ചെരിപ്പ് തുടച്ച മൂന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി; മാപ്പു പറഞ്ഞ മൂന്‍ രാഷ്ട്രപതി; ഭിക്ഷയെടുത്ത മുന്‍ മുഖ്യമന്ത്രി; കൈപ്പത്തി മുറിച്ചു മാറ്റിയും കാല്‍വെട്ടിയും ക്രുരമായി കൊല്ലുന്ന നിഹാംഗുകള്‍; നവ ഖലിസ്ഥാന്‍ വാദത്തിനും പിന്തുണ; മതേതര ഇന്ത്യയെ കൊഞ്ഞനം കുത്തുന്ന സിഖ് മത കോടതികളുടെ കഥ

Update: 2024-12-06 04:12 GMT

ന്ത്യയുടെ രാഷ്ട്രപതിക്കും, കേന്ദ്ര ആഭ്യന്തര മന്ത്രിക്കുമൊക്കെ ചെരിപ്പ് തുടക്കല്‍ അടക്കം ശിക്ഷ വിധിക്കുകയും നടപ്പാക്കുകയും ചെയ്ത ഒരു മതകോടതി ഇപ്പോഴും ഈ മതേതര രാജ്യത്ത് പ്രവര്‍ത്തിക്കുന്നുവെന്ന് പറഞ്ഞാല്‍ അത് ഞെട്ടിക്കുന്നതാണ്. അതാണ്, സിഖുകാരുടെ പരമോന്നത കോടതിയായ അകാല്‍ തഖ്ത! ഇപ്പോള്‍ ഇത് വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്, ശിരോമണി അകാലിദള്‍ നേതാവും പഞ്ചാബ് മുന്‍ ഉപമുഖ്യമന്ത്രിയും അകാലി ദള്‍ നേതാവുമായ സുഖ്ബീര്‍ സിംഗ് ബാദലിലൂടെയാണ്. ബാദലിനെ ഈ കോടതി ടോയ്ലറ്റ് ക്ലീന്‍ ചെയ്യലിനും അടുക്കള വൃത്തിയാക്കലിനും ശിക്ഷിച്ചു. ആ ശിക്ഷ ഏറ്റുവാങ്ങാനായി സുവര്‍ണ്ണക്ഷേത്രത്തിലെത്തിയ സുഖ്ബീര്‍ സിംഗ് ബാദലിനെതിരെ വധശ്രമം ഉണ്ടായതും രാജ്യത്തെ ഞെട്ടിച്ചിരുന്നു.

സുവര്‍ണക്ഷേത്രത്തിന്റെ കവാടത്തില്‍വെച്ച് ബാദലിന് നേരെ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. ഖലിസ്താന്‍ അനുകൂല സംഘടനാ അംഗം നാരായണ്‍ സിങ് ചൗരയാണ് അക്രമി. സ്ഥലത്തുണ്ടായിരുന്നവര്‍ ചേര്‍ന്ന് ഇയാളെ കീഴ്‌പ്പെടുത്തി. അകാല്‍ തഖ്ത് വിധിച്ച ശിക്ഷയുടെ ഭാഗമായി സുവര്‍ണക്ഷേത്രത്തിന്റെ കവാടത്തിന് മുന്നില്‍ വീല്‍ചെയറില്‍ കുന്തവുമായി കാവലിരുന്ന് വരികയായിരുന്നു ബാദല്‍. ഈ കാവലും ശിക്ഷയുടെ ഭാഗമാണ്. കഴുത്തില്‍ പ്ലക്കാഡ് ധരിക്കണം, കൈയില്‍ കുന്തം കരുതണം. കൂടാതെ ഒരുമണിക്കൂര്‍ കീര്‍ത്തനങ്ങളും ആലപിക്കണം തുടങ്ങിയ ശിക്ഷകളായിരുന്നു അകാല്‍ തഖ്ത് ബാദലിനുമേല്‍ ചുമത്തിയത്. 2007- 2017 കാലത്തെ അകാലിദള്‍ ഭരണത്തിലുണ്ടായ സര്‍ക്കാറിന്റെയും പാര്‍ട്ടിയുടെയും മതപരമായ തെറ്റുകളെ മുന്‍നിര്‍ത്തിയാണ് ബാദലിനെ ശിക്ഷിച്ചത്. സിഖ്മത നിയമപീഠം തെറ്റുകാരനെന്ന് വിധിച്ചതിനുപിന്നാലെ സുഖ്ബീര്‍ സിങ് ബാദല്‍ ശിരോമണി അകാലിദള്‍ അധ്യക്ഷസ്ഥാനം രാജിവെച്ചിരുന്നു.

സിഖ് സമുദായത്തിന്റെയും അകാലിദളിന്റെയുമൊക്കെ ചരിത്രം പരിശോധിക്കുമ്പോള്‍ ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. പല്ലിന് പല്ല് കണ്ണിന് കണ്ണ് എന്ന രീതിയിലാണ് പലപ്പോഴും സിഖ് രീതി. എത്രമാത്രം ആധുനികരാണെന്ന് പറയുന്നവരുടെ ഇടയില്‍പ്പോലും മതം തിളച്ചു നില്‍ക്കുന്നു. മൂന്‍ രാഷ്ട്രപതിയെയും, മുന്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയെപ്പോലും ശിക്ഷിച്ചവരാണ് ഇവര്‍. ആധുനിക കാലത്ത് ഈ മതകോടതികളില്‍ മറ്റൊരു അപകട സൂചനകൂടിയുണ്ട്. പഞ്ചാബിലടക്കം ഖലിസ്ഥാന്‍ വാദം വര്‍ധിച്ചുവരുന്ന സമയമാണിത്. കാനഡയില്‍നിന്ന് പണം ഒഴുക്കി, ഇന്ത്യയെ വിഭജിച്ച്. ഖലിസ്ഥാന്‍ ഉണ്ടാക്കിയെടുക്കാന്‍ ചിലര്‍ അതിശക്തമായി ശ്രമിക്കുന്നതിന് ഇടയിലാണ്, മതകോടതികളൊക്കെ ഒരു മതേതര രാജ്യത്തെ നോക്കി കൊഞ്ഞനം കുത്തുന്നത് എന്നോര്‍ക്കണം!

