ചൗത്താലയോട് ഉടക്കി ദള്‍ വിട്ട് കോണ്‍ഗ്രസില്‍; ഗെഹ്ലോട്ടിനോട് തെറ്റി ബിജെപിയില്‍; ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങുന്ന അഭിഭാഷകന്‍; മമതയെ വെള്ളം കുടിപ്പിച്ച ഗവര്‍ണര്‍; ഇപ്പോള്‍ പാര്‍ലമെന്റ് സമ്മേളിച്ചുകൊണ്ടിരിക്കെ ഉപരാഷ്ട്രപതിയുടെ രാജി; ഈഗോ, താന്‍പോരിമ, കാലുമാറ്റം; ധന്‍കര്‍ സ്വയം കുഴിതോണ്ടിയതോ?

ഈഗോ, താന്‍പോരിമ, കാലുമാറ്റം; ധന്‍കര്‍ സ്വയം കുഴിതോണ്ടിയതോ?

Update: 2025-07-23 09:38 GMT

കൂട്ടാനക്കുത്ത്! ലക്ഷണമൊത്ത കൊമ്പനാനകള്‍ക്കിടയിലെ ഒരു 'അസുഖമാണ്' അതെന്നാണ് ആന പരിപാലകള്‍ പറയുന്നത്. അതായത് കൂറ്റന്‍ കൊമ്പുകളും, വിരിഞ്ഞ മസ്തകവും, മുറംപോലെ നീളച്ചെവികളുമുള്ള ലക്ഷണമൊത്ത പല ആനകളും പുറമെ പാവങ്ങളായിരിക്കും. പക്ഷേ ഉത്സവപ്പറമ്പിലോ മറ്റോ, അവന് തുല്യം തലപ്പൊക്കമുള്ള മറ്റൊരു കൊമ്പനെ കണ്ടാല്‍ പണി പാളും. പിന്നങ്ങോട്ട് കുത്തോട് കുത്താണ്. അതാണ് കൂട്ടാനക്കുത്ത്! ഈഗോയാല്‍ ഉണ്ടാവുന്ന യുദ്ധങ്ങള്‍. ചില രാഷ്ട്രീയ നേതാക്കളും അങ്ങനെയാണ്. മറ്റുള്ളവര്‍ക്ക് മുന്നില്‍ അവര്‍ നല്ല പിള്ളകളായിരിക്കും, പക്ഷേ തന്നോട് മുട്ടാന്‍ കഴിവുള്ള ഒരു നേതാവ് ഉണ്ടെന്ന് വന്നാല്‍ പിന്നെ കൂട്ടാനക്കുത്തായി. ആ പാര്‍ട്ടിയെത്തനെ കുത്തിമലര്‍ത്തും.

അത്തരുമൊരു തിടമ്പേറ്റിയ കൊമ്പനാണ്, ഇപ്പോള്‍ രാജിവെച്ച ജഗ്ദീപ് ധന്‍കര്‍ എന്ന മുന്‍ ഉപരാഷ്ട്രപതി. അദ്ദേഹത്തിന്റെ ജീവിതത്തില്‍ ഉടനീളം ഈ കൂട്ടാനക്കുത്തിന്റെ പ്രശ്നങ്ങള്‍ കാണാം. കര്‍ഷകന്റെ മകന്‍ എന്ന പ്രതിഛായായുമായി ജാട്ട് രാഷ്ട്രീയം കളിച്ച്, ദേവിലാലിന്റെ അരുമായി വളര്‍ന്ന അദ്ദേഹം ഓം പ്രകാശ് ചൗത്താലയുമായി ഉടക്കി ദള്‍ വിട്ട് കോണ്‍ഗ്രസിലെത്തി. ആദ്യം അവിടെ കുഴപ്പമില്ലായിരുന്നു. പക്ഷേ അശോക്ഗഹലോട്ട് എന്ന താന്‍ പോരിമയുള്ള നേതാവ് വന്നതോടെ, ഉടക്കായി അടിയായി. അങ്ങനെ ബിജെപിയിലെത്തി, രാജ്മാത വിജയരാജ സിന്ധ്യയുടെ പ്രിയപ്പെട്ടവനായി. ഉപരാഷ്ട്രപതിയായി. പക്ഷേ പൊടുന്നനെ ഉപരാഷ്ട്രപതി സ്ഥാനം വലിച്ചെറിഞ്ഞ് ബിജെപിയെ ഞെട്ടിച്ചു.

