പൊരിച്ച മീന്‍ കിട്ടാത്തിന്റെ പേരില്‍ ഫെമിനിച്ചിയെന്ന് ട്രോള്‍; മട്ടാഞ്ചേരി മാഫിയയെന്നും ഡ്രഗ് പാര്‍ട്ടി അംഗമെന്നും കുപ്രചാരണം; ഇപ്പോള്‍ വിവാഹം ട്രാപ്പാണെന്ന് പറഞ്ഞതിന്റെ പേരില്‍ വിവാദം; എന്നും വിമതയും കലാപകാരിയുമായ മിടുക്കി; മരംകേറി! നടി റിമാ കല്ലിങ്കലിന്റെ പോരാട്ട ജീവിതം
നടി റിമാ കല്ലിങ്കലിന്റെ പോരാട്ട ജീവിതം
'വിവാഹം ഒരു ട്രാപ്പാണ്''- ഒരു നടി അഭിമുഖത്തിനിടെ പറഞ്ഞ പരാമര്‍ശത്തിന്റെ ചുവടുപിടിച്ചാണ്, ഇപ്പോള്‍ കേരളത്തിലെ സോഷ്യല്‍ മീഡിയക്ക് തീ പിടിച്ചിരിക്കുന്നത്. വിവാഹമെന്ന സങ്കല്‍പ്പത്തില്‍ താന്‍ വിശ്വസിക്കുന്നില്ലെന്നും അത് ഒരു കെണിയാണെന്നും പറയുന്നത്, ഡിവോഴ്സിയായ ഒരാളല്ല. പ്രശസ്ത സംവിധായകന്‍ ആഷിക്ക് അബുവിന്റെ ഭാര്യയും നടിയും നിര്‍മ്മാതാവുമായ റിമ കല്ലിങ്കലാണ്. വിവാഹം സ്ത്രീകള്‍ക്ക് ഒരു ഗുണവും ഉണ്ടാക്കുന്നില്ലെന്നും പുരുഷന്‍മാര്‍ പുരുഷന്‍മാര്‍ക്ക് വേണ്ടിയുണ്ടാക്കിയ സമ്പ്രദായമാണിതെന്നും റിമ പറയുന്നു. ഇത് സോഷ്യല്‍ മീഡിയയില്‍ മാത്രമല്ല, മുഖ്യധാരാ മാധ്യമങ്ങളില്‍ വരെ ചര്‍ച്ചയായി. ഹിന്ദുപത്രവും ന്യൂസ് 18നും മലയാളി യുവതികളില്‍ പടര്‍ന്നുപിടിക്കുന്ന വിവാഹ വിരക്തിയെക്കുറിച്ച് ചര്‍ച്ചചെയ്തു. ഫെമിനിച്ചികള്‍ എന്ന ടാഗില്‍ സ്ത്രീപക്ഷ വാദികളെ പരിഹസിക്കുന്ന 'ടോക്സിക്ക് മല്ലു പുരുഷുകളുടെ' രോഷം ഇതോടെ അണപൊട്ടി സ്ഖലിച്ചു. റിമക്കെതിരെ തെറിയഭിഷേകങ്ങള്‍ നിറഞ്ഞു.
റിമയും ആഷിഖ് അബുവും ഇപ്പോള്‍ ഒരുമിച്ചല്ലേ എന്നാണ് വിമര്‍ശകരുടെ ചോദ്യം. അഭിമുഖത്തില്‍ പ്രണയം ഇല്ലാതാകുന്നതിന് കാരണം ഒരുമിച്ച് താമസിക്കുന്നതാണെന്നും രണ്ട് മനുഷ്യരാകുമ്പോള്‍ ഒരുമിച്ച് നില്‍ക്കുമ്പോള്‍ പ്രശ്നമുണ്ടാകുമെന്നും റിമ പറഞ്ഞിരുന്നു. ഇതും അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടി. 'ആഷിഖ് അബുവും ഞാനും ഇന്നും ഒരുമിച്ച് ജീവിക്കുന്നത് വിവാഹ സര്‍ട്ടിഫിക്കറ്റുള്ളത് കൊണ്ടല്ല. സ്നേഹം കൊണ്ടാണ്''- അവര്‍ തുറന്നടിക്കുന്നു.
അഭിമുഖങ്ങളിലെ ക്ലിപ്പുകള്‍ വളച്ചൊടിച്ച് പ്രചരിക്കുമ്പോള്‍ തോന്നുന്ന തെറ്റിദ്ധാരണയാണ് സത്യത്തില്‍ ഈ വിവാദം. തന്റെ വിവാഹ ജീവിതത്തെക്കുറിച്ചല്ല റിമ പരാമര്‍ശിക്കുന്നത്. വിവാഹമെന്ന സങ്കല്‍പ്പത്തിലെ പോരായ്മകളെയും സാമൂഹിക സാഹചര്യത്തെക്കുറിച്ചുമാണ്. പക്ഷേ ഇത്തരം വിമര്‍ശനങ്ങള്‍ റിമക്ക് പുതിയതൊന്നുമല്ല. നേരത്തെ പൊരിച്ച മീന്‍ വിവാദം തൊട്ട്, നടിയെ ആക്രമിച്ച കേസും, ഹേമാ കമ്മറ്റി റിപ്പോട്ടുമൊക്കെയായി എന്നും വിവാദങ്ങളിലാണ് അവള്‍. എന്തിന് മട്ടാഞ്ചേരി മാഫിയയെന്നും, ഡ്രഗ് പാര്‍ട്ടി നടത്തിപ്പുകാരി എന്നുമൊക്കെ വിമര്‍ശനങ്ങള്‍ കിട്ടുന്നു. എന്നിട്ടും അവര്‍ തലയുയര്‍ത്തി തന്നെ ആരോപണങ്ങളെ നേരിടുന്നു. പറയാനുള്ളത് തുറന്നടിച്ച് പറയുന്നു.
