ഹിന്ദു വീടുകളും കടകളും നോക്കി കൊള്ളയും കൊള്ളിവെപ്പും; കൊല്ലപ്പെട്ടവില്‍ രണ്ടുപേര്‍ വഖഫ് നിയമത്തെ എതിര്‍ക്കുന്ന സിപിഎമ്മുകാര്‍; പള്ളികള്‍ പിടിച്ചെടുക്കുമെന്ന് കുപ്രചാരണം; പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രീണനനയമെന്ന് വിമര്‍ശനം; ബംഗാളില്‍ 'മമതയുടെ ഇസ്ലാമിക ഖിലാഫത്തോ'?
ബംഗാളില്‍ 'മമതയുടെ ഇസ്ലാമിക ഖിലാഫത്തോ'?
ഇന്ത്യയില്‍ കലാപങ്ങളിലുടെ ചോര ഏറ്റവും കൂടുതല്‍ ഒഴുകിയ സംസ്ഥാനം ഏതെന്ന് ചോദിച്ചാല്‍ അതിന് ഒരു ഉത്തരമേയുള്ളൂ, പശ്ചിമ ബംഗാള്‍. വിഭജനത്തിന് മുമ്പേ തന്നെ ഹിന്ദു-മുസ്ലീം കലാപങ്ങളുടെ കേന്ദ്രമായിരുന്നു അത്. വിഭജനത്തെത്തുടര്‍ന്നുണ്ടായ നരഹത്യകള്‍ക്ക് കണക്കില്ല. തുടര്‍ന്ന് ബംഗ്ലാദേശ് യുദ്ധമുണ്ടായപ്പോഴും ബംഗാളിലേക്ക് ആയിരിക്കള്‍ ചോരയൊലിപ്പിച്ചെത്തി. അതിനുശേഷവും ബംഗാളില്‍ മനുഷ്യരക്തം ഒരുപാട് ഒഴുകി.
ഇന്നും ബംഗാളില്‍ രുധിരകാലമാണ്. ഓരോ തിരഞ്ഞെടുപ്പികളിലും വെട്ടും കുത്തും കൊള്ളയും. മിനിമം 50 പേരരെങ്കിലും മരിക്കാതെ ബംഗാളില്‍ ഒരു ഇലക്ഷനും അവസാനിക്കാറില്ല. രാമനവമിയും, മുഹറം ഘോഷയാത്രയും, കൃഷ്ണാഷ്ടമി യാത്രയുമൊക്കെ നടക്കുമ്പോള്‍ സാധാരണക്കാരന്റെ ചങ്കിടിക്കും. ഇന്ന് ആരുടെ ചോര വീഴും! നേരത്തെ സിഎഎ സമരത്തിന്റെ പേരില്‍ ബംഗാള്‍ കലുഷിതമായിരുന്നു. ഇപ്പോഴിതാ വഖഫ് നിയമത്തിന്റെ പേരിലാണ്, ബംഗാളില്‍ ചോരക്കളി നടക്കുന്നത്.
വഖഫിന്റെ പേരില്‍ വര്‍ഗീയകലാപം
വഖഫ് ഭേദഗതി നിയമത്തിനെതിരേ ബംഗാള്‍, അസം, ത്രിപുര ഈ മൂന്ന് സംസ്ഥാനങ്ങളിലാണ് പ്രശ്നങ്ങള്‍ ഉണ്ടായത്. ബംഗാളിലെ മുര്‍ഷിദാബാദിലാണ് കലാപം രൂക്ഷമായത്. അക്രമത്തില്‍ ഇതുവരെ മൂന്നുപേര്‍ കൊല്ലപ്പെട്ടു, നൂറുകണക്കിന് ആളുകള്‍ക്ക് പരിക്കേറ്റു. 150-ലധികം പേര്‍ അറസ്റ്റിലായി. മുര്‍ഷിദാബാദിലെ സുതി, ധുലിയന്‍, ജംഗിപൂര്‍, സംസര്‍ഗഞ്ച് പ്രദേശങ്ങളിലാണ് നിയമത്തിനെതിരേയുള്ള പ്രതിഷേധം അക്രമാസക്തമായത്. കടകള്‍, ഹോട്ടലുകള്‍, വീടുകള്‍ എന്നിവ കത്തിച്ചതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ശരിക്കും വര്‍ഗീയ കലാപം തന്നെയാണ് ഇവിടെ ഉണ്ടായത് എന്നാണ് നിഷ്പക്ഷരായ സോഷ്യല്‍ മീഡിയാ ആക്റ്റീവിസ്റ്റുകള്‍ പറയുന്നത്. ഹിന്ദുക്കളുടെ വീടുകളും കടകളും തിരഞ്ഞുപിടിച്ചാണ് കൊള്ളയും, കൊള്ളിവെപ്പും നടന്നത്.
ധുലിയനിലെ മന്ദിര്‍പാറ പ്രദേശത്ത് വീടുകള്‍ക്ക് തീയിട്ടതായും സ്ത്രീകളെയും പെണ്‍കുട്ടികളെയും പുറത്തുനിന്നുള്ളവരും ചില നാട്ടുകാരും ചേര്‍ന്ന് ഉപദ്രവിച്ചതായും യുവതി പറഞ്ഞതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. വീടുകളിലേക്ക് സ്‌ഫോടകവസ്തു എറിഞ്ഞതായും കേന്ദ്രസേനയുടെ സഹായത്തോടെയാണ് രക്ഷപ്പെട്ടതെന്നും മറ്റൊരു സ്ത്രീ പറഞ്ഞു. കൈകള്‍ കൂപ്പിയിട്ടും അക്രമകാരികള്‍ വെറുതെവിട്ടില്ലെന്നും കിട്ടിയ സാധനങ്ങള്‍ എടുത്ത് രക്ഷപ്പെടുകയായിരുന്നെന്നും ഒരു വയോധിക പറഞ്ഞു.