വര്‍ഷകാല സമ്മേളനത്തിന്റെ ആദ്യ ദിനത്തില്‍ പാര്‍ലമെന്റിനെ ഞെട്ടിച്ചുകൊണ്ടായിരുന്നു ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറിന്റെ രാജി പ്രഖ്യാപനം. ജൂലൈ 21 തിങ്കളാഴ്ച വൈകുന്നേരം രാഷ്ട്രപതി ദ്രൗപദി മുര്‍മുവുമായി കൂടിക്കാഴ്ച നടത്തിയതിനുശേഷമായിരുന്നു രാത്രി സാമൂഹിക മാധ്യമങ്ങളിലൂടെ അദ്ദേഹം രാജി പ്രഖ്യാപിച്ചത്. ആരോഗ്യകാരണങ്ങളാലാണ് രാജിയെന്ന് പറയുന്നുണ്ടെങ്കിലും ഇതിനുപിന്നില്‍ രാഷ്ട്രീയ നീക്കമുണ്ടെന്നാണ് റിപ്പോര്‍ട്ട്. അപ്രതീക്ഷിത രാജി പാര്‍ലമെന്റിനെ ഭരണഘടനാ പ്രതിസന്ധിയിലേക്കും കൊണ്ടെത്തിച്ചിരിക്കുന്നു. മൂന്ന് വര്‍ഷത്തോളമായി ധന്‍കര്‍ ഈ പദവിയിലേറിയിട്ട്, കാലവധി പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് രാജിവെക്കുന്ന മൂന്നാമത്തെ ഉപരാഷ്ട്രപതികൂടിയാണ് ധന്‍കര്‍. ആര്‍. വെങ്കിട്ടരാമനും വി.വി. ഗിരിയുമാണ് ഇതിനുമുന്‍പ് രാജിവെച്ചവര്‍. എന്നാല്‍ ഇവരിലാരും പാര്‍ലമെന്റ് സമ്മേളനം നടന്നുകൊണ്ടിരിക്കെ പദവിയില്‍ നിന്നിറങ്ങിപ്പോയവരല്ല. ആരാകും അടുത്ത ഉപരാഷ്ട്രപതിയെന്ന ചോദ്യം പല കോണുകളില്‍നിന്നും ഉയര്‍ന്നുകഴിഞ്ഞു. ഹൈക്കോടതിയിലും സുപ്രീം കോടതിയിലും ലക്ഷങ്ങള്‍ വാങ്ങി പ്രാക്ടീസ് ചെയ്തിരുന്ന, ധന്‍കറിന്റെ അടുത്ത നീക്കം എന്താണെന്നും ഏവരും കാത്തിരിക്കയാണ്.

ദള്‍ വിട്ട് കോണ്‍ഗ്രസിലേക്ക്

രാജസ്ഥാനിലെ കിതാന എന്ന ഗ്രാമത്തില്‍ ഒരു ജാട്ട് കര്‍ഷക കുടുംബത്തില്‍ ഗോകല്‍ ചന്ദിന്റെയും കേസരി ദേവിയുടേയും മകനായി 1951 മെയ് 18നാണ് ജഗ്ദീപ് ധന്‍കറിന്റെ ജനനം. കിതാനയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയ അദ്ദേഹം പിന്നീട് സൈനിക സ്‌കൂളില്‍ ചേര്‍ന്നു. ജയ്പൂര്‍ മഹാരാജാസ് കോളേജില്‍ നിന്ന് ഫിസിക്സില്‍ ബിരുദവും ജയ്പൂര്‍ സര്‍വകലാശാലയില്‍ നിന്ന് നിയമ ബിരുദവും നേടി. 1979ലാണ് ബാര്‍ കൗണ്‍സിലില്‍ അംഗത്വം നേടിയത്. രാജസ്ഥാന്‍ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും ഏറെക്കാലം അഭിഭാഷകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. അഭിഭാഷകന്‍ എന്ന നിലയില്‍ അദ്ദേഹത്തിന് മികച്ച ട്രാക്ക് റെക്കോര്‍ഡാണുള്ളത്.


 



മറ്റെല്ലാ ജാട്ട് നേതാക്കന്മാരെ പോലെ തന്നെ ഹരിയാനയില്‍ നിന്നുള്ള കര്‍ഷക നേതാവായിരുന്ന ചൗധരി ദേവിലാലിന്റെ അനുയായി ആയിട്ടാണ് ധന്‍കറിന്റെ രാഷ്ട്രീയ ജീവിതമാരംഭിക്കുന്നത്. സത്യത്തില്‍ അധികാരം തളികയില്‍വെച്ച് കിട്ടിയ നേതാവാണ് ഇദ്ദേഹം. 1989-ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ രാജസ്ഥാനിലെ ജുന്‍ജുനുവില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിയായി ധന്‍കറിനെ നിര്‍ദ്ദേശിച്ച ദേവിലാല്‍ തന്നെയാണ്. അന്ന് നല്ല ഭൂരിപക്ഷത്തിന് ജയിച്ചുകയറി. തൊട്ടടുത്ത വര്‍ഷം അതായത്, 1990-ല്‍ ചന്ദ്രശേഖര്‍ സര്‍ക്കാറില്‍ കേന്ദ്രമന്ത്രിയായി. പാര്‍ലിമെന്റികാര്യ സഹമന്ത്രി എന്ന മോശമില്ലാത്ത വകുപ്പ് തന്നെയാണ് കിട്ടിയത്.