നൃത്തത്തില്‍ നിന്ന് അഭിനയത്തിലേക്ക്
സംവിധായകന്‍ ആഷിക്ക് അബുവിന്റെ ഭാര്യ എന്ന ടാഗ്ലൈനില്‍ ഒതുക്കപെടേണ്ടവളല്ല റിമ. ആഷിഖിന് മുമ്പേ കരിയറില്‍ ശ്രദ്ധിക്കപ്പെട്ടയാളാണ് റിമ. താന്‍ സെല്‍ഫ് മേഡ് ആയ വ്യക്തിയാണെന്നും ആഷിഖിന്റെ ഭാര്യയെന്ന പ്രിവിലേജിലല്ല കരിയറില്‍ മുന്നോട്ട് പോയതെന്നും അവര്‍ പറയാറുണ്ട്. തൃശ്ശൂര്‍ ജില്ലയിലെ അയ്യന്തോള്‍ കല്ലിങ്കല്‍ വീട്ടില്‍ കെ.ആര്‍. രാജന്റെയും ലീനാഭായിയുടെയും മകളായി ജനിച്ച റിമ, കൂനൂര്‍ സ്റ്റെയിന്‍സ് സ്‌കൂള്‍, കോലഴി ചിന്മയ വിദ്യാലയ എന്നിവിടങ്ങളില്‍ പ്രാഥമിക വിദ്യാഭ്യാസം നടത്തി. തൃശൂര്‍ ക്രൈസ്റ്റ് കോളേജില്‍ നിന്ന് ബിരുദപഠനം പൂര്‍ത്തിയാക്കി.
ചെറുപ്പംമുതല്‍ ക്ലാസിക്കല്‍ നൃത്തം പഠിച്ചിട്ടുള്ള റിമ കലാമണ്ഡലം രംഗനായികയുടെ കീഴില്‍ ഭരതനാട്യവും മോഹിനിയാട്ടവും അഭ്യസിച്ചു. ബംഗളൂരുവില്‍ നിന്ന് കണ്ടമ്പററി ഡാന്‍സ് പഠിച്ചു. ഇന്ത്യയിലും വിദേശരാജ്യങ്ങളിലുമായി അനവധി വേദികളില്‍ റിമ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. ജേര്‍ണലിസത്തില്‍ ബിരുദധാരിയായ റിമ, ഏഷ്യാനെറ്റ് റിയാലിറ്റി ഷോയായ വോഡഫോണ്‍ തകധിമിയുടെ സെമി ഫൈനലിസ്റ്റായിരുന്നു. മോഡലിംഗ് കരിയര്‍ പിന്തുടരാന്‍ ബെംഗളൂരുവിലേക്ക് താമസം മാറിയ അവര്‍ പിന്നീട് മിസ് കേരള സൗന്ദര്യ മത്സരത്തില്‍ പങ്കെടുത്തു. 2008-ലെ മിസ് കേരള മത്സരത്തില്‍ റണ്ണറപ്പായി.
ഇതിന് പിന്നാലെയാണ് റിമ സിനിമയിലും തിളങ്ങിയത്. 2009-ല്‍ പ്രശസ്ത സംവിധായകന്‍ ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലായിരുന്നു അരങ്ങേറ്റം. ആദ്യ വേഷം തന്നെ ശ്രദ്ധിക്കപ്പെട്ടു. പിന്നെ മുന്‍നിര നായികമാരില്‍ ഒരാളായി തിളങ്ങി. നീലത്താമര, സഖറിയായുടെ ഗര്‍ഭിണികള്‍, ഹാപ്പി ഹസ്ബെന്‍ഡ്സ്, ആഗസ്റ്റ് ക്ലബ്ബ്, നിദ്ര, 22 ഫീമെയില്‍ കോട്ടയം എന്നീ ചിത്രങ്ങളിലെ റിമ മലയാളികള്‍ക്ക് പ്രിയങ്കരിയായി. 'മിടുക്കി' എന്ന റിയാലിറ്റിഷോയുടെ ആങ്കറായുള്ള പ്രകടനവും ടെലിവിഷന്‍ പ്രേക്ഷകര്‍ മറക്കാനിടയില്ല.
