വര്‍ഗീയ പോസ്റ്ററുണ്ടാക്കി എതിരാളികളുടെ പിരടിക്കിടുന്ന 'കാഫിര്‍ തന്ത്രം'; മാഷാ അള്ളാ സ്റ്റിക്കറും, ടിപിയുടെ അവിഹിതവും; ആന്തൂര്‍ സാജനെയും അപമാനിച്ചു; മോഹന്‍ലാലിന്റെ അമ്മ മരിച്ചുവെന്നുപോലും എഴുതുന്ന നുണഫാക്ടറിയായി ദേശാഭിമാനി; ഒടുവിലത്തെ ഇര ഷാജന്‍ സ്‌കറിയ; സിപിഎം പ്രൊപ്പഗാന്‍ഡകളുടെ കഥ

സിപിഎം പ്രൊപ്പഗാന്‍ഡകളുടെ കഥ

Update: 2025-09-01 10:28 GMT

തിരാളികളെ ആളെ വിട്ട് കൊല്ലിച്ച ശേഷം ഒന്നുമറിയാത്തപോലെ അവരുടെ മൃതദേഹം ചുമക്കാന്‍ എത്തുമായിരുന്നു, സാക്ഷാല്‍ ജോസഫ് വിസാരിയോവിച്ച് സ്റ്റാലിന്‍! റഷ്യയുടെ കമ്യൂണിസ്റ്റ് ഡിറ്റേക്റ്റര്‍ക്ക് കുട്ടികള്‍ പൂവ് കൊടുക്കുന്നതും, അദ്ദേഹം അമ്മമാരെ കെട്ടിപ്പിടിക്കുന്നതുമെല്ലാം ഫോട്ടോയാക്കാനും, സോവിയറ്റ് സാഹിത്യം വഴി ലോകമെമ്പാടും പ്രചരിപ്പിക്കാനും വലിയൊരു സംഘം തന്നെ ഉണ്ടായിരുന്നു. യുക്രെയിനിലെ ലക്ഷക്കണക്കിന് പാവങ്ങളെ സ്റ്റാലിന്‍ പട്ടിണിക്കിട്ട് കൊല്ലുമ്പോള്‍, നമ്മുടെ നാട്ടില്‍ 'സോവിയറ്റ് എന്നൊരു നാടുണ്ടല്ലോ, എന്തൊരു സ്വര്‍ഗം' എന്ന കവികള്‍ പാടി പുകഴ്ത്തുകയായിരുന്നു. ചൈനയില്‍ മാവോയും അതുതന്നെ ചെയ്തു. ജനകോടികളെ മാവോ കൊന്നൊടുക്കുമ്പോഴും ചൈന മധുരമനോജ്ഞമായി തുടര്‍ന്നു.

അതുപോലെ കമ്യൂണിസ്റ്റ് ഫാസിസ്റ്റുകളുടെ ലോക വ്യാപകമായ രീതിയാണ്, എതിരാളികളെ തേജോവധം ചെയ്യല്‍. ആടിനെ പട്ടിയാക്കുക, തുടര്‍ന്ന് അതിനെ പേപ്പട്ടിയാക്കി അടിച്ച് കൊല്ലുക, എന്നിട്ട് കേസ് നേരിടാന്‍ വ്യാജ പ്രതികളെ ഇറക്കുക, കൊന്നത് പേപ്പട്ടിയെയാണെന്ന് പറഞ്ഞ് ക്രിമിനലുകള്‍ക്ക് ഹീറോ പരിവേഷം കൊടുക്കുക! കഴിഞ്ഞ എത്രയോ വര്‍ഷമായി സിപിഎം നടത്തുന്ന പ്രൊപ്പഗാന്‍ഡ മെഷനറിയുടെ ഏകദേശ രൂപമാണിത്. ലോകവ്യാപകമായി തന്നെ കമ്യൂണിസ്റ്റുകള്‍ക്ക് തങ്ങളുടെ ക്രുരതകള്‍ മറച്ചുവെക്കാന്‍ ഇത്തരം പ്രചാരണ കമ്മിസാര്‍ സംഘങ്ങളുണ്ടായിരുന്നു.




ജനാധിപത്യത്തിലൂടെ അധികാരത്തിലെത്തിയ കേരളത്തിലും കമ്യൂണിസ്റ്റുകള്‍ പിന്തുടര്‍ന്നിരുന്നത് ഈ പ്രൊപ്പഗന്‍ഡ രീതിയാണ്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഇരയാണ് മറുനാടന്‍ മലയാളി ചീഫ് എഡിറ്റര്‍ ഷാജന്‍ സ്‌കറിയ.സര്‍ക്കാറിന്റെ ദുഷ്ചെയ്തികളെ നിരന്തരമായ വിമര്‍ശിക്കുന്ന ഷാജനെ, കേസില്‍പെടുത്തി തീര്‍ക്കാന്‍ കഴിയില്ല എന്ന് വ്യക്തമായതോടെ കായികമായി ആക്രമിച്ച് നിശബ്ദനാക്കുക എന്നതാണ് പുതിയ തന്ത്രം. തൊടുപുഴയില്‍ വെച്ച് ഷാജനുനേരെ ആക്രമണം ഉണ്ടായപ്പോള്‍ അത് കേവലം ഒരു വ്യക്തിവൈരാഗ്യത്തിന്റെ പ്രശ്നമാക്കി ലഘൂകരിച്ചാണ് സൈബര്‍ സഖാക്കള്‍ കള്ളക്കഥ അടിക്കുന്നത്. ഈ ആടിനെ പട്ടിയാക്കല്‍ പുത്തരിയല്ല. ടി പി വധക്കേസും, ആന്തുര്‍ സാജന്‍ കേസും, കാഫിര്‍ സ്‌ക്രീന്‍ഷോട്ട് വിവാദം അടങ്ങുന്ന നൂറുകണക്കിന് സംഭവങ്ങള്‍ കേരളത്തിന് പറയാനുണ്ട്. കേരളത്തിലെ ഒരു പ്രഖ്യാപിത കമ്യൂണിസ്റ്റ് രീതിയായാണ് ഇത് മാറുന്നത്.

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് വിവാദം

ഇലക്ഷന്‍കാലത്ത്, വര്‍ഗീയ പോസ്റ്ററുണ്ടാക്കി അത് എതിരാളികളുടെ പിരടിക്ക് ഇട്ട് മതധ്രുവീകരണമുണ്ടാക്കുക. മതനിരപേക്ഷതയ്ക്കുവേണ്ടി വാദിക്കുന്ന, സിപിഎമ്മില്‍നിന്ന് ഇതുപോലെ ഒരു നീക്കം പ്രതീക്ഷിക്കാന്‍ കഴിയുമോ. പക്ഷേ സിപിഎം, കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് അതും ചെയ്തു. അതായിരന്നു വടകരയെ മാത്രമല്ല, കേരളത്തെ തന്നെ പിടിച്ചുകുലുക്കിയ കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് വിവാദം.




ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം തീരുന്ന ദിവസം വൈകിട്ടായിരുന്നു സംഭവം. തിരുവള്ളൂരിലെ എം.എസ്.എഫ്. നേതാവ് പി.കെ. മുഹമ്മദ് കാസിമിന്റെ വാട്‌സാപ്പ് സന്ദേശമെന്ന പേരിലാണ് 'കാഫിര്‍' സ്‌ക്രീന്‍ഷോട്ട് പ്രചരിച്ചത്. എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയെ കാഫിറെന്ന് വിളിക്കുന്ന പരാമര്‍ശമാണ് ഇതിലുള്ളത്. ഈ സന്ദേശം പെട്ടെന്നുതന്നെ സാമൂഹികമാധ്യമങ്ങളില്‍ ആളിക്കത്തി. ചാനലുകളിലും പത്രങ്ങളിലും വാര്‍ത്തയായി. ഒറ്റ ദിവസംകൊണ്ട് ഷാഫി പറമ്പില്‍ എന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഒരു മതത്തിന്റെ മാത്രം പ്രതിനിധിയായി.

പക്ഷേ ഇത് വ്യാജമായി നിര്‍മിച്ച സ്‌ക്രീന്‍ഷോട്ടാണെന്ന് ചൂണ്ടിക്കാട്ടി മുഹമ്മദ് കാസിമും എംഎസ്എഫും രംഗത്തുവന്നു. സിപിഎമ്മാണ് ഇതിന് പിന്നിലെന്നായിരുന്നു ലീഗിന്റെ ആരോപണം. ഇതോടെ വിവാദം കോടതി കയറി. അക്കാലത്ത് ചാനല്‍ ചര്‍ച്ചകളിലൊക്കെ വന്നിരുന്നത് സിപിഎം നേതാക്കള്‍ ഘോരഘോരം നുണ പ്രചരിപ്പിക്കയായിരുന്നു. ഒടുവില്‍ അന്വേഷണം എത്തിനിന്നത് സിപിഎം സൈബര്‍ ഗ്രൂപ്പുകളിലാണ്.

അന്വേഷണത്തില്‍ മുഹമ്മദ് കാസിമല്ല സ്‌ക്രീന്‍ ഷോട്ടിന് പിന്നിലെന്ന് പോലീസ് കണ്ടെത്തി. മതവിദ്വേഷം വളര്‍ത്തുന്ന 'കാഫിര്‍' സ്‌ക്രീന്‍ ഷോട്ട് പോസ്റ്റ് ആദ്യം എത്തിയത് 'റെഡ് എന്‍കൗണ്ടേഴ്‌സ്' എന്ന വാട്‌സാപ്പ് ഗ്രൂപ്പിലാണെന്നും ഇതാണ് 'അമ്പലമുക്ക് സഖാക്കള്‍' എന്ന ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്‌തെന്നും പോലീസ് ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. 'പോരാളി ഷാജി' എന്ന ഫെയ്‌സ്ബുക്ക് പേജിന് പിന്നില്‍ വഹാബ് എന്ന ആളാണെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ ഫെയ്‌സ്ബുക്ക് പേജുകളില്‍ ഈ സ്‌ക്രീന്‍ ഷോട്ട് എങ്ങനെ എത്തി എന്നതില്‍ കേന്ദ്രീകരിച്ചായിരുന്നു പോലീസ് അന്വേഷണം. റെഡ് ബറ്റാലിയന്‍ എന്നും റെഡ് എന്‍കൗണ്ടേഴസ് എന്നും പേരുള്ള രണ്ട് വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ വന്ന പോസ്റ്റാണ് ഈ ഫെയ്‌സ്ബുക്ക് പേജുകളില്‍ അതിന്റെ അഡ്മിന്‍മാര്‍ പോസ്റ്റ് ചെയ്തതെന്ന് കണ്ടെത്തി.


ഇതിന്റ അഡ്മിന്‍മാരെ ചോദ്യം ചെയ്തപ്പോഴാണ് ഡിവൈഎഫ്ഐ നേതാവ് റിബേഷിന്റെ ഫോണില്‍ നിന്നാണ് സ്‌ക്രീന്‍ഷോട്ട് ആദ്യമായി ലഭിച്ചതെന്ന് വ്യക്തമായത്. എന്നാല്‍ ഇതാരാണ് നിര്‍മിച്ചതെന്ന് കണ്ടെത്താന്‍ ഫോണുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചെങ്കിലും റിപ്പോര്‍ട്ട് കിട്ടിയിട്ടില്ലെന്ന് പൊലീസ് പറയുന്നു. ഫെയ്‌സ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയില്‍ നിന്ന് വിവരങ്ങള്‍ ലഭിക്കാത്തതും തുടരന്വേഷണത്തെ ബാധിച്ചിട്ടുണ്ടെന്നാണ് പൊലീസിന്റ വിശദീകരണം. ഇതിനെതിരെ വീണ്ടും ഹൈക്കോടതിയിലെ സമീപിക്കുമെന്ന് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട എംഎസ്എഫ് നേതാവ് മുഹമ്മദ് കാസിം പറഞ്ഞത്. ഒന്നരവര്‍ഷത്തോളമായിട്ടും കേസ് എങ്ങുമെത്തിയിട്ടില്ല. പക്ഷേ കേരള ചരിത്രത്തിലെ തന്നെ ഏറ്റവും മ്ളേച്ഛമായ പ്രചാരണമായി ഇത് നിലില്‍ക്കും.

ടിപിയും ആന്തുര്‍ സാജനും, നവീന്‍ ബാബവും

കേരളരാഷ്ട്രീയത്തില്‍ ഇതുപോലെ ചര്‍ച്ചയായതും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കനലണയാത്തതുമായ ഒരു രാഷ്ട്രീയക്കൊലപാതകം ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പോലെ വേറെയില്ല. വടകരയുടെ രാഷ്ട്രീയത്തില്‍ മാത്രമല്ല കേരളത്തിന്റെ തിരഞ്ഞെടുപ്പിലുമെല്ലാം ഇത് നിര്‍ണായക ഘടകമായി. പക്ഷേ കേസിന്റെ തുടക്കത്തില്‍തന്നെ കാര്യങ്ങള്‍ വഴി തിരിച്ചുവിടാനുള്ള ശ്രമമാണ് സൈബര്‍ സഖാക്കളടക്കം നടത്തിയത്. കൊടി സുനിയും കൂട്ടുരും പതിച്ച 'മാഷാഅള്ളാ' സ്റ്റിക്കറിനെ തുടര്‍ന്ന്, പോപ്പുലര്‍ ഫ്രണ്ടുകാരുടെ നേര്‍ക്കായിരുന്നു ആദ്യത്തെ പ്രചാരണം.