പക്ഷേ അതുകൊണ്ട് ഒന്നും പ്രശ്നങ്ങള്‍ തീര്‍ന്നില്ല. അപ്പോഴേക്കും ദേവിലാലുമായി ധര്‍കറിന് ഉടക്ക് തുടങ്ങി. ദേവിലാലിനെ മാത്രമെ അംഗീകരിക്കൂ, മകന്‍ ഓം പ്രകാശ് ചൗത്താല പാര്‍ട്ടിയില്‍ പിടിമുറക്കുന്നത് അംഗീകരിക്കില്ല എന്നതായിരുന്നു, ധര്‍കറിന്റെ നിലപാട്. അടിസ്ഥാനമായി ദേവിലാലിന്റെത് ഒരു കുടുംബ രാഷ്ട്രീയമാണ്. ഇതോടെ തനിക്കിനി ഈ പാര്‍ട്ടിയില്‍ നില്‍ക്കക്കള്ളിയില്ല എന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. അങ്ങനെയാണ് ദള്‍ വിട്ട് കോണ്‍ഗ്രസില്‍ എത്തുന്നത്.

1991-ല്‍ നരസിംഹ റാവുവിന്റെ കാലത്തായിരുന്നു ഈ കാലുമാറ്റം. ദേവിലാലിനും ജനതാദളിനും വലിയ ആഘാതമായിരുന്നു ഇത്. ഉന്നത വിദ്യാഭ്യാസം നേടിയവര്‍ അധികാമൊന്നും ഇല്ലാത്ത ദേവിലാലിന്റെ പാര്‍ട്ടിയില്‍, വലിയ പരിഗണയായിരുന്നു ധന്‍കറിന് കിട്ടിയത്. പക്ഷേ കാര്യമായ ഒരു ചര്‍ച്ചയും നടത്താതെ അദ്ദേഹം രായ്ക്കുരാമാനം കോണ്‍ഗ്രസിലേക്ക് മാറി. ഇപ്പോള്‍ ഉപരാഷ്ട്രപതി സ്ഥാനം രാജിവെച്ചതുപോലെ പെട്ടന്നുള്ള ഒരു നടപടി.

തുടര്‍ന്ന് 1991-ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ അജ്മീറില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനത്ഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 1993 മുതല്‍ 1998 വരെ രാജസ്ഥാനിലെ കിഷന്‍ഗര്‍ മണ്ഡലത്തില്‍ നിന്നുള്ള നിയമസഭാംഗമായിരുന്നു. 1998-ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ സ്വന്തം മണ്ഡലമായ ജുന്‍ജുനുവില്‍ നിന്ന് വീണ്ടും മത്സരിച്ചെങ്കിലും വിജയിക്കാന്‍ കഴിഞ്ഞില്ല. മാത്രമല്ല മൂന്നാം സ്ഥാനത്തേക്ക് പിന്‍തള്ളപ്പെടുകയും ചെയ്തു. അതോടെ കോണ്‍ഗ്രസിലെ തന്റെ ഭാവി തീര്‍ന്നുവെന്ന് ധന്‍കറിന് ഏതാണ്ട് മനസ്സിലായി. രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ അശോക് ഗെഹ്ലോട്ട് ശക്തനായതോടെയാണ് ധന്‍കറിന് തിരിച്ചടിയുണ്ടാവുന്നത്. ധന്‍കറിന് ഉന്നത ബന്ധങ്ങള്‍ ഉണ്ടായിരുന്നുവെന്നല്ലാതെ ഗ്രാസ് റുട്ട് ലെവല്‍ ബന്ധങ്ങള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ഗെഹ്ലോട്ട് ആവട്ടെ ജനീകയനായ ഒരു നേതാവായിരുന്നു. ദളില്‍നിന്ന് കാലുമാറിയെത്തിയവരെ അധികം ശ്രദ്ധിക്കേണ്ട എന്ന നിലപാടണ് ഗെഹ്്ലോട്ട് എടുത്തത്.