നിദ്ര, 22 ഫീമെയില്‍ കോട്ടയം എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരവും റിമ നേടി. ആഷിക്ക് അബു സംവിധാനം ചെയ്ത 22 ഫീമെയില്‍ കോട്ടയം ഇന്ത്യന്‍ സിനിമയെ തന്നെ നടുക്കിയിരുന്നു. ലൈംഗിക പീഡകനായ തന്റെ മുന്‍ കാമുകന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റിക്കളയുന്ന ഒരു നഴ്സിന്റെ വേഷത്തിലാണ്, ചിത്രത്തില്‍ റിമയെത്തിയത്. ഈ സിനിമയോടെയാണ് ആഷിക്കും റിമയും പ്രണയത്തിലാവുന്നത്. 2013-ല്‍ ഇരുവരും വിവാഹിതരായി. വൈറസ്, നീലവെളിച്ചം, റാണി പത്മിനി എന്നീ സിനിമകളില്‍ റിമയും ആഷിഖ് അബുവും തുടര്‍ന്നും ഒരുമിച്ച് പ്രവര്‍ത്തിച്ചു. ആഷിഖിനൊപ്പം ഒരു പാട് സിനിമകളിലും അവര്‍ നിര്‍മ്മാണ പങ്കാളിയായി.
ഇന്നും റിമ നൃത്തത്തെ കളഞ്ഞിട്ടില്ല. റൈസ് എന്ന സംഗീത നൃത്താവിഷ്‌കാരവുമായി റിമ വാര്‍ത്തയില്‍ ഇടംപിടിച്ചിരുന്നു. വര്‍ണ്ണവിവേചനത്തിന്റെ ഇരുണ്ട നാളുകളിലുടെ കടന്നുപോയ ഒരു കറുത്ത വര്‍ഗ്ഗക്കാരിയായ എഴുത്തുകാരി മായ ഏഞ്ചലോയുടെ 'ആന്‍ഡ് ഐ സ്റ്റില്‍ റൈസ്' എന്ന കവിതയുടെ ആത്മാവ് തൊട്ടറിയാനുള്ള ഒരു എളിയ ശ്രമമാണ് റൈസ് എന്ന സംഗീത നൃത്താവിഷ്‌കാരം എന്നുപറഞ്ഞാണ് റിമ പറഞ്ഞിരുന്നത്.
2020-ല്‍ മോഹിനിയാട്ട അരങ്ങേറ്റത്തിന് ഒരുങ്ങി നില്‍ക്കുന്ന പതിമൂന്നുകാരിയായ തന്റെ ചിത്രം റിമ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. 'എന്റെ മോഹിനിയാട്ടം അരങ്ങേറ്റത്തിന് തൊട്ടു മുമ്പ്. തൃശൂര്‍ റീജിയണല്‍ തിയറ്ററിലെ ബാക്ക്‌സ്റ്റേജ് ഡ്രസിങ് റൂമില്‍. എപ്പോഴത്തേയും പോലെ എന്റെ നേരെയുള്ള ക്യാമറയിലും, നടക്കാന്‍ പോകുന്ന പ്രകടനത്തിലും, ചറ്റിലും നടക്കുന്ന കാര്യങ്ങളില്‍ പരിഭ്രാന്തയായി നില്‍ക്കുന്ന ഞാന്‍'' എന്ന അടിക്കുറിപ്പിലാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രത്തിന് താഴെ രസകരമായ കമന്റുകള്‍ നിറയുകയാണ്. പൊരിച്ച മീനിന് മുന്‍പുള്ള ജീവിതം, എന്നായിരുന്നു റിമയുടെ പോസ്റ്റിന് താഴെ ഒരാള്‍ കുറിച്ചത്. പക്ഷേ അന്നും ഇന്നും ഒരു ഫെമിനിച്ചി തന്നെയാണെന്നായിരുന്നു ഇതിന് മറുപടിയായി റിമ കല്ലിങ്കല്‍ കുറിച്ചത്. 'നല്ലൊരു കുട്ടി എയ്‌ന്' എന്നാണ് സംവിധായകനും തിരക്കഥാകൃത്തുമായ മുഹ്‌സിന്‍ പരാരിയുടെ കമന്റ്.
പക്ഷേ ഒരു നടിയെന്ന നിലയിലോ നര്‍ത്തകിയെന്ന നിലയിലോ അല്ല അവരുടെ പ്രസക്തി നില്‍നില്‍ക്കുന്നത്. തന്റെ ഉറച്ച നിലപാടുകളും അഭിപ്രായങ്ങളിലുമാണ്. സ്ത്രീ-പരുഷ തുല്യതക്ക് വേണ്ടി വാദിക്കുന്ന ഒരു ഫെമിനിസ്റ്റാണ് താന്‍ എന്ന് പറയാന്‍ റിമക്ക് ഒരു മടിയുമില്ല. വനിത കൂട്ടായ്മയായ ഡബ്യൂസിസിയുടെ മുന്‍നിരയിലും റിമയുടെ സാന്നിദ്ധ്യമുണ്ട്.
