'അയാള്‍ രക്തം ചിന്തിയപ്പോള്‍ പാര്‍ട്ടി അടിമുടി ഉണര്‍ന്നു'; കെ.എസ്.യുവിലൂടെ പടിപടിയായി വളര്‍ച്ച; കോണ്‍ഗ്രസിലെ നവതരംഗത്തിന്റെ അമരക്കാരന്‍; കാഫിര്‍ സ്‌ക്രീന്‍ഷോട്ട് വിവാദത്തെ അതിജീവിച്ച് ടീച്ചറമ്മയെ തറപറ്റിച്ചു; പോവുന്നിടത്തെല്ലാം പാര്‍ട്ടി വളര്‍ത്തുന്ന ജനകീയന്‍; സിപിഎം ഭയക്കുന്ന ഷാഫി പറമ്പിലിന്റെ കഥ!
സിപിഎം ഭയക്കുന്ന ഷാഫി പറമ്പിലിന്റെ കഥ!
സന്ദേശം സിനിമയില്‍ പ്രഭാകരന്‍ കോട്ടപ്പള്ളി സഖാവിനും കൂട്ടര്‍ക്കും താത്വികാചാര്യനായ കുമാരപ്പിള്ളസാര്‍ നല്‍കുന്ന, സ്റ്റഡിക്ലാസിന്റെ ഒരു ഭാഗം ഇടക്കിടെ സോഷ്യല്‍ മീഡിയില്‍ ഉയര്‍ന്നുവരാറുണ്ടല്ലോ? എതിര്‍പാര്‍ട്ടിയില്‍ ചില കൊള്ളാവുന്ന ചെറുപ്പക്കാര്‍ ഉയര്‍ന്നുവന്നാല്‍ അവരെ വല്ല ഗര്‍ഭക്കേസിലോ, പെണ്ണുകേസിലോ കുടുക്കി നാറ്റിക്കണമെന്നാണ് കുമാരപ്പിള്ള സാറിന്റെ 'ത്വാതികമായ ആവലോകനം'. സമകാലീന കേരളരാഷ്ട്രീയം പരിശോധിച്ചാല്‍ ഈ ട്രോളിന്റെ പ്രസക്തി നമുക്ക് മനസ്സിലാവും. ഗ്രൂപ്പിസവും, പരസ്പരമുള്ള പാരവെപ്പുമെല്ലാംമൂലം കോണ്‍ഗ്രസ് എന്ന പാര്‍ട്ടിക്ക് കേരളത്തില്‍ വലിയതോതില്‍ വിശ്വാസം നഷ്ടപ്പെട്ടുവന്ന ഒരുകാലത്താണ്, 2010നുശേഷം ഒരു സംഘം യുവാക്കള്‍ ആ പാര്‍ട്ടിയില്‍ ഉദയം ചെയ്യുന്നത്. ചാനലുകളും സോഷ്യല്‍മീഡിയയിലുമായി ഇലക്ഷന്‍ പ്രചാരണം തന്നെ ഡിജിറ്റലായി മാറിയ കാലത്ത്, നന്നായി സംസാരിക്കാന്‍ കഴിയുന്ന, വിവരവും വിദ്യാഭ്യാസവുമുള്ള ആ ചെറുപ്പക്കാര്‍ കോണ്‍ഗ്രസില്‍ ഒരു നവതരംഗംതന്നെ സൃഷ്ടിച്ചു!
സാധാരണ പറയാറുള്ളത്, അപ്പന്‍ ചത്ത് കട്ടിലൊഴിയുന്നതുപോലെയാണ് കോണ്‍ഗ്രസില്‍ ഒരു സീറ്റുകിട്ടാനെന്നാണ്. എന്നാല്‍ ജനകീയ ഇടപെടലുകള്‍കൊണ്ട് സമൂഹത്തില്‍ നിറഞ്ഞ നിന്ന ഒരുപറ്റം ചെറുപ്പക്കാരെ ഇലക്ഷന്‍ പൊളിറ്റിക്സില്‍ മാറ്റി നിര്‍ത്താന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല. അങ്ങനെ വന്ന ചെറുപ്പക്കാരാണ് വി ടി ബല്‍റാമും, മാത്യുകുഴല്‍നാടനും, പി സി വിഷ്ണുനാഥും, രാഹുല്‍ മാങ്കൂട്ടത്തിലും, ഷാഫി പറമ്പിലുമടക്കമ്മുള്ളവര്‍. ഇവര്‍ ആരും തന്നെ പിതാവിന്റെ രാഷ്ട്രീയ പാരമ്പര്യം പരിചയാക്കി കടന്നുവന്ന നെപ്പോ കിഡ്സ് അല്ല. പടിപടിയായി പ്രവര്‍ത്തിച്ച് വളര്‍ന്നുവന്നവരാണ്. അതുകൊണ്ടുതന്നെയാണ്, ഇന്ന് കോണ്‍ഗ്രസിലെ സീനിയര്‍ നേതാക്കളേക്കാള്‍ സിപിഎം സൈബര്‍ വിങ്ങ് ഇവരെ ടാര്‍ജറ്റ് ചെയ്യുന്നതും.