മതകാര്‍ക്കശ്യത്തിന്റെ സിഖിസം

16ാം നൂറ്റാണ്ടിലാണ് സിഖ് മതം രൂപംകൊള്ളുന്നത്. ഹിന്ദുമതത്തിലെയും ഇസ്ലാമിലെയും സാരാംശങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഗുരു നാനാക് ഒരു പുതിയ മതത്തിന് രൂപം നല്‍കുകയായിരുന്നു. സംസ്‌കൃതപദമായ സിക്‌സാ (ശിഷ്യ) എന്ന പദത്തില്‍ നിന്നാണ് സിഖ് എന്ന പേര് ഉടലെടുത്തത്. ഗുരു നാനാക്കിന്റെ വിശ്വാസപ്രമാണങ്ങളാണ് സിഖ് സമൂഹങ്ങളുടെ വിശ്വാസത്തിന്റെ ആധാരം. ഇവരുടെ പുണ്യ ഗ്രന്ഥമാണ് ഗുരു ഗ്രന്ഥ സാഹിബ്.

വിഗ്രഹ ആരാധനയെ അടക്കം ഗുരു നാനാക് ശക്തായി എതിര്‍ത്തതാണ്. ജാതിവിഭജനത്തെയും അദ്ദേഹം എതിര്‍ത്തു. ഇസ്ലാം മത വിഭാഗക്കാര്‍ കണ്ടുമുട്ടുമ്പോള്‍ അസ്സലാമു അലൈകും എന്ന് പറഞ്ഞു പരസ്പരം അഭിസംബോധന ചെയ്യുന്നപോലെ സിഖുകര്‍ കണ്ടുമുട്ടുമ്പോള്‍ സത് ശ്രീ അകാല്‍ (സത്യം അനന്തം) എന്ന് പറയാറുണ്ട്. ഇസ്ലാം കാര്യം അഞ്ചു എന്ന് പറയുന്നത് പോലെ സിഖ് മതക്കാര്‍ പിന്തുടരേണ്ട അഞ്ചു 'ക' നിയമങ്ങളും ഉണ്ട്.


 



ഇതില്‍ പ്രധാനമാണ് കേശം.ഇവരുടെ മതനിയമ പ്രകാരം തലമുടി മുറിക്കുന്നത് നിഷിദ്ധമാണ്. നീണ്ട മുടി തലക്ക് മുകളില്‍ ഗോളാകൃതിയില്‍ കെട്ടിവെക്കുന്നു. അതിനു ശേഷം ഒരു തലപ്പാവ് കൊണ്ട് കെട്ടി അതിനെ മറക്കുന്നു. ചിലര്‍ താടിയും നീട്ടി വളര്‍ത്തുന്നുണ്ട്. നീട്ടി വളര്‍ത്തിയ താടിയെ കറുത്ത നിറമുള്ള നെറ്റ് പോലുള്ള തുണി കൊണ്ട് ഒതുക്കി കെട്ടിവെക്കുന്നു. കൃപാണ്‍ എന്ന നീളം കുറഞ്ഞ വാള്‍ ആണ് അഞ്ചു ക നിയമങ്ങളില്‍ രണ്ടാമത്തേത്.

നീളം കുറഞ്ഞ ഒരു വാള്‍ ആണിത്. സിഖുകാരുടെ ഉടലില്‍ തൂക്കിയിട്ടിരിക്കും. അവരുടെ മത നിയമപ്രകാരം നിര്‍ബന്ധമായും ഈ വാള്‍ കൈയില്‍ കരുതണം എന്നാണ്. എങ്കിലും ഇപ്പോഴത്തെ തലമുറ വാള്‍ കൊണ്ടുനടക്കുന്നത്കുറവാണ്?.

അതുപോലെ കഛു എന്ന സിഖുകാര്‍ ധരിക്കുന്ന ഒരുതരം അടിവസ്ത്രവും, കാര എന്ന പുരുഷന്മാരുടെ വലത്തെ കൈയില്‍ ധരിക്കുന്ന സ്റ്റീല്‍ വളയും കംഘ എന്ന പ്രത്യേക മരത്തിന്റെ തടി കഷ്ണം ചീകിയുണ്ടാക്കിയ ചീര്‍പ്പാണ് മറ്റുള്ള ക നിയമങ്ങളില്‍ വരുന്നത്. ഇങ്ങനെ സെമിറ്റിക്ക് മതങ്ങളുടെ അതേ റിജിഡിറ്റിയോടെയാണ്, സിഖുകാരുടെയും രീതികള്‍.

സിഖ് മതസ്ഥാപകന്‍ ഗുരു നാനാക് ആണെങ്കിലും സിഖ് മതത്തെ ചിട്ടപ്പെടുത്തിയത് ഗുരു ഗോവിന്ദ് സിംഗ് ആണ്. അദ്ദേഹമാണ് വ്യത്യസ്തമായ ആചാരാനുഷ്ഠാനങ്ങള്‍ക്കും ജീവിത രീതികള്‍ക്കും രൂപംനല്‍കിയത്. അഞ്ചു 'ക' എന്ന മതനിയമങ്ങള്‍ തയാറാക്കിയതും അദ്ദേഹമാണ്. 11 ഗുരുക്കന്മാരില്‍നിന്നും പകര്‍ന്ന സിഖ് മതം ഇന്ന് ഇന്ത്യയില്‍ രണ്ടു കോടിയോളം വിശ്വാസികളില്‍ എത്തിച്ചേര്‍ന്നു. ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ സംഘടിത മതവും ഇതാണ്.