പൊരിച്ച മീന്‍ മീമാവുമ്പോള്‍
കേരളത്തിലെ ഫെമിനിസ്റ്റ് സംവാദങ്ങളിലൊക്കെ കടന്നവരുന്ന വാക്കാണ് പൊരിച്ചമീന്‍. വര്‍ഷങ്ങള്‍ക്ക് മുമ്പ് ടെഡ് ടോക്കില്‍ റിമ കല്ലിങ്കല്‍ പറഞ്ഞ ഒരു ഉദാഹരണമാണ്, ട്രോളും, മീമുമായി ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുന്നത്. വീടുകളില്‍ ആണ്‍മക്കള്‍ക്കും പെണ്‍മക്കള്‍ക്കും വ്യത്യസ്തമായ പരിഗണന ലഭിക്കുന്നതിന് ഉദാഹരണമായാണ് അവര്‍ സ്വന്തം അനുഭവം വിവരിച്ചത്. തന്റെ വീട്ടില്‍ പൊരിച്ച മീന്‍ നല്‍കിയിരുന്നത് ചേട്ടന്മാര്‍ക്ക് ആയിരുന്നു എന്നായിരുന്നു റിമ പറഞ്ഞത്. ഇത് വന്‍ വിവാദമായി. മീന്‍ കിട്ടാത്തതിന്റെ നിരാശയിലാണ് ഫെമിനിസ്റ്റുകള്‍ ഉണ്ടാവുന്നത് എന്നൊക്കെ പറഞ്ഞ് വലിയ ട്രോളായി. പക്ഷേ റിമ പറഞ്ഞ ലിംഗ നീതിയെന്ന അടിസ്ഥാന പ്രശ്നം ഇപ്പോഴും നിലനില്‍ക്കുന്നു.
ഇത് തന്റെ കുടുംബാംഗങ്ങള്‍ക്ക് പ്രത്യേകിച്ച് അമ്മക്ക് വലിയ വിഷമം ഉണ്ടാക്കിയെന്നും റിമ ഇപ്പോള്‍ തുറന്ന് പറയുകയാണ്. ധന്യാ വര്‍മയുടെ 'അയാം വിത്ത് ധന്യാ വര്‍മ' എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് റിമ കല്ലിങ്കല്‍ വിവാദത്തേക്കുറിച്ച് വ്യക്തമാക്കിയത്. നാല് പേര്‍ ഇരിക്കുന്ന ഒരു ടേബിളില്‍ മൂന്ന് ഫിഷ് ഫ്രൈ മാത്രമാണ് ഉള്ളതെങ്കില്‍ അത് പങ്കുവെച്ച് നാല് പേരും കഴിക്കണമെന്ന ചിന്ത എന്നിലേക്ക് തന്നത് മാതാപിതാക്കള്‍ തന്നെയാണെന്ന് റിമ പറഞ്ഞു. തുടര്‍ച്ചയായി ഫിഷ് ഫ്രൈ കിട്ടാത്ത അവസ്ഥ എനിക്ക് ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ അതിനോട് പൊരുത്തപ്പെട്ട് പോകുമായിരുന്നു. എനിക്ക് കിട്ടില്ലല്ലോ എന്നേ ഞാന്‍ വിചാരിക്കുകയുള്ളു. എന്നാല്‍ എന്റെ വീട് അങ്ങനെയല്ലായിരുന്നു. അത് ചെയ്യുന്നത് തെറ്റാണ് എന്ന് പറയാനുള്ള ഒരിടം സ്വന്തം വീട്ടിലുണ്ടായിരുന്നുവെന്നും അവര്‍ പറഞ്ഞു.
'ഈ സമൂഹത്തില്‍ തന്നെ വളര്‍ന്നവരാണ് എന്റെ അച്ഛനും അമ്മയും. അവര്‍ വേറെവിടെ നിന്നും പൊട്ടിവീണതൊന്നും അല്ലല്ലോ. പക്ഷേ അതിന്റെ ഉള്ളില്‍ നിന്നുകൊണ്ട് അവര്‍ക്ക് മാറ്റാന്‍ പറ്റുന്നതെല്ലാം മാറ്റിയിട്ടുമുണ്ട്. അങ്ങനെയാണ് എന്നെ അവര്‍ വളര്‍ത്തിയത്. ജീവിതത്തില്‍ ഞാനെന്തെങ്കിലും വ്യത്യസ്തമായി ചെയ്തതിട്ടുണ്ടെങ്കില്‍ അതിന് കാരണം അവരാണ്. പൊരിച്ചമീന്‍ പ്രയോഗവുമായി ബന്ധപ്പെട്ട വിവാദം മാതാപിതാക്കളെ വേദനിപ്പിച്ചു. അമ്മയെ കുറ്റപ്പെടുത്തിയല്ല സംസാരിച്ചതെന്ന് ആ വേദിയില്‍ത്തന്നെ ഞാന്‍ പറഞ്ഞിരുന്നു. സ്വന്തം ജീവിതത്തില്‍ അങ്ങനെയൊരു ഘട്ടം വന്നാല്‍ സംസാരിക്കാനാവാത്തവര്‍ക്ക് വേണ്ടിയാണ് ഞാന്‍ സംസാരിച്ചത്''- റിമ വ്യക്തമാക്കി.
അന്ന് താന്‍ എന്താണ് പറഞ്ഞതെന്ന് മനസിലാക്കാതെയാണ് എല്ലാവരും ട്രോള്‍ ചെയ്തത്. ആ ഫിഷ് ഫ്രൈയുടെ പ്ലേറ്റില്‍ നാലെണ്ണം ഉണ്ടെങ്കില്‍ പോലും അതും കൂടി അമ്മ തനിക്ക് തരുമായിരിക്കും. പക്ഷെ അപ്പോഴും അമ്മ അവിടെ കഴിക്കാതിരിക്കുകയാണ്. അതാണല്ലോ ഇവിടുത്തെ എല്ലാ വീടുകളിലും നടക്കുന്നത്. അവര്‍ക്കും കൂടി വേണ്ടിയാണ് അവിടെ സംസാരിക്കുന്നതെന്ന് താന്‍ പറഞ്ഞിരുന്നു. ആളുകള്‍ക്ക് അതൊന്നും കേള്‍ക്കേണ്ട കാര്യമില്ല. അവര്‍ക്ക് ട്രോള്‍ ചെയ്യാന്‍ എന്തെങ്കിലും കിട്ടിയാല്‍ മതിയല്ലോ എന്നും റിമ കല്ലിങ്കല്‍ ചൂണ്ടിക്കാട്ടി.