കോണ്‍ഗ്രസില്‍ വന്ന ആ നവതരംഗത്തിന്റെ അമരക്കാരാന്‍ എന്ന് വിളിക്കാവുന്നത് വടകര എം പി കൂടിയായി ഷാഫി പറമ്പിലാണ്. സൈബര്‍ ആക്രമണങ്ങള്‍ മാത്രമല്ല കായിക ആക്രമണങ്ങളും ഈ 42കാരനുനേരെ പലതവണയുണ്ടായി. ഇപ്പോഴിതാ അക്ഷരാര്‍ത്ഥത്തില്‍ അയാള്‍ ചോര ചിന്തി. പൊലീസ് ലാത്തിചാര്‍ജില്‍ പരിക്കേറ്റ് അദ്ദേഹം ആശുപത്രിയിലാണ്. പേരാമ്പ്രയില്‍വെച്ചുണ്ടായ സംഘര്‍ഷത്തില്‍ പൊലീസ് ആഞ്ഞ് ലാത്തികൊണ്ട് ഷാഫിയുടെ തലക്കടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കയാണ്. വളരെ ബോധപൂര്‍വം പൊലീസ് ഷാഫിയെ ലക്ഷ്യമിട്ടതാണെന്ന് ദൃശ്യങ്ങളില്‍നിന്ന് വ്യക്തമാണ്. ഒരുപാട് തലകള്‍ക്ക് മുകളിലൂടെ ലാത്തി ഷാഫിയുടെ തല ലക്ഷ്യമിട്ട് പോവുകയാണ്. അല്ലാതെ, ഒരു ലാത്തിചാര്‍ജിനടിയില്‍പെട്ട് അബദ്ധത്തില്‍ എം പിക്ക് അടികിട്ടിപ്പോയതല്ല. സാധാരണ സംഘര്‍ഷങ്ങളില്‍ എംപിമാരെയും എംഎല്‍എമാരെയും പോലീസ് കൈയേറ്റംചെയ്യാറില്ല. അതുകൊണ്ടുതന്നെ ഈ മര്‍ദനം ആസൂത്രിതമാണെന്ന് സംശയം ഉയരുകയാണ്.
അടികൊണ്ട് മൂക്ക് പൊട്ടി ചോരയൊലിച്ചിട്ടും, സിപിഎം പ്രവര്‍ത്തകര്‍ പ്രചരിപ്പിച്ചത് എന്താണെന്ന് നോക്കുക. ഷാഫി പറമ്പില്‍ ചുവന്ന മഷിപുരട്ടി നടത്തിയ നാടകമായിരുന്നു അതെന്നാണ്. ആശുപത്രിയിലേക്കല്ല ഫൊറന്‍സിക് ലാബിലേക്കാണ് കൊണ്ടുപോവേണ്ടതെന്നതരത്തില്‍ ഇടതു കേന്ദ്രങ്ങള്‍ വ്യാപകമായി സമൂഹികമാധ്യമങ്ങള്‍ വഴി പ്രചാരണം നടത്തി. പക്ഷേ അത് ഏശിയില്ല. ശനിയാഴ്ച ഷാഫിയെ പൊലീസ് മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. എന്നിട്ടും സൈബര്‍ സഖാക്കള്‍ വിട്ടില്ല. അദ്ദേഹത്തിന് മൂക്കിന് ശസ്ത്രക്രിയ നടത്തിയിട്ടില്ലെന്നും, താടിവടിച്ചിട്ടില്ലെന്നുമൊക്കെയുള്ള ബാലിശമായ ആരോപണങ്ങളാണ്, സോഷ്യല്‍ മീഡിയയിലെ ഇടത് 'നന്‍മമൃഗ' ഹാന്‍ഡിലുകള്‍ പ്രചരിപ്പിക്കുന്നത്.
പക്ഷേ ഷാഫിക്ക് ഇതൊന്നും പുത്തരിയല്ല. കാഫിര്‍ സ്‌ക്രീന്‍ഷോട്ട് അടക്കമുള്ള വര്‍ഗീയ പ്രചാരണങ്ങളെ അതിജീവിച്ച വ്യക്തിയാണ് അദ്ദേഹം. സിപിഎം ഇപ്പോള്‍ എറ്റവും കൂടുതല്‍ ഭയക്കുന്ന വ്യക്തിത്വവും ഷാഫി തന്നെയാണ്.
കെഎസ്യുവിലൂടെയുള്ള വളര്‍ച്ച
പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിലെ ഓങ്ങല്ലൂര്‍ വില്ലേജില്‍ ഷാനവാസ്, മൈമുന ദമ്പതികളുടെ മകനായി 1983 ഫെബ്രുവരി 12നാണ് ഷാഫിയുടെ ജനനം. പട്ടാമ്പി ഗവ.കോളേജില്‍ നിന്ന് ബിരുദവും, പിന്നീട് എം.ബി.എ പഠനവും പൂര്‍ത്തിയാക്കി. ഒന്നും തളികയില്‍വെച്ച് കിട്ടിയ നേതാവല്ല ഷാഫി. ഗ്രൂപ്പ് വീതംവെക്കല്‍ വഴിയോ, ഏതെങ്കിലും ഒരു നേതാവിന്റെ ശിങ്കിടിയായി നിന്നോ അല്ല അയാള്‍ വളര്‍ന്നുവന്നത്. പട്ടാമ്പി ഗവ.കോളേജില്‍ പഠിക്കുമ്പോള്‍ കെ.എസ്.യുവിന്റെ യൂണിറ്റ് കമ്മറ്റി അംഗമായതോടെയാണ് ഷാഫിയുടെ രാഷ്ട്രീയ ജീവിതം തുടങ്ങുന്നത്. 2003-2004കാലത്ത് കൊമേഴ്സ് അസോസിയേഷന്‍ സെക്രട്ടറിയായി. 2005-ല്‍ കെ.എസ്.യു ജില്ലാ ജനറല്‍ സെക്രട്ടറിയും പാലക്കാട് അടുത്തവര്‍ഷം ജില്ലാ പ്രസിഡന്റുമായി.