സാംസര്‍ഗഞ്ച്, ധൂലിയന്‍ പ്രദേശങ്ങളില്‍ കൂടുതല്‍ പോലീസിനെ വിന്യസിച്ചു. അക്രമപ്രദേശങ്ങളില്‍നിന്ന് ആളുകള്‍ കൂട്ടമായി ഒഴിഞ്ഞുപോകുകയാണ്. ഭാഗീരഥി നദികടന്ന് മാള്‍ഡയിലേക്കാണ് ആളുകള്‍ പോകുന്നതെന്ന വാര്‍ത്ത പിടിഐ റിപ്പോര്‍ട്ട് ചെയ്തു. 500-ലധികം പേര്‍ ഇതുവരെ അക്രമപ്രദേശങ്ങളില്‍നിന്ന് ഒഴിഞ്ഞുപോയി. ഇതില്‍ കൂടുതലും സ്ത്രീകളാണ്. ധൂലിയന്‍, സുതി, ജംഗിപുര്‍ പ്രദേശങ്ങളില്‍നിന്നാണ് കൂടുതല്‍പ്പേര്‍ ഒഴിയുന്നത്. കുടുംബങ്ങള്‍ക്ക് താമസവും ഭക്ഷണവും പ്രാദേശിക ഭരണകൂടം സ്‌കൂളുകളില്‍ ഒരുക്കി. ബോട്ടുകളില്‍ എത്തുന്നവരെ സഹായിക്കാന്‍ നദീതീരത്ത് സന്നദ്ധപ്രവര്‍ത്തകരെ വിന്യസിച്ചിട്ടുണ്ട്. അക്രമകാരികളെ തുരത്താന്‍ കൂടുതല്‍ കേന്ദ്രസേനയിറങ്ങി. കൂടുതല്‍ കേന്ദ്രസേനയെ ഇറക്കണമെന്ന് ഹൈക്കോടതിയും ഉത്തരവിട്ടിരുന്നു.
ബംഗാള്‍ കത്തുകയാണെന്നും ധുലിയാനില്‍ നിന്നുള്ള 400-ലധികം ഹിന്ദുക്കള്‍ മാള്‍ഡയില്‍ അഭയം തേടിയെന്നും പ്രതിപക്ഷനേതാവ് സുവേന്ദു അധികാരി പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രീണനരാഷ്ട്രീയം അക്രമകാരികള്‍ക്ക് ധൈര്യം പകരുന്നതായും അദ്ദേഹം ആരോപിച്ചു. അതിനിടെ തൃണമൂല്‍ കോണ്‍ഗ്രസ് എംപിയും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായ യൂസഫ് പഠാന്റെ സാമൂഹികമാധ്യമ പോസ്റ്റ് വിവാദത്തിലായി. 'ശാന്തമായ അന്തരീക്ഷത്തില്‍ നല്ല ചായ കുടിക്കുന്നു' എന്ന തരത്തിലുള്ള പോസ്റ്റാണ് വിവാദമായത്. പോസ്റ്റിനെ വിമര്‍ശിച്ച് പ്രതിപക്ഷമടക്കം രംഗത്തെത്തി.ഇന്ത്യന്‍ സെക്കുലര്‍ ഫ്രണ്ടിന്റെ (ഐഎസ്എഫ്) നേതൃത്വത്തിലാണ് പ്രതിഷേധങ്ങള്‍ നടക്കുന്നത്. ഇവര്‍ക്ക് തൃണമൂലിന്റെ പരോക്ഷ പിന്തുണയുണ്ട്. പ്രതിഷേധക്കാര്‍ കൊല്‍ക്കത്തയിലേക്ക് പ്രവേശിക്കാന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ പൊലീസ് അത് തടഞ്ഞതുകൊണ്ട് വന്‍ അക്രമം ഒഴിവായി.
സിപിഎമ്മുകാരും കൊല്ലപ്പെടുന്നു
ബംഗാളില്‍ ഒരുപാട് വര്‍ഗീയ കാലാപങ്ങള്‍ കണ്ട ജില്ലയാണ് മുര്‍ഷിദബാദ്. ഏതാണ്ട്, 70 ശതമാനത്തോളം മുസ്ലീങ്ങള്‍ ഉള്ള ജില്ല. ഇവരില്‍ 90 ശതമാനവും തൃണമൂലിന്റെ വോട്ട് ബാങ്കാണ്. ഇവിടുത്തെ മുന്ന് ലോക്സഭാ മണ്ഡലങ്ങളിലും ടിഎംസിയാണ് ജയിച്ചത്. 22 നിയമസഭാസീറ്റുകളില്‍ ഇരുപതും തൃണമൂല്‍ നേടി. രണ്ടിടത്ത് ബിജെപിയാണ് ജയിച്ചത്. പക്ഷേ ആ രണ്ട് ബിജെപിക്കാരും തൃണമൂലിലേക്ക് കുറുമാറി! കാരണം അത്രക്ക് ഭീകരമാണ് അവിടെ തൃണമൂലിന്റെ ഗുണ്ടായിസം. ത്രിണമൂലില്‍ ചേര്‍ന്നില്ലെങ്കില്‍ ജീവനുണ്ടാവില്ല.