മറ്റൊരു മതത്തിലും കാണാത്ത ഒരു പ്രത്യേകത കൂടി സിഖ് മതത്തിന് പറയാനുണ്ട്. യാചകര്‍ ഇല്ല എന്നതാണത്. അതിന് പിന്നിലെ കാരണം അവരുടെ ഐക്യമാണ്. സമൂഹത്തിന്റെ താഴെത്തട്ടിലുള്ള സിഖ് മത വിശ്വാസികള്‍ ചെറിയ പെട്ടിക്കട നടത്തിയും തെരുവ് കച്ചവടം നടത്തിയും ഓട്ടോ ഓടിച്ചും ജീവിക്കുന്നവരുണ്ട്. എന്നിരുന്നാല്‍ പോലും ആരുടെ മുന്നിലും അവര്‍ കൈനീട്ടാന്‍ വരില്ല. കൈയില്‍ പണം ഒന്നുമില്ലെങ്കിലും ആഹാരം കഴിക്കാന്‍ അമൃത്സര്‍ പോലുള്ള സ്ഥലങ്ങളിലെ ഗുരുദ്വാരകളിലെ ഊട്ടുപുരകള്‍ ഉള്ളടത്തോളം കാലം ആര്‍ക്കും ഭിക്ഷ യാചിക്കേണ്ട അവസ്ഥ വരില്ല എന്നത് മറ്റൊരു സത്യം.

പൊതുവെ ധൈര്യശാലികളും ആത്മാഭിമാനികളുമാണ് സിഖ് സമൂഹം. പക്ഷേ സെമിറ്റിക്ക് മതങ്ങളുടെ കാര്‍ക്കശ്യം അതിനുമുണ്ട്. അതുകൊണ്ടുതന്നെ മതം വിടുന്നവനോടും, മതവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവനോടും, ഇസ്ലാമിന്റെ അതേ രീതിയിലാണ് പലപ്പോഴും ഇവര്‍ പ്രതികരിക്കുന്നത്. കണ്ണിന് കണ്ണ് പല്ലിന് പല്ല് എന്ന ശൈലിയില്‍ തിരിച്ചടിക്കുന്നവരുമാണ് അവര്‍. ഔറംഗസീബിന്റെ കാലത്തൊക്കെ ഒരുപാട് കൊടിയ പീഡനങ്ങളിലൂടെ കടുന്നപോയവര്‍ ആണ് സിഖുകാര്‍. ഇന്ത്യാവിഭജനക്കാലത്തും, ഇന്ദിരാഗാന്ധി വധത്തിനുശേഷവും അവര്‍ ശരിക്കും വേട്ടയാടപ്പെട്ടു. പക്ഷേ അപ്പോഴോന്നും സിഖുകാര്‍ മതകാര്‍ക്കശ്യത്തില്‍ അല്‍പ്പംപോലും വെള്ളം ചേര്‍ത്തില്ലെന്നതും ശ്രദ്ധേയമാണ്.

ഷൂ തുടച്ച മുന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി

മതത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ അത് പ്രധാനമന്ത്രിയായാല്‍പ്പോലും ശിക്ഷിക്കുക എന്നതാണ് സിഖ് രീതി. സുവര്‍ണക്ഷേത്രത്തിന് സമീപമായ് കാലാതീതമായ ദൈവത്തിന്റെ സിംഹാസനം എന്നറിയപ്പെടുന്ന അകാല്‍ തഖ്ത് സ്ഥിതി ചെയ്യുന്നത്. സിഖ് മതവിശ്വാസവുമായി ബന്ധപ്പെട്ട പ്രധാന തീരുമാനങ്ങളെല്ലാം അവിടെയുള്ള പുരോഹിതരാണ് എടുക്കുക. തന്‍ഖാ ശിക്ഷ ലഭിക്കുന്നവരെ ചെരുപ്പ് വൃത്തിയാക്കുക, നിലം തുടയ്ക്കുക, ഭിക്ഷയെടുക്കുക, പാത്രങ്ങള്‍ കഴുകല്‍, ശുചി മുറികള്‍ വൃത്തിയാക്കുക, ഗുരുദ്വാരകളുടെ പരിസരം വൃത്തിയാക്കുക, അടുക്കള ജോലികള്‍ ചെയ്യുക എന്നിവ പോലുള്ള ശിക്ഷകളാണ് നല്‍കുന്നത്. താന്‍ പാപിയാണെന്ന് പ്രഖ്യാപിക്കുന്ന ഫലകം കഴുത്തില്‍ തൂക്കിയ ശേഷമാണ് ശിക്ഷ നടപ്പാക്കുന്നത്. പരസ്യമായിട്ടുള്ള ചാട്ടവാറടിയും നെറ്റിയില്‍ ചാപ്പകുത്തല്‍ അടക്കമുള്ള ശിക്ഷകളും ആദ്യകാലങ്ങളില്‍ നല്‍കിയിരുന്നു.

മുന്‍ രാഷ്ട്രപതിയും, മുന്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയുംവരെ അകാല്‍ തഖ്തിന്റെ വിചാരണ നേരിട്ടുണ്ട്. 1984-ല്‍ സുവര്‍ണക്ഷേത്രത്തില്‍ അഭയം തേടിയ തീവ്രവാദികളെ തുരത്താന്‍ സൈന്യം നടത്തിയ ഓപ്പറേഷന്‍ ബ്ലൂ സ്റ്റാറിലെ പങ്കിന് അന്നത്തെ ഇന്ത്യന്‍ പ്രസിഡന്റ് ഗ്യാനി സെയില്‍ സിംഗിനെയും കേന്ദ്ര ആഭ്യന്തര മന്ത്രി ബൂട്ടാ സിംഗിനെയും മത കോടതി തന്‍ഖാ ശിക്ഷക്ക് വിധിച്ചിരുന്നു.