നന്നായി സംസാരിക്കാന്‍ കഴിവുള്ള, നിസ്വാര്‍ത്ഥനായ ആ പ്രവര്‍ത്തകന്‍ വളരെ പെട്ടന്നുതന്നെ സംസ്ഥാന തലത്തിലും ശ്രദ്ധിക്കപ്പെട്ടു. 2007 -ല്‍ കെഎസ്യു സംസ്ഥാന സെക്രട്ടറിയായി ഷാഫി തിരഞ്ഞെടുക്കപ്പെട്ടതോടെയയാണ്, കോണ്‍ഗ്രസ് വിദ്യാര്‍ത്ഥി സംഘടനക്ക് ഒരു ഉണര്‍വുണ്ടാവുന്നത്. രണ്ട് വര്‍ഷത്തിന് ശേഷം 2009-ല്‍ കെഎസ്യു സംസ്ഥാന പ്രസിഡന്റുമായി. കേരളം ഷാഫി പറമ്പലിനെ അറിയാന്‍ തുടങ്ങുന്നത് കെഎസ്യു നേതൃത്വത്തില്‍ എത്തിയതോടെയാണ്. സമരങ്ങളും ചര്‍ച്ചകളുമൊക്കെയായി ആ ചെറുപ്പക്കാരന്‍ വളരെ പെട്ടന്ന് സ്വീകാര്യനായി.
പാലക്കാട്ടുനിന്ന് ഹാട്രിക്ക്
ആ സമയത്ത് പാലക്കാട് നിയോജമണ്ഡലത്തില്‍ കോണ്‍ഗ്രസ് വലിയ പ്രതിസന്ധി നേരിടുന്ന സമയമായിരുന്നു. സിപിഎമ്മും ബിജെപിയും യുഡിഎഫിന് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തിയ്ത്. കണ്ടുമടുത്ത മുഖങ്ങള്‍ക്ക് പകരം ഒരു യുവനേതൃത്വം ഈ തിരഞ്ഞെടുപ്പിലെങ്കിലും ഉണ്ടായില്ലെങ്കില്‍, പാലക്കാട് സീറ്റ് നഷ്മാവുമെന്ന് 2011-ലെ അംസംബ്ലി ഇലക്ഷന്‍ സമയത്ത് മാധ്യമങ്ങള്‍ എഴുതി. ഇതോടെയാണ് ഷാഫി പറമ്പില്‍ എന്ന വിനയാന്വിത ചെറുപ്പക്കാരന് നറുക്ക് വീണത്.
ഏഴായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ഷാഫിയുടെ ആദ്യ ജയം. പിന്നീട് 2016 ലും 2021 ലും ഇദ്ദേഹം തന്നെയായിരുന്നു പാലക്കാട് നിന്ന് മത്സരിച്ച് ജയിച്ചത്. 2016 -ല്‍ 17,000 ത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ച ഷാഫി പറമ്പിലിന് പക്ഷെ 2021- ല്‍ ബി ജെ പിയുടെ ഇ ശ്രീധരനില്‍ നിന്ന് കടുത്ത മത്സരം നേരിടേണ്ടി വന്നു. എങ്കിലും 3000 ത്തിലേറെ വോട്ടുകള്‍ക്ക് വിജയിക്കകാനായി. അന്ന് പല പ്രമുഖ മാധ്യമങ്ങളും നടത്തിയ അഭിപ്രായ സര്‍വേകള്‍ പോലും ഇ ശ്രീധരനാണ് വിജയമെന്നാണ് കണ്ടെത്തിയിരുന്നത്. എന്നാല്‍ ഷാഫിയുടെ ജനകീയത ഇവിടെയും തുണയായി. മണ്ഡലത്തെ കണ്ണിലെ കൃഷ്ണമണിപോലെ നോക്കിയിരുന്ന ഈ എംഎല്‍എയല്ല, മറ്റ് ആര് ആയിരുന്നുവെങ്കിലും, അന്ന് പാലക്കാട് സീറ്റ് കൈവിട്ടുപോവുമായിരുന്നുവെന്ന് പിന്നീട് ഇന്ത്യാ ടുഡെ പോലുള്ള ദേശീയ മാധ്യമങ്ങള്‍ വിലയിരുത്തി. ശ്രീധരന്റെ തോല്‍വി സംബന്ധിച്ച വിശകലനത്തില്‍ അവര്‍ എടുത്തുപറഞ്ഞത്, ഷാഫിയുടെ കരിസ്മയാണ്.