മുമ്പ് സിപിഎമ്മിന്റെ കോട്ടയായിരുന്നു ഇവിടം. എന്നാല്‍ മമത ഉയര്‍ത്തുവന്നതോടെ മുസ്ലീം വോട്ടുകള്‍ കൂട്ടത്തോടെ അവരുടെ പെട്ടിയില്‍ വീണു. സിപിഎം ബിജെപിക്കും കോണ്‍ഗ്രസിനും, പിറകില്‍ നാലാംസ്ഥാനത്തേക്ക് വീണു. പോളിറ്റ്ബ്യുറോ അംഗമായിരുന്നു മുഹമ്മദ് സലീം, രണ്ടാമത് എത്തിയത് മാത്രമാണ് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന് എടുത്തുപറയാന്‍ കഴിയുന്ന ഒരു നേട്ടം.
നേരത്തെ മുര്‍ഷിദാബാദില്‍ ബൈക്ക് ബ്രിഗേഡുകള്‍ ഉണ്ടാക്കി സിപിഎമ്മിന് അക്രമം അഴിച്ചുവിടാന്‍ ഒരു സേന തന്നെയുണ്ടായിരുന്നു. മുക്താര്‍ബാഹിനി എന്ന പേരില്‍ ഒരു അര്‍ധ സൈനിക വ്യൂഹംപോലെയുള്ള ഒരു അക്രമപ്പടയും പാര്‍ട്ടിക്ക് ഉണ്ടായിരുന്നു. അധികാരംപോയതോടെ ഈ അക്രമ സംഘം മൊത്തമായി തൃണമൂലിലേക്കു പോയി. ഇപ്പോള്‍ അവരുടെ ആക്രമണത്തില്‍ സിപിഎമ്മിന് പിടിച്ചുനില്‍ക്കാന്‍ കഴിയുന്നില്ല. അങ്ങനെയാണ് അവശേഷിക്കുന്ന സിപിഎമ്മുകാര്‍ കൂട്ടത്തോടെ ബിജെപിയിലേക്ക് കാലുമാറുന്നത്. തൃണമൂലിന്റെ പ്രദേശിക നേതാക്കളില്‍ നല്ലൊരു പങ്കും, ഗുണ്ടകള്‍ കൂടിയാണ്. വിവാദ നായകനായ ഷാജഹാന്‍ ഷെയ്ഖ് ഉദാഹരണം. ഇയാളുടെയും, പൂര്‍വാശ്രമം കിടക്കുന്നത് സിപിഎമ്മില്‍ തന്നെയാണ്.
ബംഗാളില്‍ ഇനി സിപിഎം തനിക്ക് ഭീഷണിയല്ല എന്ന് മമതക്ക് നന്നായി അറിയാം. മോദിയും അമിത്ഷായും ബംഗാള്‍ പിടിക്കാന്‍ കിണഞ്ഞ് ശ്രമിക്കുന്നുണ്ടെന്നും മമതക്ക് അറിയാം. അതുകൊണ്ട് അവരെ അടിക്കാനുള്ള ഒരു വടിയായാണ് മമത ഈ സമരത്തെ എടുത്തത്. മുസ്ലീങ്ങളുടെ രക്തം തിളപ്പിച്ചതിലും അവരെ തെരുവില്‍ ഇറക്കിയതിലും പ്രധാന ഉത്തരവാദി മമത തന്നെയാണെന്ന് സോഷ്യല്‍ മീഡിയാ ആക്റ്റീവിസ്റ്റുകള്‍ പറയുന്നുണ്ട്.
ഏറ്റവും വിചിത്രം സിപിഎം വഖഫ് നിയമത്തിന് എതിരാണെങ്കിലും സമരത്തിന്റെ പേരില്‍ മുര്‍ഷിദാബാദില്‍ കൊല്ലപ്പെട്ട രണ്ടുപേര്‍ സിപിഎം പ്രവര്‍ത്തകരാണ് എന്നതാണ്! സിപിഎം എന്നല്ല ഹിന്ദു എന്ന നിലയിലാണ് അവരുടെ ഐഡന്റിറ്റിയെ കലാപകാരികള്‍ കണ്ടത്. കടകള്‍ കൊള്ളയടിക്കുന്നത് തടയാനെത്തിയ, ഹരഗോബിന്ദ ദാസ്, മകന്‍ ചന്ദന്‍ ദാസ് എന്നിവരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തകരുടെ വീടുകള്‍ സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിം സന്ദര്‍ശിച്ചു.
