മതം ഉപേക്ഷിച്ച എക്സ് ബ്രാഹ്‌മണന്‍; ഹയര്‍സെക്കന്‍ഡറി സിബിഎസ്സിയില്‍ അഖിലേന്ത്യാതലത്തില്‍ ഒന്നാമന്‍; പരീക്ഷകളിലെല്ലാം റാങ്ക്; ജെഎന്‍യുവിലൂടെ ഇന്ദിരയെ വിറപ്പിച്ച പുലി; 32-ാം വയസ്സില്‍ കേന്ദ്രകമ്മറ്റിയില്‍, 40-ല്‍ പിബിയില്‍; നാട്യങ്ങളില്ലാത്ത നായകന്‍; യെച്ചൂരി വിട പറയുമ്പോള്‍
സൗമ്യവും ദീപ്തവുമായ ഓര്‍മ്മ
'അഴീക്കോടന്‍ രാഘവനുശേഷം ടി കെ രാമകൃഷ്ണനല്ലാതെ ഒരു ചിരിക്കുന്ന സഖാവ് നമുക്കുണ്ടോ?''- എന്‍ എസ് മാധവന്‍, നാലാം ലോകം എന്ന തന്റെ വിഖ്യാതമായ കഥയില്‍ ചോദിച്ച കാര്യം തിരിച്ചിടാന്‍ സമയമായിക്കുന്നു. സീതാറാം യെച്ചൂരിക്കുശേഷം ഇനി എന്നാണ് ഒരു ചിരിക്കുന്ന സഖാവ് ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അമരത്ത് ഉണ്ടാവുക? സൗമ്യവും ദീപ്തവുമായ ഒരു ഓര്‍മ്മയാവുകയാണ് യെച്ചൂരിയെന്ന സിപിഎം ജനറല്‍ സെക്രട്ടറി.
സദാ മലബന്ധം അനുഭവിക്കുന്നവരെപ്പോലെ അതി ഗൗരവത്തിന്റെ ഒരു ഡാര്‍ക്ക് മൂഡ് സൃഷ്ടിക്കാന്‍ കേരളത്തിലടക്കമുള്ള കമ്യൂണിസ്റ്റ് നേതാക്കള്‍ ശ്രമിക്കുന്നതായി, പല പൊതുവേദികളിലെയും അവരുടെ ശരീരഭാഷ ശ്രദ്ധിച്ചാല്‍ അറിയാം. പി കെ ശ്രീമതി ടീച്ചര്‍പോലും പിണറായി വിജയന്റെ ശബ്ദവും ശരീരഭാഷയും അനുകരിക്കുന്നുവെന്ന് സോഷ്യല്‍ മീഡിയ പരിഹസിക്കുന്ന കാലത്ത്, യെച്ചൂരിയെപ്പോലെ വലിപ്പച്ചെറുപ്പമില്ലാതെ ആരുമായും സൗഹൃദമാവുന്ന വ്യക്തികളുടെ പ്രസക്തി.
ഈ ലേഖകന്‍ നേരിട്ട് സാക്ഷിയായ ഒരു സംഭവം എഴുതാം. 2012-ല്‍ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് കേരളത്തില്‍ നടക്കുന്ന സമയം. തനിക്കെതിരെ നിരന്തരം എഴുതുന്നത്് കാരണം, കേരള പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന് മാധ്യമങ്ങളെ കണ്ണെടുത്താല്‍ കണ്ടുകൂടാ. അന്നും കടക്ക് പുറത്ത് എന്ന ശൈലിയിലാണ് പിണറായി. അങ്ങനെയിരിക്കെയാണ് കോഴിക്കോട് ടൗണ്‍ഹാളില്‍ പി ബി അംഗവും, സൈദ്ധാന്തിക ഇമേജുമുള്ള സീതാറാം യെച്ചൂരി പങ്കെടുക്കുന്ന ഒരു സാംസ്‌ക്കാരിക പരിപാടിയുള്ളതായി അറിയുന്നത്. കേരള ഘടകത്തിലെ ചക്കളത്തിതര്‍ക്കമായ വിഎസ്- പിണറായി പോരിനെക്കുറിച്ച്, പ്രതികരണമെടുക്കാന്‍ വന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് പക്ഷേ, ടൗണ്‍ഹാളില്‍ എവിടെയും യെച്ചൂരിയെ കാണാനായില്ല.
വേദിയിലേക്ക് വന്ന അദ്ദേഹം എവിടെപ്പോയി എന്ന് അമ്പരന്ന് നില്‍ക്കെവയാണ് ടൗണ്‍ഹാളിന് പുറത്ത് യെച്ചൂരിയുണ്ടെന്ന് ആരോ പറഞ്ഞത്. അവിടെ എത്തിയ മാധ്യമങ്ങള്‍ കാണുന്നത്, പരിപാടിക്ക് വന്ന നാടന്‍ പാട്ട് കലാകാരന്‍മ്മാര്‍ക്ക് ഒപ്പം താളം പിടിച്ച് സിഗരറ്റ് വലിച്ചിരിക്കുന്ന യെച്ചൂരിയെയാണ്. ഇതാണ് ആകെയുള്ള ഒരു ദുശ്ശീലമെന്നും ഒരു മിനുട്ടുകൊണ്ട് വരാമെന്നും അദ്ദേഹം പത്രക്കാരോട് പറയുന്നു. അപ്പോഴാണ് അദ്ദേഹത്തോടൊപ്പം ഫോട്ടോയെടുക്കാന്‍ ചില വിദ്യാര്‍ത്ഥികള്‍ വന്നത്. ഒരു പൂ ചോദിച്ചവര്‍ക്ക് ഒരു പൂക്കാലം തന്നെ കൊടുത്തു യെച്ചൂരി. തോളില്‍ കൈയിട്ടും കെട്ടിപ്പിടിച്ചും കുശലം പറഞ്ഞും ഒരു ചിരകാല സൂഹൃത്തിനെപ്പോലെ അദ്ദേഹം പെരുമാറി. സെല്‍ഫിയെടുക്കാന്‍ വരുന്നവനെ ഓടിക്കയും, മൈക്ക് കേടായിപ്പോയാല്‍ ഓപ്പറേറ്റര്‍ക്കെതിരെ കേസ് എടുക്കയും ചെയ്യുന്ന കാലത്ത് തീര്‍ത്തും വ്യത്യസ്തനും ജനകീയനുമായ നേതാവായിരുന്നു, യെച്ചൂരി. അസാധാരണമായ ഒരു പോരാട്ട ജീവിതമായിരുന്നു അദ്ദേഹത്തിന്റെത്.