പാലക്കാട് ഇ ശ്രീധരന്‍ ജയിക്കുമെന്ന് തന്നെയായിരുന്നു അവസാന നിമിഷവും ബിജെപിയുടെ പ്രതീക്ഷ. ഫലം പുറത്തുവന്ന ആദ്യ മണിക്കൂറുകളിലെ സൂചനയും സമാനമായിരുന്നു. എന്നാല്‍ അവസാനം അടിതെറ്റി മെട്രോ മാന്‍ തോല്‍വി ഏറ്റുവാങ്ങിയതോടെ, ഷാഫി പറമ്പില്‍ എന്ന ജിഹാദിയാണെന്ന് വിദ്വേഷ കമന്റുകളും ചില കേന്ദ്രങ്ങളില്‍ നിന്നുണ്ടായി. മുസ്ലീം വോട്ടുകൊണ്ടാണ് ഷാഫി ജയിച്ചെതെന്നാണ് സംഘപരിവാര്‍ കേന്ദ്രങ്ങള്‍ പ്രചരിപ്പിച്ചത്.
അതിനിടയില്‍ അദ്ദേഹം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനുമായി. 2020 മുതല്‍ 2023 വരെ യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റായും പ്രവര്‍ത്തച്ചു. 2017-2018വരെ യൂത്ത് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറിയായി. 2025 മെയ് എട്ടു മുതല്‍ കെപിസിസിയുടെ വര്‍ക്കിംഗ് പ്രസിഡന്റാണ്. വികസനമേഖലയിലും തന്റെതായ മുഖമുദ്ര പതിപ്പിക്കാന്‍ ഷാഫിക്ക് കഴിഞ്ഞു. സിപിഎമ്മിന് മൂന്ന് മുഖ്യമന്ത്രിമാരെ സമ്മാനിച്ച പാലക്കാടിന് ഒരു മെഡിക്കല്‍ കോളജ് എന്ന സ്വപ്നത്തിലേക്ക് എത്താന്‍ കഴിഞ്ഞത് ഷാഫി വന്നതിനുശേഷമാണ്. കല്യാണംകൂടലും, ചാക്കാലയുമായി നടന്ന് വ്യാജജനകീയ പരിവേഷം ഉണ്ടാക്കുന്ന എംഎല്‍എമാരില്‍നിന്നും അദ്ദേഹം വ്യത്യസ്തനായി. ഒരു പ്രശ്നം സമഗ്രമായി പഠിച്ച് അത് നിയമസഭയില്‍ അവതരിപ്പിക്കുക, നിയമ നിര്‍മ്മാണ പ്രശ്നങ്ങളില്‍ ഇടപെട്ട് കൃത്യമായി ചൂണ്ടിക്കാട്ടുക, എന്നതും ഷാഫിയെ സഭയിലും വ്യത്യസ്തനാക്കി.
വടകരയിലെ ഷാഫി ഇഫക്ട്
എന്നും കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങളില്‍ ഒരു ട്രബിള്‍ ഷൂട്ടര്‍ കൂടിയാണ് ഷാഫി. 2024-ലെ ലോകസഭാ തിരഞ്ഞെടുപ്പില്‍ വടകരയില്‍ മത്സരിക്കണമെന്നും, തന്റെ തട്ടകമായ പാലക്കാടിലെ എംഎല്‍എ സ്ഥാനം ത്യജിക്കേണ്ടി വരുമെന്നും അദ്ദേഹം സ്വപ്നത്തില്‍പോലും കരുതിയതല്ല. പക്ഷേ തിരഞ്ഞെടുപ്പ് രംഗം ചൂടുപിടിച്ചതോടെ, കെ കരുണാകരന്റെ മകള്‍ പത്മജ വേണുഗോപാല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. അതോടെ വടകരയിലെ സിറ്റിംഗ് എം പിയായ കെ മുരളീധരന്‍, തൃശൂരിലേക്ക് പരിഗണിക്കപ്പെട്ടു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പിടിച്ചെടുത്ത വടകര സീറ്റ് നിലനിര്‍ത്താന്‍ ആരെ മത്സരിപ്പിക്കണം. തലപുകഞ്ഞ് ആലോചിച്ചിട്ടും കോണ്‍ഗ്രസ് നേതൃത്വത്തിന് ജനപ്രിയനായ ഒരു സ്ഥാനാര്‍ത്ഥിയെ ജില്ലയില്‍നിന്ന് കണ്ടെത്താന്‍ കഴിഞ്ഞില്ല. പക്ഷേ അവിടെ പാര്‍ട്ടിയുടെ മാനം കാക്കാന്‍ ഷാഫി ഇറങ്ങി.