ചന്ദ്രശേഖരനെ 51 വെട്ട് വെട്ടി ഇല്ലാതാക്കിയ വാര്‍ത്ത ദേശാഭിമാനി നല്‍കിയത് വെട്ടുകളുടെ എണ്ണം ഇരുപതിലേക്ക് കുറച്ച് കൊണ്ടാണ്. അതായത് കൊലപാതകത്തിന്റെ ഭീകരത കുറയ്ക്കുകയായിരുന്നു ലക്ഷ്യം. കേരളം മൊത്തം ടിപി നിറഞ്ഞു നിന്നപ്പോള്‍ അദ്ദേഹത്തിന്റെ കൊലപാതകത്തെ അപലപിക്കുക പോലും ചെയ്യാത്ത നേതാക്കളെ കുറിച്ചും ദേശാഭിമാനി നല്‍കിയ വ്യാജ വാര്‍ത്തകള്‍ കുറിച്ചും മുന്‍ ദേശാഭിമാനി ജീവനക്കാരന്‍ തന്നെ എഴുതിയിട്ടുള്ള ബ്ലോഗുകള്‍ ഇപ്പോഴും നെറ്റില്‍ കിട്ടും. മാഷാ അള്ളാ സ്റ്റിക്കര്‍ ചീറ്റിയപ്പോള്‍, പിന്നെ അങ്ങോട്ട അശ്ളീല കഥകളായിരുന്നു പ്രചരിപ്പിച്ചിരുന്നത്. ടി പി ഒരു കാമുകിയെ കാണാന്‍ പോയി വരുമ്പോഴാണ് കൊല്ലപ്പെട്ടതും അവിഹിതം ചോദ്യം ചെയ്തതിനെ തുടര്‍ന്നുണ്ടായ കൊലയെന്നുമൊക്കെ സഖാക്കള്‍ കരക്കമ്പി അടിച്ചുവിട്ടു. ഇത്തരം അശ്ളീല സാഹിത്യങ്ങള്‍ നവമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിച്ചു. ഒടുവില്‍ എല്ലാം പൊളിഞ്ഞുവെന്നത് വേറെ കാര്യം.




ആന്തൂരില്‍ ആത്മഹത്യ ചെയ്ത സാജന്റെ ഭാര്യയെ കുറിച്ചും സൈബര്‍ സഖാക്കള്‍ നിരന്തരം വ്യാജവാര്‍ത്ത പ്രചരിപ്പിച്ചു. ദേശാഭിമാനി സാജന്റെ ഭാര്യയുടെ ഫോണ്‍ കോളുകളുടെ എണ്ണമെടുത്ത് വാര്‍ത്ത നല്‍കി. ആന്തൂര്‍ നഗരസഭയുടെ പീഡനത്തെ തുടര്‍ന്നാണ് വ്യവസായിയായ സാജന്‍ ആത്മഹത്യ ചെയ്തത് എന്ന് കൃത്യമായി വിവരങ്ങള്‍ പുറത്തുവന്നിട്ടും സൈബര്‍ സഖാക്കളും നേതാക്കളും ഒന്നും തിരുത്തിയില്ല. ഇതില്‍ ആന്തൂര്‍ സാജന്‍ പാര്‍ട്ടിക്ക് വലിയ തുകകള്‍ സംഭാവന കൊടുക്കുന്ന, നേതാക്കളുമായി ഒക്കെ നല്ല പരിചയമുള്ള പാര്‍ട്ടി അനുഭാവിയായിരുന്നു. എന്നിട്ട് അയാള്‍ പോലും മരിച്ചിട്ട് കള്ളക്കഥകള്‍ പ്രചരിപ്പിച്ചവരെ എന്ത് പേരില്‍ വിളിക്കണം!




കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിനെ ക്ഷണിക്കപ്പെടാത്തൊരു പൊതുവേദിയില്‍ അതിക്രമിച്ചു കയറി അപമാനിച്ച് മരണത്തിലേക്ക് നയിച്ച മുന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയെ രക്ഷപ്പെടുത്താന്‍ നിരവധി കഥകളാണ് സിപിഎമ്മുകാര്‍ ഉണ്ടാക്കിയത്. പെട്രോള്‍ പമ്പ് സംരഭകനായ ടിവി പ്രശാന്തില്‍ നിന്ന്, എന്‍ഒസി നല്‍കുന്നതിനായി എഡിഎം ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നത് തൊട്ട് പതിവുപോലെ അവിഹിത കഥകളും പ്രചരിപ്പിച്ചു. ( അവിഹിതമാണ് സാറേ, ഇവന്‍മാരുടെ മെയിന്‍. എവിടെ നോക്കിയാലും അതാണ് സൈബര്‍ വെട്ടുക്കിളി സംഘം ആദ്യം എടുത്തിടുക!)



ദേശാഭിമാനിയുടെ നുണ ഫാക്ടറി

സിപിഎം സൈബര്‍ സഖാക്കള്‍ക്ക് ഏറ്റവും കൂടുതല്‍ വിത്തുവളവും കൊടുക്കുക പാര്‍ട്ടി മാധ്യമങ്ങളായ കൈരളിയും ദേശാഭിമാനിയുമാണ്. മറ്റുള്ളവരെ വ്യാജ വാര്‍ത്തക്കാര്‍ എന്ന് വിളിക്കുന്ന സൈബര്‍ പേരാളികള്‍ ഒരിക്കലും, സ്വന്തം മാധ്യങ്ങളില്‍ വരുന്ന വ്യാജ വാര്‍ത്തകള്‍ കാണാറില്ല. അതില്‍ ഏറ്റവും വലിയ വ്യാജന്‍, നമ്പി നാരായണനെ പ്രതിയാക്കി കൊണ്ടുള്ള ഐഎസ്ആര്‍ഒ ചാരക്കേസ് വാര്‍ത്തയാണ്. നമ്പിനാരായണന്‍ എന്ന ശാസ്ത്രജ്ഞനെ ഇത്രയധികം ദ്രോഹിച്ചിട്ടും, ഒരു ഖേദം പോലും ദേശാഭിമാനിക്കില്ല. പകരം ചാരക്കേസ് പുറത്തുകൊണ്ട് വന്നതിന്റെ മുഴുവന്‍ ക്രെഡിറ്റും ഞങ്ങള്‍ക്കാണെന്ന രീതിയില്‍ ദേശാഭിമാനി, കൊല്‍ക്കത്തയിലെ ഇംഗ്ലീഷ് പത്രമായ ടെലഗ്രാഫിനെ ഉദ്ധരിച്ചു നല്‍കിയ വര്‍ത്തയുണ്ട്. ദേശാഭിമാനി ഇല്ലായിരുന്നു എങ്കില്‍ ഐഎസ്ആര്‍ഒ ചാരക്കേസ് പുറത്ത് വരില്ലായിരുന്നു എന്നാണ് വാര്‍ത്തയിലെ കണ്ടെന്റ്.