2019-ല്‍ ബോളിവുഡ് സൂപ്പര്‍താരം ആമിര്‍ ഖാന്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത ഒരു ഹ്രസ്വ വീഡിയോയിലൂടെ റിമ ഈ വിവാദത്തിന് മറുപടി പറയാന്‍ ശ്രമിച്ചിരുന്നു. ഭാര്യയും സംവിധായികയുമായ കിരണ്‍ റാവു ചെയ്ത പത്ത് സെക്കന്റ് മാത്രമുള്ള വീഡിയോയാണ് ആമിര്‍ ഷെയര്‍ ചെയ്തത്. ഈ വീഡിയോ ഫിഷ് ഫ്രൈ എന്ന പേരില്‍ റിമ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തു. ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയും സ്‌കൂളില്‍ പോകാന്‍ തയാറെടുക്കുകയാണ്. അമ്മ അവര്‍ക്ക് രണ്ടുപേര്‍ക്കും ഗ്ലാസ്സില്‍ പാല് നല്‍കുന്നു. പെണ്‍കുട്ടിയുടെ ഗ്ലാസ്സിലെ പാലിന്റെ അളവ് കുറവാണ്. ഇത് ശ്രദ്ധിക്കുന്ന ആണ്‍കുട്ടി, തന്റെ കയ്യിലെ ഗ്ലാസ്സില്‍ നിന്ന് പാല് തുല്യമാകുന്നത് വരെ സഹോദരിയുടെ ഗ്ലാസ്സിലേക്ക് ഒഴിച്ചുനല്‍കുന്നു. ഇതേ വീഡിയോ റിമയുടെ പങ്കാളി ആഷിഖ് അബുവും ഷെയര്‍ ചെയ്തിരുന്നു. അതായത് പൊരിച്ചമീന്‍ എന്നത് ലിംഗ വിവേചനത്തിന് എതിരായ ഒരു പോരാട്ടമായാണ് അവര്‍ ഉയര്‍ത്തിക്കാട്ടുന്നത്. അല്ലാതെ പൊരിച്ചമീന്‍ കിട്ടാത്തത് അടക്കമുള്ള നിസ്സാര പ്രശ്നങ്ങളുടെ പേരില്‍ ആളുകള്‍ ഫെമിനിസ്റ്റാകും എന്നല്ല.
ദിലീപും ഹേമാകമ്മറ്റിയും
പക്ഷേ റിമാകല്ലിങ്കിലിനെതിരെ സിനിമാ ലോകത്തുനിന്നുതന്നെ പാരകള്‍ വ്യാപകമായി കണ്ടുതുടങ്ങിയത് നടിയെ ആക്രമിച്ച് കേസിന് ശേഷമാണ്. അന്ന് നടിക്കൊപ്പം നില്‍ക്കുകയും, പിന്നീട് ആരോപണവിധേയനായ നടന്‍ ദിലീപിനെതിരെ ശക്തമായി നിലപാട് എടത്തുത്തും റിമ അടക്കമുള്ള നടികളാണ്. അവരുടെ മുന്‍കൈയിലാണ് ഡബ്ലയുസിസി എന്ന മലയാള സിനിമയിലെ വനിതാ കൂട്ടായ്മാ ഉണ്ടാവുന്നത്. അവര്‍ ഉയര്‍ത്തിയ പല പ്രശ്നങ്ങളും മാധ്യമങ്ങള്‍ ഏറ്റെടുത്തു. മലയാള സിനിമയില്‍ ഉയര്‍ന്നുനില്‍ക്കുന്ന പുരുഷാധിപത്യത്തിനും അനീതകള്‍ക്കുമെതിരെ ശബ്ദമുയര്‍ത്താനും ഡബ്ലയുസിസിക്ക് കഴിഞ്ഞു. അതിന്റെ ഒരു തുടര്‍ച്ച തന്നെയാണ് ശ്വേതാ മേനോന്‍ എന്ന 'അമ്മ'യുടെ വനിതാ പ്രസിഡന്റില്‍ വരെ എത്തിനില്‍ക്കുന്നത്.
അതുപോലെ ഹേമാകമ്മറ്റി റിപ്പോര്‍ട്ട് പുറത്തുവന്ന സമയത്തും റിമയടക്കമുള്ള വനിതാ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കുനേരെ വലിയ തോതിലുള്ള സൈബര്‍ ആക്രമമുണ്ടായി. നടന്‍മാര്‍ക്കുനേരെ വ്യാജകേസുകള്‍ ഉയര്‍ത്തിവിട്ട് അവരെ തകര്‍ക്കാനുള്ള നീക്കം എന്നായിരുന്നു കട്ട ഫാന്‍സുകാര്‍ പ്രതികരിച്ചിരുന്നത്. നടിമാര്‍ നേരിടുന്ന പ്രശ്നങ്ങള്‍ സംസാരിച്ചതിന്റെ പേരില്‍ റിമയുള്‍പ്പെടെയുള്ള നടിമാര്‍ക്ക് പല അവസരങ്ങളും നഷ്ടമായി. പക്ഷേ അതിനെയെല്ലാം അതിജീവിച്ച് മുന്നോട്ടുപോവാന്‍ അവര്‍ക്ക് കഴിഞ്ഞു.