മമതയെ വെള്ളം കുടിപ്പിച്ച ഗവര്‍ണര്‍

രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ തനിക്ക് വലിയ ഗ്രിപ്പില്ല എന്ന് വന്നതോടെ ധന്‍കര്‍ വീണ്ടും കാലുമാറി. 2003-ല്‍ അദ്ദേഹം കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു. 2008-ല്‍ ബി.ജെ.പിയുടെ രാജസ്ഥാന്‍ നിയമസഭ ഇലക്ഷന്‍ കമ്മിറ്റി അംഗമായി. ബി.ജെ.പിയുടെ നിയമ നിര്‍മ്മാണ കമ്മറ്റികളുടെ ഭാരവാഹിയായി തുടര്‍ന്നു. ഏറെ വൈകാതെ തന്നെ രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രിയായിരുന്ന വസുന്ധര രാജ സിന്ധ്യയുടെ വിശ്വസ്ഥനാവുകയും ചെയ്തു. ഇടക്കാലത്ത് അഭിഭാഷക ജോലിയില്‍ തുടര്‍ന്ന് മികച്ച അഭിഭാഷകനെന്ന് പേരെടുത്തു. ബിജെപിയുടെ ലീഗല്‍ സെല്‍ പലപ്പോഴും ഇദ്ദേഹത്തെ നന്നായി ഉപയോഗപ്പെടുത്തി. സുപ്രീം കോടതിയില്‍ ഏറ്റവും കൂടുതല്‍ ഫീസ് വാങ്ങുന്ന അഭിഭാഷകരില്‍ ഒരാളായിരുന്നു ധന്‍കര്‍. ഫീസ് വാങ്ങുന്നതില്‍ കാര്യമുണ്ട്, കേസ് ജയിപ്പിക്കാനും അദ്ദേഹത്തിന് അറിയാം.


 



എക്കാലവും കുറേ പ്രിയപ്പെട്ടവരും കുറേ ഹേറ്റേഴ്സും അദ്ദേഹത്തിന് ഉണ്ടായിരുന്നു. ബിജെപിയില്‍ വസുന്ധര രാജയായിരുന്നു അദ്ദേഹത്തിന്റെ ഗോഡ് മദര്‍. അതുകൊണ്ടുതന്നെ ധന്‍കറിനെ അവഗണിക്കാന്‍ ബിജെപിക്കായില്ല. 2019-ല്‍ അദ്ദേഹം ബംഗാള്‍ ഗവര്‍ണറായി സ്ഥാനമേറ്റു. ബംഗാള്‍ ഗവര്‍ണറായി എത്തിയത് മുതല്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാരുമായുണ്ടായ ഉരസലിന്റെ പേരില്‍ അദ്ദേഹം വാര്‍ത്തകളില്‍ നിറഞ്ഞു. കേരളത്തില്‍ ആരിഫ് മുഹമ്മദ് ഖാന്‍ ചെയ്തതിന് സമാനമായ ഏറ്റുമുട്ടലാണ് അദ്ദേഹം ബംഗാളില്‍ നടത്തിയത്. 2021-ലെ നിയമസഭ തിരഞ്ഞെടുപ്പിന് പിന്നാലെ സംസ്ഥാനത്തുണ്ടായ വര്‍ഗീയ കലാപം മുതല്‍ നിയമസഭയില്‍ ബില്ലുകള്‍ പാസാക്കുന്നത് വൈകുന്നത് വരെ ഇരുവരും തമ്മിലുള്ള വാക്പോരിന് വഴിതെളിച്ചു. ഒടുവില്‍ ബംഗാള്‍ സര്‍വകലാശാലകളുടെ ചാന്‍സിലര്‍ പദവിയില്‍ നിന്നും ഗവര്‍ണറെ ഒഴിവാക്കി അത് മുഖ്യമന്ത്രി നേരിട്ട് ഏറ്റെടുക്കുന്നത് വരെ കാര്യങ്ങള്‍ നീങ്ങി.

ഇതിനെല്ലാം ബിജെപി നേതൃത്വത്തിന്റെയും അതി ശക്തമായ പിന്തുണയുണ്ടായിരുന്നു. കേരളത്തില്‍ ആരിഫ് മുഹമ്മദ് ഖാനെക്കുറിച്ച് ചില മാധ്യമങ്ങള്‍ എഴുതിയതുപോലെ ബംഗാളിലെ യഥാര്‍ത്ഥ പ്രതിപക്ഷ നേതാവ് ഗവര്‍ണ്ണറാണെന്ന് വാര്‍ത്തകള്‍ വന്നു. മമത സര്‍ക്കാറിനെതിരെ ട്വിറ്ററിലുടെയും ഫേസ്ബുക്കിലുടെയും അദ്ദേഹം നിരന്തരം ആഞ്ഞടിച്ചു. ഒരുവേള, മുഖ്യമന്ത്രി മമത, ഗവര്‍ണ്ണറെ ട്വിറ്ററില്‍ ബ്ലോക്ക് ചെയ്തതും വാര്‍ത്തയായി. ഇതോടെ ധന്‍കര്‍ ദേശീയ തലത്തില്‍ ഏറെ പ്രശസ്തനായി. മമതയുമായി പോര് മുറുകുന്നതിനിടെയാണ് ഉപ-രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി ധന്‍കറെ ബി.ജെ.പി കേന്ദ്രനേതൃത്വം പ്രഖ്യാപിക്കുന്നത്. 2022 ജുലൈയില്‍ ധന്‍കര്‍, മമതാബാനര്‍ജിയുമായി കൂടിക്കാഴ്ച നടത്തി. ഇത്രയും കാലം താന്‍ വെള്ളം കുടിപ്പിച്ച മമതയുമായി വിടവാങ്ങല്‍ കൂടിക്കാഴ്ചയായിരുന്നു അത്. തൊട്ടുപിന്നാലെ ഡല്‍ഹിയിലെത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായെ സന്ദര്‍ശിച്ചു. തുടര്‍ന്ന് ജലൈ 17ന് അദ്ദേഹം ഗവര്‍ണ്ണര്‍ സ്ഥാനം രാജിവെച്ചു.

