ഒരു ഡസനോളം വരുന്ന സലഫി ജിഹാദിസ്റ്റ് ഗ്രൂപ്പുകളുമായി അധികാര യുദ്ധം; ദുഗ്മുഷ് ഗോത്രവും അബു ശബാബ് സംഘവും പൊരുതുന്നു; ഫത്ത പാര്‍ട്ടിക്കാരും ഭീതിയില്‍; ഇസ്രയേല്‍ സൈന്യം പിന്‍മാറ്റം തുടങ്ങിയതോടെ ഫലസ്തീനികളെ ഹമാസ് കൊന്നുതള്ളുന്നു; ഗാസയില്‍ 2005 ആവര്‍ത്തിക്കുന്നോ?
ഗാസയില്‍ 2005 ആവര്‍ത്തിക്കുന്നോ?
ചരിത്രം പ്രഹസനമായി ആവര്‍ത്തിക്കുക! അത്തരത്തിലുള്ള ഒരു അപൂര്‍വതയിലൂടെയാണോ ഗാസ കടന്നുപോവുന്നത്. 2005-ല്‍ ഓസ്ലോ കാരാറിനെ തുടര്‍ന്ന് ഇസ്രയേല്‍ ഗാസയില്‍നിന്ന് പിന്‍മാറിയപ്പോഴുണ്ടായ സംഭവ വികാസങ്ങള്‍ ഞെട്ടിക്കുന്നതായിരുന്നു. സ്വന്തം രാജ്യത്ത്നിന്ന് ഉയര്‍ന്നുവന്ന വലിയ എതിര്‍പ്പ് അവഗണിച്ചാണ്, ഇസ്രയേല്‍ ഈ പിന്‍മാറ്റ പദ്ധതി നടപ്പാക്കിയത്. അപ്പോഴേക്കും നൂറുകണക്കിന് ഇസ്രായേലികളും ഗാസയില്‍ സ്ഥിരതാമസക്കാര്‍ ആയിരുന്നു. ഇവര്‍ വീടുകള്‍ ഉപേക്ഷിച്ചാണ് ഇസ്രയേലിലേക്ക് പോയത്. ശവക്കുഴിവരെ മാന്തിയെടുത്ത് കൊണ്ടുപോയ അനുഭവങ്ങളും അക്കാലത്ത് പലരും എഴുതിയിരുന്നു. നിര്‍ബന്ധിച്ചും ഭീഷണിപ്പെടുത്തിയും ഇന്‍സന്റീവ് പ്രഖ്യാപിച്ചുമൊക്കെയാണ് ഇസ്രയേല്‍ തങ്ങളുടെ പൗരന്‍മ്മാരെ പുര്‍ണ്ണമായും അതിര്‍ത്തി കടത്തിയത്. കോടികളുടെ പണവും ഇതിനായി ചെലവായി.
1967-ലെ ആറുദിനം യുദ്ധത്തില്‍ രക്തം ചിന്തിയാണ് ഇസ്രയേല്‍ ഈജിപിതിന്റെ കൈയില്‍നിന്ന് ഗാസയും, ജോര്‍ദാന്റെ കൈയില്‍നിന്ന് വെസ്റ്റ്ബാങ്കും പിടിച്ചെടുത്തത്. 48-ല്‍ യുഎന്‍ മാന്‍ഡേറ്റ് അനുസരിച്ച് ഇസ്രയേല്‍, ഫലസ്തീന്‍ എന്നീ രണ്ടുരാജ്യങ്ങള്‍ പിറന്നുവീണപ്പോള്‍, അത് അംഗീകരിക്കാതെ മതകഥ അനുസരിച്ച് യഹൂദനെ ഇല്ലായ്മ ചെയ്യണം എന്ന് കരുതി, ചുറ്റുമുണ്ടായിരുന്ന ഇസ്ലാമിക രാഷ്ട്രങ്ങള്‍ ഇസ്രയേലിന്റെ വളഞ്ഞിട്ട് ആക്രമിച്ചതാണ് ചരിത്രം. എന്നിട്ടും ഇസ്രയേല്‍ എന്ന കൊച്ചുരാജ്യം ജയിച്ചു. അന്ന് തോറ്റോടിപ്പോകുന്ന പോക്കില്‍ ഗാസ ഈജിപതും, വെസ്റ്റ്ബാങ്ക് ജോര്‍ദാനും കൈവശപ്പെടുത്തി. പിന്നീട് 67-ലും ഇസ്ലാമിക രാജ്യങ്ങള്‍ ഒത്തുചേര്‍ന്ന് ഇസ്രയേലിന്‍െ ആക്രമിച്ചു. അന്ന് വെറും 6 ദിവസം കൊണ്ടാണ് ഇസ്രയേല്‍ ഇവരെയെല്ലാം പപ്പടമാക്കിയത്. അന്ന് ഗാസയും വെസ്റ്റ്ബാങ്കും ഇസ്രായേല്‍ തിരിച്ചുപിടിച്ചു.