ജെഎന്‍യുവിന്റെ നിര്‍മ്മിതി
പത്താം ക്ലാസും ഗുസ്തിയുമായി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കടവിറങ്ങാനെത്തിയ നേതാവ് അല്ല യെച്ചൂരി. എഴുതിയ പരീക്ഷകളെല്ലാം റാങ്കോടെ പാസായ പ്രതിഭയാണ്. രാഷ്ട്രീയം ഉപേക്ഷിച്ച് മറ്റേതെങ്കിലും തൊഴില്‍മേഖല തെരഞ്ഞെടുത്തിരുന്നെങ്കില്‍ അവിടെയും, അദ്ദേഹത്തിന് ലക്ഷങ്ങള്‍ ശമ്പളം കിട്ടുമായിരുന്നു. ആ രീതിയിലുള്ള ഐ ക്യൂവുള്ള തലച്ചോറായിരുന്നു അത്.
1952 ആഗസ്റ്റ് 12-ന് തെലുഗു സംസാരിക്കുന്ന ആന്ധ്ര ബ്രാഹ്‌മണ ദമ്പതികളായ. സര്‍വ്വേശ്വര സോമയാജുല യെച്ചൂരിയുടെയും, കല്‍പ്പകത്തിന്റെയും മകനായി മദ്രാസിലാണ് സീതാറാം യെച്ചൂരി ജനിച്ചത്. പക്ഷേ സ്‌കുള്‍ വിദ്യാഭ്യാസ കാലത്തുതന്നെ ജാതിയും, മതവും, പൂണൂലുമൊക്കെ അദ്ദേഹം കളഞ്ഞിരുന്നു. മതം ഉപേക്ഷിച്ച എക്സ് ബ്രാഹ്‌മണന്‍ എന്നാണ് അദ്ദേഹം ഒരിക്കല്‍ തമാശയായി പറഞ്ഞത്. യെച്ചൂരി ജനിച്ചത് ബ്രാഹ്‌മണ സമുദായത്തിലാണെന്ന് പോലും പലര്‍ക്കും അറിയില്ല. പിതാവ് ആന്ധ്രപ്രദേശ് റോഡ് ട്രാസ്പോര്‍ട്ട് കോര്‍പ്പറേഷനില്‍ എഞ്ചിനീയറായിരുന്നു. അമ്മ സര്‍ക്കാര്‍ സര്‍വീസില്‍ ആയിരുന്നു. ചെറുപ്പത്തിലേ പഠിക്കാന്‍ മിടുക്കനായിരുന്നു അദ്ദേഹം.
കലുഷിതമായ തെലങ്കാന മുന്നേറ്റമുണ്ടായ അറുപതുകളുടെ അവസാനത്തോടെ ഡല്‍ഹിയിലേക്ക് മാറിയതാണ് ജീവിതത്തില്‍ നിര്‍ണായകമായത്. പഠനകാലത്ത് സിബിഎസ്ഇ ഹയര്‍സെക്കന്ററി തലത്തില്‍ അഖിലേന്ത്യയില്‍ ഒന്നാം റാങ്ക് നേടിയിട്ടുണ്ട് സീതാറാം എന്ന ബാലന്‍. സ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം, പ്രശ്സതമായ ഡല്‍ഹിയില്‍ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ നിന്ന് അദ്ദേഹം റാങ്കോടെ ഡിഗ്രി കരസ്ഥമാക്കി. 1975-ല്‍ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയില്‍ നിന്നും ഇക്കണോമിക്സില്‍ മാസ്റ്റര്‍ ബിരുദം നേടി.
സത്യത്തില്‍ ജെഎന്‍യുവിന്റെ പ്രോഡക്്റ്റാണ് യെച്ചൂരി. ജവഹര്‍ലാല്‍ നെഹ്്റു യൂണിവേഴ്സിറ്റിയെ മാറ്റിവെച്ച് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം എഴുതാന്‍ കഴിയുകയുമില്ല. പ്രകാശ് കാരാട്ട് അടക്കമുള്ളവര്‍ ഉഴുതുമറിച്ച് എസ്എഫ്ഐ ക്യാമ്പസാക്കിയ കോളജിലേക്കാണ് സീതാറാം എത്തുന്നത്.