ബിജെപിയെയും വെറുപ്പിച്ചു

ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് കോണ്‍ഗ്രസിലെ മാര്‍ഗരറ്റ് ആല്‍വയായിരുന്നു എതിരാളി. 92നുശേഷം ഒരു സ്ഥാനാര്‍ത്ഥിക്ക് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന വോട്ടോടെയാണ് ധന്‍കര്‍ ജയിച്ചുകയറിയത്. 710-ല്‍ 528 വോട്ടുകള്‍ ധന്‍കര്‍ നേടിയപ്പോള്‍, മാര്‍ഗരറ്റ് ആല്‍വക്ക് വെറും 182 വോട്ടുകളാണ് കിട്ടിയത്. ഇത്രയേറെ തങ്ങള്‍ക്കിട് പണിഞ്ഞ ഒരാള്‍, ഉപരാഷ്ട്രപതിയായി സംസ്ഥാനത്ത് നിന്ന് മാറിയല്ലോ എന്ന സന്തോഷം കൊണ്ടാവണം, തൃണമൂല്‍ അംഗങ്ങള്‍ തിരഞ്ഞെടുപ്പില്‍നിന്ന് വിട്ടുനിന്നു!


 



ആദ്യം കുറച്ചുകാലം എല്ലാം ഭംഗിയായിപോയി. പക്ഷേ പിന്നെപ്പിന്നെ ധന്‍കര്‍ തന്റെ തനിനിറം പുറത്തെടുത്തു. ഗുസ്തി താരങ്ങളുടെ സമര സമയത്തും, കര്‍ഷകസമരകാലത്തും അദ്ദേഹം ബിജെപിക്കെതിരെ തിരിഞ്ഞു. കര്‍ഷകര്‍ക്ക് എന്തെങ്കിലും വാഗ്ദാനം നല്‍കിയിരുന്നോ എന്നും, എന്തുകൊണ്ടാണ് അത് പാലിക്കപ്പെടാത്തത് എന്നും, കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിങ്് ചൗഹാനോട് ധന്‍കര്‍ ചോദിച്ചത് വിവാദമായി. അദ്ദേഹത്തെ നിയന്ത്രിക്കുന്നത് ബിജെപി വികാരമല്ല, ജാട്ട് വികാരമാണെന്ന് ആരോപണം ഉയര്‍ന്നു. ഗുസ്തി താരങ്ങളുടെ സമരത്തിലും ഇതുതന്നെയാണ് സംഭവിച്ചത്.

ഉപരാഷ്ട്രപതിയായിട്ടും അദ്ദേഹം വാക്കുകളില്‍ മിതത്വം പുര്‍ത്തിയില്ല. അഭിഭാഷന്‍ കൂടിയായ അദ്ദേഹം രാജ്യസഭയില്‍ നേരത്തെ സംസാരിച്ചത് സുപ്രീംകോടതിയുടെ അമിതാധികാരത്തെ കുറിച്ചായിരുന്നു. ഉപരാഷ്ട്രപതിയായപ്പോഴും അദ്ദേഹം അത് ആവര്‍ത്തിച്ചു. ജുഡീഷ്യറിക്ക് നേരേയുള്ള ധന്‍കറിന്റെ കടുത്ത പരാമര്‍ശങ്ങള്‍ സര്‍ക്കാരിലെ പലരെയും ചൊടിപ്പിച്ചു. വിശേഷിച്ചും, നാഷണല്‍ ജുഡീഷ്യല്‍ അപ്പോയ്ന്റ്മെന്റ്സ് കമ്മീഷന്‍ നിയമം റദ്ദാക്കിയതിന് സുപ്രീംകോടതിയെ അദ്ദേഹം വിമര്‍ശിച്ചിരുന്നു. ജസ്റ്റിസ് വര്‍മ്മയ്ക്കെതിരെ നടപടിയെടുക്കേണ്ടത് തങ്ങളുടെ അധികാര പരിധിയില്‍ പെട്ട കാര്യമെന്നാണ് ജുഡീഷ്യറി വിശ്വസിക്കുന്നത്. ജൂലൈ 21 ന് ജസ്റ്റിസ് വര്‍മ്മയുടെ കേസില്‍ അടിയന്തര വാദം കേള്‍ക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചിരുന്നു. ജുഡീഷ്യറിയുമായി ഒരു ഏറ്റുമുട്ടലിന് തല്‍ക്കാലം കേന്ദ്രസര്‍ക്കാരിന് താല്‍പര്യവുമുണ്ടായിരുന്നില്ല. എന്നാല്‍ ഇക്കാര്യത്തിലെ പ്രതിപക്ഷപ്രമേയം ധന്‍കര്‍ എടുത്തുചാടി അനുവദിച്ചത് സര്‍ക്കാരിനെ വിശ്വാസത്തില്‍ എടുക്കാതെയായിരുന്നു.

