേഷന്‍സ് ഡെവലപ്‌മെന്റ് പ്രോഗ്രാം അനുസരിച്ച്, 1991 മുതല്‍, ഒരു ദശലക്ഷത്തിലധികം ഇറാഖി കുട്ടികള്‍ ഇങ്ങനെ പരിക്കേറ്റവരില്‍ ഉള്‍പ്പെടുന്നു.
സായുധ സംഘങ്ങളാലും പ്രത്യേകിച്ച് തീവ്രവാദ ശൃംഖലകളാലും വലിയ തോതില്‍ കുട്ടികള്‍ ഇപ്പോഴും റിക്രൂട്ട് ചെയ്യപ്പെടുന്നുണ്ട്.അനാഥരായ കുട്ടികള്‍ ഏറെയുള്ള രാജ്യമാണ് ഇറാഖ്. ആറ് ഇറാഖി പൗരന്മാരില്‍ ഒരാള്‍ അനാഥനാണ്. ദാരിദ്ര്യം , എച്ച്ഐവി/എയ്ഡ്സ് , യുദ്ധം, ഭീകരാക്രമണങ്ങള്‍ തുടങ്ങിയ വിവികാരണങ്ങളാണ് ഇതിന് പിന്നില്‍. ഇറാഖി നിയമം ദത്തെടുക്കാന്‍ വ്യവസ്ഥ ചെയ്യുന്നില്ല. കൂട്ടുകുടുംബത്തിന്റെയോ അടുത്ത സുഹൃത്തുക്കളുടെയോ രക്ഷാകര്‍തൃത്വമാണ് ഏക സാധ്യത. അതിനാല്‍ അപരിചിതര്‍ക്ക് ഇറാഖി കുട്ടികളുടെ നിയമപരമായ രക്ഷാകര്‍തൃത്വത്തിനുള്ള അവകാശങ്ങള്‍ നേടാനാവില്ല.
ബാലവേലയ്‌ക്കെതിരായ നിയമങ്ങള്‍ ഉണ്ടായിരുന്നിട്ടും, വലിയൊരു വിഭാഗം കുട്ടികള്‍ അവരുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി പണം സമ്പാദിക്കാന്‍ നിര്‍ബന്ധിതരാകുന്നു. ഈ കുട്ടികള്‍ തെരുവില്‍ ഭിക്ഷ യാചിച്ചോ ഡ്രൈവര്‍മാര്‍ക്ക് സിഗരറ്റ് വിറ്റോ ദിവസങ്ങള്‍ ചിലവഴിക്കുന്നു.അവരില്‍ ചിലര്‍ മയക്കുമരുന്ന് കടത്തും വേശ്യാവൃത്തി ശൃംഖലയിലും എത്തിപ്പെടുന്നതിനാല്‍ സ്ഥിതി കൂടുതല്‍ വഷളാകുന്നു.ഇന്ന് 12 വയസ്സ് വരെ സൗജന്യവും നിര്‍ബന്ധിതവുമാണ് ഇറാഖില്‍ വിദ്യാഭ്യാസം. എന്നിരുന്നാലും, സൗകര്യങ്ങളുടെ അഭാവം എല്ലാറ്റിനെയും ബാധിക്കുന്നു. രാഷ്ട്രീയ അസ്ഥിരത വിദ്യാഭ്യാസമേഖലയെ ബാധിച്ചു. നിരവധി പ്രെമറി, സെക്കന്‍ഡറി സ്‌കൂളുകള്‍ അടച്ചുപൂട്ടേണ്ടിവന്നു.
ഐസിസ് തകര്‍ത്ത പെണ്‍ജീവിതങ്ങള്‍
ഒരുകാലത്ത് ലോകനാഗരികതയുടെയും സംസ്‌ക്കാരത്തിന്റെയും, കേദാരമായിരുന്നു ഇറാഖിലെ പെണ്‍ജീവിതങ്ങളെ ഈ രീതിയില്‍ തകര്‍ത്തത് ഐസിസ് ആണ്. 2014 നും 2017 നും ഇടയില്‍ ഇറാഖിന്റെ ഗ്രാമങ്ങളുടെ നിയന്ത്രണം പിടിച്ചെടുത്ത, ഐസിസ് വിദ്യാഭ്യാസ സമ്പ്രദായം പതിറ്റാണ്ടുകള്‍ പിന്നോട്ട് തള്ളി. ് നിലവിലുണ്ടായിരുന്ന ഔപചാരിക വിദ്യാഭ്യാസ സമ്പ്രദായം പൊളിച്ചുനീക്കി. എന്നിട്ട് മതം കലര്‍ന്ന പ്രത്യയശാസ്ത്രത്തെ പിന്തുണയ്ക്കുന്നതിനായി സ്വന്തം ബദല്‍ സംവിധാനവും സ്ഥാപിച്ചു.