തങ്ങള്‍ പിടിച്ചെടുത്ത മണ്ണ്, ലാന്‍ഡ് ഫോര്‍ പീസ് എന്ന തത്വം അനുസരിച്ച് വിട്ടുകൊടുക്കയാണ് ഇസ്രയേലിന്റെ രീതി. ഗോലന്‍കുന്നുകളും, സിനായ് പെനിസുലയും, എന്തിന് സൂയസ് കനാലിന്റെ ഒരു ഭാഗംവരെ അവര്‍ വിട്ടുകൊടുത്തിട്ടുണ്ട്. 93-ലെ ഓസ്ലോ കരാരിന്റെ അടിസ്ഥാനത്തില്‍ ഇസ്രയേല്‍ ഗാസയില്‍നിന്നും വെസ്റ്റ്ബാങ്കില്‍നിന്നും പിന്‍മാറി. അപ്പോള്‍ അവര്‍ കരുതിയത് തങ്ങള്‍ക്ക് പൂര്‍ണ്ണമായി സമാധാനം ഉണ്ടാവുമെന്നാണ്. പക്ഷേ അതുണ്ടായില്ല. 2023 ഒക്ടോബര്‍ 7ന്റെ ആക്രമണത്തോടെ ഇസ്രയേല്‍ സൈന്യം വീണ്ടും ഗാസയില്‍ എത്തുന്നതും നാം കണ്ടു. പക്ഷേ ഇപ്പോള്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നേതൃത്വത്തിലുണ്ടാക്കിയ വെടിനിര്‍ത്തലിനെയും സമാധാന കരാറിനെയും തുടര്‍ന്ന് ഇസ്രയേല്‍ സൈന്യം ഗാസയില്‍നിന്ന് പിന്‍മാറിയിരിക്കയാണ്.
അപ്പോഴാണ് 2005 ആവര്‍ത്തിക്കുമോ എന്ന ചോദ്യം ഉയരുന്നത്. അന്ന് ഗാസയില്‍ നിന്ന് ഇസ്രയേല്‍ സമ്പൂര്‍ണ്ണമായി പിന്‍വാങ്ങിയപ്പോള്‍ ഹമാസിന്റെ ആദ്യത്തെ പണി ഫത്ത പാര്‍ട്ടിക്കാരെ തലങ്ങും വിലങ്ങും കൊന്നു തള്ളലും ആട്ടിയോടിക്കലുമായിരുന്നു. അതിന്റെ തനിയാവര്‍ത്തനമാണ് ഇപ്പോഴും നടക്കുന്നത്.
അന്ന് ഹമാസിന്റെ ഫത്ത കശാപ്പ്
2005-ല്‍ ഇസ്രയേല്‍ പൂര്‍ണ്ണമായും പിന്‍മാറിയതോടെ, ഹമാസിന്റെ നരനായാട്ടാണ് ഗാസയില്‍ കണ്ടത്. 2006 ജനുവരി മുതല്‍ 2007 മെയ് വരെയുള്ള ഹമാസ് -ഫത്ത പോരാട്ടത്തില്‍ 600-ലധികം ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഫലസ്തീന്‍ സ്വതന്ത്ര പൗരാവകാശ കമ്മീഷന്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഫത്തപാര്‍ട്ടി നേതാവും, ഇപ്പോഴത്തെ ഫലസ്തീന്‍ അതോരിറ്റിയുടെ പ്രസിഡന്റുമായ മെഹമൂദ് അബ്ബാസ് പറയുന്നത്, തങ്ങളുടെ അയ്യായിരത്തോളം അംഗങ്ങളെ ഹമാസ് കൊലപ്പെടുത്തിയെന്നാണ്. ഇസ്രയേല്‍ പിന്‍മാറിയപ്പോള്‍, ഗാസ പിടിക്കാനായി ഹമാസ് ഫത്ത പാര്‍ട്ടി അംഗങ്ങളെ കൂട്ടക്കശാപ്പിന് വിധേയമാക്കുകയായിരുന്നു. മുട്ടിന്‍മേല്‍ നിര്‍ത്തി പരസ്യമായി ഹമാസ് വെടിവെച്ച് കൊന്ന ഫത്ത നേതാക്കളുണ്ട്. അങ്ങനെയാണ് ഹമാസ്, മിതവാദികളായ ഫത്ത പാര്‍ട്ടിയില്‍നിന്ന് ഗാസയുടെ നിയന്ത്രണം പുര്‍ണ്ണമായി പിടിച്ചെടുത്തത്. തുടര്‍ന്നുള്ള വര്‍ഷങ്ങളിലും നിരവധിപേര്‍ കൊല്ലപ്പെട്ടു.
ഒന്നാം ഇന്‍തിഫാദ പൊട്ടിപ്പുറപ്പെട്ടതിന് തൊട്ടുപിന്നാലെ, 1987-ല്‍ ഈജിപ്ഷ്യന്‍ മുസ്ലീം ബ്രദര്‍ഹുഡിന്റെ ഒരു ശാഖയായാണ് ഹമാസ് സ്ഥാപിതമായത്. കൃത്യമായ ഇസ്ലാമിക ജിഹാദാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഹമാസ് തങ്ങളുടെ ചാര്‍ട്ടറില്‍ എഴുതിവെച്ചിട്ടുണ്ട്. ഇന്ന് കേരളത്തിലടക്കം പ്രചരിപ്പിക്കപ്പെടുന്നതുപോലെ, ഫലസ്തീന്റെ വിമോചനം മാത്രമല്ല ഹമാസിന്റെ ലക്ഷ്യം. സുന്നി മൗലികവാദ സംഘടനയാണ്, ഹമാസ്. പക്ഷേ യാസര്‍ അറാഫാത്ത് എന്ന കരിസ്മാറ്റിക്ക് നേതാവ് ജീവിച്ചിരുന്ന കാലത്ത് ഹമാസിന് ഈ രീതിയില്‍ തലപൊക്കാന്‍ കഴിഞ്ഞിട്ടില്ല. അറഫാത്ത് തീവ്രവാദം ഉപേക്ഷിച്ച് മിതവാദത്തിലേക്ക് നീങ്ങിയപ്പോള്‍ അദ്ദേഹത്തെ വഞ്ചകന്‍ എന്നാണ് ഹമാസ് വിശേഷിപ്പിച്ചത്. അറഫാത്തിന്റെ പാര്‍ട്ടിയായ ഫത്തയും അതോടെ ഹമാസിന് ശത്രുക്കളായി. ഇസ്രയേലുമായി അറഫാത്ത് ഓസലോ കരാര്‍ ഒപ്പിട്ടതും ഹമാസിന് ദഹിച്ചിരുന്നില്ല.