ആറു മാസം മുന്‍പ് ധന്‍കറിനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിച്ച പ്രതിപക്ഷം തന്നെ അദ്ദേഹത്തിന് പിന്തുണയുമായി വന്നത് ബിജെപി നേതൃത്വത്തെ ഞെട്ടിപ്പിച്ചെന്നും എന്‍ഡിടിവി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതോടെയാണ് ധന്‍കര്‍ 'പരിധി ലംഘിച്ചു' എന്ന് എംപിമാരെ ബിജെപി നേതൃത്വം അറിയിച്ചത്. പ്രതിപക്ഷത്തിന്റെ പ്രമേയം ധന്‍കര്‍ അംഗീകരിച്ചതിനുപിന്നാലെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മുതിര്‍ന്ന കേന്ദ്രമന്ത്രിമാരുടെ ഒരു യോഗം നടന്നു. തുടര്‍ന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ ഓഫിസില്‍ മന്ത്രിമാര്‍ മറ്റൊരു യോഗം കൂടി. ഭരണകക്ഷിയിലെ എല്ലാ രാജ്യസഭാ എംപിമാരെയും അവിടെ വിളിച്ചു വരുത്താന്‍ ബിജെപിയുടെ ചീഫ് വിപ്പിനോട് രാജ്‌നാഥ് സിങ് ആവശ്യപ്പെട്ടു.

പിന്നില്‍ രാജ്നാഥ് സിങ്?

പത്ത് പേരടങ്ങുന്ന ഗ്രൂപ്പുകളായാണ് ബിജെപി എംപിമാരെ രാജ്‌നാഥ് സിങിന്റെ ഓഫിസിലേക്ക് വിളിപ്പിച്ചത്. തുടര്‍ന്ന് ഒരു പ്രധാന പ്രമേയത്തില്‍ ഒപ്പിടാന്‍ ആവശ്യപ്പെടുകയായിരുന്നു. ബിജെപി എംപിമാര്‍ക്ക് പിന്നാലെ എന്‍ഡിഎ ഘടകക്ഷിയില്‍പ്പെട്ട രാജ്യസഭാ എംപിമാരെയും വിളിപ്പിച്ചു. എല്ലാവരോടും പ്രമേയത്തെക്കുറിച്ച് പുറത്തുപറയാന്‍ പാടില്ലെന്നും അടുത്ത നാല് ദിവസം ഡല്‍ഹിയില്‍ തന്നെ തുടരാനും നേതൃത്വം നിര്‍ദേശം നല്‍കിയിരുന്നു. പിന്നാലെ പ്രമേയത്തെക്കുറിച്ചും എംപിമാര്‍ അതില്‍ ഒപ്പുവച്ചുവെന്നും ഉള്ള വിവരം ധന്‍കറിനെ നേതൃത്വം അറിയിക്കുകയായിരുന്നു. ഇതിനുമുമ്പ് ധന്‍കര്‍ സര്‍ക്കാരിനെ വിമര്‍ശിച്ച സന്ദര്‍ഭങ്ങളും അദ്ദേഹം കാരണം നാണംകെടേണ്ടി വന്നതും എംപിമാരെ ധരിപ്പിച്ചു.