മാതൃഭൂമിയിലെ എംപി വീരേന്ദ്ര കുമാറിന്റെ പെങ്ങള്‍ എംപി സുശീലാദേവി ആട്ട് ചെട്ടിയുടെ കൂടെ ഒളിച്ചോടി പോയെന്ന് വാര്‍ത്ത നല്‍കിയ പരമ്പര്യമുണ്ട് ദേശാഭിമാനിക്ക്. 2007- ല്‍, ജീവിച്ചിരിക്കുന്ന ആ സ്ത്രീ മരിച്ചെന്ന് ഫോട്ടോ സഹിതം വാര്‍ത്ത നല്‍കിയത് 'ഭൂമി പിടിക്കാന്‍ മാതൃഭൂമിയെന്ന' പരമ്പരയുടെ അഞ്ചാം ഭാഗത്തിലാണ്. ഒടുക്കം 'ദേശാഭിമാനി എന്നെ കൊന്നു' എന്ന തലക്കെട്ടോടെ മാതൃഭൂമിക്ക് സുശീലാ ദേവി അഭിമുഖം നല്‍കി. അഞ്ചാം ഭാഗത്തോടെ ദേശാഭിമാനി ആ പരമ്പര അവസാനിപ്പിച്ചു. അന്ന് ദേശാഭിമാനിക്ക് സുശീല ദേവി ഒരു കത്തുമയച്ചിരുന്നു, 'രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാനാണെങ്കിലും ഇത്രയും ക്രൂരത ഒരു സ്ത്രീയോട് കാണിക്കരുതെന്ന്' പറഞ്ഞു കൊണ്ട്. പക്ഷേ ദേശാഭിമാനി തിരുത്തിയില്ല. പിന്നീട് അതേ വീരേന്ദ്രകുമാര്‍ യുഡിഎഫ് വിട്ട് എല്‍ഡിഎഫില്‍ എത്തിയപ്പോള്‍ ദേശാഭിമാനിക്ക് വിശുദ്ധന്‍ ആവുകയും ചെയ്തു. വിഴിഞ്ഞം തുറമുഖ പദ്ധതി അട്ടിമറിക്കാന്‍ ഒന്‍പത് അംഗ ഗൂഢസംഘം രംഗത്തിറങ്ങിയിരിക്കുക ആണെന്നാണ് സമരകാലത്ത് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്തത്. ഒരു സ്ത്രീയുടെ അടക്കം 9 പേരുടെ ചിത്രങ്ങള്‍ സഹിതം 2022 നവംബര്‍ 30 ന് ദേശാഭിമാനി പ്രസിദ്ധീകരിച്ച വാര്‍ത്തയും താഴെയുണ്ട്. രാജ്യദ്രോഹികളെന്നാണ് അന്നാ മനുഷ്യരെ ദേശാഭിമാനി വിളിച്ചത്.

പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് ഭിക്ഷ യാചിക്കാനിറങ്ങിയ അടിമാലി സ്വദേശി മറിയക്കുട്ടി എന്ന വയോധികക്ക് രണ്ട് ഏക്കര്‍ ഭൂമിയുമുണ്ടെന്നായിരുന്നു ദേശാഭിമാനി വാര്‍ത്ത കൊടുത്തത്. ഒരു മകള്‍ വിദേശത്താണെന്നും, മറിയക്കുട്ടിക്ക് ലക്ഷങ്ങളുടെ ആസ്തിയുണ്ടെന്നുമാണ് വാര്‍ത്തയില്‍ പറയുന്നത്. എന്നാല്‍ ലോട്ടറി വിറ്റ് ഉപജീവനം നടത്തുന്ന മറിയക്കുട്ടിക്ക് ഒരു സെന്റ് ഭൂമിപോലും സ്വന്തമായി ഇല്ല. മകളുടെ വീട്ടിലാണ് അവര്‍ താമസം. വിധവാ പെന്‍ഷന്‍ മുടങ്ങിയതോടെ അവര്‍ കടുത്ത ദുരിതത്തിലുമാണ്. ദേശാഭിമാനിയുടെ വ്യാജവാര്‍ത്ത സൈബര്‍ സഖാക്കള്‍ ഏറ്റുപിടിച്ചതോടെ മറിയക്കുട്ടിക്കെതിരെ പ്രചാരണം ശക്തമായി. എന്നാല്‍ ഇതിനെതിരെ കേസ് കൊടുക്കുമെന്ന് പറഞ്ഞ് മറിയക്കുട്ടി രംഗത്ത് എത്തിയതോടെ, ദേശാഭിമാനി തിരുത്തി.

ആയിരക്കണക്കനാളുകളാണ്, ദേശാഭിമാനിയുടെ വ്യാജവാര്‍ത്താ ദംശനത്തില്‍ പെട്ടത്. മഹാരാജാസില്‍ കെഎസ്യു അംഗമായ പെണ്‍കുട്ടിക്ക് മാര്‍ക്ക് കൂട്ടി നല്‍കി എന്ന വാദത്തില്‍ കോളേജ് അന്വേഷണം നടത്തി അങ്ങനെ ഒന്ന് ഇല്ലെന്ന് പ്രിന്‍സിപ്പല്‍ മാധ്യമങ്ങളോട് പറഞ്ഞതിന്റെ പിറ്റേ ദിവസം ദേശാഭിമാനി ആരോപണം ഉറപ്പിക്കും വിധം വാര്‍ത്ത നല്‍കി. ആ റിപ്പോര്‍ട്ട് നിലനില്‍ക്കെ, മറ്റ് ചാനലുകള്‍ പ്രിന്‍സിപ്പലിന്റെ റിപ്പോര്‍ട്ട് ഉദ്ധരിച്ചു വാര്‍ത്ത നല്‍കിയിട്ടും ദേശാഭിമാനി വ്യാജ വാര്‍ത്ത തിരുത്തിയില്ല. അതിനുശേഷം കെഎസ്യു നേതാവിന്റെ വ്യാജ സര്‍ട്ടിഫിക്കറ്റ് വാര്‍ത്ത വരുന്നു. ബിഎ പഠിച്ച ആളിന്റെ പേരില്‍ ബികോം സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിക്കപ്പെട്ടിരിക്കുന്നു. ഒരു ഫാക്റ്റ് ചെക്ക് പോലും ഇല്ലാതെ ദേശാഭിമാനി ആ പയ്യന്റെ ഫോട്ടോ സഹിതം വാര്‍ത്ത നല്‍കി. ഇതിലും കേസ് നിലനില്‍ക്കയാണ്. വയല്‍ക്കിളി സമര നേതാവ് സുരേഷ് കീഴാറ്റുര്‍ വയല്‍ നികത്തി റോഡുണ്ടാക്കിയെന്ന വാര്‍ത്ത, കുഴിമന്തി കഴിച്ചു വിദ്യാര്‍ത്ഥിനി മരിച്ചെന്ന വാര്‍ത്ത, ധന്യ രാമന്‍ കലക്ട്രേറ്റ് മാര്‍ച്ചിനിടയില്‍ നിന്നെടുത്ത ഒരു ഫോട്ടോ കെവിന്റെ മരണ ചടങ്ങിനിടയില്‍ സെല്‍ഫി എടുത്തെന്ന തരത്തില്‍ വാര്‍ത്ത ആക്കിയത്... അങ്ങനെയുള്ള നിരവധി വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയാ ആക്റ്റവിസ്റ്റുകള്‍ ചൂണ്ടിക്കാട്ടുന്നതും. ഇതില്‍ ഒന്നുപോലും ദേശാഭിമാനി തിരുത്തിയിട്ടില്ല.