സ്‌കൂളുകളെ അവര്‍ സെനിക ഔട്ട്‌പോസ്റ്റുകളാക്കി മാറ്റി, അതില്‍ നിന്ന് പ്രദേശത്തെ ഇറാഖി സൈനികര്‍ക്ക് നേരെ മോര്‍ട്ടാറുകളും റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡുകളും വിക്ഷേപിച്ചു. 2017 ജൂണില്‍ യുണിസെഫ് നടത്തിയ പഠനമനുസരിച്ച്, 2014 ജനുവരി മുതല്‍ 2017 മെയ് വരെയുള്ള കാലയളവില്‍ സ്‌കൂളുകള്‍ക്ക് നേരെ 138 ആക്രമണങ്ങള്‍ നടന്നിട്ടുണ്ട്.സര്‍ക്കാര്‍ അധ്യാപകരെ ക്ലാസെടുക്കാന്‍ ഐസിസ് അനുവിച്ചില്ല. പകരം മതത്തിനും ആയുധ പരിശീലനത്തിനും ശക്തമായ ഊന്നല്‍ നല്‍കി അവര്‍ സ്വന്തം സ്‌കൂളുകള്‍ നടത്തി. എലിമെന്ററി സ്‌കൂളില്‍ ഗണിതത്തിന് പോലും പഠിപ്പിച്ചത് ഒരു പ്രത്യക രീതിയിലായിരുന്നു. വിദ്യാര്‍ത്ഥികളെ ബുള്ളറ്റുകള്‍ കാണിച്ചാണ് എണ്ണാന്‍ പഠിപ്പിച്ചത്!
സ്‌കൂള്‍ ആയുധപ്പുരകളായി മാറിയതോടെ വിദ്യാഭ്യാസം എന്ന ആശയം ഇല്ലാതായി. വിദ്യാലയങ്ങള്‍ രക്തരൂക്ഷിതമായ യുദ്ധങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു.മൃതദേഹങ്ങള്‍കൊണ്ട് പലതും നിറഞ്ഞു. പലയിടത്തും, വൈദ്യുത സംവിധാനങ്ങളിലും വെള്ളമോ ശുചിത്വമോ ഇല്ലായിരുന്നു. വഴിയില്‍ അവര്‍ക്ക് എന്ത് സംഭവിക്കുമെന്ന ആശങ്കയില്‍ കുട്ടികളെ സ്‌കൂളില്‍ ചേര്‍ക്കേണ്ടെന്ന് മാതാപിതാക്കള്‍ തീരുമാനിക്കുന്നു.താലബാനെപ്പോലെതന്നെ ഐസിസിനും പെണ്‍വിദ്യാഭ്യാസത്തിനോടയിരുന്നു പ്രശ്നം കൂടുതല്‍.
ഇറാഖിലെ ഐസിസ് അധിനിവേശത്തിന്റെ അനന്തരഫലമായി ദാരിദ്ര്യ നിരക്ക് കുതിച്ചുയര്‍ന്നു. ഇതും ആണ്‍കുട്ടികളേക്കാര്‍ ബാധിച്ചത് പെണ്‍കുട്ടികളെയാണ്. 2014-ല്‍ വിമന്‍ ഫോര്‍ വിമന്‍ ഓര്‍ഗനൈസേഷന്‍ നടത്തിയ സര്‍വേ പ്രകാരം, ഗ്രാമങ്ങളിലെ ഇറാഖി കുടുംബങ്ങളില്‍ 72 ശതമാനവും ദാരിദ്ര്യം മൂലം തങ്ങളുടെ പെണ്‍മക്കളെ സ്‌കൂളില്‍ പോകുന്നതില്‍ നിന്ന് വിലക്കിയതായി കണ്ടെത്തിയിരുന്നു. മറ്റൊരു പ്രധാനപ്രശ്നം, തട്ടിക്കൊണ്ടുപോകലും ബലാത്സംഗവും ഉള്‍പ്പെടെ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചതാണ്. സ്‌കൂളിലേക്കുള്ള വഴിയില്‍ തട്ടിക്കൊണ്ടുപോകുകയോ ലൈംഗികമായി ആക്രമിക്കപ്പെടുകയോ ചെയ്യുന്ന അവസ്ഥവന്നതോടെ പെണ്‍കുട്ടികളുടെ വിദ്യഭ്യാസം പുര്‍ണ്ണമായി മുടങ്ങി.
2018-ല്‍ ഐസിസ് തകര്‍ന്നതോടെയാണ്, ഇറാഖിനെ മൊസ്യൂള്‍ ഉള്‍പ്പടെയുള്ള അതിര്‍ത്തി പ്രദേശങ്ങളിലെ പെണ്‍കുട്ടികള്‍ക്ക് പ്രൈമറി സ്‌കൂളിലെങ്കിലും പോവാന്‍ കഴിഞ്ഞത്. പക്ഷേ അപ്പോഴും ബാലവിവാഹം കാരണം, സ്‌കുള്‍ കടമ്പ കടക്കുന്നവര്‍ എത്രയോ കുറവായിരുന്നു. ഇനി പുതിയ നിയമം വന്ന് വിവാഹപ്രായം 9 ആക്കി മാറ്റപ്പെടുന്നത്, ഏറ്റവും കൂടുതല്‍ ബാധിക്കുകയും സ്ത്രീകളെ ആയിരിക്കുമെന്ന് ഉറപ്പാണ്.
വാല്‍ക്കഷ്ണം: മതം എങ്ങനെ ഒരു രാജ്യത്തെ തകര്‍ക്കുമെന്നതിന്റെ പ്രകടമായ ഉദാഹരണമാണ് ഇറാഖ്. ഇപ്പോള്‍ ഫലത്തില്‍ ജനാധിപത്യ സര്‍ക്കാര്‍ ഉണ്ടെങ്കിലും, സ്ത്രീകളുടെ കാര്യത്തില്‍ അവരും പരോക്ഷമായി താലിബാന്റെ നിലപാട് തന്നെയാണ് മുന്നോട്ട് വെക്കുന്നത്. അതാണ് ശുദ്ധമായ മതം!