കാരാട്ട്-യെച്ചൂരി ദ്വന്ദ്വം
പില്‍ക്കാലത്തും, ജീവിതത്തില്‍ ഉടനീളം ഒന്നിച്ച് സഞ്ചരിച്ച കാരാട്ടിനെ പറയാതെ യെച്ചൂരിയുടെ ജീവിതം പൂര്‍ണ്ണമാവുകയുമില്ല. മദ്രാസില്‍ നിന്ന് എഡിന്‍ബറോയില്‍ ഗവേഷണ വിദ്യാര്‍ത്ഥിയായി പോയ കാരാട്ട് കമ്യൂണിസ്റ്റ് ആയതിനാല്‍ സ്‌കോളര്‍ഷിപ്പ് നഷ്ടപ്പെട്ടാണ് ജെഎന്‍യുവില്‍ 70കളുടെ തുടക്കത്തില്‍ എത്തുന്നത്. യെച്ചൂരി ജെഎന്‍യുവിലെ സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സില്‍ എം.എയ്ക്ക് ചേര്‍ന്നത് 73-ലാണ്. അന്ന് സഹപാഠിയായിരുന്ന, ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്സിറ്റിയിലും യൂണിവേഴ്സിറ്റി ഓഫ് ഷിക്കാഗോയിലും സയന്റിസ്റ്റും, എഴുത്തുകാരനുമായ എതിരന്‍ കതിരവന്‍, ആ കാലത്തെക്കുറിച്ച് ഇങ്ങനെ എഴുതുന്നു.
''കാരാട്ട് പൊക്കമുള്ള, മീശ വെച്ച, സുന്ദരനായ ചെറുപ്പക്കാരനാണ്. കട്ടിക്കണ്ണട വെച്ചുതുടങ്ങിയിട്ടുണ്ട്. തികഞ്ഞ സ്‌കോളര്‍. ഉജ്ജ്വലമാണ് പ്രസംഗങ്ങള്‍. യെച്ചൂരി സൗമ്യനും മിതഭാഷിയും. പക്ഷേ, ഇലക്ഷന്‍ സമയത്ത് ചൂടും ചൂരും കൈക്കൊള്ളുന്നവന്‍. കുറേ ബംഗാളികളും മലയാളികളും പിന്നെ ആന്ധ്രയില്‍ നിന്നുവന്ന പുരോഗമന ചിന്തക്കാരും കമ്യൂണിസ്റ്റ് ആശയക്കാരായിരുന്നതിനാല്‍ 1970- ല്‍ ഉദയം കൊണ്ട എസ്.എഫ്.ഐയ്ക്ക് ജെ.എന്‍.യുവില്‍ വേരുപിടിയ്ക്കാന്‍ പ്രയാസപ്പെടേണ്ടിവന്നില്ല. 1973- ല്‍ പ്രകാശ് കാരാട്ട് എസ്.എഫ്.ഐ. സെക്രട്ടറിയുമായി. യെച്ചൂരിയും കാമ്പസില്‍ പേരെടുത്തുതുടങ്ങി, 1974ലാണ് യെച്ചൂരി എസ്.എഫ്.ഐയില്‍ ചേര്‍ന്നത്''- എതിരന്‍ എഴുതുന്നു.
വൈകാതെ തന്നെ ജെന്‍യുവില്‍ കാരാട്ട്- യെച്ചൂരി ദ്വന്ദങ്ങള്‍ പ്രശസ്തരായി. ഈ കോമ്പോ പാര്‍ട്ടിയിലും അവര്‍ത്തിച്ചു. കാരാട്ടിനുശേഷമാണ് യെച്ചൂരി സിപിഎം ജനറല്‍ സെക്രട്ടറിയാവുന്നതും. പിന്നീട് ഇവര്‍രണ്ട് ആശയ ചേരിയിലായെന്നത് വേറെകാര്യം. എതിരന്‍ ജെഎന്‍യു കാലത്തെക്കുറിച്ച് ഇങ്ങനെ എഴുതുന്നു.-''ആണ്‍- പെണ്‍ ബന്ധങ്ങള്‍ എളുപ്പം സാധിച്ചെടുക്കാന്‍ ഏറ്റവും സ്വാതന്ത്ര്യമുള്ള കാമ്പസ് എന്ന പേരുണ്ട് ജെ.എന്‍.യുവിന്. പ്രകാശ് കാരാട്ട്- വൃന്ദ സൗഹൃദം തഴച്ചു വളര്‍ന്നിരുന്നു ഇവിടെ. യെച്ചൂരിയുടെ ഗേള്‍ ഫ്രണ്ട് ആര് എന്ന സന്ദേഹം ചിലര്‍ക്കെങ്കിലുമുണ്ടായി എന്നതാണ് സത്യം. യെച്ചൂരിയും ഒരു പെണ്‍കുട്ടിയും പലപ്പോഴും സംഭാഷണങ്ങളില്‍ ഏര്‍പ്പെടുന്നതു കണ്ട് ചില വിരുതന്മാര്‍ അത് ഒളിച്ചു നിന്ന് കേള്‍ക്കാന്‍ തുടങ്ങി. പ്രേമസല്ലാപത്തിന്റേതായ ഒരു വാക്കും അവര്‍ക്ക്? കേള്‍ക്കാന്‍ കഴിഞ്ഞില്ല. സംസാരം മിക്കവാറും വിപ്‌ളവ/പുരോഗമന ചിന്തകള്‍ മാത്രം. അത്?, ആ വിരുതന്മാര്‍ക്ക്? വന്‍ നിരാശ സമ്മാനിച്ചതും തമാശക്കഥ. യെച്ചൂരി അതിസാധാരണനായിരുന്നു പെരുമാറ്റത്തിലും ഇടപെടലുകളിലുമൊക്കെ, ഒരിക്കലും സംഘട്ടനാത്മകമായ സ്വഭാവത്തിലേക്ക് വഴിമാറുകയില്ല എന്നതും അദ്ദേഹത്തെ പൊതുസമ്മതനാക്കി.''