ചരിത്രത്തിലെ ഏറ്റവും വലിയ വ്യാജവാര്‍ത്ത!

കേരള ചരിത്രത്തിലെ ഏറ്റവും വലിയ വ്യാജ വാര്‍ത്ത നിര്‍മ്മിച്ചതിനും ക്രഡിറ്റ് ദേശാഭിമാനിക്കാണ്. മനോരമയുടെ വ്യാജ ലെറ്റര്‍പാഡ് ഉണ്ടാക്കി എഡിറ്റര്‍ കെ എം മാത്യുവിന്റെ ഒപ്പും വ്യാജമായി ഉണ്ടാക്കിയാണ് കേരള മാധ്യമ ചരിത്രത്തില്‍ സമാനകള്‍ ഇല്ലാത്ത ഫേക്ക് ന്യുസ് ദേശാഭിമാനി നല്‍കിയത്. ഇതിന്റെ പേരിലുള്ള കേസ് ഇപ്പോഴും നടന്നുകൊണ്ടിരിക്കയാണ്. 2001 ഫെബ്രുവരി 15ന് ദേശാഭിമാനിയിലെ ഒന്നാം പേജ് വാര്‍ത്ത 'മനോരമയിലും സിപിഐ എം സെല്‍: കെ എം മാത്യുവിന്റെ കത്ത് ' എന്നതായിരുന്നു. മനോരമയ്ക്കകത്ത് സിപിഐ എം പ്രവര്‍ത്തനം തടയാന്‍ ചീഫ് എഡിറ്റര്‍ കെ.എം മാത്യു കണ്ണൂര്‍ യൂണിറ്റ് കോ ഓര്‍ഡിനേറ്റിങ് എഡിറ്റര്‍ക്ക് അയച്ച കത്ത് സഹിതമാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചത്.

വാര്‍ത്ത ഇങ്ങനെയാണ്. -'മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ രഹസ്യ പ്രവര്‍ത്തനം നമ്മുടെ സ്ഥാപനത്തിനകത്ത് നടക്കുന്നതായറിയുന്നു. നമ്മുടെ സുപ്രധാനമായ ചില വിവരങ്ങള്‍ ഈയിടയായി ചോര്‍ന്നു സിപിഐഎമ്മിന് ലഭിക്കുന്നുണ്ട്. താങ്കളുടെ യൂണിറ്റില്‍ ഡെസ്‌കിലും മാനേജ്മെന്റിലും ചിലര്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുമായി ബന്ധംവെയ്ക്കുന്നുണ്ട്. ആ പാര്‍ട്ടിയുടെ ഒരു സെല്‍ അവിടെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും വിവരമുണ്ട്. അന്വേഷണം നടത്തി ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നേരില്‍ എത്തിക്കാന്‍ താല്‍പര്യം. വേണ്ട ജാഗ്രത പുലര്‍ത്തുമല്ലോ' എന്നതായിരുന്നു കത്തിന്റെ ഉള്ളടക്കം.

'മലയാള മനോരമയുടെ ജീവനക്കാര്‍ക്കിടയിലെ സിപിഐഎം പ്രവര്‍ത്തനം നിരോധിക്കാന്‍ ചീഫ് എഡിറ്റര്‍ കെ.എം മാത്യു എഴുതിയ കത്ത് ' എന്ന അടിക്കുറിപ്പോടെയാണ് വാര്‍ത്തക്കൊപ്പം കത്തും പ്രസിദ്ധീകരിച്ചു. ഇതിനെതിരെ കെ.എം മാത്യു കേസ് ഫയല്‍ ചെയ്തു. അന്നത്തെ ദേശാഭിമാനി ന്യൂസ് എഡിറ്റര്‍ ജി.ശക്തിധരന്‍, പ്രിന്ററും പബ്ലിഷറുമായ പി. കരുണാകരന്‍, ചീഫ് എഡിറ്റര്‍ വി എസ് അച്യുതാനന്ദന്‍, സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ എന്നിവരായിരുന്നു എതിര്‍ കക്ഷികള്‍. ദേശാഭിമാനി വ്യാജരേഖ ചമച്ച് വാര്‍ത്ത പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ നിരപരാധിയായ താന്‍ പ്രതിയാക്കപ്പെട്ടുവെന്ന ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി.ശക്തിധരന്റെ വെളിപ്പെടുത്തല്‍ നേരത്തെ ചര്‍ച്ചയായിരുന്നു. ശക്തിധരന്‍ ഫേസ് ബുക്കിലെഴുതിയ കുറിപ്പിലില്‍ ഇങ്ങനെ പറയുന്നു:- 'ശ്രീ കെ എം മാത്യു എന്നോട് ഒരു മര്യാദ കാണിച്ചു. ഒരു ദിവസം അതിരാവിലെ ഫോണില്‍ എന്നെ വിളിച്ച് ഇങ്ങനെ പറഞ്ഞു, 'ഞങ്ങള്‍ ചില കേസുകള്‍ കൊടുത്തിട്ടുണ്ട്. കുടുംബ തീരുമാനമാണ്. താനല്ല പ്രതി എന്ന് അറിയാം'. ഉറക്കത്തിലായിരുന്ന ഞാന്‍ കിടക്കയില്‍ കിടന്ന് കൊണ്ട് അന്നത്തെ പത്രം എടുത്തു നോക്കിയപ്പോള്‍ മനോരമയില്‍ ഒന്നാം പേജില്‍ 8 കോളത്തില്‍ വാര്‍ത്ത, വ്യാജരേഖാ നിര്‍മ്മാണം ജി ശക്തിധരനെതിരെ കേസ്'. നടുങ്ങിപ്പോയി എന്നാണ് വ്യാജരേഖ കേസില്‍ പ്രതിയായതിനെക്കുറിച്ച് ശക്തിധരന്‍ വെളിപ്പെടുത്തുന്നത്.