രാഷ്ട്രപതിയായിരുന്ന സെയില്‍ സിംഗിന് രേഖാമൂലമുള്ള ക്ഷമാപണത്തിന്റെ അടിസ്ഥാനത്തിലാണ് അകാല്‍ തഖ്ത് മാപ്പുനല്‍കിയത്. സീഖ് മതത്തില്‍ നിന്നും പുറത്താക്കപ്പെട്ട ബൂട്ടാ സിംഗ് പത്ത് വര്‍ഷത്തിന് ശേഷം മത കോടതിയില്‍ നേരിട്ട് മാപ്പ് പറയുകയായിരുന്നു. തുടര്‍ന്ന് സിഖ് വിശ്വാസികളുടെ ഷൂ പോളിഷ് ചെയ്യണമെന്നുള്ള ശിക്ഷ നല്‍കുകയായിരുന്നു. ഒപ്പം നിലം തുടയ്ക്കും പാത്രം കഴുകല്‍ ശിക്ഷയും വിധിച്ചിരുന്നു. 1994 ഫെബ്രുവരി 20 ന് അദ്ദേഹം ശിക്ഷയേറ്റുവാങ്ങി. ഡല്‍ഹിയിലെ ബംഗ്ലാ സാഹിബ് ഗുരുദ്വാരയില്‍ ബൂട്ടാ സിംഗ് ഷൂസ് വൃത്തിയാക്കുന്നതിന്റെ ചിത്രങ്ങള്‍ അക്കാലത്ത് വലിയ ചര്‍ച്ചയായിരുന്നു. സിഖ് വിരുദ്ധ കലാപം വഴിയുണ്ടായ വൈരാഗ്യത്തിന് ഒരു പരിധിവരെ തടയിടാനും ബൂട്ടാസിങ്ങിനെ ഈ പ്രവര്‍ത്തികൊണ്ട് കഴിയട്ടെ എന്നാണ് അന്ന് ദ ഹിന്ദു പത്രം എഴുതിയത്. അങ്ങനെ ചെയ്തില്ലായിരുന്നെങ്കില്‍ അവര്‍ ബൂട്ടാസിങ്ങിനെയും കൊല്ലുമായിരുന്നു. അതാണ് സിഖ് രണവീര്യം. സ്നേഹിച്ചാല്‍ ചങ്ക് പറിച്ചുതരും. ഇടഞ്ഞാല്‍ തലയെടുക്കും!

സുവര്‍ണ്ണക്ഷേത്രത്തില്‍ നടന്ന സൈനിക നടപടിയാണ് മൂന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്കും ജീവന്‍ നഷ്ടപ്പെടാന്‍ ഇടായാക്കിയത്. പ്രധാനമന്ത്രിയുടെ സുരക്ഷാ ഡ്യൂട്ടിയിലുള്ള മുഴുവന്‍ സിഖ് ഉദ്യോഗസ്ഥരെയും പിന്‍വലിക്കണമെന്ന് ഐ ബി ആവശ്യപ്പെട്ടു. എന്നാല്‍ ഇന്ദിരാഗാന്ധി ഈ റിപ്പോര്‍ട്ട് തള്ളി. 'ആര്‍ വി സെക്യുലര്‍' എന്ന ചോദ്യം കുറിച്ചിട്ടാണ് അവര്‍ ആ ഫയല്‍ തള്ളിയത്. എന്നിട്ടും ഉദ്യോഗസ്ഥര്‍ ഏറെ ശ്രദ്ധിച്ചിരുന്നു. സത്വന്ത്സിങ്ങും ബിയാന്ത്സിങ്ങും അത്രമേല്‍ വിശ്വസ്തരും അര്‍പ്പണ ബോധവുമള്ളവര്‍ ആയിട്ടാണ് പ്രധാനമന്ത്രിയുടെ ഓഫീസ് വിലയിരുത്തിയത്. പക്ഷേ അവര്‍ തന്നെ സ്വന്തം ജീവന്‍ കൊടുത്ത് രാജ്യത്തിന്റെ പ്രധാനമന്ത്രിയുടെ ജീവനെടുത്തു! അതാണ് മതപ്പക.




 


ഓപ്പറേഷന്‍ ബ്ലാക്ക് തണ്ടറിന്റെ ഭാഗമായി 1986 ഏപ്രിലില്‍ സുവര്‍ണ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ സുരക്ഷാ സേനക്ക് അനുവാദം നല്‍കിയതിന് പഞ്ചാബിലെ അന്നത്തെ അകാലി ദള്‍ മുഖ്യമന്ത്രി സുര്‍ജിത് സിംഗ് ബര്‍ണാലയെ അകാല്‍ തഖ്ത് സമുദായത്തില്‍ നിന്ന് പുറത്താക്കിയിരുന്നു. വിശ്വാസികളുടെ ഷൂ വൃത്തിയാക്കാനും ഭിക്ഷയെടുക്കാനുമാണ് ബര്‍ണാലയോട് ആവശ്യപ്പെട്ടത്. അഞ്ച് വര്‍ഷത്തിന് ശേഷം അദ്ദേഹം ഉത്തരവ് അനുസരിച്ചു. 21 ദിവസമായിരുന്നു അദ്ദേഹം ഷൂ പോളിഷിംഗ് ജോലി ചെയ്തത്!ആദ്യ സിഖ് ചക്രവര്‍ത്തി മഹാരാജ രഞ്ജിത് സിംഗ്, അകാലി ദള്‍ പ്രസിഡന്റ് ജഗ്ദേവ് സിംഗ് തല്‍വണ്ടി, അകാല്‍ തഖ്തിന്റെ മുന്‍ തലവന്‍ ദര്‍ശന്‍ സിംഗ് എന്നിവര്‍ക്കാണ് ഇതിന് മുമ്പ് ശിക്ഷ ലഭിച്ച മറ്റ് ചില പ്രമുഖ വ്യക്തികള്‍.