ഇന്ദിരയെ വിറപ്പിച്ച നേതാവ്
1975 ജൂണ്‍ 25 ന് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടു. സ്വാഭാവികമായും ജെ.എന്‍.യു. കാമ്പസ് പ്രകോപിതമായി. കാമ്പസില്‍ പൊലീസ് തേര്‍വാഴ്ച അരങ്ങേറി. സഞ്ജയ് ഗാന്ധിയുടെ ഭാര്യ മേനക ഗാന്ധി അന്ന് ജെഎന്‍യുവില്‍ ജര്‍മന്‍ സ്റ്റഡീസില്‍ വിദ്യാര്‍ത്ഥിയാണ്. അന്നത്തെ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് എസ്.എഫ്.ഐക്കാരനായ ഡി.പി. ത്രിപാഠിയാണ്. ക്ലാസുകള്‍ ഉപേക്ഷിക്കാന്‍ വിദ്യാര്‍ത്ഥി യൂണിയന്‍ തീരുമാനിച്ചിരുന്നു. മേനക ഗാന്ധി ക്ലാസില്‍ കയറാന്‍ വന്നപ്പോള്‍ ത്രിപാഠി തടഞ്ഞത് വന്‍ കേസായി. (ഈ ത്രിപാഠി പിന്നീട് നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേര്‍ന്ന് രാജീവ് ഗാന്ധിയുടെ വലംകൈയായി). അതോടെ ക്യാമ്പസില്‍ പൊലീസ് നരനായാട്ടായി..
യെച്ചൂരിയെ വീട്ടില്‍ നിന്ന് അറസ്റ്റു ചെയ്തു. മാസങ്ങളോളം അദ്ദേഹം ജയിലിലായി. പക്ഷേ എം.എ. ഉയര്‍ന്നമാര്‍ക്കോടെ വിജയിച്ച അദ്ദേഹം ജെ. എന്‍. യുവില്‍ത്തന്നെ പിഎച്ച് ഡിയ്ക്ക് ചേര്‍ന്നിരിക്കുകയായിരുന്നു അദ്ദേഹം.അടിയന്തരാവസ്ഥക്കുശേഷം തിരിച്ചെത്തിയ യെച്ചൂരി, 1977ലും 78ലും സ്റ്റുഡന്റ്സ്യൂണിയന്‍ സ്ഥാനം വഹിച്ചു.
പക്ഷേ 1977-ല്‍ തിരഞ്ഞെടുപ്പില്‍ പരാജയം നേടിയിട്ടും ഇന്ദിര ഗാന്ധി ജെ.എന്‍.യുവിന്റെ ചാന്‍സിലര്‍ സ്ഥാനം വിട്ടില്ല. ഇതിനെ മുമ്പേ വിദ്യാര്‍ഥികള്‍ പ്രതിഷേധം മൂലം, വൈസ് ചാന്‍സിലര്‍ സ്ഥാനം ഡോ. ബി.ഡി. നാഗ്ചൌധരി രാജി വെച്ചിരുന്നു. അതേ ദിവസം ഉച്ചക്ക് സീതാറാം യെച്ചുരിയും വിദ്യാര്‍ഥികളും ഇന്ദിര ഗാന്ധിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തി. പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികളെ കാണാനായി ഇന്ദിര ഗാന്ധി വേദിയില്‍ വന്നപ്പോളാണ് വിദ്യാര്‍ഥി സംഘടനയുടെ പ്രസിഡന്റ് സിതാറാം യെച്ചുരി ഒരു നിവേദനപത്രിക വായിച്ചു. തുടക്കത്തില്‍ തന്നെ ഇന്ദിര ഗാന്ധി അടിയെന്തിരാവസ്ഥയില്‍ നടത്തിയ അതിക്രമങ്ങളെ കുറിച്ചാണ് യെച്ചുരി വായിച്ചത്. ഇത് കേട്ട് രോഷാകുലയായി ഇന്ദിര തിരിച്ചു വീടിനകത്തേയ്ക്ക് പോയി. പക്ഷേ പിറ്റേ ദിവസം ഇന്ദിര ഗാന്ധി ജെ.എന്‍.യു ചാന്‍സിലര്‍ സ്ഥാനം രാജി വെച്ചു. ഇതും യെച്ചൂരിയുടെ ഇമേജ് ഉയര്‍ത്തി. ഇന്ദിെേരപ്പാലും വിറപ്പിച്ച നേതാവ് എന്ന് അദ്ദേഹം പ്രകീര്‍ത്തിക്കപ്പെട്ടു. പക്ഷേ ഇപ്പോഴും ആ പഴയ ഫോട്ടോ ഉയര്‍ത്തിക്കാട്ടി, ഇന്ദിരാഗാന്ധിയോട് യെച്ചൂരി മാപ്പുപറയുന്ന എന്ന രീതിയില്‍ വ്യാജ പ്രചാരണം നടക്കാറുണ്ട്.
പാര്‍ട്ടിയിലെ ക്യാമ്പസ് റിക്രൂട്ട്മെന്റ്?