ഒരു പത്രത്തിനെ അപകീര്‍ത്തിപ്പെടുത്താന്‍ ആ പത്രത്തിന്റെ ചീഫ് എഡിറ്ററുടെ പേരില്‍ വ്യാജരേഖ ചമച്ചു പ്രസിദ്ധീകരിച്ചു എന്നതിന് മറ്റൊരു പത്രത്തിന്റെ പേരില്‍ കോടതിയില്‍ കേസ് വരുന്നത് ഇന്ത്യയില്‍ ആദ്യമായായിരുന്നു. ദേശാഭിമാനി പ്രസിദ്ധീകരിച്ച ലെറ്റര്‍ഹെഡില്‍ കെ.എം മാത്യുവിന്റേതായി കൊടുത്തിരിക്കുന്ന ഫോണ്‍നമ്പര്‍ പോലും അദ്ദേഹത്തിന്റേതല്ല. കത്തില്‍ തീയതി വെച്ചിട്ടുമില്ല. അദ്ദേഹം കണ്ണൂരിലെ കോ-ഓര്‍ഡിനേറ്റിങ് എഡിറ്റര്‍ക്ക് ഇത്തരമൊരു കത്തയച്ചിട്ടില്ല. കത്തിലെ ഭാഷയും പ്രയോഗങ്ങളും മനോരമയുടെ ശൈലിയല്ല. മനോരമ സിപിഎമ്മിനെപ്പറ്റി എഴുതുമ്പോള്‍ സാധാരണയായി സിപിഐഎം എന്നോ മാര്‍ക്സിസ്റ്റ് പാര്‍ട്ടി എന്നോ ആണ് എഴുതാറ്. സിപിഎം എന്നല്ല. സിപിഎം എന്നെഴുതുന്നത് ദേശാഭിമാനിയാണ്. പാര്‍ട്ടി എന്നെഴുതുന്നത് ദേശാഭിമാനിയുടെ ശൈലിയാണ്. ബന്ധംവയ്ക്കുക, എന്ന് തെക്കന്‍ ജില്ലകളില്‍ സാധാരണയായി പ്രയോഗിക്കാറില്ല. കൂടുതലായും മലബാറിലേതാണ് ആ പ്രയോഗം. ഡസ്‌കും മാനേജ്മെന്റും, എന്നൊരു പ്രയോഗം മനോരമയിലില്ല. കത്തില്‍ പറഞ്ഞിരിക്കു ന്നതുപോലെ ഒരു പ്രധാന വിഷയം ഉണ്ടെങ്കില്‍ ചുമതലപ്പെട്ടയാളുമായി നേരിട്ടോ ടെലിഫോണിലൂടെയോ സംസാരിക്കുക യാണു മനോരമയില്‍ ചെയ്യുക. കത്തയക്കുകയല്ല - കോണ്‍ഫിഡന്‍ഷ്യല്‍- എന്നു രേഖപ്പെടുത്തിയവ ഒഴികെ മനോരമയില്‍ വരുന്ന നൂറുകണക്കിനു കത്തുകള്‍ തുറക്കുന്നത് പല ജീവനക്കാര്‍ ചേര്‍ന്നാണ്. കോണ്‍ഫിഡന്‍ഷ്യല്‍ എന്ന് രേഖപ്പെടുത്താതെ ഇത്തരം ഒരു കത്ത് ചീഫ് എഡിറ്റര്‍ അയയ്ക്കില്ല.

ജയിലില്‍ ഉദ്യോഗസ്ഥന്മാരുടെ പാര്‍ട്ടിസെല്‍ രൂപീകരിച്ചത് സംബന്ധിച്ച രേഖകളുടെ ഫോട്ടോസ്റ്റാറ്റ് സഹിതം മനോരമയില്‍ രണ്ടുമൂന്ന് ദിവസം വന്ന വാര്‍ത്തകളോടുള്ള പ്രതികരണം എന്നോണമാണ് അടുത്ത ദിവസം ദേശാഭിമാനിയില്‍ വ്യാജക്കത്തിന്റെ ഫോട്ടോസ്റ്റാറ്റും വ്യാജവാര്‍ത്തയും വന്നതെന്നും മാത്യുവിന്റെ ഹര്‍ജിയില്‍ പറഞ്ഞിരുന്നു.

ദേശാഭിമാനിയുടെ വ്യാജരേഖാ വിവാദം അക്കാലത്ത് പാര്‍ട്ടിക്കുള്ളില്‍ വലിയ പ്രതിസന്ധി സൃഷ്ടിച്ചുവെന്ന് ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ 'ഒളിക്യാമറകള്‍ പറയാത്തത് ' എന്ന തന്റെ ആത്മകഥയില്‍ വിശദമായി പ്രതി പാദിച്ചിട്ടുണ്ട്. 'സില്‍ബന്തികളുടെ രാജ്യഭാരം' എന്ന അധ്യായത്തിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്. 'തിരുവനന്തപുരത്തു നിന്നാണ് ദേശാഭിമാനിയില്‍ വാര്‍ത്ത വന്നത്. എങ്കിലും കൊച്ചി ന്യൂസ് എഡിറ്റര്‍ ജി. ശക്തിധരന്‍ ഒന്നാം പ്രതിയാവാന്‍ കാരണം ,കുറെ മുന്‍പ് മനോരമയ്ക്കെതിരെ 'വിഷവൃക്ഷത്തിന്റെ അടിവേരുകള്‍ തേടി 'എന്ന ഒരു പരമ്പര എഴുതിയതു കൊണ്ടായിരിക്കണം. എന്നാല്‍ ഈ വ്യാജക്കത്ത് പ്രസിദ്ധീകരിക്കുന്നതില്‍ ഏറ്റവും എതിര്‍പ്പ് പ്രകടിപ്പിച്ചത് ശക്തിധരനായിരുന്നു. പിണറായി വിജയന്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായതു മുതല്‍ ദേശാഭിമാനി യിലെ പല മുതിര്‍ന്ന സഖാക്കളേയും പിന്തള്ളി, പുതിയൊരു അധികാര കേന്ദ്രമായി മാറിയ പി.എം.മനോജാണ് ഈ വ്യാജരേഖയുടെ നിര്‍മ്മാതാവ് - അന്ന് ദേശാഭിമാനിയിലെ ഉയര്‍ന്ന തസ്തികയിലുള്ളവരുടെ മുഴുവന്‍ എതിര്‍പ്പുക ളേയും മറികടന്ന്, പിണറായി വിജയന്റെ പിന്‍ബലത്തിലാണ് ഈ വിദ്വാന്‍ ഈ വ്യാജരേഖ ചമച്ചത് ' ( ഒളിക്യാമറകള്‍ പറയാത്തത് - ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ , പേജ് 57)