ഐസിസ് മോഡലില്‍ ഖല്‍സകള്‍

ഐ.എസ് തീവ്രവാദികളും താലിബാനുമൊക്കെ ഇന്ന് തലവെട്ടുന്നതും കല്ലെറിഞ്ഞ് കൊല്ലുന്നതും, സ്വയം പൊട്ടിത്തെറിക്കുന്നതുമൊക്കെ കണ്ടിട്ടില്ലേ. അതുപോലെ ഒരു ഭീകരത ചെയ്യാന്‍ കഴിവുള്ളവരും സിഖ് സമുദായത്തിലുണ്ട്. അതാണ് നിഹാംഗുകള്‍ എന്ന് പറയുന്ന സിഖ് കള്‍ട്ടുകള്‍. 2021-ലെ കര്‍ഷക സമയത്ത്് ഇവര്‍ മതനിന്ദ ആരോപിച്ച് നടത്തിയ കൊലകള്‍ ദേശവ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഹരിയാന-ഡല്‍ഹി അതിര്‍ത്തിയിലെ സിംഗുവില്‍ കര്‍ഷകപ്രക്ഷോഭത്തിനിടെ. മതനിന്ദ ആരോപിച്ച് ഒരു ദലിത് യുവാവിനെ ആദ്യം കൈപ്പത്തി ഛേദിച്ചും പിന്നീട്, കാല്‍വെട്ടിയും, മണിക്കൂറുകള്‍ വിചാരണ ചെയ്ത്, രക്തം വാന്നൊഴുമ്പോഴും ആര്‍ത്ത് ചിരിച്ച്, ഒടുവില്‍ ഒരു പൊലീസ് ബാരിക്കേഡില്‍ കൊളത്തിയിട്ട് ഭീകരമായാണ് ഇവര്‍ കൊന്നത്. വാര്‍ത്ത വന്ന് മിനുട്ടുകള്‍ കഴിഞ്ഞില്ല, ഐ.എസും താലിബാനും ചെയ്യുന്നതുപോലെ സംഭവത്തിന്റെ ഉത്തരവാദിത്വം നിഹാംഗുകള്‍ എന്ന ഒരു സിഖ് വിഭാഗം ഏറ്റെടുത്തു. മതനിന്ദ തങ്ങള്‍ പൊറുപ്പിക്കില്ലെന്നും സിഖ്കാരെ അപമാനിച്ചാല്‍ ഏത് അറ്റംവരെ പോകുമെന്നും അവര്‍ പരസ്യമായി വീഡിയോ ചെയ്യുന്നു. ഇവിടെയാണ് നിഹാംഗുകള്‍ ഐ.എസിന്റെ സിഖ് പതിപ്പാണെന്ന് വിമര്‍ശനം ഉയരുന്നത്.. ഇവരെ നിയന്ത്രിച്ചില്ലെങ്കില്‍ വീണ്ടുമൊരു ഭിന്ദ്രന്‍വാലക്കാലം പഞ്ചാബില്‍ ഉണ്ടാകുമെന്ന് പല സാമൂഹിക നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നുണ്ട്.

ഗുരുഗ്രന്ഥ സാഹിബ് എന്ന സിഖ് മതപുസ്തകത്തെ അപമാനിച്ചു എന്നതാണ് കൊല്ലപ്പെട്ടയാളിന്റെ മേല്‍ ആരോപിക്കപെടുന്ന കുറ്റം! ഇര ലക്ബീര്‍സിങ് എന്ന 35 വയസ്സുമാത്രമുള്ള എന്ന പേരുള്ള ദളിത് തൊഴിലാളിയായിരുന്നു. ഇയാള്‍ ഗുരുഗ്രന്ഥ സാഹിബിനെ അപാമാനിച്ചു എന്നതും വ്യാജമാണെന്ന് പിന്നീട് പൊലീസ് കെണ്ടത്തി. ഇത്തരത്തിലുള്ള നിരവധി കൊലകള്‍ക്ക് കുപ്രസിദ്ധരാണ് നിഹാംഗുകള്‍.ഡല്‍ഹിയില്‍ കര്‍ഷക സമരം കൊടുമ്പരികൊള്ളുമ്പോള്‍, നീല പരമ്പരാഗത വസ്ത്രവും തലപ്പാവും ധരിച്ച്, പടച്ചയട്ടയണിഞ്ഞ്, ഊരിപ്പിടിച്ച വാളും കുന്തുവുമേന്തി കുതിരപ്പുറത്ത് വരുന്ന ഒരു വിഭാഗം സിഖുകള്‍ ഏവരുടെയും ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. അവരാണ് നിഹാംഗുകള്‍. അകാലി അഥവാ അനശ്വരര്‍ ആയവര്‍ എന്നാണ് നിഹാംഗ് എന്ന വാക്കിന്റെ അര്‍ഥം. ഗുര േഹര്‍ഗോബിന്ദ് ആരംഭിച്ച അകാലിദള്‍ എന്നതില്‍ ( മരണമില്ലാത്ത സൈന്യം, അഥവാ ദൈവത്തിന്റെ സൈന്യം) നിന്നുണ്ടായ സായുധ വിഭാഗമാണ് നിഹാംഗുകള്‍ എന്നതാണ് ചരിത്രം. ഡല്‍ഹി അതിര്‍ത്തിയിലെ കര്‍ഷക സമര മുഖത്തേക്ക് അവരുടെ വരവൊന്ന് കാണേണ്ടതായിരുന്നു. കുതിരപ്പുറത്ത് സര്‍വായുധരായി എത്തിയ അവക്കൊപ്പം, പരിശീലനം സിദ്ധിച്ച പരുന്തുകളും ഉണ്ടായിരുന്നു. പേര്‍ഷ്യന്‍ ഭാഷയില്‍നിന്നാണ് നിഹാംഗ് എന്ന വാക്ക് ഉദ്ഭവിച്ചത് എന്നാണ് സിഖ് ചരിത്രകാരനായ ഡോ ബല്‍വന്ത് സിങ്് ധില്ലന്‍ പറയുന്നത്്. വാളും പേനയും ഏന്തിയവന്‍ എന്നതാണ് അതിന് അര്‍ഥം.