2004 നവംബറില്‍ യാസര്‍ അറഫാത്ത് മരിച്ചതോടെ ഹമാസും ഫത്തയും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായി. 2005 -ല്‍ ഇസ്രയേല്‍ പിന്‍മാറിയതോടെ ഹമാസ് ഫത്ത പ്രവര്‍ത്തകരുടെ കശാപ്പ് തുടങ്ങി. 2006 ജനുവരി 25ന് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഹമാസ് വിജയിച്ചതിനുശേഷവും പ്രശ്നം തുടര്‍ന്നു. സത്യത്തില്‍ ഫത്ത പാര്‍ട്ടിയുടെ അഴിമതിയോടുള്ള ജനങ്ങളുടെ വിയോജിപ്പുകൂടിയാണ് ഹമാസിന്റെ വിജയത്തില്‍ കലാശിച്ചത്.
2006 മാര്‍ച്ച് 29 ന് ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയ, ഒരു പുതിയ സര്‍ക്കാര്‍ രൂപീകരിച്ചു. ഇതില്‍ ചേരാന്‍ ഫത്തയും മറ്റ് വിഭാഗങ്ങളും വിസമ്മതിച്ചു. രണ്ടുരാജ്യങ്ങള്‍ തമ്മില്‍ കരാര്‍ ഉണ്ടാക്കിയപോലെ പലതവണ സമാധാനപാലനത്തിന് ഇരു സംഘടനകളും തമ്മില്‍ കരാര്‍ ഉണ്ടാക്കേണ്ടി വന്നിട്ടുണ്ട്. 2007 ഫെബ്രുവരി 8-ന് ഫത്തയും ഹമാസും തമ്മില്‍ മക്ക കരാറുണ്ടായി. പക്ഷേ ഇതൊന്നും നടപ്പായില്ല. 2007 ജൂണില്‍, ഹമാസ് ഗാസ മുനമ്പിന്റെ നിയന്ത്രണം പൂര്‍ണ്ണമായി ഏറ്റെടുക്കുകയും എല്ലാ ഫത്താ ഉദ്യോഗസ്ഥരെയും നീക്കം ചെയ്യുകയും ചെയ്തു. അന്നും ഗാസയില്‍ ചോര ഒരുപാട് ഒഴുകി. തുടര്‍ന്നാണ് വെസ്റ്റ്ബാങ്ക് ഫത്താ ഭരിക്കുന്ന പലസ്തീന്‍ നാഷണല്‍ അതോറിറ്റി കീഴിലും, ഗാസയിലെ ഹമാസ് സര്‍ക്കാരിന് കീഴിലുമായത്. എന്നിട്ടും രണ്ടും രണ്ടിടത്തായിട്ടും ഏറ്റുമുട്ടല്‍ ഇടക്കിടെ തുടര്‍ന്നു. ആഭ്യന്തര സംഘര്‍ഷവും ചാവേര്‍ സ്ഫോടനങ്ങളും ആക്രമണങ്ങളും പലതവണ നടന്നു. അതായത് ഇസ്രയേല്‍ ഒന്നും ചെയ്യാതിരിക്കുന്ന സമയത്തും ഗാസ സംഘര്‍ഷഭരിതമായിരുന്നു! പക്ഷേ കേരളത്തിടക്കം പ്രചാരണം വരുന്നത് മുഴുവന്‍ ഇസ്രയേലിന്റെ പിരിടിക്ക് ഇട്ടുകൊണ്ടാണ്.
2011-ല്‍ ഈജിപ്തിന്റെ മധ്യസ്ഥതയില്‍ കെയ്റോയില്‍ വെച്ചും ഫത്തയും ഹമാസും സമാധാന ചര്‍ച്ചനടത്തി. വീണ്ടും തുടര്‍ച്ചയായ സമവായ ചര്‍ച്ചകള്‍ നടന്നു. അതിനശേഷം ഫലസ്തീന്‍ അതോറിറ്റി പ്രധാനമന്ത്രി റാമി ഹംദല്ല ഗാസ സന്ദര്‍ശിച്ചിരുന്നു. ഏറ്റവും ഒരുവില്‍ 2022-ല്‍ ഫത്തയും ഹമാസും തമ്മില്‍, അനുരഞ്ജനക്കരാറില്‍ ഒപ്പുവച്ചു. ഈജിപ്തിന്റെ മധ്യസ്ഥതയില്‍ കെയ്റോയില്‍ നടന്ന ചര്‍ച്ചയിലാണ് ഇരുകക്ഷികളും സമവായത്തിലെത്തിയത്.
പക്ഷേ അതും അധികാലം നിലനിന്നില്ല. ഒക്ടോബര്‍ 7-ന്റെ ആക്രമണത്തോടെ ഹമാസും ഫത്തയും പൂര്‍ണ്ണമായും തെറ്റി. ഹമാസിനെ 'നായിന്റെ മക്കള്‍' എന്നാണ് ഫലസ്തീന്‍ അതോരിറ്റി പ്രസിഡന്റ് മെഹമൂദ് അബ്ബാസ് വിശേഷിപ്പിക്കുന്നത്. ഗാസയുടെ ശാപം ഇവരാണെന്നാണ് അദ്ദേഹം പറയുന്നത്. ഇപ്പോള്‍ ഗാസയില്‍നിന്ന് ഇസ്രയേല്‍ സൈന്യം പിന്‍മാറുമ്പോള്‍ നെഞ്ചിടിക്കുന്നത് ഫത്ത പാര്‍ട്ടിക്കാര്‍ക്ക് കൂടിയാണ്. ആ ഭീതി ശരിവെക്കുന്ന രീതിയില്‍ ഹമാസ് വീണ്ടും കാശാപ്പ് തുടങ്ങിയതിന്റെ വാര്‍ത്തകളാണ് ഗാസയില്‍നിന്നും വരുന്നത്.