കലാപ സമയത്ത് കൊള്ളയടിക്കുന്നത് തടയുന്നതിനിടെയാണ് ഇരുവരെയും കുത്തിക്കൊലപ്പെടുത്തിയതെന്ന് സിപിഎം പ്രാദേശിക നേതാക്കള്‍ പറഞ്ഞു. പ്രദേശത്ത് ക്രമസമാധാനം തകരാറിലാണെന്നും പൊലീസ് ഇവിടങ്ങളിലേക്ക് തിരിഞ്ഞുനോക്കാറില്ലെന്നും പ്രദേശവാസികള്‍ മുഹമ്മദ് സലിമിനെ അറിയിച്ചു. , മാള്‍ഡ, സൗത്ത് 24 പര്‍ഗാനാസ്, ഹൂഗ്ലി, വടക്കന്‍ ദിനാജ്പ്പുര്‍, ഹൗറ എന്നിവിടങ്ങളിലും പ്രതിഷേധം അക്രമാസക്തമായിട്ടുണ്ട്. ഇവിടെ ബിജെപിയാണ് സിപിഎം പ്രവര്‍ത്തകര്‍ക്കൂകൂടി സംരക്ഷണം ഒരുക്കുന്നതെന്നാണ് പ്രാദേശിക പത്രങ്ങള്‍ പറയുന്നത്!
സൂതിയില്‍ പൊലീസ് വെടിവയ്പില്‍ കൊല്ലപ്പെട്ട ഇസാസ് അഹമ്മദിന്റെ കുടുംബത്തെയും മുഹമ്മദ് സലിം സന്ദര്‍ശിച്ചു. പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞെങ്കിലും മുഹമ്മദ് സലിം കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചാണ് മടങ്ങിയത്. സിപിഎം കേന്ദ്ര കമ്മിറ്റി അംഗം മീനാക്ഷി മുഖര്‍ജിയും ഒപ്പമുണ്ടായിരുന്നു. ഇതിലും വിവാദം നടക്കയാണ്. കൊല്ലപ്പെട്ട ഇസാസ് അഹമ്മദ് കലാപകാരിയാണെന്നും ആരോപണമുണ്ട്. (എന്തുകൊണ്ടാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ മരിച്ചിട്ടും എം.എ ബേബിയുടെ ഒരു ഫേസ്ബുക്ക് പോസ്റ്റോ അനുശോചനമോ ഇല്ലാത്തത് എന്ന ചോദ്യവും ഉണ്ട്. വിഷയം വോട്ട് ബാങ്ക്, പ്രീണനം)
പള്ളികള്‍ പിടിച്ചെടുക്കുമെന്ന് കുപ്രചാരണം
സിഎഐ സമരത്തില്‍ കണ്ടപോലെ ഇല്ലാത്ത കാര്യങ്ങള്‍ പെരുപ്പിച്ചുകൊണ്ട് മുസ്ലീം ചെറുപ്പക്കാരില്‍ ഭീതി പരത്തുകയാണ്, ബംഗാളില്‍ വ്യാപകമായി നടന്നത്. എസ്ഡിപിഐക്കാരും ജമാഅത്തെ ഇസ്ലാമിക്കാരും കേരളത്തില്‍ നടത്തുന്ന അതേ ഭീതിവ്യാപാരം ബംഗാളില്‍ പക്ഷേ ചെയ്യുന്നത് തൃണമൂലുകാരാണ്. കലാപം ഗ്രസിച്ച മുര്‍ഷിദബാദ് ജില്ലയില്‍ വീട് വീടാന്തരം കയറിയിറങ്ങി തൃണമൂലുകാര്‍ കുപ്രചാരണം നടത്തിയെന്ന് വിവരം ലഭിച്ചിട്ടുണ്ട്. വഖഫ് നിയമംകൊണ്ട് ഒരു മുസ്ലം പള്ളിക്കും ഒരു കുഴപ്പും വരില്ല എന്നിരിക്കെ മോദി സര്‍ക്കാര്‍ പള്ളികളുടെ നിയന്ത്രണം പിടിച്ചെടുക്കും എന്നുവരെയാണ് പ്രചാരണം. വഖഫ് ഭേദഗതി നിയമം മുസ്ലിം വംശഹത്യക്ക് കളമൊരുക്കുമൊന്നും ഭീതിവ്യാപാരം നടത്തുന്നുണ്ട്.
മുമ്പ് സിഐഎ വിരുദ്ധ സമരങ്ങളുടെ സമയത്ത് നടന്നതും ഇതേ പ്രീണന ഭീകരത തന്നെയായിരുന്നു. ഇല്ലാത്ത കഥകളും നുണകളും പറഞ്ഞു പ്രചരിപ്പിച്ച്, ഭീതിപരത്തി മുസ്ലിം സമുദായത്തെ അങ്ങേയറ്റം പ്രകോപിപ്പിച്ച് നിര്‍ത്തി. ഇതിലും മമതാ ബാനര്‍ജി വലിയ പങ്കായിരുന്നു വഹിച്ചിരുന്നത്. മുസ്ലീം വിരുദ്ധ നിയമമായി സിഎഎയെ തുടക്കം മുതല്‍ ചിത്രീകരിച്ചത്, മമതയാണ്. ഈ നിയമം ബംഗാളില്‍ നടപ്പക്കാന്‍ അനുവദിക്കില്ലെന്നും മമത തട്ടിവിട്ടു. ( സിഎഐ പോലുള്ള കേന്ദ്ര നിയമത്തില്‍ സംസ്ഥാനങ്ങള്‍ക്ക് യാതൊരു റോളുമില്ല. സംസ്ഥാനങ്ങള്‍ക്ക് അത് നടപ്പാക്കാതിരിക്കാനും കഴിയില്ല. ഇതൊന്നും മനസ്സിലാക്കാതെയാണ് മമതയും, എന്തിന് നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയന്‍ വരെ, പൗരത്വഭേദഗതി നിയമം നടപ്പാക്കില്ല എന്ന് പറയുന്നത്!)