1978-ല്‍ എസ്എഫ്‌ഐയുടെ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം പിന്നീട് എസ്എഫ്‌ഐയുടെ അഖിലേന്ത്യാ പ്രസിഡന്റായി. ബംഗാളില്‍ നിന്നോ കേരളത്തില്‍ നിന്നോ അല്ലാതെ എസ്എഫ്ഐയുടെ ആദ്യ പ്രസിഡന്റ് ആയിരുന്നു അദ്ദേഹം. എസ്എഫ്ഐയിലെ ഈ പ്രവര്‍ത്തന മികവ് അദ്ദേഹത്തെ നേരിട്ട് സിപിഎമ്മിന്റെ ഉന്നത സമിതികളില്‍ എത്തിച്ചു. ഒരു സംസ്ഥാന ഘടകത്തിലും പ്രവര്‍ത്തിക്കാതെ, നേരിട്ട് പാര്‍ട്ടി സെന്റിന്റെ പിന്തുണയോടെ, 32ാം- വയസ്സില്‍ കേന്ദ്ര കമ്മിറ്റിയിലും, നാല്‍പ്പതാമത്തെ വയസ്സില്‍ പൊളിറ്റ്ബ്യൂറോയിലും അദ്ദേഹം അംഗമായി. ഒപ്പം പ്രകാശ് കാരാട്ടും ഉണ്ടായിരുന്നു. പിന്നീട് കാരാട്ടിന്റെ ഭാര്യ വൃന്ദയും പിബിയിലെത്തി. ഇതിനെ സിപിഎമ്മിലെ ക്യാമ്പസ് റിക്രൂട്ട്മെന്റ് എന്ന് പറഞ്ഞ് പലരും പരിഹസിക്കാറുണ്ട്. പക്ഷേ സത്യം അതല്ല. കഴിവിനുള്ള അംഗീകാരം തന്നെയാണ് അവര്‍ക്ക് ലഭിച്ചത്.
2015 ഏപ്രില്‍ 19-ന് വിശാഖപട്ടണത്ത് നടന്ന പാര്‍ട്ടിയുടെ 21-ാമത് പാര്‍ട്ടി കോണ്‍ഗ്രസില്‍ സി.പി.എമ്മിന്റെ ജനറല്‍ സെക്രട്ടറിയായി യെച്ചൂരി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് 2018ലും 21ലും അദ്ദേഹം തന്നെ തുടര്‍ന്നു. 2005-ലാണ് പശ്ചിമ ബംഗാളില്‍ നിന്ന് രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടത്. രാജ്യസഭയിലും നര്‍മ്മതുളുമ്പുന്ന സംഭാഷണങ്ങളും ക്രിയാത്മക ചര്‍ച്ചകളുമായി യെച്ചൂരി തിളങ്ങി. അന്താരാഷ്ട്രവിഷയങ്ങളുടെ സിപിഎം തലവനും പാര്‍ട്ടി മുഖപ്പത്രമായ പീപ്പിള്‍ ഡെമോക്രസിയുടെ എഡിറ്ററും കൂടി ആണ് യെച്ചൂരി. നേപ്പാളില്‍ മാവോയിസ്റ്റുകളെ ജനാധിപത്യത്തിന്റെ പാതയിലേക്ക് നയിക്കുന്നതിനായി ഒരു മധ്യസ്ഥന്‍ എന്ന നിലയില്‍ അദ്ദേഹം നടത്തിയ ഇടപെടലുകള്‍ പ്രശംസാര്‍ഹമായിരുന്നു. നേപ്പാളിലെ പ്രമുഖ മാവോവാദി നേതാക്കളായ പ്രചണ്ഡ, ബാബുറാം ഭട്ടറായി തുടങ്ങിയവരുമായി അടുത്ത ബന്ധമുണ്ടായിരുന്നു യെച്ചൂരിക്ക്.
ഹിന്ദുത്വ രാഷ്ട്രീയ പ്രൊജക്റ്റുകളെപ്പറ്റിയുള്ളതുള്‍പ്പെടെ ഒരു ഡസനിലധികം പുസ്തകങ്ങളുടെ രചയിതാവായ യെച്ചൂരി, ദശകങ്ങളായി സംഘപരിവാര്‍ പ്രത്യയശാസ്ത്രത്തിന്റെ നിശിത വിമര്‍ശകനാണ്. ആസന്നമായ ഹിന്ദുത്വ ഫാഷിസത്തിന്റെ അപകടങ്ങളെ തന്റെ രാഷ്ട്രീയജീവിതത്തിന്റെ ആരംഭം മുതല്‍ സൂക്ഷ്മമായി കണ്ടറിഞ്ഞ് വിശകലനം ചെയ്ത ഇടതുനേതാവാണദ്ദേഹം. ഒന്നും രണ്ടും യുപിഎ സര്‍ക്കാറുകളുടെ കാലത്ത് ഡല്‍ഹിയില്‍ കാരാട്ടിനൊപ്പം അദ്ദേഹം നിറഞ്ഞു നിന്നു. ഇന്നും ഇന്ത്യയിലെ ഏറ്റവും മികച്ച സര്‍ക്കാറായി പലരും പരിഗണിക്കപ്പെടുന്ന ഒന്നാം യുപിഎ ഭരണമാണ്. അന്ന് ശരിക്കും ഒരു കിങ്മേക്കറുടെ റോളിലായിരുന്നു യെച്ചൂരിയും കാരാട്ടും.
അടിസ്ഥാന കമ്യൂണിസ്റ്റ് മൂല്യങ്ങള്‍ വിടാതെയുള്ള പ്രയോഗികതയാണ് സീതാറാം യെച്ചൂരി. കോണ്‍ഗ്രസുമായി യാതൊരുബന്ധവും വേണ്ട എന്ന കാരാട്ട് ലൈനിന് വിരുന്ധമായിരുന്നു യെച്ചൂരിയുടെ ലൈന്‍. ഇത് പലപ്പോഴും പാര്‍ട്ടിയില്‍ പ്രശ്നമായി. വിശാഖപട്ടണത്ത് നടന്ന ഇരുപത്തിയൊന്നാമത് പാര്‍ട്ടി കോണ്‍ഗ്രസില്‍ അന്ന് എസ് രാമചന്ദ്രന്‍ പിള്ളയെ തലപ്പത്ത് എത്തിക്കാനുള്ള പ്രകാശ് കാരാട്ടിന്റെയും കേരളഘടകത്തിന്റെയും നീക്കത്തെ അതീജിവിച്ച് യെച്ചൂരി ജനറല്‍ സെക്രട്ടറിയായത്. ഹൈദരാബാദ് പാര്‍ട്ടി കോണ്‍ഗ്രസില്‍ യെച്ചൂരിയെ മാറ്റാനുള്ള നീക്കത്തെ ബംഗാള്‍ ഘടകം മറികടന്നത് രഹസ്യ ബാലറ്റ് എന്ന നിര്‍ദ്ദേശത്തിലൂടെയാണ്.