വെല്ലുവിളിയായി ദുഗ്മുഷ് ഗോത്ര
ഇസ്രയേല്‍ സൈന്യം പിന്‍മാറ്റം തുടങ്ങിയതോടെ ഗാസയില്‍ ഹമാസിന്റെ അഴിഞ്ഞാട്ടമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ചതോടെ, ആയിരക്കണക്കിന് ഹമാസ് തീവ്രവാദികളാണ് യൂണിഫോമും ഇട്ടുകൊണ്ട് തെരുവിലൂടെ കയ്യില്‍ തോക്കുകളുമായി ചാടിവന്നത്. അതുവരെയും ജനങ്ങള്‍ക്കിടയില്‍ ഒളിച്ചിരിക്കയാണ് അവരെന്ന് വ്യക്തം. ഗാസയില്‍ ഹമാസും പ്രാദേശിക ഗോത്രങ്ങളും തമ്മിലും വലിയ സംഘര്‍ഷം നടക്കുന്നുണ്ട്. ഇതില്‍ 30ഓളം പേര്‍ കൊല്ലപ്പെട്ടുവെന്നാണ് ബിബിസിയും ജറുസലേം പോസ്റ്റുമൊക്കെ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ദുഗ്മുഷ് എന്ന സായുധ സലഫി ഗോത്രമാണ് ഹമാസിന് ഏറ്റവും വെല്ലുവിളി ഉയര്‍ത്തുന്നത്. ഗാസയിലെ ഏറ്റവും പ്രമുഖ സലഫി ഗോത്രങ്ങളിലൊന്നായ ദുഗ്മുഷ്് ദീര്‍ഘകാലമായി ഹമാസുമായി സംഘര്‍ഷത്തിലാണ്. ഈ ഗോത്രത്തിലെ അംഗങ്ങള്‍ മുന്‍പും പലതവണ ഹമാസുമായി ഏറ്റുമുട്ടിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഗാസ നഗരത്തിലെ ജോര്‍ദാനിയന്‍ ആശുപത്രിക്ക് സമീപം മുഖംമൂടി ധരിച്ച ഹമാസ് ആയുധധാരികള്‍ ദുഗ്മുഷ് ഗോത്രാംഗങ്ങളുമായി വെടിവയ്പ്പ് നടത്തിയതായി ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. സംഘര്‍ഷത്തില്‍ തങ്ങളുടെ എട്ട് അംഗങ്ങള്‍ കൊല്ലപ്പെട്ടതായി ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗാസയിലെ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ദുഗ്മുഷ് ഗോത്രത്തിലെ 19 അംഗങ്ങളും കൊല്ലപ്പെട്ടു.
തെക്കന്‍ ഗാസ സിറ്റിയിലെ തല്‍ അല്‍-ഹവാ പരിസരത്ത്, ദുഗ്മുഷ്അംഗങ്ങള്‍ തമ്പടിച്ചിരുന്ന ഒരു പാര്‍പ്പിട സമുച്ചയം ആക്രമിക്കാന്‍ 300-ല്‍ അധികം വരുന്ന ഹമാസ് സേനാംഗങ്ങള്‍ നീങ്ങിയതോടെയാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. തങ്ങള്‍ ക്രമസമാധാനം പുനഃസ്ഥാപിക്കാന്‍ ശ്രമിക്കുകയാണെന്നും പ്രതിരോധത്തിന്റെ ചട്ടക്കൂടിന് പുറത്തുള്ള ഏതൊരു സായുധ പ്രവര്‍ത്തനവും കര്‍ശനമായി നേരിടുമെന്നും ഹമാസ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഇസ്രായേലി ആക്രമണത്തില്‍ അല്‍-സബ്ര പരിസരത്തെ വീടുകള്‍ തകര്‍ന്നതിനെ തുടര്‍ന്നാണ് ദുഗമുഷ് ഗോത്രത്തിലുള്ളവര്‍ മുന്‍പ് ജോര്‍ദാനിയന്‍ ആശുപത്രിയായി പ്രവര്‍ത്തിച്ചിരുന്ന ഒരു കെട്ടിടത്തിലേക്ക് താമസം മാറ്റിയത്.അവിടെ ഹമാസിന് ഒരു പുതിയ താവളം സ്ഥാപിക്കുന്നതിനായി തങ്ങളെ കെട്ടിടത്തില്‍ നിന്ന് ഒഴിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് ഇവര്‍ ആരോപിക്കുന്നത്.
ഇസ്ലാമിന്റെ സൈന്യം എന്ന ജയ്ഷ് അല്‍-ഇസ്ലാം എന്ന മിലീഷ്യ ദുഗ്മുഷ് ഗോത്രക്കാര്‍ക്കുണ്ട്. 2005 അവസാനത്തിലാണ് ഇത് സ്ഥാപിച്ചത്. തുടക്കത്തില്‍ ഇവര്‍ ഹമാസുമായി അടുത്ത ബന്ധമുള്ളതായിരുന്നു. 2006 ല്‍ ഇസ്രായേലി പ്രതിരോധ സേനയുടെ സൈനികനായ ഗിലാദ് ഷാലിറ്റിനെ തട്ടിക്കൊണ്ടുപോകുന്നതില്‍ ഇവര്‍ ഒന്നിച്ചാണ് പ്രവര്‍ത്തിച്ചത്. 2006- ല്‍ രണ്ട് ഫോക്സ് ന്യൂസ് പത്രപ്രവര്‍ത്തകരെ തട്ടിക്കൊണ്ടുപോയതും ഇവര്‍ ചേര്‍ന്നാണ്. പക്ഷേ പിന്നീട് ഇവര്‍ തെറ്റി.