അതിനാല്‍ ആദ്യകാല സിഖ് സൈനിക ചരിത്രത്തില്‍ ഇവര്‍ക്ക് പ്രമുഖ സ്ഥാനമുണ്ട്. പരമ്പരാഗതമായി യുദ്ധഭൂമിയിലെ ധീരതയ്ക്കും ക്രൂരതക്കും പേരുകേട്ട നിഹാംഗ് വിഭാഗം ഒരിക്കല്‍ സിഖ് സാമ്രാജ്യത്തിലെ സായുധ സേനയായ, സിഖ് ഖല്‍സ സൈന്യത്തില്‍ സ്വന്തമായി ഗറില്ലാ വിഭാഗങ്ങള്‍ അടക്കം, ഉണ്ടായിരുന്നവര്‍ ആണ്. സഹജീവികളുടെ സുരക്ഷയാണ് ഇവരുടെ ചുമതല. ഗുരുദ്വാരയുടെ കാവല്‍ക്കാര്‍ കൂടിയാണ് നിഹാംഗുകള്‍. സാധാരണ സിഖുകാരില്‍നിന്ന് വ്യത്യസ്മായ പ്രാര്‍ത്ഥനകളും ആചാരങ്ങളുമാണ്, നിഹാംഗുകള്‍ പിന്തുടരുന്നത്. കര്‍ശനമായ ചിട്ടകളും കഠിനമായ ജീവിത രീതികളും പിന്തുടരുന്ന ഇവര്‍, പുകവലിക്കുകയോ മദ്യപിക്കുകയോ ചെയ്യാറില്ല. രണ്ടുനേരം പ്രാര്‍ത്ഥിക്കുകയും ധ്യാനിക്കുകയും ചെയ്യാറുണ്ട്. എന്നാല്‍ ബി.ബി.സി അടുത്തിടെ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ മതാഘോഷ വേളകളില്‍ ഇവര്‍ ഷഹീദി ദേഹ് കുടിക്കാറുണ്ടെന്ന് പറയുന്നു. കഞ്ചാവിന് സമാനമായ ഇലകള്‍ ചേര്‍ത്ത് ഉണ്ടാക്കുന്ന പാനീയമാണിത്. ദൈവത്തിനോട് ചേര്‍ന്ന് ഇരിക്കാനാണ് ഇവര്‍ ഇത് കുടിക്കുന്നത് എന്നാണ് ലേഖനത്തില്‍ പറയുന്നത്. ആഹാരമോ പാര്‍പ്പിടമോ തുടങ്ങി ഒന്നിനും മറ്റുള്ളവരെ ആശ്രയിക്കാത്ത, സ്വയാശ്രിത സമൂഹം കൂടിയാണ് നിഹാംഗുകള്‍. സമരഭൂമിയായാലും അവരവര്‍ക്ക് ആവശ്യമുള്ള ഭക്ഷണം അടക്കമുള്ള കാര്യങ്ങള്‍ സ്വന്തം നിലയില്‍ നിറവേറ്റുന്നു. യുദ്ധ സമയങ്ങളിലോ മറ്റ് അപകട സമയങ്ങളിലോ, തങ്ങളുടെ ജനത്തെയും വിശ്വാസത്തെയും, സംരക്ഷിക്കാന്‍ ബാധ്യസ്ഥരാണെന്ന് ഇവര്‍ കരുതുന്നു. സദാ ആയുധങ്ങള്‍ കൂട്ടിനുണ്ടെങ്കിലു ഗുരുനാനാക്കിന് ജയ് വിളിച്ച് മതബോധത്തോടെ പ്രാര്‍ത്ഥനാ നിര്‍ഭരമായാണ് നിഹാംഗുകളുടെ പ്രവര്‍ത്തികള്‍. ആയുധമില്ലാത്തവനെ ആക്രമിക്കില്ല എന്നാണ് ഇവരുടെ നിയമം. എന്നാല്‍ ഉടവാള്‍ പുറത്തെടുത്താല്‍ രക്തം പുരളാതെ ഉറയില്‍ തിരികെ ഇടില്ലെന്നും ഇവര്‍ പറയുന്നു. വാളും പരിചയും ശരീരത്തിന്റെ ഭാഗമായി കരുതുന്ന ഇവര്‍ ആദ്യകാലത്ത് ചെരിപ്പ് ധരിച്ചിരുന്നില്ല. നഗ്ന പാദരായാണ് ജീവിക്കച്ചിരുന്നത്. പക്ഷേ ഇപ്പോള്‍ മിക്കവര്‍ക്കും ഷൂ ഉണ്ട്.


 