തീര്‍ത്തു അപ്രതീക്ഷിതമായി അങ്ങനെ ഷാഫി വടകര സ്ഥാനാര്‍ത്ഥിയായി. അപ്പോഴേക്കും ഇറക്കുമതി സ്ഥാനാര്‍ത്ഥി എന്ന പരിഹാസം സിപിഎം വ്യാപകമായി ഉയര്‍ത്തിയിരുന്നു. മറുപക്ഷത്ത് അടുത്ത മുഖ്യമന്ത്രിയാവുമെന്ന് വരെ പ്രചരിക്കപ്പെട്ടിരുന്ന, കോവിഡിനെയടക്കം ധീരമായി നേരിട്ട ആരോഗ്യമന്ത്രിയെന്ന, ടീച്ചറമ്മ ഇമേജുള്ള കെ കെ ശൈലജയാണ്. വി എസ് കഴിഞ്ഞാല്‍ ഇടതുമുന്നണിയില്‍ ഏറ്റവും ജനകീയ പിന്തുണയുള്ള നേതാവ്. 2021- ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍, 60,000-ത്തിലധികം വോട്ടുകളുടെ (പിണറായി വിജയനേക്കാള്‍ 10,000 വോട്ടുകള്‍ കൂടുതല്‍) ഭൂരിപക്ഷത്തോടെയായിരുന്നു ശൈലജ ടീച്ചര്‍ ജയിച്ചത്. ഈ സമയത്തൊക്കെ വിജയം സുനിശ്ചിതമെന്നായിരുന്നു ഇടതുക്യാമ്പിലെ ആത്മവിശ്വാസം. പക്ഷേ ഷാഫി വടകരയില്‍ വന്നിറങ്ങിയതോടെ ചിത്രം മാറി!
ഷാഫിയുടെ ഭാഷയില്‍ തന്നെ പറഞ്ഞാല്‍ താന്‍ ഇറങ്ങിയത് വടകരയുടെ സ്നേഹക്കടലിലേക്കായിരുന്നു. ഒരൊറ്റ തെരഞ്ഞെടുപ്പ് റാലിയിലൂടെ ശൈലജ ടീച്ചര്‍ ക്യാമ്പിന്റെ പ്രചാരണത്തിന് ഒപ്പം പിടിക്കാന്‍ ഷാഫിക്ക് കഴിഞ്ഞു.
വടകര റെയില്‍വേ സ്റ്റേഷനില്‍ തുടങ്ങിയ ഷാഫിയുടെ സ്വീകരണ റാലി തന്നെ വന്‍ ഓളമായി. എല്‍ഡിഎഫിന് ഷാഫി എഫക്ട് പൂര്‍ണമായും തിരിച്ചറിഞ്ഞു തുടങ്ങാന്‍ പിന്നേയും വൈകി. പെട്ടെന്ന് പാലക്കാട്ടുനിന്ന് എടുത്ത് ചാടി വടകര എത്തിയതിന്റെ പകപ്പ് ഇല്ലാതെ തുടങ്ങിയ യുഡിഎഫ് പ്രചാരണം എല്‍ഡിഎഫ് ക്യാമ്പിനെ ഞെട്ടിക്കുന്നതായിരുന്നു.
ഞാന്‍ വടകരയിലേക്ക് ഇല്ലെന്ന് പറഞ്ഞ് കരഞ്ഞു എന്നതായിരുന്നു ഷാഫിക്കെതിരെ തുടക്കത്തില്‍ എല്‍ഡിഎഫ് നടത്തിയ ഒരു കറ്റാരോപണം. പിന്നാലെ പാലക്കാട് വിട്ട് പോരുമ്പോള്‍ കരഞ്ഞവരുടെ കണ്ണീരിന്റെ കണക്കെടുപ്പിലേക്ക് ചര്‍ച്ചകള്‍ നീങ്ങി. ജനങ്ങളുമായി ഏറെ വ്യക്തിബന്ധം സൂക്ഷിച്ചിരുന്ന, ഷാഫിക്ക് നേരെ വന്ന ആദ്യത്തെ ആരോപണമായിരുന്നു അത്. അമ്മമാരുടെ കണ്ണീരിന്റെ വിശ്വാസ്യത ചോദ്യം ചെയ്ത എല്‍ഡിഎഫ് ആരോപണങ്ങള്‍ പക്ഷേ അതിവേഗം തിരിച്ചടിച്ചു. പാലക്കാടുനിന്ന് പല അമ്മമാരും ഷാഫിക്കായി പ്രചാരത്തിനെത്തി. രാത്രിയും പകലും എന്നില്ലാതെ ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന അയലത്തെ ചെറുക്കനെ വടകര പുണര്‍ന്നു. ശൈലജ ടീച്ചറുടെ ടീച്ചറമ്മ ഇമേജിന് അതുക്കുംമേലെ ഷാഫി വളര്‍ന്നു.
'കാഫിറിനെ' അതിജീവിച്ച വിജയം
വടകരയിലിറങ്ങിയ യുവനേതാവിനെ, മുസ്ലിം ലീഗ് ഇരുകയ്യും നീട്ടി സ്വീകരിച്ചു. ആര്‍എംപിയും ചേര്‍ത്തുപിടിച്ചു. ടി പി വധത്തിന്റെ പ്രശ്നങ്ങള്‍ അപ്പോഴും സവസാനിച്ചിരുന്നില്ല. ക്ലീഷേകള്‍ വിട്ട് ചില പ്രചാരണ രീതികള്‍ ഷാഫിയും തെരഞ്ഞെടുത്തു. വോട്ടില്ലെങ്കിലും സ്‌കൂളുകളിലും യുവാക്കളുടെ ഇടങ്ങളിലെല്ലാം പ്രചാരണത്തിനെത്തി. സോഷ്യല്‍ മീഡിയയില്‍ ഷാഫിക്ക് ഏറെ മുന്‍തൂക്കം നല്‍കിയതും ഇവ തന്നെയായിരുന്നു. 'ക്രിക്കറ്റ് കളിക്കുന്ന ഷാഫിക്ക് പിന്നാലെ ക്രിക്കറ്റ് ഗ്ലൗസിട്ട ശൈലജ ടീച്ചര്‍', എന്ന് വാര്‍ത്തകള്‍ വന്നു. ഇത്തരം പ്രചാരണങ്ങളും 'ഷാഫിക്ക് പിന്നാലെയാണ് ശൈലജ ടീച്ചര്‍' എന്നൊരു പ്രചാരണത്തിന് വഴി തുറന്നു.