ഗാസ പിടിച്ചടക്കുന്നതിന് തൊട്ടുമുമ്പുള്ള മാസങ്ങളില്‍ ഹമാസിനെതിരെ ആര്‍മി ഓഫ് ഇസ്ലാം തിരിയാന്‍ തുടങ്ങി. 2007 മാര്‍ച്ചില്‍ ബ്രിട്ടീഷ് പത്രപ്രവര്‍ത്തകന്‍ അലന്‍ ജോണ്‍സ്റ്റണെ ഇവര്‍ തട്ടിക്കൊണ്ടുപോയത്, ഹമാസിനെ നാണം കെടുത്തുക എന്ന ഉദ്ദേശ്യത്തോടെയായിരുന്നു. 2007 ജൂണില്‍ അധികാരം പിടിച്ചെടുത്തതിനുശേഷം, ജോണ്‍സ്റ്റണിന്റെ മോചനം ഉറപ്പാക്കാന്‍ ഹമാസിന് കഴിഞ്ഞു, തുടര്‍ന്ന് ആര്‍മി ഓഫ് ഇസ്ലാമിന്റെ പ്രവര്‍ത്തനങ്ങള്‍ ഹമാസ് അടിച്ചമര്‍ത്താന്‍ തുടങ്ങി. ഇപ്പോള്‍ പഴയ പ്രതാപമില്ലെങ്കിലും അവര്‍ രംഗത്തുണ്ട്. ഹമാസുമായി വീണ്ടുമൊരു അധികാരപോരാട്ടം വന്നാല്‍ ദുഗ്മുഷിന്റെകാര്യവം കണ്ടറിയണം.
സലഫി ഭീകരരും നിരവധി
ഹമാസ് മാത്രമാണ് ഗസായിലെ ഏക ഭീകര സംഘടന എന്നത് നമ്മുടെ ഒരു തെറ്റിദ്ധാരണ മാത്രമാണ്. ഒരു ഡസനോളം വരുന്ന ചെറിയ സലഫി ഭീകര സംഘങ്ങള്‍ ഇവിടെയുണ്ട്. ഇവരൊക്കെ ഹമാസിന്റെ ആധിപത്യത്തിന് മുന്നില്‍ നിഷ്പ്രഭരായിപ്പോയവര്‍ ആണ്. ഇനി ഹമാസ് തിരിച്ചുവരുന്നതോടെ, ദുഗ്മുഷ് മാത്രമല്ല നിരവധി മറ്റ് നിരവധി സലഫി ഗോത്രങ്ങളും ആയുധമെടുക്കാന്‍ സാധ്യയുണ്ട്.
ജയ്ഷ് അല്‍-ഉമ്മ, ജിഹാദിയ സലഫിയ, ജുന്ദ് അന്‍സാര്‍ അല്ലാഹ്, അല്‍-തൗഹിദ് വല്‍-ജിഹാദ്, അന്‍സാര്‍ അല്‍-സുന്നത്ത്, ജല്‍ജലത്ത്, ഷെയ്ഖ് ഒമര്‍ ഹാദിദ് ബ്രിഗേഡ് തുടങ്ങിയവ ഗാസയില്‍ ഉണ്ടായിരുന്ന സലഫി ഭീകര സംഘടനകളാണ്. ഇവരില്‍ പലരും ഇപ്പോഴും പ്രവര്‍ത്തിക്കന്നുമുണ്ട്. ആധിപത്യത്തിനായി പലപ്പോഴും ഈ ചെറുസംഘങ്ങള്‍ ഹമാസുമായി ഏറ്റുമുട്ടിയിട്ടുണ്ട്. ഇപ്പോള്‍ ആരാണ് വലിയ ഭീകരന്‍ എന്ന തെളിയിക്കാനായും ഗാസയുടെ അധികാരം കിട്ടുന്നതിനുമായും വീണ്ടും ഏറ്റുമുട്ടല്‍ ഉണ്ടാവുമെന്നും സംശയമുണ്ട്.
ഈ ഗാസന്‍ സലഫി ജിഹാദിസ്റ്റ് ഗ്രൂപ്പുകള്‍ക്ക് ഹമാസുമായി നിരവധി വിഷയങ്ങളില്‍ പ്രത്യയശാസത്രപരമായ ഭിന്നതുകളുണ്ട്. ഫലസ്തീന്‍ ദേശീയതയോടുള്ള എതിര്‍പ്പും പാന്‍-ഇസ്ലാമിസത്തോടുള്ള വിധേയത്വവാണ് ഇവരുടെ പ്രധാന പ്രശ്നം. അധികാരത്തിനായി ചില മതേതര സഖ്യകക്ഷികളുമായി ഹമാസ് കൂട്ടകുടുന്നത് ഇവര്‍ എതിര്‍ക്കുന്നു. ജനാധിപത്യത്തിനും മതേതരത്വത്തിനും സമ്പുര്‍ണ്ണമായി എതിരാണ് ഇത്തരം സംഘടനകള്‍. മാത്രമല്ല ഷിയാ വിഭാഗത്തോടും ഇവര്‍ക്ക് കഠിനമായ എതിര്‍പ്പുണ്ട്. ഹമാസിന്റെ ചില സഖ്യകക്ഷികള്‍ ഇറാനും ഹിസ്ബുള്ളയും ഉള്‍പ്പെടെ ഷിയകളാണെന്ന് സലഫി ഭീകരര്‍ വിമര്‍ശിക്കാറുണ്ട്. ഗാസയിലെ ജനതയ്ക്കിടയില്‍ ലിബറല്‍ മനോഭാവങ്ങളോടും സംസ്‌കാരത്തോടും ഹമാസ് സഹിഷ്ണുതകാട്ടുന്നുവെന്ന് ആരോപിക്കണമെങ്കില്‍, ഈ സലഫികള്‍ എത്രമാത്രം ഭീകരര്‍ ആയിരിക്കണം. അതുപോലെ താലിബാന്‍ മോഡലില്‍ കടുത്ത സംഗീത വിരോധികളാണ് ഇവര്‍. ഹമാസിന്റെ വിപ്ലവപാട്ടുകളെപ്പോലും ഇവര്‍ എതിര്‍ക്കുന്നു!