സിഐഎ വിരുദ്ധ സമരങ്ങള്‍ 'വെള്ളിയാഴ്ച സമരങ്ങ'ളായി മാറി. വെള്ളിയാഴ്ചകളിലെ ജുമുഅക്ക് ശേഷം തെരുവുകളില്‍ തക്ബീര്‍ വിളികളും പ്രകോപനപരവും വിഭാഗീയവുമായ മുദ്രാവാക്യങ്ങളും നിറഞ്ഞു. ഈ സമയത്താണ് കോവിഡിന്റെ വരവ്. അതോടെ കാര്യങ്ങള്‍ മാറി, സമരങ്ങള്‍ കെട്ടടങ്ങി. മഹാമാരി വന്നില്ലായിരുന്നുവെങ്കില്‍ ബംഗാള്‍ കത്തുമായിരുന്നു.
ശേഷം അഞ്ച് കൊല്ലം കടന്നുപോയി. പൗരത്വദേഗതി നിയമം നടപ്പിലായി. ചിലരൊക്കെ പൗരത്വം നേടി. ഇത് ഇന്ത്യയിലെ ഒരു മുസല്‍മാനെപ്പോലും ബാധച്ചില്ല. ഒരു ഇന്ത്യന്‍ മുസ്ലീമും പൗരത്വം തെളിയിക്കാന്‍ ഉപ്പുപ്പാന്റെ ജനന സര്‍ട്ടിഫിക്കറ്റും തേടി നടക്കേണ്ടിവന്നില്ല. ഒറ്റയാളെയും പാകിസ്ഥാനിലേക്കോ അഫ്ഗാനിസ്ഥാനിലേക്കോ നാടുകടത്തിയിട്ടില്ല. ഇപ്പോള്‍ അതുപോലെ ഭീതിവ്യാപാരമാണ് വഖഫിന്റെ പേരില്‍ നടക്കുന്നത്.
സത്യത്തില്‍ വഖഫ് നിയമം കൊണ്ട് മുസ്ലീം സമുദായത്തിന് ഗുണം ഏറെയുണ്ട്. വഖഫ് ബോര്‍ഡിന് കീഴില്‍ ലക്ഷക്കണക്കിന് ഹെക്ടര്‍ സ്ഥലമുണ്ട്. പക്ഷെ ഇതൊന്നും തന്നെ പാവപ്പെട്ടവര്‍ക്കോ അര്‍ഹരായവര്‍ക്കോ ഗുണം ചെയ്തില്ല. മാത്രമല്ല, കാണുന്നിടമൊക്കെ വഖഫ് ആണെന്ന മുന്‍ നിയമം വഴി ഒരുപാട് പാവപ്പെട്ട മുസ്ലീങ്ങളും കേസില്‍ കുടുങ്ങി നില്‍ക്കയാണ്. വഖഫ് ഭേദഗതി നിയമത്തിലൂടെ ഭൂമി കൊള്ളയടിക്കപ്പെടുന്നത് പൂര്‍ണമായും ഒഴിവാകും. പാവപ്പെട്ടവരുടെ ഭൂമി കൈവശപ്പെടുത്തുന്നതിന് അന്ത്യം കുറിക്കും. പക്ഷേ എന്നിട്ടും മുസ്ലീങ്ങളുടെ സ്വത്തുക്കളെല്ലാം പിടിച്ചടക്കാന്‍ പോകുന്നതായും, മുസ്ലീങ്ങളെ വംശഹത്യ ചെയ്യാനുള്ള ഒരുക്കങ്ങളായും പ്രചരിപ്പിക്കപ്പെടുന്നു. മുസ്ലീങ്ങളുടെ മതപരമായ ആചാരങ്ങളുമായോ, വിശ്വാസങ്ങളുമായോ ഒന്നും വഖഫ് നിയമത്തിന് യാതൊരു ബന്ധവുമില്ല എന്നിരെക്കയാണ് ഈ കുപ്രചാരണം. അതിന്റെ ഫലമാണ് ബംഗാള്‍ കത്തുന്നത്.
മമതയുടെ മത പ്രീണനം വിവാദത്തില്‍
ബംഗാളില്‍ ജനസംഖ്യയുടെ 27 ശതമാനം മുസ്ലീങ്ങള്‍ വരുമെന്നാണ് സെന്‍സസ് കണക്ക്. പക്ഷേ ഇപ്പോള്‍ അത് 30 ശതമാനമായി മാറിയിട്ടുണ്ടെന്നാണ് അനൗദ്യോഗിക വിവരം. ഇവര്‍ എന്‍ ബ്ലോക്കായി തൃണമൂലിന്റെ വോട്ട് ബാങ്കാണ്. ബംഗാളില്‍ സിപിഎമ്മിന്റെ ആധിപത്യം തകര്‍ന്നപ്പോള്‍, ഹിന്ദുവോട്ടുകള്‍ ഒന്നടങ്കം ബിജെപിയിലേക്കും, മുസ്ലീം വോട്ടുകള്‍ ഒന്നടങ്കം തൃണമൂലിലേക്കുമാണ് പോയത്. ഇത് സിപിഎം മനസ്സിലാക്കേണ്ട സംഗതിയാണ്. കേരളത്തിലും ഇതുപോലെ ഒരു അവസ്ഥ വന്നാല്‍ എന്ത് സംഭവിക്കുമെന്നതിന്റെ ഉദാഹരണമാണ്.