ഇടക്കാല പ്രചാരണത്തില്‍ അല്‍പ്പമെങ്കിലും സിപിഎം ക്യാമ്പിന് മേല്‍ക്കൈ ഉണ്ടായ ഘട്ടങ്ങള്‍ രണ്ടാണെന്ന് പറയാം. ഒന്ന് പോണ്‍ വീഡിയോ ആരോപണമാണെങ്കില്‍ മറ്റേത് ലീഗ് പ്രവര്‍ത്തകര്‍ തൊഴിലുറപ്പ് ജോലിക്കാരെ അപമാനിച്ചെന്ന് പ്രചാരണമാണ്. വാട്സാപ്പ് ഗ്രൂപ്പുകളില്‍ വലിയ പ്രചാരണം സിപിഎം സൈബര്‍ ടീം ഏറ്റെടുത്തിരുന്നു.സംസ്ഥാന നേതാക്കന്മാര്‍ ഇത് ഏറ്റെടുത്തു. താഴേത്തട്ടില്‍ വരെ കാര്യമായ പ്രചാരണം നടത്തി. രണ്ടും ഷാഫിയിലേക്കെത്തിക്കാന്‍ കഴിഞ്ഞില്ലെന്ന് മാത്രമല്ല ശക്തമായ പ്രതിരോധം തീര്‍ക്കാന്‍ ഷാഫി ക്യാമ്പിന് കഴിഞ്ഞു. ഈ സമയത്തെല്ലാം ഉയര്‍ന്ന പിആര്‍ ടീം ആരോപണത്തില്‍, എനിക്ക് അങ്ങനെ ഒരു ടീമില്ലെന്ന് പറഞ്ഞ് ഷാഫി തടയിടുകയും ചെത്തു.
അപ്പോഴാണ് സിപിഎം സൈബര്‍ കുബുദ്ധികള്‍ 19-ാമത്തെ അടവ് പുറത്തെടുത്തത്. അതും പോളിങ്ങിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ്. അതാണ് കേരളത്തെ പിടിച്ചുകുലുക്കിയ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് വിവാദം. വടകരയുടെ മതേതര സ്വഭാവത്തെ പോലും ചോദ്യം ചെയ്യുന്ന തരത്തിലേക്ക് പ്രചാരണങ്ങള്‍ കൊഴുത്തു. അവസാന ലാപ്പില്‍ എല്‍ഡിഎഫ് വ്യാപകമായി ഉപയോഗിച്ച കാര്‍ഡായിരുന്നു ഇത്. മുല്ലപ്പള്ളിയും മുരളിയും മത്സരിക്കുമ്പോള്‍ ഇല്ലാത്തൊരു പ്രശ്നം എങ്ങനെയെന്ന് മറുചോദ്യം വന്നു. അവസാന ദിവസങ്ങളില്‍ പച്ച വര്‍ഗീയതായാണ് വടകരയില്‍ നിറഞ്ഞു നിന്നത്.
പക്ഷേ ഫലം വന്നപ്പോള്‍ ഇടതുക്യാമ്പ് ഞെട്ടി. ഒരുലക്ഷത്തിപതിനാലായിരത്തോളം വോട്ടിന്റെ കുറ്റന്‍ ഭൂരിപക്ഷത്തിനാണ് ഷാഫി, ശൈലജ ടീച്ചറെ മുട്ടുകുത്തിച്ചത്. തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം ഷാഫി ആദ്യം പ്രതികരിച്ചതും ഈ കാഫിര്‍ വിവാദത്തിലാണ്. വടകരയില്‍ വര്‍ഗീയത പടര്‍ത്തിയവര്‍ക്ക് രാഷ്ട്രീയം പറഞ്ഞു വോട്ടര്‍മാര്‍ മറുപടി നല്‍കിയെന്നാണ് ഷാഫി പറഞ്ഞത്.
പൊലീസ് കൃത്യമായി ഇടപെട്ടിരുന്നെങ്കില്‍ പ്രചാരണം മലീമസമാകില്ലായിരുന്നു. കാഫിര്‍ പ്രയോഗക്കാരെ കടലില്‍ തള്ളിയെന്നും പിണറായി വിജയന്‍ സര്‍ക്കാരിനെതിരായ വിധി എഴുത്താണെന്നും ആയിരുന്നു ഷാഫിയുടെ വാക്കുകള്‍. ഇപ്പോഴിതാ കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് വ്യാജമായി നിര്‍മ്മിച്ചതിന്റെ പേരില്‍ ഇടതുപ്രവര്‍ത്തകരാണ് പ്രതികളായത്.