സിഖ് പാരമ്പര്യങ്ങള്‍ പിന്തുടരുന്ന ആര്‍ക്കും നിഹാംഗുകളാകാം, അവരുടെ അഞ്ച് നിബന്ധനകളും ഓര്‍ക്കണം. ഒരു മണിക്ക് പ്രാര്‍ത്ഥന ചടങ്ങുകള്‍ ആരംഭിക്കും, അവരുടെ യുദ്ധ ഗ്രൂപ്പില്‍ ചേര്‍ക്കും. ഖല്‍സ സ്ഥാപിക്കുമ്പോള്‍ നല്‍കിയ ആയുധവും വസ്ത്രവും അവര്‍ക്ക് നല്‍കും. യഹൂദന്മാരെപ്പോലെ തന്നെ ലോകത്തില്‍ ഏറ്റവും കൂടുതല്‍ പീഡിപ്പിക്കപ്പെട്ട ജനതയാണ് സിഖുകാര്‍. അഫ്ഗാനില്‍നിന്നെത്തിയ അഹമ്മദ് ഷാ അബ്ദാദിയുടെ ആവര്‍ത്തിച്ചുട്ടുള്ള ആക്രമണങ്ങളില്‍നിന്നും, വംശഹത്യയില്‍നിന്നും സിഖു വിഭാഗത്തെ രക്ഷിച്ചത് നിഹാംഗുകളുടെ പോരാട്ട വീര്യമായിരുന്നു. മഹാരാജ് രഞ്ജിത് സിങിന്റെ കാലത്ത് അവര്‍ക്ക് സേനയില്‍ പ്രത്യേക സ്ഥാനം ഉണ്ടായിരുന്നു. മുഗള്‍ രാജാവ് ഔറംഗ സീബിന്റെ കാലത്തും സിഖുകാര്‍ക്ക് നേരെ നടന്ന ക്രൂരമായ ആക്രമണങ്ങളിലും അവര്‍ പ്രതിരോധം തീര്‍ത്തിരുന്നു. തങ്ങളെ ആക്രമിക്കുന്നതിന് സമാനമായി ക്രൂരമായി തിരിച്ചടിക്കാനും നിഹാംഗുകള്‍ക്കായി. ഇന്ത്യാ- പാക് വിഭജനത്തിന്റെ സമയത്തായിരുന്നു ക്രൂരതകളുടെ പുതിയ പരീക്ഷണങ്ങള്‍ അരങ്ങേറിയത്. പാക്കിസ്ഥാന്റെ ക്രുരതകള്‍ക്ക് മറുപടിയായി ഒരു ട്രയിന്‍ മൂഴുവന്‍ മുസ്ലീങ്ങളുടെ ജഡം കൊണ്ട് നിറച്ചത് പില്‍ക്കാലത്ത് പലരും എഴുതിയിട്ടുണ്ട്. തന്റെ മതത്തിന്റെയും ആചാരങ്ങളുടെയും സംരക്ഷണത്തിനായി ജീവിതം ഉഴിച്ചുവെച്ച നിഹാംഗുകള്‍ക്ക് അത്തരം ആക്രമണങ്ങളിലുള്ള പങ്ക് പ്രത്യേകം പറയേണ്ടതില്ലല്ലോ.

പഞ്ചാബില്‍ സിഖ് ഭീകരവാദം തഴച്ചുവളര്‍ന്ന എണ്‍പതുകളുടെ തുടക്കത്തില്‍ ഒരു വിഭാഗം നിഹാംഗുകളുടെ പിന്തുണ ഭിന്ദ്രന്‍ വാലക്ക് കിട്ടിയിരുന്നുവെന്നതും പരസ്യമായ രഹസ്യമാണ്. കൃത്യമായി ആയുധ പരിശീലനം കിട്ടിയ ഇവരെ ഭീകരവാദത്തിലേക്ക് പരിശീലിപ്പിക്കുകയും എളുപ്പമായിരിക്കാം. പൊലീസുകാന്റെ കൈവെട്ടിലൂടെ വീണ്ടും ബ്ലൂസ്റ്റാര്‍ ഓപ്പറേഷനും, ഇന്ദിരാഗാന്ധി വധവും സിഖ് കൂട്ടക്കൊലയുമൊക്കെ കലുഷിതമാക്കിയ 80കള്‍ക്കുശേഷം എതാണ്ട് നിര്‍ജജീവമായ നിഹാംഗുകള്‍ 90കളുടെ അവസാനത്തോടെയാണ് വീണ്ടും തലപൊക്കെുന്നത്. കര്‍ഷക സമരത്തിന്റെ മറവിലാണ് അവര്‍ കയറി വന്നത്. ഈ മതകാര്‍ക്കശ്യക്കാരുടെ കൂട്ടത്തില്‍ ഇവരുമുണ്ട്.

കാനഡ വഴി വരുന്ന തീവ്രവാദം

ഇപ്പോള്‍ ഈ മതകോടതിയൊയൊക്കെ ഭാരതം പേടിക്കുന്നത് വര്‍ധിച്ചുവരുന്ന ഖലിസ്ഥാന്‍ വാദത്തിന്റെ പശ്ചാത്തലത്തിലാണ്. കാനഡയില്‍നിന്നാണ് ഈ വിഘടനവാദത്തിന് ഫണ്ട് വരുന്നത്. ഒരു സ്വതന്ത്ര സിഖ് മാതൃരാജ്യമായ ഖാലിസ്ഥാന്‍ സൃഷ്ടിക്കുന്നതിനായി വാദിച്ചുകൊണ്ട് സിഖ്‌സ് ഫോര്‍ ജസ്റ്റിസ് (എസ്എഫ്‌ജെ) എന്ന സംഘടനയാണ് ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അതി ശക്തമായി നടത്തുന്നത്. ന്യജന്‍ ബ്രിന്ദന്‍വാല എന്ന് വിശേഷിപ്പിക്കപ്പെടുന്ന,

കനേഡിയന്‍-അമേരിക്കന്‍ അഭിഭാഷകനായ ഗുര്‍പത്വന്ത് സിംഗ് പന്നൂനാണ് ഈ നീക്കങ്ങള്‍ക്ക് പിന്നില്‍. നേരത്തെ കാനഡയിലെ ചില സിഖ് തീവ്രവാദികള്‍ അജ്ഞാതരാല്‍ കൊല്ലപ്പെട്ടതും, കാനഡ അത് ഇന്ത്യയുടെ മേല്‍ പഴിചാരിയതുമൊക്കെ ഏറെ വാര്‍ത്തയായിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വഷളാവുന്ന രീതിയിലേക്ക് വരെ ഖലിസ്ഥാന്‍ പ്രശ്നം വളര്‍ന്നു. കാനഡയിലെ ജസ്റ്റിന്‍ ട്രൂഡോ സര്‍ക്കാറിനെ നിയന്ത്രിക്കുന്ന രീതിയില്‍പോലും, അവിടെ സിഖ് വിഘടന സംഘടനകള്‍ വളര്‍ന്നു കഴിഞ്ഞു. ഈയിടെ ന്യൂസിലാന്‍ഡിലും, യുകെയിലും അടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും, ഇന്ത്യക്കെതിരെ റഫറണ്ടം നടന്നിരുന്നു. ഖലിസ്ഥാന്‍ എന്ന രാജ്യം വേണാ എന്ന ആവശ്യം മൂന്‍ നിര്‍ത്തിയായിരുന്നു സിഖ് സമുഹത്തിന്റെ റഫറണ്ടം.