തന്റെ വോട്ടുബാങ്കിനെ നിരന്തരം പ്രീണിപ്പിച്ചുകൊണ്ട്, താനാണ് മുസ്ലീം കമ്യൂണിറ്റിയുടെ രക്ഷകന്‍ എന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമങ്ങളാണ് കാലങ്ങളായി മമത നടത്തിക്കൊണ്ടിരിക്കുന്നത്. റമദാന്‍ മാസത്തില്‍ നോമ്പ് പിടിക്കുക, മമത നിസ്‌ക്കരിക്കുന്നതിന്റെ ചിത്രങ്ങള്‍ പ്രചരിപ്പിക്കുക ഇതൊക്കെ തൃണമൂലുകാരുടെ സ്ഥിരം പരിപാടിയാണ്.
ബംഗാളിലെ നന്തിഗ്രാം, സിംഗൂര്‍ സമരങ്ങിലുടെ വളര്‍ന്നു വന്ന മമതക്ക് ആ സമയം മുതല്‍ ജമാഅത്തെ ഇസ്ലാമി തൊട്ട്, എസ്ഡിപിഐവരെയുള്ള സകല ഇസ്ലാമിക ഗ്രൂപ്പുകളുടെയും പിന്തുണയുണ്ടായിരുന്നു. സിപിഎമ്മിനേക്കാള്‍ നന്നായി മുസ്ലീം പ്രീണനം നടത്തുന്ന ഒരു പാര്‍ട്ടിവന്നപ്പോള്‍, അവര്‍ അങ്ങോട്ട് ചാഞ്ഞുവെന്നാണ് ഇതേക്കുറിച്ച് പിന്നീട് വിലയിരുത്തല്‍ ഉണ്ടായത്. അതിനുശേഷമുള്ള മമതഭരണത്തില്‍ ഉടനീളം കണ്ടത് ഇതേ പ്രീണനമായിരുന്നു. പശ്ചിമ ബംഗാള്‍ ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ശുപാര്‍ശ ചെയ്ത 87 ജാതികളില്‍ 80 എണ്ണവും മുസ്ലീം സമുദായത്തില്‍ പെട്ടവയായിരുന്നു. ഈയിടെ വിശ്വകര്‍മ പൂജ അവധി റദ്ദാക്കി ഈദ് അവധി നീട്ടാനുള്ള നീക്കം വിവാദമായിരുന്നു. ഇതുപോലുള്ള നിരവധി കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി, 'പശ്ചിമ ബംഗാളിലെ മമത ബാനര്‍ജിയുടെ ഇസ്ലാമിക ഖിലാഫത്ത്' എന്നാണ് ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ ഒരിക്കല്‍ എഴുതിയത്.
ഇപ്പോള്‍ മുര്‍ഷിദബാദില്‍ നടന്ന ഈ കലാപത്തിലും പൊലീസ് നിഷ്‌ക്രിയമാണെന്ന് ആരോപണമുണ്ട്. ഗുജറാത്ത് കലാപത്തില്‍ മോദിക്കുനേരെ ഉയര്‍ന്നതും സമാനമായ ആരോപണമായിരുന്നു. ഏറ്റവും ഒടുവിലാണ് മമത ശക്തമായ നടപടി എടുത്തത്. രാഷ്ട്രീയനേട്ടത്തിനായി കലാപങ്ങള്‍ക്ക് പ്രേപരിപ്പിക്കരുതെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി പറഞ്ഞു. ''ശാന്തതയും സംയമനവും പാലിക്കുക. മതത്തിന്റെപേരില്‍ ഒരുതരത്തിലുള്ള മതവിരുദ്ധ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടരുത്. വഖഫ് ഭേദഗതി നിയമത്തെ പിന്തുണയ്ക്കുന്നില്ല. നിയമം നടപ്പാക്കില്ല. പിന്നെ കലാപം എന്തിനാണ്?''- മമത ചോദിച്ചു. ഇതാണ് പ്രീണന രാഷ്ട്രീയത്തിന്റെ പ്രശ്നം. ബംഗാളില്‍ വഖഫ് നിയമം നടപ്പാക്കില്ല എന്ന് മമത പറഞ്ഞിട്ടും അവര്‍ തെരുവിലിറങ്ങുകയാണ്. നിങ്ങള്‍ കത്തിച്ച തീ കെടുത്താന്‍ പലപ്പോഴും നിങ്ങള്‍ക്ക് തന്നെ കഴിയില്ല. പത്തുവോട്ടിനായുള്ള വര്‍ഗീയക്കളി തീക്കളിയാണെന്ന് മമത ഇനിയെങ്കിലും തിരിച്ചറിയണം.