ചീഫ് എഡിറ്ററായ തന്നോട് ആലോചിക്കാതെ ആരാണ് ഈ വ്യാജ കത്ത് ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ചത് എന്നതിനാല്‍, വി എസ് അച്ചുതാനന്ദന്‍ അന്ന് എഡിറ്റോറിയല്‍ ചുമതലയുള്ളവരോട് വിശദീകരണം തേടിയിരുന്നു. ഈ വ്യാജരേഖ പ്രസിദ്ധീകരിക്കുക വഴി പത്രം അപഹസിക്കപ്പെട്ടുവെന്ന് വി എസ് പറഞ്ഞതായും ബര്‍ലിന്‍ എഴുതിയിട്ടുണ്ട്.

മറുനാടനുനേരെയുള്ള ചീറ്റിയ നുണകള്‍

മറുനാടന്‍ മലയാളിക്കും ചീഫ് എഡിറ്റര്‍ ഷാജന്‍ സ്‌കറിയക്കുംനേരെ നട്ടാല്‍ മുളക്കാത്ത നുണകളാണ് സൈബര്‍ സഖാക്കള്‍ വര്‍ഷങ്ങളായി പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നു. ഷാജന്‍ എസ്എസ്എല്‍സി പോലും പാസാവാത്ത വെറുമൊരു യുട്യൂബര്‍ മാത്രമാണെന്ന് പ്രചരിപ്പിക്കുന്ന നിരവധി അന്തം കമ്മികളുണ്ട്. യുട്യൂബ് തുടങ്ങുന്നതിന് മുമ്പ് മാധ്യമപ്രവര്‍ത്തനം തുടങ്ങിയ ആളാണ് ഷാജന്‍. രണ്ടര പതിറ്റാണ്ടിലേറെയായി അദ്ദേഹം ജേര്‍ണലിസം തുടങ്ങിയിട്ട്. ദീപികയില്‍ ജോലി ചെയ്യവേ മികച്ച മാധ്യമപ്രവര്‍ത്തകനുള്ള സംസ്ഥാന പുരസ്‌ക്കാരവും നേടിയിട്ടുണ്ട്. ഇതു കൂടാതെ മൂന്ന് ഒളിമ്പിക്‌സ് റിപ്പോര്‍ട്ടു ചെയ്ത മാധ്യമപ്രവര്‍ത്തകന്‍ കൂടിയാണ് അദ്ദേഹം. ഇപ്പോള്‍ അദ്ദേഹത്തിനെതിരെ വാളെടുക്കുന്ന എത്ര മലയാളം 'മാപ്ര'കള്‍ ഒളിമ്പിക്‌സ് പോലൊരു അന്താരാഷ്ട്ര ഇവന്റ് റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട് എന്നതോര്‍ക്കണം.

കേരളത്തില്‍ ഇന്റര്‍നെറ്റ് സാര്‍വത്രികമായി വരുന്ന തുടക്ക ഘട്ടത്തില്‍ 'മറുനാടന്‍ മലയാളി' എന്ന ഓണ്‍ലൈന്‍ പോര്‍ട്ടല്‍ തുടങ്ങി ഷാജന്‍ മാധ്യമ രംഗത്ത് ഷാജന്‍ വിപ്ലവം തീര്‍ത്തു. അന്ന് മുഖ്യധാര പത്രങ്ങള്‍ ഓണ്‍ലൈനിലേക്ക് വന്നിട്ടില്ല. പരസ്യദാതാവിന് എതിരെയുള്ള വാര്‍ത്തകള്‍ എല്ലാം മുക്കുക എന്ന അതുവരെയുള്ള പരമ്പരാഗത രീതി ഷാജന്‍ തിരുത്തി. മുഖ്യധാരാ മാധ്യമങ്ങള്‍ സാമ്പത്തിക- സാമുദായിക താല്‍പ്പര്യങ്ങള്‍ മുനനിര്‍ത്തി തമസ്‌ക്കരിക്കുന്ന പല വാര്‍ത്തകളും, അദ്ദേഹം ധൈര്യപൂര്‍വം പ്രസിദ്ധീകരിച്ചു. എന്നും പ്രതിപക്ഷത്തായിരുന്നു ഷാജനും മറുനാടനും. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഭരിക്കുന്ന കാലത്തൊക്കെ അതിനിശിതമായ വിമര്‍ശനമാണ് മറുനാടന്‍ മലയാളി നടത്തിയത്. പിന്നീട് പിണറായി സര്‍ക്കാര്‍ വന്നപ്പോഴും ഷാജന്‍ തന്റെ പ്രതിപക്ഷ ധര്‍മ്മം തുടര്‍ന്നു. പക്ഷേ കോണ്‍ഗ്രസിനെപോയെലല്ല, വിമര്‍ശനങ്ങളെ ശത്രുതാപരമായിട്ടാണ് സിപിഎം എടുത്തത്.




 പിന്നീട് പി വി അന്‍വര്‍ കൂടി രംഗത്തുവന്നതോടെ സര്‍ക്കാര്‍ സ്പോണ്‍സേഡ് ഷാജന്‍ വേട്ടയാണ് നടന്നത്. 'മറുനാടനെ പൂട്ടിക്കും' എന്നായിരുന്നു അന്ന് നിലമ്പൂര്‍ എംഎല്‍എയായിരുന്ന അന്‍വറിന്റെ ഭീഷണി. ഇതിനുവേണ്ടി ബാലിശമായ ആരോപണങ്ങളാണ് അവര്‍ ഉയര്‍ത്തിയത്. ബ്രിട്ടനില്‍ നിന്ന് ഇറക്കുമതി ചെയ്ത സാധനങ്ങളൊക്കെ വെച്ച് ഷാജന്‍ കേരളാ പൊലീസിന്റെ വയര്‍ലസ് സെറ്റുവരെ ചോര്‍ത്തുന്നുവെന്ന പരാതി നല്‍കി പൊലീസിനെ വരെ 'അമ്പുക്ക' ഞെട്ടിച്ചുകളഞ്ഞു! പ്രാഥമിക ബോധംപോലുമില്ലായെ, നിരവധി വ്യാജ പരാതികള്‍ ഒരേസമയം കൊടുക്കുകയാണ് അന്‍വര്‍ ചെയ്ത്.