നിരവധി പേര്‍ മി ടൂ ഉന്നയിച്ച ഗാനരചയിതാവ് വൈരമുത്തുവിനെ ഒഎന്‍വി സാഹിത്യ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തതില്‍ പ്രതിഷേധമറിയിച്ചും റിമ രംഗത്ത് വന്നിരുന്നു. പതിനേഴു സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണമുള്ള വ്യക്തിയാണ് വൈരമുത്തുവെന്ന് റിമ സാഷ്യല്‍ മീഡിയയില്‍ കുറിച്ചു. ഓ എന്‍ വി കള്‍ച്ചറല്‍ അക്കാദമി ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ഒപ്പുവച്ച പ്രസ്ഥാവന പങ്കുവച്ചുകൊണ്ടായിരുന്നു റിമയുടെ പോസ്റ്റ്. റിമ കല്ലിങ്കല്‍ പങ്കുവച്ച ഫേസ്ബുക്ക് കുറിപ്പിനെതിരെ നിരവധി പ്രതിഷേധ കമെന്റുകളും ഉയര്‍ന്നു. അങ്ങേര്‍ക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റ് അല്ല കൊടുക്കുന്നത് എന്ന് തുടങ്ങി റിമയ്‌ക്കെതിരെ വ്യക്തിപരമായ അധിക്ഷേപങ്ങളും ഉയരുന്നു. ഇതിന്റെയെല്ലാം ഫലമായി റിമക്കെതിരായ ശത്രുക്കളുടെ എണ്ണവും കൂടിക്കൂടി വന്നു.
ഡ്രഗ് പാര്‍ട്ടിയടക്കം വ്യാജ ആരോപണങ്ങള്‍
ഇടത്പക്ഷത്ത് ഉറച്ചുനില്‍ക്കുന്ന ആഷിക്ക് അബുവെന്ന സംവിധായകന്റെ പങ്കാളിയായതുകൊണ്ടുകൂടി റിമക്കെതിരെ ഒരുപാട് ആരോപണങ്ങള്‍ വന്നിട്ടുണ്ട്. 'മട്ടാഞ്ചേരി മാഫിയ' എന്ന വിളിക്കുന്ന ഇസ്ലാമോലെഫ്റ്റിന് ആശയപരിസരം ഒരുക്കുന്ന പ്രൊപ്പഗന്‍ഡാ സിനിമകള്‍ നിര്‍മ്മിക്കുന്ന ടീമിലെ അംഗമായി, സോഷ്യല്‍ മീഡിയയില്‍ സംഘപരിവാര്‍ അനുകൂലികള്‍ ഈ നടിയേയും ചിത്രീകരിച്ചു. അത് ഒരു ആശയപരമായ വിമര്‍ശനം ആണെന്നെങ്കിലും വെക്കാം. ചില വിമര്‍ശനങ്ങള്‍ അതിനെല്ലാം അപ്പുറത്ത് തീര്‍ത്തും ടോക്സിക്കായിരുന്നു. അതാണ് റിമയും ആഷിക്ക് അബുവും ഡ്രഗ് പാര്‍ട്ടി നടത്തിയെന്നൊക്കെയുള്ളത്.
തമിഴ് ഗായിക സുചിത്രയാണ് റിമയും ആഷിക്കും, വീട്ടില്‍ ലഹരി പാര്‍ട്ടി നടത്തിയെന്ന അതിഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചത്. 'സൂചി ലീക്സ്' എന്ന വ്ളോഗിലൂടെ പ്രശസ്തി ആര്‍ജിച്ച സുചിത്ര, ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലൂടെ ഫഹദ് ഉള്‍പ്പെടുന്ന നടന്മാരുടെ കരിയര്‍ നശിപ്പിക്കാന്‍ റിമ ഗൂഢാലോചന നടത്തി എന്നും ആരോപിച്ചിരുന്നു. ലഹരിമൂലം റിമയുടെ കരിയര്‍ തന്നെ ബാധിക്കപ്പെട്ടെന്നും സുചിത്ര പറഞ്ഞു. ഇതിന്റെ പശ്ചാത്തലത്തില്‍ അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ട് യുവമോര്‍ച്ച കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. ഇതില്‍ സൗത്ത് എസ്പി പ്രാഥമിക അന്വേഷണം നടത്തിയെങ്കിലും യാതൊരു കഴമ്പുമില്ല എന്നാണ് കണ്ടെത്തിയത്്.