ജയ്ഷ് അല്‍-ഉമ്മ പോലുള്ള സംഘടനകള്‍ക്ക് ഐസിസുമായി വരെ ബന്ധമുണ്ടായിരുന്നു. എന്നാല്‍ കാലക്രമത്തില്‍ ഇവരൊക്കെ നിലപാട് മാറ്റി. ഹമാസിന്റെ ആക്രമണംമൂലം ചിലരൊക്കെ ഇസ്രയേല്‍ പക്ഷത്തേക്കും ചാഞ്ഞു. മറ്റുചിലരെ ഇസ്രയേല്‍ ചാരന്‍മ്മാര്‍ എന്ന് ആരോപിച്ച് ഹമാസ് മുട്ടുകുത്തി നിര്‍ത്തി വെടിവെച്ച് കൊന്നു. എന്നാലും ഇപ്പോഴും ചില സലഫി സംഘടനകള്‍ക്ക് ഗാസയില്‍ വേരുണ്ട്. ചെറിയ മിലീഷ്യയുമുണ്ട്. ഇവരും ഹമാസുമായുള്ള ഏറ്റുമുട്ടല്‍ ആസന്നമാണ് എന്നാണ് സ്‌കൈ ന്യൂസ് പോലുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
സിഗരറ്റ് കടത്തി സമ്പന്നരായ സംഘം!
അതിനിടെ ഇസ്രയേല്‍ വളര്‍ത്തിക്കൊണ്ടുവന്ന ചില ചെറിയ സായുധ സംഘടനകളും ഇവിടെയുണ്ട്. ഐഡിഎഫ് പുര്‍ണ്ണമായി പിന്‍മാറുകയാണെങ്കില്‍ ഹമാസ് ഇവരുടെ നേര്‍ക്ക് തിരിയുമെന്ന് ഉറപ്പാണ്. അതിലൊന്നാണ് അബു ശബാബ് സായുധ സംഘം. ഈയിടെ സ്‌കൈ ന്യൂസ് നടത്തിയ അന്വേഷണത്തില്‍ ഇസ്രായേലിന്റെ സഹായത്തോടെ ഗാസക്കുള്ളില്‍ ഇവര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വെളിപ്പെട്ടിരുന്നു. ഒരുതരം വിമത കൊള്ളസംഘമാണ് ഇവര്‍. ഗാസയില്‍നിന്ന് ഭക്ഷണമടക്കമുള്ള അവശ്യവസ്തുക്കള്‍ വന്‍ തോതില്‍ കൊള്ളയടിക്കുന്നു.
യാസര്‍ അബു ശബാബ് എന്ന സംഘത്തലവനുമായി കഴിഞ്ഞ ഏതാനും ആഴ്ചകളില്‍ നിരവധി സായുധ ഗ്രൂപ്പുകള്‍ സഖ്യം പ്രഖ്യാപിച്ചതായി സ്‌കൈ ന്യൂസ് പുറത്തുവിട്ടു. ഗാസയുടെ ഭാവി ഭരണകൂടം തന്റേതായിരിക്കുമെന്ന് പ്രഖ്യാപിച്ചയാളാണ് യാസര്‍ അബൂ ശബാബ്. അമേരിക്കന്‍ പിന്തുണയോടെ ഗാസയില്‍ പ്രവര്‍ത്തിച്ച ഗാസ ഹ്യൂമാനിറ്റേറിയന്‍ ഫൗണ്ടേഷനില്‍ നിന്ന് ഇവര്‍ ഭക്ഷണ സാധനങ്ങള്‍ വന്‍ തോതില്‍ കൈപ്പറ്റിയെന്ന് സ്‌കൈ ന്യൂസ് റിപ്പോര്‍ട്ട് പറയുന്നു. ഇവര്‍ക്ക് പണവും തോക്കുകളും കാറുകളും കള്ളക്കടത്തു നടത്താന്‍ ഇസ്രായേല്‍ സൈന്യമാണ് സഹായിച്ചത് എന്നാണ് സ്‌കൈ ന്യൂസ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
പണം വാരിയെറിഞ്ഞ് ഐഡിഎഫാണ് ഇവരെ വളര്‍ത്തുന്നത്. തെക്കന്‍ ഗാസയിലൊരിടത്ത് 50 തോളം ഹെക്ടറിലായി വലിയ വില്ലകള്‍ ഇവര്‍ക്കുണ്ട്. അവിടെ മറ്റിടങ്ങളില്‍നിന്ന് വ്യത്യസ്തമായി ഭക്ഷണ വിതരണം മുടക്കമില്ലാതെ നടക്കുന്നു. സമീപ മാസങ്ങളില്‍ മെഡിക്കല്‍ സൗകര്യങ്ങളും ഒരു സ്‌കൂളും പള്ളികള്‍ പോലും പണിയപ്പെട്ടു. കെട്ടുകണക്കിന് പണം, പുതിയ ബ്രാന്റുകളിലുള്ള സ്മാര്‍ട്ട് ഫോണുകള്‍, വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത ബൈക്കുകള്‍, കാറുകള്‍ എന്നിവയാല്‍ കണഞ്ചിപ്പിക്കുന്ന കാഴ്ചകളാണ് അവിടെ. ഇവിടെയാണ് അബൂ ശബാബിന്റെ പോപ്പുലര്‍ ഫോഴ്സിന്റെ ആസ്ഥാനം.