അതിനുശേഷമാണ് പി വി ശ്രീനിജന്റെ ജാതിപറഞ്ഞു അധിക്ഷേപിച്ചുവെന്ന കേസ് വരുന്നത്. ശ്രീനിജനെ വിമര്‍ശിക്കുന്ന ഒരടിത്തും ഷാജന്‍ അത്തരത്തിലുള്ള ഒരു പരാമര്‍ശവും നടത്തിയിരുന്നില്ല. ഈ കേസില്‍ ഷാജന് ജാമ്യം അനുവദിച്ചുകൊണ്ട്, സുപ്രീംകോടതി നടത്തിയ വിധി ചരിത്രപ്രധാന്യമുള്ളതായി. പട്ടികജാതി-വര്‍ഗ വിഭാഗത്തില്‍ പെടുന്ന ഒരാളെ വിമര്‍ശിച്ചതിന്റെ പേരില്‍ എസ്ഇ എസ്ടി അട്രാസിറ്റിസ് ആക്്റ്റ് അനുസരിച്ച് കേസെടുക്കരുത് എന്നായിരുന്നു അത്. ഇത്തരം വ്യാജകേസില്‍ പെടുന്ന ആയിരക്കണക്കിന് ആളുകള്‍ക്ക് ഗുണം ചെയ്യുന്ന വിധിയായിരുന്നു അത്.

മുന്‍കൂട്ടി അറിയിക്കാതെ അറസ്റ്റ് ചെയ്യരുത് എന്ന സുപ്രീംകോടതിയുടെ വിധിയുണ്ടായിട്ടും, ഷാജനെ വീണ്ടുമൊരു കള്ളക്കേസില്‍ കുടുക്കി അകത്തിടാന്‍ നോക്കിയതും കോടതി ജാമ്യം കൊടുത്തതും പിന്നീട് കേരളം കണ്ടു. പക്ഷേ എന്നിട്ടും പിണറായി പൊലീസ് പക തുടര്‍ന്നു. ഈയിടെ ഒരു വ്യാജകേസില്‍, ഷര്‍ട്ടുപോലും ഇടാന്‍ അനുവദിക്കാതെ, പൊലീസ് അദ്ദേഹത്തെ പിടികൂടിയതും, കോടതി രാത്രി തന്നെ ജാമ്യം അനുവദിച്ചതുമെല്ലാം ഏറെ വിവാദമായതാണ്. നിയമപേരാട്ടത്തിലൂടെ ഷാജന്റെ ശബ്ദമടക്കാന്‍ കഴിയില്ല എന്നതിന്റെ അടിസ്ഥാനത്തിലായിരിക്കണം, ഇനി തല്ലി തോല്‍പ്പിക്കാമെന്ന നിലയില്‍ സിപിഎം നീങ്ങുന്നത്. അതിനു പറ്റിയ നുണകള്‍ സിപിഎം സൈബര്‍ വിങ്ങ് ഇട്ടുകൊടുക്കയും ചെയ്യും.

പക്ഷേ എത്ര പീഡനങ്ങളുണ്ടായാലും തന്റെ വിമര്‍ശനത്തില്‍ അണുവിട വ്യതിചലിക്കില്ല എന്ന നിലപാടാണ് ഷാജന്‍ സ്‌കറിയ എടുത്തത്. ഷാജനെ പൂട്ടിക്കുമെന്ന് പറഞ്ഞിറങ്ങിയ പി വി അന്‍വര്‍ ഇപ്പോള്‍ പിണറായിയോട് ഉടക്കി, എംഎല്‍എ സ്ഥാനംവരെ നഷ്ടമായി ഒരു വഴിക്കാവുന്നതാണ് പിന്നീട് കേരളം കണ്ടത്. വ്യാജ കേസുകളില്‍ ഒന്നുപോലും കോടതിയില്‍ തെളിയിക്കാന്‍ കഴിഞ്ഞിട്ടുമില്ല. എന്നിട്ടും യാതൊരു ഉളുപ്പുമില്ലാതെ സിപിഎം സൈബര്‍ വിങ്ങ് പ്രചാരണം കൊഴുപ്പിക്കയാണ്. അതില്‍ അത്ഭുതവുമില്ല. കാരണം ആഗോളവ്യാപകമായി അങ്ങനെയാണ് കമ്യൂണിസ്റ്റ് ചരിത്രം.

വാല്‍ക്കഷ്ണം: ഴിഞ്ഞ സെപ്റ്റമ്പറിലാണ്, മോഹന്‍ലാലിന്റെ അമ്മയെക്കുറിച്ച് വ്യാജ വാര്‍ത്ത കൊടുത്ത് ദേശാഭിമാനി പുലിവാലുപിടിച്ചത്. നടി കവിയൂര്‍ പൊന്നമ്മ മരിച്ചപ്പോള്‍, മോഹന്‍ലാലിന്റെതായി കൊടുത്ത കുറിപ്പില്‍ ഇങ്ങനെ പറയുന്നു. 'രണ്ട് പ്രിയപ്പെട്ട അമ്മമാരില്‍ ജന്മം തന്ന അമ്മ നേരത്തെ യാത്ര പറഞ്ഞു പോയി. ഇതാ ഇപ്പോള്‍ അത്രമേല്‍ ആഴത്തില്‍ സ്‌നേഹിച്ച സിനിമയിലെ അമ്മയും വിട പറഞ്ഞിരിക്കുന്നു''- ഇത് പുര്‍ണ്ണമായും തെറ്റായിരുന്നു. കാരണം മോഹന്‍ലാലിന്റെ അമ്മ ജീവിച്ചിരിപ്പുണ്ട്.



അതുകൊണ്ടുതന്നെ മോഹന്‍ലാലിനോട് ചോദിക്കാതെ, വ്യാജമായി തയ്യാറാക്കിയ കുറിപ്പാണ് ഇതെന്ന് വ്യകതമാണ്. ഇതിന്റെ ദേശാഭിമാനി കണ്ണൂര്‍ ന്യൂസ് എഡിറ്റര്‍ എ വി അനില്‍ കുമാറിനെ സ്സപെന്‍ഡ് ചെയ്തിരുന്നു. ഇത്തരത്തില്‍ നിരന്തരം വ്യാജവാര്‍ത്തകള്‍ കൊടുക്കുന്ന ദേശാഭിമാനിയാണ്, മറ്റുള്ളവരെ വ്യാജ വാര്‍ത്തക്കാര്‍ എന്നും മഞ്ഞപ്പത്രക്കാരെന്നും വിളിക്കുന്നത്!

Tags:    

Similar News