പക്ഷേ 2019-ല്‍ അദ്ദേഹത്തിന്റെ ഐക്യ ലൈനിനെ കോണ്‍ഗ്രസ് തന്നെ തോല്‍പ്പിച്ചുകളഞ്ഞു. പിടിച്ചുനില്‍ക്കാന്‍ കോണ്‍ഗ്രസ് ബന്ധം വേണമെന്ന് ബംഗാള്‍ ഘടകം ആവശ്യപ്പെട്ടപ്പോള്‍ അവര്‍ക്കൊപ്പം നിലയുറപ്പിച്ചു യെച്ചൂരി നടത്തിയത് സിപിഎമ്മിനെ സംബന്ധിച്ചു സമാനതകളില്ലാത്ത ഉള്‍പ്പാര്‍ട്ടിപ്പോരാട്ടമായിരുന്നു. പൊളിറ്റ്ബ്യൂറോയില്‍ ന്യൂനപക്ഷമായിട്ടും ആ യുദ്ധത്തില്‍ അദ്ദേഹം ജയിച്ചു. ഹൈദരാബാദ് പാര്‍ട്ടി കോണ്‍ഗ്രസ് യെച്ചൂരി ലൈനിന് പച്ചക്കൊടി കാട്ടി. പക്ഷേ, ബംഗാളില്‍ ആ സഖ്യശ്രമം പൊളിഞ്ഞു. രാഹുല്‍ ഗാന്ധി നിര്‍ദേശിച്ചിട്ടും കോണ്‍ഗ്രസ് ബംഗാള്‍ ഘടകം സിപിഎമ്മിന്റെ ആഗ്രഹം ചവറ്റുകുട്ടയിലെറിഞ്ഞു.
ശേഷം, വയനാട്ടില്‍ രാഹുല്‍ ഗാന്ധിതന്നെ ഇടതുപക്ഷത്തിനെതിരെ മത്സരിക്കുന്നുവെന്ന കാഴ്ചയാണ് കണ്ടത്. അതോടെ കോണ്‍ഗ്രസ് സഖ്യം എന്ന ആശയം ചീറ്റി. പ്രതിപക്ഷ ഐക്യനിര രൂപീകരിക്കുന്നതിലുള്‍പ്പടെ യെച്ചൂരിയുടെ വൈദഗദ്ധ്യം ദേശീയ രാഷ്ട്രീയം പലപ്പോഴും കണ്ടു. ബിജെപിക്കെതിരെ പ്രായോഗിക അടവിന് മുന്‍തൂക്കം വേണമെന്ന വാദമുയര്‍ത്തുന്ന യെച്ചൂരിയായിരുന്നു ഇന്‍ഡ്യാ സഖ്യത്തിനായും മുന്‍കൈ എടുത്തുത്. ഇന്‍ഡ്യാ സഖ്യമാവട്ടെ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയെ ഞെട്ടിക്കുകയും ചെയ്തു.
വിഎസിന്റെ പ്രിയ സഖാവ്
കേരളവുമായുള്ള യെച്ചൂരിയുടെ പ്രേത്യക ബന്ധത്തിന്റെ അടിസ്ഥാനം അദ്ദേഹത്തിന് വിഎസ് അച്യുതാനന്ദനുമായിട്ടുള്ള ബന്ധമായിരുന്നു. കഴിഞ്ഞ വര്‍ഷം വിഎസിന് നൂറു വയസു തികയുമ്പോഴും ആശംസകളുമായി യെച്ചൂരി ഉണ്ടായിരുന്നു. ഇരുവരും തമ്മില്‍ പരിചയപ്പെട്ടത് 41 വര്‍ഷം മുന്‍പാണ്. സുഹൃത്തുക്കളായിട്ട് ഇപ്പോള്‍ 35 വര്‍ഷമായി. 29 വര്‍ഷത്തെ പ്രായവ്യത്യാസം ഈ കൂട്ടുകെട്ട് ബലപ്പെടുന്നതിനു തടസ്സമായില്ല. അവശ്യഘട്ടങ്ങളില്‍ ഡല്‍ഹിയില്‍ സീതാറാം യച്ചൂരി വിഎസ് പക്ഷത്തായിരുന്നു, കേരളത്തില്‍ വി.എസ്.അച്യുതാനന്ദന്‍ യെച്ചൂരി പക്ഷത്തും. ഡല്‍ഹിയില്‍ വിഎസ് യെച്ചൂരിപക്ഷത്തും, കേരളത്തില്‍ യെച്ചൂരി വിഎസ് പക്ഷത്തുമെന്നു മാറ്റിപ്പറഞ്ഞാലും തെറ്റല്ല എന്ന് ഇതുസംബന്ധിച്ച് മലയാള മനോരമായില്‍ വന്ന ഒരു ലേഖനം പറയുന്നു.