1500റോളം പേര്‍ ഇവിടെ കഴിയുന്നതായും അതില്‍ 700റോളം പേര്‍ വിമത പോരാളികള്‍ ആണെന്നും മുതിര്‍ന്ന സീനിയര്‍ കമാന്‍ഡര്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തി. ഗാസയിലുനീളം 3000ത്തോളം പുതിയ ആളുകള്‍ ഗ്രൂപ്പിന്റെ സേനയിലേക്ക് നിയമിതരായെന്നും അയാള്‍ പറഞ്ഞു. തന്ത്ര പ്രാധാന്യമുള്ളിടത്താണ് ഈ സ്ഥലം. കരോം ഷാലോം അതിര്‍ത്തിവഴി ഗസ്സയിലേക്ക് പ്രവേശിക്കുന്ന മേഖലയിലാണിത്. സഹായ പ്രവര്‍ത്തകര്‍ 'കൊള്ളസംഘങ്ങളുടെ ഇടനാഴി' എന്നാണിതിനെ വിശേഷിപ്പിക്കുന്നത്. ഇവര്‍ വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്റെ സഹായ ട്രക്കില്‍ നിന്നുള്ള ധാന്യങ്ങളുടെ ചാക്കുകള്‍ കൊള്ളയടിക്കുന്ന ദൃശ്യങ്ങളും സ്‌കൈ ന്യൂസ് പുറത്തുവിട്ടു.
ഗാസയിലേക്ക് ഇസ്രായേല്‍ ഔദ്യോഗികമായി നിരോധിച്ച നിരവധി ഉല്‍പ്പന്നങ്ങളില്‍ ഒന്നായ സിഗരറ്റ് കള്ളക്കടത്താണ് അവരുടെ പ്രധാന വരുമാന സ്രോതസ്സ് എന്ന് യു.എന്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഒരു സിഗരറ്റിന്റെ വിലയായി 20 ഡോളര്‍ വരെ ഇവര്‍ ഈടാക്കുന്നുണ്ട്.സ്‌കൈ ന്യൂസ് പുറത്തുവിട്ട വിഡിയോയില്‍ പോപ്പുലര്‍ ഫോഴ്‌സിലെ ഒരു സജീവ അംഗം പണത്തിന്റെ കൂമ്പാരങ്ങളും സിഗരറ്റുകളുടെ പെട്ടികളും പ്രദര്‍ശിപ്പിക്കുന്നതു കാണാം. സിഗരറ്റ് കള്ളക്കടത്തിലൂടെയാണ് അബു ഷബാബ് പണമുണ്ടാക്കിയത്.
ട്രക്കുകള്‍ കൊള്ളയടിക്കുന്നതിലും സിഗരറ്റ് കടത്തുന്നതിലും സംഘം ഉള്‍പ്പെട്ടിരുന്നുവെന്ന് ഹസ്സന്‍ അബു ഷബാബ് സമ്മതിച്ചു. എന്നാല്‍, ഹമാസിന് വിതരണം ചെയ്യുന്നതിനെന്നു കരുതുന്ന വാണിജ്യ ട്രക്കുകള്‍ മാത്രമേ തങ്ങള്‍ ലക്ഷ്യമിട്ടിരുന്നുള്ളൂ എന്നാണ് ഇവര്‍ പറയുന്നത്. ഇതോടെയാണ് ഹമാസിനെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ ഇസ്രയേല്‍ ഇവര്‍ക്ക് ഫണ്ട് ചെയ്യാന്‍ തുടങ്ങിയത്. തങ്ങളുടെ ഗാസക്കാരുടെ ഒരു സാധനവും കൊള്ളയടിക്കുന്നില്ല എന്നും ഗാസയെ കൊള്ളയടിക്കുന്ന ഹമാസിനെ കൊള്ളയടിക്കയാണെന്നുമാണ് ഇവര്‍ പറയുന്നത്. ഇനിയുള്ള ദിവസങ്ങില്‍ അബു ശബാബും ഹമാസുമായും യുദ്ധങ്ങള്‍ പ്രതീക്ഷിക്കാം.
സുരക്ഷാ സേനകളുമായും എറ്റുമുട്ടല്‍
സലഫി ഗോത്രങ്ങള്‍ക്കും, അബു ശബാബ് സംഘത്തിനും പുറമേ, സ്വകാര്യ സുരക്ഷാ സേനകളുടെയും കണ്ണിലെ കരടാണ് ഹമാസ്. ഇപ്പോള്‍ തന്നെ ഹമാസും സ്വകാര്യ സേനകളും തമ്മില്‍ ശക്തമായ ഏറ്റുമുട്ടലുണ്ടായതായി റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. ഗസായിലെ സമ്പന്നര്‍ എന്നും ഹമാസിന് എതിരായിരുന്നു. അവരുടെ അര്‍ധ സൈന്യവും, ഹമാസുമായി ഏറ്റുമുട്ടുകയാണ്്. ഹമാസ് അധികാരത്തില്‍ വന്നാല്‍ തങ്ങളുടെ സ്വത്തുവകള്‍ കൊള്ളയടിക്കപ്പെടുമെന്നാണ് ഇവര്‍ പറയുന്നത്. അതുപോലെ തന്നെ അവേശഷിക്കുന്ന ഫത്ത പാര്‍ട്ടിയും പ്രവര്‍ത്തകരും ഭീതിയിലാണ്. ഹമാസിന് അധികാരം കിട്ടിയാല്‍ ആദ്യം ഉരുളുന്ന തലകള്‍ തങ്ങളുടേതാണെന്ന് 2005-ലെ അനുഭവം അവരെ ഓര്‍മ്മപ്പെടുത്തുന്നുണ്ട്.