അവിടെയാണ് കഴിഞ്ഞ ദിവസം സുവര്‍ണ്ണ ക്ഷേത്രത്തിലുണ്ടായ വെടിവെപ്പിലും നാം പേടിക്കേണ്ടത്. സുഖ്ബീര്‍ സിങ് ബാദലിനെ വെടിവെച്ചയാള്‍ ഖലിസ്ഥാന്‍ തീവ്രവാദിയാണ്. സ്വന്തം മതരാജ്യത്തിനുവേണ്ടിയുള്ള പണിയാണ് അയാള്‍ എടുക്കുന്നത്! വെടിവെപ്പ് ഉണ്ടായതോടെ സുഖ്ബീര്‍ സിങ് ബാദല്‍ ഈ സ്വയം ശിക്ഷിക്കല്‍ പരിപാടി നിര്‍ത്തിയെന്നാവുംനാം കരുതുക. പക്ഷേ അതുണ്ടായില്ല. അകാല്‍തഖ്തിന്റെ ശിക്ഷ ശിരസ്സാവഹിച്ചുകൊണ്ട് സുഖ്ബിര്‍ സിങ് ബാദല്‍, ആനന്ദ്പുര്‍ സാഹിബ് ഗുരുദ്വാരയില്‍ സേവ ചെയ്യാനെത്തി. വീല്‍ചെയറില്‍ത്തന്നെയാണ് ആനന്ദിപുരിലും സുഖ്ബിര്‍ കാവലിരുന്നത്. അതാണ് മതഭീകരത. മതകോടതിയെ ലംഘിച്ചാല്‍ നിങ്ങള്‍ സമുദായത്തില്‍ ഒന്നുമല്ലാതായി മാറും. മരിച്ചാല്‍പോലും ഗതികിട്ടാത്തവനാവുമെന്ന് ചെറുപ്പത്തിലേ കുത്തിവെപ്പിക്കപ്പെട്ടാണ് ഓരോ സിഖ് കുഞ്ഞും വളരുന്നത്.


 



ബാദലിന്റെ സുരക്ഷയില്‍ വന്‍ വീഴ്ച ചൂണ്ടിക്കാട്ടി കഴിഞ്ഞദിവസം ശിരോമണി അകാലിദള്‍ ജനറല്‍ സെക്രട്ടറി ബിക്രം സിങ് മജിദിയ അമൃത്സര്‍ പോലീസ് കമ്മീഷണര്‍ ഗുര്‍പ്രീത് സിങ് ഭുള്ളറിനെതിരെ കടുത്ത വിമര്‍ശനമുന്നയിച്ചിരുന്നു. സഹതാപം പിടിച്ചുപറ്റാനായി ബാദല്‍ തന്നെ ആസുത്രണം ചെയ്ത സംഭവമായിരിക്കാം ഇതെന്നായിരുന്നു ഭുള്ളറിന്റെ പ്രസ്താവന. തന്റെ തൊപ്പി സംരക്ഷിക്കാനും സുരക്ഷാവീഴ്ച മറച്ചുവെക്കാനുമാണ് ഭുള്ളര്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയത് എന്നായിരുന്നു ബിക്രം സിങ് കുറ്റപ്പെടുത്തിയത്. എന്നാല്‍ പോലീസ് ഉണര്‍ന്നുപ്രവര്‍ത്തിച്ചതിനാല്‍ വധശ്രമം പരാജയപ്പെടുത്താനായെന്നും സംഭവത്തില്‍ സമഗ്രാന്വേഷണമാരംഭിച്ചെന്നുമാണ് ഭുള്ളര്‍ പ്രതികരിച്ചത്.

ക്രിമിനല്‍ പശ്ചാത്തലമുള്ള പ്രതിയെ പോലീസുകാരിലൊരാള്‍ ശ്രദ്ധിച്ചിരുന്നതിനാലാണ് തോക്ക് പുറത്തെടുത്തയുടന്‍ അക്രമിയുടെ കൈകള്‍ പിടിച്ചുവെക്കാനായത്.. ദിശമാറി വെടിയുണ്ട ബാദല്‍ ഇരുന്നതിനുപുറകിലെ ചുവരിലാണ് പതിച്ചത്. 190-ലേറെ പോലീസുകാര്‍ ക്ഷേത്രത്തില്‍ സുരക്ഷാഡ്യൂട്ടിയിലുന്നപ്പോഴാണ്, സെഡ് പ്ലസ് സുരക്ഷയുള്ളയാളാണ് ബാദലിനുനേരെ വെടിവെപ്പുണ്ടായത് എന്നോര്‍ക്കണം.

വാല്‍ക്കഷ്ണം: ശുദ്ധമായ മതം എന്നാല്‍ ശുദ്ധമായ ഭീകരവാദമാണ് എന്ന് ഒരിക്കല്‍ കൂടി തെളിയുകയാണ്. സിഖ് സമൂഹത്തെ കൂടുതല്‍ മതേതരവത്ക്കരിക്കുക മാത്രമാണ് വിഘടനവാദത്തിനുള്ള ശാശ്വതമായ പോംവഴിയെന്ന് പല സാമൂഹിക നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നുണ്ട്.

Tags:    

Similar News