കോഴിപ്പങ്ക് എന്ന് ദുരാരോപണം
വടകര ലോക്സഭാ തിരഞ്ഞെടുപ്പിനുശേഷം യുഡിഎഫ് നേരിട്ട വലിയ വെല്ലുവിളിയായിരുന്നു, ഷാഫി ജയിച്ച പാലക്കാട് അസംബ്ലി ഇലക്ഷനില്‍ ആരെ സ്ഥാനാര്‍ത്ഥിയാക്കുമെന്ന്. അങ്ങനെയാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റും, തീപ്പൊരി പ്രാസംഗികനുമായി രാഹുല്‍ മാങ്കൂട്ടം സ്ഥാനാര്‍ത്ഥിയാവുന്നത്. അവിടെയും പാര്‍ത്ഥസാരഥിയെപ്പോലെ യുദ്ധം നയിച്ചതും തന്ത്രം മെനഞ്ഞതും ഷാഫി തന്നെയായിരുന്നു. വടകരയിലെ കാഫിര്‍ സക്രീന്‍ഷോട്ടുപോലെ അവസാന നിമിഷം പാലക്കാട്ടും ഒരു ബോംബ് പൊട്ടി. ഷാഫിയും രാഹുല്‍ മാങ്കൂട്ടത്തിലുമൊക്കെ വോട്ടര്‍മാരെ പണം കൊടുത്ത് സ്വാധീനിക്കുന്നതിനായി രണ്ട് നീല ട്രോളി ബാഗില്‍ പണം കൊണ്ടുവന്നുവെന്ന് പറഞ്ഞ്, ഒരു രാത്രി നീണ്ട റെയ്ഡും പ്രഹസനവും കേരളം മറന്നു കാണില്ല. അന്നും മാധ്യമങ്ങള്‍ക്ക് മുന്നില്‍നിന്ന് വീറോടെ ഷാഫി വാദിച്ച്, കുപ്രചാരണങ്ങള്‍ പൊളിച്ചു.
ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ഫലവും ഉണ്ടായി. പാലക്കാട് മണ്ഡലം ഇന്നുവരെ കണ്ടിട്ടില്ലാത്ത ചരിത്ര ഭൂരിപക്ഷത്തിന് രാഹുല്‍ ജയിച്ചുകയറി. നഗരമേഖലകളിലടക്കം ബിജെപിയുടെ ശക്തി കേന്ദ്രങ്ങളില്‍ വ്യക്തമായ ആധിപത്യം നേടിയാണ്, 18,724 വോട്ടുകള്‍ക്ക് രാഹുല്‍ ജയിച്ചത്. ഈ വിജയത്തിന് പിന്നിലെ ചാണക്യന്‍ എന്ന മാധ്യമങ്ങള്‍ വിളച്ചതും ഷാഫിയെ തന്നെയായിരുന്നു. പക്ഷേ ആ സന്തോഷം അധികം നീണ്ടില്ല. ലൈംഗിക ആരോപണങ്ങില്‍പെട്ട് രാഹുല്‍ കുരുങ്ങുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. പക്ഷേ അപ്പോഴും രാഹുലിലുടെ ഷാഫിയെ പിടിക്കാനാണ് സിപിഎം തന്ത്രങ്ങള്‍ നീക്കിയത്. അതിന് തക്കതായ അപവാദ പ്രചാരങ്ങള്‍ അവര്‍ സോഷ്യല്‍ മീഡിയയിലൂടെ നടത്തി. സച്ചിതാനന്റെ പ്രശസ്തമായ 'കോഴിപ്പങ്ക്' എന്ന കവിതയെ മുന്‍നിര്‍ത്തിപോലും ട്രോളുകള്‍ ഉയര്‍ന്നു.
രാഹുലിന് നേരെ ഉയര്‍ന്ന ഇനിയും തെളിയിക്കപ്പെടാത്ത ആരോപണങ്ങളുടെ പേരില്‍, ഷാഫി കൂടി രാജിവെക്കണമെന്ന ലോകത്ത് എവിടെയും കേട്ടുകേള്‍വിയില്ലാത്ത ആരോപണവും സിപിഎമ്മുകാര്‍ ഉയര്‍ത്തി. രാഹുല്‍ മാങ്കൂട്ടത്തിനെതിരായ ആരോപണത്തിനുപിന്നാലെ വടകരയില്‍ ഷാഫിയെ തടഞ്ഞുനിര്‍ത്തി ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ അധിക്ഷേപകരമായ പരാമര്‍ശം നടത്തിയിരുന്നു. പാലക്കാട്ടെ സിപിഎം ജില്ലാ സെക്രട്ടറിയും ഒരുപാട് അധിക്ഷേപങ്ങങള്‍ ചൊരിഞ്ഞു. ഷാഫി പറമ്പില്‍ കോടീശ്വരനാണെന്നും, നാടൊട്ടുക്ക് റിയല്‍ എസ്റ്റേറ്റ് ബിസിനസുകള്‍ ഉണ്ടെന്നുമാണ് സിപിഎം ഉയര്‍ത്തുന്ന മറ്റൊരു ആരോപണം. എന്നാല്‍ രാഷ്ട്രീയം ബിസിനസാക്കിയത് ആരാണെന്ന് എല്ലാവര്‍ക്കും അറിയാമെന്നായിരുന്നു ഷാഫിയുടെ പ്രതികരണം. അനധികൃതമായി താന്‍ ഒരു രൂപയെങ്കിലും ഉണ്ടാക്കിയെന്ന് തെളിയിക്കാന്‍ അദ്ദേഹം സിപിഎമ്മിനെ വെല്ലുവിളിച്ചിരുന്നു. 2021 -ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കൊടുത്തിരിക്കുന്ന സത്യവാങ്മൂലത്തില്‍നിന്ന് വലിയ വര്‍ധനവൊന്നും 2024-ലെ ലോക്സഭാ ഇലക്ഷനില്‍ മത്സരിച്ചപ്പോള്‍ ഷാഫിക്ക് ഉണ്ടായിരുന്നില്ല.