നേരത്തെ ഒക്ടോബര്‍ 7ന് ഇസ്രയേലില്‍ ആക്രമണം നടന്നപ്പോള്‍ അള്ളാഹുഅക്ബര്‍ വിളിച്ചുകൊണ്ട് സന്തോഷം പ്രകടിപ്പിച്ച് വീഡിയോ ചെയ്ത, സാലിഹ് അല്‍ ജാഫറാവിയും കൊല്ലപ്പെട്ടത് ഹമാസും ഗോത്രങ്ങളുമായുള്ള ഏറ്റുമുട്ടലില്‍ ആണെന്നാണ് വിവരം. എന്നാല്‍ കേരളത്തില്‍ അതും ഇസ്രയേലിന്റെ അക്കൗണ്ടിലാണ് വരുന്നത്. 'യുദ്ധം അവസാനിച്ചു, ബോംബാക്രമണമൊന്നും ഇനിയുണ്ടാകില്ല, നീ ഭയപ്പെടേണ്ട' എന്ന് വെടിനിര്‍ത്തലിനെക്കുറിച്ച് തന്റെ പൂച്ചയോട് സാലിഹ് അല്‍ ജാഫറാവി പറയുന്ന വീഡിയോ പുറത്തുവന്ന് മണിക്കൂറുകള്‍ക്ക് ശേഷമാണ് അദ്ദേഹം മരിച്ചത്. എന്നാല്‍ വെടിനിര്‍ത്തല്‍ വന്നതിനുശേഷം തങ്ങള്‍ ഒരു ആക്രമണവും നടത്തിയിട്ടില്ലെന്നാണ് ഇസ്രയേല്‍ പറയുന്നത്.
വെടിനിര്‍ത്തല്‍ വന്നതോടെ ഗാസ സിറ്റിയുടെ പല ഭാഗങ്ങളും വീണ്ടും ഹമാസിന്റെ പിടിയിലേക്ക് പോവുകയാണെന്ന് ബിബിസി അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ചപ്പോള്‍ തന്നെ ആയിരക്കണക്കിന് ഹമാസ് തീവ്രവാദികള്‍ യൂണിഫോമും ഇട്ടുകൊണ്ട് തെരുവിലൂടെ കയ്യില്‍ തോക്കുകളുമായി ചാടിവന്നത് ഏവരെയും അമ്പരപ്പിക്കുന്ന കാഴ്ചയായിരുന്നു. ഇത് തന്നെയാണ് ഇസ്രയേല്‍ വര്‍ഷങ്ങളായി പറഞ്ഞുകൊണ്ടിരുന്നത്. യുദ്ധം നടക്കുമ്പോള്‍ സാധാരണ വേഷത്തില്‍ സാധാരണക്കാരെ പോലെ ജനങ്ങളുടെ ഇടയില്‍ അവര്‍ ഉണ്ടായിരുന്നു. സമാധാനം ഉണ്ടാകുമ്പോള്‍ മാത്രം അവര്‍ യൂണിഫോം എടുത്തണിയുന്നു. ഇതേ മനുഷ്യര്‍ യൂണിഫോം ഇല്ലാതെ കൊല്ലപ്പെട്ടാല്‍ അപ്പോള്‍ അത് സാധാരണക്കാരന്റെ തലയ്ക്കു നോക്കി വെടിവെക്കുന്ന ഇസ്രായേലില്‍ പട്ടാളത്തിന്റെ നൃശംസമായ വംശഹത്യയായിട്ടാണ് നേരത്തെ ചിത്രീകരിക്കപ്പെടുക. ഇസ്രയേല്‍ സൈന്യം കുറച്ചൊന്ന് പിന്നോട്ട് പോയപ്പോഴേക്കും തുരങ്കത്തില്‍ നിന്നും സകലരും പുറത്തു ചാടി. മൂടിക്കെട്ടിയ കണ്ണുകളും തോക്കുകളുമായി ഗാസക്കാരുടെ നെഞ്ചത്താണ് അവരാദ്യം തന്നെ വെടി പൊട്ടിക്കുന്നത്!
ഇസ്രയേലി ബന്ദികളെ വിട്ടുകൊടുത്ത ശേഷം ഹമാസ് വീണ്ടും സ്വന്തം ജനതയെ ബന്ദികളാക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കണ്ടുവരുന്നത്. യുദ്ധസമയത്ത് ജനത്തോടൊപ്പം കലരുകയും സിവില്‍ ഡ്രസ്സിലും പ്രസ് യൂണിഫോമിലും മാത്രം പ്രത്യക്ഷപെടുകയും ചെയ്ത ഹമാസ് ഭീകരര്‍ വീണ്ടും സൈനിക യൂണിഫോമിലേക്ക് മാറി. എതിരാളികളെ പൊതുനിരത്തില്‍ കൊണ്ടുവന്ന് കുനിച്ചിരുത്തി പിറകില്‍ നിന്ന് വെടി വെച്ച് കൊല്ലുകയാണ് ഹമാസ് ചെയ്യുന്നത്. ഗാസയുടെ കണ്ണീരിന് ഉടനെയൊന്നും പരിഹാരം ഉണ്ടാവില്ലെന്ന് ചുരുക്കം.
വാല്‍ക്കഷ്ണം: ഹമാസ് ഫലസ്തീനികളെ കൊല്ലുന്നതില്‍ കേരളത്തിലടക്കം ആര്‍ക്കും പ്രശ്നമില്ല. പ്രതിഷേധമില്ല, കഫിയകളില്ല, പേര് വായനയില്ല, നാടകങ്ങളും മൈമുകളും കോല്‍ക്കളികളുമില്ല, നിങ്ങളൊക്കെ മനുഷ്യരാണോ എന്ന ചോദ്യങ്ങളില്ല! വിചിത്രമാണ് കേരള രാഷ്ട്രീയവും.