 



അധികം എന്തെങ്കിലും ചെയ്യാന്‍ കഴിയും മുമ്പേ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ധന്‍കര്‍ രാജി വച്ചൊഴിഞ്ഞു. ജൂലൈ 23ന് ജയ്പൂരില്‍ ഒരുദിവസത്തെ സന്ദര്‍ശനത്തിനായി പോകാനിരുന്ന ഉപരാഷ്ട്രപതി പൊടുന്നനെ രാജി പ്രഖ്യാപിച്ചത് കൊണ്ടു തന്നെ നേരത്തെ എടുത്ത തീരുമാനം അല്ലെന്ന് വ്യക്തമാകുന്നു. '' ഇന്നലെ ഒരുമണിക്കും നാലരയ്ക്കും ഇടയ്ക്ക് വളരെ ഗൗരവമായത് എന്തോ സംഭവിച്ചു. രണ്ടാമത്തെ ബിഎസി യോഗത്തില്‍ നഡ്ഡയുടെയും റിജിജുവിന്റെയും അസാന്നിധ്യം മന: പൂര്‍വമാണെന്ന് കരുതേണ്ടിയിരിക്കുന്നു'- കോണ്‍ഗ്രസ് നേതാവ് ജയറാം രമേശിന്റെ പോസ്റ്റില്‍ പറയുന്നു. ആരോഗ്യ കാരണങ്ങള്‍ക്ക് അപ്പുറം ചിലത് ധന്‍കറിന്റെ രാജിക്ക് പിന്നിലുണ്ടെന്ന് പ്രതിപക്ഷം സംശയിക്കാനും കാരണം ഇതാണ്.

ധന്‍കറിന്റെ രാജിയില്‍ ബിജെപി നേതൃത്വം ശരിക്കും ഞെട്ടിപ്പോയി. 2027-ല്‍ താന്‍ വിരമിക്കുമെന്നാണ് അദ്ദേഹം കഴിഞ്ഞ ആഴ്ച ഒരു ചടങ്ങില്‍ പറഞ്ഞിരുന്നത്. പക്ഷേ ഒരാഴ്ചക്കിടെതന്നെ അദ്ദേഹം രാജിവെച്ചു. ഇനി ഇദ്ദേഹം തങ്ങള്‍ക്കെതിരെ തിരിയുമോ എന്ന ആശങ്കയിലാണ് ബിജെപി നേതൃത്വം. പക്ഷേ എന്‍ഡിടിവി അടക്കമുള്ള മാധ്യമങ്ങള്‍ പറയുന്നത്, ഇത് ബിജെപിയുടെ ഒരു കെണി ആണെന്നാണ്. ഈഗോയിസ്റ്റായ ധന്‍കര്‍ ഒരു അപമാനം കിട്ടിയാല്‍ അത് വലിയ പ്രശ്നമായി എടുക്കുമെന്ന് എല്ലാവര്‍ക്കും അറിയാമെന്നും, പ്ലാന്‍ ചെയ്ത് അദ്ദേഹത്തെ പുറത്താക്കുകയായിരുന്നുവെന്നുമാണ് ഒരു വാദം. രാജ്‌നാഥ് സിങുമായാണത്രേ, ധന്‍കറിന് കടുത്ത ഭിന്നതയുള്ളത്. നേരത്തെ ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട യോഗത്തില്‍ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായെന്നും കൈ ചൂണ്ടി സംസാരിച്ചുവെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

നിതീഷ്, തരൂര്‍.... പിന്നെ ആര്?

ഇപ്പോള്‍ ഉര്‍വശീശാപം ഉപകാരം എന്നപോലെയായി ബിജെപിക്ക്. പുതിയ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ പേരില്‍ കൃത്യമായ രാഷ്ട്രീയ കരുനീക്കങ്ങളാണ് അവര്‍ നടത്തുന്നത്. രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ ഹരിവംശ് നാരായണ്‍ സിങ്, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ആരോഗ്യ മന്ത്രി ജെ പി നഡ്ഡ, കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍, ബിഹാര്‍ മുഖ്യമന്ത്രിയും, ജെഡിയു നേതാവുമായ നിതീഷ് കുമാര്‍ എന്നിവരുടെ പേരുകളാണ് ഉയര്‍ന്നുകള്‍ക്കുന്നത്. ഇതില്‍ ശശി തരൂരിന്റെ പേര് വന്നത് കേരളത്തിലടക്കം വിവാദങ്ങള്‍ക്ക് ഇടയാക്കുന്നുണ്ട്. അടുത്തകാലത്തായി കോണ്‍ഗ്രസ് നേതൃത്വവുമായി അഭിപ്രായ വ്യത്യാസമുള്ള തരൂരിനെ റാഞ്ചാനുള്ള നീക്കമായി ബിജെപി ഇതിനെ കാണുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ ഉയര്‍ത്തിക്കാട്ടി മറ്റൊരു നീക്കവും സ്ഥാനത്തെ ബിജെപി നടത്തുന്നുണ്ട്. നിതീഷ് കുമാര്‍ ഉപരാഷ്ട്രപതിയായാല്‍ അത് ബിഹാറിന് അഭിമാനമാകുമെന്ന് ബിജെപി എംഎല്‍എ ഹരിഭൂഷണ്‍ ഠാക്കൂറും ബിജെപി മന്ത്രി നീരജ് കുമാര്‍ സിങ് ബബ്ലുവും അഭിപ്രായപ്പെട്ടു. നിതീഷിന് ദീര്‍ഘനാളത്തെ ഭരണപരിചയമുണ്ടെന്നും അദ്ദേഹം ഉന്നത പദവിയില്‍ എത്തിയാല്‍ അത് സൗഭാഗ്യമായിരിക്കുമെന്നും ഠാക്കൂര്‍ പറഞ്ഞു. ബിഹാറില്‍ നിന്നാരെങ്കിലും ഉപരാഷ്ട്രപതിയായാല്‍ വളരെ സന്തോഷമെന്ന് ബിഹാര്‍ മന്ത്രി പ്രേം കുമാര്‍ പറഞ്ഞു. നിതീഷ് കുമാര്‍ കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ എന്‍ഡിഎയിലേക്ക് മടങ്ങി എത്തിയപ്പോള്‍ മുതല്‍, അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ ജയിച്ചാല്‍ നിതീഷിനെ മുഖ്യമന്ത്രിയായി തുടരാന്‍ ബിജെപി അനുവദിച്ചേക്കില്ലെന്ന് ഊഹാപോഹം ഉണ്ടായിരുന്നു. എന്നാല്‍, നിതീഷിന്റെ നേതൃത്വത്തിലായിരിക്കും തിരഞ്ഞെടുപ്പിനെ നേരിടുക എന്ന് അമിത്ഷാ പലവട്ടം പറഞ്ഞിട്ടുണ്ട്.