കേരളവും ഭയക്കണം
ബംഗാളിലെ അത്ര അക്രമാസക്തമല്ലെങ്കിലും, കേരളത്തിലും വ്യാജ പ്രചാരണങ്ങളിലൂടെ തനി വര്‍ഗീയമായാണ് കേരളത്തിലും വഖഫ് വിരുദ്ധ സമരങ്ങള്‍ നടക്കുന്നത്. ബംഗാളില്‍ ഭരണകക്ഷിയായ തൃണമൂല്‍ അതിന് നേതൃത്വം കൊടുക്കുമ്പോള്‍, കേരളത്തില്‍ സിപിഎം വര്‍ഗീയതക്ക് കുടപിടിക്കുന്നു. വഖഫ് ഭേദഗതി നിയമത്തിനെതിരെ ജമാഅത്തെ ഇസ്ലാമിയുടെ യുവജന സംഘടനയായ സോളിഡാരിറ്റിയും, വിദ്യാര്‍ത്ഥി സംഘടനയായ എസ് ഐഒയും സംയുക്തമായി, കരിപ്പുര്‍ എയര്‍പോര്‍ട്ട് പരിസരത്ത് നടന്ന ഉപരോധ സമരം രഹസ്യാന്വേഷണ ഏജന്‍സികള്‍ പരിശോധിക്കുന്നുണ്ട്. സമരത്തില്‍ പ്രകോപനപരമായ മുദ്രാവാക്യങ്ങളും, ഹമാസ് നേതാക്കള്‍ ഉള്‍പ്പെടയുള്ള ആഗോള ഭീകരവാദികളുടെ ചിത്രവും ഉണ്ടായിരുന്നു. വഖഫ് ഭേദഗതി നിയമം മുസ്ലിം വംശഹത്യക്ക് കളമൊരുക്കുമൊന്നാണ് സമരക്കാരില്‍ ചിലര്‍ പ്രസംഗിച്ചത്. 'അല്ലാഹുവിനാണ് സമര്‍പ്പിച്ചത്, മോദിക്ക് പാട്ടത്തിന് കൊടുത്തതല്ലെന്ന്' എന്നതടക്കമുള്ള പ്ലക്കാര്‍ഡുകളുമായാണ് സമരക്കാര്‍ എത്തിയത്. കേരളത്തില്‍ വര്‍ഗീയ കലാപത്തിന് വിത്തിടാനുള്ള ശ്രമമാണോ ഇതെന്നാണ് രഹസ്യാനേഷ്വണ ഏജന്‍സികള്‍ അന്വേഷിക്കുന്നത്. സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് ഇതുസംബന്ധിച്ച് തെളിവെടുപ്പ് തുടങ്ങിക്കഴിഞ്ഞു.
ഈജിപ്തിലെ മുസ്ലീം ബദര്‍ ഹുഡ് സ്ഥാപകന്‍ ഇമാം ഹസനുല്‍ ബന്നയുടേയും, ഹമാസ് സ്ഥാപകന്‍ അഹമ്മദ് യാസിന്റേയും, കൊല്ലപ്പെട്ട ഹമാസ് ഭീകരന്‍ യഹിയ സിന്‍വാറിന്റേയും ചിത്രങ്ങളുള്ള പ്ലക്കാര്‍ഡുകളാണ് സമരക്കാര്‍ ഉയര്‍ത്തിയത്. ഇന്ത്യയില്‍ നടക്കുന്ന ഒരു സമരത്തില്‍ എന്തിനാണ് ആഗോള ഭീകരവാദത്തിന്റെ അപ്പോസ്തലന്‍മ്മാരുടെ ചിത്രം ഉയര്‍ത്തിപ്പിടിക്കുന്നത് എന്നതില്‍നിന്നുതന്നെ സോളിഡാരിറ്റിയുടെ എസ്ഐഒയുടെയും അജണ്ട മനസ്സിലാക്കാം. വഖഫ്് സമരത്തിന്റെ മറവില്‍ ചെറുപ്പക്കാരിലേക്ക് തീവ്രവാദം കുത്തിവെക്കുകയാണ് ഇവര്‍ ചെയ്യുന്നത് എന്ന് സോഷ്യല്‍ മീഡിയ ആക്റ്റീവിസ്റ്റുകള്‍ വിമര്‍ശനം ഉന്നയിച്ചു കഴിഞ്ഞു. വിമാനത്താവളങ്ങള്‍ പോലെ അതീവ സുരക്ഷാ മേഖലകളില്‍ പ്രക്ഷോഭങ്ങളും പ്രകടനങ്ങളും പാടില്ല എന്ന നിയമം അറിഞ്ഞു കൊണ്ടാണ് സോളിഡാരിറ്റി പരിപാടി പ്ലാന്‍ ചെയ്തത് എന്നും വിമര്‍ശനം ഉയരുന്നുണ്ട്. പോലീസ് ഇടപെട്ടാല്‍ അത് ഇവിടുത്തെ സര്‍ക്കാരിന്റെ തോളില്‍ വച്ച് ഇരവാദം എടുക്കാം എന്ന സൗകര്യവുമുണ്ട്.
അതിനിടെ തീവ്രവാദം പ്രമോട്ട് ചെയ്യുന്ന ജമാഅത്തെ ഇസ്ലാമിയുടെ നിലപാടിനെതിരെ സോഷ്യല്‍ മീഡിയയിലും വന്‍ പ്രതിഷേധം ഉയരുന്നുണ്ട്. ഇസ്ലാമിക തീവ്രവാദത്തിനു വിത്തുകള്‍ പാകിയ രണ്ട് നേതാക്കളാണ് സയ്യിദ് ഖുതുബും അബുല്‍ അഅലാ മൗദൂദിയും. ഖുതുബിന്റെ മആലിമുന്‍ ഫിത്തരീഖ് എന്ന പുസ്തകവും മൗദൂദിയുടെ ജിഹാദ് എന്ന പുസ്തകവും തീവ്രവാദപാഠങ്ങളാണെന്ന് പലപ്പോഴും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. ഖുതുബിന്റെയും മൗദൂദിയുടേയും ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥങ്ങളും പൊളിറ്റിക്കല്‍ ഇസ്ലാമിന്റേയും തീവ്രഇസ്ലാമിന്റേയും മാഗ്‌നാ കാര്‍ട്ടകളാണ്. ഇരുവരുടേയും കാഴ്ച്ചപ്പാടുകള്‍ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്റെ സ്ഥാപകനായ ആയത്തുല്ലാ ഖുമൈനിയെ ഏറെ സ്വാധീനിച്ചിരുന്നതായി കാണാം.