ഈ ഗുരുതര ആരോപണങ്ങള്‍ക്കുള്ള മറുപടിക്കുറിപ്പില്‍ റിമ പറഞ്ഞു-'2017- ല്‍ ലൈംഗിക അതിക്രമം നേരിടേണ്ടിവന്ന അതിജീവിതയെ ഞാന്‍ അധിക്ഷേപിച്ചുവെന്ന് സുചിത്ര പറയുന്നു. എന്നാല്‍ അങ്ങനെ ഒരു സംഭവം തന്നെ ഉണ്ടായിട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍, മോഹന്‍ലാല്‍, മമ്മൂട്ടി എന്നിവര്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലൂടെ ഫഹദ് ഉള്‍പ്പെടുന്ന നടന്മാരുടെ കരിയര്‍ നശിപ്പിക്കാന്‍ ഗൂഢാലോചന നടത്തി എന്നും അവര്‍ പരാമര്‍ശിച്ചു കണ്ടു. ഇതൊന്നും മുഖ്യധാരാ മാധ്യമങ്ങളിലെ വാര്‍ത്തയായില്ലെങ്കിലും, എന്നെ കുറിച്ചുള്ള അവരുടെ അടിസ്ഥാനരഹിതമായ പ്രസ്താവന ശ്രദ്ധ നേടുകയുണ്ടായി. അങ്ങനെയൊന്നും ഒരിക്കലും ഉണ്ടായിട്ടില്ല എന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഞാന്‍, അതില്‍ പ്രതികരിക്കാന്‍ തീരുമാനിച്ചു. പ്രത്യേക അന്വേഷണ സംഘത്തിന് മുന്‍പാകെ പരാതി നല്‍കുകയും, മാനനഷ്ടത്തിന് നോട്ടീസ് അയക്കുകയും ചെയ്തു കഴിഞ്ഞു'' -റിമ വ്യക്തമാക്കി. സംഭവം കേസായതോടെ 'എനിക്ക് ഉറപ്പില്ല, ഞാന്‍ എവിടെയൊക്കെയോ കേട്ടതാണ്' എന്ന് പറഞ്ഞ് തടിയെടുക്കയാണ് സുചിത്ര ചെയ്തത്. പക്ഷേ കേസ് തുടരുന്നുണ്ട്.
മരംകേറി, ഫെമിനിച്ചി
'ബിരിയാണി'ക്ക് ശേഷം സജിന്‍ ബാബു സംവിധാനം ചെയ്യുന്ന 'തിയേറ്റര്‍: ദ് മിത്ത് ഓഫ് റിയാലിറ്റി' എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചുവരവാണ് അഭിനയ രംഗത്തും റിമ നടത്തുന്നത്. അഞ്ജന ടാക്കീസിന്റെ ബാനറില്‍ അഞ്ജന ഫിലിപ്പ് നിര്‍മിച്ച ചിത്രത്തിന് നിരവധി പുരസ്‌ക്കാരങ്ങള്‍ ഇതിനകം നേടിക്കഴിഞ്ഞു. റിമ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ആഗോള ചലച്ചിത്രമേള സര്‍ക്യൂട്ടുകളില്‍ ശ്രദ്ധനേടിക്കഴിഞ്ഞു. കാന്‍ ചലച്ചിത്രമേളയില്‍ വെച്ച് ചിത്രത്തിന്റെ ട്രെയ്‌ലര്‍ ഔദ്യോഗികമായി പുറത്തിറക്കിയിരുന്നു. കൂടാതെ, റഷ്യയിലെ കസാന്‍ ചലച്ചിത്രമേളയിലും ചിത്രം പ്രദര്‍ശനത്തിന് ഒരുങ്ങുകയാണ്. 48-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡില്‍ മികച്ച നടിക്കുള്ള പുരസ്‌കാരവും പ്രത്യേക ജൂറി പുരസ്‌കാരവും ചിത്രം സ്വന്തമാക്കി. ടൈം അന്താരാഷ്ട്ര ചലച്ചിത്രമേളയടക്കം വിവിധമേളകളിലേക്കും ചിത്രം ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ടു.
ഇതിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടന്ന വീഡിയോ അഭിമുഖത്തിലാണ് വിവാഹം ഒരു ട്രാപ്പാണ് എന്ന വിവാദ പരാമര്‍ശം നടി നടത്തിയത്. തനിക്ക് കിട്ടിയ മരംകേറി എന്ന ഇമേജിനെയും, ഈ നടി സമര്‍ത്ഥമായി മാര്‍ക്കറ്റ് ചെയ്യുന്നുമുണ്ട്. ഇന്‍സ്റ്റഗ്രാം വഴി റിമ പങ്കുവെച്ച മരംകയറി നില്‍ക്കുന്ന ഒരു ചിത്രമാണ് സോഷ്യല്‍ മീഡിയയിലും ചര്‍ച്ചയാവുന്നത്. 'എനിക്ക് ലഭിച്ച 'മരംകേറി' എന്ന തലക്കെട്ടിനെ ഈ സന്ദര്‍ഭത്തില്‍ ഞാന്‍ ശരിവെക്കുകയാണ്. ഈ വിദ്യാരംഭ ദിനത്തില്‍, എനിക്ക് തെങ്ങില്‍ കയറാനുള്ള അടിസ്ഥാനങ്ങള്‍ പഠിപ്പിച്ച അശോകന്‍ ചേട്ടനോടാണ് ഞാന്‍ നന്ദി പറയുന്നത് ' എന്ന അടിക്കുറിപ്പോടെയാണ് ഏണിയില്‍ കയറി ചക്ക വെട്ടുന്ന തന്റെ ഫോട്ടോ റിമ കല്ലിങ്ങല്‍ പങ്കു വെച്ചത്. 'തിയേറ്റര്‍: ദ് മിത്ത് ഓഫ് റിയാലിറ്റി'യുടെ ചിത്രീകരണത്തിനിടയിലെ ഒരു ഫോട്ടോയാണിത്. ചിത്രം ഒക്ടോബര്‍ 16ന് റിലീസാണ്. റിമ കല്ലിങ്കലിന്റെ ഞെട്ടിക്കുന്ന പ്രകടനമാണ് ചിത്രത്തില്‍ ഉള്ളതെന്ന് ട്രെയ്‌ലര്‍ വഴി മുന്‍പേ തന്നെ പ്രേക്ഷകര്‍ മനസ്സിലാക്കിയെങ്കിലും അതിനെ ശരിവെക്കുന്ന രീതിക്ക് തന്നെയാണ് വ്യത്യസ്തമായ തരത്തിലുള്ള ഈ മരംകയറി ഫോട്ടോയും ഇപ്പോള്‍ സോഷ്യല്‍മീഡിയ വഴി പ്രചരിക്കുന്നത്. മലയാള സിനിമയില്‍ ഇന്നേവരെ കണ്ടതില്‍ വച്ച് ഏറ്റവും തീവ്രമായ ക്ലൈമാക്സ് ആയിരിക്കും ചിത്രത്തിന്റെത് എന്നാണ് ലഭിക്കുന്ന വിവരം.
തന്റെ നിലപാടുകളില്‍ എവിടെയും റിമ തരിമ്പും വെള്ളം ചേര്‍ക്കാറില്ല. കല്യാണി പ്രിയദര്‍ശന്‍ നായികയായ വന്‍ വിജയചിത്രം 'ലോക ചാപ്റ്റര്‍ 1: ചന്ദ്ര'യുടെ വിജയ സമയത്തും അവര്‍ നടത്തിയത് വ്യത്യസ്തമായ ഒരു അഭിപ്രായമായിരുന്നു. പാര്‍വതി, ദര്‍ശന പോലുള്ള നടിമാര്‍ക്കും അര്‍ഹതപ്പെട്ടതാണ് ലോകയുടെ വിജയ ക്രെഡിറ്റ് എന്ന് നടി നൈല ഉഷ അഭിപ്രായപ്പെട്ടിരുന്നു. ഇതിന് പെിന്നാലെ, ഇത്തരം സ്ത്രീ കേന്ദ്രീകൃത സിനിമകള്‍ വരാനുള്ള സ്പേസ് ഉണ്ടാക്കിയത് തങ്ങളാണെന്ന് റിമ കല്ലിങ്കല്‍ അഭിപ്രായപ്പെട്ടിരുന്നു. പതിവുപോലെ ഈ പ്രസ്താവനയും വിവാദമായി. നടനും നിര്‍മാതാവുമായ വിജയ് ബാബു ഇതിനെതിരെ പരോക്ഷമായി പ്രതികരിച്ചിരുന്നു. ലോകയുടെ ക്രെഡിറ്റ് പൂര്‍ണ്ണമായും വേഫെയര്‍ ഫിലിംസിനും ലോക ടീമിനും മാത്രമുള്ളതാണെന്ന് വിജയ് ബാബു തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. മലയാള സിനിമയില്‍ മുന്‍പ് വന്ന മികച്ച സ്ത്രീ കേന്ദ്രീകൃത സിനിമകളുടെ ക്രെഡിറ്റ് ആരും സ്വന്തമാക്കാത്തതില്‍ ദൈവത്തിന് നന്ദിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പക്ഷേ ആര് എന്ത് പറഞ്ഞാലും ഒരു കാര്യം ഉറപ്പാണ്. മലയാള സിനിമയിലും പൊതുസമൂഹത്തിലും, സ്ത്രീശാക്തീകരണത്തിന് വലിയ തോതില്‍ വഴിയൊരുക്കാന്‍ വനിതാകൂട്ടായ്മകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.
വാല്‍ക്കഷ്ണം: ഹെയ്റ്റേഴ്സ് എന്തൊക്കെ പ്രചരിപ്പിച്ചാലും, ലളിത ജീവിതമാണ് ആഷിഖ്- റിമ ദമ്പതികളുടേത്. അവരുടെ വിവാഹം തന്നെ നോക്കുക. ലക്ഷങ്ങള്‍ പൊടിച്ചുകൊണ്ടുള്ള ഒരു താര മാമാങ്കമാക്കാമായിരുന്നു അത്. പക്ഷേ മംഗല്യ ആര്‍ഭാടങ്ങള്‍ ഒഴിവാക്കി എറണാകുളം ജനറല്‍ ആശുപത്രിയിലെ കാന്‍സര്‍ രോഗികളുടെ ക്ഷേമത്തിനായി 10 ലക്ഷം രൂപയും, ആശുപത്രിയിലെ ഭക്ഷണ അടുക്കളയുടെ ഒരു ദിവസത്തെ ചെലവിനായി 25,000 രൂപയും സംഭാവന ചെയ്യുകയാണ് അവര്‍ ചെയ്തത്!