തന്റെ പുകവലി ശീലത്തെ ചെറുക്കാന്‍ വിഎസ് ശ്രമിച്ചതും യെച്ചൂരി പറഞ്ഞിട്ടുണ്ട്. ''സ്മോക്കിങ് ബാഡ്, സ്റ്റോപ് സ്റ്റോപ്'' മുറിഞ്ഞ ഇംഗ്ലിഷില്‍ വിഎസ് പറഞ്ഞത് യെച്ചൂരി സ്മരിച്ചിരുന്നു. പക്ഷേ നിര്‍ണ്ണായക സമയത്ത്, വിഎസിനെ കൈവിട്ടു എന്ന ആരോപണവും യെച്ചൂരിക്ക് നേരെയുണ്ട്. 2016-ലെ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ്് വിഎസിനെ മുന്നില്‍ നിര്‍ത്തി പ്രചാരണം നടത്തിയിട്ടും, ജയിച്ചപ്പോള്‍ പിണറായി മുഖ്യമന്ത്രിയായി. ഇത് തടയിടാന്‍, യെച്ചൂരി ശ്രമിച്ചില്ല എന്ന് മാത്രമല്ല, അന്ന് പകരമായി വിഎസ് തനിക്ക് ആവശ്യപ്പെട്ട കാബിനറ്റ് പദവിയടക്കമുള്ള തുണ്ടുകടലാസ് യെച്ചൂരിയുടെ കൈയില്‍നിന്ന് ചോരുകയും ചെയ്തു. വിഎസിന്റെ ഇമേജ് മാരകമായി ഇടിയുന്നത് ഈ ഒരു കാരണത്തോടെയാണ്. എന്ന് യെച്ചൂരി വിഎസിനെ ഒറ്റിയെന്ന വാദം ശക്തമാണ്. പക്ഷേ സിപിഎമ്മില്‍ വ്യക്തികളല്ല പാര്‍ട്ടിയാണ് തീരുമാനം എടുക്കുക എന്നാണ് യെച്ചൂരി ഇതേക്കുറിച്ച് പിന്നീട് പ്രതികരിച്ചത്.
വിഎസിനെകുറിച്ച് ഇക്കഴിഞ്ഞ സംസ്ഥാന സമ്മേളന കാലയളവിലും യെച്ചൂരി പറഞ്ഞത് ഇങ്ങനെയാണ്-''എനിക്ക് മാത്രമല്ല, പാര്‍ട്ടിക്കൊന്നാകെ വി.എസ്. പ്രചോദനമാണ്. പാര്‍ട്ടി ആദര്‍ശത്തോടുള്ള പ്രതിബദ്ധതയാണ് മുഖ്യം. അദ്ദേഹം കടന്നുവന്ന വഴികള്‍ നോക്കുക. ജീവിതം അദ്ദേഹത്തിന് നിരന്തര പോരാട്ടമായിരുന്നു. വളരെ എളിയ നിലയില്‍ നിന്നാണ് വി.എസ്. കേരളത്തിലെ ജനകീയ നേതാവും മുഖ്യമന്ത്രിയുമായി വളര്‍ന്നത്. തന്റെ നിലപാട് എവിടെയും എപ്പോഴും പറയുന്നതിനുള്ള വി.എസ്സിന്റെ ചങ്കൂറ്റം എടുത്തുപറയണം. ഒരു ശത്രുവിനും അദ്ദേഹത്തെ കീഴ്പ്പെടുത്താനായിട്ടില്ല. അതേ സമയം തന്നെ പാര്‍ട്ടിയുടെ പൊതുനയങ്ങള്‍ അനുസരിക്കുന്നതിനും വി.എസ് മടികാണിച്ചിട്ടില്ല.
വിഎസിന്റെ അസാനിധ്യം മൂലം പാര്‍ട്ടിയില്‍ ഒരുവിടവുണ്ടെന്നത് നേരാണ്. എല്ലാ വലിയ നേതാക്കളുടെ കാര്യത്തിലും ഇതുണ്ട്. പക്ഷേ, ആ വിടവ് നികത്താന്‍ പാര്‍ട്ടിക്കാവുമെന്ന പ്രതീക്ഷയാണുള്ളത്. കാലക്രമേണ, പതുക്കെ, ആ വിടവും നികത്തപ്പെടും. അതേസമയം അവരുടെ സ്വാധീനം പാര്‍ട്ടിക്ക് മേല്‍ തുടര്‍ന്നുമുണ്ടാവും. എ.കെ.ജിയും ഇ.എം.എസും നിലനില്‍ക്കുന്നതുപോലെ വി.എസ്സും നിലനില്‍ക്കും''- യെച്ചൂരി പറഞ്ഞു.
നൊമ്പരമായി മകന്റെ മരണം
സീതാറാം രണ്ടുതവണ വിവാഹിതനായിട്ടുണ്ട്. ലെഫ്റ്റ് വിങ്ങ് ആക്റ്റീവിസ്റ്റും, ഫെമിനിസ്റ്റുമായ വിന മജുംദാറിന്റെ മകള്‍ ഇന്ദ്രാണി മജുംദാറാണ് ആദ്യഭാര്യ. ഡിവോഴ്സിനുശേഷം അദ്ദേഹം, ദി വയറിന്റെ എഡിറ്ററും മുമ്പ് ബിബിസി ഹിന്ദി സര്‍വീസിന്റെ ഡല്‍ഹി എഡിറ്ററുമായ സീമ ചിസ്തിയെ ജീവിത സഖിയാക്കുകയായിരുന്നു. ഡല്‍ഹിയിലെ ഇന്ത്യന്‍ എക്സ്പ്രസിന്റെ റസിഡന്റ് എഡിറ്ററായും സീമ ജോലിനോക്കിയിട്ടുണ്ട്. ഭാര്യയാണ് തന്നെ സാമ്പത്തികമായി നിലനിര്‍ത്തുന്നത് എന്നാണ് ഒരു അഭിമുഖത്തില്‍ യെച്ചൂരി പറഞ്ഞത്. മകള്‍ അഖില യെച്ചൂരി എഡിന്‍ബര്‍ഗ് സര്‍വകലാശാലയിലുടക്കം പഠിപ്പിച്ചിട്ടുണ്ട്.