ഇറാന്‍ വിപ്ലവത്തേയും ഖുമൈനിയേയും കേരളത്തില്‍ അവതരിപ്പിച്ചതും ആഘോഷിച്ചതും കേരളത്തില്‍ ജമാഅത്തെ ഇസ്ലാമിയുടെ ആശീര്‍വാദത്തോടെ രൂപം കൊണ്ട സിമിയാണ്. എണ്‍പതുകളുടെ തുടക്കത്തില്‍ സിമിയുടെ പ്രഥമ സംസ്ഥാന സമ്മേളനത്തില്‍ ഇറാന്‍ വിപ്ലവം പ്രമേയമാക്കിയ നാടകം കളിച്ചിരുന്നു. ഖുമൈനിയായിരുന്നു കേന്ദ്ര കഥാപാത്രം. അല്ലാഹുവിന്റെ ഭൂമിയില്‍ അല്ലാഹുവിന്റെ ഭരണം എന്നതായിരുന്നു ആ നാടകത്തിന്റെ സന്ദേശം. ആ സമ്മേളനത്തോട് അനുബന്ധിച്ചാണ് ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്ന ഭയാനക മുദ്രാവാക്യം കേരളത്തിലെ ചുവരുകളില്‍ പ്രത്യക്ഷപ്പെട്ടത്. ജമാഅത്തെ ഇസ്ലാമിയുടെ രക്ഷാകര്‍തൃത്വത്തിലാണ്, മൗദൂദിയുടെ അതേ ആശയങ്ങളുമായി സിമി രൂപം കൊണ്ടത്.
പിന്നീട്, സ്വന്തമായി സറ്റുഡന്റ്സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ അഥവാ എസ്.ഐ.ഒ എന്ന സംഘടനക്ക് രൂപം നല്‍കിയപ്പോള്‍ ജമാഅത്തെ ഇസ്ലാമി സിമിയെ മാറ്റി നിര്‍ത്തുകയായിരുന്നു.സിമിയില്‍ നിന്ന് ഭൂരിഭാഗം വിദ്യാര്‍ഥികളും എസ്.ഐ.ഒയിലേക്ക് മാറി. എന്നാല്‍ ജമാഅത്തെ ഇസ്ലാമിയില്‍ ചേരാന്‍ മടിച്ച മുന്‍ സിമി നേതാക്കള്‍ മുന്‍കയ്യെടുത്താണ് എന്‍.ഡി.എഫിനു രൂപം നല്‍കിയത്. ഈ എന്‍.ഡി.എഫാണ് പോപ്പുലര്‍ ഫ്രണ്ടും കാമ്പസ് ഫ്രണ്ടും എസ്.ഡി.പി.ഐയുമൊക്കെയായി മാറുന്നത്. ഇവരുടെയൊക്കെ ആശയാടിത്തറ ഒന്നു തന്നെയാണ്. അതുകൊണ്ടുതന്നെ ബ്രദര്‍ഹുഡ് നേതാക്കളുടെ പടം വെച്ച് പ്രചാരണം നടത്തുമ്പോള്‍, കേരളവും എറെ ഭയക്കേണ്ടതുണ്ട്. കാരണം ബംഗാളിന് സമാനമായ ന്യൂനപക്ഷ പ്രീണനം ഇവിടെയും നടക്കുന്നുണ്ട്.
വാല്‍ക്കഷണം: മമത പ്രീണിപ്പിച്ചു നിര്‍ത്തുന്നുവെന്നല്ലാതെ എന്താണ് ബംഗാളിലെ മുസ്ലീം സമുഹത്തിന്റെ അവസ്ഥ. കാലിത്തൊഴുത്തുപോലുള്ള വീട്ടില്‍, ടയര്‍പഞ്ചര്‍ക്കടയിലും മറ്റും ജോലിചെയത്, ആടുമാടുകളെപ്പോലെ മരിക്കാനാണ് അവര്‍ വിധിക്കപ്പെട്ടത്. പ്രീണനം കൊണ്ട് വികസനം ഉണ്ടാവില്ല എന്നതിന്റെ ഏറ്റവും നല്ല തെളിവാണ് മമതയുടെ ബംഗാള്‍. രക്തം തിളപ്പിച്ച് കൂടെ നിര്‍ത്താനല്ലാതെ, മുസ്ലീങ്ങളുടെ നിലമെച്ചപ്പെടുത്താനുള്ള യാതൊന്നും, മമതക്ക് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. കൂറേപ്പേര്‍, കേരളത്തില്‍വന്ന് ജോലിയെടുക്കുന്നതുകൊണ്ടാണ് ആ നാടിന് ചെറിയ മാറ്റമെങ്കിലും ഉണ്ടാവുന്നത്.