ആരോപണങ്ങളെ കൂസാതെ അയാള്‍ സ്വന്തം പ്രവര്‍ത്തനങ്ങളുമായി ധൈര്യമായി മുന്നോട്ടുപോയി. കോളജ് ഇലക്ഷനില്‍ തൊട്ട് നാടിലെ ക്ലബ് യോഗത്തില്‍വരെ ഇടപെടുന്ന എം പിയെ വടകരക്കാര്‍ ആദ്യമായി കാണുകയാണ്. സിപിഎം ഷാഫിയെ ഭയക്കാന്‍ വ്യക്തമായ കാരണമുണ്ട്. എത്തിയ സ്ഥലമൊക്കെ തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റാന്‍ ഷാഫിക്ക് കഴിയും. ഒരുകാലത്ത് സിപിഎമ്മിന്റെ കോട്ടയായ വടകരയില്‍ ഒരു എം പി എന്ന നിലയില്‍ നല്ല സ്വാധീനമുണ്ടാക്കാന്‍ അയാള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ഇനി ഷാഫിയെ മുന്നില്‍നിര്‍ത്തി വടകര മേഖലയില്‍ തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളെ നേരിടാനാണ് യുഡിഎഫ് പദ്ധതി. ഇതുവഴി വലിയ മുന്നേറ്റമുണ്ടാക്കാന്‍ കഴിയുമെന്ന് യുഡിഎഫ് കരുതുന്നു. നാദാപുരം, കുറ്റ്യാടി, പേരാമ്പ്ര നിയമസഭാ മണ്ഡലങ്ങള്‍ പിടിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. അത് തടയാന്‍ സിപിഎം ശ്രമിക്കുന്നത് ഇത്തരം പരിപാടികളിലൂടെയാണ്. വ്യക്തിഹത്യ നടത്തുക, അക്രമം അഴിച്ചുവിടുക, എന്നിങ്ങനെ.
പക്ഷേ ഇതൊകൊണ്ടല്ലോ വലിയ തിരിച്ചടിയാണ് ഉണ്ടാവുന്നതെന്ന് സിപിഎമ്മിന് മനസ്സിലാവുന്നില്ല. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണം തീര്‍ത്ത പ്രഹരത്തില്‍ പ്രതിരോധത്തിലായിരുന്നു കോണ്‍ഗ്രസ്, ഇതുവരെ. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് അടുത്തെത്തിയിട്ടുപോലും കോണ്‍ഗ്രസ് ക്യാമ്പുകളില്‍ അത് പ്രകടമായിരുന്നു. ഘടകകക്ഷികള്‍ക്കും ഇതില്‍ അതൃപ്തിയുണ്ടായിരുന്നു. കോണ്‍ഗ്രസിനെ ഒറ്റ ആരോപണത്തില്‍ കുരുക്കി പ്രതിരോധത്തിലാക്കാന്‍ കഴിഞ്ഞെന്നാണ് ഇടതുപക്ഷത്തിന്റെ വിലയിരുത്തലും. പക്ഷേ, ഷാഫി പറമ്പില്‍ എംപിയെ പോലീസ് മര്‍ദിച്ചതോടെ കണ്ടത് യുഡിഎഫ് ക്യാമ്പ് ഒന്നിച്ചുണരുന്നതാണ്. പാര്‍ലമെന്റ് അംഗമായ ജനപ്രതിനിധിയെ പോലീസ് മര്‍ദിച്ചതില്‍ പൊതുജനവികാരവും അനുകൂലമായി. ഫലത്തില്‍ ഷാഫിയുടെ മൂക്കില്‍നിന്ന് ചിന്തിയ രക്തം പിണറായി സര്‍ക്കാറിന്‍മ്മേലുള്ള അവസാനത്തെ ആണിയടിയാവുകയാണ്!
വാല്‍ക്കഷ്ണം: തീര്‍ത്തും മതേതരമായ ജീവിതം നയിക്കുന്ന ആളാണ് ഷാഫി. മതത്തെ രാഷ്ട്രീയമായി കൂട്ടിക്കൂഴയ്ക്കാല്‍ ഒട്ടും ഇഷ്മില്ലാത്തയാള്‍. എന്നിട്ടും ഷാഫിയുടെ മതം പറഞ്ഞായിരുന്നു, വടകരയില്‍ സിപിഎം കളിച്ചത്. എന്നിട്ട് അവര്‍ ഇസ്ലാലാമോഫോബിയയെക്കുറിച്ച് സെമിനാറുകള്‍ നടത്തുകയും ചെയ്യുന്നു!