2021 ഏപ്രില്‍ 22ന് കോവിഡ് കത്തിനില്‍ക്കുന്ന സമയത്ത് മകന്‍ മരിച്ചതാണ് സീതാറാം യെച്ചൂരിയുടെ ജീവിതത്തിലെ ഏറ്റവും വലിയ നൊമ്പരം.സീതാറം- ഇന്ദ്രാണി ദമ്പതികളുടെ മകനായിരുന്നു ആശിഷ്. ഗുഡ്ഗാവിലെ മേദാന്ത ആശുപ്രത്രിയില്‍ കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെയാണ്, 35-കാരനായ ആശിഷ് യെച്ചൂരി മരണത്തിന് കീഴടങ്ങിയത്. ഡല്‍ഹിയിലെ പ്രമുഖ വാര്‍ത്താ പോര്‍ട്ടലായ ന്യൂസ് ലോണ്‍ട്രിയില്‍ സീനിയര്‍ കോപ്പി എഡിറ്ററായുന്നു അദ്ദേഹം. ടൈംസ് ഓഫ് ഇന്ത്യ, ഏഷ്യാവില്‍, ന്യൂസ് 18 എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2021 സെപ്റ്റമ്പര്‍ 25ന് യെച്ചൂരിയുടെ അമ്മയും മരിച്ചു. കല്‍പ്പകം യെച്ചൂരി(89) വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് അന്തരിച്ചത്. അവരുടെ ആഗ്രഹം അനുസരിച്ച് മൃതദേഹം വൈദ്യപഠനത്തിനായി ഡല്‍ഹി എയിംസ് ആശുപത്രിക്ക് വിട്ടു നല്‍കി. 2021 തനിക്ക് നഷ്ടങ്ങളുടെ വര്‍ഷമാണെന്നാണ് യെച്ചൂരി പ്രതികരിച്ചത്.
പിന്നീട് ഒരു വര്‍ഷത്തിനുശേഷം, മകന്റെ ഫോട്ടോ എക്സിബിഷന്‍ കണ്ടപ്പോള്‍ യെച്ചുരി വികാര ധീനനായിരുന്നു. ഭാര്യ സ്വാതി മുന്‍കൈയുടത്താണ് ആശിഷിന്റെ ഫോട്ടോ പ്രദര്‍ശനം നടത്തിയത്. തീക്ഷ്ണതയുള്ള നിലപാടും മൂര്‍ച്ചയുള്ള വാദങ്ങളുമായി വിപ്ലവ പാര്‍ട്ടിയെ നയിക്കുന്ന നേതാവ്, തന്റെ മരിച്ചുപോയ മകന്‍ ക്യാമറയില്‍ പകര്‍ത്തിയ ചിത്രങ്ങള്‍ക്ക് മുന്നില്‍ ഒന്നിടറി.
ഏറ്റവും വിചിത്രം സീതാറാം യെച്ചൂരിക്ക് ഇങ്ങനെ ഒരു മകന്‍ ഉണ്ടെന്ന് തന്നെ പലരും അറിയുന്നത്, കോവിഡ് കാലത്തെ ആ ദുരന്ത വാര്‍ത്തക്ക്ശേഷമാണ്. മക്കളെ ഉന്നത സ്ഥാനങ്ങളില്‍ കുത്തിക്കയറ്റാന്‍ നോക്കുന്ന കേരള നേതാക്കളുടെ ഇടയില്‍ സീതാറാം വീണ്ടും വ്യത്യസ്തനാവുന്നു. യാതൊരു തരത്തിലുളള പ്രവിലേജുകളുമില്ലാതെ, മക്കള്‍ രാഷ്ട്രീയത്തിന്റെ കറ പുരളാതെ, വിദ്യാഭ്യാസം കൊണ്ടുമാത്രം യെച്ചൂരിയുടെ മക്കള്‍ പിടിച്ചുനിന്നു. ജോ്യതിബസുവിന്റെ മകന്‍ ചന്ദന്‍ ബസുമുതല്‍, പിണറായിയുടെ മകള്‍ വീണവരെ നീളുന്ന, മക്കള്‍ ക്രോണിയിസം, യെച്ചൂരിയില്‍ അവശേഷിക്കുന്നില്ല. അങ്ങനെ ഒരു ഇല പൊഴിയുന്നതുപോലെ പതുക്കെ യെച്ചൂരിയും കടന്നുപോവുകയാണ്.
വാല്‍ക്കഷ്ണം: ആദ്യ പാര്‍ലിമെന്റിലെ പ്രധാന പ്രതിപക്ഷ കക്ഷിയില്‍നിന്ന്, ഒന്നുമല്ലാത്ത നിലയിലേക്ക് സിപിഎം ദേശീയ അടിസ്ഥാനത്തില്‍ മാറുന്ന സമയമാണിത്. സീതാറാമിന്റെ നിര്യാണത്തോടെ പാര്‍ട്ടിയിലെ അവേശിക്കുന്ന എതിര്‍ ശബ്ദവും ഇല്ലാതെയായി സിപിഎം പുര്‍ണ്ണമായി കേരള പാര്‍ട്ടിയാവുകയാണ്. സിപിഐ (എം) എന്ന് പറയുന്നതിന് പകരം സിപിഐ ( കെ) എന്ന് പറയുന്നതാവും നല്ലയെന്ന് ട്രോളന്‍മ്മാര്‍ പറയുന്നതില്‍ തെറ്റ് പറയാന്‍ പറ്റില്ല.