ഊഹാപോഹങ്ങള്‍ എന്തായാലും നിതീഷ് മുഖ്യമന്ത്രിയായി തന്നെ തുടരുമെന്നാണ് ജെ ഡി യു നേതാക്കള്‍ ഉറപ്പിച്ച് പറയുന്നത്. ബിജെപി നേതാക്കള്‍ പറയുന്നത് അവരുടെ വ്യക്തിപരമായ അഭിപ്രായമാണെന്നും ബിഹാറിലെ ജനങ്ങള്‍ക്ക് അത്തരം താല്‍പര്യങ്ങള്‍ ഇല്ലെന്നും ജെഡിയു നേതാവും മന്ത്രിയുമായ ശ്രാവണ്‍ കുമാര്‍ പറഞ്ഞു. 2025 ലും നിതീഷായിരിക്കും മുഖ്യമന്ത്രി എന്ന് ഉമേഷ് കുശ്വാഹ പ്രതികരിച്ചു. ധന്‍കറിന്റെ രാജി നിതീഷ് കുമാറിനെ ബിഹാര്‍ തിരഞ്ഞെടുപ്പില്‍ നിന്ന് മാറ്റാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്ന് പ്രതിപക്ഷമായ ആര്‍ജെഡി ആരോപിച്ചു.

ഉപരാഷ്ട്രപതി സ്ഥാനത്തേക്ക്, 60 ദിവസത്തിനകമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടെടുപ്പ് നടത്തേണ്ടത്. 543 അംഗ ലോക്‌സഭയില്‍ ഒരു സീറ്റ് മാത്രമാണ് നിലവില്‍ ഒഴിവുള്ളത്. എന്‍ഡിഎക്ക് 293 അംഗങ്ങള്‍. 245 അംഗ രാജ്യസഭയില്‍ നിലവില്‍ 240 അംഗങ്ങള്‍. ഭരണകക്ഷിക്ക് 129 സീറ്റ്. ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിക്ക് വിജയിക്കണമെങ്കില്‍ 786 വോട്ടില്‍ 394 വോട്ടുകരസ്ഥമാക്കണം. 422 അംഗങ്ങളുള്ള എന്‍ഡിഎയ്ക്ക് നിഷ്പ്രയാസം ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയെ വിജയിപ്പിക്കാം. പക്ഷേ ആര് ആ പദവിയിലേക്ക് എത്തുമെന്നും, അതിനിടയില്‍ എന്തെല്ലാം രാഷ്ട്രീയ നാടകങ്ങള്‍ ഉണ്ടാവുമെന്നാണ് കാത്തിരുന്ന് കാണേണ്ടത്.


 



വാല്‍ക്കഷ്ണം: തുടര്‍ച്ചയായ രാഷ്ട്രീയ കാലുമാറ്റങ്ങളുടെ കഥകൂടിയാണ് ജഗ്ദീപ് ധന്‍കറിന്റെ ജീവിതം. ഇനി പഴയ പാളയത്തിലേക്ക് പോയി ഒരു അങ്കത്തിന് ബാല്യമുണ്ടോ എന്ന് കണ്ടറിയണം. ധന്‍കര്‍ സ്വയം കുഴിതോണ്ടുകായണെന്നാണ് ഇന്ത്യാ ടുഡെ എഴുതിയത്.

Tags:    

Similar News